നിർബന്ധ ദാനമായ സക്കാത്തിനു പുറമെ, ഐച്ഛികമായി ചെയ്യുന്ന ദാനമാണ് സ്വദഖ. ഇത് പണം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, പാലുൽപാദിപ്പിക്കാവുന്ന മൃഗങ്ങൾ, യാത്രയ്ക്കുപകരിക്കുന്ന വാഹനങ്ങൾ എന്നിങ്ങനെയൊക്കെ നൽകാം. നിർബന്ധമല്ലെങ്കിലും, അതിനെ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട് ഇസ്ലാം. ദാനം മനുഷ്യന്റെ ലുബ്ധതയും വസ്തുക്കളോടുള്ള അമിതാസക്തിയും കുറയ്ക്കുന്ന ഒരു ആത്മീയ ശീലമാണ്.
'നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതിൽ നിന്ന് ചെലവഴിക്കുന്നതുവരെ നിങ്ങൾ നന്മയെ പ്രാപിക്കുകയില്ല' എന്ന് അർത്ഥമുള്ള ഖുർആൻ വാക്യം അവതരിച്ചപ്പോൾ, പല പ്രവാചകാനുചരരും ഏറ്റവും പ്രിയപ്പെട്ട സ്വത്തുക്കൾ ദാനം നൽകാൻ മുന്നോട്ടുവരികയുണ്ടായി.
പ്രവാചകൻ ഏറ്റവും വലിയ ഉദാരതയുടെ ആൾരൂപമായിരുന്നു. പ്രത്യേകിച്ച് റമളാനിൽ(വ്രതാനുഷ്ഠാന മാസം) എല്ലാ രാത്രിയിലും ജിബ്രീൽ എന്ന മാലാഖ പ്രവാചകർക്കരികിൽ വരികയും അതുവരെ അവതരിച്ച വിശുദ്ധ ഖുർആൻ വാക്യങ്ങൾ പാഠം നോക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈ സമയങ്ങളിലെല്ലാം ഏറ്റവും വലിയ ഉദാരത കാണിച്ചിരുന്നു എന്ന് പ്രവാചക ജീവിതത്തിൽ കാണാം(സ്വഹീഹുൽ ബുഖാരി).
ഉദാരതയുടെ മഹത്വവും പ്രാധാന്യവും പരാമർശിക്കുന്ന നിരവധി ഖുർആൻ സൂക്തങ്ങളുണ്ട്. ചിലത് കാണാം:
അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി ദാനം ചെയ്യുന്നവരുടെ ഉദാഹരണം ഒരു വിത്ത് വിതയ്ക്കുന്ന മനുഷ്യനെപ്പോലെയാണ്. ആ വിത്തിൽ നിന്ന് ഏഴ് കുലകൾ വളരുകയും, ഓരോ കുലയിലും നൂറ് ധാന്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതായത്, ഒരാൾ ചെയ്യുന്ന ദാനത്തിന് ഏഴുനൂറിരട്ടി പ്രതിഫലം ലഭിക്കുന്നു. അല്ലാഹു താൻ ഇച്ഛിക്കുന്നവർക്ക് അതിലും കൂടുതൽ ഇരട്ടിയായി പ്രതിഫലം നൽകുന്നു. അവൻ വിശാലമായ അനുഗ്രഹമുള്ളവനും എല്ലാം അറിയുന്നവനുമാണ്(വിശുദ്ധ ഖുർആൻ 2:261).
അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി ദാനം ചെയ്യുന്നവൻ, താൻ നൽകിയ ദാനം പിന്നീട് പറഞ്ഞ് നടക്കുകയോ ദാനം സ്വീകരിച്ചവനെ ബുദ്ധിമുട്ടിക്കുകയോ ചെയ്യില്ല. ഇത്തരക്കാരെ അല്ലാഹു വലിയ പ്രതിഫലത്തോടെ അനുഗ്രഹിക്കും. അവർക്കു ഭയമോ ദുഃഖമോ ഉണ്ടായിരിക്കുകയില്ല(ഖുർആൻ 2:262).
രാവും പകലും, രഹസ്യമായും പരസ്യമായും, തങ്ങളുടെ സമ്പത്തിൽ നിന്ന് നന്മയുടെ വഴിയിൽ ചെലവഴിക്കുന്നവർക്ക് അവരുടെ റബ്ബിന്റെ അടുക്കൽ വലിയ പ്രതിഫലമുണ്ട്. അവർക്കു ഭയമോ വ്യസനമോ ഉണ്ടാകില്ല(ഖുർആൻ 2:274).
നിശ്ചയമായും അല്ലാഹു തന്റെ ദാസന്മാരിൽ നിന്ന് പശ്ചാത്താപവും ഐച്ഛിക ദാനവും സ്വീകരിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്(ഖുർആൻ 9:104).
