മനുഷ്യരുടെ ജീവിതവും സമ്പത്തും വിവിധ തരത്തിലുള്ള അപകടസാധ്യതകൾക്ക് വിധേയമായിരിക്കുന്നതിനാൽ, അതനുസരിച്ച് നിരവധി തരത്തിലുള്ള ഇൻഷുറൻസ് പദ്ധതികൾ രൂപപ്പെട്ടിട്ടുണ്ട്. വ്യക്തിയുടെ ജീവനും ആരോഗ്യവും മുതൽ വീടുകളും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും വരെ വിവിധ മേഖലകൾ ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇൻഷുറൻസാണ് ലൈഫ് ഇൻഷുറൻസ്. ഒരു വ്യക്തിയുടെ മരണാനന്തരം കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആരോഗ്യ സംബന്ധമായ ചെലവുകൾ നേരിടുന്നതിനായി ഹെൽത്ത് ഇൻഷുറൻസും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ചികിത്സാ ചെലവുകൾ, ആശുപത്രി ചിലവുകൾ, ശസ്ത്രക്രിയകൾ തുടങ്ങിയവയുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ മോട്ടോർ വാഹന ഇൻഷുറൻസും അനിവാര്യമായി മാറി. വാഹനാപകടങ്ങൾ, വാഹനനാശം, മൂന്നാംകക്ഷി നഷ്ടങ്ങൾ എന്നിവയിൽ നിന്ന് സാമ്പത്തിക സംരക്ഷണം നൽകുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. അതുപോലെ വീടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവയ്ക്ക് തീപിടിത്തം, പ്രകൃതിദുരന്തം, മോഷണം തുടങ്ങിയ അപകടങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാനായി ഹൗസ് ഇൻഷുറൻസ് സംവിധാനങ്ങളും നിലവിലുണ്ട്.
അപകടം മൂലം ശരീരഭാഗങ്ങൾ നഷ്ടപ്പെടുകയോ തൊഴിൽ ചെയ്യാനുള്ള ശേഷി കുറയുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകുന്ന ഇൻഷുറൻസുകളും നിലവിലുണ്ട്. യാത്രകളിൽ ഉണ്ടാകാവുന്ന അപകടങ്ങൾ, ചരക്കുനഷ്ടം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്ത് യാത്ര ഇൻഷുറൻസും ലഭ്യമാണിന്ന്.
വ്യാപാര സ്ഥാപനങ്ങൾ, കടകൾ, ജ്വല്ലറികൾ, ഗോഡൗണുകൾ എന്നിവയ്ക്കും പ്രത്യേകം ഇൻഷുറൻസ് പദ്ധതികൾ ഉണ്ട്. തീപിടിത്തം, മോഷണം, പ്രകൃതിദുരന്തം തുടങ്ങിയവ മൂലമുള്ള നഷ്ടങ്ങൾ ഇതിലൂടെ പരിഹരിക്കാനാവും. ചില രാജ്യങ്ങളിൽ വളർത്തുമൃഗങ്ങൾക്കു പോലും ഇൻഷുറൻസ് ലഭ്യമാണ്. അവയ്ക്ക് രോഗമോ അപകടമോ സംഭവിക്കുമ്പോൾ ചികിത്സാചെലവ് വഹിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.
വാർദ്ധക്യം, ദീർഘകാല രോഗങ്ങൾ, സ്ഥിരപരിചരണം ആവശ്യമായ അവസ്ഥകൾ എന്നിവയെ പരിഗണിച്ച് ദീർഘകാല പരിചരണ ഇൻഷുറൻസും വികസിച്ചിട്ടുണ്ട്. അതുപോലെ സാധാരണ ഇൻഷുറൻസുകളുടെ പരിധിയിൽ ഉൾപ്പെടാത്ത അധിക നഷ്ടങ്ങളും ചെലവുകളും ഉൾപ്പെടുത്തി കൂടുതൽ സുരക്ഷ നൽകുന്നതിനായി അംബ്രല്ല ഇൻഷുറൻസ് എന്ന രീതിയും നിലവിലുണ്ട്.
