പണ്ടൊരു രാജാവുണ്ടായിരുന്നു. ഒട്ടിഷ്ടമായിരുന്നു, നായാട്ട്. പ്രാവിനെയും കൂടെക്കൂട്ടിയാണ് വേട്ടക്ക് പോവുക. ഒരു നാൾ ഘോരവനത്തിൽ വേട്ടയാടിക്കൊണ്ടിരിക്കെ, രാജാവിന് ദാഹം വന്നു. ചങ്കുപൊട്ടുന്ന പെരുംദാഹം. പക്ഷേ, എവിടെയും വെള്ളം കിട്ടാനില്ല. അങ്ങനെയിരിക്കെ, ഒരു മരത്തിൻ്റെ കീഴ്ഭാഗത്തിലൂടെ ഒരു മാതിരി ദ്രാവകം ഒലിച്ചിറങ്ങുന്നു. ദാഹം മൂത്ത രാജൻ ഓടിച്ചെന്ന് കൈക്കുമ്പിളിൽ ആ ദ്രാവകം കോരിയെടുത്ത് കുടിക്കാനോങ്ങി. അപ്പോഴേക്കും പ്രാവ് പിടഞ്ഞുപറന്ന് അത് തട്ടിമറിച്ചുകളഞ്ഞു, അസത്ത്! രണ്ടാമതും ദ്രാവകം ചുണ്ടോടടുപ്പിച്ചു. പ്രാവ് വീണ്ടും ഇടങ്കോലിട്ട് തൂത്തിക്കളഞ്ഞു, നാശം!! മൂന്നാമതും അത് കോരിയെടുത്തു. ഇത്തവണയും പ്രാവ് കുടിമുടക്കി, കുരിശ്!!!
അരിശം മൂത്ത രാജാവ് തൻ്റെ വാൾ വലിച്ചൂരി, പ്രാവിന്റെ ചിറകരിഞ്ഞ് താഴെയിട്ടു. വേദനകൊണ്ട് പുളഞ്ഞ മിണ്ടാപ്രാണി പ്രാണവേദനയാൽ പിടപിടച്ചു. എന്തോ പന്തികേടു തോന്നിയ രാജാവ് ആ മരത്തിൻ്റെ മുകളിലേക്ക് നോക്കി. അപ്പോൾ, ഒരു പറ്റം വിഷപ്പാമ്പുകൾ അവിടം പിണഞ്ഞുകിടക്കുന്നു. നൂറാനകൾ ചേർന്ന് ഒരു മനുഷ്യത്തിയായി മാറിയ ഒരു മഹാസത്വത്തിന്റെ തലമുടികൾ പോലെ! അവയുടെ കൊടും വിഷമാണത്രെ, മരത്തിലെ കീഴ്പ്പൊത്തിലൂടെ ഈ ഒഴുകിവരുന്നത്. അതെങ്ങാനും ഞാൻ കുടിച്ചിരുന്നെങ്കിൽ എന്നോർത്ത് സങ്കടം പൊട്ടിയ രാജൻ തന്റെ പ്രാവിനെ അനുകമ്പയോടെ നോക്കി. അപ്പോഴേക്കും, കരുവാളിച്ച മുഖത്തോടെ അത് ചത്തുമലച്ചിരുന്നു.
ആയിരത്തൊന്ന് രാവുകളിലെ അറബിക്കഥയല്ലേ നിങ്ങളീ പറഞ്ഞുവരുന്നത് എന്ന് നിങ്ങളിൽപെട്ട ആരെങ്കിലും ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കും, ആകയാൽ അതല്ലാത്ത മറ്റൊരു കഥയിലേക്ക് കടക്കുകയാണ്.
