മനുഷ്യന്റെ കുടുംബ വ്യവസ്ഥ ഇതര ജന്തുക്കളിൽ നിന്ന് വ്യത്യസ്തമാണെന്നതിന് പ്രമാണം ഹാജരാക്കണം എന്ന് ആരെങ്കിലും പറയുമോ? നിങ്ങൾ അത്രക്ക് വിവരം ഇല്ലാത്തവരായിപ്പോയോ എന്ന് ആളുകൾ തിരിച്ചു ചോദിക്കില്ലേ?
മനുഷ്യന്റെ എല്ലാം വ്യത്യസ്തമാണ്. തീനും കുടിയും ഉടുപ്പും നടപ്പും എല്ലാം. ആടിന് കണ്ണിൽ കണ്ടതെല്ലാം കടിച്ചു തിന്നാം. അത് തന്റേതായാലും ശരി, അയൽക്കാരന്റെതായാലും ശരി, അന്യദേശക്കാരന്റെതായാലും ശരി, ശത്രുവിന്റേതായാലും ശരി, കുഞ്ഞിന്റെ കൈയിലുള്ളതാണെങ്കിലും ശരി, ചീഞ്ഞതോ, ചതഞ്ഞതോ, കെട്ടതോ എന്തായാലും ശരി. മനുഷ്യൻ അങ്ങനെയല്ലല്ലോ. മറ്റെല്ലാത്തിലും എന്നപോലെ അല്ലെങ്കിൽ അവയിൽ നിന്നെല്ലാം ഒരുപിടി മേലെയായി മനുഷ്യന്റെ വൈവാഹിക കുടുംബപര കാര്യങ്ങൾ വേറിട്ട് നിൽക്കുന്നുണ്ട്, ഉറപ്പ്!
കുടുംബം രൂപപ്പെടണമെങ്കിൽ ആദ്യം ലൈൻ ആവേണ്ടത് ആണും പെണ്ണുമാണ്. ചരിത്രത്തിൽ ആദ്യമായി അങ്ങനെ മനസ്സ് കോർത്തവർ ആദം നബിയും ഹവ്വാ ബീവിയും ആണ്. അവിടുന്നിങ്ങോട്ടാണ് മനുഷ്യ പരമ്പര ഉണ്ടാവുന്നത്. വൈവാഹിക ബന്ധത്തിലൂടെ ആണും പെണ്ണും ഒന്നാവുന്നതിന്റെ ഏകലക്ഷ്യം ലൈംഗികതയല്ല. അതുമാത്രം ആയിരുന്നെങ്കിൽ സങ്കീർണ്ണമായ ചിട്ട വട്ടങ്ങൾ ഒന്നും ആവശ്യമില്ലായിരുന്നു. ജന്തുക്കളെ കാണുന്നില്ലേ. മദനവികാരം പൊട്ടിയാൽ കിട്ടിയതിന്റെ മേൽ പാഞ്ഞു കയറുന്നു. അമ്മയാവാം. പെങ്ങളാവാം. അമ്മായിയാവാം. മൂത്താപ്പാന്റെ പൊണ്ടാട്ടി ആവാം. ആരായാലെന്ത്? എന്തെങ്കിലുമൊന്നു മതി. മുട്ടനാടുകളെ കണ്ടു പരിചയം ഉള്ളവർക്ക് ഈ അശ്ലീലത വേഗം പിടികിട്ടും. എന്നാൽ 'ആ ആടിന്റെ ഒരു ഭാഗ്യം; യാതൊരുവിധ നിയമ ബാധകളുമില്ല' എന്ന് ചിന്തിക്കുന്ന മനുഷ്യന്മാർ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്ന് അവരുടെ ജനസംഖ്യ ഇച്ചിരി കൂടി വരുന്നുമുണ്ട്. ബ്രേക്കില്ലാലൈംഗികതയ്ക്ക് വേണ്ടി വാദിക്കുന്ന അത്തരം മൃഗമൂൽ-കോൺഗ്രസ്സുകാർക്ക് പൊതുജനത്തിനിടയിലും നേരിയ അംഗീകാരം കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. അതൊരു പ്രസ്ഥാനമായി വളർത്തിയെടുക്കാനുള്ള തകൃതിയായ പരിശ്രമത്തിലാണ് അവർ.