സ്വദഖ ചെയ്യുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും, അല്ലാഹുവിന് 'നല്ല കടം' നൽകുന്നവർക്കും, ഇരട്ടിയേറെ പ്രതിഫലം നൽകപ്പെടും. അവർക്കായി മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കും. (ഖുർആൻ 57:18)
മുകളിൽ പറഞ്ഞതുപോലെ വസ്തുക്കളോ പണമോ നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ദാനം. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ ദാനം വളരെ വിശാലമായ അർത്ഥമുള്ളതാണ്. മറ്റൊരാളോട് പുഞ്ചിരിക്കുന്നതു പോലും സ്വദഖയാണ്.
സൂര്യൻ ഉദിക്കുന്ന ഓരോ പ്രഭാതത്തിലും മനുഷ്യന്റെ ശരീരത്തിലെ ഓരോ സന്ധിക്കും വേണ്ടി സ്വദഖ നൽകേണ്ടതുണ്ടെന്ന് പ്രവാചകർ പഠിപ്പിക്കുന്നു. രണ്ടുപേർക്കിടയിൽ നീതി സ്ഥാപിക്കുന്നത് സ്വദഖയാണ്. ഭാരമേറിയ സാധനങ്ങളുമായി മൃഗത്തിന്റെ മേൽ കയറാൻ ശ്രമിക്കുന്ന ഒരാളെ സഹായിക്കുന്നതും, അവന്റെ വസ്തുßക്കൾ മൃഗത്തിന്റെ മേൽ കയറ്റിക്കൊടുക്കുന്നതും സ്വദഖയാണ്. നല്ല വാക്ക് പറയുന്നതും, വഴിയിൽ നിന്ന് ജനങ്ങൾക്ക് ഉപദ്രവകരമായ വസ്തുക്കൾ നീക്കം ചെയ്യുന്നതും ദാനമാണ്. നിസ്കാരത്തിലേക്ക് നടക്കുമ്പോൾ വെക്കുന്ന ഓരോ ചുവടും ദാനമായി കണക്കാക്കപ്പെടുന്നു. അതുപോലെ, ആവശ്യക്കാരെ സഹായിക്കുക, വഴികാട്ടുക, രോഗിയെ സന്ദർശിക്കുക, ദുഃഖിതരെ ആശ്വസിപ്പിക്കുക, അറിവ് പങ്കുവെക്കുക എന്നിവയും ദാനത്തിന്റെ ഭാഗമാണ്.
പ്രവാചക വചനത്തിൽ ഇങ്ങനെ കാണാം: ഓരോ പ്രഭാതത്തിലും രണ്ട് മാലാഖമാർ ഇറങ്ങി വരുന്നു. ഒരാൾ നന്മയിൽ ചെലവഴിക്കുന്നവർക്കായി 'അല്ലാഹുവേ, ഇവന് പകരം നൽകേണമേ' എന്ന് പ്രാർത്ഥിക്കുന്നു. മറ്റൊരാൾ, ചെലവഴിക്കാതെ പിടിച്ചുനിൽക്കുന്ന ലുബ്ധരായവർക്കായി 'അല്ലാഹുവേ, ഇവന് നഷ്ടം വരുത്തേണമേ' എന്ന് പ്രാർത്ഥിക്കുന്നു(ബുഖാരി).
ഇങ്ങനെ നോക്കുമ്പോൾ, ദാനം ധനികർക്കു മാത്രം സാധിക്കുന്ന കാര്യമല്ല. ഓരോ മനുഷ്യനും തന്റെ കഴിവിനും സാഹചര്യത്തിനും അനുസരിച്ച് നന്മ ചെയ്യാൻ കഴിയുന്ന എല്ലാ വഴികളും ഇസ്ലാം ദാനമായി പരിഗണിക്കുന്നു. അതിലൂടെ സമൂഹത്തിൽ സഹാനുഭൂതിയും സഹകരണവും വളരുകയും മനുഷ്യബന്ധങ്ങൾ ശക്തിപ്പെടുകയും ചെയ്യുന്നു.
ദാനം ചെയ്താൽ ധനം കുറയുകയില്ല എന്ന അത്ഭുതകരമായ സന്ദേശം തിരുനബിയുടെ ഉപദേശങ്ങളിൽ കാണാം. പരലോകത്തിൽ വലിയ പ്രതിഫലം ലഭിക്കുന്നതോടൊപ്പം, ഈ ലോകത്തും ദാനം ചെയ്യുന്ന വ്യക്തിക്ക് നിരവധി ഗുണങ്ങൾ ലഭിക്കുന്നു. ദാനം മനസിനെ ശാന്തമാക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരുടെ പ്രാർത്ഥനയും സ്നേഹവും ലഭിക്കുമ്പോൾ, അതിലൂടെ ഒരു നല്ല സാമൂഹിക അന്തരീക്ഷം രൂപപ്പെടുന്നു.
