ഇസ്ലാമിനെ കേട്ടും അറിഞ്ഞും പഠിച്ചും അതിനോട് ഇഷ്ടം തോന്നിയ ഒരാൾക്ക് അതിലേക്ക് കടന്നുവരണമെന്ന് തോന്നിയെന്നിരിക്കട്ടെ - അയാൾ പ്രഥമമായി ചെയ്യേണ്ട കാര്യം നേരത്തെ ഈമാൻ കാര്യത്തിൽ ഒന്നാമതായി പറഞ്ഞ അല്ലാഹുവിലുള്ള വിശ്വാസവും ഒപ്പം മുഹമ്മദ് നബി അല്ലാഹുവിൻ്റെ തിരുദൂതരാണെന്നതും മനസ്സിൽ ദൃഢമായി ഉറപ്പിച്ച്, നാവുകൊണ്ട് വ്യക്തമാക്കി പറയുക. എന്നു പറഞ്ഞാൽ ആരാധക്കർഹനായി അല്ലാഹു മാത്രമേ ഉള്ളൂ എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. തീർച്ചയായും മുഹമ്മദ് നബി അല്ലാഹുവിൻ്റെ തിരുദൂതൻ ആണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു, കഴിഞ്ഞു! ആൾ മുസ് ലിം ആയി!! അല്ലാതെ അതിന് എവിടെയെങ്കിലും ഹാജരാവുകയോ എന്തെങ്കിലും സാക്ഷ്യപത്രം കൈപ്പറ്റുകയോ ഒന്നും ചെയ്യേണ്ട ആവശ്യമില്ല!
ശ്രദ്ധിക്കേണ്ടത്, ഈ വായ കൊണ്ടുള്ള പറച്ചിൽ അല്ല പ്രധാനം; മനസ്സുകൊണ്ട് സ്വമേധയാ വിശ്വസിച്ച ശേഷം പറയുക എന്നതിലാണ് കാര്യം. ഒരു കൂട്ടം ആളുകൾ നിങ്ങളെ വളഞ്ഞിട്ടു പിടിച്ച് കൈകാലുകൾ ബന്ധിച്ച് ഈ വാചകം പറയെടാ എന്ന് പറഞ്ഞു ബലാൽക്കാരമായി പറയിപ്പിച്ചാൽ നിങ്ങൾ ഒരിക്കലും മുസ്ലിം ആവുകയില്ല. കാരണം വിശ്വാസമാണ് ഇസ്ലാമിന്റെ ആധാരശില. മുമ്പ് സൂചിപ്പിച്ചതുപോലെ നിർബന്ധ മതപരിവർത്തനം എന്ന ആശയം തന്നെ ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ ഒരു തമാശയാണ്; അങ്ങനെയൊന്നില്ല!
അതുപോലെ ഇസ്ലാമിക വിശ്വാസിയായ ഒരാളെ മറ്റു മതസ്ഥരായ ഒരു കൂട്ടം ആളുകളോ മതരഹിതരായ ഒരു സംഘമോ ചേർന്ന് മറ്റൊരു ബിംബത്തിന്റെ പേര് വിളിക്കെടാ, അല്ലെങ്കിൽ ദൈവമില്ലെന്ന് പറയെടാ എന്ന് കത്തിപ്പുറത്ത് പറയിപ്പിച്ചാൽ അയാളുടെ മനസ്സ് വിശ്വാസ സാന്ദ്രമാണെന്നിരിക്കിൽ അയാൾ മതത്തിൽ നിന്ന് പുറത്തു പോവുകയില്ല. എന്നാൽ വിശ്വാസം കരിമ്പാറ പോലെ ഉള്ളിലുറച്ച ചിലർക്ക് വായ കൊണ്ടു പോലും തന്റെ വിശ്വാസത്തിനെതിരെ ഉച്ചരിക്കാനാവില്ല. തല പോയാൽ പോട്ടെ ഞാൻ എൻ്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് പറയാൻ ദൃഢവിശ്വാസികൾക്കാവും.