പദാർത്ഥത്തിനപ്പുറം ശ്രേഷ്ഠമായ ആശയതലത്തിന് പ്രാധാന്യം കൊടുക്കുന്നവനാണ് മസ്തിഷ്കമുള്ള മനുഷ്യൻ എന്ന കാര്യം ആരും മറന്നു പോകരുത്. ചിലവേളകളിൽ ജന്തുക്കൾക്ക് പോലുമുണ്ട് പദാർത്ഥബാഹ്യമായ ആ ഉന്നതതലം എന്നും നമ്മൾ മനസ്സിലാക്കണം. നല്ല വിശപ്പ്. കുടൽ കത്തുന്നു. അപ്പോൾ വന്നു, നെയ്യിട്ട് മൂപ്പിച്ച ആട്ടിറച്ചിച്ചോറ്. വെച്ച് ചാമ്പി കൊടുത്തു. അപ്പോൾ നാം ജഡികമായ ഒരാവശ്യം പദാർത്ഥപരമായി നിറവേറ്റി എന്ന് പറയാം. അതേസമയം മുട്ടകൾ വിരിയിച്ച് കുഞ്ഞിക്കോഴികളുമായി പുറത്തിറങ്ങിയ തള്ളക്കോഴിയുടെ നിലപാട് നോക്കൂ. അതിങ്ങനെ ക്കൊ ക്കൊ ക്കൊ എന്ന ആസുരസുന്ദരമായ സ്വരമുണ്ടാക്കിക്കൊണ്ടേയിരിക്കുന്നു; ശത്രുക്കളിൽ നിന്നുള്ള കരുതലിന്റെ ഭാഗമായി. തനിക്ക് കിട്ടുന്നതെല്ലാം കൊത്തി മുറിച്ച് കുഞ്ഞുങ്ങൾക്ക് വിതറിക്കൊടുക്കുന്നു. അതാണെങ്കിൽ കാര്യമായി ഒന്നും തിന്നുന്നുമില്ല. പക്ഷേ താൻ ചിള്ളിക്കണ്ടെത്തി കൊത്തിത്തറിച്ച് ഇട്ടുകൊടുക്കുന്ന പൊട്ടും പറ്റും ആ കുഞ്ഞുങ്ങൾ കൊത്തിത്തിന്നുന്നത് കാണുമ്പോൾ ആ കോഴി അനുഭവിക്കുന്ന ആന്തരികസുഖം യാ മോളേ...അത് പറഞ്ഞറിയിക്കാൻ കഴിയില്ല. ജഡികമല്ലത്. പദാർത്ഥപരവുമല്ല. അതുക്കും മീതെയുള്ള ഒരു ശ്രേഷ്ഠാവസ്ഥയാണ്.
ശക്തമായ ഒഴുക്കിൽപ്പെട്ട് അമ്മയും കുഞ്ഞുമായ രണ്ടു മാനുകൾ പുഴ മുറിച്ചുനീന്തുകയാണ്. അന്നേരം കുഞ്ഞിനെ പിടിച്ചു വിഴുങ്ങാനായി ഒരു മുതലച്ചാർ കുറുകെ നീന്തി വരുന്നത് അമ്മമാൻ കാണുന്നു. ഏതാനും നിമിഷങ്ങൾക്കകം തൻറെ മകൾ ആ മുതലയുടെ വായിൽ പൊടിഞ്ഞ് അരയും എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ അമ്മമാൻ, താൻ മരിച്ചാലും സാരമില്ല എന്റെ കുഞ്ഞ് രക്ഷപ്പെടട്ടെ എന്നു കരുതി സ്വയം ദൃശ്യപ്പെടുകയും മുതലവായിലേക്ക് അങ്ങോട്ട് നീന്തുകയും ചെയ്യുന്നു. തന്റെ ശരീരം തന്നെ മറ്റൊരു ജീവിക്ക് തിന്നാൻ വിട്ടുകൊടുത്ത് ത്യാഗം ചെയ്യുമ്പോൾ തന്റെ പൊന്നാറ്റൽകുഞ്ഞ് രക്ഷപ്പെടുകയാണല്ലോ എന്നോർത്ത് ആ അമ്മമനസ്സ് അനുഭവിക്കുന്ന മനസ്സുഖം, മക്കളേ.... കഴിയുന്നതല്ല, വാക്കുകളിൽ വിവരിക്കാൻ. അത് പദാർത്ഥപരമല്ല ജഡപരവുമല്ല.
