ഇസ്ലാമിക സാമ്പത്തിക ഇടപാടുകളിൽ പ്രധാനമാണ് വഖ്ഫ്. തടഞ്ഞുവെക്കുക എന്നാണ് വഖ്ഫ് എന്ന അറബി പദത്തിൻ്റെ ഭാഷാർത്ഥം. കർമശാസ്ത്രത്തിന്റെ സാങ്കേതികാർത്ഥത്തിൽ, സ്വത്വം നിലനിർത്തിക്കൊണ്ട് ഉപകാരം ദാനമായി നൽകാവുന്ന സ്ഥാവര, ജംഗമ വസ്തുക്കൾ സുസ്ഥിര ദാനമായി പ്രഖ്യാപിക്കുന്നതാണ് വഖ്ഫിന്റെ രീതി. ഉദാഹരണത്തിന് ഒരു വീട് വഖ്ഫ് ചെയ്താൽ പിന്നീട് അത് വിൽക്കാനോ മറ്റുള്ളവർക്ക് കൈമാറാനോ സാധ്യമല്ല. അത് ദാനമായി നിലനിൽക്കും. അപ്പോൾ വീടിന്റെ സ്വത്വം നിലനിർത്തി അതിൽ താമസിക്കുക എന്ന ഉപകാരം ആർക്കു വേണ്ടിയാണോ വഖ്ഫ് ചെയ്തത് അവർക്ക് കാലാകാലങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരിക്കാം.
തികച്ചും ആരാധനാപരമായ എന്നാൽ മാനുഷിക നന്മ ലക്ഷ്യമാക്കിയുള്ള ഒരു സുസ്ഥിര ദാന പദ്ധതിയാണ് വഖഫ്. ഇസ്ലാമിക സമൂഹത്തിന്റെ നിലനിൽപ്പിൽ വഖ്ഫ് സ്വത്തുക്കൾക്ക് പ്രധാന റോളുണ്ട്. ആരാധനാലയങ്ങൾ, മതപഠന കേന്ദ്രങ്ങൾ, സത്രങ്ങൾ (പൊതു ജനങ്ങൾക്ക് ആവശ്യമുള്ള താമസസൗകര്യം), യാത്ര ചെയ്യാനുള്ള വാഹനം തുടങ്ങി സ്ഥാവര, ജംഗമ സ്വത്തുക്കൾ വ്യക്തിഗതമായി കൈമാറാൻ പാടില്ലെന്ന ഉപാധിയോടെ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സുസ്ഥിര ദാനമായി പ്രഖ്യാപിക്കുകയാണ് വഖ്ഫിന്റെ രീതി ശാസ്ത്രം.
പ്രസിദ്ധമായ ഒരു പ്രവാചക വചനത്തിൽ ഇങ്ങനെയുണ്ട്: ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവന്റെ കർമങ്ങളെല്ലാം നിലച്ചു പോവും. മൂന്നെണ്ണമൊഴികെ. സുസ്ഥിരമായ ദാനം, ഉപകാരപ്രദമായ ജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന മകൻ. (അബൂഹുറൈറയിൽ നിന്ന് ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസ് വചനം. 1631) ഈ ഹദീസ് വചനത്തിൽ പറഞ്ഞ സുസ്ഥിരദാനം കൊണ്ട് ഉദ്ദേശിക്കുന്നത് വഖ്ഫാണെന്നാണ് മിക്ക ഹദീസ് വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയത്.
ഖലീഫ ഉമർ പറയുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം: ഖൈബറിലെ ഭൂമി മുസ്ലിങ്ങൾക്ക് ലഭിച്ചപ്പോൾ എനിക്ക് നല്ലൊരു തോട്ടം ലഭിച്ചു. അതിനേക്കാൾ എനിക്കിഷ്ടമുള്ളതോ വിലയുള്ളതോ ആയ ഒരു സ്വത്തും എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. പ്രവാചകരോട് ഞാൻ ചോദിച്ചു: അത് ഞാൻ എങ്ങനെയാണ് വിനിയോഗിക്കേണ്ടത്. തിരുനബി മറുപടി പറഞ്ഞു: നിനക്ക് ഇഷ്ടമാണെങ്കിൽ അതിന്റെ സ്വത്വം നിലനിർത്തി അത് ദാനമായി നൽകാം.