ഇവിടെ ചിലർക്കുണ്ടാകുന്ന ഒരു സംശയം, വായിച്ചും പഠിച്ചും ചിന്തിച്ചും അറിഞ്ഞും ഒരാൾക്ക് അതീന്ദ്രിയമായ ദൈവസാന്നിധ്യവും അതിലേക്കുള്ള സത്യപാതയുമൊക്കെ സ്വയം ദൃഢമായി ഉൾക്കൊള്ളാൻ കഴിയുമോ എന്നതാണ്. സന്ധ്യ മുതൽ ജീവിതം കണ്ടു തുടങ്ങിയ ഒരാൾ ഇരുട്ടിന്റെ കട്ടി കൂടിക്കൂടി വരുന്നതാണ് കാണുക. പകൽവെളിച്ചം എന്നതൊന്നും ആൾ ഇതുവരെ കണ്ടിട്ടേയില്ല. നട്ടപ്പാതിര ആവുമ്പോഴേക്കും ഇരുട്ട് കട്ട കുത്തിയിരിക്കും. ശരിയാണ് അയാളെ സംബന്ധിച്ചിടത്തോളം ഒരു വെളിച്ചം സ്വപ്നം കാണാൻ പോലും കഴിഞ്ഞു കൊള്ളണമെന്നില്ല. പക്ഷേ ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ ഇരുട്ട് നേർത്തു വരുന്നതായി കാണാം. പതിയെ പതിയെ പ്രതീക്ഷയുടെ പ്രകാശങ്ങൾ പൊട്ടി വിടരുന്നതും കാണാം. അപ്പോൾ ആരും ഒന്നും പറഞ്ഞു സ്ഥാപിച്ചു കൊടുക്കാതെ തന്നെ അയാൾ ഉദയസൗന്ദര്യത്തെ ആസ്വദിക്കുന്നതായി അനുഭവപ്പെടാം.
എന്നാൽ ഈ ഇരുട്ടിനപ്പുറം മറ്റൊന്നില്ല എന്ന് ശഠിച്ച് പുതച്ചുറങ്ങിയവന് ഈ ഉദയം കാണാൻ ഭാഗ്യം ഉണ്ടാവുകയില്ല. പക്ഷേ എല്ലാം നമ്മുടെ കൈപ്പിടിയിൽ ആണെന്ന് വിശ്വസിക്കണ്ട. എല്ലാത്തിനു പിന്നിലും ചില നിമിത്ത, നിയോഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നല്ലതായാലും ചീത്തയായാലും. നിങ്ങൾ എത്ര തന്നെ ശ്രദ്ധിച്ചു യാത്ര ചെയ്യുകയാണെങ്കിലും അവിചാരിതമായി ഒരു അപകടം നിങ്ങളിലേക്ക് പാഞ്ഞു കയറിയേക്കാം. ഉരുൾപൊട്ടലിൽ പെട്ട് ഒരു ഗ്രാമം ഒന്നടങ്കം മരിച്ചൊടുങ്ങിയപ്പോൾ നിങ്ങൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടേക്കാം. എല്ലാത്തിനും അവൻ്റെ ഉതവി വേണം. അതുണ്ടെങ്കിൽ കാര്യങ്ങളെല്ലാം എളുപ്പമാണ്. അല്ലെങ്കിൽ ബുദ്ധിമുട്ടുമാണ്. ഖുർആൻ അതിങ്ങനെയാണ് പറയുന്നത്.
“ആർക്കെല്ലാം അല്ലാഹു നേർവഴി ഉദ്ദേശിച്ചുവോ അവരുടെയെല്ലാം ഹൃദയത്തെ ഇസ്ലാമിലേക്കായി അവന് തുറന്നുകൊടുക്കുന്നതാണ്. ആരെയെല്ലാം അല്ലാഹു വഴികേടിലാക്കാൻ കരുതിയോ അവരുടെയെല്ലാം ഹൃദയത്തെ, അവന് ആകാശത്തിലേക്ക് കയറിപ്പോകുമ്പോഴെന്ന പോലെ ഇടുങ്ങിയതും കുടുങ്ങിയതും ആക്കിത്തീർക്കും. വിശ്വസിക്കാത്തവരുടെ മേല് അപ്രകാരം അല്ലാഹു ശിക്ഷ ഏര്പെടുത്തുന്നു”. അൻആം 125
സൗന്ദര്യപൂരിതമായ അത്തരമൊരു പ്രകാശാവസ്ഥ, അതിഭൗമലോകത്തെ പരിപൂർണ്ണമായി ഉൾക്കൊള്ളാവുന്ന അമ്മട്ടൊരു ഹൃദയവിശാലത വെറുതെ അങ്ങ് വന്നുചേരുന്നതല്ല. നമ്മൾ അതിനായി പണിയെടുക്കണം. ബുദ്ധികൊണ്ട് / മനസ്സു കൊണ്ടുള്ള കഠിനാധ്വാനമാണ് പ്രധാനം. ഖുർആൻ മനുഷ്യനോട് ആദ്യന്തം ഇളക്കിമറിച്ചു പ്രകോപിപ്പിച്ച് തൊട്ടുണർത്തി, ബുദ്ധിയുള്ളവരേ, ചിന്തയുള്ളവരേ, അകക്കാമ്പുള്ളവരേ.. എന്നിങ്ങനെ. അരുമയായി വിളിച്ചു കടന്നുപോകുന്ന ഒരു ചോദ്യമാണ്, ചിന്തിക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ എന്നത്.