അനുവദനീയമാണെന്ന വാദം
ഇന്ന് നിലവിലുള്ള വാണിജ്യ ഇൻഷുറൻസുകളായ ലൈഫ് ഇൻഷുറൻസ്, ബിസിനസ് ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, വീട് ഇൻഷുറൻസ് തുടങ്ങിയവ ഇസ്ലാമിക കർമശാസ്ത്രപരമായി അനുവദനീയമാണെന്ന വാദം മുമ്പും ഇപ്പോഴും ചില ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
എന്നാൽ, നിലവിലുള്ള ഭൂരിഭാഗം കൊമേഴ്ഷ്യൽ ഇൻഷുറൻസ് സംവിധാനങ്ങളും പാശ്ചാത്യ ക്യാപിറ്റലിസ്റ്റ് സാമ്പത്തിക മാതൃകയുടെ സ്വാധീനത്തിൽ രൂപപ്പെട്ടവയാണ്. പലിശയെയും അമിതമായ ലാഭലക്ഷ്യത്തെയും അടിസ്ഥാനമാക്കിയുള്ള ഇടപാട് സംവിധാനമായാണ് ഇവ പ്രവർത്തിക്കുന്നത്. മനുഷ്യരുടെ അപകടഭീതിയും നഷ്ടസാധ്യതയും സാമ്പത്തിക ലാഭത്തിനുള്ള മാർഗമാക്കി മാറ്റുന്ന രീതിയിലാണ് പല ഇൻഷുറൻസ് കമ്പനികളും.
ഇത്തരം ഇൻഷുറൻസുകളെ അനുവദനീയമാക്കാൻ മുന്നോട്ടുവയ്ക്കപ്പെടുന്ന ഒരു പ്രധാന വാദം, ഇൻഷുർഡ് വ്യക്തി കമ്പനിക്ക് നൽകുന്ന പ്രീമിയവും, അപകടസാഹചര്യത്തിൽ കമ്പനി നൽകുന്ന പോളിസി തുകയും പരസ്പര സഹായത്തിന്റെ ഭാഗമായി നൽകുന്ന ദാനമായി കണക്കാക്കാമല്ലോ എന്നതാണ്. അങ്ങനെ വ്യാഖ്യാനിച്ചാൽ ഇത് അനുവദനീയമാകാമെന്ന അഭിപ്രായവും ചിലർ ഉന്നയിക്കുന്നു. എന്നാൽ, വാണിജ്യ ഇൻഷുറൻസ് കമ്പനികൾ സ്ഥാപിക്കപ്പെടുന്നതും പ്രവർത്തിക്കുന്നതും തന്നെ ലാഭം നേടുക എന്ന വ്യക്തമായ ബിസിനസ് ലക്ഷ്യത്തോടെയാണ്. അതുപോലെ, ഇൻഷുറൻസിൽ ചേരുന്ന ഉപഭോക്താക്കളും തങ്ങൾ അടയ്ക്കുന്ന പ്രീമിയം സൗജന്യ സഹായമായി നൽകുന്നതായി കരുതുന്നില്ല. മറിച്ച്, ഭാവിയിൽ വലിയൊരു സാമ്പത്തിക സുരക്ഷ ലഭിക്കണമെന്ന പ്രതീക്ഷയിലാണ് അവർ അത് അടയ്ക്കുന്നത്.
അതുകൊണ്ട് തന്നെ, പരസ്പര സഹായം മാത്രം അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് കൊമേഴ്ഷ്യൽ ഇൻഷുറൻസ് എന്ന് പറയാൻ സാധ്യമല്ലെന്നാണ് ഈ വിഷയത്തിൽ വിമർശനാത്മകമായി നിരീക്ഷിക്കുന്ന പണ്ഡിതന്മാരുടെ അഭിപ്രായം.
ഇൻഷുറൻസ് ഓരോ കക്ഷിയും മറുകക്ഷിക്ക് നൽകുന്ന ഓഫറാണ് എന്ന വാദവും നിലനിൽക്കുന്നതല്ല. ആവശ്യക്കാരന് കടം നൽകുക, വായ്പ നൽകുക അവരുടെ നഷ്ടത്തെ നമ്മൾ വഹിച്ചു കൊടുക്കുക തുടങ്ങിയവ ഏകപക്ഷീയമായ സൗജന്യമാണ്. ഇതുപോലെയല്ല ഇൻഷുറൻസ്. ഇൻഷുറൻസ് രണ്ടുഭാഗത്തുനിന്നും പണം അടച്ചുകൊണ്ടുള്ള പരസ്പര വിനിമയ ഇടപാടാണ്.
