മനുഷ്യൻ! പ്രപഞ്ചത്തിലെ അത്യുൽക്കൃഷ്ട സൃഷ്ടി. മനുഷ്യകുലത്തെ അങ്ങനെയാണ് ഉടയതമ്പുരാൻ പരിചയപ്പെടുത്തുന്നത്. പ്രപഞ്ചത്തിൽ എത്രതരം ജീവികളുണ്ട്? നടക്കുന്നത്, നീന്തുന്നത്, പറക്കുന്നത്, ഇഴയുന്നത്, മാംസഭുക്കുകൾ, സസ്യഭുക്കുകൾ, മിശ്രഭുക്കുകൾ, ഇരുകാലുള്ളവ, നാലുകാലുള്ളവ, കാലില്ലാത്തവ, കറുത്തത്, വെളുത്തത്, ഒരു നിറമുള്ളത്, രണ്ടു നിറമുള്ളത്, പലനിറമുള്ളത്... അങ്ങനെയങ്ങനെ അറിയുന്നതും അറിയാത്തതുമായ സൃഷ്ടിജാലങ്ങളെക്കൊണ്ട് സമ്പന്നമാണ് ഈ മഹാപ്രപഞ്ചം.
കോടാനുകോടി സൃഷ്ടികൾക്കിടയിൽ നിന്നും പ്രപഞ്ചനാഥൻ മനുഷ്യന് നൽകിയ ഈ ആദരവിനു നിദാനം എന്തായിരിക്കും? മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഘടകമെന്താണ്? ഇതര ജീവികളിലേക്ക് നോക്കൂ… എത്രയെത്ര കാര്യങ്ങളിൽ മനുഷ്യരേക്കാൾ കേമരാണവർ! കാഴ്ച, കേൾവി, വാസന, ആരോഗ്യം, ആകാരം തുടങ്ങി ഒട്ടനേകം വിശേഷങ്ങളിൽ മനുഷ്യരേക്കാൾ മികച്ചവരാണവർ.
പക്ഷേ, അവർക്കാർക്കുമില്ലാത്ത അതിമഹത്തായൊരു വിശേഷണം സ്രഷ്ടാവ് മനുഷ്യന് നൽകിയിട്ടുണ്ട്! ബുദ്ധിയും വിവേകവും ചിന്താശേഷിയുമാണത്! ഇതുതന്നെയാണ് മനുഷ്യർക്ക് ലഭിച്ച ആദരവിന്റെ നിദാനവും. ബുദ്ധിയും വിവേകവും ചിന്താശേഷിയും മനുഷ്യർക്ക് അല്ലാഹു വെറുതെ നൽകിയതാണോ? ഒരിക്കലുമല്ല. ഇതു നൽകപ്പെട്ട മനുഷ്യരുടെ ഉത്തരവാദിത്തം വലുതാണ്. തങ്ങളുടെ മുൻപിലെത്തുന്ന ഓരോ കാര്യങ്ങളിൽ നിന്നും ശരി മാത്രം തിരഞ്ഞെടുത്ത് ആ വഴിയിൽ ജീവിതം നയിക്കുക എന്നതാണ് മനുഷ്യന്റെ മഹാദൗത്യം.
അപ്പോൾ ഒരു ചോദ്യം: ഏതാണ് ശരി? ഏതാണ് തെറ്റ്? അതെങ്ങനെയാണ് തീരുമാനിക്കുന്നത്? എന്താണ് മാനദണ്ഡം? എനിക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാൾക്ക് തെറ്റാണെന്ന് തോന്നിക്കൂടെ? ചോദ്യം പ്രസക്തമാണ്. ഉത്തരം ലളിതവും. ശരിതെറ്റുകളെ തീരുമാനിക്കേണ്ട ദൗത്യം മനുഷ്യർക്ക് വിട്ടുകൊടുക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. നിന്നെയും എന്നെയും എല്ലാറ്റിനെയും സൃഷ്ടിച്ച പ്രപഞ്ചനാഥനാണ് അത് തീരുമാനിക്കുന്നത് എന്നാവുമ്പോൾ തർക്കങ്ങൾക്ക് പ്രസക്തിയില്ലല്ലോ.
