പലിശാധിഷ്ഠിത ബാങ്കുകളുടെ ധാർമിക പ്രശ്നങ്ങളും സമ്പത്തിന്റെ അനധികൃതവിതരണവും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ അടിസ്ഥാനമാക്കി, 1960-കളിലാണ് പലിശരഹിത ഇസ്ലാമിക് ബാങ്കുകൾ എന്ന ആശയം കൂടുതൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ, പ്രാരംഭ ശ്രമങ്ങളായി 1940-കളിൽ ഈജിപ്തിലും 1960-കളിൽ പാകിസ്ഥാനിലും ചില സംരംഭങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും, അവയ്ക്ക് വേണ്ടത്ര പ്രചാരവും വളർച്ചയും നേടാൻ സാധിച്ചിരുന്നില്ല.
1975 മാർച്ച് 12 നാണ് ദുബൈ ഇസ്ലാമിക് ബാങ്ക് എന്ന പേരിൽ ഏകദേശം അമ്പതു മില്യൺ ദിർഹം മൂലധനത്തോടെ ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക് ആരംഭിക്കുന്നത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകദേശം 250 ഓളം ഇസ്ലാമിക് ബാങ്കുകളും അവയുടെ കീഴിൽ അയ്യായിരത്തോളം ശാഖകളും പ്രവർത്തിക്കുന്നു. ആഗോള സാമ്പത്തിക ഇടപാടുകളിൽ ഏകദേശം 20% വരെ ഇസ്ലാമിക് ബാങ്കിംഗ് സംവിധാനത്തിലൂടെ നടക്കുന്നതായി കണക്കാക്കപ്പെടുന്നു, ഇത് ശ്രദ്ധേയമായ വളർച്ചയാണ്.
ആരംഭിച്ച് ഏകദേശം പത്ത് വർഷങ്ങൾക്കുശേഷം, 1999 കാലഘട്ടത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെ ഇസ്ലാമിക് ബാങ്കുകളുടെ നിലനിൽപ്പിനെക്കുറിച്ച് ആശങ്കകൾ ഉയർന്നു. എന്നാൽ ദുബൈ ഭരണകൂടം പിന്തുണയുമായി മുന്നോട്ട് വന്നത് ഈ മേഖലയ്ക്ക് വലിയ കരുത്തായി. ബാങ്കിന്റെ മൂലധനത്തിന്റെ ഏകദേശം 30% (ഒരു ബില്യൺ ദിർഹം) നിക്ഷേപിക്കാൻ ഭരണകൂടം തയ്യാറായതോടെ, ദുബൈ ഇസ്ലാമിക് ബാങ്ക് വീണ്ടും ശക്തമായി മുന്നേറി.
2000 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ, ഈ ബാങ്ക് തന്റെ ഷെയർഹോൾഡർമാർക്ക് 7% മുതൽ 9% വരെ ലാഭവിഹിതം നൽകിയതായി രേഖകൾ സൂചിപ്പിക്കുന്നു. പലിശരഹിത ഇസ്ലാമിക വ്യവസ്ഥിതിയനുസരിച്ചുള്ള ഒരു ബാങ്കിംഗ് സംവിധാനം സ്ഥാപിക്കാൻ കഴിഞ്ഞത് മാത്രമല്ല, അതിന്റെ വളർച്ചയും സ്ഥിരതയും ഈ മേഖലയിലെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.
ആധുനിക ലോകത്തെ സാമ്പത്തിക വിദഗ്ധർ പലിശാധിഷ്ഠിത വ്യവസ്ഥയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ കൂടുതൽ വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്. സാമ്പത്തികമായി ശക്തമായ രാജ്യങ്ങൾ പോലും ലോക ബാങ്ക് പോലുള്ള സ്ഥാപനങ്ങളിൽ നിന്നെടുത്ത കടങ്ങളുടെ പലിശഭാരം മൂലം സമ്മർദ്ദം അനുഭവിക്കുന്ന സാഹചര്യമാണുള്ളത്.
ഇതോടൊപ്പം, സാമ്പത്തിക ഇടപാടുകൾ സ്ഥിരതയോടെ മുന്നേറണമെങ്കിൽ പലിശനിരക്ക് കഴിയുന്നത്ര കുറയ്ക്കണം എന്ന ധാർമിക ബോധവും ശക്തമായി ഉയർന്നിട്ടുണ്ട്. ഈ ചിന്തയെ പ്രായോഗികമായി അവതരിപ്പിക്കുന്നതിൽ ഇസ്ലാമിക് ബാങ്കുകളുടെ വരവ് ഒരു പുതിയ വഴിയൊരുക്കിയതായി കാണാം.
