വികസന പ്രവർത്തനങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ, പൊതുസൗകര്യങ്ങൾ എന്നിവയ്ക്കായി പൗരന്മാരിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ സ്വത്തുകളിൽ നിന്നോ വിവിധ രീതിയിൽ സർക്കാർ പിരിച്ചെടുക്കുന്ന തുകയാണ് നികുതി. റോഡുകൾ, പാലങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ പൊതുസേവനങ്ങൾ നടത്തുന്നതിനുള്ള പ്രധാന സാമ്പത്തിക ഉറവിടമാണിത്.
നികുതി നൽകുന്ന വ്യക്തിക്ക് തത്തുല്യമായ പ്രതിഫലം ലഭിക്കണമെന്ന വ്യവസ്ഥ നികുതിയിൽ ഇല്ല. അതായത്, വ്യക്തിപരമായി പ്രയോജനം ലഭിച്ചില്ലെന്ന കാരണത്താൽ നികുതി നൽകാതിരിക്കാൻ കഴിയില്ല. നികുതി സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും പൊതുതാൽപര്യത്തിനും വേണ്ടിയുള്ളതാണ്. നികുതിയടക്കാതിരിക്കൽ ശിക്ഷാർഹമാണെന്നതും നികുതി അടയ്ക്കുന്നതിനുപകരമായി പ്രത്യേക ആനുകൂല്യം ലഭിക്കണമെന്ന നിബന്ധന ഇല്ലാത്തതും നികുതിയുടെ പ്രധാന പ്രത്യേകതകളാണ് എന്ന് ചുരുക്കം.
അടിസ്ഥാന തത്വങ്ങൾ
നികുതി ചുമത്തുമ്പോൾ പൗരന്മാരുടെ സാമ്പത്തിക ശേഷി കൂടി പരിഗണിക്കപ്പെടേണ്ടതാണ്. സർക്കാർ ചില അടിസ്ഥാന തത്വങ്ങൾ പാലിച്ചുകൊണ്ടാണ് നികുതി ഈടാക്കുന്നത്. ഓരോ പൗരന്റെയും സാമ്പത്തിക ശേഷിക്ക് അനുസൃതമായിരിക്കണം നികുതി. ഒരാളിൽ നിന്ന് എത്ര നികുതി ഈടാക്കണം എന്നത് മുൻകൂട്ടി വ്യക്തമാക്കിയിരിക്കണം. നികുതി പിരിച്ചെടുക്കുന്ന മാർഗ്ഗങ്ങൾ ചെലവ് കുറഞ്ഞതായിരിക്കണം. നികുതി അടയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ നികുതി ദാതാവിന് പ്രയാസം സൃഷ്ടിക്കാത്ത രീതിയിലായിരിക്കണം. ഇത്തരത്തിലുള്ള തത്വങ്ങളാണ് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായ ആഡം സ്മിത്ത് നിരീക്ഷിച്ചത്.
ഇതിനുപുറമേ, ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞർ മറ്റുചില തത്വങ്ങളും നിർദേശിച്ചിട്ടുണ്ട്. വ്യവസായ, വാണിജ്യ സംരംഭങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താതെ സർക്കാരിന് കൂടുതൽ വരുമാനം ലഭിക്കുന്ന രീതിയിലായിരിക്കണം നികുതി സംവിധാനം. നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദ്ദേശങ്ങളും വ്യക്തവും സുതാര്യവുമായിരിക്കണം. വിവിധതരം നികുതികൾ ഉണ്ടായിരിക്കണം. ആവശ്യാനുസരണം പുതിയ നികുതികൾ ഏർപ്പെടുത്താനും പഴയ നികുതി നിർത്തലാക്കാനും സർക്കാരിന് സ്വാതന്ത്ര്യമുണ്ട്.
നികുതിയുടെ നീതി പ്രമാണങ്ങൾ
സാധാരണയായി നികുതി ചുമത്തുന്നത് മൂന്ന് പ്രധാന നീതി പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്:
1. Cost of Service Principle – സർക്കാർ നൽകുന്ന സേവനങ്ങൾക്ക് ഉണ്ടാകുന്ന ചെലവിനെ അടിസ്ഥാനമാക്കി നികുതി നിർണ്ണയിക്കുന്നത്.
2. Benefit of Service Principle – നികുതിക്ക് ആധാരമായ സേവനം ജനങ്ങൾക്ക് ലഭിക്കുന്ന ഉപകാരത്തിന്റെ തോതനുസരിച്ച് നികുതി ഈടാക്കുന്നത്.
3. Ability to Pay Principle – നികുതി നൽകുന്നവരുടെ സാമ്പത്തിക ശേഷി പരിഗണിച്ച് നികുതി ചുമത്തുന്നത്.
ഇവയാണ് നികുതി ചുമത്തുന്നതിൽ പ്രധാനമായി പരിഗണിക്കപ്പെടുന്ന മൂന്ന് നീതി പ്രമാണങ്ങൾ.
പ്രത്യക്ഷ, പരോക്ഷ നികുതികൾ
പൗരന്മാരിൽ നിന്ന് സർക്കാർ സമാഹരിക്കുന്ന നികുതികളെ പ്രധാനമായും രണ്ടായി തിരിക്കാം: പ്രത്യക്ഷ നികുതി, പരോക്ഷ നികുതി.