ആത്യന്തികമായി മനുഷ്യന് വേണ്ട നിയമങ്ങളും ശരികളും നിർമ്മിക്കാൻ മനുഷ്യർക്ക് കഴിയില്ല. വരാൻ പോകുന്ന കാര്യത്തെക്കുറിച്ചും കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ചും ഓരോ വസ്തുവിലും അന്തർലീനമായ നിഗൂഢതകളെക്കുറിച്ചും കൃത്യമായ വിവരമില്ലാത്തവർ എങ്ങനെയാണ് നിയമങ്ങൾ ഉണ്ടാക്കുക? അല്ലെങ്കിലും ഒരു ഉൽപ്പന്നത്തിന്റെ നിർമ്മാതാവല്ലേ അതിന്റെ പ്രവർത്തനരേഖ തയ്യാറാക്കേണ്ടത്? മനുഷ്യനെ സൃഷ്ടിക്കുകയും അവന് സാമൂഹിക ഘടന സംവിധാനിക്കുകയും ചെയ്ത, സർവ്വകാലികനും സർവ്വജ്ഞനുമായ ലോകരക്ഷിതാവാണ് നിയമങ്ങൾ നിർമ്മിക്കുന്നത്. ആ നിയമസംഹിതകളാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്.
പ്രപഞ്ചസൃഷ്ടാവിന്റെ നിയമസംഹിതകളെ മനുഷ്യർക്ക് കൈമാറി, അവർക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ വേണ്ടിയാണ് സ്രഷ്ടാവ് ലക്ഷക്കണക്കിന് പ്രവാചകന്മാരെ നിയോഗിച്ചത്. ഓരോ കാലത്തും അവർ ആ ദൗത്യം കൃത്യമായി നിർവ്വഹിച്ചുപോന്നു. ആ പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. ആ നബിയുടെ ജനതയാണ് ഇപ്പോൾ ഈ ലോകത്ത് വസിച്ചുകൊണ്ടിരിക്കുന്നവരും ലോകാവസാനം വരെ വരാനുള്ളവരും. മുഹമ്മദ് നബിക്ക് അല്ലാഹു കൈമാറിയ കാര്യങ്ങളാണ് ഈ സമുദായത്തിന്റെ നിയമവ്യവസ്ഥിതി.
വിശ്വാസകാര്യങ്ങൾ, കർമ്മകാര്യങ്ങൾ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി ഈ നിയമവ്യവസ്ഥിതിയെ നമുക്ക് വേർതിരിക്കാം. ഇവയിൽ കർമ്മപദ്ധതികളാണ് ഇവിടെ പ്രതിപാദിക്കുന്നത്. മനുഷ്യജീവിതത്തിലെ നിഖിലമേഖലയെയും ഇഴകീറി ചർച്ച ചെയ്ത്, ശരിതെറ്റുകളെ അടയാളപ്പെടുത്തി മനുഷ്യർക്കുവേണ്ട ജീവിത കർമ്മരേഖ ഇസ്ലാം മുന്നോട്ടുവെക്കുന്നുണ്ട്. ഇത്രത്തോളം ആഴത്തിൽ കാര്യങ്ങളെ അവതരിപ്പിക്കുന്ന മറ്റൊരു കർമ്മപുസ്തകവും ഇന്ന് ലോകത്തില്ലെന്നു മാത്രമല്ല, അത് നിർമ്മിക്കാൻ സാധ്യവുമല്ല.