ഇന്നത്തെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ, പ്രത്യേകിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത വ്യവസ്ഥയിലും, രാജ്യങ്ങൾ തമ്മിലുള്ള കടങ്ങളും ആഭ്യന്തര ഇടപാടുകളിലും പലിശനിരക്ക് കുറഞ്ഞ നിലയിൽ (ഏകദേശം 2–3%) നിലനിൽക്കുമ്പോഴാണ് സാമ്പത്തിക വളർച്ച സാധ്യമാകുന്നത് എന്ന കാഴ്ചപ്പാട് ഉയർന്നുവരുന്നു.
പാരമ്പരാഗത ബാങ്കുകൾക്ക് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്നത് പ്രധാനമായും വായ്പകളിൽ നിന്നാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള വ്യക്തികൾ, ചെറുകിട സംരംഭങ്ങൾ, വൻകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം ആവശ്യമായ മൂലധനം നേടാൻ പ്രധാനമായും ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. ആവശ്യമായ തുക വളരെ വലുതായാൽ, ഒരൊറ്റ ബാങ്കിന് നൽകാൻ കഴിയാത്തപ്പോൾ പല ബാങ്കുകൾ ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് വായ്പ നൽകുന്നു. ദീർഘകാല വായ്പകളിൽ പലിശയായി ബാങ്കുകൾക്ക് വലിയ വരുമാനവും ലഭിക്കുന്നു.
ഇതിന് വിപരീതമായി, ബാങ്കുകൾ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ സാധാരണയായി കുറവായിരിക്കും. കറന്റ് അക്കൗണ്ടുകൾക്ക് പലിശ ഇല്ലാത്തതോ വളരെ കുറഞ്ഞതോ ആയിരിക്കും. സേവിംഗ്സ് അക്കൗണ്ടുകൾക്ക് കുറഞ്ഞ നിരക്കിലാണ് പലിശ ലഭിക്കുക. സ്ഥിര നിക്ഷേപങ്ങൾക്ക് (Fixed Deposit) കുറച്ച് കൂടുതലായ പലിശ ലഭിക്കുമെങ്കിലും, അത് വായ്പകളിൽ നിന്ന് ലഭിക്കുന്ന പലിശയേക്കാൾ വളരെ കുറവാണ്. അതേസമയം, ബാങ്കുകൾ നൽകുന്ന വായ്പകളുടെ പലിശ സാധാരണയായി 10%ൽ കൂടുതലായി, ചിലപ്പോൾ 14% വരെ എത്താറുണ്ട്.
ഇതിനുപുറമേ, ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകൾ, സ്റ്റോക്കുകൾ വാങ്ങൽ-വിൽപ്പന, മ്യൂച്ചൽ ഫണ്ടുകളിലെ നിക്ഷേപ മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളിലൂടെയും ബാങ്കുകൾ വരുമാനം നേടുന്നു. പല പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ഓഹരി ലിസ്റ്റിംഗ് പ്രക്രിയയും ബാങ്കുകൾ വഴിയാണ് നടക്കുന്നത്. ഓഹരി വാങ്ങാൻ ആഗ്രഹിക്കുന്നവർ ബാങ്കിലൂടെ തുക നിക്ഷേപിക്കുന്നതിനാൽ, അതുവഴിയും ബാങ്കുകൾക്ക് വരുമാനം ലഭിക്കുന്നു.
പലിശ രഹിത നിക്ഷേപങ്ങളുടെ പ്രധാന മാർഗമായി ഇസ്ലാമിക് ബാങ്കുകളെ കാണുമ്പോൾ, അവയുടെ ഏറ്റവും പ്രധാന പ്രത്യേകത ആദായം ലഭിക്കുന്നത് മുടക്കുമുതൽ ഉപയോഗിച്ചുള്ള യഥാർത്ഥ പ്രവർത്തനങ്ങളിൽ നിന്നാണ് എന്നതാണ്. ബാങ്ക് സമാഹരിക്കുന്ന നിക്ഷേപം വിവിധ സംരംഭങ്ങളിൽ നിക്ഷേപിക്കുകയും, അവയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് ബാങ്കിന് വരുമാനം ലഭിക്കുന്നത്. അതായത്, പരമ്പരാഗത ബാങ്കുകളിലെ പോലെ പണം കടം നൽകി പലിശ ഈടാക്കി ലാഭം നേടുന്ന രീതി ഇസ്ലാമിക് ബാങ്കുകൾ പിന്തുടരുന്നില്ല.