പൂമുഖവാതിൽ താഴിട്ടുപൂട്ടി പുറത്ത് പോയിരിക്കുകയാണ് വീട്ടുടമ. തിരിച്ചുവന്ന് വീടുതുറന്ന് നോക്കുമ്പോൾ പതിവിനു വിപരീതമായി അങ്ങിങ്ങ് പട്ടിയുടെ കാലടികൾ. ഉറക്കറയിൽ കയറി ലൈറ്റിട്ടുനോക്കുമ്പോൾ കിടക്കവിരിപ്പിലും ചെളികലർന്ന പട്ടിക്കാലടികൾ. ഏതെങ്കിലും പെരുച്ചാഴിയെ പിടിച്ചുകൊണ്ടുവന്ന് കൊന്ന് ശാപ്പിട്ടു കാണും, ആ ശകുനം! ഈയടുത്ത കാലത്തായി എന്റെ നായക്കിത്തിരി അനുസരണം കുറയുന്നുണ്ടോ? വിരിപ്പൽപം മാറ്റിനോക്കിയപ്പോൾ ആകപ്പാടെ ചോരക്കലകളും ഇറച്ചിത്തുണ്ടുകളും. 'ങാഹാ! എൻ്റെ നായേ.. നായിന്റെ മോനേ... നീ എനിക്കിട്ട് പണി തന്നു അല്ലേടാ,’ എന്നും പറഞ്ഞ് അയാൾ അടുക്കളപ്പുറത്തേക്ക് ഓടിപ്പോയി.
കോപം കൊണ്ട് അയാളുടെ കണ്ണുകൾ കത്തുന്നുണ്ടായിരുന്നു. ഒരൊന്നാം നമ്പർ ഉണക്ക വിറകിൻതടി വലിച്ചൂരി. എന്തോ ആലോചിച്ച്, എങ്ങോ നോക്കി പിൻകാലുകളിൽ ഉക്കിച്ചിരിക്കുകയായിരുന്ന നായയുടെ നടുപ്പുറത്തും മുതുകത്തും അയാൾ അരിശത്തോടെ ആഞ്ഞുതല്ലി. കൂർപ്പുതട്ടി മുതുക് മുറിയുകയും വേദനകൊണ്ട് പുളയുകയും ചെയ്ത നായ പക്ഷേ, വാലാട്ടിക്കൊണ്ട് അയാളെ ചുറ്റിപ്പറ്റി മണപ്പിച്ചുനടന്നു. ഇടക്കിടെ കാല് കുടഞ്ഞുകൊണ്ടിരുന്നു. അതിന്റെ മുഖം പ്രസവവേദന കടുത്തതുപോലെ വിഷണ്ണമായിരുന്നു. വീണ്ടും അകത്തുകയറി തലയിണയും വിരിപ്പും മാറ്റി കട്ടിൽ അൽപം വലിച്ചുമാറ്റിയപ്പോൾ, 'ൻ്റമ്മേ...!!!!' ഷോക്കേറ്റപോലെ ഞെട്ടിത്തരിച്ചു അയാൾ. കറുത്തുതടിച്ച ഒരു മസ്മാരി മൂർഖൻ അതാ ചത്തുമുറിഞ്ഞ് കിടക്കുന്നു! പേടിച്ച് പുറത്തേക്കോടിയ അയാൾ കണ്ടത് കണ്ണ് നനച്ച് സങ്കടപ്പെട്ടിരിക്കുന്ന നായയെയായിരുന്നു. അത് നിർത്താതെ കാൽകുടഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നെ കാത്തുകൊള്ളാൻ മൂർഖനോട് ജീവൻമരണ പോരാട്ടം നടത്തിയ പോറ്റുപട്ടിയെ ഇമ്മട്ടിലടിച്ചൊടിച്ച ഞാനെന്തു നായയെടാ എന്നോർത്ത് അയാൾക്ക് അയാളോടു തന്നെ പുച്ഛം തോന്നി.
