ഇസ്ലാമിക സാമ്പത്തിക സംവിധാനങ്ങളിൽ അടിസ്ഥാനപരവും ഏറ്റവും ജനകീയവും ശക്തവുമായ സംവിധാനമാണ് സകാത്ത്. വ്യക്തി സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കുന്ന ധനത്തിന്റെ ഒരു നിശ്ചിത വിഹിതം സ്രഷ്ടാവായ അല്ലാഹു നിർദ്ദേശിച്ച പ്രകാരം സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവശവിഭാഗങ്ങൾക്ക് നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ സമ്പത്തിന്റെ പുനർവിതരണവും സാമ്പത്തിക അസമത്വം കുറയ്ക്കുന്നതും സാധ്യമാകുന്നു.
സ്വർണ്ണം, വെള്ളി, കറൻസി എന്നീ സമ്പാദ്യങ്ങളിൽ സാധാരണയായി രണ്ടര ശതമാനം (2.5%) ആണ് സകാത്ത് നൽകേണ്ടത്. കാർഷിക വിളകളുടെ കാര്യത്തിൽ, കൃഷിക്കായി പ്രത്യേകമായി വെള്ളം എത്തിക്കാൻ ചെലവ് വരുന്നുണ്ടെങ്കിൽ അഞ്ചു ശതമാനം (5%) സകാത്ത് നൽകണം. എന്നാൽ മഴവെള്ളം പോലുള്ള സ്വാഭാവിക ജലസ്രോതസ്സുകൾ ഉപയോഗിച്ചാണ് കൃഷി വളരുന്നതെങ്കിൽ അവിടെ പത്തു ശതമാനം (10%) സകാത്ത് നൽകേണ്ടതാണ്.
വർഷാവസാനം സ്റ്റോക്കെടുപ്പ് നടത്തി ആകെ മൂല്യത്തിന്റെ രണ്ടര ശതമാനമാണ് കച്ചവടത്തിൻ്റെ സകാത്ത് നൽകേണ്ടത്. ചരക്കായിട്ടല്ല, പണയമായിട്ടാണ് തുക കൊടുക്കേണ്ടത്. "ആരും ആർക്കും ഒന്നും തന്നെ വെറുതെ കൊടുക്കുന്നില്ല" എന്നാണ് സാമ്പത്തിക രംഗത്തെ പൊതുപ്രസ്താവന. അതനുസരിച്ച് ഒരു വിശ്വാസി അവൻ അധ്വാനിച്ചുണ്ടാക്കുന്ന ധനത്തിന്റെ രണ്ടര ശതമാനം പാവപ്പെട്ടവർക്ക് കൊടുക്കുന്നത് എന്തിന്? അതുകൊണ്ട് അവന് എന്ത് ലഭിച്ചു? തുടങ്ങി ഇവിടെ ഉയർന്നു വരുന്ന ചോദ്യങ്ങൾ അപ്രസക്തമാണ്. കാരണം, വിശ്വാസിക്ക് തുടർന്ന് തന്റെ ധനം സ്രഷ്ടാവിന്റെ പ്രീതിക്കനുസൃതമായി ഉപയോഗിക്കണമെങ്കിൽ നിർബന്ധ ബാധ്യതയായ സകാത്ത് കൊടുത്തേ തീരൂ. നിർബന്ധമായിക്കഴിഞ്ഞിട്ടും സകാത്ത് കൊടുക്കാതിരുന്നാൽ തന്റെ ധനത്തിൽ അനുവദനീയമായതും പാവപ്പെട്ടവന്റെ ധനവും കൂടി കലർന്നുവെന്നാണ് മതവിധി. സകാത്ത് നൽകുന്നതിലൂടെ വിശ്വാസി പ്രതീക്ഷിക്കുന്നത് സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രീതിയാണ്.
