ഉലയിൽ ഇട്ട് കാച്ചിയാണ് ലോഹം സ്ഫുടം ചെയ്തെടുക്കുന്നത്. ലോഹത്തെ സംബന്ധിച്ചിടത്തോളം പാലൈസ് ഈമ്പുന്ന സുഖമായിരിക്കില്ല ഉലയിൽ കിടന്ന് വെന്ത് ചോക്കുക എന്നത്. ആനപ്പന്തിയിൽ ഇട്ട് കുടുക്കിയാണ് കാട്ടാനയെ മെരുക്കി നാട്ടാന ആക്കുന്നത്. ആട്ടുതൊട്ടിലിൽ കിടന്നാടുന്ന സുഖം ഉണ്ടായിരിക്കുകയില്ല പന്തിയിൽ ഞെരുങ്ങുന്ന ആനയ്ക്ക്. ആനയെപ്പോലെ ഒരു ജന്തുപരത, ലോഹത്തിലെന്നപോലെ മാലിന്യാംശം ഉള്ള ഒരാളെ പരിചയപ്പെടുത്തട്ടെ - മറ്റാരുമല്ല നിങ്ങൾ തന്നെ അഥവാ മനുഷ്യൻ!
മനുഷ്യനെ അന്തരാശുദ്ധീകരിച്ച് സ്ഫുടം ചെയ്തെടുക്കണം. നെയ്യും പാലും കൊടുത്തു കാറ്റത്തിരുത്തിയാൽ അതിനു ശാഠ്യം കൂടും. കാഠിന്യമുള്ള / കടുപ്പപ്പെട്ട വല്ലതും തന്നെ വേണ്ടിവരും. എല്ലാത്തരം പരിശീലനങ്ങൾക്കും കാണും ഒരുതരം കടുപ്പത്തരം. എന്താണ് മനുഷ്യൻ്റെ കാര്യത്തിൽ കാലാകാലങ്ങളായുള്ള കഠിനകാര്യം. സംശയമില്ല വിശപ്പ് തന്നെ!
ഒരർത്ഥത്തിൽ ഒരുതരം ഉഭയജീവിയാണ് മനുഷ്യൻ. കീഴ്പോട്ടും മേൽപ്പോട്ടുമുള്ള ഉഭയഭാവങ്ങൾ അവനെ വേറിട്ടവനാക്കുന്നു. മൃഗങ്ങൾക്ക് മേൽപ്പോട്ട് ഉയരുക എന്ന ഒരു സംഗതിയേ സങ്കൽപ്പിക്കാനില്ല. മഹാനായ കരടി, സാത്വികനായ ചീങ്കണ്ണി, സൂഫിയായ ഹിപ്പൊപ്പൊട്ടാമസ്, നിഷ്കളങ്കനായ കാട്ടുപന്നി, ഉദാരനായ കുരങ്ങൻ -ഇതൊന്നും നമ്മൾ കേൾക്കാത്ത കാര്യങ്ങളാണ്. കൂട്ടത്തിൽ മനസ്സിലാക്കണം കേട്ടോ, മൃഗങ്ങൾക്ക് നിലവിലെ അവസ്ഥയിൽ നിന്ന് അധ:പ്പതിക്കാനും കഴിയില്ല. ഏതെങ്കിലും ഒരു പ്രദേശത്തെ മൃഗങ്ങൾക്കിടയിൽ ഇയ്യടുത്തായി ലഹരിഭോഗം കൂടി എന്നോ തട്ടിപ്പുസംഘം വർദ്ധിച്ചു എന്നോ പൂവാലശല്യം ഏറി എന്നോ റിപ്പോർട്ടുകൾ നമുക്ക് കിട്ടാറില്ല. മൃഗങ്ങൾ അങ്ങനെ ഒറ്റ ട്രാക്കിലൂടെ ജീവിച്ചങ്ങ് പോകും.