ഇതും കഥയല്ലേ എന്നായിരിക്കും നിങ്ങളിൽ ചിലർക്ക് തോന്നുന്നുണ്ടാവുക. എന്നാൽ ഫോൺവിളിച്ച സംഭവം കേട്ടുനോക്ക്. കല്യാണനിശ്ചയമാണ് നടക്കാനിരിക്കുന്നത്. ആചാരപരമായ ചടങ്ങുകൾക്ക് വൈകിയെത്തി വെയ്റ്റുതെളിയിക്കുന്ന ചില കാർണോർമാർ ഇനിയും മരിച്ചുതീർന്നിട്ടില്ല എന്ന കാര്യം നിങ്ങൾ മറന്നിട്ടില്ലല്ലോ? ആൺവീട്ടുകാരിൽ ആര് എത്ര വൈകിയാലും കുഴപ്പമില്ല, പെൺവീട്ടുകാരിൽ ഒരാളും അരമിനിറ്റുപോലും വൈകാൻ പാടില്ല എന്ന ഈസ്പേഡ് സാമൂഹ്യനിയമവും നിലവിലുള്ളതായി നിങ്ങളോർക്കുന്നുണ്ടല്ലോ?
ഒന്നരയാണ് സമയം പറഞ്ഞുറച്ചിരുന്നത്. ആൺവീട്ടുകാരുടെ ഭാഗത്ത് നിന്ന് ഇതാ സകലരും ഹാജർ! വൈകിയെത്തി വിലതെളിയിക്കുന്ന കോളാമ്പിക്കാർണോർ വരെ!! എന്നാൽ, പെൺവീട്ടുകാർ ഇനിയുമെത്തിയിട്ടില്ല!
ഓഹോ, ഒന്നേമുക്കാലായിട്ടും?!
ഇല്ല, എത്തിയിട്ടില്ല!!
എന്നു മാത്രമല്ല, 'ഇതാ ഞങ്ങളെത്തിപ്പോയി', എന്ന് എളിമയിൽ ഒന്നു വിളിച്ചുപറയലില്ലേ, അതുമില്ല.
എന്തിനധികം, അങ്ങോട്ട് വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. വേറൊരാളെ വിളിച്ചപ്പോൾ സ്വിച്ചോഫ്. മറ്റൊരാൾ പരിധിക്കു പുറത്ത്.
അളിയൻ കുട്ടിയെ വിളിച്ചപ്പോൾ വെറും കീ കീ......കീ........കീ.....
ഇതെന്ത് ധിക്കാരമെടാ?
മനുഷ്യരായാൽ ഇത്തിരി മാനവും മര്യാദയുമൊക്കെ വേണ്ടേ?
ഇതെന്തിന് ഇവരെ കാത്തുനിൽക്കണം?
ഇതെന്തിന്റെ ആവശ്യം?
സമയമിപ്പോൾ രണ്ടേകാലായി. കൂടി നിന്നവരിൽ സംഘകലി ആളിപ്പടർന്നു. അപ്പോൾ കൂട്ടത്തിൽപെട്ട ഒരാൾക്ക് ഒരു ബോധോദയമുണ്ടായി.
'എടാ നീ ഫോണെടുക്ക്.' വീട്ടിലേയ്ക്ക് വിളിച്ച് പെണ്ണിൻ്റുമ്മാനോട് നാല് മറ്റേത് പറ!
വൈകിയെത്തിയ കോലുകാർണോർ മുണ്ട് പൊക്കി ട്രൗസറിന്റെ കീശയിൽ നിന്ന്, പശുവിന് വിത്തുസൂചി വെക്കാനോങ്ങുന്ന മൃഗഡോക്ടറെ അനുസ്മരിപ്പിച്ചു കൊണ്ട്, അത് വലിച്ചൂരിയെടുത്തു.
'ഇതിലടിക്കടാ!'
