അപ്പോൾ, ഒരു തല്ലിപ്പൊളി കപ്പലിന്റെ കഥ പറഞ്ഞു കൊണ്ടായിരുന്നു നമ്മൾ തുടങ്ങിയത്. ഓട്ടകളെല്ലാം അടച്ച് കപ്പൽ അപകടാവസ്ഥ തരണം ചെയ്തു. പിന്നീട് നമ്മൾ നല്ല പെരുമാറ്റത്തെപ്പറ്റി നന്നായി പറഞ്ഞു. അതാ ഇനി കപ്പലിന്റെ ബോഡിയിലെ ചൊറിയും ചുരങ്ങുമെല്ലാം ചുരണ്ടിക്കളഞ്ഞു നല്ല പെയിന്റടിച്ച് കുട്ടപ്പൻ ആക്കാം. കുറവുള്ള സാധനങ്ങളെല്ലാം കപ്പലിലേക്ക് എത്തിക്കാം.
സാമൂഹ്യസേവനം, ജീവകാരുണ്യപ്രവർത്തനം അതിനൊക്കെ ഇസ്ലാം കൊടുക്കുന്ന പ്രാധാന്യം ആർക്കാണ് അറിയാത്തത്. പലപ്പോഴായി പറഞ്ഞില്ലേ തിരുനബിയുടെ നുബുവ്വത്തിന് മുമ്പുള്ള ജീവിതം തന്നെ ജനങ്ങൾക്കുള്ള സേവനപ്രവർത്തനങ്ങളിൽ മുഴുകലായിരുന്നു.
മനുഷ്യന്റെ ആവശ്യങ്ങളും അവന്റെ വല്ലായ്മകളും വേറെ വേറെ ആവുകയാൽ ഓരോരുത്തർക്കും അവരവർക്ക് യോജിച്ച കാരുണ്യപ്രവർത്തനങ്ങൾ ആണ് വേണ്ടത്. നാം അല്ലാഹുവിന്റെ പ്രതിനിധി(ഖലീഫ) ആകയാൽ നമ്മുടെ പ്രവർത്തനങ്ങൾക്ക് അത്തരത്തിലുള്ള ഒരു പ്രതിനിധാനപരത കൂടി വേണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നുണ്ട്. ആ വിഷയത്തിൽ അല്ലാഹു തആല നമ്മെ ചോദ്യം ചെയ്യുന്നതായി തിരുനബി അറിയിക്കുന്നു. വായിക്കൂ
إنَّ اللَّهَ عزَّ وجلَّ يقولُ يَومَ القِيامَةِ: يا ابْنَ آدَمَ، مَرِضْتُ فَلَمْ تَعُدْنِي، قالَ: يا رَبِّ، كيفَ أعُودُكَ وأَنْتَ رَبُّ العالَمِينَ؟! قالَ: أَمَا عَلِمْتَ أنَّ عَبْدِي فُلانًا مَرِضَ فَلَمْ تَعُدْهُ؟ أمَا عَلِمْتَ أنَّكَ لو عُدْتَهُ لَوَجَدْتَنِي عِنْدَهُ؟ يا ابْنَ آدَمَ، اسْتَطْعَمْتُكَ فَلَمْ تُطْعِمْنِي، قالَ: يا رَبِّ، وكيفَ أُطْعِمُكَ وأَنْتَ رَبُّ العالَمِينَ؟! قالَ: أَمَا عَلِمْتَ أنَّه اسْتَطْعَمَكَ عَبْدِي فُلانٌ، فَلَمْ تُطْعِمْهُ؟ أَمَا عَلِمْتَ أنَّكَ لوْ أطْعَمْتَهُ لَوَجَدْتَ ذلكَ عِندِي، يا ابْنَ آدَمَ، اسْتَسْقَيْتُكَ، فَلَمْ تَسْقِنِي، قالَ: يا رَبِّ، كيفَ أسْقِيكَ وأَنْتَ رَبُّ العالَمِينَ؟! قالَ: اسْتَسْقاكَ عَبْدِي فُلانٌ فَلَمْ تَسْقِهِ، أمَا إنَّكَ لو سَقَيْتَهُ وجَدْتَ ذلكَ عِندِي.