ഒരാളുടെ സുരക്ഷയ്ക്ക് വേണ്ടി സെക്യൂരിറ്റി ഓഫീസറായി നിയമിക്കപ്പെടുന്ന ആൾക്ക്, തനിക്ക് സുരക്ഷ ലഭിക്കുന്നു എന്നതിന്റെ പേരിൽ പ്രതിഫലം നൽകാറുണ്ടല്ലോ. ഇങ്ങനെയുള്ള കരാറായി ഇൻഷുറൻസ് പരിഗണിച്ചു കൂടെ എന്നാണ് മറ്റൊരു വാദം. കാരണം ഇൻഷുറൻസ് പരിരക്ഷ എടുത്ത ആൾക്ക് അപകടങ്ങളോ നഷ്ട സാധ്യതകളോ വരുമ്പോൾ കമ്പനി സാമ്പത്തിക പരിരക്ഷ നൽകുകയും പ്രീമിയം തുക അടച്ചു കൊടുക്കുകയും ചെയ്യുന്നു. ഈ വ്യാഖ്യാനവും നിലനിൽക്കുന്നതല്ല. സുരക്ഷാ ഉദ്യോഗസ്ഥന്മാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും നൽകുന്ന വേതനം ആ സെക്യൂരിറ്റിയിൽ അവർ നിശ്ചിത സമയം പ്രവർത്തിക്കുന്നു എന്നതിന്റെ വേതനമാണ്. ആ പ്രവർത്തിക്കിടയിൽ വല്ല ആക്രമണവും വന്നാൽ അതിനെ നേരിട്ട് ഞങ്ങളുടെ സുരക്ഷ അവർ ഉറപ്പുവരുത്തും. ഒന്നും സംഭവിച്ചില്ലെങ്കിലും അവരുടെ കാവൽ അവിടെയുണ്ടാകും. ഈ സുരക്ഷാപണിക്ക് പ്രതിഫലമായിട്ടാണ് അവർക്ക് വേതനം നൽകുന്നത്. രണ്ടുഭാഗത്തും സാമ്പത്തിക ഇടപാട് നടത്തുന്നതിനെ ജോലിക്ക് വേതനം നൽകുന്നതിനോട് താരതമ്യം ചെയ്യാൻ സാധ്യമല്ല.
അറ്റാച്ച്മെൻ്റ് / ഇർഫാഖ് എന്ന വാദം
വാണിജ്യ ഇൻഷുറൻസിനെ അനുവദനീയമാക്കാൻ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു വാദമാണ് 'ഇർഫാഖ്(Attachment)'എന്ന ആശയം. ഒരാൾക്ക് സഹായകരമാകുന്ന ഒരു സേവനം ചെയ്തു കൊടുക്കുകയും, അതിന്റെ ചെലവ് മറുവിഭാഗം വഹിക്കുകയും ചെയ്യുന്ന രീതിയാണിത്. പ്രസ്തുത കർമശാസ്ത്ര ചർച്ചകളെ അടിസ്ഥാനമാക്കിയാണ് ഈ വാദം രൂപപ്പെടുന്നത്.
ഇതിന് ഉദാഹരണമായി പണ്ഡിതന്മാർ ചർച്ച ചെയ്ത ഒരു കർമശാസ്ത്ര പ്രശ്നം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരാൾ മറ്റൊരാളോട് 'എനിക്കുവേണ്ടി നിങ്ങൾ ഹജ്ജ് ചെയ്യൂ; അതിന് വരുന്ന ചെലവ് ഞാൻ വഹിക്കാം' എന്ന് പറയുന്ന സാഹചര്യം. ഇവിടെ, മറ്റൊരാൾ സൗജന്യമായി ഹജ്ജ് നിർവഹിക്കാൻ തയ്യാറാവുന്നു. അതിന് നന്ദിയായും സഹായമായും, 'നിങ്ങൾക്ക് വന്ന ചെലവ് ഞാൻ തരാം' എന്നാണ് പറയുന്നത്.
ഇവിടെ മുൻകൂട്ടി കൃത്യമായ തുക നിശ്ചയിച്ചിട്ടില്ല. എത്ര ചെലവ് വരുമെന്നത് പിന്നീട് മനസ്സിലാക്കുന്നതാണ്. എന്നാലും, ഇത്തരത്തിലുള്ള ഇടപാട് സാധുവാണെന്ന് ചില കർമശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതുപോലെ, പരസ്പര സഹായത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസിനെയും കാണാമെന്നാണ് ചിലരുടെ വാദം. എന്നാൽ, ഈ ഉപമ രണ്ടു പ്രധാന കാരണങ്ങളാൽ ശരിയായ താരതമ്യമല്ലെന്ന് വിമർശകർ നിരീക്ഷിക്കുന്നു.