ആ ഉപദേശം സ്വീകരിച്ചുകൊണ്ട് ഖൈബറിലെ തനിക്ക് ലഭിച്ച ഭൂമി തന്റെ ബന്ധുക്കൾ, അടിമകൾ, യാത്രക്കാർ, അതിഥി സൽക്കാരം എന്നീ ആവശ്യങ്ങൾക്കായി സുസ്ഥിരദാനമായി പ്രഖ്യാപിച്ചു. അഥവാ ഈ വിഭാഗങ്ങൾക്കെല്ലാം ആ ഭൂമിയിലുള്ള വരുമാനം ഉപയോഗിക്കാം. ആ ഭൂമി വിൽക്കുവാനോ മറ്റുള്ളവർക്ക് ദാനമായി നൽകാനോ പാടില്ല എന്ന നിബന്ധനയോടെ. ഈ സംഭവത്തെക്കുറിച്ച് പണ്ഡിതന്മാർ രേഖപ്പെടുത്തിയത് ഇസ്ലാമിൽ അറിയപ്പെട്ട ആദ്യത്തെ വഖ്ഫ് ആധാരം ഉമറിന്റെ ഈ പ്രഖ്യാപനമായിരുന്നു എന്നാണ്.
ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പും പല നന്മപ്രവർത്തനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വഖ്ഫ് എന്ന സംവിധാനം അവർക്കു പരിചിതമായിരുന്നില്ല. ഇസ്ലാം വന്നതിന് ശേഷമാണ് വഖ്ഫ് പരിചയപ്പെടുകയും പ്രചാരത്തിലാകുകയും ചെയ്തത്.
വഖ്ഫ് ഭൂമിയുടെ പരിപാലനം ഏറ്റെടുക്കുന്നവർക്ക് അമിതമാകാത്ത രീതിയിൽ അതിൽ നിന്ന് ഉപജീവനം നടത്താമെന്ന് ഉമർ പറഞ്ഞതായി പ്രവാചക വചനങ്ങളിൽ കാണാം.
ഉടമാവകാശം
അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി ഒരാൾ തന്റെ ഉടമസ്ഥതയിലുള്ള സ്ഥാവരമോ ജംഗമമോ ആയ വസ്തു വഖ്ഫ് ആയി പ്രഖ്യാപിച്ചാൽ അതിന്റെ ഉടമാവകാശം അല്ലാഹുവിലേക്ക് നീങ്ങുന്നു. തുടർന്ന്, വഖ്ഫ് ചെയ്ത ആൾക്കോ അവന്റെ അവകാശികൾക്കോ, അല്ലെങ്കിൽ ആ വഖ്ഫ് ആരുടെ ഗുണത്തിനാണോ ചെയ്തതോ, ആർക്കും ആ സ്വത്ത് വിൽക്കാനോ ദാനമായി നൽകാനോ സാധിക്കില്ല. ഇതിന്റെ ഉടമസ്ഥത അല്ലാഹുവിനാണെന്നതിനാൽ, വഖ്ഫ് ചെയ്ത വ്യക്തിയോ (വാഖിഫ്) അല്ലെങ്കിൽ അദ്ദേഹം നിശ്ചയിച്ച വ്യക്തിയോ ആ സ്വത്തിന്റെ പരിപാലനം നിർവഹിക്കാൻ ബാധ്യതപ്പെട്ടവരാണ്.
