പറയുന്നത് ശരിക്ക് ശ്രദ്ധിക്കണം, വീട്ടിൽ ഒരു പൂന്തോട്ടം വേണമെന്നല്ല മറിച്ച് വീടുതന്നെ ഒരു പൂന്തോട്ടമാവണം. പൂന്തോട്ടത്തിൽ എപ്പോഴും പൂമ്പാറ്റകൾ / തേനീച്ചകൾ / കുഞ്ഞിക്കിളികൾ വന്നുകൊണ്ടിരിക്കും. നെഞ്ചിൽ തേൻനിറച്ച പൂക്കൾ വിടർന്നിരിക്കുന്നത് കൊണ്ടാണത്. ഇതേപോലെ നമ്മുടെ വീട്ടിലും പല രൂപത്തിലും പലതരത്തിലുമുള്ള അതിഥികൾ വന്നും പോയ്ക്കൊണ്ടിരിക്കണം. അല്ലെങ്കിൽ വീട് ഖബർ പോലെ ശോകഭയാനകം ആയിപ്പോകും.
വീട്ടിലെ ആണിനും പെണ്ണിനും ഇമ്മട്ടിലുള്ള ഒരേ മനസ്സുണ്ടെങ്കിൽ മാത്രമേ ഇടക്കിടക്കുള്ള അതിഥിവരവ് നടക്കുകയുള്ളൂ. ചിലപ്പോൾ പെണ്ണിന് നല്ല ഇഷ്ടമായിരിക്കും ആളുകൾ വന്ന് ആഹാരം കഴിച്ച്, സംസാരിച്ച്, സന്തോഷമായി പോകുന്നത്. പക്ഷേ ആണൊരുത്തൻ ആന അർക്കീസ് ആവുകയാൽ ആരെയും അടുപ്പിക്കുകയില്ല. ചിലപ്പോൾ ആണിന് നല്ല ആശയുണ്ടാകും ആളുകളെ കൂട്ടി വീട്ടിൽ വരാൻ. പക്ഷേ അലസപ്പുളസയായ വീട്ടുകാരി "ഒരാളെയും കൂട്ടി ഈ വഴിക്ക് വന്നേക്കരുത്; എന്നെ കൊണ്ടാവില്ല വെച്ചുവിളമ്പാൻ' എന്ന് ശാസിച്ചു തുരത്തി കളയും, അസത്തുക്കൾ!
അങ്ങേയറ്റം പുണ്യകരമായ കാര്യമാണ് അതിഥി സൽക്കാരം. മുത്തു നബിയുടെ ഇഷ്ടവൃത്തികളിൽ ഒന്നായിരുന്നു അത്. ആദ്യമായി വെളിപാട് കിട്ടി പനിച്ചു വിറച്ച് വീടുപിടിച്ച റസൂലിനെ, ഭാര്യ ഖദീജാ ബീവി സാന്ത്വനിപ്പിച്ച കൂട്ടത്തിൽ ആറ്റലോരുടെ അതിഥി സൽക്കാരത്തിന്റെ പോരിശ എടുത്തുപറയുന്നുണ്ട്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ അതിഥികളെ ആദരിച്ചുകൊള്ളട്ടെ എന്ന തിരുവരുൾ നമുക്കുള്ള പ്രചോദനമാണ്. തിരുനബി തന്റെ ശ്രേഷ്ഠമായ ആതിഥ്യരീതികൾ സ്വഹാബികളെയും ശീലിപ്പിച്ചെടുക്കുകയായിരുന്നു.
ഒരിക്കൽ ഒരതിഥി എത്തിച്ചേർന്നു തിരുസന്നിധിയിൽ. അപ്പോൾ പക്ഷെ വീട്ടിലൊന്നുമുണ്ടായിരുന്നില്ല. ഭാര്യമാർ വശം ആളെ വിട്ടു. എല്ലാവരുടെ അടുത്തും ഒന്ന് മാത്രമുണ്ട്. പച്ചവെള്ളം!! ഒടുവിൽ, നബി പരസ്യവിളംബരം ചെയ്തു. 'ഇയാളെ ഈ രാത്രി ആര് വിരുന്നൂട്ടും', ഒരു സ്വഹാബി (തിരുനബിയുടെ അനുചരൻ) ഏറ്റു. വീട്ടിൽ ചെന്ന് കാര്യം തിരക്കിയപ്പോഴല്ലേ കഥയറിയുന്നത്. ചുട്ടുകൂട്ടി അട്ടിക്കുവച്ച അപ്പത്തരങ്ങൾ ഒന്നുമില്ല. കഷ്ടിച്ച് പശി അടക്കാനുള്ള കുറച് എന്തോ ഉണ്ട്. അത്ര തന്നെ. സഹധർമ്മിണിയോട് സ്വഹാബി പറഞ്ഞു.
