തിരുനബി, അനുചരർക്കൊപ്പമിരിക്കുമ്പോൾ മത കാര്യങ്ങള്‍ പഠിപ്പിക്കാന്ജിബ്രീൽ മാലാഖ മനുഷ്യരൂപത്തില്‍ വന്ന സംഭവം നബിവചന ഗ്രന്ഥങ്ങളിൽ സുപ്രസിദ്ധമാണ്. നബിവചന സമാഹർത്താക്കളായ ഇമാം ബുഖാരിയും ഇമാം മുസ്ലിമും ആ സംഭവം വിവരിച്ചിട്ടുണ്ട്. തിരുനബിയുടെ ചാരത്തു വന്നിരുന്ന ജിബ്രീല്‍ ഈമാന്‍, ഇസ്ലാം എന്നിവയെക്കുറിച്ച് ചോദിച്ചു. തിരുനബി അതൊക്കെ പഠിപ്പിച്ചു കൊടുത്തു. അപ്പോള്‍ ചോദ്യം ഇഹ്സാനിനെക്കുറിച്ചായി. ആറ് ഈമാൻ കാര്യങ്ങളില്‍ വിശ്വസിക്കുകയും ഇസ്ലാം കാര്യങ്ങളിലെ അഞ്ച് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇഹ്സാന്‍ അഥവാ ആത്മാര്‍ഥത.
തിരുനബിയുടെ മറുപടി ഇപ്രകാരമായിരുന്നു: “അല്ലാഹുവിനെ മുന്നില്‍ കാണുന്ന വിധമാകണം നിൻ്റെ ആരാധനകൾ. നീ അവനെ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നുണ്ട് എന്ന ധാരണയുണ്ടാകണം.”
രണ്ട് കാര്യങ്ങളാണ് തിരുനബി പഠിപ്പിക്കുന്നത്. ഒന്ന്: ആരാധന നിർവഹിക്കുന്നത് യജമാനനെ മുന്നില്‍ കണ്ട്കൊണ്ടായിരിക്കണം. മുതലാളി ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊഴിലാളിയുടെ ജോലിയില്‍ ആത്മാര്‍ഥത കാണുമല്ലോ. അതുപോലെ അല്ലാഹുവിനെ മുമ്പില്‍ കണ്ട്കൊണ്ട് വണങ്ങുമ്പോള്‍ അത് നിഷ്കളങ്കമായിരിക്കും. ഈ സൂക്ഷ്മമായ ഭാവം സാധാരണ വിശ്വാസിക്ക് സമ്പൂർണമായി സാധ്യമാകാത്തതാണ്.
രണ്ടാമത്തേത് വിശ്വാസത്തിൻ്റെ ഉന്നത തലങ്ങൾ കൈവരിക്കാത്തവർക്കുള്ളതാണ്. അഥവാ ഉടമസ്ഥനായ അല്ലാഹു സൃഷ്ടികളെ വീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്ന ധാരണയിൽ ആരാധന നിർവഹിക്കുക. ഈ ധാരണയുണ്ടാകുമ്പോഴും ഹൃദയം ഭക്തികൊണ്ട് പ്രശോഭിതമാകും.
സല്‍സ്വഭാവം, ഭക്തി, ആദരവ്, ഉപാസന തുടങ്ങിയ സര്‍വ്വ ഗുണങ്ങളും ആത്മാവിനെ ആശ്രയിച്ചാണ് നിലകൊളളുന്നത്. അതിന്റെ വാഹിനി മാത്രമാണ് ശരീരം. ദേഹി സംസ്ക്കരിക്കപ്പെടുമ്പോള്‍ ദേഹം നന്നായിത്തീരുന്നു.
ദേഹിയുടെ മോഹങ്ങള്‍ക്കും താല്പര്യങ്ങള്ക്കും അടിമപ്പെടാതെ അകന്ന് കഴിയുകയും ദുര്ഗുണങ്ങളില് നിന്ന് ദേഹിയെ സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ നന്മ കണ്ണ്, കാത്, കൈ, കാല് തുടങ്ങിയ അംഗങ്ങളിലൂടെ പ്രകടമാകുന്നു. അതുകൊണ്ടാണ് ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ ആത്മസംസ്ക്കരണം ഊന്നിപറഞ്ഞത്.
ഹൃദയം ശുദ്ധീകരിക്കുമ്പോഴാണ് ആ സംസ്കരണം സഫലമാകുന്നത്. ആത്മസംസ്കരണത്തിലൂടെ മനുഷ്യന് ഔന്നത്യത്തിന്റെയും പരിശുദ്ധിയുടേയും പടവുകളിലെത്തുന്നു.
ഹൃദയത്തിന്റെ ഗുണങ്ങളായ ഭയം, ഭക്തി, പശ്ചാത്താപം, പ്രതീക്ഷ, മോഹം, സ്നേഹം, താഴ്മ, വിനയം എന്നിവയെക്കുറിച്ചെല്ലാം ഖുര്‍ആൻ വിവിധ സ്ഥലങ്ങളില്‍ പരാമർശിക്കുന്നുണ്ട്. ആ അധ്യാപനങ്ങള്‍ ഉള്‍കൊണ്ട് ഹൃദയം നന്നാക്കുമ്പോഴേ മനുഷ്യന് നന്നാവുകയുളളൂ. ആ ദൗത്യമാണ് തിരുനബി നിർവഹിച്ചത്. തിരുനബിയുടെ ഏത് ഉപദേശം പരിശോധിച്ചാലും മനുഷ്യകുലത്തെ ആത്മീയ പുരോഗതിയുടെ ഉന്നതങ്ങളിലെത്തിക്കാന് ഉതകുന്നത് മാത്രമേ കാണുകയുള്ളൂ. ഉദാഹരണമായി ഒരു നബിവചനം നോക്കൂ:
“നിശ്ചയം, ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാല്‍ ശരീരമാസകലം ദുഷിച്ചതു തന്നെ. അറിയുക. അത് ഹൃദയമത്രേ” (സ്വഹീഹുൽ ബുഖാരി) “നിശ്ചയം, അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ നോക്കുകയില്ല. പ്രത്യുത നിങ്ങളുടെ ഹൃദയങ്ങളിലേക്കാണവന്‍ നോക്കുന്നത്’. (സ്വഹീഹു മുസ്ലിം) ചുരുക്കത്തില്‍ ചെളിപുരണ്ട വസ്ത്രം ധരിച്ച് ജനമദ്ധ്യേ വരാന്‍ വെറുക്കുന്നത് പോലെ മാലിന്യം പുരണ്ടഹൃദയത്തോടെ അല്ലാഹുവിനെ സമീപിക്കാനും ലജ്ജിക്കണം.
തിരുനബി ശിഷ്യരെ സംസ്കരിച്ചത് ഹൃദയശുദ്ധീകരണത്തിലൂടെയായിരുന്നു. അങ്ങനെയാണവർ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നത്. നക്ഷത്രതുല്യരായി മാറിയത്. ഭൗതിക കാര്യങ്ങള്‍ക്കും ജീവിത വിഭവങ്ങളൊരുക്കുന്നതിനും പ്രത്യേക പ്രചോദനം നൽകേണ്ടതില്ല. കാരണം മനുഷ്യന് പ്രകൃത്യാ അതിനു സന്നദ്ധനാണ്. ആത്മീയ പരിപോഷണത്തിന് നിരന്തരം പ്രചോദനവും ഉപദേശവും ആവശ്യമാണ്. ആ ഭാവങ്ങളാണ് തിരുനബിയുടെ ഉപദേശങ്ങളിലും ലിഖിതങ്ങളിലും കാണാനുളളത്. ഹൃദയ ശുദ്ധി കൈവരിച്ച് ആത്മചൈതന്യം നേടാന്‍ നിരവധി ഉപദേശങ്ങള്‍ തിരുനബി നല്‍കിയിട്ടുണ്ട്.