വഖ്ഫ് പരിപാലനം
വഖ്ഫ് ചെയ്യുന്ന വ്യക്തി പരിപാലനത്തിനായി ആരെയും പ്രത്യേകമായി നിയമിച്ചിട്ടില്ലെങ്കിൽ, അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹം തന്നെ പരിപാലനം നോക്കണം. അദ്ദേഹത്തിന് ശേഷം അവകാശികൾ പരിപാലനം ഏറ്റെടുക്കുകയോ, അതിന് യോഗ്യനായ ഒരാളെ നിയമിക്കുകയോ വേണം. നടക്കാത്ത പക്ഷം, ഭരണാധികാരിയോ ഖാളിയോ(ഇസ്ലാമിക വ്യവസ്ഥയിൽ വിധി പറയുന്നവർ) ഉത്തരവാദിത്വം ഏറ്റെടുത്ത് അർഹതപ്പെട്ട വ്യക്തിയെ നിയമിക്കണം.
വ്യത്യസ്ത രീതികൾ
മതാധ്യാപന ശാലകൾ, ആരാധനാലയങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, യാത്രക്കാരുടെ സത്രങ്ങൾ തുടങ്ങിയ പൊതു ഉപയോഗങ്ങൾക്കു വേദി ധാരാളം വഖ്ഫുകളുണ്ട്. ഇത്തരത്തിൽ പൊതു ഉപയോഗങ്ങൾക്ക് വഖ്ഫ് ചെയ്യാം എന്നതുപോലെ, പ്രത്യേകമായി, ദുർബലവിഭാഗങ്ങൾക്കോ നിർദ്ദിഷ്ട വ്യക്തികൾക്ക് മാത്രമായോ വഖ്ഫ് ചെയ്യാൻ കഴിയും.
ഉദാഹരണത്തിന്, 'അഹ്മദിനും അവന്റെ മക്കൾക്കും അവരുടെ മക്കൾക്കും ഞാൻ ഈ സ്ഥലം വഖ്ഫ് ചെയ്തു' എന്ന് പറഞ്ഞാൽ, ആദ്യം അഹ്മദിനും പിന്നീട് അവന്റെ അവകാശികൾക്കും ആ സ്ഥലത്തിൽ നിന്നുള്ള വരുമാനം ഉപയോഗിക്കാം. എന്നാൽ അത് മറ്റൊരാൾക്ക് വിൽക്കാനോ ദാനമായി നൽകാനോ കഴിയില്ല.
അതുപോലെ, 'എന്റെ മക്കൾക്കും അവരുടെ മക്കൾക്കും വേണ്ടി ഞാൻ ഈ സ്ഥലം വഖ്ഫ് ചെയ്തു' എന്ന് പറഞ്ഞാൽ, മക്കൾക്കും മക്കളുടെ മക്കൾക്കും ഒരേസമയം അവകാശം ഉണ്ടായിരിക്കും. എന്നാൽ 'എന്റെ മക്കൾക്കും, അവർക്ക് ശേഷം അവരുടെ മക്കൾക്കും' എന്ന് പറഞ്ഞാൽ, മക്കൾ ജീവിച്ചിരിക്കുന്നിടത്തോളം അവരുടെ മക്കൾക്ക് അവകാശമുണ്ടാകില്ല. മക്കൾ എല്ലാവരും മരിച്ചശേഷമാണ് മക്കളുടെ മക്കൾക്ക് അവകാശം ലഭിക്കുക.
രണ്ടു തരം വഖ്ഫ്
അടിസ്ഥാനപരമായി വഖ്ഫ് രണ്ടുവിധമാണ്. ഒന്നാമത്തേത്, ആരാധനാലയമായി (പള്ളിയായി) വഖ്ഫ് ചെയ്യുന്നതാണ്. ഇത് നിസ്കാരം, ഭജനമിരിക്കൽ (ഇഅ്തികാഫ്) തുടങ്ങിയ ആരാധനകൾക്കായി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാണ്.