ഇസ്ലാമിക് ബാങ്കുകളുടെ മറ്റൊരു പ്രധാന പ്രത്യേകത, ചെറുതും വലുതുമായ സംരംഭങ്ങളിൽ സംരംഭകരെ ബാങ്കിനൊപ്പം കൂട്ടു സംരംഭം എന്ന നിലയിൽ പ്രവർത്തിക്കുന്ന പങ്കാളികളാക്കുന്നു എന്നതാണ്. പാരമ്പര്യ ബാങ്കുകൾ വായ്പ നൽകി പലിശ ഈടാക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാൽ ഇസ്ലാമിക് ബാങ്കുകൾ സംരംഭകരെ പങ്കാളികളാക്കി, കൂട്ടു സംരംഭങ്ങളുടെ അടിസ്ഥാനത്തിൽ ഇടപാട് നടത്തി ലാഭം നൽകാനാന്ന് ശ്രമിക്കുന്നത്.
ചുരുങ്ങിയ കാലാവധിയുള്ളതും ദീർഘ കാലാവധിയുള്ളതുമായ സംരംഭങ്ങളിലൂടെയാണ് ഇവരെ പങ്കാളികളാക്കുന്നത്. നേരിട്ടോ മറ്റു പങ്കാളികൾ വഴിയോ സംരംഭങ്ങളിൽ പണമിറക്കി ബിസിനസ് ചെയ്യുന്നതിലൂടെ ലാഭം ഉണ്ടാക്കുകയും അതിന്റെ വിഹിതം ബിസിനസ് ചെയ്യുന്ന പങ്കാളിക്കും ബാങ്കിനും ലഭിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക് ബാങ്കിന്റെ രീതി.
ശരിഅ: കോംപ്ലയിന്റ് ആയിട്ടുള്ള ഷെയറുകളും ഫണ്ടുകളും സ്വർണ്ണ നിക്ഷേപവും എല്ലാം ഉപഭോക്താക്കൾക്ക് വേണ്ടി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സേവനത്തിലൂടെ ബാങ്കിന് പലിശ രഹിതവും നീതിയുക്തവുമായ നേട്ടമുണ്ടാക്കാൻ കഴിയും. പാരമ്പര്യ ബാങ്കുകളെപ്പോലെ മാനുഷിക രഹിതവും ചൂഷണാത്മകവുമായ പലിശയിലൂടെ വരുമാനം ഉണ്ടാക്കുന്ന രീതി ഇസ്ലാമിക ബാങ്കുകൾക്കന്യമാണ്. പാരമ്പര്യ ബാങ്കിൽ നിന്ന് കടമെടുത്ത ഉപഭോക്താവ് അത് ഉപയോഗിച്ച് ബിസിനസ് ചെയ്താലും ഇല്ലെങ്കിലും ലാഭമാണെങ്കിലും നഷ്ടം സംഭവിച്ചാലും നിശ്ചയിക്കപ്പെട്ട പലിശ അടക്കുക തന്നെ വേണം. പണമുപയോഗിച്ച് പണമുണ്ടാക്കുക എന്ന ധാർമിക രഹിത ചൂഷണോപാദിയാണ് ഇവിടെ പ്രവർത്തിക്കുന്നത്.
അതിന് വിപരീതമായി, ഇസ്ലാമിക് ബാങ്കുകൾ നിക്ഷേപം, ഇൻവെസ്റ്റ്മെന്റ്, ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് ലാഭം നേടുന്ന രീതിയാണ് പിന്തുടരുന്നത്. ലാഭവും നഷ്ടവും പങ്കിടുന്ന ഈ രീതിയാണ് ഇസ്ലാമിക് ബാങ്കുകളുടെ അടിസ്ഥാന തത്വം. ലാഭവും നഷ്ടവും സാധ്യതയുള്ള സന്ദർഭങ്ങളിൽ നിന്ന് പരിശ്രമിച്ചു ലാഭം ഉണ്ടാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചുരുക്കം.
പലിശരഹിത ഇസ്ലാമിക് ബാങ്കുകളുടെ ഇടപാടുകൾ പാരമ്പര്യ ബാങ്കുകളിലെ പോലെ ദൈനംദിന സേവനങ്ങളിൽ ഏറെ സാമ്യമുള്ളതാണ്.
1) നിക്ഷേപം സ്വീകരിക്കൽ:
അക്കൗണ്ട് ആരംഭിക്കൽ, ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കൽ, മറ്റ് അക്കൗണ്ടുകളിലേക്ക് പണമിടപാടുകൾ നടത്തൽ എന്നിവ സാധാരണ രീതിയിൽ നടക്കുന്നു. അതോടൊപ്പം കസ്റ്റമർമാരിൽ നിന്ന് പണം സ്വീകരിച്ച് ആവശ്യമായപ്പോൾ ഗ്യാരണ്ടി, സെക്യൂരിറ്റി, ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് (DD) എന്നിവ നൽകുകയും ചെയ്യുന്നു. ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും നൽകുന്ന സേവനങ്ങളും ഇസ്ലാമിക് ബാങ്കുകൾകൾക്ക് നൽകാനാവും.