തനിക്കാവശ്യമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രമേ ഒരാള്‍ പൂര്‍ണ്ണ മുസ്ലിമാവുകയുളളൂ. അനുവദനീയമോ നിഷിദ്ധമോ എന്ന് സംശയമുളള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ സംശയമില്ലാത്തതിലേക്ക് നീങ്ങുക.
സ്നേഹം, കോപം തുടങ്ങിയവ അല്ലാഹുവിന് വേണ്ടി മാത്രമാവുക തുടങ്ങി ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ തിരുനബി പ്രസ്താവിച്ചത് ഹൃദയ ശുദ്ധീകരണത്തിന് വേണ്ടിയാണ്.
ഹൃദയത്തിന് ശാശ്വത സമാധാനം കൈവരുന്നത് പാരത്രിക വിജയം ഉറപ്പുവരുമ്പോള്‍ മാത്രമാകുന്നു. അതാകട്ടെ നരകത്തിനു മുകളില്‍ സ്ഥാപിച്ച സ്വിറാത്വു പാലം വിട്ടു കടക്കാതെ ഉറപ്പിക്കാനാവുന്നതല്ല. അതിനാല്‍ സത്യവിശ്വാസിയുടെ ഹൃദയം അല്ലാഹുവിനെക്കുറിച്ചുള്ള ഭയം നിറഞ്ഞതായിരിക്കുമെന്ന് മുആദു ബിന്‍ ജബൽ പറയുന്നു. (രിസാലത്തുല്‍ ഖുശൈരി).
തസ്വവ്വുഫ് (ആത്മസംസ്കരണം)
തസ്വവ്വുഫ് അഥവാ സൂഫിസം ഇസ്ലാമിനു പുറത്താണെന്ന ധാരണയുണ്ട്. സത്യത്തില്‍ തികഞ്ഞ അജ്ഞതയാണിത്. സൂഫിസം ഇസ്ലാമിന് അന്യമല്ല. തിരുനബിയുടെ പാഠശാലയില്‍ നിന്നാണതിന് അസ്ഥിവാരമിട്ടത്. സൂക്ഷ്മമായ പഠനത്തില്‍ അത് ഖുര്‍ആനിലും നബിവചനങ്ങളിലും പറഞ്ഞത് തന്നെയെന്ന് വ്യക്തമാകുന്നു. കാരണം ആത്മസംസ്കരണവും ഹൃദയശുദ്ധീകരണവും ഭൗതിക വിരക്തിയും ലക്ഷ്യം വെച്ച് വിശുദ്ധ ഖുര്‍ആനില്‍ നിരവധി സൂക്തങ്ങളുണ്ട്. ആത്മസംസ്കരണം എന്നപദം കൊണ്ടുദ്ദേശിക്കുന്ന അതേ ആശയമാണ് തിരുനബിയുടെ ‘ഇഹ്സാന്‍’ എന്ന പ്രയോഗത്തിലൂടെ ഒന്നുകൂടി വിശദമാക്കിയത്.
പ്രമുഖ സൂഫിയായ അബൂനസ്റ് സിറാജ് തന്റെ ഗ്രന്ഥമായ ‘ലുമ്മ’യില്‍ സൂഫികൾ ഖുര്‍ആന്‍ സ്വീകരിച്ചവരും നബിചര്യകള്‍ പിന്‍പറ്റാന്‍ ത്യാഗം ചെയ്യുന്നവരും പ്രവാചകാനുചരർ, പ്രവാചകാനുചരരുടെ ശിഷ്യർ എന്നിവരെ പിന്പറ്റിയവരുമാണെന്ന് വിശദീകരിച്ചശേഷം സൂഫി പ്രമേയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു:
സൂഫികളുടെ പ്രധാന പ്രത്യേകത അനാവശ്യങ്ങള്‍ വര്‍ജ്ജിക്കുക, പരമലക്ഷ്യമായ അല്ലാഹുവിന്റെ തൃപ്തി കൈവരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നത് മുഴുവന്‍ വെടിയുക എന്നിവയാണ്. ഈ ത്യാഗം പരിപോഷിപ്പിച്ചെടുക്കാന്‍ വേണ്ട സഹനശീലത്തിന്റെ അടിസ്ഥാന ശിലകളെക്കുറിച്ച് അദ്ദേഹം പറയുന്നത് കാണുക:
“കുറഞ്ഞ ഭൗതിക സുഖം കൊണ്ട് മതിയാക്കുക. ജീവന്റെ നിലനില്പിനാവശ്യമായ കുറഞ്ഞ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക. സമ്പന്നതയെ വെറുത്ത് ദാരിദ്ര്യം തൃപ്തിപ്പെടുക. ഔന്നത്യവും സ്ഥാനമാനവും മോഹിക്കാതിരിക്കുക. നിസ്തുലവിനയം കാണിക്കുക. കഷ്ടപ്പാടുകള്‍ ത്യാഗമനസ്സോടെ സഹിക്കുക. ദേഹേച്ഛകൾക്ക് വഴങ്ങാതിരിക്കുക. ആരാധനകളില്‍ കഠിനാദ്ധ്വാനം ചെയ്യുക തുടങ്ങിയവ സ്വൂഫികളുടെ മുഖമുദ്രയാണ്” (ലുമ്മ: 11).
തസ്വവ്വുഫ് ജനിക്കുന്നത് തിരുനബിയുടെ ഭാവങ്ങളിലാണ്. ഇസ്ലാമിക നിയമസംഹിതയുടെ പണിപ്പുരയില്‍ മാറ്റുരച്ച് ഉറപ്പു വരുത്താത്തതൊന്നും അതിലില്ല. സൂഫി പ്രമുഖനായ ഇമാം ഖുശൈരി പറയുന്നത് കാണുക: “തസ്വവ്വുഫിന്റെ രൂപീകരണവും ആകെത്തുകയും മതനിയമങ്ങള്‍ സൂക്ഷിച്ചു ജീവിക്കുന്നതിലും നിഷിദ്ധമായതിലേക്കും നിഷിദ്ധമെന്ന് സംശയിക്കപ്പെടുന്നതിലേക്കും കൈനീട്ടാതിരിക്കുന്നതിലുമാണ്. മാത്രമല്ല, ബാഹ്യേന്ദ്രിയങ്ങളെ അരുതായ്മകളില്‍ നിന്ന് മാറ്റിനിർത്തുകയും ശ്വാസോച്ഛാസം വരെ അല്ലാഹുവിന്റെ തൃപ്തിയിലാക്കാന് ശ്രമിക്കുകയും ചെയ്യണം.” (രിസാലത്തുല്‍ ഖുശൈരി 185)
സൂഫി അധ്യാപനങ്ങളുടെ സത്തയിലേക്ക് വിരല്‍ ചൂണ്ടി ശൈഖ് ജീലാനി ഇങ്ങനെ പറഞ്ഞു: സത്യമാര്‍ഗ്ഗം പിന്തുടരുക. പുത്തൻവാദങ്ങൾ ഉണ്ടാക്കരുത്. അല്ലാഹുവിനും റസൂലിനും വഴിപ്പെടുക,, ഭിന്നിക്കരുത്. ആരാധനക്കർഹനായവൻ അല്ലാഹു മാത്രമേയുള്ളൂ എന്ന് ഉള്കൊളളുക, അല്ലാഹു അല്ലാത്തവരെ ആരാധനയിൽ പങ്കുചേർക്കരുത്. സത്യമംഗീകരിക്കുക, സംശയിക്കരുത്. ക്ഷമകൈകൊളളുക, പരിഭ്രാന്തിയിലാകരുത്. സംഘടിക്കുക, ഛിന്നഭിന്നമാകരുത്.’ (ഫുത്തുഹുല് ഗൈബ് 10)
ഇമാം ശാദുലിയുടെ വാക്കുകള്‍ കൂടി കാണുക: ‘അടിമവേലക്ക് ശരീരത്തെ ശീലിപ്പിക്കുകയും അല്ലാഹുവിൻ്റെ നിയമത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക.’