'നീയൊരു കാര്യം ചെയ്യ്. കുട്ടികളോട് എന്തെങ്കിലും താട്ടുപൂട്ടു വർത്താനം പറഞ്ഞ് അവരെ ഉറക്ക്. അതിഥിയെത്തിയാൽ വിളക്കണക്ക്. ഭക്ഷണം വിളമ്പിക്കൊടുത്ത ശേഷം നമുക്ക് മാറിനിന്ന് തിന്നും പോലെ കാണിക്കാം.' ഒടുവിലെന്തിന് പറയുന്നു. അതിഥി നന്നായി തട്ടി. ആ കുടുംബം ഒട്ടിയ വയറുമായി രാത്രി ഉരുട്ടി. നേരം പുലർന്ന് നബി തങ്ങളെ കണ്ടപ്പോൾ അവിടുന്ന് അരുളി. നിങ്ങൾ നിങ്ങളുടെ അതിഥിയെ സൽകരിച്ച രീതി കണ്ടിട്ട് അല്ലാഹു അത്ഭുതം കൂറിയിട്ടുണ്ട്. അതുസംബന്ധമായി ഖുർആൻ സൂക്തം ഇറങ്ങി.
﴿وَيُؤْثِرُونَ عَلَى أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ﴾ (سورة الحشر: 9)
ഇടക്ക് പറയാം ഇപ്പോൾ ഒന്നുമില്ലാത്തത് നോക്കണ്ട ഒരുകാലത്ത് നല്ല സമ്പത്തുള്ളവരായിരുന്നു അബൂത്വൽഹ. മദീന പട്ടണത്തിലെ ആരും കൊതിക്കുന്ന അതിമനോഹരമായ ഒരു തോട്ടമുണ്ടായിരുന്നു; ബയറൂഹാ! തനിക്ക് ഇഷ്ടപ്പെടുന്നത് ദാനം ചെയ്യണം എന്ന് പറയുന്ന ആയത്ത് ഇറങ്ങിയപ്പോൾ ആ തോട്ടം നേരിട്ട് നബി തങ്ങൾക്ക് ദാനം ചെയ്യുകയായിരുന്നു അബൂത്വൽഹ. അത്രയ്ക്ക് വരുമാനം കിട്ടുന്ന ആ തോട്ടം പക്ഷേ നബി തങ്ങൾ സ്വന്തം കുടുംബക്കാർക്ക് വീതിച്ചു കൊടുക്കാൻ പറയുകയായിരുന്നു. മുതലിനോട് പുറം തിരിഞ്ഞു നടന്ന സമൂഹത്തിൻ്റെ ശ്രേഷ്ടവൃത്താന്തങ്ങൾ ഏറെയാണ്. നമ്മളിൽ ചിലരോ? കയറിവരുന്ന ഒരു അതിഥിക്ക് അര ഗ്ലാസ് ചായ കൊടുക്കുന്നതിൽ പോലും അലട്ട് കാണിക്കുന്നു.