2) പങ്കാളിത്ത അടിസ്ഥാനത്തിലുള്ള ധനസഹായം:
ഇസ്ലാമിക് ബാങ്കുകൾ വായ്പ നൽകുന്നതിനുപകരം പങ്കാളിത്ത രീതിയിൽ ധനസഹായം നൽകുന്നു. സംരംഭങ്ങളിൽ ബാങ്ക് പങ്കാളിയായി ചേരുകയും ലാഭവും നഷ്ടവും മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ പങ്കിടുകയും ചെയ്യുന്നു.
3) നിക്ഷേപ പ്രവർത്തനങ്ങൾ:
ഉപഭോക്താക്കളുടെ സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി വ്യാവസായിക, വാണിജ്യ, കാർഷിക മേഖലകളിലെ സംരംഭങ്ങളിൽ ബാങ്കുകൾ നിക്ഷേപം നടത്തുന്നു. ഇതിലൂടെ യഥാർത്ഥ ഉത്പാദന പ്രവർത്തനങ്ങളിൽ പങ്കാളിയായി വരുമാനം നേടുന്നു.
4) കൂട്ടു സംരംഭങ്ങൾക്ക് ധനസഹായം:
ഇസ്ലാമിക് ബാങ്കുകൾ ജോയിന്റ് സംരംഭങ്ങളിൽ പങ്കാളികളായി ഫിനാൻസ് ചെയ്യുന്നു. ബാങ്കും സംരംഭകനും ചേർന്ന് പ്രവർത്തിച്ച് ലാഭം പങ്കിടുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. ഇസ്ലാമിക് ബാങ്കുകൾ ശരീഅത്തിന്റെ ധാർമിക നിർദ്ദേശങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഏതു വിധേനയും ലാഭം നേടുക എന്ന സമീപനം ഇവ പിന്തുടരുന്നില്ല. ഇസ്ലാമിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ധാർമികതയെ അടിസ്ഥാനമാക്കിയ ഒരു സാമ്പത്തിക സംവിധാനമാണ് ഇസ്ലാമിക് ബാങ്കുകളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ, മേൽപ്പറഞ്ഞ എല്ലാ ഇടപാടുകളിലും ബാങ്കിന്റെ തനിമ നിലനിർത്തുന്ന രീതിയിലാണ് പ്രവർത്തനം നടക്കുന്നത്.
1) നിക്ഷേപം സ്വീകരിക്കൽ:
പാരമ്പര്യ ബാങ്കുകളിൽ സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവ വഴി നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. ഈ നിക്ഷേപങ്ങൾക്ക് ബാങ്കുകൾ വാർഷികമോ അർദ്ധവാർഷികമോ ആയി പലിശ നൽകുന്നു. സാധാരണയായി, നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ വായ്പകളിൽ നിന്ന് ഈടാക്കുന്ന പലിശയെക്കാൾ 2 മുതൽ 5 ശതമാനം വരെ കുറവായിരിക്കും. സേവിംഗ്സ് അക്കൗണ്ടുകൾക്ക് പലിശ ലഭിക്കുമ്പോൾ, കറന്റ് അക്കൗണ്ടുകൾക്ക് സാധാരണയായി പലിശ ലഭിക്കാറില്ല.
ഇതിന് വിപരീതമായി, ഇസ്ലാമിക് ബാങ്കുകൾ പലിശരഹിത സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നില്ല. സാധാരണയായി ഇവയിലെ അക്കൗണ്ടുകൾ കറന്റ് അക്കൗണ്ട് രീതിയിൽ പ്രവർത്തിക്കുന്നവയായിരിക്കും.
എന്നാൽ പലിശ ഇല്ലെന്നതുകൊണ്ട് നിക്ഷേപകർക്ക് വരുമാനം ലഭിക്കില്ലെന്ന് കരുതേണ്ടതില്ല. ഇസ്ലാമിക് ബാങ്കുകൾ നിക്ഷേപകരുടെ മൂലധനം സമാഹരിച്ചു, അത് പങ്കാളിത്ത രീതിയിൽ വിവിധ സംരംഭങ്ങളിൽ നിക്ഷേപിക്കുന്നു. ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭം, ബാങ്കിന്റെ മാനേജിംഗ് സമിതിയും ഉപദേശക സമിതിയിലെ പണ്ഡിതന്മാരും ചേർന്ന് നിശ്ചയിക്കുന്ന നയപ്രകാരം നിക്ഷേപകരുമായി പങ്കിടുന്നു.
