ആധുനിക ജീവിതത്തിൽ സാമ്പത്തിക ഇടപാടുകൾ ക്രമീകരിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ് ബാങ്കുകൾ. പണം സൂക്ഷിക്കൽ, കൈമാറ്റം, നിക്ഷേപം, വായ്പ, വ്യാപാര സഹായം, ഡിജിറ്റൽ പെയ്മെന്റ് തുടങ്ങിയ സേവനങ്ങളിലൂടെ ബാങ്കുകൾ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. അതുകൊണ്ടുതന്നെ, ഇന്നത്തെ സമൂഹത്തിൽ ബാങ്കുകളുടെ പ്രവർത്തനം മനസ്സിലാക്കാതെ സാമ്പത്തിക വ്യവസ്ഥയെ വിശദീകരിക്കാൻ കഴിയില്ല. ആദ്യ കാലത്ത്, യാത്രക്കാർക്കും കച്ചവടക്കാർക്കും ആവശ്യമായ ധനം വിതരണം ചെയ്യാനും, പണം സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനുള്ള വിശ്വസ്ത സ്ഥാപനമായും, അവശ വിഭാഗങ്ങൾക്ക് സഹായമായി പണം എത്തിക്കുന്ന മധ്യവർത്തിയായുമാണ് ബാങ്കുകൾ പ്രവർത്തനം ആരംഭിച്ചത്.
1472-ൽ ഇറ്റലിയിൽ ആരംഭിച്ച Banca Monte dei Paschi di Siena, 1590-ൽ ജർമനിയിൽ സ്ഥാപിക്കപ്പെട്ട Berenberg Bank, 1614-ൽ നെതർലാൻഡ്സിൽ ആരംഭിച്ച Stadsbank van Lening, 1672-ൽ ബ്രിട്ടനിൽ ആരംഭിച്ച Hoare & Company, 1784-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ ആരംഭിച്ച Bank of New York എന്നിവയാണ് ആദ്യകാല ബാങ്കുകൾ. ക്രമേണ ബാങ്കുകൾ വളർന്ന് സമൂഹത്തിൽ വലിയ സ്വാധീനം നേടി. ഇന്ന് ഏകദേശം എല്ലാ രാജ്യങ്ങളിലും പ്രധാനപ്പെട്ട പണമിടപാടുകൾ ബാങ്ക് വഴി നടത്തണമെന്നത് നിയമം മൂലം നിർദേശിക്കപ്പെട്ടിട്ടുണ്ട്. വിവിധ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നതും, പണത്തിന്റെ ശേഖരണവും വിതരണവും നടത്തുന്നതും ബാങ്കുകളാണ്.
പ്രമുഖ ബാങ്കുകൾ
ഇന്ന് ലോകത്ത് ഏറ്റവും സ്വാധീനവും ആസ്തിയും ഉള്ള ചില ബാങ്കുകൾ പരിശോധിക്കാം. അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായിട്ടുള്ള ജെപി മോർഗൻ കമ്പനിയുടെ ബാങ്ക്, അമേരിക്കയിലും മറ്റു ലോക രാഷ്ട്രങ്ങളിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ബാങ്കുകളുടെ മുൻനിരയിലാണ്. ഏകദേശം നാലു ട്രില്യൺ യുഎസ് ഡോളറാണ് ജെ പി മോർഗൻ ബാങ്കിന്റെ നിലവിലുള്ള ആസ്തി. അമേരിക്കയിലെ നോർത്ത് കരോ ലീന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷനാണ് മുൻനിരയിലുള്ള മറ്റൊരു ബാങ്ക്. 3.2 ട്രില്യൻ ഡോളർ ആസ്തിയുണ്ട്. കാലിഫോർണിയയിലെ വെൽസ് ഫർഗോ ബാങ്ക് തൊട്ടു പിന്നിലുണ്ട്. ഏകദേശം രണ്ട് ട്രില്ലൻ ഡോളറാണ് ആസ്തി. അമേരിക്കക്കു പുറത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള രണ്ടു ബാങ്കുകൾ ചൈനയിലാണ്. ഇൻ്റെസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന അവയിൽ ഏറ്റവും പ്രമുഖ ബാങ്കാണ്. 5.5 ട്രില്യൻ ഡോളർ ആണ് ഇതിന്റെ ആസ്തി. ചൈനയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന അഗ്രികൾച്ചറൽ ബാങ്ക് ഓഫ് ചൈന അഞ്ചു ട്രില്യൺ ഡോളറിന്റെ ആസ്തിയുമായി പ്രവർത്തിക്കുന്നു.