പ്രത്യക്ഷ നികുതിയിൽ, നികുതി ചുമത്തപ്പെട്ട വ്യക്തി തന്നെയാണ് അത് നേരിട്ട് സർക്കാറിന് അടയ്ക്കുന്നത്. ഉദാഹരണത്തിന്, ആദായനികുതി. ഇവിടെ നികുതി ദായകൻ നേരിട്ട് ഇടപെടുന്നു എന്നതാണ് പ്രത്യേകത.
പരോക്ഷ നികുതിയിൽ, നികുതി ചുമത്തപ്പെട്ടത് ഒരാളായിരിക്കും. എന്നാൽ അത് മറ്റുള്ളവരിൽ നിന്ന് ഈടാക്കി സർക്കാറിന് നൽകുന്നതാണ്. ഉദാഹരണത്തിന്, വിൽപ്പന നികുതി. ഇത് കച്ചവടക്കാരനാണ് അടയ്ക്കുന്നത്, പക്ഷേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയാണ് സർക്കാറിന് നൽകുന്നത്.
കേന്ദ്രവും സംസ്ഥാന സർക്കാറുകളും പിരിച്ചെടുക്കുന്ന പ്രധാന നികുതികളിൽ ചിലത്, ആദായനികുതി, എക്സൈസ് തീരുവ, ഇറക്കുമതി തീരുവ, കാർഷികാദായ നികുതി, ഭൂനികുതി, കെട്ടിട നികുതി, മരണ നികുതി എന്നിവയാണ്.
ഫീസ്
നികുതിയെപ്പോലെ തന്നെ, ജനങ്ങൾ സർക്കാറിന് നൽകേണ്ട മറ്റൊരു തുകയാണ് ഫീസ്. എന്നാൽ നികുതിയിൽ നിന്ന് വ്യത്യസ്തമായി, ഇതിനു പകരമായി ഒരു പ്രത്യേക സേവനം ഫീസ് നൽകുന്ന വ്യക്തിക്ക് ലഭിക്കും. സേവനത്തിന്റെ സ്വഭാവത്തിലും വ്യാപ്തിയിലുമുള്ള വ്യത്യാസമനുസരിച്ച് ഫീസും മാറും. ഉദാഹരണത്തിന്, നിർമാണാനുമതിക്കുള്ള അപേക്ഷയ്ക്ക് ഉയർന്ന ഫീസ് ഈടാക്കുമ്പോൾ, മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയ്ക്ക് വളരെ കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്.
മറ്റു പല വഴികളിലൂടെയും സർക്കാറുകളും സർക്കാർ നിശ്ചയിച്ച വിവിധ ഏജൻസികളും ജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിക്കാറുണ്ട്. നിയമലംഘനം തടയുന്നതിനായി സർക്കാർ പലപ്പോഴും പിഴ ഈടാക്കുന്നു. ഇത് സർക്കാറിന് ലഭിക്കുന്ന ഒരു വരുമാനമാണ്. അതുപോലെ, വിവിധ ദേശീയ-അന്തർദേശീയ സ്ഥാപനങ്ങളും സർക്കാറിന് ധനസഹായം നൽകാറുണ്ട്.
നികുതി ഇസ്ലാമിൽ
ഇസ്ലാമിക രാജ്യങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ധനം പൊതുഖജനാവിൽ നിന്നാണ് കണ്ടെത്തേണ്ടത്. ഖജനാവിൽ മതിയായ ധനം ഉള്ളപ്പോൾ പുതിയ നികുതി ചുമത്താൻ പാടില്ല. ഇസ്ലാമിക രാഷ്ട്രങ്ങളിൽ രാഷ്ട്രത്തിൻ്റെ എല്ലാ വരുമാനവും സമാഹരിക്കുന്ന കേന്ദ്രമാണ് ബൈത്തുൽമാൽ (പൊതു ഖജനാവ്), തുടർന്ന് അവിടെ നിന്നാണ് ചെലവുകൾ വിതരണം ചെയ്യുന്നത്. സകാത് (നിർബന്ധ ദാനം), ഐച്ഛിക ദാനങ്ങൾ, ലാൻഡ് ടാക്സ്, മുസ്ലിം ഭരണത്തിന് കീഴിലുള്ള അമുസ്ലിംകൾ നൽകുന്ന നികുതി തുടങ്ങിയ വഴികളിലൂടെയാണ് പൊതുഖജനാവിലേക്ക് ധനമെത്തുന്നത്.
നിർബന്ധിത സകാത്തിനും, ദുരന്തകാലങ്ങളിൽ പിരിച്ചെടുക്കുന്ന ചാരിറ്റി ഫണ്ടുകൾക്കും പുറമേ, സ്ഥിരമായി പൊതുനികുതി പിരിക്കേണ്ടതില്ല എന്നതാണ് ഇസ്ലാമിൻ്റെ അടിസ്ഥാന വീക്ഷണം. പൊതുഖജനാവിൽ ധനമില്ലാത്ത സാഹചര്യത്തിൽ പോലും പദ്ധതികൾക്കായി അധിക നികുതി ചുമത്താനുള്ള അധികാരം ഭരണാധികാരികൾക്ക് ഇല്ലെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.
എന്നാൽ, ആശുപത്രികൾ, പാലങ്ങൾ തുടങ്ങിയ പൊതുവികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി സമൂഹത്തിലെ സാമ്പത്തികമായി ശേഷിയുള്ളവരിൽ നിന്ന് ഫണ്ട് സമാഹരിക്കാമെന്ന അഭിപ്രായം, ഇസ്ലാമിലെ പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ ഇമാം മാലികിൻ്റെ അനുയായികളിൽപ്പെട്ട ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.