പ്രവാചകൻ മുഹമ്മദ് നബിയിലൂടെയാണല്ലോ അല്ലാഹു നിയമവ്യവസ്ഥിതിയെ നമുക്ക് കൈമാറിയത്. ആ കർമ്മ നിയമങ്ങൾക്ക് ഇന്ന് നാല് സരണികളുണ്ട് (മദ്ഹബുകൾ). ഇമാം മാലികിന്റെ മാലിക്കീ സരണി, ഇമാം അബൂഹനീഫയുടെ ഹനഫീ സരണി, ഇമാം ശാഫിയുടെ ശാഫിഈ സരണി, ഇമാം അഹ്മദ് ബിൻ ഹമ്പലിന്റെ ഹമ്പലീ സരണി എന്നിവയാണവ. ഈ നാലിലൊരു സരണിയെ പിന്തുടരൽ ഓരോ വിശ്വാസിക്കും അനിവാര്യമാണ്.
മുഹമ്മദ് നബി കൈമാറിയ കർമ്മങ്ങളിൽ എങ്ങനെയാണ് സരണികൾ രൂപപ്പെടുക? ചോദ്യം പ്രസക്തമാണ്. മറുപടി പറയാം: നബിയുടെ കാലത്തുണ്ടായിരുന്ന അനുചരർ (സ്വഹാബികൾ) തിരുനബിയുടെ വാക്കിനെയും പ്രവൃത്തിയെയും അക്ഷരംപ്രതി പിന്തുടർന്നവരായിരുന്നു. ചെയ്യേണ്ട കാര്യങ്ങളിൽ നിർബന്ധമുള്ളതിനെയും ഇല്ലാത്തതിനെയും തുല്യ പ്രാധാന്യത്തോടെ അവർ അനുഷ്ഠിക്കുകയും, നിരോധിച്ചവയിൽ കാർക്കശ്യമുള്ളതും ഇല്ലാത്തതും ഒരുപോലെ വെടിയുകയും ചെയ്തു. വല്ല സംശയമോ അഭിപ്രായവ്യത്യാസമോ വരുന്ന മുറയ്ക്ക് തിരുനബിയെ സമീപിച്ച് അവർ പരിഹാരം കണ്ടു. തിരുനബി ജീവിച്ചിരിക്കുമ്പോൾ ഇത് സാധ്യവുമാണ്.
എന്നാൽ തിരുദൂതരുടെ വിയോഗാനന്തരമോ? ഭിന്നാഭിപ്രായങ്ങളിൽ ആര് തീർപ്പു പറയും? നിർബന്ധമായും ചെയ്യേണ്ടവയെയും അല്ലാത്തവയെയും, കർശനമായി നിരോധിക്കപ്പെട്ടവയെയും അല്ലാത്തവയെയും ആര് വേർതിരിക്കും? ഖുർആനിലോ തിരുമൊഴികളിലോ വ്യക്തമായി പറഞ്ഞ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടമില്ല. അല്ലാത്തവയിലാണ് പ്രശ്നം.
ഗവേഷണയോഗ്യരായ പണ്ഡിതന്മാർ ഖുർആനിൽ നിന്നും തിരുമൊഴികളിൽ നിന്നും നബിയുടെ ജീവിതം കണ്ടുപഠിച്ച അനുചരരുടെ ഏകോപിതാഭിപ്രായങ്ങളിൽ (ഇജ്മാഅ്) നിന്നും ഉത്തരങ്ങൾ കണ്ടെത്തുകയല്ലാതെ മറ്റൊരു വഴിയില്ല. അത്തരം വിഷയങ്ങളിൽ യോഗ്യരായ പണ്ഡിതന്മാർ നടത്തിയ ഗവേഷണത്തിന്റെ ഫലമായി രൂപപ്പെട്ട വിധിവിലക്കുകളുടെ ക്രോഡീകൃത രൂപമാണ് നേരത്തെ സൂചിപ്പിച്ച നാല് സരണികൾ. അഞ്ചാമതൊന്ന് ക്രോഡീകൃതമായി നമുക്ക് ലഭിച്ചിട്ടില്ല. ഹിജ്റ വർഷം ഇരുനൂറുകൾക്ക് ശേഷം വിധികൾ കണ്ടെത്താൻ പാകത്തിൽ ഗവേഷണയോഗ്യരായ ഒരു പണ്ഡിതൻ പോലും വന്നിട്ടില്ല. അപ്പോൾ പിന്നെ അത്രത്തോളം ഗവേഷണയോഗ്യരല്ലാത്ത ഭൂരിഭാഗം വിശ്വാസികൾക്കും ഈ നാലിലൊന്നിനെ പിന്തുടരൽ നിർബന്ധമായിത്തീർന്നു.