ഇത്തരം അനുകൂല സാഹചര്യങ്ങൾ വ്യക്തിയുടെ പ്രവർത്തനശേഷി വർധിപ്പിക്കുകയും, മുമ്പ് നൽകിയതിനെക്കാൾ കൂടുതൽ സമ്പാദിക്കാൻ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദാനം നഷ്ടമല്ല, മറിച്ച് വളർച്ചയുടെ വഴിയാണ്.
ശ്രേഷ്ഠമായ സ്വദഖ
സ്വദഖ ഇസ്ലാമിൽ വെറും ധനദാനം മാത്രമല്ല, മനുഷ്യന്റെ ഹൃദയശുദ്ധിയും സമൂഹബോധവും പ്രകടിപ്പിക്കുന്ന ഒരു ഉന്നത പ്രവൃത്തിയാണ്. അത് ആവശ്യക്കാരിലേക്ക് നന്മ എത്തിക്കുന്നതോടൊപ്പം, ദാനിയുടെ ആത്മീയ ഉയർച്ചക്കും കാരണമാകുന്നു. ഖുർആനും പ്രവാചക വചനങ്ങളും സ്വദഖയുടെ മഹത്വവും അതിന്റെ വ്യാപ്തിയും ശക്തമായി ഉത്ബോധിപ്പിക്കുന്നുണ്ട്.
"എന്താണ് ചെലവഴിക്കേണ്ടത് എന്ന് അവർ ചോദിക്കുന്നു. പറയൂ: നിങ്ങൾ ചെലവഴിക്കുന്ന ഏത് നന്മയും മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനാഥർക്കും അവശ വിഭാഗങ്ങൾക്കും വഴിയാത്രക്കാർക്കും വേണ്ടി ആയിരിക്കണം. നിങ്ങൾ ചെയ്യുന്ന നന്മയെല്ലാം അല്ലാഹു അറിയുന്നു” (ഖുർആൻ 2:215).
പരലോകത്തിൽ അല്ലാഹുവിന്റെ അർശിന്റെ പ്രത്യേക തണലിന് അർഹരാകുന്ന ഏഴ് വിഭാഗം ആളുകളിൽ ഒരുവിഭാഗം, രഹസ്യമായി ദാനം ചെയ്യുന്നവരാണ്. വലതു കൈ ചെയ്യുന്നതു ഇടതു കൈ അറിയാത്ത വിധം ദാനം ചെയ്യുന്നവരാണ് അവർ(ബുഖാരി).
സ്വന്തം വീട്ടിൽ സുഖമായി ഭക്ഷണം കഴിക്കുമ്പോൾ അടുത്ത അയൽവാസി പട്ടിണിയോടെ കഴിയുന്നുവെങ്കിൽ, അവൻ പൂർണ്ണമായ വിശ്വാസിയായിരിക്കുകയില്ലെന്ന തിരുനബിയുടെ ഉപദേശം, ആവശ്യക്കാരിലേക്ക് ദാനം എത്തിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ദാനശീലമുള്ളവന് മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും, അവരുടെ കണ്ണീർ ഒപ്പാനും, സഹായഹസ്തം നീട്ടാനും കഴിയും.
തിരുനബി പഠിപ്പിച്ച ഈ വിശാലമായ ദാന മനസ്സ് കാരണം, മുസ്ലിം സമൂഹങ്ങളിൽ ആരെങ്കിലും ദുരിതത്തിലാകുമ്പോൾ—പട്ടിണി, രോഗം, അപകടം, ദുരന്തം എന്നിവ ഉണ്ടായാൽ—അവരെ സഹായിക്കാൻ വേഗത്തിൽ മുന്നോട്ടുവരുന്ന പ്രവണത കാണാം.
“യാചകനെ തള്ളിക്കളയരുത്, അവനെ അപമാനിക്കരുത്” എന്ന ഖുർആൻ നിർദ്ദേശം അടിസ്ഥാനമാക്കി, യാചകരെ സഹായിക്കാനും തിരുനബി പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് തന്നെ, യാചകരെ നിരോധിക്കുന്നതിനു പകരം, അവർക്കു കഴിയുന്ന സഹായം നൽകുന്നതിലാണ് ശ്രദ്ധ കൊടുക്കുന്നത്.
ജീവിതത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിക്കുന്നവർക്ക് അല്ലാഹു ചിലപ്പോൾ സമ്പന്നതയുടെ വാതിലുകൾ തുറക്കാറുണ്ട്. പിന്നീട് സമ്പന്നരാകുന്നവർ തങ്ങളുടെ പഴയകാലം ഓർത്തു, ഇന്നത്തെ ആവശ്യക്കാരെ സഹായിക്കുന്നുണ്ടോ എന്നത് ഒരു പരീക്ഷണമായി മാറുന്നു. ഇത്തരത്തിലുള്ള പാഠങ്ങൾ ചരിത്ര സംഭവങ്ങളിലൂടെ തിരുനബി ശിഷ്യന്മാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.