ഏകദേശം 20 ട്രില്യൺ ഡോളറാണ് ഈ അഞ്ചു ബാങ്കുകളുടെ ആകെ ആസ്തി. എന്നാൽ, ഏതാണ്ട് ഇതിന്റെ നാലിലൊന്ന് വരുന്ന നാലു ട്രില്യൺ ഡോളറിന്റെ ആസ്തിയുമായി ഇസ്ലാമിക ബാങ്കുകളും ഇന്ന് ലോകത്ത് പ്രവർത്തിക്കുന്നു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.
സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് കൊമേഴ്സ്യൽ ബാങ്കുകൾ. ഇവയ്ക്ക് ഇത്രയും പ്രാധാന്യം ലഭിച്ചതിന്റെ പ്രധാന കാരണം, വ്യാപകമായ പ്രവർത്തനങ്ങളും ജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങളും സുരക്ഷിതത്വവുമാണ്.
വ്യക്തികളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും ദൈനംദിന പണമിടപാടുകൾ, നിക്ഷേപങ്ങൾ, വായ്പകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതോടൊപ്പം, വൻകിട കമ്പനികളുമായും സർക്കാറുകളുമായും ദീർഘകാലവും സങ്കീർണവുമായ ഇടപാടുകളും ബാങ്കുകൾ നടത്തുന്നു.
കൊമേഴ്സ്യൽ ബാങ്കുകളുടെ പ്രവർത്തനങ്ങൾ
കൊമേഴ്സ്യൽ ബാങ്കുകളുടെ പ്രധാന പ്രവർത്തനങ്ങൾ അൽപം വിശദമായി നോക്കാം:
1) പ്രാഥമിക പ്രവർത്തനങ്ങൾ:
a) നിക്ഷേപങ്ങൾ സ്വീകരിക്കൽ
പൊതുജനങ്ങളിൽ നിന്ന് വിവിധ തരത്തിലുള്ള അക്കൗണ്ടുകൾ മുഖേന ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. സേവിങ്സ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിംഗ് ഡെപ്പോസിറ്റ് എന്നിവ ഇതിൽപ്പെടുന്നു.
b) വായ്പകൾ വിതരണം ചെയ്യൽ
ബാങ്കുകൾ വിവിധ തരത്തിലുള്ള വായ്പകൾ നൽകുന്നു. ലോണുകൾ, ക്യാഷ് ക്രെഡിറ്റ്, ഹോം ലോൺ, ബിസിനസ് ലോൺ, വെഹിക്കിൾ ലോൺ എന്നിവ പ്രധാനമായവയാണ്.
c) പണമിടപാടുകൾ സുഗമമാക്കൽ
ഡ്രാഫ്റ്റ്, ചെക്ക്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി ബാങ്കുകൾ പണമിടപാടുകൾ എളുപ്പമാക്കുന്നു.
2) അനുബന്ധ സേവനങ്ങൾ:
ബാങ്കുകൾ വിദേശ വിനിമയ സേവനങ്ങൾ, വിദേശ കറൻസികളിലെ ഇടപാടുകൾ, സുരക്ഷിത ലോക്കർ സൗകര്യം എന്നിവ നൽകുന്നു. അതോടൊപ്പം ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് സേവനങ്ങൾ, വിവിധ ഇൻഷുറൻസ് പദ്ധതികൾ, ഷെയർ മാർക്കറ്റിലെ ഓഹരികൾ, മ്യൂച്ചൽ ഫണ്ടുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.