ദേഷ്യം കൊണ്ടു വിറക്കുകയായിരുന്ന അയാൾ അലറി. കെട്ടുചെക്കൻ തന്റെ പ്രതിശ്രുത അമ്മായിയുമ്മയുടെ നമ്പർ അതിൽ ഡയലുചെയ്തുകൊടുത്തു…. … …. അയാൾ ഉപയോഗിച്ച പദങ്ങളിൽ ഒന്നുപോലും ഇതുപോലെ നാലാൾ കൂടിയ ഒരു മാന്യസദസ്സിൽ ഉരത്താൻ പറ്റിയതേ അല്ല. മറുതലയ്ക്കൽ ഉപ്പുപറ്റുള്ള ഒരു നനഞ്ഞ സ്ത്രീശബ്ദം. വിധവയായിരുന്നു അവർ. കൂലിപ്പണി എടുത്താണ് അഞ്ചാറുമക്കളെ പോറ്റിയിത്രയാക്കിയത്. ഇരുപത്തൊന്ന് കഴിഞ്ഞ ഏറ്റവും മൂത്തതിന്റെ
വിവാഹനിശ്ചയമാണ് നടക്കാനിരിക്കുന്നത്. താഴെ മൂന്ന് പെണ്ണ് ഇനിയുമുണ്ട്. നടുവൊടിയുന്ന ഡിമാൻ്റുകളാണ് അവർ വെച്ചത്. മണിയറ വേണം. സ്വർണം വേണം. മാമൂലുകൾ എല്ലാം മുറപോലെ വേണം.
മീശ പൊടിച്ചുതുടങ്ങുന്ന രണ്ടാൺകുട്ടികളാണ് ഇതെല്ലാം താങ്ങാനുള്ളത്. നിശ്ചയത്തിന് ചെന്നാൽ കാര്യങ്ങളെല്ലാം കർക്കശക്കാരനായ കാരണോർ തറപ്പിച്ചു പറയും എന്ന വിവരം നേരത്തെ കിട്ടിയിട്ടുണ്ട്. മക്കൾ ഉമ്മാൻ്റെ കൈ പിടിച്ച് സമ്മതം വാങ്ങി ഇറങ്ങാൻ നിന്നതും ആ കണ്ണുകളിൽ നിന്ന് മഴപൊടിഞ്ഞു. പെട്ടെന്ന് ആ ഉമ്മയുടെ ബിപി കൂടി, കുഴഞ്ഞു വീണു. വീണ്ടും മൂക്കാമണിക്കൂർ കഴിഞ്ഞു അവർക്ക് ബോധം തിരികെവന്ന് നേരെയാകുവാൻ.
സമയത്തെത്താനുള്ള മരണപ്പാച്ചിലിനിടെ ഒരു ട്രാവലിന്റെ മൂലക്കിടിച്ച് അവരുടെ ഓട്ടോ തലകുത്തി മറിഞ്ഞു. എല്ലാവരും ഒരു വിധം കുടഞ്ഞ് നിവർന്നെണീറ്റു. ഒരാൾ മാത്രം റോഡരികിൽ ഞരക്കമറ്റ് കിടന്നു. ഈ ചുമടൊന്നും ചുമലിലേറ്റാൻ കാത്തു നിൽക്കാതെ ആ ഇളംകുടുംബനാഥൻ നടുറോഡിലൊടുങ്ങി. വിവരമറിഞ്ഞതും കോന്തൻ കാർണോരുടെ നാക്കിറങ്ങിപ്പോയി!!!
സമാനസംഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എമ്പാടും ഉണ്ടായിക്കാണും. എന്താണതിന് കാരണം? പ്രധാനമായും കോപം തന്നെ. അതിനു തുണയായി ഊഹവും. രണ്ടിൻ്റെയും അദ്ധ്യക്ഷനായി അഹന്തയും. ഈ ത്രിക്കടൽ സംഗമിക്കുന്ന കേടുമനസ്സിൻ്റെ കന്യാകുമാരിയിലാണ്, ഈജാതി അബദ്ധങ്ങളുടെ നാറുശവങ്ങളടിയുന്നത്. അതേ കടലറ്റത്തുതന്നെയാണ് നമ്മിലെ മനുഷ്യത്വം അസ്തമിച്ചൊടുങ്ങുന്നതും.