ഇമാം ഗസ്സാലിയുടെ അഭിപ്രായത്തിൽ തസ്വവ്വുഫ് ഉള്‍കൊളളല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമത്രെ. കാരണം ന്യൂനതകളും ചാപല്യങ്ങളും ഇല്ലാത്തവരായി പ്രവാചകന്മാരല്ലാതെ മറ്റാരുമില്ല. (ശര്‍ഹുല്‍ ഹിക്കം : ഇബ്നുഅജീബ 1:7)
സൂഫികളുമായി ബന്ധപ്പെടാനിടവന്നതിനുശേഷം രൂപപ്പെട്ട ആത്മീയോത്കര്‍ഷം എങ്ങനെയെന്ന് ജീവിതാനുഭവത്തില്‍ നിന്ന് ഇമാം ഗസ്സാലി വിവരിക്കുന്നത് കൂടി കാണുക:
‘എന്റെ ജീവിതാരംഭത്തില്‍ സന്മാർഗികളുടെ സ്ഥിതി വിശേഷങ്ങളും അല്ലാഹുവിനെ അടുത്തറിഞ്ഞവരുടെ സ്ഥാനമാനങ്ങളും നിഷേധിച്ചിരുന്നു. അങ്ങനെ എന്റെ ആത്മീയഗുരു യൂസുഫുന്നസാജുമായി കണ്ടുമുട്ടാനിടയായി. അദ്ദേഹം കഠിനയജ്ഞത്തിലൂടെ എന്റെ മനസ് തെളിയിച്ചു. പല ഭാഗ്യങ്ങളും എന്റെ മനസ്സിനെ കടാക്ഷിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ അല്ലാഹുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചു. അവന് എന്നോട് കല്പിച്ചു: ‘അബൂഹാമിദ്, നിന്റെ ജോലികള്‍ ഉപേക്ഷിക്കുക. എന്റെ തിരുനോട്ടത്തിനു വിധേയരായ ചില ദാസന്മാരെ ഭൂമിയില്‍ നിയോഗിച്ചിട്ടുണ്ട്. എന്റെ പ്രീതിക്കു വേണ്ടി ഇഹലോകം വിറ്റവരാണവര്‍. അവരുമായി സമ്പര്‍ക്കപ്പെടുക.’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവേ, അവരെക്കുറിച്ച് സദ്വിചാരം എനിക്ക് തന്നാലും.’ ‘ഭൗതിക പ്രേമമാണ് നിന്നെ അവരുമായി അകറ്റുന്നത്. ഇഹലോകത്ത് നിന്ന് നിന്ദ്യനായി ഇറങ്ങി പോകാനിടവരുന്നതിന് മുമ്പ് തന്നെ തന്നിഷ്ടപ്രകാരം തിരിച്ചുപോരുക.’
ഞാന്‍ സ്വപ്നത്തില്‍ നിന്നെഴുന്നേറ്റു. സന്തോഷവാനായി ശൈഖിനെ സമീപിച്ചു. സംഭവങ്ങളെല്ലാം വിശദീകരിച്ചു. അദ്ദേഹം പുഞ്ചിരി തൂകി പറഞ്ഞു: തുടങ്ങിയതേയുളളൂ. നമ്മുടെ സമ്പര്‍ക്കം സുദൃഢമായാല്‍ അല്ലാഹുവിന്റെ ശക്തിയാകുന്ന അഞ്ജനം കൊണ്ട് നിന്റെ നേത്രങ്ങള്‍ സുറുമയെഴുതപ്പെടും.’ (ശഖ്സ്വിയ്യാതുസ്വൂഫിയ: അബ്ദുല്‍ ബാഖി സുറൂര്‍ 154)
ചുരുക്കത്തില്‍ തസ്വവ്വുഫ് പ്രവാചക നിര്‍ദ്ദേശങ്ങളും നിദര്ശനങ്ങളും മാത്രമാകുന്നു. പരമമായ അനുരാഗത്തിന്റെ സാക്ഷാത്കാരവും പരീക്ഷണങ്ങളുടെ അഗ്നിപഥവുമാകുന്നു. സ്വര്‍ഗ്ഗവും റബ്ബിന്റെ തൃപ്തിയുമാണ് ലക്ഷ്യം. അനാചാരങ്ങള്‍ക്കും തിന്മകള്ക്കും അവിടേക്ക് പ്രവേശനമില്ല. സൂഫികൾ തിരുനബിയുടെ പര്‍ണ്ണശാലയിലെ ശിഷ്യന്മാര് മാത്രം. ഇസ്ലാമിന് വിരുദ്ധമായതൊന്നും അവര്‍ ചെയ്യുന്നില്ല.
സൂഫികള്‍
തിരുനബിയുടെ ആത്മീയഭാവത്തിന്റെ പകർപ്പാണ് തസ്വവ്വുഫ് എങ്കില്‍ എന്തുകൊണ്ട് സൂഫി എന്ന നാമം പ്രവാചകാനുചരർ സ്വീകരിച്ചില്ല. സൂഫി ഗുണങ്ങള്‍ ഏറ്റവും കൂടുതല്‍ ഒത്തുചേര്‍ന്നവരായിരുന്നല്ലോ സ്വഹാബികള്‍. എന്നിട്ടും ‘സ്വഹാബി’ എന്ന പേരിലാണല്ലോ അവരറിയപ്പെട്ടത്. ഈ സംശയത്തിനു ഇമാം ഖുശൈരി പറയുന്ന മറുപടി ഇതാണ്: ‘ തിരുനബിയുടെ സഹവാസം കൊണ്ട് അനുഗൃഹീതരായ ജനങ്ങള്‍ക്ക് ആ സഹവാസത്തിനേക്കാള്‍ വലിയ ഒരു വിശേഷണം വേറെയില്ലാത്തതിനാല്‍ ആ ബന്ധത്തെ അറിയിക്കുന്ന ‘സ്വഹാബി’ എന്ന അപരനാമത്തിലറിയപ്പെട്ടു. പിന്നീട് സ്വഹാബിമാരുടെ സഹവാസം ലഭിച്ചവര്‍ ‘താബിഉകള്‍’ എന്നും അവരെ തുടന്നവര്‍ ‘താബിഉതാബിഅ്’ എന്നും അറിയപ്പെട്ടു.