ഇത്തരത്തിലുള്ള വിപുലമായ സേവനങ്ങളുള്ളത് കൊണ്ട്, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ബാങ്കുകളുമായി അടുത്ത ബന്ധം പുലർത്തുന്നു.
ആധുനിക സമ്പദ്വ്യവസ്ഥയിൽ കൊമേഴ്സ്യൽ ബാങ്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അവയുടെ പ്രധാന പ്രവർത്തനങ്ങൾ നോക്കാം:
ബാങ്കുകളുടെ പ്രധാന സംഭാവനകൾ:
1. സാമ്പത്തിക വളർച്ചക്കും വികസനത്തിനും പിന്തുണ: വ്യവസായങ്ങൾക്കും ചെറുകിട സംരംഭങ്ങൾക്കും ആവശ്യമായ മൂലധനം ബാങ്കുകൾ വായ്പയായി നൽകുന്നു. ഇതിലൂടെ തൊഴിൽ അവസരങ്ങൾ വർധിക്കുകയും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ സഹായം ലഭിക്കുകയും ചെയ്യുന്നു.
2. പണത്തിന്റെ പ്രവാഹം ക്രമീകരിക്കൽ: വായ്പകളും ലോണുകളും നൽകുന്നതിലൂടെ സമ്പദ് വ്യവസ്ഥയിൽ പുതുതായി പണം എത്തിക്കുകയും പണത്തിന്റെ വിനിമയ തോത് വർധിപ്പിക്കുകയും ചെയ്യുന്നു.
3. മോണിറ്ററി റെഗുലേഷൻ (ധനനിയന്ത്രണം): കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയങ്ങൾ നടപ്പിലാക്കുന്നതിൽ സഹായിക്കുന്നു. പലിശനിരക്കുകൾ നിയന്ത്രിക്കുന്നതിലും പണമിടപാടുകൾക്ക് പിന്തുണ നൽകുന്നതിലും ഇവ പങ്ക് വഹിക്കുന്നു.
4. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ: ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യു.പി.ഐ സേവനങ്ങൾ, ക്യു.ആർ കോഡ് പേയ്മെന്റ് എന്നിവ വഴി ബാങ്കുകൾ പണമിടപാടുകൾ എളുപ്പമാക്കുന്നു. ഓൺലൈൻ ഫണ്ട് ട്രാൻസ്ഫർ സംവിധാനങ്ങളും ഇതിലൂടെ സൗകര്യപ്രദമാകുന്നു.
5. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ധനസഹായം: വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളെയും അവശ വിഭാഗങ്ങളെയും സഹായിക്കുന്നതിനായി വായ്പാപദ്ധതികളും ലോൺ മേളകളും സർക്കാർ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്നു.
വെല്ലുവിളികൾ
പ്രവർത്തന വൈപുല്യം കാരണം, ബാങ്കുകൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന സ്ഥാപനങ്ങളായി മാറിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയുള്ള സേവനങ്ങൾ നിലനിൽക്കുമ്പോഴും ബാങ്കുകൾ പല വെല്ലുവിളികളും നേരിടുന്നുണ്ട്. ചിലത് വിവരിക്കാം:
തിരിച്ചടവിലൂടെ തിരികെ ലഭിക്കാത്ത നോൺ പെർഫോമിംഗ് ലോണുകൾ ബാങ്കുകൾക്ക് വലിയ ഭീഷണിയാണ്. ഇത്തരം പ്രവർത്തനരഹിത വായ്പകൾ പലപ്പോഴും വാർഷിക ബജറ്റുകളിൽ ഘട്ടംഘട്ടമായി എഴുതി തള്ളേണ്ടിവരുന്നു.
ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമായതോടെ അവയിലെ പോരായ്മകൾ ഉപയോഗപ്പെടുത്തി പണം തട്ടുന്ന കേസുകൾ കൂടിവരുന്നു. ഇതുകാരണം സൈബർ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയും അതിന് ബാങ്കുകൾ കൂടുതൽ നിക്ഷേപം നടത്തുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നു.
ഇതോടൊപ്പം, ബാങ്കിംഗ് സേവനങ്ങൾ വേണ്ടത്ര സുരക്ഷിതമല്ലെന്നും മതിയായ വരുമാനം നൽകുന്നില്ലെന്നും ആരോപണങ്ങൾ ഉയരുന്നു. പുതിയ നിക്ഷേപ മാർഗങ്ങൾ ഉയർന്നുവരുന്നതോടെ ബാങ്കിംഗ് രംഗത്തിന്റെ സ്വാധീനം കുറയുകയും മറ്റു വരുമാന വഴികൾ തേടുന്ന പ്രവണത വർധിക്കുന്നതായും നിരീക്ഷിക്കപ്പെടുന്നുണ്ട്.
അടിസ്ഥാന പ്രവർത്തനങ്ങൾ
ബാങ്കുകളുടെ സേവനമേഖല വിപുലമാണെങ്കിലും, അവയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ രണ്ട് കാര്യങ്ങളാണ്. ജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കലും വിവിധ ആവശ്യങ്ങൾക്ക് വായ്പകൾ നൽകലും. നൽകുന്ന വായ്പകൾക്ക് ഉയർന്ന പലിശ ഈടാക്കുകയും നിക്ഷേപങ്ങൾക്ക് താരതമ്യേന കുറഞ്ഞ പലിശ നൽകുകയും ചെയ്യുന്നതിലൂടെ ബാങ്കുകൾ ലാഭം ഉണ്ടാക്കുന്നു. ഈ ലളിതമായ രീതിയാണ് ബാങ്കിംഗ് ഇടപാടുകളുടെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്.
വ്യക്തികളോ സ്ഥാപനങ്ങളോ എടുത്ത വായ്പയുടെ പലിശയും മുഖ്യതുകയും തിരിച്ച് അടക്കാതിരുന്നാൽ, അവരുടെ ആസ്തികളിൽ നിന്നോ പണയ വസ്തുക്കളിൽ നിന്നോ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ തുക ഈടാക്കാൻ ബാങ്കുകൾക്ക് നിയമപരമായ അധികാരമുണ്ട്. ഇതിനായി സർഫൈസി നിയമം (SARFAESI Act) പോലുള്ള നിയമങ്ങളും മറ്റു അനുബന്ധ നിയമങ്ങളും ബാങ്കുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നു.
ഇന്ത്യയിലെ പ്രമുഖ ബാങ്കാണ് State Bank of India. 22,640 ശാഖകളും ഏകദേശം 500 മില്യൺ ഉപഭോക്താക്കളുമായി, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു പ്രവർത്തിക്കുന്ന ഒരു ആഗോള ബാങ്ക്. ഏകദേശം 40 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(State Bank of India) യുടെ വാർഷിക ലാഭം ഏകദേശം ഇരുപതിനായിരം കോടി രൂപയാണ്. ആസ്തിയുടെ ഏകദേശം അര ശതമാനം മാത്രമാണിത്. ശതമാനമായി ചെറിയതായി തോന്നിച്ചാലും, മൂല്യത്തിൽ ഇത് വലിയ തുകയാണ്. അമേരിക്ക, ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ ബാങ്കുകളിലും സമാന സ്ഥിതിയാണ് കാണുന്നത്.