മലക്കുകളെപ്പറ്റിയും - മാലാഖമാർ - നമ്മളറിയണം. അവർ സൃഷ്ട്യാ ഉന്നതന്മാരാണ്. അവരെ സംബന്ധിച്ചിടത്തോളം താഴ്ചയിലേക്ക് പതിക്കുക എന്നത് സങ്കൽപ്പത്തിലേ ഉണ്ടാകില്ല. അവർ പൂർണ്ണമായും നന്മയിൽ ട്യൂൺ ചെയ്യപ്പെട്ടവരാണ്. അതുകൊണ്ടാണ് മനുഷ്യനോ മലക്കോ അത്യുന്നതൻ? എന്ന ചർച്ചയിൽ ഇമാം റാസി, ഒടുവിൽ മനുഷ്യനാണ് നന്നായാൽ മലക്കിനെക്കാൾ ശ്രേഷ്ഠനാവുക എന്ന് തീർപ്പ് പറയുന്നത്. കാരണം ഉള്ളിലുള്ള തിന്മപ്രേരണകളോട് പോരാടിയാണല്ലോ മനുഷ്യൻ മഹാനായിത്തീരുന്നത്.
മനുഷ്യനെ പടച്ചത് മണ്ണിൽ നിന്നാണ്. ആയതിനാൽ മണ്ണുഗുണം അവനിൽ ഞെളിഞ്ഞു നിൽക്കും. എങ്കിലും അവനെ പടക്കപ്പെട്ടത് അല്ലാഹുവിൻ്റെ ഖലീഫ (പ്രതിനിധി) ആയിട്ടാണ്. ആയതിനാൽ അതിശ്രേഷ്ഠമായ ദിവ്യ ഗുണവും അവനിലുണ്ട്. പക്ഷേ രണ്ടും തമ്മിൽ അവനുള്ളിൽ തീപാറുന്ന ടഗ് ഓഫ് വാർ നടത്തിക്കൊണ്ടിരിക്കുന്നു. ഒരുഭാഗത്ത് നന്മയിലേക്ക് ക്ഷണിക്കാനുള്ള മലക്കുകളുണ്ട്. മറുഭാഗത്ത് തിന്മയിലേക്ക് തള്ളിയിടാൻ ഇബിലീസ് (പിശാച്) കുടുംബസമേതം ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ വിരുദ്ധ ദ്വന്ദ്വങ്ങൾക്കിടയിൽ കിടന്നു പിടയുകയാണ് മനുഷ്യൻ.
മനുഷ്യനിലെ മണ്ണ് സാത്താന് സപ്പോർട്ടാണ്. മണ്ണ് -തുറാബ്, ചെളി- ത്വീൻ ഇതൊക്കെയാണ് മനുഷ്യന്റെ ജഡം. ഇകഴ്ത്തി പറയാൻ വേണ്ടി നമ്മൾ പറയാറ്, അതിലൊന്നും ഒരു മണ്ണും പുണ്ണാക്കും ഇല്ല എന്നാണ്. ഒരു കാര്യവും പറഞ്ഞാൽ ഗ്രഹിക്കില്ല എന്നറിയിക്കാൻ അവൻ്റെ തലയിൽ ചെളിയാണ് എന്നാണ് പറയുക. സംസാരത്തിൽ വൃത്തികേടുകൾ പറയുന്നവനെ ചെളിയടിവീരൻ എന്ന പേരിലാണ് വ്യവഹരിക്കുക. അല്ലെങ്കിലും എന്തിനാണിതൊക്കെ നീട്ടി വിസ്തരിച്ചു പറയുന്നത്, ചെളി ചെളി തന്നെയല്ലേ, ആർക്കാണ് അറിയാത്തത്.