പിന്നീട് അങ്ങനെയൊരു സ്ഥാനം നല്‍കാനില്ലാതെയായപ്പോള്‍ മതകാര്യങ്ങളില്‍ കൂടുതല്‍ നിഷ്കര്‍ഷത പാലിച്ചു വന്നവര്‍ സാഹിദുകള്‍, ആബിദുകള്‍ എന്നീ പേരുകളിലറിയപ്പെട്ടു. പില്കാലത്ത് മതരംഗത്ത് പുത്തൻവാദങ്ങളും വിഭാഗീയതയും വളര്‍ന്നു വന്നു. ഓരോ വിഭാഗവും സാഹിദ് എന്ന നാമത്തില്‍ അവകാശ തര്‍ക്കമുന്നയിക്കാന്‍ തുടങ്ങി. അപ്പോഴാണ് പ്രവാചകചര്യകളെയും പ്രവാചകാനുചരരുടെ ജീവിതശൈലികളെയും പിന്തുടരുന്ന സുന്നീധാരയിലെ ഉന്നതരും ഹൃദയശുദ്ധിയുളളവരും ശ്വാസോച്ഛ്വാസം വരെ അല്ലാഹുവിന്റെ പ്രീതിക്കു ചലിപ്പിക്കാന്‍ പ്രാപ്തരുമായ മഹാന്മാരെ സൂഫി എന്ന നാമത്തില്‍ വിളിക്കാന്‍ തുടങ്ങിയത്. ആത്മസംസ്കരണത്തിന്റെ ഉത്തുംഗതയിലെത്തിയ ആ മഹാത്മാക്കള്‍ക്ക് ഹിജ്റ 200 ന് മുമ്പ് തന്നെ ഈ പേര് പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. (രിസാലത്തുല്‍ ഖുശൈരി. പേജ് 7)
പ്രസിദ്ധ ചരിത്ര പണ്ഢിതന് ഇബ്നുഖല്ദൂന് അദ്ദേഹത്തിൻ്റെ വിശ്വപ്രസിദ്ധ രചനയായ മുഖദ്ദിമയില്‍ പറയുന്നത് ശ്രദ്ധിക്കുക: മതപരമായ വിജ്ഞാനങ്ങളില്‍ സമൂഹത്തില്‍ പിന്നീടുണ്ടായതാണ് തസ്വവ്വുഫ്. സൂഫികളുടെ ശൈലിയും ത്വരീഖത്തും (ഒരു വിശ്വാസി തന്റെ സ്രഷ്ടാവിലേക്ക് എത്തുന്നതിനായി സ്വീകരിക്കുന്ന ആത്മീയ പാതയാണ് ത്വരീഖത്ത്), മുന്‍ഗാമികളുടെയും സ്വഹാബികള്‍, താബിഉകള്‍, ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ ഗവേഷണം നടത്തിയ സൂക്ഷ്മജ്ഞാനികൾ എന്നിവരില്‍ പ്രമുഖരുടെയും ജീവിതത്തിലുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനം ആരാധനയും പരിത്യാഗവുമാണ്. ഭൗതിക താല്പര്യങ്ങളില് നിന്നകന്ന് പൂര്‍ണ്ണമായും സുഖഭോഗങ്ങള്‍ ഒഴിവാക്കി വിരക്തിയില്‍ ജീവിക്കലാണ്. ഇതാകട്ടെ സ്വഹാബത്തിലും മുൻഗാമികളിലും പ്രത്യക്ഷമായിരുന്നു. പില്ക്കാലത്ത് ഈ ധാരയില്‍ നിന്ന് ജനങ്ങളകന്നപ്പോള്‍ രണ്ടാം നൂറ്റാണ്ടിലും അതിനുശേഷവും ഭൗതിക ജീവിതത്തിൽ നിന്നകന്ന് ആരാധനകളുമായി കഴിഞ്ഞു കൂടുന്നവര്‍ സൂഫികള്‍ എന്ന പേരിലറിയപ്പെട്ടു.
സൂഫി തത്വങ്ങള്‍
സുപ്രധാനവും മൗലികവുമായ അടിത്തറകളിലാണ് സൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന് നന്നായിത്തീരും. അത് നേടിയെടുക്കാന്‍ നടത്തുന്ന ത്യാഗവും സമരവുമാണ് മുജാഹദഃ. അതുപദേശിക്കുന്നവരാണ് ഗുരുക്കന്മാര്. വലിയ്യുകള്‍, സാഹിദുകള്‍, സൂഫികൾ, ശൈഖുമാര്‍ എന്നീ അപരനാമത്തിലറിയപ്പെടുന്നവര്‍.
ആത്മീയാചാര്യന്മാരായ ഗുരുക്കളിലൂടെ തിരുനബിയുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ആത്മശുദ്ധിയുടെ വഴി.
ഒരു ഉദാഹരണത്തിലൂടെ ഈ വസ്തുത നമുക്ക് മനസ്സിലാക്കാം: പ്രഭാതത്തില്‍ സൂര്യനുദിക്കുന്നതോടെ സന്ധ്യയുടെ ഇരുള് നീങ്ങുന്നു. രാത്രിയില്‍ പ്രകാശമില്ലാതെ നാം ഒന്നും കാണുന്നില്ല. ഇരുള്‍ഭയം മാത്രം ബാക്കി. സൂര്യപ്രകാശത്തില്‍ നാം സര്‍വ്വ വസ്തുക്കളെയും കാണുന്നു. എങ്കിലും നമ്മുടെ നഗ്നദൃഷ്ടിയില്‍പ്പെടാത്ത ധാരാളം വസ്തുക്കള്‍ അന്തരീക്ഷത്തിലുണ്ട്. അണുക്കള്‍, കീടങ്ങള്‍, ചെറുപ്രാണികള്‍ തുടങ്ങിയവയെ സൂര്യനുദിച്ച് പ്രകാശം പരന്നിട്ടും കാണുന്നില്ല. എന്നാല്‍ സൂര്യപ്രകാശം ദര്‍പ്പണത്തിലേക്കു പതിപ്പിക്കുകയും ദര്‍പ്പണത്തിലൂടെ പ്രതിഫലിപ്പിക്കുന്ന പ്രകാശത്തില്‍ നോക്കുകയും ചെയ്താല്‍ കീടങ്ങളെ കണ്ടുപിടിക്കാൻ കഴിയുന്നു.
ഇതുപോലെ പ്രവാചകന്മാരുടെ പരമ്പരയിലെ സൂര്യഗോളമായ തിരുനബിയുടെ സന്ദേശങ്ങള്‍ സ്വീകരിച്ച വിശ്വാസിയുടെ ഹൃദയം അന്ധകാരം നീങ്ങി ദൈവിക പ്രകാശം കൊണ്ട് പ്രഭാപൂരിതമായിട്ടുണ്ട്. എങ്കിലും ആ ഹൃദയത്തില്‍ അടിഞ്ഞു കൂടിയ നിരവധി കീടങ്ങളും ബാക്ടീരിയകളുമുണ്ട്. അഹങ്കാരം, അസൂയ, ലോകമാന്യം, വെറുപ്പ്, ദേഷ്യം, പക തുടങ്ങിയവയാണത്. ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുകയില്ല. സ്വഹാബികളും താബിഉകളും പ്രവാചക സഹവാസമെന്ന മഹാഭാഗ്യം കൊണ്ട് ഈ ശേഷി നേടിയെടുത്തു. പിന്‍ഗാമികള്‍ക്കത് കണ്ടുപിടിച്ചു ചികിത്സിച്ചു സുഖപ്പെടുത്താനുളള എളുപ്പ വഴി തിരുനബിയുടെ സന്ദേശങ്ങള്‍ ആത്മീയ ഗുരുക്കന്മാരാകുന്ന കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുകയാണ്. ആ ദര്‍ശനം വഴി നേടിയെടുക്കുന്നത് ആത്മശുദ്ധീകരണമാണ്.