ഈ വലിയ ലാഭം ഉണ്ടാകുന്നത് വായ്പകൾക്ക് ഉയർന്ന പലിശ ഈടാക്കുകയും നിക്ഷേപങ്ങൾക്ക് താരതമ്യേന കുറഞ്ഞ പലിശ നൽകുകയും ചെയ്യുന്ന വ്യത്യാസത്തിലൂടെയാണ്. അമേരിക്കൻ സർക്കാറിന്റെ പലിശനിരക്കുകളിൽ ചെറിയ വർധനവുണ്ടായാലും ലോകവിപണിയിൽ പല സാധനങ്ങളുടെയും വില ഉയരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.
ചുരുക്കത്തിൽ, പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ വ്യത്യാസമില്ലാതെ, ലോകത്തിന്റെ ആധുനിക സമ്പദ് ഘടന വലിയ തോതിൽ പലിശ വരുമാനത്തിൽ അധിഷ്ഠിതമാണ്. ഉത്പാദനം മുതൽ വിപണനം വരെ പല സംരംഭങ്ങളും പലിശാധിഷ്ഠിത വായ്പകളിൽ ആശ്രയിക്കുന്നതിനാൽ, അതിന്റെ ഭാരം വസ്തുക്കളുടെ വിലയിൽ പ്രതിഫലിക്കുകയും വിലക്കയറ്റം വർധിക്കാനിടയാക്കുകയും ചെയ്യുന്നു.
പലിശ രഹിത സമ്പദ്ഘടന, ഇസ്ലാമിക് ബാങ്കിംഗ്
തിരുനബി (സ)യുടെ ആഗമനത്തോടെ ലോകത്ത് ധാർമിക വ്യവസ്ഥിതി പ്രചരിക്കുമ്പോൾ, അതിൽ പ്രധാനമായി ഊന്നിപ്പറഞ്ഞ ഒരു കാര്യമാണ് പലിശ നിഷിദ്ധവും കച്ചവടം അനുവദനീയവുമാണ് എന്ന സിദ്ധാന്തം. ഇത് വിശുദ്ധ ഖുർആൻ (2:275)ൽ വ്യക്തമാക്കുന്നു.
യൂറോപ്പിൽ ഉണ്ടായ വ്യവസായിക വിപ്ലവത്തിന് ശേഷം പണത്തിന്റെ കൈമാറ്റം വലിയ തോതിൽ വർധിച്ചു. ഇതോടെ പണം കൈകാര്യം ചെയ്യുന്ന പ്രധാന സംവിധാനമായി കൊമേഴ്സ്യൽ ബാങ്കുകളുടെ സ്വാധീനവും ഗണ്യമായി ഉയർന്നുവെന്നതാണ് നാം മുമ്പ് കണ്ടത്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, നിരവധി രാജ്യങ്ങൾ ബ്രിട്ടീഷ് ഉൾപ്പെടെയുള്ള പാശ്ചാത്യ കോളനിവ്യവസ്ഥയിൽ നിന്ന് സ്വാതന്ത്ര്യം നേടി. തുടർന്ന് പാകിസ്ഥാൻ, മലേഷ്യ എന്നിവയും പല അറബ് രാജ്യങ്ങളും പലിശമുക്തമായ ഒരു ബദൽ സാമ്പത്തിക സംവിധാനത്തിന്റെ ആവശ്യകത ചർച്ച ചെയ്യാൻ തുടങ്ങി.
ഈ ചർച്ചയുടെ കേന്ദ്ര ആശയം, പലിശരഹിത വ്യവസ്ഥിതി നടപ്പാക്കണമെങ്കിൽ നാണയ ഇടപാടുകൾ നടത്തുന്നതിനായി പലിശരഹിത ബാങ്കുകൾ തന്നെ സ്ഥാപിക്കേണ്ടതാണ് എന്നതായിരുന്നു. തുടക്കത്തിൽ ഇത് പ്രായോഗികമല്ലാത്ത ഒരു ആശയമായി തോന്നിയെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും അതിനെ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.