ഇതനുസരിച്ച് നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കുന്നു. ആദ്യകാല ഇസ്ലാമിക് ബാങ്കുകളായ ദുബൈ ഇസ്ലാമിക് ബാങ്കിലും ഷാർജ ഇസ്ലാമിക് ബാങ്കിലും ഏകദേശം 4% മുതൽ 8% വരെ ലാഭവിഹിതം നൽകിയതായി രേഖകളിൽ കാണാം. അതോടൊപ്പം, ബാങ്ക് നൽകുന്ന വിവിധ സേവനങ്ങൾക്ക് സർവീസ് ചാർജുകളും ഈടാക്കപ്പെടുന്നു.
2) മണി എക്സ്ചേഞ്ച് സേവനങ്ങൾ:
ഇന്ത്യൻ രൂപയെ വിദേശ നാണയങ്ങളാക്കി മാറ്റുന്നതിനും, ഡോളർ, യൂറോ തുടങ്ങിയ കറൻസികൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുമുള്ള സേവനങ്ങൾ ബാങ്കുകൾ നൽകുന്നു. ഈ ഇടപാടുകളിൽ നിന്ന് സർവീസ് ചാർജുകളിലൂടെ ബാങ്കുകൾക്ക് വരുമാനം ലഭിക്കുന്നു.
3) പങ്കാളിത്ത അടിസ്ഥാനത്തിലുള്ള ധനസഹായം:
വാഹനം, വീട്, ഫ്ലാറ്റ്, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇസ്ലാമിക് ബാങ്കുകൾ ധനസഹായം നൽകുന്നു. എന്നാൽ പാരമ്പര്യ ബാങ്കുകൾ പോലെ പലിശ ഈടാക്കുന്ന രീതിയല്ല ഇവ പിന്തുടരുന്നത്. തിരിച്ചടവ് കാലാവധി കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെ പരിഗണിച്ച്, ഉപഭോക്താവിന് സൗകര്യപ്രദമായ രീതിയിൽ പങ്കാളിത്ത അടിസ്ഥാനത്തിലുള്ള ഇടപാടുകളാണ് ബാങ്കുകൾ സ്വീകരിക്കുന്നത്.
ശരീഅത്ത് നിയമങ്ങൾ പ്രകാരം തിരിച്ചടവ് വൈകിയാൽ പലിശ ഈടാക്കാൻ സാധിക്കാത്തതിനാൽ, ബാങ്ക് ഉപഭോക്താവിന്റെ ഇടപാടുകൾ നിരീക്ഷിക്കുകയും ധനം ഉചിതമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പലപ്പോഴും ഈ ധനം ഉൽപാദകമായ സംരംഭങ്ങളിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
വീട്, ഫ്ലാറ്റ്, വാഹനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപഭോക്താവ് ബാങ്കിനെ സമീപിക്കുമ്പോൾ, ആവശ്യമായ വസ്തു ബാങ്ക് സ്വന്തമായി വാങ്ങി ഉടമസ്ഥതയിൽ കൊണ്ടുവരുന്നു. തുടർന്ന്, അതിന്റെ മൂലധനത്തിന് ഒരു നിശ്ചിത ലാഭവിഹിതം കൂട്ടിച്ചേർത്ത് മൊത്തം വില നിശ്ചയിക്കുന്നു. ഈ തുക ഉപഭോക്താവിന് തവണകളായി (EMI) അടയ്ക്കാൻ സൗകര്യം നൽകുന്നു. സാധാരണയായി മൂന്ന്, അഞ്ച് വർഷങ്ങളോ അതിലധികമോ കാലയളവിൽ തിരിച്ചടവ് അനുവദിക്കുന്നു.
മൂലധനത്തോടൊപ്പം ലാഭവിഹിതം ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇത് ബാങ്കിന് ഇസ്ലാമികമായി അനുവദനീയമായ വരുമാന മാർഗമാണ്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചടവ് പൂർത്തിയാകാത്ത പക്ഷവും, പലിശ ഈടാക്കുന്നതിന് ഇവിടെ അനുവാദമില്ല.
മറിച്ച്, ഉപഭോക്താക്കളെ നിശ്ചിത കാലപരിധിക്കുള്ളിൽ തന്നെ വായ്പ തിരിച്ചടക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇസ്ലാമിക് ബാങ്കുകളുടെ സമീപനം. ഇടപാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പണയം (collateral) ആവശ്യപ്പെടുകയോ ഗ്യാരണ്ടി ചെക്കുകൾ സ്വീകരിക്കുകയോ ചെയ്യാം.
ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിലും വ്യത്യാസം കാണാം. പാരമ്പര്യ ബാങ്കുകളിൽ, ഗ്രേസ് പീരിയഡിന് ശേഷം അടയ്ക്കാത്ത തുകയ്ക്ക് ഉയർന്ന പലിശ ഈടാക്കാറുണ്ട്. എന്നാൽ ഇസ്ലാമിക് ബാങ്കുകൾക്ക് പലിശ ഈടാക്കാൻ കഴിയാത്തതിനാൽ, ഉപഭോക്താവിനെ ഉത്തരവാദിത്തത്തോടെ പണം ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും, തുക സമയത്ത് അടയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇസ്ലാമിക് ബാങ്കുകളുടെ നിലപാട്, “കടം നൽകിയാൽ പലിശ ഏതായാലും ലഭിക്കണം” എന്നതല്ല. പണം ഉപയോഗിച്ച് ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും അതിന്റെ മുഴുവൻ ഭാരവും ഉപഭോക്താവിന് മേൽ ചുമത്തുന്ന രീതിയെ ഇവ അംഗീകരിക്കുന്നില്ല. പകരം, വായ്പ ഉപയോഗം ഉത്തരവാദിത്തത്തോടെ നടത്താനും, സമ്പത്തിന്റെ മൂല്യവും പരിശ്രമത്തിന്റെ പ്രാധാന്യവും മനസ്സിലാക്കാനും ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്ന സമീപനമാണ് ഇവ സ്വീകരിക്കുന്നത്.
4) നിക്ഷേപ പ്രവർത്തനങ്ങൾ (Investments):
ഉപഭോക്താക്കളുടെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമായ വ്യവസായ, വാണിജ്യ, കാർഷിക സംരംഭങ്ങളിൽ ഇസ്ലാമിക് ബാങ്കുകൾ നിക്ഷേപം നടത്തുന്നു. വ്യക്തികളുടെയോ കൂട്ടായ്മകളുടെയോ സംരംഭങ്ങളിൽ ബാങ്ക് പങ്കാളിയായി നിക്ഷേപിക്കുന്നതിലൂടെ അവർക്കു ആവശ്യമായ ധനസഹായം ലഭിക്കുകയും, അതോടൊപ്പം ബാങ്കിനും ഭാവിയിൽ വരുമാനം നേടാനുള്ള അവസരമുണ്ടാവുകയും ചെയ്യുന്നു.
ഇസ്ലാമിക കർമശാസ്ത്രത്തിൽ ഇത്തരം കൂട്ടായ വാണിജ്യ ഇടപാടുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ബാങ്കുകളുടെ ഉപദേശക സമിതിയിൽ ശരീഅത്ത് നിയമങ്ങൾ അറിയുന്ന പണ്ഡിതന്മാർ ഉൾപ്പെട്ടിരിക്കും. അവരുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി ബാങ്കുകൾ സംയുക്ത സംരംഭങ്ങളിൽ പ്രവേശിക്കുന്നു.
സലമ് (മുൻകൂർ പണമടച്ച് പിന്നീട് സാധനം ലഭ്യമാക്കൽ), മുറാബഹ (വിലയും ലാഭവും വ്യക്തമാക്കിയ വിൽപ്പന), മുശാറക(പങ്കാളിത്ത സംരംഭം), മുദാറബ (മൂലധനവും പരിശ്രമവും ചേർന്ന സംരംഭം) തുടങ്ങിയ ഇസ്ലാമിക ഇടപാട് രീതികൾ പാലിച്ചാണ് ബാങ്കുകൾ നിക്ഷേപങ്ങൾ നടത്തുന്നത്.
ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ വഴി സംരംഭകർക്ക് ധനസഹായവും തൊഴിൽ അവസരങ്ങളും ലഭിക്കുന്നു. അതേസമയം, ബാങ്കിനും ഈ സംരംഭങ്ങളിൽ നിന്ന് ലാഭവിഹിതം ലഭിക്കുകയും, അത് ബാങ്കിന്റെ ആസ്തിയും വരുമാനവും വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മാനവികവും ധാർമികവുമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇസ്ലാമിക് ബാങ്കുകളെക്കുറിച്ചുള്ള ഒരു സംക്ഷിപ്തമായ ചരിത്രപരവും ആശയപരവുമായ ആമുഖമാണ് ഇവിടെ അവതരിപ്പിച്ചത്. ഇസ്ലാമിക് ബാങ്കുകൾ നടത്തുന്ന വാണിജ്യ ഇടപാടുകളെക്കുറിച്ച് വിശദമായി വിലയിരുത്താം.