ഇസ്ലാമിലെ കർമ്മനിയമങ്ങളെ പണ്ഡിതന്മാർ കണ്ടെത്തി ക്രോഡീകരിച്ചത് നാല് പ്രമാണങ്ങളുടെ പിൻബലത്തിലാണ്: വിശുദ്ധ ഖുർആൻ, ഹദീസ് (തിരുനബിയുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം), ഇവ രണ്ടിലും വ്യക്തമായി പറയാത്ത വിഷയങ്ങളിൽ ഗവേഷണയോഗ്യരായ പണ്ഡിതരുടെ ഏകോപനം (ഇജ്മാഅ്), രണ്ടു കാര്യങ്ങളെ പരസ്പരം തുലനം ചെയ്തുള്ള നിയമസമീകരണം (ഖിയാസ്) എന്നിവയാണവ. ഇവയാണ് ഇസ്ലാമിക നിയമങ്ങളുടെ ആധാരം.
പ്രധാനമായും നാലു ഭാഗങ്ങളാണ് ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ ചർച്ച ചെയ്യുന്നത്. അടിമയും ഉടമയും തമ്മിലുള്ള ഇടപാടുകളാണ് ആദ്യത്തേത്. നിസ്കാരം, സകാത്ത്, വ്രതം, ഹജ്ജ് എന്നിവ ഉൾക്കൊള്ളുന്ന ആ ഭാഗത്തിന് ആരാധനകൾ (ഇബാദാത്ത്) എന്നാണ് വിളിക്കപ്പെടുന്നത്. പിന്നീടുള്ളത് മനുഷ്യർ തമ്മിലുള്ള ഇടപാടുകളാണ്. അതിൽ സാമൂഹിക ജീവിയായ മനുഷ്യരുടെ സാമ്പത്തികമായ ഇടപാടുകളെ പ്രതിപാദിക്കുന്ന ഭാഗം സാമ്പത്തിക ഇടപാടുകൾ (മുആമലാത്ത്) എന്നും, മറ്റൊരു സുപ്രധാന കാര്യമായ ദാമ്പത്യജീവിതവും അനുബന്ധ കാര്യങ്ങളും ചർച്ച ചെയ്യുന്ന ഭാഗം വൈവാഹികം (മുനാക്കഹാത്ത്) എന്നും, ഇസ്ലാമിക ഭരണത്തിൽ മതവിലക്കുകൾ ലംഘിക്കുന്നവർക്കും മനുഷ്യർക്കിടയിൽ പരസ്പരം ഉണ്ടാവാനിടയുള്ള ആക്രമണങ്ങൾക്കും മറ്റ് പൊരുത്തക്കേടുകൾക്കുമുള്ള ശിക്ഷാവിധികളെ പ്രതിപാദിക്കുന്ന മേഖല കുറ്റകൃത്യങ്ങളും ശിക്ഷാനടപടികളും (ജിനായാത്ത്) എന്നും വിളിക്കപ്പെടുന്നു.
