ഒരേ തൂക്കവും ഒരേ വലിപ്പവും ഒരേ ഗുണനിലവാരവുമുള്ള രണ്ട് തക്കാളികൾ തന്ന് ഇവകൾ സമമാണോ എന്ന് ചോദിച്ചാൽ നിങ്ങൾ എന്തുത്തരം പറയും? അതെ എന്ന് അല്ലേ! എന്നാൽ, അതേപോലെയുള്ള രണ്ട് ഉരുളക്കിഴങ്ങുകൾ തന്നിട്ടാണ് അങ്ങനെ ചോദിക്കുന്നതെങ്കിലോ? അപ്പോഴും പറയും അതെയെന്ന്. എന്നാൽ പിടിച്ചോ തലക്കടി കിട്ടുന്ന ചോദ്യം - ഒരേ വലിപ്പവും ഒരേ തൂക്കവും വരുന്ന ഒരു തക്കാളിയും ഒരു ഉരുളക്കിഴങ്ങും കൈകളിൽ വെച്ച് തന്നിട്ട് രണ്ടും സമമല്ലേ എന്ന് ചോദിച്ചാൽ എന്തുത്തരം പറയും നിങ്ങൾ?
സ്ത്രീ തക്കാളിയാണ്. പുരുഷൻ ഉരുളക്കിഴങ്ങും. അല്ലേ വേണ്ട, മറിച്ച് ആയിക്കോട്ടെ. അതിൻറെ പേരിൽ ഇനി അലമ്പ് വേണ്ട. തക്കാളിയും ഉരുളക്കിഴങ്ങും ഒരുപോലെയാണെന്ന് വാദിക്കാൻ ആളുകളില്ല. എന്നാൽ സ്ത്രീയും പുരുഷനും തുല്യരാണെന്ന് വാദിക്കാൻ ഒരുപാട് ആളുകളുണ്ട്. എന്നല്ല എല്ലാവർക്കും അങ്ങനെ പറയാൻ തന്നെയാണ് ചിലപ്പോൾ തോന്നുക. രാവും പകലും തുല്യമാണെന്ന് വാദിക്കുന്നതിൽ എന്താണ് തെറ്റ്? രണ്ടും സമയമല്ലേ? പിന്നെന്തിനാ ഒന്നിനെ മറ്റൊന്നിനേക്കാൾ താഴ്ത്തി കെട്ടുന്നത്? പക്ഷേ, സുതാര്യമായ യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് സങ്കടം വരും. കാരണം സ്ത്രീയും പുരുഷനും ഒരുപോലെയല്ല; തുല്യരല്ല ; സമന്മാർ അല്ലേയല്ല എന്ന് തീർത്തങ്ങ് പറയേണ്ടിവരും. പറയുന്നത് മുഴുവൻ കേൾക്കുന്നതിന് മുമ്പ് വടിയെടുക്കരുതെന്ന് ആദ്യമേ അപേക്ഷിച്ചുകൊണ്ട് കർത്തവ്യത്തിലേക്ക് കടക്കുന്നു.
ഈക്യാലിറ്റി എന്ന് പറഞ്ഞാൽ തുല്യത എന്നാണ്. തുല്യത എന്ന ഭാഷാപരമായ ആശയത്തെ നമ്മൾ ഗണിത ഭാഷയിലേക്ക് മറിച്ചിട്ടാൽ 50 ഈസ്റ്റു 50 (50:50 ) എന്നാണ് വരിക. കണക്കിന്റെ കാര്യം കണക്ക് തന്നെയാണ് - അതിൽ പിന്നെ അഡ്ജസ്റ്റ്മെന്റുകളൊന്നും നടക്കില്ല. ഇനി ആത്മാർത്ഥമായി ആലോചിച്ചുനോക്കൂ. എന്താണ് നമ്മളിപ്പറയുന്നതിന്റെ അർത്ഥം?