അന്ത്യനാളിൽ അല്ലാഹു തആല മനുഷ്യനെ വിളിച്ച് ചോദിക്കുന്ന ചോദ്യങ്ങളും അതിൽ നമ്മൾ കൊടുക്കുന്ന മറുപടികളും അതിന് അല്ലാഹു പറയുന്ന പ്രതിവചനങ്ങളും അടങ്ങുന്ന ഒരു സംഭാഷണശൈലിയിലാണ് ഈ തിരുവചനം: ‘ഞാൻ രോഗിയായിക്കിടക്കുമ്പോൾ എന്തുകൊണ്ട് എന്നെ സന്ദർശിച്ചില്ല, ആദമിന്റെ പുത്രാ?’ എന്നാണ് അല്ലാഹു ചോദിക്കുന്നത്. ‘ലോകങ്ങളായ ലോകങ്ങളുടെയും ഉടയവനായ രാജാവേ! അങ്ങയെ ഞാനെങ്ങനെ സന്ദർശിക്കാൻ?’ എന്ന് അടിമ അത്ഭുതംകൂറുന്നു. ‘ഇന്ന ഒരിടത്ത് ഇന്ന ഒരാൾ രോഗിയായി കിടന്നിരുന്നു നീ അദ്ദേഹത്തെ സന്ദർശിക്കാൻ അവിടെ വന്നിരുന്നെങ്കിൽ എന്നെ നിനക്കവിടെ കാണാമായിരുന്നു’ എന്ന് അല്ലാഹു പറയുന്നു. പിന്നീട് വിശന്നവന്റെ ഭാഗത്തുനിന്നാണ് അല്ലാഹു സംസാരിക്കുന്നത്.
‘ആദമിന്റെ പുത്രാ, ഞാന്‍ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു; പക്ഷേ, നീ എന്നെ ഭക്ഷിപ്പിച്ചില്ല.’ അപ്പോള്‍ അയാള്‍ ചോദിക്കുന്നു: ‘പ്രപഞ്ചത്തിന്റെ രക്ഷിതാവായ നിന്നെ ഞാനെങ്ങനെ ഭക്ഷിപ്പിക്കാനാണ്?’ അല്ലാഹു പറയും: ‘നിനക്കറിയില്ലേ, എന്റെ ഒരു അടിമ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു, അപ്പോള്‍ നീ അവനത് നല്‍കിയില്ല. നീയെങ്ങാനും അവന് വല്ലതും ഭക്ഷിക്കുവാന്‍ കൊടുത്തിരുന്നുവെങ്കില്‍ അത് എന്റെ അടുക്കല്‍ നിനക്ക് കാണാമായിരുന്നു.’
തുടർന്ന് ഇതുപോലെ ദാഹിച്ചവന് വെള്ളം കുടിപ്പിക്കുന്നതിനെപ്പറ്റിയും പറയുന്നു. സാമൂഹിക സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നമ്മൾ എത്രത്തോളം സജീവമാവണം എന്നതിന് ഈ വചനം തന്നെ എമ്പാടും പ്രചോദനമാണ്.
ഈ ജീവകാരുണ്യപ്രവർത്തനം, സന്നദ്ധസേവനം എന്നൊക്കെ പറയുമ്പോൾ മറ്റൊരു പണിയും ഇല്ലാത്ത സമയത്ത് ചെയ്യേണ്ട ടൈംപാസ് ആണെന്ന് കരുതിയേക്കാൻ ഇടയുണ്ട്. പക്ഷേ ഇസ്ലാമിന്റെ കാഴ്ചപ്പാട് പ്രകാരം ചുറ്റുപാടിലെ മനുഷ്യരുമായുള്ള ഇത്തരം ഇടപഴകലുകൾ അവന്റെ വ്യക്തിഗത ബാധ്യതയായിത്തന്നെ ഉള്ളതാണ്. ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയോട് ആറ് കടപ്പാടുകൾ എണ്ണിപ്പറയുന്നുണ്ട്.
عَنْ أَبِي هُرَيْرَةَ ، قَالَ رَسُولُ اللَّهِ ﷺ: حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ: إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ، وإِذَا دَعَاكَ فَأَجِبْهُ، وإِذَا اسْتَنْصَحَكَ فَانْصَحْهُ، وإِذَا عَطَسَ فَحَمِدَ اللَّهَ فَسَمِّتْهُ، وإِذَا مَرِضَ فَعُدْهُ، وإِذَا مَاتَ فَاتْبَعْهُ. رَوَاهُ مُسْلِمٌ.