അതെ, ചില പിശുക്കൻമാർക്ക് അതിഥികൾ എന്നു കേട്ടാൽ തന്നെ വയറ്റിൽ കാളിച്ച തുടങ്ങും. പണവും ചെലവാകും, മെനക്കെടുകയും വേണം-ഇതാണവരുടെ ആധി. വാസ്തവത്തിൽ അതിഥി സൽക്കാരവും കുടുംബ സന്ദർശനവുമൊക്കെ ഏറെയുള്ളവർക്ക് ആഹാര സമൃദ്ധിയും ആയുസ്സുവികാസവും പാപമോചനവുമൊക്കെ പെരുത്തുകിട്ടുകയാണ് ചെയ്യുക. ഒരു കുഞ്ഞ് പിറക്കുമ്പോൾ അതിനുള്ള ഭക്ഷണവും ഇവിടെയുണ്ടാവുന്നു എന്ന് പറയുമ്പോലെ നമ്മിലേക്ക് ഒരതിഥി എത്തിച്ചേരുമ്പോൾ അതിനുള്ള വകയും അയാളിലൂടെ നമ്മിലേക്കെത്തിച്ചേരുന്നുണ്ട്. ഒരു ഹദീസിൽ അത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ഒരുത്തരിലേക്ക് ഒരതിഥി വരുന്നത് അയാൾക്കുള്ള വകയുമായിട്ടായിരിക്കും. അയാൾ തിരിച്ച് പോവുന്നത് അവരുടെയെല്ലാം പാപം പൊറുക്കാനുള്ള നിമിത്തമായിട്ടുമായിരിക്കും. അതുകൊണ്ടായിരിക്കണം ശഫീഖുൽ ബൽഖീ എന്ന സാത്വികൻ പറഞ്ഞത്; അതിഥി വരവിനെക്കാൾ എനിക്കിഷ്ടപ്പെട്ട മറ്റൊരു സംഗതിയില്ല. കാരണം അയാളുടെ ചെലവ് അല്ലാഹു ഏറ്റതാണ്. അതിന്റെ മെച്ചം കിട്ടുക എനിക്കാണ് താനും. സ്വർഗമെന്നത് എന്റെ കൈപിടിയിലുള്ള ഒരു പിടി ഭക്ഷണമായിരുന്നെങ്കിൽ ഞാൻ അതെന്റെ അതിഥിക്ക് വെച്ചു നീട്ടുമായിരുന്നു എന്ന് പറയുകയുണ്ടായി യഹ്യ ബിനു മുആദ് എന്ന സൂഫിവര്യൻ.
ഇബ്രാഹീമി മില്ലത്തിൽ (പരമ്പര) വരുന്നവർക്ക്, അതിഥി സൽക്കാരത്തിൽ പ്രത്യേക പ്രാവീണ്യം വേണ്ടതാണ്. അതിഥിയാദരത്തിന്റെ ഉപ്പാപ്പയായിരുന്നു, ഹസ്രത്ത് ഇബ്രാഹിം നബി. ഒറ്റക്ക് ഉണ്ണുന്നത് മഹാനോർക്ക് ഓർക്കാനേ വയ്യ. അതിഥിയെ തേടി വഴിവക്കുകളിൽ അലയുന്ന ഖലീലുല്ലാഹിയെപ്പറ്റി (ഇബ്റാഹിം നബി) ചരിത്രം പറയുന്നുണ്ട്. മനുഷ്യന്റെ രൂപത്തിൽ മലക്കുകൾ വന്നപ്പോൾ പോലും ഖലീലുല്ലാഹിയിലെ ആതിഥേയൻ ഉണർന്നെഴുന്നേറ്റു. ഒട്ടും വൈകിയില്ല, കൂട്ടത്തിൽ ഏറ്റം തടിച്ചുകൊഴുത്ത മാടിനെ അറുത്ത് കല്ലിൽ വെച്ച് ചുട്ടെടുത്തു. ഭക്ഷണം അതിഥികൾക്ക് മുമ്പിലെത്തിച്ച് സൽക്കരിച്ചു. സൗമ്യമായ ഭാഷയിൽ കഴിച്ചോളൂ എന്നു പറഞ്ഞു.
ഈ സംഭവം വിവരിക്കുമ്പോൾ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഊന്നലോടെ ഖുർആൻ എടുത്തു പറയുന്നത് ആതിഥ്യ മര്യാദ എങ്ങനെയെല്ലാമായിരിക്കണമെന്ന് ഉണർത്താനാണ്. സൂക്ഷ്മമായി വായിച്ചാൽ ആതിഥേയൻ പാലിക്കേണ്ട അഞ്ച് മര്യാദകൾ ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. അതിഥിയുടെ സമക്ഷത്തിലേക്ക് ആഹാരമെത്തിച്ച് സൗമ്യമായി സൽക്കരിച്ചു എന്നു പറയുമ്പോൾ 'വേണമെങ്കിൽ അപ്പുറം പോയി നക്കിക്കോ' എന്ന് പറയാതെ പറയുന്ന ഇന്നത്തെ ബഫെ സിസ്റ്റം അത്ര കൊള്ളത്തില്ല എന്നാണ് മനസ്സിലാവുന്നത്.