കോപം അഗ്നിയാണ്. അഗ്നിയ്ക്ക് വിവേചനവിവരമില്ല. തന്റെ വായിൽ കിട്ടിയതിനെയെല്ലാം അത് ഈമ്പിച്ചാരമാക്കും. ഒരിക്കൽ ചാരമാക്കിയതിനെ പിന്നെയും പച്ചപ്പാക്കി മാറ്റാനാകില്ലെന്നതാണ് അഗ്നിയുടെ കാര്യമായ കഴിവുകേട്. അഗ്നിക്ക് ഒരു കോമരത്തിൻ്റെ കളിയാണ്.
പ്രലോഭനത്തിൻ്റെ വൈകാരിക വേളകളിൽ എന്ന പോലെ പ്രകോപനത്തിന്റെ വിപൽസന്ധികളിലും വിവേകമുള്ളവർക്ക് യുക്തിദീക്ഷയോടെ പെരുമാറാനാവും. വല്ലാത്ത ഒരു ഗുണവിശേഷണം തന്നെയാണിത്. വിശുദ്ധഖുർആൻ അത്തരക്കാരെ വാഴ്ത്തുകയും അവർക്ക് പ്രതിഫലത്തിൻ്റെ മഹാവാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്നുണ്ട്. ആലുഇംറാൻ അദ്ധ്യായം നൂറ്റിമുപ്പത്തിനാലിലും ശൂറാ സൂറത്ത് മുപ്പത്തെട്ടിലും അത്തരം വാഴ്ത്തലുകൾ വായിക്കാവുന്നതാണ്.
തിരുദൂതരുടെ വചനങ്ങളിലും കോപച്ചർച്ച പിടിപ്പത് കടന്നുവരുന്നുണ്ട്. ഒരു ദിവസം സായാഹ്നത്തിൽ തിരുനബിയും സഹചരും ഇരിക്കുകയാണ്. അപ്പോൾ തിരുനബി ഒരു കൊച്ചുപ്രഭാഷണം നടത്തി. മനുഷ്യനോളജി ആയിരുന്നു വിഷയം. അതിൽ ഏറ്റവും നല്ലവരെയും ഏറ്റവും ചീത്തവരെയും തരംതിരിച്ചു പറഞ്ഞു. കോപത്തെ അടി സ്ഥാനപ്പെടുത്തിയായിരുന്നു ആ വർഗീകരണം. ചിലർക്ക് കോപം പെട്ടെന്ന്
തിളക്കുമെന്നപോലെ വേഗം തന്നെ കെടുകയും ചെയ്യും. വേറെ ചിലർക്ക് വൈകിയേ തിളക്കൂ. പക്ഷെ വേഗം കെട്ടുപോവും. ഇനിയും ചിലർക്ക് വൈകിത്തിളക്കും, വൈകിയേ കെടുകയുമുള്ളൂ. ദേഷ്യം വരുമ്പോൾ നാം ചിലപ്പോൾ കടിച്ചിറക്കി നിന്നുകൊടുക്കും. അത് നമുക്ക് നമ്മുടെ ദേഷ്യത്തെ സ്വാതന്ത്ര്യമായി ചെലവഴിക്കാൻ പറ്റാത്തവിധം ഉന്നതനാണ് മറ്റേആൾ എങ്കിലാണ്. അതേ സമയം നമുക്ക് കീഴെയുള്ള, നാമെന്ത് ചെയ്താലും തിരിച്ചൊന്നും ചെയ്യാൻ കഴിവില്ലാത്തവരോടാണ് നമുക്ക് ഈർഷ്യ കയറുന്നതെങ്കിലോ? എന്നിട്ടാണ് നാം ഒന്നും ചെയ്യാതെ കടിച്ചുപിടിച്ചു സഹിക്കുന്നതെങ്കിലോ? പറയണോ അതിന്റെയൊരു പോരിശ? അത്തരുണത്തിലുള്ള മനോഹരമായ ഒരു സംഭവം ഹദീസിൽ കാണാം.