- കണ്ടുമുട്ടിയാൽ സലാം പറയണം
- ക്ഷണിച്ചാൽ പോവണം
- നിർദ്ദേശം ആരാഞ്ഞാൽ പറഞ്ഞു കൊടുക്കണം
- തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ മറുപ്രാർത്ഥന നടത്തണം
- രോഗിയായാൽ സന്ദർശിക്കണം
- മരിച്ചാൽ അനന്തരകർമങ്ങളിൽ പങ്കെടുക്കണം.
ഇതെല്ലാം എല്ലാവർക്കും എല്ലായിപ്പോഴും ചെയ്യാൻ പറ്റിക്കൊള്ളണമെന്നില്ല. എന്നാലും ഇതിലെല്ലാം അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്ന അബൂബക്കർ സിദ്ധീഖ് തങ്ങളെ പോലെയുള്ള മഹാന്മാർ ഉണ്ടായിരുന്നു. ഒരു തിരുവചനത്തിൽ വായിക്കാം
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا " . قَالَ أَبُو بَكْرٍ: أَنَا . قَالَ ” فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً " . قَالَ أَبُو بَكْرٍ: أَنَا . قَالَ ” فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا " . قَالَ أَبُو بَكْرٍ: أَنَا . قَالَ ” فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا " . قَالَ أَبُو بَكْرٍ: أَنَا . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا اجْتَمَعْنَ فِي امْرِئٍ إِلاَّ دَخَلَ الْجَنَّةَ ".
നബിയനുചരനായ അബൂഹുറൈറയില്‍ നിന്ന് നിവേദനം: (ഒരു സദസ്സില്‍) തിരുനബി ചോദിച്ചു: ഇന്ന് ആരാണ് നിങ്ങളില്‍ നോമ്പുകാരനായിരുന്നത്? അബൂബക്കര്‍ പറഞ്ഞു ‘ഞാന്‍’. തിരുനബി ചോദിച്ചു: ഇന്ന് ആരാണ് ജനാസയെ(മൃതശരീരം) അനുഗമിച്ചത്? അബൂബക്കര്‍ പറഞ്ഞു: ‘ഞാന്‍’. തിരുദൂതർ ചോദിച്ചു: നിങ്ങളില്‍ ആരാണ് ഒരു അഗതിക്ക് ഭക്ഷണം നല്‍കിയത്. അബൂബക്കര്‍ പറഞ്ഞു: ‘ഞാന്‍’. തിരുനബി ചോദിച്ചു:നിങ്ങളില്‍ ആരാണ് ഇന്ന് രോഗിയെ സന്ദര്‍ശിച്ചത്?. അബൂബക്കര്‍ പറഞ്ഞു: ‘ഞാന്‍’. അപ്പോള്‍ നബി പറഞ്ഞു: ഇക്കാര്യങ്ങളെല്ലാം ഒരു മനുഷ്യനില്‍ ഒരുമിച്ചുവന്നാല്‍ അവന് സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നുറപ്പ്- മുസ്ലിം
പലപ്പോഴും പലരും സാമൂഹ്യപ്രവർത്തനത്തിൽ വ്യാപൃതരാവുന്നത് അവരുടെ വ്യക്തിപ്രഭാവത്തിന്റെ മാറ്റുകൂട്ടുവാൻ വേണ്ടിയാണ്. ഇസ്ലാമിൽ അത് വിശ്വാസത്തിന്റെ അംശം തന്നെയാണ്. വിശ്വാസത്തിന് 70ൽ പരം ശാഖകൾ ഉള്ളതായി തിരുവചനത്തിൽ കാണാം. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ‘ലാഇലാഹ ഇല്ലല്ലാഹ്’ (ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാണ്) എന്ന വിശ്വാസത്തിന്റെ സത്താവചനമാണ്. വിശ്വാസത്തിന്റെ ഏറ്റവും അങ്ങേ തലയ്ക്ക് കിടക്കുന്നത് വഴിയിൽ നിന്ന് തടസ്സങ്ങൾ നീക്കം ചെയ്യുക എന്നുള്ളതാണ്. ഉള്ള തടസ്സങ്ങൾ നീക്കം ചെയ്യൽ വിശ്വാസമാണെങ്കിൽ നേരത്തെ തടസ്സം ഉണ്ടാക്കാൻ വിശ്വാസിക്ക് ഏതായാലും പാടില്ല എന്ന് വ്യക്തമാണല്ലോ. കല്യാണങ്ങൾക്കും പരിപാടികൾക്കും സമ്മേളനങ്ങൾക്കും ഇടം വലം നോക്കാതെ വണ്ടികൾ ഇടിച്ചു കയറ്റുകയും വലിയ ഗതാഗതതടസ്സം സൃഷ്ടിക്കുകയും അനധികൃതമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്ത് മറ്റുള്ളവരെ പ്രയാസപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് ഈമാനുള്ളവർക്ക് പറ്റിയതല്ല എന്ന് മനസ്സിലാകുന്നുണ്ടല്ലോ.
പൊതുപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് അല്ലാഹുവിന്റെ സഹായം ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരാൾ എത്ര കാലം തന്റെ സഹോദരന്റെ സേവനത്തിൽ വ്യാപൃതനായി കഴിയുന്നു അപ്പോഴെല്ലാം അയാൾക്ക് അല്ലാഹുവിന്റെ സഹായം വർഷിച്ചു കൊണ്ടിരിക്കുമെന്ന് ഹദീസിൽ കാണാം. ധാരാളമായി സമ്പത്ത് അട്ടിക്കട്ടി എണ്ണി കെട്ടിവച്ചവൻ ആണ് ജീവകാരുണ്യപ്രവർത്തനത്തിന് ഇറങ്ങേണ്ടത് എന്ന ധാരണയെ ഇസ്ലാം ഉടയ്ക്കുന്നു.
ഓരോരുത്തരും തന്നാൽ ആവുന്നത് ചെയ്യുന്ന വിശാലമായ സാമൂഹ്യസേവനത്തിന്റെ ആകാശമാണ് അല്ലാഹു തുറന്നു തരുന്നത്. മുമ്പ് നമ്മൾ പറഞ്ഞിട്ടില്ലേ, ആകെ കറി ഒരു പിഞ്ഞാണം മാത്രമേ ഉള്ളൂ. എങ്കിൽ അതിൽ അല്പം വെള്ളം ഒഴിച്ച് ചൂടാക്കി അയൽവാസിക്ക് കൊടുക്കണം എന്ന്. ആകെക്കൂടി ഒരു കാരക്കയെ കൈയിലുള്ളൂ എങ്കിൽ ആ കാരക്കയുടെ ഒരു ചീന്ത് കൊടുത്തെങ്കിലും നിങ്ങൾ നരകത്തെ കാക്കണം എന്ന് തിരുവചനം. ഉള്ളതെന്താണോ അത് വീതിച്ചു കൊടുക്കുന്ന കാഴ്ചപ്പാടിനെ ആണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്.
عَنِ الْبَرَاءَ بْنَ عَازِبٍ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ مَنَحَ مَنِيحَةَ لَبَنٍ أَوْ وَرِقٍ أَوْ هَدَى زُقَاقًا كَانَ لَهُ مِثْلُ عِتْقِ رَقَبَةٍ
പ്രവാചക അനുചരനായ ബറാഅ ബ്നു ആസിബില്‍ നിന്ന് നിവേദനം: തിരുനബി പറഞ്ഞു: ആരെങ്കിലും തന്റെ സഹോദരന് പാല് നല്കി, അല്ലെങ്കില്‍ നാണയങ്ങള്‍ നല്കി, അല്ലെങ്കില്‍ വഴിയറിയാത്തവന് വഴി കാണിച്ച് കൊടുത്തു. എങ്കില്‍ അവന് ഒരു അടിമയെ മോചിപ്പിച്ചവനെപ്പോലെയാണ്. (തി൪മിദി)
സാമൂഹ്യസേവനത്തിന്റെ കാര്യത്തിൽ ഒരുതരം മൾട്ടിപ്പിൾ ഗിയർ സിസ്റ്റം ആണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. നാലിൽ ഓടുന്നില്ലെങ്കിൽ മൂന്നിൽ. മൂന്നിൽ അനങ്ങുന്നില്ലെങ്കിൽ രണ്ടിൽ. അതും ഇല്ലെങ്കിൽ ഫസ്റ്റ് ഗിയറിൽ അങ്ങനെ മെല്ലെ പോട്ടെ! ഇനി നിനക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നാൽ ആളുകൾക്ക് ഒരു എടങ്ങേറും വരുത്താതെ അനങ്ങാണ്ടിരുന്നോ, അത് നന്മയാണ്.