ബാഹ്യമായി നോക്കുമ്പോൾ സ്ത്രീകളോടുള്ള അനുകമ്പ കാരണമാണ് / അല്ലെങ്കിൽ അവരുടെ അവകാശത്തെ പറ്റിയുള്ള ആത്മാർത്ഥത കൊണ്ടാണ് ഇങ്ങനെയൊരു വാദം വരുന്നതെന്ന് തോന്നുമെങ്കിലും, ആഴത്തിലേക്ക് ഇറങ്ങുമ്പോൾ സംഗതി ഡെയ്ഞ്ചർ അല്ലേ? സ്ത്രീയും പുരുഷനും എപ്പോഴും 50:50 ൽ നിൽക്കണം എന്ന് പറയുമ്പോൾ പരോക്ഷമായി നമ്മൾ വാദിക്കുന്നത്, സ്ഥാപിക്കുന്നത് സ്ത്രീയൊരിക്കലും 51 ഉം പുരുഷൻ 49 ഉം ആയിക്കൂടാ എന്നല്ലേ? സ്ത്രീ 75 ഉം പുരുഷൻ 25 ഉം ആയിക്കൂടെ എന്നല്ലേ?
ചില കാര്യത്തിൽ പോലും സ്ത്രീകൾ നൂറിൽ നൂറെടുത്ത് പുരുഷനെ പൂജ്യത്തിൽ തള്ളിയിട്ടുകൂടാ എന്നല്ലേ. സ്ത്രീ പുരുഷന് സമമാണന്ന് വാദിക്കുന്നതോടൊപ്പം നമ്മൾ സ്ഥാപിക്കുന്നത് ഒരു കാരണവശാലും സ്ത്രീ പുരുഷനെക്കാൾ ഒരു ഘട്ടത്തിലും അര ഇഞ്ച് മുന്നിലായി പോവരുത് എന്നല്ലേ? അങ്ങനെ ഞങ്ങളെക്കാൾ മേലെ വരേണ്ട - ഇല്ല അതിനു സമ്മതിക്കില്ല എന്ന് തന്നെയല്ലേ 50:50 ൻ്റെ വഞ്ചനാനുപാതത്തിൽ തളച്ചിടുന്നതിന്റെ ഉൾതാല്പര്യം!
ഇവിടെ ഒരു കാര്യം സത്യസന്ധമായി, വളരെ ആത്മാർത്ഥമായി മനസ്സിലാക്കാനുള്ളത് ഒരു പുരുഷന് അയാളുടെ വായകൊണ്ട്, എഴുത്തുകൊണ്ട് സ്ത്രീ എന്ന് വ്യവഹരിക്കുമ്പോൾ, അത് ആരെപ്പറ്റിയാണെന്ന കൃത്യമായ ബോധ്യമുണ്ടാവേണ്ടതാണ്. ഒരാണിന് പെണ്ണെന്നാൽ ഏറ്റവും പ്രധാനമായി, തന്നെ ആണായിപ്പെറ്റ മാതാവ് തന്നെയാണ്. പലരും വൈകാരികമായി വാദിക്കുമ്പോലെ, സ്ത്രീയും പുരുഷനും സമമല്ലെന്ന് പറയുന്നവരെല്ലാം, സ്ത്രീവിരുദ്ധരാണെന്ന് ആക്ഷേപിക്കുമ്പോൾ എന്താണതിൻ്റെ അർത്ഥം വരുന്നത്? തൻ്റെ സ്വന്തം അമ്മയ്ക്ക് അർഹതപ്പെട്ടത് നൽകാതെ പിടിച്ചുവെച്ച് അമ്പതിൽ നിന്നും തട്ടിത്താഴെ ഇടുന്നു എന്നല്ലേ? സ്വന്തം അമ്മയുടെ അവകാശം അങ്ങനെ ആരെങ്കിലും കൊള്ളയടിച്ച് താൻ മേല്ക്കോയ്മക്കാരാകുമോ?