عن ميمون بن مهران أن جاريته جاءت ذات يوم بصحفة فيها مرقة حارة ، وعنده أضياف فعثرت فصبت المرقة عليه ، فأراد ميمون أن يضربها ، فقالت الجارية : يا مولاي ، استعمل قوله تعالى : والكاظمين الغيظ قال لها : قد فعلت . فقالت : اعمل بما بعده والعافين عن الناس . فقال : قد عفوت عنك . فقالت الجارية : والله يحب المحسنين . قال ميمون : قد أحسنت إليك ، فأنت حرة لوجه الله تعالى
മൈമൂന്‍ ബ്നു മഹ്റാനില് നിന്ന് നിവേദനം: അദ്ദേഹത്തിന്റെ വീട്ടില്‍ വിരുന്നുകാരുണ്ടായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ അടിമസ്ത്രീ ചൂടുള്ള കറിയുടെ ഒരു പാത്രവുമായി അവരിലേക്ക് കടന്നു വന്നു. അവളുടെ കൈയില്‍ നിന്ന് അത് അദ്ദേഹത്തിന്റെ മേലേക്ക് വഴുതി വീണു. അദ്ദേഹം അവളെ അടിക്കാനായി കൈ പൊക്കി. അപ്പോള്‍ അടിമസ്ത്രീ പറഞ്ഞു: എന്റെ യജമാനനേ, 'കോപം അടക്കിനിർത്തുന്നവരായ’ എന്ന അല്ലാഹുവിന്റെ വാക്ക് നിങ്ങള്‍ പ്രാവ൪ത്തികമാക്കണം. അദ്ദേഹം അവളോട് പറഞ്ഞു: ഞാന്‍ അപ്രകാരം ചെയ്തിരിക്കുന്നു. അവള് പറഞ്ഞു : അതിന് ശേഷമുള്ളതും, (അഥവാ) ‘മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവരാണവ൪’ എന്നതും നിങ്ങള്‍ പ്രാവ൪ത്തികമാക്കണം. അദ്ദേഹം പറഞ്ഞു: ഞാന്‍ നിനക്ക് മാപ്പ് തന്നിരിക്കുന്നു. അടിമ സ്ത്രീ പറഞ്ഞു: ‘അത്തരം സല്കര്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു’. മൈമൂന്‍ ബ്നു മഹ്റാന് പറഞ്ഞു: ‘ഞാന്‍ നിന്നോടും സല്ക൪മം പ്രവ൪ത്തിക്കുന്നു. അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിന്നെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു.’