രണ്ടാമത്തേത്, മറ്റു നല്ല ആവശ്യങ്ങൾക്കായി വഖ്ഫ് ചെയ്യുന്നതാണ്. ഇത് ഒരു നിശ്ചിത വ്യക്തിക്കോ, അല്ലെങ്കിൽ പാവപ്പെട്ടവർ, വിദ്യാർത്ഥികൾ, അവശ വിഭാഗങ്ങൾ പോലുള്ള പ്രത്യേക വിഭാഗങ്ങൾക്കോ വേണ്ടി സുസ്ഥിര ദാനമായി നൽകുന്നതാണ്. ഇതിൽ ഒരു പ്രത്യേക വിഭാഗത്തെ വ്യക്തമാക്കിയാൽ, ഉദാഹരണത്തിന് 'വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക്' എന്ന് പറഞ്ഞാൽ, അതിന്റെ പ്രയോജനം ആ വിഭാഗത്തിലുള്ളവർക്കു മാത്രമായിരിക്കും.
പള്ളിയോ മതപഠന കേന്ദ്രങ്ങളോ സച്ചരിതരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങളോ പരിപാലിക്കാൻ ഒരു സ്ഥലം വഖ്ഫ് ചെയ്താൽ അതിന്റെ വരുമാനം അവിടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കണം. മറ്റു വകുപ്പുകളിലേക്ക് തിരിക്കാൻ കഴിയില്ല.
മാനേജരുടെ ചുമതലകൾ
വഖ്ഫ് ചെയ്യപ്പെട്ട സ്ഥലം, ബിൽഡിംഗ്, തോട്ടം, വാഹനം തുടങ്ങിയവയിൽ നിന്ന് വരുമാനം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതും അവയെ പരിപാലിക്കേണ്ടതും വാഖിഫ് നിശ്ചയിച്ച മാനേജരുടെ ചുമതലയാണ്. നീതിപൂർവ്വം കൈകാര്യം ചെയ്യാനുള്ള കഴിവും പരിപാലിക്കാനും മാനേജ് ചെയ്യാനും വേണ്ട പൊതുബോധവും അതിൽ നിന്ന് വരുമാനം നേടിയെടുക്കാനുള്ള കാര്യശേഷിയും ഉണ്ടായിരിക്കണം എന്നതാണ് വഖ്ഫ് സ്വത്തുക്കളുടെ മാനേജർ ആവാൻ വേണ്ട നിബന്ധന. പ്രോപ്പർട്ടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഗുണഭോക്താക്കൾക്ക് അവകാശത്തിൻ്റെ തോതനുസരിച്ച് വീതിച്ചു നൽകേണ്ടതുമാണ്.
വഖ്ഫിന്റെ മേൽനോട്ടം വഹിക്കുന്ന മാനേജർ, വഖ്ഫ് വരുമാനം ഉപയോഗിക്കുന്ന പള്ളിയിലോ മദ്രസയിലോ നിയമിക്കപ്പെട്ട അധ്യാപകൻ, ബാങ്ക് വിളിക്കുന്നയാൾ തുടങ്ങിയ സേവനങ്ങളിൽ ഉള്ളവരെ കാരണം കൂടാതെ പിരിച്ചുവിട്ടാൽ ആ നടപടി അസാധുവാകുന്നതാണ്. അതേസമയം, ഉത്തരവാദിത്വ നിർവഹണം അന്വേഷിക്കാവുന്നതും അലംബാവമുണ്ടെങ്കിൽ ബോധ്യപ്പെടുത്താവുന്നതുമാണ്. പിരിച്ചുവിടാനുള്ള കാരണങ്ങളുണ്ടെങ്കിൽ പിരിച്ചു വിടാവുന്നതുമാണ്. കാരണങ്ങളില്ലാതെ പിരിച്ചുവിടാൻ ശ്രമിച്ചാൽ കാരണങ്ങളന്വേഷിക്കപ്പെടേണ്ടതും മത ദൃഷ്ട്യാ സാധുവല്ലെങ്കിൽ അയാളുടെ നിർദ്ദേശം തള്ളിപ്പോകുന്നതുമാണ്.