عَنْ أَبِي بُرْدَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " عَلَى كُلِّ مُسْلِمٍ صَدَقَة ". فَقَالُوا يَا نَبِيَّ اللَّهِ فَمَنْ لَمْ يَجِدْ قَالَ "يَعْمَلُ بِيَدِهِ فَيَنْفَعُ نَفْسَهُ وَيَتَصَدَّقُ ". قَالُوا فَإِنْ لَمْ يَجِدْ قَالَ " يُعِينُ ذَا الْحَاجَةِ الْمَلْهُوفَ ". قَالُوا فَإِنْ لَمْ يَجِدْ. قَالَ "فَلْيَعْمَلْ بِالْمَعْرُوفِ، وَلْيُمْسِكْ عَنِ الشَّرِّ فَإِنَّهَا لَهُ صَدَقَةٌ ".
പ്രവാചക അനുചരനായ അബീബു൪ദയില് നിന്ന് നിവേദനം. തിരുനബി പറഞ്ഞു: ഓരോ മുസ്ലിമും ദാനം ചെയ്യേണ്ടതുണ്ട്. അപ്പോള്‍ സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ഒരാളുടെ കൈവശം അതിന് ഒന്നും ലഭ്യമല്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: തന്റെ കൈകള്‍ കൊണ്ട് അധ്വാനിക്കുക, എന്നിട്ട് സ്വന്തത്തിന് വേണ്ടി ഉപയോഗിക്കുക, ദാനവും ചെയ്യുക. അവര്‍ ചോദിച്ചു: അതിന് കഴിഞ്ഞില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: അവന് ആലംബഹീനനായ ആവശ്യക്കാരനെ സഹായിക്കുക. അവര്‍ ചോദിച്ചു: അതിനും സാധിച്ചില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: നല്ലത് (നന്മ) പ്രവര്‍ത്തിക്കുകയും തിന്മയില് നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുക. നിശ്ചയം അത് സ്വദഖയാണ്. (ബുഖാരി) ഉപ്പമാർ നഷ്ടപ്പെട്ട മക്കളുടെ ആധിയും വ്യാധിയും എത്രയായിരിക്കും. അനാഥരെ സംരക്ഷിക്കുന്നതിന് എത്ര വലിയ പ്രാധാന്യമാണ് തിരുനബി നൽകിയത്! മനസ്സു കല്ലായ ആളിന് അത് മഞ്ഞായിത്തീരാൻ തിരുനബി ഉപായമായി പറഞ്ഞു കൊടുക്കുന്നത് നോക്കൂ.
أن رجلا شكا إلى رسول الله ﷺ قسوةَ قلبِه فقال له: إنْ أردْتَ تَلْيِينَ قلبِكَ ، فَأَطْعِمْ المِسْكِينَ ، و امْسَحْ رَأْسَ اليَتِيمِ
ഒരാൾ തന്റെ ഹൃദയം കടുത്ത് പോയി എന്ന് അല്ലാഹുവിന്റെ ദൂതനോട് ആവലാതി പറഞ്ഞു. അപ്പോൾ തിരുദൂതർ അയാളോട് പറഞ്ഞു:” നീ നിന്റെ ഹൃദയം മൃദുലമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സാധുവിന് ഭക്ഷണം നൽകുകയും, അനാഥന്റെ തല തടവിക്കൊടുക്കുകയും ചെയ്യുക” വിധവകളുടെ വേദന പരിഗണിക്കപ്പെടേണ്ടതാണ്. തിരുനബി തെളിച്ചു പറഞ്ഞിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ ـ وَأَحْسِبُهُ قَالَ، يَشُكُّ الْقَعْنَبِيُّ ـ كَالْقَائِمِ لاَ يَفْتُرُ، وَكَالصَّائِمِ لاَ يُفْطِرُ.