ഓർക്കണം, ഒരാണ് ഒന്നോ അതിലധികമോ പെൺമക്കളുടെ അച്ഛനായിരിക്കും ഒന്നോ അതിലധികമോ സഹോദരിമാരുടെ സഹോദരനായിരിക്കും തൻ്റെ ചൂടും തണലും പങ്കിടുന്ന പ്രാണത്തേജസിയായ ഭാര്യയുടെ ഭർത്താവായിരിക്കും. അച്ഛൻ വകയും അമ്മ വകയുമുള്ള അമ്മൂമ്മമാരുടെ പേരക്കിടാവായിരിക്കും. ആൺമക്കള് വഴിയും പെൺമക്കൾ വഴിയുമുള്ള പെൺകിടാങ്ങളുടെ വല്യച്ചനായിരിക്കും. ഇനിയും കാണും ഒരുപാട് അറുത്താലറുക്കാത്ത പെൺ ചാർച്ചകൾ. അപ്പോൾ തനിക്ക് ആൺകോയ്മ മൂഷികനാകാൻ തൻ്റെ മകളുടെ / കൊച്ചുമകളുടെ / പെങ്ങളുടെ / അവരുടെ മക്കളുടെ / പത്നിയുടെ / സ്വന്തം പെറ്റമ്മയുടെ ഒക്കെ പാത്രത്തിൽ നിന്ന് കട്ടുവാരിയിട്ട് വേണം എന്ന് പറഞ്ഞാൽ എന്തുമാത്രം ന്യായ രഹിതമാണത്. നമ്മളാരെങ്കിലും പൊതുവേ അങ്ങനെ ചെയ്യുമോ? - നമ്മൾ വല്യാളാവാൻ വേണ്ടി, നമ്മുടെ പെൺ ചാർച്ചകളിൽ നിന്നൊക്കെ അടിച്ചു മാറ്റുക. എന്നിട്ടവരെ താഴേക്ക് അടിച്ചു താഴ്ത്തുക ! കഷ്ടം!
ഇതു നേരെ തിരിച്ചും പറയാം. സ്ത്രീപുരുഷ സമത്വത്തിന്റെ കാര്യം പറയുമ്പോൾ ഒരു സ്ത്രീയും പുരുഷ വിരുദ്ധമായി സംസാരിക്കാനിടയില്ല. പുരുഷൻ തൻ്റെ ശത്രു ചേരിയാണ്. ആയതിനാൽ കിട്ടാവുന്നത്ര അനുപാതം അടികൂടി നേടി സ്ത്രീക്കോയ്മ സ്ഥാപിക്കട്ടെ എന്ന് മകളായ ഒരു പെണ്ണിനും പറയാൻ കഴിയില്ല. കാരണം അവൾ ആണായ ഒരച്ഛന്റെ മകളാണല്ലോ. ഒരു അമ്മയും അത് പറയില്ല. കാരണം ആണായ തൻ്റെ മുത്തു മോൻ്റെ അമ്മയല്ലേ അത്. പെങ്ങളായ ഒരു സ്ത്രീക്കും പറയാൻ കഴിയില്ല. കാരണം തൻ്റെ കരുത്തും കരുതലുമായ ആങ്ങളയുടേതാണല്ലോ അവൾ. തൻ്റെ രാവും രാവിലെയുമായ ഭർത്താവിനെതിരെ പറയാൻ കഴിയില്ല. കാരണം പെൺകുട്ടിയായ തന്നെ സ്ത്രീയാക്കി, അമ്മയാക്കി, മഹത്വപ്പെടുത്തിയ തൻറെ നേർപ്പാതിയായ അവന്റേതാണല്ലോ.
ചുരുക്കത്തിൽ ആൺ പെൺ എന്നാൽ ഈ പൊതുമണ്ഡലത്തിൽ തല്ലു കൂടേണ്ട ശത്രുചേരികളേ അല്ല. മറിച്ച് പാരസ്പര്യത്തിൽ മുക്കിയെടുക്കേണ്ട സ്വർണനാരുകളാണ്. വാദിച്ച് തോൽപ്പിച്ചും, പറഞ്ഞു ജയിച്ചും ഞാനോ നീയോ എന്ന നിലയിൽ വാളൂരി നിൽക്കേണ്ടവരല്ല. മറിച്ച് അതിരു തിരിയാത്ത വിധം ഒന്നായി നിലകൊള്ളേണ്ടവരാണ്.