ഒരാളെ നമ്മൾ വിളിച്ചു വരുത്തിയാൽ അല്ലെങ്കിൽ വിളിക്കാതെ തന്നെ അതിഥിയായി വീട്ടിലെത്തിയാൽ നമുക്ക് എന്ത് തിരക്കുണ്ടെങ്കിലും അയാൾക്ക് ഇരിക്കാൻ ഇടം കിട്ടിയോ, കുടിക്കാൻ വെള്ളം കിട്ടിയോ, വിശപ്പകറ്റാൻ ആഹാരം കിട്ടിയോ എന്നൊക്കെ നോക്കി ഉറപ്പിക്കേണ്ട ബാധ്യതയുണ്ട്. കോട്ടിട്ട ചെക്കന്മാർ കോരിയിട്ട് കൊടുത്തുകൊള്ളും എന്നു കരുതി മാറി നിൽക്കലല്ല.
ഹസ്റത് ലൂഥ് നബിയും അതിഥികളുടെ ആളായിരുന്നു. ആ സന്നിധിയിലും വന്നിരുന്നു മലക്കുകൾ മനുഷ്യരൂപത്തിൽ. നെറികെട്ടവരായിരുന്നു ലൂഥ് നബിയുടെ ജനത. ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത ലൈംഗിക വൈകൃതത്തിന്റെ ഉടമകളായിരുന്നു അവർ. യുവകോമളൻമാരായ രണ്ടുപേരാണ് വന്നണഞ്ഞിരിക്കുന്നത്. നബിക്കവരെ അത്രയങ്ങ് പരിചയം പോരാ. പോരാത്തതിന് കാണാൻ കൊള്ളാവുന്ന കുമാരൻമാർ വന്നു എന്ന് കേട്ടാൽ നെറികെട്ട നാട്ടുകാർ ഓടിക്കൂടും. അവരെയവർ കടന്നുപിടിക്കും. അതിഥികൾക്കുമുന്നിൽ നാണക്കേടാക്കും. സ്വന്തം ഭാര്യയാണെങ്കിൽ അവർക്ക് കൂട്ടും.
ഇതെല്ലാം വെച്ചുകൊണ്ട് നബിക്ക് ഒഴിഞ്ഞുമാറാമായിരുന്നു. പക്ഷെ നബിക്കുള്ളിലെ ആതിഥേയൻ സമ്മതിച്ചില്ല. സൽക്കരിക്കാൻ തന്നെ തീരുമാനിച്ചുറച്ചു. അതിഥികൾക്കു വേണ്ടി റിസ്കെടുക്കാൻ സന്നദ്ധമാവണമെന്ന പാഠമാണ് നമുക്കിതിൽ നിന്നും കിട്ടുന്നത്. ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് അതിഥി സ്വീകരണത്തിൽ നിന്നും മുങ്ങാൻ ശ്രമിക്കുന്നവർക്കുള്ള ഒരു തിരുത്താണ് ലൂഥ് നബിയുടെ നിലപാട്. പക്ഷെ, അങ്ങനെയെല്ലാമുള്ള ഒരു പുണ്യ കർമ്മത്തെ പൊങ്ങച്ചത്തിന് വേണ്ടി ദുരുപയോഗം ചെയ്യുമ്പോഴാണ് നമുക്ക് സങ്കടം വരുന്നത്.
തിരുനബിയുടെ അരുൾപ്പാടിൽ മൂന്നുദിവസത്തിലധികം അതിഥി ആതിഥേയനൊപ്പം തങ്ങി അദ്ദേഹത്തെ പ്രയാസപ്പെടുത്തരുതെന്ന നിർദ്ദേശവുമുണ്ട്. മൂന്ന് ദിവസമാണ് ആതിഥ്യം. അതിൽ ആദ്യ ദിവസം മാത്രമേ വിശിഷ്ട ഭോജനം നൽകണമെന്നുള്ളു. മൂന്ന് കഴിഞ്ഞുള്ളത് ആതിഥ്യത്തിൽ പെടില്ല; കേവലദാനമാണ്-സ്വദഖ. നബിയുടെ വീട്ടിൽ തന്നെ അസമയങ്ങളിൽ ചിലർ അതിഥികളായി ചുറ്റിപ്പറ്റിക്കളിക്കാറുണ്ടായിരുന്നു. റസൂലിനത് പ്രയാസകരമായി മാറിയപ്പോൾ പിന്നീടത് നിരോധിക്കപ്പെടുകയായിരുന്നു.