ഒരു വ്യക്തിക്ക് ആവശ്യമായ ഒരു വസ്തുവിന്റെ ഗുണഗണങ്ങൾ, അളവ് (ക്വാണ്ടിറ്റി), വിതരണം ചെയ്യേണ്ട സമയം എന്നിവ മുൻകൂട്ടി വ്യക്തമായി നിശ്ചയിക്കുന്നു. തുടർന്ന്, ഭാവിയിൽ ഡെലിവറി ചെയ്യേണ്ട ആ വസ്തുവിന്റെ വില ഇപ്പോൾ തന്നെ നിശ്ചയിച്ച്, ഇടപാട് നടക്കുന്ന സമയത്ത് തന്നെ ആ മുഴുവൻ തുകയും വസ്തു നൽകാൻ സമ്മതിച്ച വ്യക്തിക്ക് നൽകുന്നു. ഇത്തരത്തിൽ മുൻകൂർ തുക നൽകി പിന്നീട് സാധനം ലഭിക്കുന്ന ഇടപാടാണ് സലം (Advance Payment System) എന്ന് വിളിക്കുന്നത്.
ഉടമസ്ഥതയിലേക്ക് മാറുന്ന വാടക കരാർ/മുറാബഹ (Lease to Own Agreement)
ഒരു വീടോ വാഹനമോ വ്യവസായ ആവശ്യത്തിനുള്ള സ്ഥലമോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ഇസ്ലാമിക് ബാങ്കിനെ സമീപിക്കുന്നു. ആവശ്യമായ വസ്തുവിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നു. ശേഷം, അത് സ്വന്തമായി വാങ്ങാൻ ആവശ്യമായ മുഴുവൻ തുകയും ഒരുമിച്ച് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ബാങ്കിന്റെ സഹായം തേടുന്നു.
ഉദാഹരണത്തിന്, 20 ലക്ഷം രൂപ വിലയുള്ള ഒരു വീട് ആവശ്യമാണ് എന്ന് കരുതുക. ബാങ്ക് ആ വീട് സ്വന്തമായി വാങ്ങി തന്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്നു. തുടർന്ന് ബാങ്കും ഉപഭോക്താവും തമ്മിൽ 'ലീസ് ടു ഓൺ' കരാർ ഉണ്ടാക്കുന്നു. ആദ്യം ആ വീട് ഉപഭോക്താവിന് വാടകയ്ക്ക് നൽകുന്നു. അദ്ദേഹം മാസവാടകയോ വർഷവാടകയോ ആയി നിശ്ചിത തുക അടയ്ക്കുന്നു. അതോടൊപ്പം, വീടിന്റെ വിലയും ബാങ്കിന്റെ ലാഭവിഹിതവും ചേർത്ത് ഒരു മൊത്തം തുക നിശ്ചയിക്കുകയും, അത് ദീർഘകാലഘട്ടത്തിൽ (ഉദാ: 10–15 വർഷം) ഘട്ടങ്ങളായി അടയ്ക്കാനുള്ള സൗകര്യം നൽകുകയും ചെയ്യുന്നു. ഓരോ ഘട്ടത്തിലും ഉപഭോക്താവ് വീടിന്റെ ഒരു വിഹിതം വാങ്ങി സ്വന്തമാക്കുന്നു. ഉദാഹരണത്തിന്, 15 വർഷത്തെ കരാറിൽ ഓരോ വർഷവും 1/15 വിഹിതം വീതം സ്വന്തമാക്കും.
കാലക്രമേണ ഉപഭോക്താവിന്റെ ഉടമസ്ഥതയുടെ വിഹിതം വർധിക്കുമ്പോൾ, ബാങ്കിന് ലഭിക്കുന്ന വാടക കുറയുകയും ചെയ്യും. അവസാനം നിശ്ചിത കാലാവധി പൂർത്തിയാകുമ്പോൾ, വീട് മുഴുവനായും ഉപഭോക്താവിന്റെ ഉടമസ്ഥതയിലേക്ക് മാറും.