ഇസ്ലാമിക നിയമം (ശരീഅത്ത്) അനുസരിച്ച് മനുഷ്യരുടെ മുഴുവൻ പ്രവർത്തനങ്ങളും അഞ്ചാലൊരു വിധി നൽകപ്പെട്ടതായിരിക്കും. ആ അഞ്ച് വിധികൾ ഇങ്ങനെയാണ്:"
1. വാജിബ് (നിർബന്ധം)
ഒരു മുസ്ലിം നിർബന്ധമായും അനുഷ്ഠിക്കേണ്ട കാര്യങ്ങളെയാണ് വാജിബ് എന്ന് പറയുന്നത്. ഒരു വ്യക്തി അവ ബോധപൂർവ്വം ഉപേക്ഷിച്ചാൽ അവൻ ശിക്ഷാർഹനാകും. ഉദാഹരണമായി, ഒരു മുസ്ലിം ദിവസത്തിൽ അഞ്ചു തവണ നിസ്കാരം നിർവ്വഹിക്കേണ്ടത് നിർബന്ധമാണ്. നിസ്കാരം ഉപേക്ഷിക്കുന്നത് അവന്റെ വിശ്വാസത്തിനും ധാർമികതയ്ക്കും വലിയ കോട്ടം സൃഷ്ടിക്കുന്നു. കാരണം, ദിവസത്തിൽ അഞ്ചു പ്രാവശ്യം നിസ്കാരത്തിലൂടെ അവൻ തന്റെ സ്രഷ്ടാവിനെ അഭിമുഖീകരിക്കുകയും, അവനോടുള്ള ബന്ധം പുതുക്കുകയും, നേരായ മാർഗ്ഗത്തിൽ ഉറച്ചുനിൽക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അതോടൊപ്പം, സ്രഷ്ടാവിനല്ലാതെ മറ്റൊന്നിനും സാഷ്ടാംഗം പ്രണമിക്കില്ലെന്ന പ്രഖ്യാപനവും, ലോകമാകെ നിസ്കരിക്കുന്ന അനേകകോടി വിശ്വാസികളോടുള്ള ഐക്യദാർഢ്യവും നിസ്കാരത്തിലൂടെ അവൻ പ്രകടിപ്പിക്കുന്നു. ഇതുപോലെ തന്നെയാണ് സകാത്തും. നിശ്ചിത അളവിൽ ധനം കൈവശമുള്ളവർ അത് അശരണർക്കും അനാഥർക്കും അഗതികൾക്കും നൽകാതെ സൂക്ഷിക്കുന്നത് കുറ്റകരമാണ്. നോമ്പ്, ഹജ്ജ് മുതലായവയും നിർബന്ധമായ ആരാധനകളിൽ (വാജിബ്) ഉൾപ്പെടുന്നു.
2. ഹറാം (നിഷിദ്ധം)
ഒരു മുസ്ലിം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെയാണ് ഹറാം എന്ന് വിളിക്കുന്നത്. അവ ചെയ്യുന്നവർ ശിക്ഷാർഹരാകുന്നു. ഉദാഹരണം: കളവ് പറയൽ, മോഷണം നടത്തൽ എന്നിവ ഒരു വിശ്വാസിക്ക് കർശനമായി നിഷിദ്ധമാണ്. ഇത്തരം പ്രവൃത്തികൾ ഒരാളുടെ വ്യക്തിഗത ധാർമികത മാത്രമല്ല, സമൂഹത്തിന്റെ സമാധാനവും തകർക്കുന്നു. സത്യസന്ധതയും വിശ്വസ്തതയും പുലർത്തണമെന്ന സ്രഷ്ടാവിന്റെ കൽപ്പനയെ അവഗണിക്കുന്നതാണ് ഇത്തരം പ്രവൃത്തികൾ. അതിനാൽത്തന്നെ, നിഷിദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് ഒരു മുസ്ലിമിന്റെ ഉത്തരവാദിത്തലംഘനമാണ്. പലിശ, വ്യഭിചാരം, മദ്യപാനം തുടങ്ങിയവയും ഹറാമായ കർമ്മങ്ങളിലാണ് ഉൾപ്പെടുന്നത്.
3. സുന്നത്ത് (ഐഛികം)
ചെയ്താൽ പ്രതിഫലം ലഭിക്കുന്നതും ഉപേക്ഷിച്ചാൽ ശിക്ഷയില്ലാത്തതുമായ കാര്യങ്ങളെയാണ് സുന്നത്ത് എന്ന് പറയുന്നത്. ഉദാഹരണത്തിന്, നിർബന്ധ നിസ്കാരങ്ങൾക്ക് മുൻപും ശേഷവും സുന്നത്ത് നിസ്കാരങ്ങൾ നിർവ്വഹിക്കുന്നത് ഏറെ പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്. ഇവ നിർവ്വഹിക്കുന്നതിലൂടെ ഒരു വിശ്വാസിയുടെ ആത്മീയവളർച്ച കൂടുതൽ ശക്തമാകുന്നു.