നമ്മുടെ നാട്ടിൻപുറങ്ങളിലെ പള്ളികളിൽ സാധുക്കളായ വല്ല മുസാഫിറുകളും (യാത്രക്കാർ) വന്നുപെട്ടാൽ നിസ്കാരം കഴിഞ്ഞ് ആളുകൾ പോകുമ്പോൾ ആരെങ്കിലും ആഹാരത്തിന് വിളിക്കുമോ എന്ന് കരുതി അവരുടെ കണ്ണുകൾ അലയുന്നുണ്ടാവും. മറ്റു ചില സ്ഥലങ്ങളിൽ സൽക്കാരലഹരി നെഞ്ചിൽ പൊടിച്ച ചിലർ ഏതെങ്കിലും മുസാഫിറുകൾ / മുതഅല്ലിമുകൾ വന്നു കേറീട്ടുണ്ടോ ഇനി കടന്നുവരുന്നുണ്ടോ എന്ന് ആതിഥേയത്തിന്റെ ദാഹക്കണ്ണുകളോടെ നോക്കുന്നതും കാണാം. അപരിചിതരായി അങ്ങനെ ആരെയെങ്കിലും കിട്ടിയാൽ മറ്റാർക്കും വിട്ടുകൊടുക്കാതെ അവർ സ്വന്തം വീട്ടിലേക്ക് റാഞ്ചിക്കൊണ്ടുപോകും. ഓരോയിടത്ത് ഓരോ സംസ്കാരമാണ്. അതിഥികളെ നന്നായി സൽക്കരിക്കുന്ന സംസ്കാരമായിരിക്കണം മുസ്ലിമിന് വേണ്ടത്. നമ്മുടെ നാടുകളിലെല്ലാം അത് അങ്ങനെയാണ്. അന്യമതസ്ഥരായ പല സുഹൃത്തുക്കളും പലപ്പോഴും മുസൽമാന്റെ മനസ്സ്തുറന്ന ഈ ആതിഥ്യമര്യാദയെ പറ്റി വാഴ്ത്തി പറയാറുണ്ട്.
യാചകരായും വഴിപോക്കരായും പണപ്പിരിവുകാരായും വീട്ടിലേക്ക് കയറിവരുന്നവരെ അനുകമ്പയോടെ വരവേൽക്കണം. നമ്മുടെ വീട് ഒരാൾക്ക് ആശ്വാസമാവുക എന്ന് പറയുന്നത് എത്ര നല്ല കാര്യമാണ്. പിരിവുകൾ കൂടിയ കാലമാണിത്, അറിയാം. പിരിവു വ്യാജേന തട്ടിപ്പുകാർ നുഴഞ്ഞുകയറുന്ന കഥകളുമുണ്ട്, ശരിയാണ്. എങ്കിലും നമ്മുടെ വീട്ടിലേക്ക് ഒരാവശ്യം പറഞ്ഞ് പടികടന്നെത്തുന്ന ഒരാളെ വെറുതെ അവിശ്വസിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്യാൻ പാടുണ്ടോ? പാടില്ല, ഒരിക്കലും!
പിച്ചപ്പാത്രവുമായി കയറി വരുന്നവർക്ക് എല്ലാം വാരിക്കൊടുത്താൽ അത് പരോക്ഷമായി യാചനയെയും യാചകപ്രസ്ഥാനത്തെയും പ്രോത്സാഹിപ്പിക്കലല്ലേ എന്ന് ചോദിക്കാൻ തോന്നുന്നുണ്ടാവും. അതൊരു കുഴങ്ങിയ ഇഷ്യു തന്നെയാണ്. യാചന നിരുത്സാഹപ്പെടുത്താനും ജനങ്ങളെ ആവുന്നത് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാനും ഒരു ക്യാമ്പയിൻ ആചരിക്കാവുന്നതാണ് നമുക്ക്.