തിരുവചനങ്ങൾ റിപോർട് ചെയ്തവരിൽ പ്രധാനിയായ അബൂഹുറൈറയില്‍ നിന്ന് നിവേദനം: തിരുനബി പറഞ്ഞു: വിധവയുടെയും ദരിദ്രന്റെയും ജീവിതം പ്രയാസരഹിതമാക്കാൻ വേണ്ടി പരിശ്രമിക്കുന്നവന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന യോദ്ധാവിന് തുല്യമാണ്. (ബുഖാരി)
സമൂഹത്തിലെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമ്പൂർണമായ സാമൂഹ്യ സേവനത്തിന്റെ പാക്കേജുകളാണ് തിരുനബി അവതരിപ്പിച്ചിരിക്കുന്നത്. കൂട്ടത്തിൽ ഒരു കാര്യം എടുത്തു പറയട്ടെ. ഓരോ നാട്ടിലെയും സാമ്പത്തിക അവസ്ഥ പഠിച്ചു നോക്കിയാൽ നമുക്ക് ഒരു കാര്യം മനസ്സിലാക്കാൻ കഴിയും. ആരുടെയും ഒന്നും ആവശ്യമില്ലാത്ത, അതിസമ്പന്നരായ ആളുകൾ വളരെ കുറവായിരിക്കും. എന്ന പോലെ തീരെയില്ലാത്ത പട്ടിണിപ്പാവങ്ങളും വളരെ കുറവായിരിക്കും. എന്തെങ്കിലും കൊടുക്കണം എന്ന ചിന്ത വരുമ്പൊഴേക്കും എല്ലാവരുടെ മനസ്സും ഈ പറയപ്പെട്ട പാവങ്ങളിലേക്ക് തിരിയും. അവർ പാവങ്ങളാണെന്ന് മറ്റുള്ളവർക്കും അവർക്ക് തന്നെയും അറിയാവുന്നതുകൊണ്ട് സഹായങ്ങൾ സ്വീകരിക്കാൻ അവർക്ക് പറ്റും.
എന്നാൽ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വിഭാഗമുണ്ട്. അവരാണ് ഈ രണ്ട് അഗ്രങ്ങൾക്കിടയിലുള്ള മധ്യവർഗം. അതിൽ പല തരക്കാരും ഉണ്ടാവും. വലിയ കുഴപ്പമില്ലാതെ തട്ടിമുട്ടി പോകുന്നവർ ആയിരിക്കും ഒരു പറ്റം. എന്നാൽ പ്രത്യക്ഷത്തിലും കാഴ്ചയിലും നല്ല കോള്‍ തോന്നിക്കുകയും എന്നാൽ വീടകം അടുപ്പ് പുകയാത്ത അവസ്ഥയിൽ ആയിരിക്കുകയും ചെയ്യുന്നവർ ധാരാളം ഉണ്ട്. വീടും മുറ്റവും ഒക്കെ ഗംഭീരമായിരിക്കും. പക്ഷേ കടത്തിന്റെ തീച്ചൂളയിൽ ഉരുകുന്ന ഉള്ളകം ആയിരിക്കും.
ഇവിടെ രണ്ടു പ്രശ്നമാണുള്ളത്.ഒന്ന് കാഴ്ചയിൽ അവർ കൊള്ളാവുന്ന വരാണ്.ആയതിനാൽ അവർക്കാരും കൊടുക്കുകയില്ല. അവർക്കാകട്ടെ ചോദിക്കാൻ കഴിയുകയുമില്ല. എന്ന് മാത്രമല്ല വല്ലവരും കൊടുക്കുകയാണെങ്കിൽ വാങ്ങാൻ അവരുടെ നിലവിലെ മാനം അവരെ അനുവദിക്കുകയുമില്ല -ഈ പ്രതിസന്ധി തിരുനബി ആഴത്തിൽ തിരിച്ചറിയുകയും പരിഹാരം പറയുകയും ചെയ്തിരിക്കുന്നു.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " لَيْسَ الْمِسْكِينُ بِالَّذِي تَرُدُّهُ التَّمْرَةُ وَالتَّمْرَتَانِ وَلاَ اللُّقْمَةُ وَاللُّقْمَتَانِ إِنَّمَا الْمِسْكِينُ الْمُتَعَفِّفُ اقْرَءُوا إِنْ شِئْتُمْ { لاَ يَسْأَلُونَ النَّاسَ إِلْحَافًا} " .