മാനേജരുടെ ശമ്പളം
വഖ്ഫ് സ്വത്തുകൾ കാലാകാലങ്ങളിൽ കാര്യക്ഷമമായി നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് നിയമിതനായ മാനേജറുടെ ഉത്തരവാദിത്വമാണ്. വഖ്ഫ് സ്വത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നുതന്നെ മാനേജറുടെ ശമ്പളവും മറ്റു ചെലവുകളും എടുക്കാവുന്നതാണ്.
പാരത്രിക മോക്ഷം
സാമ്പത്തിക ശേഷിയുള്ളവർക്ക് അവരുടെ ജീവിതകാലത്ത് ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ഠമായ ദാനങ്ങളിൽ ഒന്നാണ് വഖ്ഫ് അഥവാ സുസ്ഥിര ദാനം. ആ പ്രോപ്പർട്ടി നിലനിൽക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ മരണശേഷവും അതിന്റെ പ്രതിഫലം അവനു ലഭിച്ചുകൊണ്ടിരിക്കും. ഇസ്ലാമിക വിശ്വാസപ്രകാരം, ജീവിതകാലത്ത് നന്മകൾ കുറവായിരുന്നാൽ മനുഷ്യൻ ഖബറിലും (അടക്കം ചെയ്യുന്നിടം) പരലോകത്തും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. അതിനാൽ, ചെയ്ത നന്മകളുടെ പ്രതിഫലം മരണശേഷവും ലഭിക്കുന്നത് പാരത്രിക മോക്ഷത്തിന് വലിയ സഹായമാണ്.
പള്ളിയായി വഖ്ഫ് ചെയ്ത ഭൂമി എല്ലാ വിധ പവിത്രതയോടെയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഭൂമി തന്നെ വഖ്ഫ് ചെയ്തതായതിനാൽ, അവിടെ കെട്ടിടമില്ലാത്ത സാഹചര്യത്തിലും അത് നിസ്കാരത്തിനും ഇഅ്തികാഫ് (പള്ളിയിൽ ഭജനമിരിക്കുക) പോലുള്ള ആരാധനകൾക്കും ഉപയോഗിക്കാം.
ഇസ്ലാമിക ദൃഷ്ട്യാ അശുദ്ധമായ വിസർജ്യങ്ങൾ, നായ, ലഹരിപദാർത്ഥങ്ങൾ, കള്ള് എന്നിവ പോലുള്ളവ അത്തരം സ്ഥലങ്ങളിൽ അനുവദനീയമല്ല. സ്ഥലത്തിന്റെ പവിത്രത എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടണം.
ഒരു ഭൂമി പള്ളിയായി വഖ്ഫ് ചെയ്താൽ അതിന്റെ മുകളിൽ അന്തരീക്ഷവും വഖഫിൽ ഉൾപെടും. ഭൂമി വഖ്ഫ് ചെയ്യാതെ ഒരു ബിൽഡിങ്ങിന്റെ ഉൾഭാഗം ആണ് വഖ്ഫ് ചെയ്യുന്നതെങ്കിൽ ആ നില മാത്രമേ വഖ്ഫ് ആവുകയുള്ളൂ. ഉദാഹരണത്തിന് ഒരു 20 നില അപ്പാർട്ട്മെന്റിന്റെ ഏഴാം നിലയിലെ നാലാം നമ്പർ ഫ്ലാറ്റ് മാത്രം പള്ളിയായി വഖ്ഫ് ചെയ്താൽ ആ ഫ്ലാറ്റിൽ മാത്രമേ പള്ളിയുടെ വിധി ഉണ്ടാവൂ. അതിന്റെ മുകളിലോ താഴെയോ ഉള്ള നിലകൾക്ക് വഖ്ഫിന്റെ വിധിയില്ല.