നമ്മൾ ഒരു കെഎസ്ആർടിസി ബസ്റ്റാൻഡിൽ ആണ് ഇരിക്കുന്നത് എന്ന് വിചാരിക്കുക. വിദൂര ദേശങ്ങളിൽ നിന്ന് പാഞ്ഞു വന്ന് ആളെ ഇറക്കിക്കയറ്റി ഇനിയും വിദൂരങ്ങളിലേക്ക് പോകുന്ന ഒരുപാട് ബസ്സുകൾ നമ്മുടെ മുമ്പിലൂടെ വരികയും നിർത്തുകയും പോവുകയും ചെയ്യുന്നത് കാണാം. ആ വാഹനങ്ങളിൽ ഇരിക്കുന്നവർക്കും ഇറങ്ങുന്നവർക്കും കയറുന്നവർക്കും ആ പോക്കുവരവുകൾക്ക് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. പക്ഷേ ഈ ഞാൻ എന്തിനാണ് ഇവിടെ ഇരിക്കുന്നത് എന്ന് നമ്മൾ നമ്മോട് ചോദിച്ചു നോക്കൂ. ഞാൻ എങ്ങനെയാണ് ഈ ബസ്റ്റാൻഡിൽ എത്തിയത്? ഞാൻ ഏതു ബസ്സിൽ കയറി എന്താവശ്യത്തിനുവേണ്ടി എങ്ങോട്ടേക്കാണ് പോകേണ്ടത്? ജീവിതം ഒരു യാത്രയാണ്. അതിന് തുടക്കവും ഒടുക്കവും ഉണ്ട്. അതിന്റെ അർഥാന്തരങ്ങളെ കുറിച്ച് ആലോചിക്കാൻ ബുദ്ധിയുമുണ്ട്. പഠിച്ചു കണ്ടെത്താൻ പാതകളെമ്പാടുമുണ്ട്.
ചിലപ്പോൾ ചിലത് നാം തേടിപ്പോകും. ചിലപ്പോൾ നമ്മെ തേടി ഇങ്ങോട്ട് വരും. ഹൃദയത്തിലേക്ക് ഉദയ സൗന്ദര്യത്തിന്റെ പ്രകാശം പല നിലക്കും കടന്നുവരാം. മൂസാ നബിയുടെ ചരിത്രം പറയുന്നുണ്ട് ഖുർആനിൽ. കഠിനമായ മാരണകലയുടെ / ആഭിചാരക്രിയകളുടെ ആശാന്മാരായിരുന്നു അന്ന് അന്നാട്ടുകാർ. മൂസാ നബി ദിവ്യ സന്ദേശവുമായി വന്നപ്പോൾ അവർ മാരണം കാണിച്ചു തുരത്തി ഓടിക്കാൻ നോക്കി. ഒടുവിൽ അതൊരു വെല്ലുവിളിയായി കലാശിച്ചു. ഒരു വമ്പൻ മൈതാനിയിൽ മാന്യമഹാജനങ്ങളെല്ലാം ഒത്തുകൂടി മഹാസഭ തീർത്തു. മാരണകലാകാരന്മാരെല്ലാം ഹർഷപുളകിതരായി. നീർക്കോലി മുതൽ രാജവെമ്പാല വരെയുള്ള വ്യത്യസ്ത ഗ്രേഡുകളിൽ പെട്ട കയറും പാമ്പുമെല്ലാം അവർ തുറന്നു വിട്ടു. അവ ആ മൈതാനത്തിൽ ഇഴഞ്ഞു. പുളഞ്ഞു. ആളുകൾക്ക് ലഹരി കൂടി. മൂസാനബി തോറ്റോടും എന്നൊക്കെ ആളുകൾ കരുതിക്കാണണം. അങ്ങനെയിരിക്കെ മൂസാ നബി വളരെ ലളിതമായി തൻ്റെ കൈയ്യിലുള്ള ഒരു കൊച്ചു വടി നിലത്തിടുന്നു. യാ ഖുദാ.....!!! കണ്ടവർ കണ്ടവർ അന്ധാളിച്ചു പോയി! ഭീമാകാരനായ പാമ്പായി അത് തരം മാറി. ക്ഷണം കൊണ്ട് അവിടെയുള്ളതിനെയെല്ലാം വിഴുങ്ങി കളഞ്ഞു. മാരണത്തമ്പ്രാക്കന്മാർ നിരായുധരായി. ആ നിമിഷം അവരുടെയെല്ലാം മനസ്സിൽ സൂര്യൻ ഒന്നിച്ചുദിച്ചു. അവരുടെയെല്ലാം ഹൃദയ കവാടങ്ങൾ നേർവഴിയിലേക്ക് മലർക്കെ തുറന്നു കിട്ടി. അവരുടെ ഉള്ളകങ്ങൾ പൊട്ടിയൊഴുകി - ഞങ്ങളിതാ മൂസായുടെ റബ്ബിൽ വിശ്വസിച്ചിരിക്കുന്നു. അതിൻ്റെ പേരിൽ ആ ജനതക്ക് കൊടും പീഡനങ്ങൾ സഹിക്കേണ്ടി വന്നു. അകതാരിൽ ഈമാനിന്റെ സൂര്യൻ കത്തി പ്രകാശിക്കുന്നവർക്ക് എന്ത് ഇടിയും തൊഴിയും. അവർ പാറ പോൽ ഉറച്ചുനിന്നു. ഫറോവ ആവുന്ന കളിയെല്ലാം കളിച്ചു. ഒടുക്കം അയാൾ മുങ്ങിച്ചത്തു. ഇങ്ങനെ അനവധി സംഭവങ്ങൾ ചരിത്രത്തിൽ കാണാം.
ഖാജാ മുഈനുദ്ധീൻ എന്ന മഹാൻ അജ്മീറിലാണ്. അദ്ദേഹത്തിന് ശരീരം ശുദ്ധിയാക്കണം. വെള്ളം വേണം. അനാ സാഗർ തടാകം വളരെ വിശാലമാണ്; ഇഷ്ടം പോലെ വെള്ളമുണ്ട്. പക്ഷേ നാടുവാഴിക്ക് ഇഷ്ടക്കേട്. തടഞ്ഞുവെച്ചു, സമ്മതിച്ചില്ല. അനാ സാഗർ വറ്റിവരണ്ടു. പരിസരങ്ങളിലെയും വെള്ളം വലിഞ്ഞു. തോടും കിണറും കുളവും തടാകവുമെല്ലാം ഉണങ്ങിക്കറുത്തു! ഒടുവിൽ ക്ഷമാപണവുമായി നാട്ടുകാരെത്തി. ആയിരക്കണക്കിനാളുകൾ അനാസാഗരം ചുറ്റും വളഞ്ഞുനിന്നു. മഹാന്മാരുടെ മനസ്സ് നനവുള്ളതാണല്ലോ. തൻ്റെ കൈയ്യിൽ ഉണ്ടായിരുന്ന ഒരു കോപ്പ വെള്ളം അല്ലാഹുവിൻ്റെ നാമം ചൊല്ലി അതിലേക്ക് ഒഴിച്ചു. മഹാത്ഭുതം! അനാ സാഗർ പതഞ്ഞു പൊന്തി! പതിനായിരക്കണക്കിനാളുകൾ അത് കണ്ണുകൊണ്ട് കണ്ടു. മറ്റൊന്നും ആലോചിക്കാൻ നേരമില്ല. നിന്ന നിൽപ്പിൽ അവർ വിശ്വസിച്ചു. അവർ വാ കൊണ്ടത് വിളിച്ചുപറഞ്ഞു.
നമ്മൾ അറിയാതെ നമുക്ക് ചുറ്റും പലരും പഠിക്കുന്നു. ഇരുൾ മുറ്റിയ മനസ്സുകളിലേക്ക് സൂര്യൻ ഉദിച്ചുവരുന്നു. തിരിച്ചറിവിന്റെ തീർത്ഥ മുഹൂർത്തത്തിൽ അവർ ആനന്ദത്തോടെ മൊഴിയുന്നു. അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്!