നിർബന്ധ ബാധ്യതകൾക്കപ്പുറം സ്രഷ്ടാവിന്റെ പ്രീതിക്കായി അധിക ആരാധനകൾ ചെയ്യുന്നവൻ അവനോട് കൂടുതൽ അടുക്കുന്നു. കുളിക്കൽ, മിസ്വാക്ക് ഉപയോഗിക്കൽ, സലാം പറയൽ, പുഞ്ചിരി, ഐച്ഛിക ദാനധർമ്മങ്ങൾ എന്നിവയും സുന്നത്തായ പ്രവൃത്തികളിൽപ്പെടുന്നു.
4. ഹലാൽ (അനുവദനീയം)
ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതിൽ പാപമോ പ്രതിഫലമോ ഇല്ലാത്ത, പൂർണ്ണമായി അനുവദിക്കപ്പെട്ട കാര്യങ്ങളെയാണ് മുബാഹ് അഥവാ ഹലാൽ എന്ന് പറയുന്നത്. ഉദാഹരണത്തിന്, ഒരു മുസ്ലിമിന് അനുവദനീയമായ ഭക്ഷണം കഴിക്കൽ, ജോലി ചെയ്യൽ, ഉറങ്ങൽ, യാത്ര ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ തടസ്സങ്ങളില്ല. സ്രഷ്ടാവ് അനുവദിച്ച നന്മകൾ ഉപയോഗപ്പെടുത്തി, നിയമപരിധിക്കുള്ളിൽനിന്ന് തന്റെ ഭൗതികജീവിതം ക്രമപ്പെടുത്താനുള്ള പൂർണ്ണസ്വാതന്ത്ര്യം അവന് നൽകിയിട്ടുണ്ട്.
5. കറാഹത്ത് (അഭികാമ്യമല്ലാത്തത്)
ചെയ്താൽ ശിക്ഷയില്ലെങ്കിലും ഒഴിവാക്കുന്നത് ശ്രേഷ്ഠമായ കാര്യങ്ങളെയാണ് കറാഹത്ത് (മക്റൂഹ്) എന്ന് പറയുന്നത്. അവ ഉപേക്ഷിക്കുന്നവർക്ക് പ്രതിഫലം ലഭിക്കും. ഉദാഹരണത്തിന്, നിസ്കരിക്കുമ്പോൾ കാരണമില്ലാതെ തിരിഞ്ഞുനോക്കൽ കറാഹത്താണ്. ഇത് നിസ്കാരത്തിന്റെ പൂർണ്ണതയും ഏകാഗ്രതയും കുറയ്ക്കുന്നു. സ്രഷ്ടാവിനോടുള്ള ശ്രദ്ധ നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതാണ് ഒരു വിശ്വാസിയുടെ ഉന്നതസ്വഭാവം. വലതുഭാഗത്തേക്ക് തുപ്പൽ, വെള്ളം അമിതമായി ഉപയോഗിക്കൽ മുതലായവയും കറാഹത്തായ പ്രവൃത്തികളിൽപ്പെടുന്നു.
ഈ അഞ്ചാലൊരു വിധിക്കു പുറത്തുള്ള ഒരു പ്രവർത്തനവും മനുഷ്യരിൽ നിന്നുണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ഇല്ല. കർമ്മവിഷയങ്ങളിൽ ഇസ്ലാമിൽ അറിയപ്പെട്ടതും അംഗീകൃതവുമായ നാല് സരണികളിൽ ശാഫിഈ സരണി അനുസരിച്ചാണ് ഇവിടെ വിഷയങ്ങൾ പ്രതിപാദിക്കുന്നത്.