വഖ്ഫ് ചെയ്യുന്ന വ്യക്തിയുടെ യോഗ്യത
വഖ്ഫ് ദാനം ചെയ്യുന്ന ആൾ(വാഖിഫ്) സ്വതന്ത്രമായി ഇടപാട് നടത്താനും അതിന്റെ വാചകങ്ങൾ ഉപയോഗിക്കാനും അർഹതയുള്ള വ്യക്തിയായിരിക്കണം. കുട്ടിയോ ഭ്രാന്തനോ സാമ്പത്തിക ഇടപാടിൽ നിയന്ത്രണം ഏർപെടുത്തപ്പെട്ട ആളോ ആവരുത് എന്നർത്ഥം. വഖ്ഫ് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം/ വസ്തു ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതായിരിക്കണം. വസ്തുവിന്റെ സ്വത്വം നിലനിർത്തി സ്ഥിരമായി അതുകൊണ്ട് ഉപകാരമെടുക്കാൻ കഴിയുന്നതാവണം. കച്ചവട സ്ഥാപനമാണ് വഖ്ഫ് ചെയ്തതെങ്കിൽ അത് കച്ചവടം ചെയ്യുന്നവർക്ക് വാടകയ്ക്ക് കൊടുത്തു അതിന്റെ വരുമാനം ആർക്കു വേണ്ടിയാണോ വഖ്ഫ് ചെയ്തത് അവർക്ക് ഉപയോഗപ്പെടുത്താം. സ്വന്തം ഉടമസ്ഥതയിലുള്ളതല്ലാത്ത ദീർഘകാലത്തേക്ക് പാട്ടത്തിന് എടുത്ത ഭൂമിയിൽ കെട്ടിടമുണ്ടാക്കി അത് വഖ്ഫ് ചെയ്താൽ സാധുവാകുമോ എന്ന പ്രശ്നത്തിൽ, വാടക തീരുന്ന കാലം വരെ അത് വഖ്ഫായി ഉപയോഗിക്കാമെന്നും, വാടക കാലാവധി തീർന്നാലും അത് വഖ്ഫ് ആയി തന്നെ നിലനിൽക്കുമെന്നും പണ്ഡിതർ പറഞ്ഞതായി കാണാം. പ്രസ്തുത സന്ദർഭങ്ങളിൽ കെട്ടിട ഉടമക്ക് ന്യായമായ നഷ്ടപരിഹാരം നൽകേണ്ടിവരും.
അനിവാര്യ ഘട്ടങ്ങളിൽ വിൽക്കാമോ?
ഏതു ആവശ്യത്തിനു വേണ്ടിയാണ് വഖ്ഫ് ചെയ്തത് അതേ ആവശ്യത്തിനു തന്നെ അതിന്റെ വരുമാനം ഉപയോഗപ്പെടുത്തണം. വക മാറി ചെലവഴിക്കാൻ പാടില്ല. അനിവാര്യഘട്ടത്തിൽ, വഖ്ഫ് ചെയ്ത സ്ഥലം മറ്റൊരു സ്ഥലവുമായി കൈമാറ്റം ചെയ്യുകയോ വിൽപ്പന നടത്തുകയോ ചെയ്യാമോ എന്ന വിഷയം പണ്ഡിതന്മാർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈ അടക്കമുള്ള പണ്ഡിതന്മാർ ഒരിക്കലും കൈമാറ്റം ചെയ്യാനോ വിൽപ്പന നടത്താനോ കഴിയില്ല എന്ന് ദൃഢമായി പ്രഖ്യാപിച്ചവരാണ്. ഇമാം അബു ഹനീഫയുടെ ശിഷ്യനായ അബൂ യൂസുഫും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇമാം അബു ഹനീഫയുടെ വീക്ഷണമനുസരിച്ച്
അനുവാര്യ ഘട്ടങ്ങളിൽ വഖഫ് വിൽപ്പന നടത്താനോ കൈമാറ്റം ചെയ്യാനോ കഴിയും.