പക്ഷേ ചെളിയിലാണ് ഒളി പൂഴ്ത്തി വെച്ചിരിക്കുന്നത്. ഓർമവേണം, മലക്കുകളെ പടക്കാൻ ഉപയോഗിച്ച സാധനമാണ് ഒളി. ഒളിയും ചെളിയും എന്നും വിരുദ്ധ ദിശകളിലാണ്. പ്രകാശത്തിന് പിടച്ചുപുളഞ്ഞ് മുകളിലോട്ട് ആയാനാണ് ഇഷ്ടം. ചെളിക്ക് ഇടിഞ്ഞുകുത്തി ഒലിച്ചു താഴാനാണ് കമ്പം. മനുഷ്യൻ്റെ അകത്തളത്തിൽ ഈ യുദ്ധം നിതാന്തമായി നടക്കുന്നുണ്ട്. ഇതിൽ ആര് ജയിക്കുന്നു എന്നുള്ളതാണ് പ്രധാനം. മണ്ണാവുന്ന ശരീരത്തെ പൂജിച്ചു കൊണ്ടിരുന്നാൽ ചെളിക്ക് കട്ടികൂടുകയും തീ കെട്ടുപോവുകയും ചെയ്യും. എന്നാൽ മണ്ണിനെ വെറും മണ്ണായി അവഗണിച്ച് തീ കെട്ടുപോകാതിരിക്കാൻ കാവൽ ഇരിക്കുകയും ചെയ്താൽ അവനിലെ ഇബിലീസ് വിരണ്ടോടും. അവനിലെ മലക്ക് സർവത്ര സജീവമാകും.
മണ്ണിനെ പാഠം പഠിപ്പിക്കാനാണ് വിശപ്പുകൊണ്ടുള്ള നമ്മുടെ ഈ നോമ്പടി. വിശപ്പിന്റെ ഏറ്റവും സർഗാത്മകമായ പ്രകാശനമാണ് വ്രതം. ഒരു ഇസ്ലാം മത വിശ്വാസി നിർബന്ധമായും വർഷത്തിൽ ഒരു മാസം നോമ്പ് നോറ്റിരിക്കണം. അത് റമളാൻ മാസത്തിലാണ്. റമളാൻ എന്ന വാക്കിന്റെ അർത്ഥം പരതിയാൽ അധികവും തീ, ചൂട് പൊള്ളൽ, കരിക്കൽ എന്നിങ്ങനെയൊക്കെയാണ് കിട്ടുക. അത്ഭുതമെന്നു പറയട്ടെ നേർ വിപരീതമായി അതിന് ശരത്കാലമഴ എന്ന നനവുള്ള അർഥവും കാണാം. ശക്തമായി കുതിച്ചാർത്തൊഴുകുന്ന പുതുമഴ.
കരിക്കുക എന്നതിനെപ്പറ്റി പിന്നെ കൂടുതൽ വിശദീകരണം ആവശ്യമില്ലല്ലോ അല്ലേ. ലോഹത്തിന്റെ കാര്യം പറഞ്ഞുകൊണ്ടല്ലേ നമ്മൾ തുടങ്ങിയത് തന്നെ. കരിക്കൽ തന്നെയല്ലേ അഗ്നിയുടെ പണി. മനുഷ്യൻ്റെ ആത്മാവിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകളും മാലിന്യങ്ങളും കൂട്ടിയിട്ട് കരിച്ച് അവനെ ശുദ്ധിയാക്കി എടുക്കുക.