കോപപ്പെട്ടാൽ പിന്നെ കണ്ണും മൂക്കുമുണ്ടാവില്ല. ആയതു കൊണ്ടാണ് ആറ്റൽനബി അരുളിയത്
عَنْ أَبِي بَكْرَةَ قَالَ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : لاَ يَحْكُمْ أَحَدٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ
ഒന്നാം ഖലീഫ അബൂബക്റിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ പറയുന്നതായി ഞാൻ കേട്ടു: നിങ്ങളാരുംതന്നെ കോപിഷ്ഠനായിരിക്കെ രണ്ടുപേരുടെ തർക്കത്തിൽ വിധി പറയാൻ പാടില്ല. (മുസ്ലിം)
പൊതുവെ ശക്തിയളക്കപ്പെടുന്നത് അടിപ്പോരിമയിലൂടെയാണ്. 'ആൾ ഭയങ്കരനാണ്, പത്തിരുപതാൾ ഒന്നിച്ചുവന്നാലൊന്നും ലവലേശമേശില്ല' എന്നൊക്കെ അടിവീരൻമാരെപ്പറ്റി ആളുകൾ പുകൾ പറയാറുണ്ട്. പക്ഷെ ആലോചിക്കേണ്ട കാര്യം, ഇരുപത് പേരെ അടിച്ചുമലർത്തുന്ന ഒരാൾക്ക് സ്വന്തം ശരീരത്തെ കീഴ്പെടുത്താൻ കഴിയുന്നില്ല എന്ന തമാശ നിറഞ്ഞ ഉൾപൊരുളിനെപ്പറ്റിയാണ്. കോപമുറഞ്ഞാൽ പിരിപൊട്ടിയ കോമാളിയായി അയാൾ തരം താഴുന്നു എന്നാണല്ലോ അതിനർത്ഥം? ഒരു തിരുവചനം നോക്കൂ:
عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الغَضَبِ» (متفق عليه: البخاري)
‘ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തൻ, മറിച്ച് കോപവേളയിൽ സ്വശരീരത്തെ നിയന്ത്രിക്കുന്നവനാണ്.’ എത്ര ആഴം ആ വാക്കിന്?
യഥാർത്ഥത്തിൽ നാം നിർമിച്ചെടുക്കുന്നതല്ല കോപം. അത് നമ്മിൽ നിന്ന് പതഞ്ഞു പൊന്തുന്നതാണ്. ആളുടെ പ്രകൃതത്തിനനുസരിച്ച് അതിൻ്റെ തീവ്രതക്കും സാന്ദ്രതക്കും വ്യത്യാസം വരും. കോപം നിയന്ത്രിച്ചില്ലെങ്കിൽ ദാമ്പത്യബന്ധത്തിലും സാമൂഹ്യ ജീവിതത്തിലും കാര്യമായ കാലിടർച്ചകൾ ഉണ്ടാകും. കോപാന്ധതയാൽ ഉറഞ്ഞുതുള്ളുന്നവനെ ആരും ഇഷ്ടപ്പെടില്ല. കപടമായി ആദരിക്കുകയോ, പുറംപൂച്ചിൽ പേടിക്കുകയോ ചെയ്യുന്നുണ്ടാവാം. മുൻകോപി സർവരാലും കൈയൊഴിക്കപ്പെട്ട് മൂലക്കാക്കപ്പെടുകയാണ് ചെയ്യുക. ആയതു കൊണ്ടായിരിക്കണം കാര്യമായ ഒരുപദേശം തേടി വന്ന ആളിനോട് തിരുനബി, 'നീ കോപിക്കരുത്' എന്നുമാത്രം പറഞ്ഞത്. പിന്നെയും പിന്നെയും ആവർത്തിച്ചാവശ്യപ്പെട്ടപ്പോഴും ഉത്തരം ഒന്നുതന്നെയായിരുന്നു, 'നീ കോപിക്കരുത്.’
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم أَوْصِنِي. قَالَ ” لاَ تَغْضَبْ ”. فَرَدَّدَ مِرَارًا، قَالَ ” لاَ تَغْضَبْ ”.