അബൂഹുറൈറയില്‍ നിന്ന് നിവേദനം.: തിരുനബി പറഞ്ഞു “:ഒന്നോ രണ്ടോ കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രന്, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. നിങ്ങള്‍ (കൂടുതല്‍ മനസ്സിലാക്കുവാന്‍) അല്ലാഹുവിന്റെ വചനം കൂടി വായിക്കുക:”
لِلْفُقَرَآءِ ٱلَّذِينَ أُحْصِرُوا۟ فِى سَبِيلِ ٱللَّهِ لَا يَسْتَطِيعُونَ ضَرْبًا فِى ٱلْأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًا وَمَا تُنفِقُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” لَيْسَ الْمِسْكِينُ بِهَذَا الطَّوَّافِ الَّذِي يَطُوفُ عَلَى النَّاسِ فَتَرُدُّهُ اللُّقْمَةُ وَاللُّقْمَتَانِ وَالتَّمْرَةُ وَالتَّمْرَتَانِ ” . قَالُوا فَمَا الْمِسْكِينُ يَا رَسُولَ اللَّهِ قَالَ ” الَّذِي لاَ يَجِدُ غِنًى يُغْنِيهِ وَلاَ يُفْطَنُ لَهُ فَيُتَصَدَّقَ عَلَيْهِ وَلاَ يَسْأَلُ النَّاسَ شَيْئًا ".
അബൂഹുറൈറയില്‍ നിന്ന് നിവേദനം. തിരുനബി പറഞ്ഞു: “ജനങ്ങളുടെ സമീപം ചുറ്റിത്തിരിയുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുകയും ചെയ്യുന്നവനല്ല ദരിദ്രൻ.” അനുചരന്മാര് ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ്?” തിരുനബി പറഞ്ഞു: “തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് സാധു” (മുസ്ലിം)
അപ്പോൾ നാട്ടിലെ പാവങ്ങളുടെ കണക്കെടുക്കുമ്പോൾ കാഴ്ചയിൽ പാവങ്ങൾ അല്ലാതെ ഉള്ളിൽ പാവങ്ങളായി കഴിയുന്നവരെക്കൂടി പരിഗണിച്ചുകൊണ്ട് അവർക്കുള്ള സ്റ്റാൻഡേർഡ്പാക്കേജുകൾ കൂടി നൽകേണ്ടതുണ്ട്, നടപ്പിൽ വരുത്തേണ്ടതുണ്ട്. ഇപ്പോൾ എല്ലാ അർത്ഥത്തിലും നമ്മൾ പെർഫെക്ട് ആയി. സമൂഹത്തിൽ ഒരാൾ പോലും ഒറ്റപ്പെട്ടുപോവാനോ കഷ്ടപ്പെട്ട് പോകാനോ ഇടകൊടുക്കാത്ത വിധം എല്ലാവരിലേക്കും സാമൂഹ്യസേവനത്തിന് ജീവകാരുണ്യപ്രവർത്തനത്തിന്റെ മഴ വർഷിപ്പിക്കുമാറുള്ള സമഗ്രപദ്ധതി അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. വാസ്തവത്തിൽ ഇതാണ് ഇസ്ലാം. അപ്പുറവും ഇപ്പുറവും നോക്കാതെ കേവലം കുമ്പിട്ട്നീരലോ, പരിസരങ്ങളെ പരിഗണിക്കാതെ സ്വയം തുരുത്തിൽ വസിക്കലോ അല്ല എന്ന് ഖുർആൻ മുമ്പ് സൂചിപ്പിച്ചതിന്റെ പ്രായോഗികസാരം ഇപ്പോൾ മനസ്സിലായില്ലേ. ഒന്നുകൂടി മനസ്സിലാക്കുക, ഇത് കേവലം സൈദ്ധാന്തികതലത്തിൽ ഒതുങ്ങി നിൽക്കുകയല്ല. മറിച്ച് തിരുനബിയുടെയും ഖലീഫമാരുടെയും പിൽക്കാലക്കാരുടെയും ജീവിതം പഠിച്ചാൽ അവർ ഇത് എത്രത്തോളം ജീവിതത്തിൽ പകർത്തി എന്ന് കാണാൻ കഴിയും.
രാജ്യത്തിന്റെ ഖലീഫയായിരിക്കെ ആരും കാണാതെ വൃദ്ധയായ ഒരാൾ മാത്രം താമസിക്കുന്ന വീട്ടിലേക്ക് രാത്രി കയറി ചെല്ലുകയും അവർക്ക് വേണ്ടുന്ന ഭക്ഷണം പാകം ചെയ്തു കൊടുക്കുകയും വസ്ത്രം അലക്കി കൊടുക്കുകയും ചെയ്തിരുന്ന അബൂബക്കർ സിദ്ദീഖ് തങ്ങളെപ്പറ്റി ചരിത്രം പറയുന്നുണ്ട്. പാതിരാ നേരത്ത് എല്ലാവരും ഉറങ്ങുമ്പോൾ തന്റെ സുഹൃത്തുക്കൾ എങ്ങനെ ജീവിക്കുന്നു എന്നറിയാൻ വേണ്ടി അലഞ്ഞു നടന്നിരുന്ന രണ്ടാം ഖലീഫ ഉമർ, പ്രസവവേദനയെടുത്ത് പ്രയാസപ്പെടുന്ന സ്ത്രീയെ രക്ഷിക്കാൻ വേണ്ടി സ്വന്തം ഭാര്യയെ കൂട്ടി അങ്ങോട്ട് ചെല്ലുകയും പ്രസവ ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്ത സംഭവവും ചരിത്രത്തിലുണ്ട്. വിശന്നു കരയുന്ന കുടുംബത്തെ ശ്രദ്ധയിൽപ്പെട്ട് ബൈത്തുൽ മാലിൽ നിന്ന് ഉടൻ ധാന്യക്കെട്ടുകൾ എത്തിച്ചു കൊടുത്ത സംഭവം ഖലീഫാ ഉമറിൻ്റെ കാലത്ത് തന്നെ ഉണ്ട്.
കുടിക്കാൻ വെള്ളമില്ലാതെ കഷ്ടപ്പെടുമ്പോൾ മദീനയിലെ ജൂതൻ ഇരട്ടിക്കിരട്ടി വില ആവശ്യപ്പെട്ട് പാവങ്ങളെ പിഴിഞ്ഞപ്പോൾ ചോദിച്ച അത്രയും പണം കൊടുത്ത് കിണർ വാങ്ങി പാവങ്ങൾക്ക് കൊടുത്തു, മൂന്നാം ഖലീഫയും തിരുനബിയുടെ മരുമകനുമായ ഉസ്മാൻ. മദീനയിൽ ഭക്ഷണക്ഷാമം വ്യാപിച്ചപ്പോൾ തന്റെ കച്ചവടച്ചരക്ക് വൻ ലാഭത്തിന് വിൽക്കാൻ അവസരം ഉണ്ടായിട്ടും അതെല്ലാം മദീന നിവാസികൾക്ക് വെറുതെ കൊടുത്തു അതേ ഉസ്മാൻ.
കുഷ്ഠരോഗം പിടിച്ച് ആട്ടിയെറിയപ്പെട്ട പട്ടിയെ ആരും കാണാത്ത മലഞ്ചെരുവിലേക്ക് എടുത്തുകൊണ്ടുപോയി 40 ദിവസം ചൂടുവെള്ളവും മരുന്നും വെച്ച് ചികിത്സിച്ച് സുഖപ്പെടുത്തിയ തത്വജ്ഞാനികളുടെ സുൽത്താനുൽ എന്നറിയപ്പെടുന്ന ശൈഖ് രിഫാഇയുടെ കഥ നമുക്കറിയാം. ഒന്നോർത്താൽ മതി. അതേ ആദർശതലം പിന്തുടരുന്ന, അതേ സേവനപൈതൃകം അനന്തരം കൊള്ളുന്നവരാണ് നമ്മളും. നാം സ്വയം ഒരു നനവായി മാറുക. ആ നനവ് നുകർന്ന് നമ്മുടെ ചുറ്റും പച്ചപ്പ് പടരട്ടെ!