പാപങ്ങൾ വന്നുകൊണ്ടേയിരിക്കുക എന്നുള്ളത് മനുഷ്യൻ്റെ പൊതുവേയുള്ളൊരു ഫീച്ചറാണ്. പറഞ്ഞല്ലോ, മനുഷ്യൻ മാലാഖയല്ല. തനി മൃഗവും അല്ല. അവർ രണ്ടുപേരും തെറ്റ് ചെയ്യുകയില്ല. മനുഷ്യൻ സാദാ തെറ്റുകളിലേക്ക് വശംവദനായിക്കൊണ്ടേയിരിക്കും. അത് കർമങ്ങളായി പുറത്ത് ആവിഷ്കരിക്കപ്പെടണമെന്നില്ല; ചിന്തകളായി മനസ്സിൽ തിങ്ങിയാലും മതി. മനുഷ്യനെ പടച്ച അല്ലാഹുവിന് അത് നന്നായി അറിയാമല്ലോ. അവൻ കാരുണ്യമുള്ളവനും വാത്സല്യം ഉള്ളവനും ആണ്. അങ്ങനെ തെറ്റ് ചെയ്തു നശിച്ചു പോകട്ടെ ഈ മനുഷ്യൻ എന്ന് അല്ലാഹുവിന് ഭാവമില്ല. അവസരങ്ങൾ വാരിക്കോരി ഇട്ടുകൊടുത്ത് അവനെ ഉന്നതിയിലേക്ക് എത്തിക്കാൻ തന്നെയാണ് പ്ലാൻ. മാസങ്ങളെ കൊണ്ട് അവനിൽ പറ്റിപ്പിടിച്ചിരിക്കുന്ന പാപങ്ങളുടെ മാലിന്യങ്ങളെയെല്ലാം പട്ടിണിത്തീവെച്ചു കരിച്ച് ശുദ്ധീകരിക്കാനാണ് 30 നാളത്തെ നിരന്തരമായ വ്രതം. എന്തു രസമാണ് അതെന്നോ? അത് കഴിഞ്ഞ് പുറത്തു വരുമ്പോൾ എന്തതി രസമാണെന്നോ!
പിന്നെ പുതുമഴ എന്ന അർത്ഥം പറഞ്ഞല്ലോ., പുതുവർഷത്തിലെ ആദ്യമഴക്ക് മറ്റു മഴകൾക്കില്ലാത്ത പോരിശ ഉണ്ട്. മഴയില്ലായ്കയാൽ ഭൂമി വരണ്ടിരിക്കുന്ന സാഹചര്യത്തിൽ ആയിരിക്കുമല്ലോ പുതുമഴ പെയ്യുക. വരണ്ട ഭൂമിയിലേക്ക് ഒറ്റ മഴ പെയ്താൽ മതി ഉടനെ പച്ചപ്പിന്റെ തളിർനാമ്പുകൾ തലപൊക്കും. അതുവരെ വഴിയോരത്തും മറ്റും ചിതറിക്കിടന്നിരുന്ന മാലിന്യങ്ങളെ പുതുമഴയുടെ ഒഴുക്ക് ശക്തിയായി വലിച്ചു കൊണ്ടുപോയി അകലെ തള്ളും. തിന്നപാത്രം നമ്മൾ കഴുകി വെക്കും പോലെ പ്രകൃതിയെ ഒന്നാകെ മഴ കഴുകി വെടിപ്പാക്കും. അതു തന്നെയാണ് നോമ്പിന്റെ പണിയും. എന്തൊരു യോജിപ്പാണ്!
പറഞ്ഞല്ലോ വിശപ്പാണ് മനുഷ്യൻ്റെ അടിസ്ഥാന വിഷയം. കിടന്നവനെ എണീപ്പിക്കുന്നവനും ഇരുന്നവനെ നിൽപ്പിക്കുന്നതും നിന്നവനെ നടത്തിക്കുന്നതും ഓടിക്കുന്നതും ഉള്ളിൽ ചുഴികുത്തുന്ന വിശപ്പ് തന്നെ. മനുഷ്യൻ കൃഷിയിലും വ്യവസായത്തിലും ഉദ്യോഗത്തിലും നാട്ടുവേലകൾക്കും എല്ലാം വ്യാപൃതനാകുന്നത് പിന്നാലെ കൂടുന്ന വിശപ്പിനെ നന്നായി ഊട്ടി സന്തോഷിപ്പിക്കാൻ തന്നെയാണ്. ചിലപ്പോൾ മനുഷ്യൻ കൊല്ലുന്നതും കക്കുന്നതും ചോര പിഴിഞ്ഞ് വിൽക്കുന്നതും വിശപ്പകറ്റാൻ വേണ്ടി ആയിരിക്കും. എന്തിനധികം ഏറ്റവും നല്ല കവിത തളിർക്കണമെങ്കിൽ പോലും വേണം ഉഗ്രമായ വിശപ്പിന്റെ നുള്ളും കടിയും.