ഒന്നാമതായി, വാണിജ്യ ഇൻഷുറൻസ് ഒരു പരസ്പര സഹായ പദ്ധതി മാത്രമല്ല. മറിച്ച്, ലാഭം ലക്ഷ്യമാക്കി നടത്തുന്ന ബിസിനസ് ഇടപാടാണ്. ഇൻഷുറൻസ് കമ്പനികൾ പ്രവർത്തിക്കുന്നത് സേവന മനോഭാവത്തേക്കാൾ വ്യാപാര ലക്ഷ്യത്തോടെയാണ്.
രണ്ടാമതായി, 'എനിക്കുവേണ്ടി നിങ്ങൾ ഹജ്ജ് ചെയ്യൂ' എന്ന് പറയുന്ന ഇടപാടിൽ, ഗുണം ലഭിക്കുന്നത് ഹജ്ജ് ചെയ്യിപ്പിക്കുന്നയാൾക്കാണ്. മറ്റൊരാൾ അദ്ദേഹത്തിന് വേണ്ടി ഒരു ആരാധനാകർമ്മം നിർവഹിക്കുന്നു. അതിന് പ്രതിഫലമായി, 'അതിന് വന്ന ചെലവ് ഞാൻ വഹിക്കാം' എന്നാണ് പറയുന്നത്. ഇവിടെ സേവനം ആദ്യം നടക്കുന്നു. ശേഷമാണ് അതിന്റെ ചെലവ് നൽകുന്നത്. എന്നാൽ ഇൻഷുറൻസിൽ സ്ഥിതി വ്യത്യസ്തമാണ്. ഇൻഷുറൻസ് കമ്പനി നൽകാനിടയുള്ള സുരക്ഷയോ നഷ്ടപരിഹാരമോ ഭാവിയിൽ സംഭവിക്കാവുന്ന കാര്യമാണ്. പക്ഷേ, പ്രീമിയം തുക ഉപഭോക്താവ് മുൻകൂട്ടി തന്നെ അടയ്ക്കുന്നു. അതായത്, സേവനം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇടപാട് സാമ്പത്തിക ബാധ്യതയോടെ ആരംഭിക്കുന്നു.
അതിനാൽ, 'ഹജ്ജ് ചെയ്ത് തരൂ, ചെലവ് ഞാൻ വഹിക്കാം' എന്ന ഇർഫാഖ് മാതൃകയെയും വാണിജ്യ ഇൻഷുറൻസിനെയും ഒരേ രീതിയിൽ കാണുന്നത് യുക്തിസഹമല്ലെന്നാണ് ഈ വാദത്തെ വിമർശിക്കുന്ന പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.
തകാഫുൽ -ഇസ്ലാമിക ബദൽ ഇൻഷുറൻസ് സംവിധാനം
അപകടസമയങ്ങളിൽ സാമ്പത്തിക സുരക്ഷയും സഹായവും ലഭ്യമാക്കുക എന്ന ആശയം സ്വഭാവത്തിൽ നല്ലതും മനുഷ്യസൗഹൃദപരവുമാണ്. അതുകൊണ്ടുതന്നെ, ഇത്തരം ആവശ്യങ്ങൾ ഇസ്ലാം അനുവദിക്കുന്ന രീതിയിൽ എങ്ങനെ നടപ്പാക്കാം എന്ന ചർച്ച ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ പണ്ഡിതന്മാർക്കിടയിൽ സജീവമായി നടന്നുവരുന്നു. ഈ ചർച്ചകളിൽ നിന്നാണ് 'തകാഫുൽ ഇൻഷുറൻസ്' എന്ന ഇസ്ലാമിക ബദൽ ആശയം രൂപംകൊണ്ടത്.
തകാഫുൽ എന്നത് പരസ്പര സഹകരണവും സംരക്ഷണവും അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ്. ഒരു കൂട്ടം ആളുകൾ, അവരുടെ ഇടയിൽ ആർക്കെങ്കിലും അപകടമോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടായാൽ സഹായിക്കാനായി, സ്വമേധയാ ഒരു ഫണ്ടിലേക്ക് തുക നിക്ഷേപിക്കുന്നു. ഇത് ലാഭലക്ഷ്യത്തോടെ നടത്തുന്ന ബിസിനസ് ഇടപാട് അല്ല. മറിച്ച്, സഹായ മനോഭാവത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മയാണ്.