ഇൻഡിവിജ്വൽ കേസുകൾ വരുമ്പോഴാണ് പ്രശ്നം. കാണാൻ തടിയും മിടുക്കുമുള്ള ഒരു യുവാവ് റെയിൽവേ സ്റ്റേഷനിൽ വച്ചോ ഭോജനശാലയുടെ മുന്നിൽ വച്ചോ എനിക്കൊരു ചായ കുടിക്കാൻ വല്ലതും തരുമോ എന്ന് ചോദിച്ചാൽ അപ്പോൾ നമുക്ക് എന്ത് ചെയ്യാൻ പറ്റും. നമ്മളാണെങ്കിൽ ദീർഘമായ യാത്രയ്ക്കുവേണ്ടിയുള്ള ധൃതിപിടിച്ച മണ്ടിപ്പാച്ചിലിൽ ആണ് താനും. അതേപോലെയാണ് നമ്മുടെ വീട്ടിലേക്ക് ഒരു പാവത്താൻ കയറി വന്നു കൈ നീട്ടി വല്ലതും ചോദിക്കുന്നത്. വാസ്തവത്തിൽ യാചകരെ ആട്ടിപ്പായിക്കുകയല്ല; പ്രത്യുത അവർ യാചിക്കാൻ പോകാത്ത അവസ്ഥ സൃഷ്ടിക്കുകയാണ് വേണ്ടത്.
ഇനി, പറയട്ടെ നിങ്ങൾ തിരക്കൊന്നും ഇല്ലാത്ത ഒരു ദിവസം വീട്ടിൽ സ്വസ്ഥമായി ഇരിക്കുകയാണ്. ചെടികൾ വെട്ടിയൊതുക്കുന്നു. തടമെടുക്കുന്നു. മറ്റു സിമ്പിൾ മരാമത്ത് പണികളിൽ പെട്ടിരിക്കുന്നു. അങ്ങനെയിരിക്കുമ്പോഴുണ്ട് ഒരാൾ വീട്ടിലേക്ക് കയറിവരുന്നു. കാഴ്ചക്ക് കുഴപ്പമൊന്നുമില്ല. നിങ്ങൾ അയാളെ അടുത്തു വിളിച്ചിരുത്തി നിങ്ങൾ ചോദിക്കുന്നു:- അല്ല, നല്ല തടിയും ചുറുചുറുക്കുള്ള ഒന്നാന്തരം യുവാവേ! നിങ്ങൾ എന്തിനാണ് മാനം വിറ്റുകൊണ്ട് ഈ വിലയിടിഞ്ഞ പരിപാടിക്ക് നിൽക്കുന്നു? നിങ്ങൾക്ക് പറ്റാവുന്ന വല്ല പണിക്കും പോയി മാനമര്യാദയോട് കൂടി ജീവിച്ചുകൂടെ അളിയാ?
ആ ചോദ്യം അയാളുടെ അകതാരിൽ അനുരണനങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങൾ അദ്ദേഹത്തിന് സ്വയം തൊഴിലിനുള്ള ഉപായങ്ങൾ പറഞ്ഞു കൊടുക്കുന്നു. നിങ്ങളുടെ തന്നെ കെയറോഫിൽ ടൗണിലുള്ള ഒരു പീടികയിൽ ജോലി വാങ്ങിച്ചു കൊടുക്കുന്നു. അങ്ങനെയൊക്കെ ആവാം. തത്തുല്യമായ സംഭവം മുത്ത് നബിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
ഒരിക്കൽ നബിസമക്ഷം ഒരാൾ വന്നു, വല്ലതും തരുമോ എന്ന് ചോദിച്ചു കൊണ്ട്. നബി തങ്ങൾ ചില്ലിക്കാശു കൊടുത്ത് വിട്ടയക്കുകയായിരുന്നില്ല. നിൻ്റെ വീട്ടിൽ എന്തെല്ലാം സാധനങ്ങളുണ്ട് എന്ന് ചോദിച്ചു. അപ്പോൾ വിരിക്കാനും ഉടുക്കാനും ഉപയോഗിക്കുന്ന ഒരു പുതപ്പും വെള്ളം കുടിക്കുന്ന ഒരു പാത്രവും മാത്രമേയുള്ളൂ എന്ന് പറഞ്ഞു. അതെങ്കിലത് വേഗം ചെന്ന് അതെടുത്തു കൊണ്ടുവാ എന്നായി നബിയോർ.
