പരിശുദ്ധ ഇസ്ലാമിൻ്റെ സത്യസന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി സ്രഷ്ടാവായ അല്ലാഹു വ്യത്യസ്ത കാലഘട്ടങ്ങളിലായി ഓരോ ജനതയിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. ആദം നബി മുതൽ മുഹമ്മദ് നബി വരെ നീണ്ടുകിടക്കുന്ന പ്രവാചകശൃംഖലയിലെ എല്ലാവരും പ്രബോധനം ചെയ്തത് ഏകദൈവ വിശ്വാസത്തിലേക്കായിരുന്നു. ചില പ്രവാചകന്മാർക്ക് സ്രഷ്ടാവിൻ്റെ വിധിവിലക്കുകൾ അടങ്ങിയ വേദഗ്രന്ഥങ്ങളും ചിലർക്ക് ഏടുകളും (ലേഖനങ്ങൾ) നൽകിയിട്ടുണ്ട്. അവയിലുള്ള അടിസ്ഥാനവിശ്വാസം ഏകദൈവത്വം (തൗഹീദ്) ആണെങ്കിലും, കാലദേശ വ്യത്യാസമനുസരിച്ച് ആചാരാനുഷ്ഠാനങ്ങളിൽ (ശരീഅത്) രൂപവ്യത്യാസങ്ങൾ കാണാവുന്നതാണ്.
മൂസാനബിക്ക് തൗറാതും ദാവൂദ് നബിക്ക് സബൂറും ഈസാനബിക്ക് ഇഞ്ചീലും മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആനും നൽകി. ഇങ്ങനെ നാല് വേദഗ്രന്ഥങ്ങളാണ് സ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ പ്രസിദ്ധമായ നൂറ് ഏടുകളും (ലേഖനങ്ങൾ) വ്യത്യസ്ത ദൂതന്മാർക്ക് നൽകിയിട്ടുണ്ട്. ആദം നബിക്ക് പത്ത് ഏടുകൾ, ശീസ് നബിക്ക് അമ്പത് ഏടുകൾ, ഇദ്രീസ് നബിക്ക് മുപ്പത് ഏടുകൾ, ഇബ്റാഹിം നബിക്ക് പത്ത് ഏടുകൾ. സ്രഷ്ടാവ് അവതരിപ്പിച്ചുകൊടുത്ത മുഴുവൻ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കൽ ഒരു മുസ്ലിമിന് നിർബന്ധമാണ്. എല്ലാ മുൻവേദഗ്രന്ഥങ്ങളും വിശ്വസിക്കണമെന്ന് ഖുർആൻ കൽപിക്കുന്നു.
"നബിയേ പറയുക: അല്ലാഹുവിലും, ഞങ്ങൾക്ക് അവതരിക്കപ്പെട്ടതിലും (ഖുർആൻ) ഇബ്റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ്, യഅ്ഖൂബ് സന്തതികൾ എന്നിവർക്ക് അവതരിക്കപ്പെട്ട ദിവ്യസന്ദേശത്തിലും മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാർക്കും തങ്ങളുടെ രക്ഷിതാവിൽ നിന്ന് നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നുമില്ല; ഞങ്ങൾ അല്ലാഹുവിന് കീഴ്പ്പെട്ടവരാകുന്നു" (ആലു ഇംറാൻ: 84)
പരിശുദ്ധ ഖുര്‍ആന്‍ മുന്‍കാല വേദങ്ങളെ അംഗീകരിക്കുകയും അവ സത്യമാണെന്നും അവയില്‍ വിശ്വസിക്കണമെന്നും പ്രഖ്യാപിക്കുന്നുണ്ട്.
ഇത് കാണുക:
“എന്റെ മുമ്പുള്ള തൗറാതിനെ സത്യപ്പെടുത്തുന്നവനായും നിങ്ങളുടെമേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു നൽകാൻ വേണ്ടിയുമാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍” (സൂറതു ആലുഇംറാന്: 50).
“മുന്‍വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് അവന് ഈ വേദഗ്രന്ഥത്തെ സത്യമായി അങ്ങേക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി ഇതിനുമുമ്പ് അവന് തൗറാതും ഇഞ്ചീലും അവതരിപ്പിച്ചു. സത്യാസത്യ വിവേചനത്തിനുള്ള പ്രമാണവും അവന് അവതരിപ്പിച്ചിരിക്കുന്നു.” (സൂറതു ആലുഇംറാന്: 3,4)
തൗറാത്
മൂസാ (മോശെ) നബിക്ക് നൽകിയ വേദഗ്രന്ഥമാണ് തൗറാത്. ഹീബ്രു ഭാഷയിലാണതെന്നതാണ് പ്രബലാഭിപ്രായം. മൂസാ (മോശെ) നബിക്ക് ശേഷം വന്ന പല ദൂതന്മാരും തൗറാത് അവലംബിച്ചായിരുന്നു ഇസ്ലാം എന്ന സത്യസന്ദേശം പ്രചരിപ്പിച്ചത്. തൗറാതിനെക്കുറിച്ച് വിശുദ്ധ ഖുർആനിൻ്റെ സത്യസാക്ഷ്യം ഇപ്രകാരണ്:
“തീര്‍ച്ചയായും നാം തന്നെയാണ് തൗറാത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്” (സൂറതുമാഇദ: 44)
സബൂർ
ദാവൂദ് (ദാവീദ്) നബിക്ക് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണ് സബൂർ. സബൂറിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നത് നോക്കൂ:
“നിന്റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെക്കുറിച്ച് നല്ലവണ്ണം അറിയുന്നവനത്രെ. തീര്‍ച്ചയായും പ്രവാചകന്മാരില് ചിലര്‍ക്ക് ചിലരെക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു” (ഇസ്റാഅ്: 55)
“ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്റെ സദ്വൃത്തരായ ദാസന്മാരായിരിക്കുമെന്ന് ഉല്‍ബോധനത്തിനു ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്” (അമ്പിയാഅ്: 105)
ഇഞ്ചീൽ
ഈസാ (യേശു) നബിക്ക് നൽകിയ വേദഗ്രന്ഥമാണ് ഇഞ്ചീൽ. സുറിയാനി ഭാഷയിലാണിതിൻ്റെ അവതരണം. ഇഞ്ചീലിനെക്കുറിച്ച് വിശുദ്ധ ഖുർആനിൻ്റെ പരാമർശം ഇപ്രകാരമാണ്:
(മാഇദ: 46)
"അവരെ (പ്രവാചകന്മാരെ) പിന്തുടര്ന്ന്, മര്‍യമിന്റെ മകന് ഈസായെ തനിക്കു മുമ്പെയുള്ള തൗറാതിനെ അംഗീകരിക്കുന്നവനായിത്തന്നെ നാം നിയോഗിച്ചു. സന്മാര്ഗദർശനവും സത്യപ്രകാശവുമുള്ള ഇന്ജീലും അദ്ദേഹത്തിന് നാം നല്കി. അതിനുമുമ്പുള്ള തൗറാതിനുള്ള അംഗീകാരവും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സന്മാർഗദർശനവും സദുപദേശവുമായാണ് അത് അവതീർണമായിട്ടുള്ളത്" (മാഇദ: 46)