ഈ രീതിയിലൂടെ ഒരുമിച്ച് മുഴുവൻ തുകയും നൽകാൻ കഴിയാത്ത വ്യക്തിക്ക് ദീർഘകാലമായി സ്വത്ത് സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നു. അതേസമയം, ബാങ്കിനും തന്റെ നിക്ഷേപത്തിന് ന്യായമായ ലാഭവിഹിതം ലഭിക്കുന്നു. ഇതെല്ലാം പലിശയോ ചൂഷണപരമായ രീതികളോ ഇല്ലാതെ നടക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. മുറാബഹ എന്നാണ് ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റത്തിൽ ഇതിന് പറയുന്നത്
മുളാറബ
മുളാറബ ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു ആശയമാണ്. ഇത് നിക്ഷേപവും പ്രയത്നവും ചേർന്നുള്ള ഒരു കൂട്ടുകെട്ടാണ്. ഇവിടെ ഒരാൾക്ക് പണമുണ്ടാകും, പക്ഷേ ബിസിനസ് നടത്താനുള്ള സമയമോ പ്രാപ്തിയോ ഇല്ലായിരിക്കാം. മറ്റൊരാൾക്ക് കഴിവും ആശയവും ഉണ്ട്, പക്ഷേ പണമില്ല. ഇത്തരം സാഹചര്യത്തിലാണ് മുളാറബ പ്രവർത്തിക്കുന്നത്. ഇവർ തമ്മിൽ മുൻകൂട്ടി ലാഭവിഹിതം നിശ്ചയിക്കുകയും ബിസിനസിൽ ലാഭം ഉണ്ടാകുമ്പോൾ അത് ഇരുവരും പങ്കിടുകയും ചെയ്യും. എന്നാൽ നഷ്ടം സംഭവിച്ചാൽ, സാമ്പത്തിക നഷ്ടം നിക്ഷേപകനാണ് ഏറ്റുവാങ്ങേണ്ടത്, പ്രവർത്തകനാകട്ടെ തന്റെ പരിശ്രമം നഷ്ടപ്പെടുന്നു. ഇത് വിശ്വാസത്തെയും സത്യസന്ധതയെയും അടിസ്ഥാനമാക്കിയ ഒരു സംവിധാനമാണ്. ഉദാഹരണത്തിന്, ഒരാൾ 5 ലക്ഷം രൂപ നിക്ഷേപിക്കുകയും മറ്റൊരാൾ ഒരു ചെറിയ വ്യാപാരം ആരംഭിക്കുകയും ചെയ്യുന്നു. ലാഭം ഉണ്ടാകുമ്പോൾ അത് ഇരുവരും കരാറനുസരിച്ച് പങ്കിടും. എന്നാൽ നഷ്ടം സംഭവിച്ചാൽ, നിക്ഷേപകന് നിക്ഷേപിച്ച പണം നഷ്ടപ്പെടും.
മുശാറക
മുശാറക മൂന്നാമത്തെ പ്രധാന മാതൃകയാണ്, ഇത് സാധാരണ പാർട്ണർഷിപ്പിനോട് ഏറെ സാമ്യമുള്ളതാണ്. ഇവിടെ എല്ലാ പങ്കാളികളും പണവും ചിലപ്പോൾ പ്രയത്നവും നിക്ഷേപിക്കുന്നു. അതിനാൽ, ഇത് കൂടുതൽ പങ്കാളിത്തപരവും കൂട്ടായ്മയിലുമുള്ള ഒരു മാതൃകയാണ്. ലാഭവും നഷ്ടവും നിക്ഷേപിച്ച തുകയനുസരിച്ചാണ് പങ്കിടേണ്ടത്. ഉദാഹരണത്തിന്, രണ്ട് പേർ ചേർന്ന് ഒരു ബിസിനസ് ആരംഭിക്കുന്നു. ഒരാൾ 3 ലക്ഷം രൂപയും മറ്റൊരാൾ 2 ലക്ഷം രൂപയും നിക്ഷേപിക്കുന്നു. ലാഭമായാലും നഷ്ടമായാലും 3:2 എന്ന അനുപാതത്തിലാണ് പങ്കിടേണ്ടത്. ഇതിലൂടെ, എല്ലാവർക്കും ഉത്തരവാദിത്തബോധവും പങ്കാളിത്തബോധവും ഉണ്ടാകുന്നു.
ഈ മൂന്ന് സംവിധാനങ്ങളും ഒരുമിച്ച് നോക്കുമ്പോൾ, ഇസ്ലാമിക് ഫിനാൻസിന്റെ അടിസ്ഥാന ദർശനം വളരെ വ്യക്തമാണ്. മുറാബഹ ഉപഭോക്താവിന് ആവശ്യമായ വസ്തുക്കൾ ലഭ്യമാക്കുന്ന ഒരു വ്യാപാര മോഡലാണ്. മുളാരബ, പണവും കഴിവും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നു. മുശാറക, കൂട്ടായ്മയിൽ വളരാനുള്ള ഒരു മാർഗമാണ്. യഥാർത്ഥ സാമ്പത്തിക പ്രവർത്തനങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും ലാഭം ഉണ്ടാകണം എന്നതാണ് മുഖ്യ ലക്ഷ്യം.