ആത്മീയ ഗുരുക്കള്‍ക്ക് ആവേശം പകരുന്ന ഒരു ഹദീസ് കാണുക. അനസ് ബിൻ മാലിക് പറയുന്നു: ‘തിരുനബി എന്നെ വിളിച്ചു ഉപദേശിച്ചു. എന്റെ കുഞ്ഞുമോനേ, പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു മനുഷ്യനോടും യാതൊരു വെറുപ്പും നിന്റെ മനസ്സിലില്ലാതെ ജീവിക്കാന്‍ കഴിയുമെങ്കില്‍ നീ അത് ചെയ്യുക. അതെന്റെ ചര്യയാണ്. എന്റെ ചര്യ പുനരുജ്ജീവിപ്പിക്കുന്നവന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.’ (തിര്‍മുദി)
ഭൗതിക വിരക്തിയില്‍ പൂര്‍ണ്ണത പ്രാപിച്ചു കൊണ്ടാണ് ഈ നബിചര്യ പുനരുജ്ജീവിപ്പിക്കാന്‍ സൂഫീ ലോകത്തിന് കഴിഞ്ഞത്. ജനസ്വാധീനവും അധികാരമോഹവും ഭൗതിക പ്രേമവും കുടികൊളളുന്ന ഹൃദയത്തില്‍ ഈ ചര്യ പ്രവേശിക്കുകയില്ല. (അവാരിഫുല്‍ മആരിഫ് 303)
ആത്മശുദ്ധി നേടുന്നതിന് കഠിനാധ്വാനം ചെയ്യുന്ന മുജാഹദഃ യെക്കുറിച്ചുള്ള ചിത്രം ഇങ്ങനെയാണ്: അല്ലാഹുവില്‍ നിന്ന് മനുഷ്യനെ അകറ്റുന്ന നാല് പ്രതികളുണ്ട്. മനസ്സ്, ദുന്യാവ്, പിശാച്. സൃഷ്ടികള്‍.
ഇവ നാലും വ്യത്യസ്ത ശൈലിയില്‍ മനുഷ്യന്റെ പ്രയാണത്തിന്ന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നു. ഇവയില്‍ ഒന്നാംപ്രതി മനസ്സാണെന്ന് തിരിച്ചറിയലും സ്വന്തം പോരായ്മകള്‍ കണ്ടെത്തി തിരുത്താനുള്ള ആര്‍ജവം നേടലുമാണ് ആത്മസമരത്തിന്റെ ഒന്നാംഘട്ടം.
ഈ ഘട്ടം വിജയകരമായി നേരിട്ടാല്‍ പിന്നീടുളള പ്രയാണത്തില്‍ പിശാച് നിരന്തരം പിഴപ്പിക്കാനും പീഡിപ്പിക്കാനും ശ്രമിക്കും. ആ സന്ദര്‍ഭത്തിലാണ് ശൈഖിന്റെ പിന്‍ബലം ഉണ്ടായിരിക്കേണ്ടത്. പ്രസിദ്ധ സൂഫി ചിന്തകനായ ഇബ്നു അജീബ പറയുന്നത് കാണുക: ‘നേര്‍മാര്‍ഗ്ഗം തേടുന്നവര്‍ക്ക് മുജാഹദഃ ചെയ്തേ ശോഭിക്കാന്‍ കഴിയൂ. ആരംഭം ശുഭമായാല്‍ അവസാനവും ശുഭം തന്നെ. അലസതയും വീഴ്ചയും കൈവെടിഞ്ഞ് അത്യധ്വാനം ചെയ്യുന്നവര്‍ക്കേ വിജയ പ്രതീക്ഷയുളളൂ.’ (ഈഖാളുല് ഹിമമം 2:370)
അല്ലാഹുവിനോടുളള പരമമായ പ്രേമമാണല്ലോ സ്വൂഫി തത്വങ്ങളില്‍ ഒന്നാമത്തേത്. ഇത് സാധിച്ചെടുക്കുന്നതിന് നിരന്തര ത്യാഗം ചെയ്യുന്നവരാണ് വഴികാട്ടികളായ ആത്മീയ ഗുരുക്കന്മാര്. നിരവധി അഗ്നി പരീക്ഷകള്‍ അവര്‍ നേരിടുന്നു.
സൂക്ഷ്മതയാണ് ആത്മീയ ഗുരുക്കന്മാരുടെ ജീവിതത്തിലെ പ്രധാന ധര്‍മ്മങ്ങളിലൊന്ന്. തിരുനബിയുടെ പാഠശാലയില്‍ നിന്ന് പകര്‍ത്തിയ ജീവിതചര്യകൾ ഒന്ന് പോലും ചോർന്നുപോകാതെ അതീവ ജാഗ്രതയോടെ അനുഷ്ഠിക്കുന്നതോടൊപ്പം തന്നെ, അവ സ്വന്തം ശരീരത്തിന് പ്രയാസകരമല്ലാത്ത വിധം ലളിതമായി ശീലിക്കുകയും ചെയ്യുക എന്നത് ഔലിയാക്കളുടെയും സൂഫികളുടെയും ജീവിതം പഠിക്കുന്ന ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ്. ചില ഉദാഹരണങ്ങൾ താഴെ നൽകുന്നു:
മിമ്പറുകളില്‍ നിന്ന് പോലും സൂഫി ദര്‍ശനങ്ങള്‍ പ്രബോധനം ചെയ്ത മഹാനായ സാഹിദാണ് ശിബ്ലി നുഅ്മാന്. ആത്മീയഗുരുവായ ശിബ്ലിയുടെ മരണസമയത്തെ സ്ഥിതിവിശേഷമെന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പരിചാരകനോട് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി: ‘അദ്ദേഹത്തിന്റെ ശബ്ദം നിലച്ചു. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായപ്പോള്‍ അംഗശുദ്ധി ചെയ്തു കൊടുക്കണമെന്ന് ആംഗ്യഭാഷയില്‍ എന്നെ അറിയിച്ചു. ഞാന്‍ അംഗശുദ്ധി ചെയ്തുകൊടുത്തു. പക്ഷേ, അദ്ദേഹത്തിന്റെ ഇടതൂര്‍ന്നു വളര്‍ന്ന താടി തിക്കകറ്റി കൊടുക്കുവാന്‍ ഞാന്‍ മറന്നു പോയി. ഉടനെ എന്റെ കൈ പിടിച്ചു താടിയിലേക്ക് നീക്കി. ഞാന്‍ ആ പ്രവാചകചര്യ ഗുരുവിന് നിര്‍വ്വഹിച്ചു കൊടുക്കുകയും ചെയ്തു’. (അവാരിഫ് 317)
ശൈഖ് ജിലാനി ഒരു രാത്രിയില്‍ നാല്പത് തവണ കുളിച്ചതും നബിചര്യ സൂക്ഷിച്ചതിന്റെ ഉദാഹരണമാണ്. രാത്രിയില്‍ വലിയ അശുദ്ധിയായാല്‍ ഉടനെ കുളിച്ചു ശുദ്ധി വരുത്തല്‍ നിര്‍ബന്ധമില്ല. എങ്കിലും നബിചര്യയാണ്. പ്രഭാത നിസ്ക്കാരത്തിനു മുമ്പ് കുളിക്കലേ നിര്‍ബന്ധമുളളൂ. എന്നിട്ടും സ്ഖലനം വഴി അശുദ്ധിയുണ്ടായ ഉടനെ ശൈഖ് ജീലാനി കുളിച്ചു. വീണ്ടും അശുദ്ധിയുണ്ടായി, വീണ്ടും കുളിച്ചു. ഈ പരീക്ഷണം നാല്പതു തവണ ആവര്‍ത്തിച്ചു. ശൈഖവര്‍കള്‍ വിജയിച്ചു.