ഒറ്റയടിക്ക് പറിച്ചുമാറ്റാവതല്ല കോപം. അതിന് ക്രമപ്രവൃദ്ധമായ പരിശീലനം വേണം. ശരീരത്തെയും മനസ്സിനെയും കൂട്ടിപ്പിടിച്ചുകൊണ്ടുള്ള ഒരു ഹോളിസ്റ്റിക് നിർദേശമാണ് തിരുനബി പറഞ്ഞുതന്നിട്ടുള്ളത്. കൗൺസിലിംഗ് ആണ് ഒന്നാമത്തേത്. കോപത്തെക്കുറിച്ചുവന്ന ഹദീസുകളെല്ലാം അതേ കുറിച്ച് യാഥാർത്ഥ്യബോധം സൃഷ്ടിക്കുന്ന ഒന്നാന്തരം കൗൺസിലിംഗ് കണ്ടെന്റുകളാണ്. മറ്റൊന്ന്, ഒരുതരം ഓട്ടോസജഷനാണ്. കോപപ്പെടൽ ഒരുമാതിരി പിശാചുകയറ്റമാണ്. അപ്പോൾ പിശാചിൻ്റെ കോപത്തെ തൊട്ട് കാവൽ തേടിയുള്ള വചനം (പിശാചിനെ തൊട്ട് ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു) ഉരുവിട്ടുകൊണ്ടേയിരിക്കണം എന്ന് ഹദീസിൽ വന്നിട്ടുണ്ട്. തീ അണക്കുന്ന ഒരു സാധനം വെള്ളമാണല്ലോ. കോപിഷ്ഠനോട് വുളു (അംഗശുദ്ധി) എടുക്കാനാണ് തിരുനബി നിർദേശിക്കുന്നത്. മണ്ണാണ് തീയുടെ മറ്റൊരന്തകൻ. കോപം വന്നാൽ മണ്ണോട് ചേർന്ന് നിൽക്കട്ടെ എന്നും ഹദീസിലുണ്ട്. ഏതായാലും നിയന്ത്രണ വിധേയമല്ലാത്ത കോപം അപകടമാണ്. അത് നമ്മളെയും കൊണ്ടേ പോകൂ. എന്നുവെച്ച് അശേഷം കോപിക്കാനാകാത്ത അതിനിർവികാരനായിപ്പോവുകയുമരുത്. ‘അത്യാവശ്യഘട്ടത്തിൽ പോലും കോപിക്കാൻ കഴിയാത്തവൻ കഴുതയാണ്.’ കർമശാസ്ത്രപണ്ഡിതരുടെ നേതാവായ ഇമാം ശാഫിഈ ആണത് പറഞ്ഞത്.
നിത്യകോപി തിരസ്കരിക്കപ്പെടുകയാണ് ചെയ്യുക. തിരസ്കരിക്കപ്പെട്ടവന് തൗഫീഖ് കുറയും. പൊതുസമൂഹത്തിനു വേണ്ടി നന്മകൾ ഒന്നും ചെയ്യാൻ കഴിയാതെ വരും. അന്ത്യനാളിൽ വിചാരണക്ക് ചെല്ലുമ്പോൾ നന്മയുടെ ഭാണ്ഡം കാലിയായിരിക്കും.
നല്ലൊരു മാറ്റമാണ് വേണ്ടത്. ആകെ ഒന്നൊതുങ്ങുക. ഞാൻ ഒരു സാദാ പാവം മനുഷ്യനാണെന്ന ബോധം മനസ്സിൽ കരുപ്പിടിപ്പിക്കുക. താഴെയുള്ളവരോട് കൂടുതൽ ഇടപഴകുക. മറ്റുള്ളവർ തെറ്റ് തിരുത്തിത്തരുന്നത് തുറന്ന മനസ്സോടെ സ്വീകരിക്കുക. മുഖത്തും മനസ്സിലും ലാളിത്യം, വിനയം. അടി മുടി ഒരു മാറ്റം. പുതിയൊരു മനുഷ്യൻ! അഹങ്കാരം ഭാരമാണ്. ഭാരം ഉള്ളതിന് ഉയരാൻ കഴിയില്ല; എപ്പോഴും താണുകിടക്കും. നമ്മൾ താഴേണ്ടവരെല്ല; ഉയർന്നു പറക്കേണ്ടവരാണ്. ആയതിനാൽ നെറ്റിയിൽ മുളച്ച അഹങ്കാരത്തിന്റെ ഈ കൊമ്പ് നമുക്ക് ചെത്തിക്കളയാം. വിനയത്തിന്റെ ചിറക് വിരിച്ച് ഉയരങ്ങളിലേക്ക് പറക്കാം.