സാമ്പത്തിക വ്യവഹാര ഭാഷയിൽ പറഞ്ഞാൽ, വിശ്വാസം തന്നെ റവന്യൂ ജനറേറ്റ് ചെയ്യാനുള്ള ഉപാധിയായി പ്രവർത്തിക്കുന്നതായി കാണാം. സകാത്ത് സ്വീകരിക്കാൻ അർഹതയുള്ള എട്ട് വിഭാഗം ആളുകളും പൊതുവെ ദാരിദ്ര്യത്തിലോ അതിനു സമാനമായ സാമ്പത്തിക അവശതയിലോ കഴിയുന്നവരാണ്. യാത്രക്കാരനും കടബാധ്യതയാൽ വിഷമിക്കുന്നവരും ചിലപ്പോൾ സ്വന്തം നിലയിൽ ധനവാന്മാരായിരിക്കാമെങ്കിലും ആ സമയത്ത് അവർ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ദാരിദ്ര്യരേഖയ്ക്ക് താഴെയും സാമ്പത്തിക അവശതയിലും കഴിയുന്നവർക്ക് ലഭിക്കുന്ന സകാത്ത് തുക അവർ നേരിടുന്ന വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ വിനിയോഗിക്കുന്നു. അതുവഴി ആ തുകകൾ വീണ്ടും വിപണിയിലേക്ക് ഒഴുകുന്നു. സാമ്പത്തിക ഞെരുക്കമുള്ള കാലങ്ങളിൽ സർക്കാറുകൾ പൗരന്മാരുടെ കൈകളിലേക്ക് നേരിട്ട് പണം എത്തിക്കുന്ന നിരവധി പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. വിപണിയിലെ വരവും ഇടപാടുകളും വർധിപ്പിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പണം ധനികരുടെ കൈകളിലാണെങ്കിൽ ഉടൻ ചെലവഴിക്കേണ്ട ആവശ്യം കുറവായതിനാൽ വീണ്ടും വിപണിയിലേക്കെത്താൻ കൂടുതൽ സമയമെടുക്കും. എന്നാൽ ദരിദ്രരുടെ കൈകളിലെത്തുന്ന സകാത്ത് വേഗത്തിൽ ചെലവഴിക്കപ്പെടുന്നതിനാൽ സാമ്പത്തിക ചലനങ്ങൾ ശക്തമാകുന്നു. ഇതുവഴി അത്ഭുതകരമായ ഒരു പ്രക്രിയയിലൂടെ സകാത്ത് നൽകിയവർക്ക് തന്നെ പിന്നീട് കൂടുതൽ വ്യാപാര അവസരങ്ങൾ ലഭിക്കുന്ന സാഹചര്യം രൂപപ്പെടുന്നു.
ഒരു പരമ ദരിദ്രനെ ഉയർത്തിക്കൊണ്ടു വരാൻ എത്ര തുക വേണമോ അതാണ് അയാൾക്ക് സകാത്തായി നൽകേണ്ടത്. കൃഷി അറിയാവുന്നവർക്ക് കാർഷിക ആയുധങ്ങൾക്കും വാഹനം ഓടിക്കാൻ അറിയുന്നവർക്ക് വാഹനം വാങ്ങുന്നതിനും ടൈലറിംഗ് അറിയുന്നവർക്ക് ടൈലർ മെഷീൻ വാങ്ങുന്നതിനും ഉപയോഗിക്കാവുന്ന അത്രയും തുക സകാത്തായി നൽകണം. നാം നേരിട്ട് ഉപകരണങ്ങൾ വാങ്ങി കൊടുക്കുകയല്ല വേണ്ടത്. എന്നാൽ ഭരണാധികാരികൾ പണിയായുധങ്ങൾ വാങ്ങി നൽകുന്നതിന് വിരോധമില്ല. ജോലി അറിയാത്തവർക്ക് അവരുടെ ശേഷിക്കുന്ന ജീവിതകാലത്തേക്കുള്ള വരുമാനം ലഭിക്കാനുതകുന്ന പദ്ധതികളാണ് പരിഗണിക്കേണ്ടത്.
മൃഗം വളർത്തൽ, കൃഷി തുടങ്ങിയ ധനത്തിന്റെ സകാത്ത് വ്യക്തികൾക്ക് നേരിട്ട് വിതരണം ചെയ്യുകയോ ഭരണാധികാരിയെ ഏൽപ്പിക്കുകയോ ചെയ്യാം. എന്നാൽ സ്വർണ്ണം, വെള്ളി, കച്ചവടം എന്നിവയുടെ സകാത്ത് വ്യക്തി തന്നെ നേരിട്ട് കൊടുക്കുകയോ പ്രതിനിധിയെ ഏൽപ്പിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ, യഥാർത്ഥ അവകാശികൾക്ക് സകാത്ത് എത്തുമ്പോൾ മാത്രമാണ് ഉടമസ്ഥൻ സകാത്ത് കൊടുക്കേണ്ട ബാധ്യതയിൽ നിന്ന് ഒഴിവാകുകയുള്ളൂ.
ഒരു പട്ടണ പ്രദേശത്തെ കച്ചവടക്കാരുടെ കച്ചവടത്തിൻ്റെ സകാത്ത്, ശരിയായി സ്റ്റോക്ക് പരിശോധിച്ച്, അതിന്റെ രണ്ടര ശതമാനം കാര്യക്ഷമമായി വിതരണം ചെയ്താൽ, പരിസരങ്ങളിലുള്ള സാമ്പത്തിക അവശതയുള്ളവരെല്ലാം ഏറെക്കുറെ സാമ്പത്തികമായി സ്വയം പര്യാപ്തതയിലെത്താൻ അധികം വർഷങ്ങൾ വേണ്ടി വരില്ല. ഇസ്ലാമിക ചരിത്രത്തിൽ ഇതിന് മാതൃകകളുണ്ട്. അബൂ ഉബൈദയുടെ കിതാബുൽ അംവാൽ എന്ന ഗ്രന്ഥത്തിൽ ഇതിന്റെ ഉദാഹരണങ്ങൾ പറയുന്നുണ്ട്.