തിരുചര്യകൾ പാലിച്ചു ശരീരമൊതുക്കി ആത്മീയത ഉള്‍കൊണ്ട മഹാത്മാക്കളില്‍ പ്രമുഖയാണ് നഫീസത്തുല്‍ മിസ്വ്രിയ്യഃ. മക്കയില്‍ ജനിച്ച് മദീനയിൽ വളര്‍ന്ന് ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ത്ത മഹതിയുടെ ജീവിതം ജനങ്ങള്‍ക്ക് ഇസ്ലാമിക പ്രഭ ചൊരിയുന്നതായിരുന്നു.
നോമ്പും നിസ്ക്കാരവും ഖുര്‍ആന്‍ പാരായണവുമായി കഴിഞ്ഞു കൂടിയ മഹതി സ്വന്തം കരങ്ങള്‍ കൊണ്ട് ഖബര്‍ കുഴിക്കുകയും അതിലിറങ്ങിയിരുന്നു 190 പ്രാവശ്യം ഖുർആൻ സമ്പൂർണ പാരായണം നടത്തുകയും ചെയ്തിരുന്നു. മരണാസന്നയായി കിടക്കുമ്പോള്‍ നോമ്പുകാരിയായിരുന്നു. നോമ്പു മുറിക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. ‘കഴിഞ്ഞ മുപ്പത് വര്‍ഷമായി എന്നെ നോമ്പുകാരിയായി മരിപ്പിക്കണമന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാർഥിക്കുന്നു. അതിനവസരം കിട്ടിയതാണിപ്പോള്‍. എന്നിട്ട് ഞാനീ നോമ്പ് മുറിക്കുകയോ, അതൊരിക്കലുമില്ല.’ (നൂറുല്‍ അബ്സ്വാര്‍)
ചുരുക്കത്തില്‍, ഔലിയാക്കളും ശൈഖുമാരും സൂഫികളും തിരുനബിയുടെ ആത്മീയ ഭാവങ്ങളില്‍ നിന്നകന്നവരല്ല; കൂടുതല്‍ അടുത്തവരാണ്. വെട്ടിപ്പും തട്ടിപ്പുമായി നടന്ന് ഭൗതിക സുഖങ്ങളില്‍ മുഖം കുത്തിയവരല്ല; ആത്മത്യാഗം ചെയ്തവരാണ്. നിർബന്ധ കർമങ്ങളും പ്രവാചകചര്യകളും ഒഴിവാക്കി സുഖിച്ചു വിലസിയ അലസന്മാരല്ല; പട്ടിണി കിടന്നും ഉറക്കമൊഴിച്ചും കഷ്ടപ്പെട്ട് ആരാധിച്ചവരാണ്.
ആത്മീയ ബന്ധം
ആത്മീയാചാര്യരുമായി ബന്ധം സ്ഥാപിക്കൽ വിശ്വാസിയുടെ ആത്മപരിപോഷണത്തിനും സംരക്ഷണത്തിനും അനിവാര്യമാണ്. വിശ്വാസം സംരക്ഷിക്കാനും ജീവിതത്തില്‍ സംതൃപ്തിയും സൂക്ഷ്മതയും കൈവരിക്കാനും ഇതാവശ്യമാണ്. ഇമാംഗസ്സാലി പറയുന്നതിങ്ങനെയാണ്; ‘സന്മാര്ഗ്ഗത്തില് പ്രവേശിക്കുന്നവന് വഴികാട്ടി അത്യാവശ്യമാണ്. ദുസ്വഭാവം നിര്‍മ്മാര്‍ജ്ജനം ചെയ്ത് സല്സ്വഭാവിയാക്കിയെടുക്കുന്ന ഗുരു. അവരാണ് ശിഷ്യരെ പടിപടിയായി വളര്‍ത്തിയെടുക്കുന്ന ‘മുറബ്ബിയായ ശൈഖുമാര്‍’. കൃഷിയെ പരിപാലിക്കുന്ന കര്‍ഷകനെപ്പോലെയാണ് മുറബ്ബിയായ ഗുരു. കൃഷിയില്‍ വളരുന്ന കള, കല്ല്, പുല്ല്, ചപ്പുചറുകളെല്ലാം എടുത്ത് നീക്കി, കൃഷിയെ പരിചരിച്ച് പലതവണ വെളളം നൽകി സംരക്ഷിക്കുന്നതിന് ഒരു കര്ഷകന് അനിവാര്യമാണെന്നതുപോലെയാണ് ‘മുറബ്ബിയായ ശൈഖുമാര്‍’. ജനമനസ്സുകളില്‍ മുളച്ചു പൊന്തുന്ന കളകള്‍ പറിച്ചു നീക്കി വിശ്വാസത്തിൻ്റെ ചെടി സംരക്ഷിക്കുന്നവര്‍. അതിനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. അന്ത്യ പ്രവാചകന് തിരുനബി വഫാത്താകുമ്പോള് ഈ ദൗത്യനിര്‍വ്വഹണത്തിന് ഖലീഫമാരെ നിയോഗിച്ചു. അവര്‍ അടുത്ത തലമുറയെയും. അന്ത്യനാള്‍ വരെ ഇതു തുടര്‍ന്നു കൊണ്ടിരിക്കുന്നു.’ (ഇഹ്യ 3:55)
ലോകത്ത് ഒട്ടു മുക്കാല്‍ ഉല്പന്നങ്ങളിലും മായം ചേര്‍ക്കപ്പെട്ടതുപോലെ ശൈഖുമാരിലും മായം കലർന്നിട്ടുണ്ട്. യഥാര്‍ഥ ഗുരുക്കന്മാരെയാണ് കണ്ടെത്തേണ്ടത്. ഭക്തരും ശുദ്ധരും സാത്വികരുമായവരെ. തട്ടിപ്പിന്റെ വിവിധ മുഖങ്ങള്‍ സ്വീകരിച്ച് മയക്കുമരുന്നും മയക്കുമന്ത്രവും കൈമുതലാക്കിയ കള്ളനാണയങ്ങള്‍ ധാരാളം മാർക്കറ്റിലിറങ്ങിയിട്ടുണ്ട്. അവരുമായി അടുക്കുക പോലും ചെയ്യരുത്.
യഥാര്‍ഥ ശൈഖുമാര്‍ ഇസ്ലാമിക പ്രഭ ചൊരിയുന്നവരും അവിശ്വാസം വെറുക്കുന്നവരുമായിരിക്കും. ഭൗതിക നേട്ടങ്ങള്‍ക്ക് അവരുടെ മുന്നില്‍ പ്രസക്തിയില്ല. അവരുമായി ബന്ധപ്പെട്ടു കൊണ്ടാകണം അല്ലാഹുവിലേക്കടുക്കേണ്ടത്.
ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടി ഇബ്നു അത്വാഉല്ലാഹിസിക്കന്തരി പറയുന്നത് ശ്രദ്ധിക്കുക: ‘നേര്വഴിയിലെത്തണമെന്ന് ഉദ്ദേശിച്ചവര്‍ യോഗ്യനായ ശൈഖിനെ അന്വേഷിക്കണം. ദേഹേഛകള്‍ തിരസ്കരിച്ച, ത്വരീഖത്തില്‍ കാലുറച്ച ശൈഖിനെ കിട്ടിയാല്‍ അദ്ദേഹത്തിനു വഴങ്ങി ജീവിക്കണം. ദേഹേച്ഛയുടെ തടവറയില്‍ നിന്ന് യജമാനനായ സ്രഷ്ടാവിൻ്റെ ദര്‍ബാറിലേക്കു നിന്നെ പിടിച്ചുയര്ത്തുന്നവനായിരിക്കണം നീ ഗുരുവായി കൊണ്ടു നടക്കുന്നവന്. അല്ലാഹുവിന്റെ പ്രകാശം ഹൃദയമെന്ന കണ്ണാടിയില്‍ തെളിയിക്കണം.’ (ലത്വാഇഫുല്‍ മിനന്‍ 167)
ആത്മീയ ബന്ധത്തിന്റെ വഴികളിലേക്ക് ഖുര്‍ആന്‍ വെളിച്ചം വീശുന്നത് കാണുക: ‘സത്യവിശ്വാസികളേ, അല്ലാഹുവിനു തഖ്വ ചെയ്യുകയും അവന്റെ സാമീപ്യത്തിനുതകുന്ന മാധ്യമങ്ങളെ അന്വേഷിക്കുകയും അവന്റെ മാര്‍ഗ്ഗത്തില്‍ സമരത്തിനിറങ്ങുകയും ചെയ്യുക, നിങ്ങള്‍ വിജയികളാകുന്നതിന് വേണ്ടി.’ (അല്‍മാഇദ: 35)
അല്ലാഹുവിലേക്കടുക്കാന്‍ ഉപയുക്തമായ മാധ്യമങ്ങള്‍ അന്വേഷിച്ചു സ്വീകരിക്കണമെന്ന് ഈ സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ സല്പന്ഥാവിലേക്കടുപ്പിക്കാന് അത് അത്യാവശ്യമാണ്. ‘ആത്മീയജ്ഞാനമുളള പണ്ഢിത ശ്രേഷ്ഠരും ത്വരീഖത്തിന്റെ ശൈഖുമാരുമാണ് മാധ്യമങ്ങള്‍’ (റൂഹുല്‍ബയാന്‍ 2:388)
‘ജീവിതസുഖാഡംബരങ്ങളില് നിന്നകന്ന് അല്ലാഹുവിന്റെ തൃപ്തിക്കു വിധേയരാകുമ്പോള്‍ ശരീരത്തിന്റെ നിലനില്പിനു ജലം കണക്കെ അവരുടെ ഹൃദയങ്ങളില്‍ സ്നേഹം, അറിവ് തുടങ്ങിയവ നല്‍കുന്നതാണ്. അതു നല്കപ്പെട്ടാല് അവര്‍ക്ക് ആദരവും അനുരാഗവും ഒപ്പം വര്‍ദ്ധിച്ചു കൊണ്ടിരിക്കും. അതിനെത്തുടർന്ന് വീടും കുടുംബവും വെടിഞ്ഞേക്കും. ചിലരുടെ മനസ്സിന്റെ സമനില തന്നെ തെറ്റിയേക്കും. മറ്റു ചിലര്‍ പ്രേമഭാജനത്തെ (അല്ലാഹുവിനെ) തേടി ലഹരിയിലായിരിക്കും.’ (സ്വാവി 4:242)
ആത്മീയ ആചാര്യരെ തേടി ശിഷ്യത്വം സ്വീകരിച്ച് സന്മാര്ഗ്ഗം പുല്കുന്നത് പുതിയ കാര്യമല്ല. പ്രവാചകനായ മൂസ ഖളിറിനെ അന്വേഷിച്ചു കണ്ടെത്തിയ സംഭവം വിശുദ്ധ ഖുര്‍ആനിലും സ്വീകാര്യമായ നബിവചനങ്ങളിലും പറഞ്ഞിട്ടുളളതും സുവിദിതമായതുമാണ്.
പ്രവാചകൻ മൂസ, നബിയും റസൂലുമാണ്. ഖളിര്‍ നബിയോ വലിയ്യോ (അല്ലാഹുവിനെക്കുറിച്ചുള്ള യഥാർത്ഥ ജ്ഞാനം സിദ്ധിക്കുകയും, തന്റെ ഇച്ഛകളെ അല്ലാഹുവിന്റെ തൃപ്തിക്കായി പൂർണമായും സമർപിക്കുകയും ചെയ്തവർ) എന്നതില്‍ പണ്ഡിതർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. നബിയാണെന്ന് വെച്ചാല്‍ തന്നെ പ്രവാചകൻ മൂസയേക്കാള്‍ പദവികുറഞ്ഞവരാണ്. കാരണം മൂസാ നബി റസൂല്‍ കൂടിയാണല്ലോ. എന്നിട്ടും മൂസാ നബിക്ക് അന്നുവരെ ലഭിച്ചിട്ടില്ലാത്ത ചില അദ്ധ്യാത്മിക ജ്ഞാനങ്ങള്‍ ഖളിറിന് അല്ലാഹു നല്‍കിയിരുന്നു. അത് മൂസാനബിക്കു ലഭിക്കുന്നതിനു മുമ്പേയാണ് ഖളിറിനെ സമീപിച്ചതും അദ്ദേഹത്തോടൊപ്പം സഞ്ചാരം നടത്തിയതും. ആ ബന്ധം മൂസാനബിയില്‍ ചില മാറ്റങ്ങളുണ്ടാക്കുകയും ലോക ജനതക്ക് ചില നല്ല പാഠങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
ബീവി നഫീസതുൽ മിസ്രിയ്യ ഈജിപ്തില്‍ താമസമാക്കിയപ്പോള്‍ ഇമാം ശാഫിഈ ഇടക്കിടെ ചെന്ന് പ്രാർഥന നടത്തിപ്പിക്കുമായിരുന്നു. ഇമാം ശാഫിഈക്ക് യാത്ര ചെയ്യാന്‍ കഴിയാതെയായപ്പോള്‍ ബീവിയുടെ അരികിലേക്ക് ആളെ പറഞ്ഞയച്ചു കൊണ്ടാണ് പ്രാർഥന നടത്താൻ ആവശ്യപ്പെട്ടിരുന്നത്. വൈജ്ഞാനിക മണ്ഡലത്തിലെ വെളളിനക്ഷത്രങ്ങളാണ് ഇമാം ശാഫിഈ, ഇമാം അഹ്മദിബ്നു ഹമ്പല്‍ എന്നിവര്‍. പക്ഷേ, ആത്മീയജ്ഞാനത്തില്‍ അഗാധ പാണ്ഡിത്യമുളള മഹാത്മാക്കളെ സന്ദര്‍ശിക്കാന്‍ അവര്‍ മടിച്ചിരുന്നില്ല.