അങ്ങനെയൊക്കെയാണെങ്കിലും ജന്തുലോകത്ത് ജഡിഗതക്കപ്പുറമുള്ള ഈ ശ്രേഷ്ഠതലം അത്ര വികസിതമല്ല. കോഴിയുടെ കാര്യം തന്നെ എടുക്കാം. ഒട്ടു കാലം കഴിഞ്ഞാൽ പിന്നെ കുഞ്ഞുങ്ങളെ കൂട്ടി നടക്കുന്ന പരിപാടിയില്ല എന്നല്ല അവറ്റകളെ കൊത്തിയാട്ടുന്നത് കാണാം. സ്വന്തം കാലിൽ നിൽക്കാനുള്ള പരിശീലനത്തിന് വേണ്ടിയാവാം. എന്നാലും അത്രയ്ക്ക് വേണമായിരുന്നോ എന്നൊരു വേദന നമ്മിലുണ്ടാകുന്നു. അമ്മയുടെ അടുത്തേക്ക് വന്നു പോയാൽ മതി, ഓടിച്ചിട്ട് കൊത്തും. ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ലാത്തതു പോലെയുള്ള ക്രൂരമായ അയിത്തം, കരാളമായ അസ്പൃശ്യത. മോളേ.. മോനേ.. നീ ഇപ്പോൾ കുറച്ച് വലുതായില്ലേ. ഇനി അപ്പുറത്തെല്ലാം ചെന്ന് നൊട്ടിപ്പെറുക്കി തിന്നോ, ഇടക്കിടെ അമ്മയെ ഒന്ന് കാണാൻ വരണേ എന്നും പറഞ്ഞ് ഒരു മുത്തം കൊടുത്തു വിടുകയല്ലേ വേണ്ടത്??? ഇതെന്ത് കൊത്താണീ കൊത്തുന്നത്? ഇങ്ങനെയുമുണ്ടോ? മനുഷ്യനാണെങ്കിൽ മക്കളെ ഈ നിലക്ക് തച്ചാട്ടി കുടിയിറക്കി വിടുമോ എന്ന് ചോദിക്കാൻ തോന്നിപ്പോവുന്നില്ലേ? മാത്രവുമല്ല ചില ജന്തുക്കൾ സ്വന്തം മക്കളെ കൊന്നുതിന്നാറ് പോലുമുണ്ട്. ജന്മം നൽകിയ ഉപ്പപ്പൂച്ച തന്നെ തന്റെ കൊച്ചുപൂച്ചയെ കട്ട് കൊണ്ടുപോയി കടിച്ചു തിന്നാറുണ്ട്. മറ്റു ചില ജീവികളും ആഹാരകമ്മിയുള്ള വേളകളിലും മക്കൾ ബലഹീനർ ആകുമ്പോഴും സ്വന്തം പിഞ്ചോമനകളെ സാപ്പിടാറുണ്ട്. മൃഗം മനുഷ്യനല്ലല്ലോ; മനുഷ്യൻ മൃഗം ആവാനും പാടില്ലല്ലോ.
കേവല ലൈംഗികതക്കപ്പുറമുള്ള മഹിത തലത്തിൽ ഊന്നിയാണ് മനുഷ്യന്റെ വിവാഹവും വേഴ്ചയും കുടുംബരൂപീകരണവും ഒക്കെ നടക്കുന്നത്. മനുഷ്യന്റെ ജഡികമായ ആവശ്യമായ / അത്യാവശ്യമായ ലൈംഗികദാഹത്തെ ഒരു വലിയ നിർമ്മിതിക്കുള്ള കുഞ്ചികയാക്കി മാറ്റുന്നു എന്നതാണ് ഇവിടുത്തെ സവിശേഷത. പറ്റിയ പെണ്ണിനെ കണ്ടെത്തുന്നു. പ്രണേതാവ് ആകുന്നു, ഭർത്താവാകുന്നു, പിതാവ് ആകുന്നു, പിതൃവ്യൻ ആകുന്നു, പിതാമഹൻ ആകുന്നു. അങ്ങനെ പരന്നു പോകുന്നു ആ പരമ്പര. ആയതിന് കൃത്യമായ രീതികളും നിയമാവലികളും മതം മുന്നോട്ടുവെക്കുന്നു.
ശരീരത്തിന്റെ മറ്റെന്തെങ്കിലും ഒരു ആവശ്യം നിറവേറ്റും പോലെയല്ല മതകീയ മാർഗത്തിലൂടെയുള്ള രതിയൂർജത്തിന്റെ വിക്ഷേപണം. കാരണം ഇതു രണ്ടുമനുഷ്യർ തമ്മിലുള്ള വലിയൊരു ഉടമ്പടിയാണ്. രണ്ടുപേർ ചേർന്നുള്ള സഹരതിയുടെ എല്ലാ വരുംവരായ്കകളും പരസ്പരം നെഞ്ചേറ്റുന്ന സ്ട്രോങ്ങ് ട്രീറ്റി ആണ്. അതെ, അങ്ങനെ തന്നെ. പരിശുദ്ധ ഖുർആൻ ഉപയോഗിച്ച പ്രയോഗം "മീസാഖൻ ഗലീളൻ" എന്നാണ്. "കഠിന കരാർ" എന്നർത്ഥം. പറഞ്ഞു വരുമ്പോൾ ഇത് തമാശക്കളിയല്ല. കുട്ടിക്കളിയല്ല. മുട്ടനാടിന്റെ തരിപ്പ് കയറിയുള്ള താൽക്കലിക കസർത്തല്ല. ഇത് കണ്ണടയും വരെ തുടരേണ്ട ഒരു ആജീവനാന്ത സഹജീവനത്തിന്റെ മനസ്സും മാംസവുമുള്ള ഉടമ്പടിയാണ്.