ഇത് രണ്ടും ആരാണ് വിലക്ക് വാങ്ങുക എന്ന് സദസ്സിനോട് ചോദിച്ചു. ഒരാൾ ഒരു ദിർഹമിന് വാങ്ങാമെന്ന് പറഞ്ഞു. അതിലധികം ആരു തരും എന്ന് മൂന്ന് തവണ ചോദിച്ചു. അപ്പോൾ ഒരാൾ രണ്ടു ദിർഹമിന് വാങ്ങാമെന്നായി. ഇതാ ഇതിൽ ഒരു ദിർഹം കൊണ്ട് നീ പോയി ഭക്ഷണം വാങ്ങി നിൻ്റെ വീട്ടുകാർക്ക് എത്തിച്ചുകൊടുക്ക്. മറ്റേ ദിർഹം കൊണ്ട് ഒരു മഴു വാങ്ങി വാ. അദ്ദേഹം മഴുവുമായി വന്നപ്പോൾ നബിയോർ സ്വന്തം കരങ്ങളെ കൊണ്ട് അതിനൊരു പിടി പിടിപ്പിച്ചു കൊടുത്തു. നീ ഇതുമായി ചെന്ന് വിറക് വെട്ടി വിറ്റ് പണമുണ്ടാക്ക്, 15 ദിവസത്തേക്ക് നിന്നെ ഈ വഴിക്ക് കാണാൻ പാടില്ല. പിന്നീട് അയാൾ വന്നു. കയ്യിൽ 10 ദിർഹം ഉണ്ട്. ഇതിൽ നിന്ന് നീ നിൻ്റെ കുടുംബത്തിന് ഭക്ഷണവും വസ്ത്രവും വാങ്ങിക്കൊടുക്ക്. ജനങ്ങളുടെ പക്കൽ ചെന്ന് പിച്ചതേടി ജീവിക്കുന്നതിനേക്കാൾ ഇങ്ങനെ അധ്വാനിച്ച് ജീവിക്കുകയാണ് വേണ്ടത് എന്ന പാഠം പഠിപ്പിച്ചു വിട്ടയച്ചു.
ഇവിടെ ആലോചിക്കാനുള്ള ഒരു കാര്യം, വീട്ടിൽ എന്തുണ്ട് വിൽക്കാൻ എന്ന് ചോദിച്ചപ്പോൾ ഒരു പൊട്ട് പൊന്നോ ഒരു പറ്റ് വെള്ളിയോ ഒരു ആട്ടിൻകുട്ടിയോ അങ്ങനെയുള്ളതൊന്നും അദ്ദേഹത്തിന് പറയാനുണ്ടായില്ല. അത്രയ്ക്ക് ഒന്നുമില്ലാത്ത പരമദരിദ്രനാണ് അദ്ദേഹം എന്ന് മനസ്സിലാവുന്നു. അപ്പോൾ വീട്ടിലെ നിത്യോപയോഗത്തിന് എടുത്തു പെരുമാറുന്ന വെള്ളപാത്രവും വിരിച്ചുറങ്ങുന്ന പുതപ്പും മാത്രമാണുള്ളത്. അതൊന്നും പൊതുവേ ഒരു വില്പന ചരക്കായി ആരും കണക്കുകൂട്ടുകയില്ല. എന്നിട്ട് പോലും അവ കൊണ്ടുവരാൻ പറഞ്ഞ്, സദസ്സിൽ ഒരു പ്രത്യേക സീൻ ഉണ്ടാക്കി അത് വില്പന നടത്തിയിട്ടാണ് ഒരു വ്യക്തിക്ക് നബി തങ്ങൾ സാമ്പത്തിക സ്വാശ്രയത്വത്തിന്റെ വഴി തെളിയിച്ചു കൊടുക്കുന്നത്. ഇതിൽ വലിയ പാഠമുണ്ട്. മഹല്ലുകളെയും ചാരിറ്റി സംഘങ്ങളെയും കേന്ദ്രീകരിച്ച് ഈ നിലക്കുള്ള സാമ്പത്തിക വിമോചന പദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്.