പ്രസിദ്ധ സൂഫിയായ ശൈബാന്‍ റാഇയെ ഇമാം ശാഫിഈ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഒരു കൊച്ചു വിദ്യാര്‍ഥിയെപ്പോലെ അച്ചടക്കത്തോടെ ശൈബാനുറാഇയുടെ മുമ്പിലിരുന്ന് പല വിഷയങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നു. ഇമാം ശാഫിഈയുടെ ആ നടപടിയില്‍ വിഷമം തോന്നിയ ചിലര്‍ ചോദിച്ചു: ‘നിങ്ങളെപ്പോലുളളവര് ഈ കാടന്മാരുടെ സമീപത്ത് വരികയോ?’. ‘അതെ, ഞങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത പല വിജ്ഞാനമുത്തുകളും ഇവരില്‍ നിന്ന് നേടിയെടുക്കാം’. ഇമാം ശാഫിഈ മറുപടി പറഞ്ഞു. ഇമാം അഹ്മദിബ്നു ഹമ്പലും പ്രസിദ്ധ പണ്ഢിതനായ യഹ്യബിന്‍ മുഈനും സൂഫി പ്രമുഖനായ മഅ്റൂഫുല്‍ കര്‍ഖിയെ നിരന്തരം സമീപിക്കാറുായിരുന്നു. (ഇഹ്യ 1-28)
അധ്യാത്മികജ്ഞാനികളുടെ ശിഷ്യത്വവും ഉപദേശങ്ങളുമില്ലാതെ കേവലഗ്രന്ഥങ്ങള് വായിച്ചു നേര്‍മാര്‍ഗ്ഗം പ്രാപിക്കാമെന്നു കരുതുന്നതു വിഡ്ഢിത്തമാണ്. ഇമാം ശഅ്റാനി പറയുന്നത് കാണുക:
‘ശൈഖിനെ സ്വീകരിക്കാതെ ആദ്യകാലങ്ങളിൽ ഞാന്‍ ധാരാളമായി കഠിനാധ്വാനം ചെയ്തു. പ്രശസ്ത തസ്വവ്വുഫ് ഗ്രന്ഥങ്ങളായ രിസാലത്തുല്‍ ഖുശൈരി, അവാരിഫുല്‍ മആരിഫ്, ഖുത്തൂല് ഖുലൂബ്, ഇഹ്യ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ വായിക്കുകയും അതില്‍ കാണുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു ആരാധനകൾ ചെയ്തു യത്നിക്കുകയും ചെയ്തു. എന്നാല്‍ ശരിയായ വഴി അതല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടപ്പോള്‍ ഞാന്‍ ശൈഖിനെ സ്വീകരിക്കുകയുണ്ടായി. വലിയൊരു കവാടം കടക്കാന്‍ ശ്രമിക്കുന്നവന്റെ പ്രതീതി അപ്പോഴെനിക്ക് കൈവന്നു. കവാടം തുറന്നിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. തുറന്നിട്ടുങ്കെില് പ്രവേശിക്കാം. ഇല്ലെങ്കില്‍ തിരിച്ചു പോരാമെന്ന ധാരണയില്‍ പല തവണ കഷ്ടപ്പാട് സഹിച്ച് യാത്ര ചെയ്യുന്നത് അഭികാമ്യമല്ല. കവാട പാറാവുകാരന് ഉണ്ടെങ്കില്‍ അദ്ദേഹത്തോടന്വേഷിച്ച് അദ്ദേഹത്തിൻ്റെ നിര്‍ദ്ദേശപ്രകാരം കവാടത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ അധ്വാനം കുറയുകയും കാര്യം നടക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് ശൈഖില്ലാത്തവന്റെയും സ്ഥിതി. ആയുസ്സ് നശിക്കുകയല്ലാതെ ലക്ഷ്യപ്രാപ്തി നേടാനാവുന്നതല്ല. (ലത്വാഇഫുല്‍ മിനന്‍; ഇമാം ശഅ്റാനി 1-48)
വഴികാട്ടികളായ ഗുരുക്കന്മാരുടെ സഹായമില്ലാതെ സ്വന്തം ജ്ഞാനം, പാണ്ഡിത്യം എന്നിവ കൊണ്ട് ത്വരീഖത്തിന്റെ സോപാനത്തിലെത്താന് കഴിഞ്ഞിരുന്നുവെങ്കില്‍ ഇമാം ഗസ്സാലി, ഇസ്സുദ്ദീനുബിന് അബൂസ്സലാം തുടങ്ങിയ പണ്ഢിത കേസരികള്‍ ശൈഖുമാരുടെ ശിഷ്യത്വം സ്വീകരിക്കുകയില്ലായിരുന്നു. വിജ്ഞാനസമ്പാദത്തിന് ആത്മീയ മാര്‍ഗ്ഗമുണ്ടെന്ന് പറയുന്നവരെ വെല്ലുവിളി നടത്തിയവരായിരുന്നു ഇവര്‍ രണ്ടുപേരും. എന്നാല്‍ സൂഫീ മാര്‍ഗ്ഗം സ്വീകരിച്ചതിന് ശേഷം ഇരുവരും അത് തിരുത്തിപ്പറഞ്ഞു. “നിഷ്ഫലമായ പ്രവര്‍ത്തനത്തില്‍ ഞങ്ങളുടെ ആയുസ്സ് പാഴായിപ്പോയിരിക്കുന്നു” (ലത്വാഇഫുല്‍ മിനന്‍ 1-25).
ആത്മീയ ഗുരുക്കന്മാരുമായി ബന്ധം സ്ഥാപിക്കുന്നതും പ്രാര്ഥിക്കാനാവശ്യപ്പെടുന്നതും പരലോക വിജയം ലക്ഷ്യമാക്കിയാവണം. അതിന്റെ ഉദാഹരണങ്ങളാണ് മുകളില്‍ കൊടുത്തത്. എന്നാല്‍ ജോലി ലഭിക്കാനും കച്ചവടം പുരോഗമിക്കാനും സാമ്പത്തിക അഭിവൃദ്ധിക്കുമെല്ലാം ഔലിയാക്കളാണെന്ന് പറയപ്പെടുന്നവരെ സമീപിച്ചു പ്രാര്‍ഥിപ്പിക്കുന്ന പ്രവണതയാണ് ഇന്ന് പരക്കെ കണ്ടുവരുന്നത്. ഇത് ഭൗതിക താല്പര്യത്തിലുളള അതിമോഹം മാത്രമാണ്.
വിശ്വാസത്തിൻ്റെ പരിശുദ്ധിയെ ബാധിക്കുന്ന ഒടിവും ചതവും പോറലുമെല്ലാം ആത്മീയ ശുദ്ധജലം കൊണ്ട് കഴുകി വൃത്തിയാക്കി സല്‍സരണിയിലേക്ക് നയിക്കുന്നവരാകണം ഗുരുക്കന്മാര്. അത്തരക്കാര്‍ക്ക് ഒരുപാട് ഉത്തമഗുണവിശേഷങ്ങളുണ്ട്.
അവയൊക്കെ മേളിച്ച ഗുരുക്കളെക്കിട്ടാന് പ്രയാസം നേരിടുകയാണെങ്കില്‍ ആത്മീയബന്ധം സ്ഥാപിക്കേണ്ടത് തിരുനബിയോട് തന്നെയാണ്. തിരുനബിയുടെ ഭൗതിക വിയോഗം സംഭവിച്ചതു കൊണ്ട് നേരില്‍ കണ്ട് ബന്ധപ്പെടാന്‍ നമുക്ക് നിര്‍വ്വാഹമില്ല.
അതിനാല്‍ തിരുനബിയുടെ മേല്‍ സ്വലാത്തും സലാമും വര്‍ദ്ധിപ്പിച്ചു അവിടത്തെ സ്നേഹം സമ്പാദിക്കുക. അപ്പോള്‍ തിരുനബി നമുക്ക് ആത്മീയ ശിക്ഷണവും പരിലാളനയും നല്കിക്കൊണ്ടിരിക്കും. ആ തണലില്‍ നമുക്ക് മനഃസുഖം കിട്ടും. ഈ വസ്തുത തസ്വവ്വുഫ് ഗ്രന്ഥങ്ങളായ സാദുല്‍ മുസലിം 2:384, അഖ്റബുത്വുറുഖി ഇലല് ഹഖ് 7, തുടങ്ങിയവയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.