ഈ തുകകൾ സമാഹരിക്കുകയും, സുരക്ഷിതവും ഇസ്ലാം അനുവദിക്കുന്നതുമായ മാർഗങ്ങളിലൂടെ അതിനെ വളർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. എന്നാൽ ഇവിടെ 'ഞാൻ അടച്ച തുകയെങ്കിലും എനിക്ക് തന്നെ തിരികെ കിട്ടണം' എന്ന വ്യവസ്ഥയില്ല. മറിച്ച്, ഈ കൂട്ടായ്മയിൽപ്പെട്ട ആർക്കെങ്കിലും ദുരന്തമോ അപകടമോ സംഭവിക്കുമ്പോൾ ആ ഫണ്ട് ഉപകാരപ്പെടണം എന്ന ചിന്തയാണ് സംവിധാനത്തിന്റെ അടിസ്ഥാനം.
കേരളത്തിൽ തന്നെ ചില ഡോക്ടർമാരുടെ കൂട്ടായ്മകളിൽ ഇതിന് സാമ്യമുള്ള രീതികൾ നിലവിലുണ്ട്. ഉദാഹരണത്തിന്, ഒരു മെഡിക്കൽ അസോസിയേഷന്റെ കീഴിലുള്ള ഡോക്ടർമാരിൽ ആരെങ്കിലും മരണപ്പെട്ടാൽ, അദ്ദേഹത്തിന്റെ കുടുംബത്തിന് നിശ്ചിത സഹായധനം നൽകുന്ന സംവിധാനം ചില ചാപ്റ്ററുകളിൽ പ്രവർത്തിക്കുന്നു.
ഒരു ചാപ്റ്ററിന്റെ കീഴിൽ 100 ഡോക്ടർമാർ ഉണ്ടെന്നു വെക്കുക. ഒരു മാസത്തിൽ നാല് ഡോക്ടർമാർ മരണപ്പെട്ടാൽ, ഓരോ കുടുംബത്തിനും മൂന്ന് ലക്ഷം രൂപ വീതം നൽകി ആകെ 12 ലക്ഷം രൂപ ചെലവായതായി വരും. ഈ തുക പിന്നീട് ജീവിച്ചിരിക്കുന്ന അംഗങ്ങൾ തമ്മിൽ തുല്യമായി പങ്കുവെച്ച് സമാഹരിക്കുന്നു. ചില സംവിധാനങ്ങളിൽ പ്രവർത്തന സൗകര്യത്തിനായി ആരംഭത്തിൽ തന്നെ ഒരു ക്യാപിറ്റൽ ഫണ്ടും രൂപീകരിക്കാറുണ്ട്.
ഇത്തരത്തിൽ, തകാഫുൽ സംവിധാനം ചൂഷണരഹിതവും പരസ്പര സഹകരണത്തിൽ അധിഷ്ഠിതവുമായ ഒരു പൊതുസുരക്ഷാ സംവിധാനമായി പരിഗണിക്കപ്പെടുന്നു. അപകടഭീതിയിലും സാമ്പത്തിക പ്രതിസന്ധികളിലും കൂട്ടായ്മയിലെ അംഗങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിയുന്ന ഒരു പ്രായോഗിക ഇസ്ലാമിക ബദലായി ഇതിനെ കാണാം.
'പ്രവാസി ക്ഷേമ പെൻഷനിൽ ചേരുന്നതിനെക്കുറിച്ചുള്ള ചർച്ച പ്രവാസികൾക്കിടയിൽ വ്യാപകമാണ്. അപകടം, രോഗം, വാർദ്ധക്യം, മരണം തുടങ്ങിയ സാഹചര്യങ്ങളിൽ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ലഭിക്കണമെന്ന ആശങ്കയാണ് ഇത്തരത്തിലുള്ള ക്ഷേമ പദ്ധതികളിലേക്കുള്ള ആളുകളുടെ താൽപര്യത്തിന് പ്രധാന കാരണം.
ഇസ്ലാമിക സാമ്പത്തിക ചിന്തയിൽ, പരസ്പര സഹകരണവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന ബദൽ സംവിധാനങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തകാഫുൽ സംവിധാനം വികസിച്ചത്. ഈ രംഗത്തെ പ്രധാനപ്പെട്ട നിയമനടപടികളിലൊന്നായി 1984ൽ മലേഷ്യയിൽ മലേഷ്യൻ തകാഫുൽ ആക്റ്റ് (Malaysian Takaful Act) പാസാക്കി. ഇതിലൂടെ തകാഫുൽ സംവിധാനത്തിന് നിയമപരമായ രൂപവും സ്ഥാപനപരമായ അടിസ്ഥാനവും ലഭിച്ചു.