നോമ്പ് മനുഷ്യ ശരീരത്തോട് പറയുന്നത്, ഇക്കാലമത്രയും മണ്ണാവുന്ന നീ ആവശ്യപ്പെടുമ്പോൾ എല്ലാം:- തീറ്റയും കുടിയും മുറക്ക് തന്ന് നിന്നെ സൽക്കരിച്ചില്ലേ ഇനി നിൽക്കവിടെ! എല്ലാം നേരത്തിന് കിട്ടി പഠിച്ചാൽ നീ സുഖിയൻ ആവും. ആ സുഖലോലുപത നിന്നെ മണ്ണനാക്കും. മണ്ണനെ സാത്താൻ കീഴടക്കും. നിന്നിലെ അഗ്നിയെ ഊതിക്കെടുത്തും. നീ ഒന്നിനും ആർക്കും വേണ്ടാത്ത വെണ്ണീരായി ഒടുങ്ങും. ആയതിനാൽ നിന്നോ, ചെറുത്തുനിന്നോ. വിശപ്പിനെ നല്ലോണം വാരിത്തിന്നോ.
വിശപ്പ് പ്രധാനമായും ശരീരത്തിനാണ് ഏശുക എങ്കിലും പതിയെ ആ വേദന മനസ്സിലേക്ക് പടരും. തിന്ന് കുംഭ വീർത്ത് ഏമ്പക്കമിട്ടിരിക്കുന്ന ഒരാളുടെ മുമ്പിൽ വന്നു യാചകൻ കൈനീട്ടും പോലെ ആയിരിക്കുകയില്ല വിശന്നു പൊരിഞ്ഞ ഒരു ധനാഢ്യൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ഒരു അനാഥ ബാലൻ. താൻ സഹിക്കുന്ന വിശപ്പിന്റെ സംഗീതം ആണല്ലോ ആ ബാലന്റെ മുഖത്ത് അദൃശ്യമായി വരച്ചു കാണുന്ന ദൈന്യതയിൽ മുങ്ങുന്നത് എന്ന് തിരിച്ചറിയും. തത്ഫലം അയാളുടെ കൈ അയയും. അയാളിൽ ചിന്തകൾ ഉണരും. ഞാനീ നോമ്പുകാലത്ത് നിർബന്ധിതനായാണല്ലോ ഈ വിശപ്പിനെ പുണരുന്നത്. നോമ്പല്ലാകാലങ്ങളിൽ ഞാൻ തിന്ന് തളരുകയാണല്ലോ. ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എല്ലാകാലത്തും വിശക്കുന്ന ലക്ഷങ്ങൾ ഉണ്ടല്ലോ. അയാളുടെ മനസ്സിലേക്ക് ദൈവഭക്തിയും നന്ദിയും പടികടന്നെത്തും. അതെ," നിങ്ങൾ നോമ്പനുഷ്ഠിക്കുക, നിങ്ങൾ സൂക്ഷ്മതയുള്ളവരാവാൻ വേണ്ടി". നോമ്പുകൊണ്ട് അല്ലാഹു നിങ്ങളെ കഷ്ടപ്പെടുത്താൻ കരുതുന്നില്ല. മറിച്ച് നിങ്ങളിൽ എളുപ്പം വിളയിച്ചു തരികയാണ്. ഏറ്റവും പ്രിയപ്പെട്ട പുന്നാര നോമ്പേ വരൂ കീഴടക്കൂ, സ്ഫുടം ചെയ്യൂ!