അല്ലാതെ വീട്ടിലേക്ക് കയറി വന്ന ഒരാളെ അധിക്ഷേപിക്കാനോ ആട്ടിപ്പായിക്കാനോ നിൽക്കരുത്. ഉള്ളതിൽ വെച്ച് എന്തെങ്കിലുമൊക്കെ കൊടുക്കണം. ദാഹിച്ചും വലഞ്ഞും വന്നിരിക്കുന്ന മിസ്കീൻ (ദരിദ്രൻ) ആണെന്ന് ബോധ്യപ്പെട്ടാൽ ആഹാരം റെഡിയുണ്ടെങ്കിൽ എടുത്തു കൊടുക്കണം. നട്ടുച്ച നേരത്ത് നടന്നു വിയർത്തു വരുന്നവർക്ക് ശീതള പാനീയം കൊടുക്കണം. പ്രായം ചെന്ന അമ്മമ്മമാരോ ഉപ്പാപ്പമാരോ ആണെങ്കിൽ ഉപ്പിട്ടിളക്കിയ ചൂടുകഞ്ഞിവെള്ളം കൊടുക്കണം. ചിലർക്ക് വേണ്ടത് വസ്ത്രങ്ങൾ ആയിരിക്കും. പഴയതും അവർ സ്വീകരിക്കും എന്ന് കരുതി കിട്ടിയ ചാൻസിന് വന്നയാളുടെ സഞ്ചിയെ ഒരു വേസ്റ്റ് കുണ്ടായി കണ്ടേക്കരുത്.
ഇനി ഒന്നുമില്ലെങ്കിൽ മനുഷ്യപ്പറ്റുള്ള വർത്താനം പറഞ്ഞു സന്തോഷപൂർവ്വം യാത്രയാക്കണം. സ്ഥിരം വരുന്ന യാചകർക്ക് നമ്മുടെ വീട് ഒരാശ്വാസകേന്ദ്രം ആവണം. അവർ ചെവിക്ക് ചെവി അറിയാതെ പരസ്പരം പറയണം 'വലത്തോട്ട് തിരിഞ്ഞ് ആ ചായമക്കാനിയുടെ ഇടത്തുള്ള ആ വളവ് കഴിഞ്ഞ് കിട്ടുന്ന മഞ്ഞപ്പെയിന്റടിച്ച വീട് എത്തിയാൽ എപ്പോഴും ഒരു സമാധാനമാ...'
രക്ഷപ്പെട്ടില്ലേ നമ്മൾ, സ്വീകരണമുറിയിൽ ബാത്ത്റൂമില്ലെങ്കിൽ എന്താ? സിറ്റൗട്ടിൽ ഇറ്റാലിയൻ മാർബിൾ വിരിച്ചില്ലെങ്കിലെന്താ? മുറ്റത്ത് ആന്ധ്രക്കല്ലിൻ്റെ ചതുരപ്പലക പാകിയില്ലെങ്കിലെന്താ? ഏതൊക്കെയോ ആലംബഹീനരുടെ അകതാരിൽ ആശ്വാസത്തിന്റെ പൂമരം പിടിച്ച് കുലുക്കാൻ ആയില്ലേ. അതുപോരേ!
നമ്മുടെ പരുഷമായ പെരുമാറ്റവും മുറിപ്പെടുത്തുന്ന സംസാരവും കേട്ട് വിഷമത്തോടെ ശാപവാക്കുച്ചരിച്ചു കാർക്കിച്ചു തുപ്പിയിട്ടാണ് അനുദിനം ഇത്തരം പാവങ്ങൾ കടന്നു പോകുന്നതെങ്കിൽ തണ്ടാസടക്കം വീടാകമാനം ശീതീകരിച്ചു നിർത്തിയിട്ട് എന്ത് കാര്യം? ആലോചിക്കേണ്ടതല്ലേ ഇതെല്ലാം. ആയതിനാൽ, ആയിമാറട്ടെ നമ്മുടെ ഭവനങ്ങൾ അതിഥിശലഭങ്ങൾ പാറിപ്പറക്കുന്ന പൂങ്കാവനങ്ങളായി, അല്ലേ!