അത്തരം സന്ദർഭങ്ങളിൽ അതിനു തുല്യമായതോ അതിനെക്കാൾ മികച്ചതോ ആയ മറ്റൊരു സ്ഥലമോ വസ്തുവോ അതേ ആവശ്യത്തിന് പുതിയതായി വഖ്ഫ് ചെയ്യേണ്ടതുണ്ട്.
വസ്വിയ്യത്ത്
ഒരാളുടെ സമ്പാദ്യം, തന്റെ മരണശേഷം അനന്തരാവകാശികളല്ലാത്തവർക്ക് മൂന്നിലൊന്നിൽ കവിയാത്ത വിധം ദാനം ചെയ്യാൻ വസ്വിയ്യത്( മരണശേഷം നടപ്പാക്കാനുള്ള നിർദേശം) ചെയ്യാവുന്നതാണ്. വസ്വിയ്യത്ത് ലഭിക്കുന്ന വ്യക്തിക്ക് അത് കൈകാര്യം ചെയ്യാനും വിൽക്കാനും ദാനം കൊടുക്കാനുമെല്ലാം അവകാശമുണ്ടാകും. വഖ്ഫ് ആണെങ്കിൽ (സുസ്ഥിരദാനം) അത് വിൽക്കാനോ ദാനം നൽകാനോ കഴിയില്ല.
വഖ്ഫ് സ്വത്ത് നേരിടുന്ന പ്രശ്നങ്ങൾ
ഇത്ര മഹത്തായതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു ധാർമിക ഇടപാടാണ് വഖ്ഫ് എങ്കിലും ലോകത്ത് എല്ലായിടത്തും നേരിടുന്ന പ്രശ്നം വഖ്ഫ് സ്വത്തുക്കൾ അന്യാധിനപ്പെട്ടുപോകുന്നു എന്നതാണ്. വഖ്ഫ് ചെയ്ത വ്യക്തിയുടെയോ ആർക്കാണോ വഖ്ഫിന്റെ ആനുകൂല്യം ലഭിക്കുന്നത് അവരുടെയോ പിൻതലമുറ ഇത് സ്വകാര്യഭൂമി എന്ന രീതിയിൽ കൈമാറ്റം ചെയ്യുക, സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുകയും പിന്നീട് വിൽക്കുക തുടങ്ങി ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
വഖ്ഫ് ആക്ട്
വഖ്ഫ് ആക്ട് 1954 ലെ നിർദ്ദേശങ്ങൾ അനുസരിച്ച്, 1964 സെൻട്രൽ ഗവൺമെന്റ് രൂപീകരിച്ചതാണ് സെൻട്രൽ വഖ്ഫ് കൗൺസിൽ. ഒരു സ്റ്റാട്യൂട്ടറി ബോഡിയായി രൂപം കൊണ്ട സെൻട്രൽ വഖ്ഫ് കൗൺസിലിന്റെ കീഴിൽ സംസ്ഥാന വഖ്ഫ് കൗൺസിലുകളും ഉണ്ട്. 1995 ലുണ്ടായ വഖ്ഫ് നിയമ ഭേദഗതിയനുസരിച്ച് പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കൽ വഖഫ് ആണെന്ന് തെളിഞ്ഞാൽ അത് എക്കാലവും വഖഫ് തന്നെയാണ്. വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ ഉന്നയിക്കപ്പെടുന്ന തർക്കങ്ങളിൽ തീരുമാനമെടുക്കുന്നത് വഖ്ഫ് ട്രിബ്യുണലുകളായിരിക്കും എന്നതാണ് മറ്റൊരു കാര്യം.
ഇന്ത്യൻ വഖ്ഫ് കൗൺസിലിന്റെ കീഴിൽ വിവിധ സ്റ്റേറ്റുകളിലായി പരന്നു കിടക്കുന്ന ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുക്കളുണ്ട്. വഖ്ഫ് ചെയ്തവരുടെ താല്പര്യത്തിനനുസരിച്ച് ഇവ കാലാകാലങ്ങളായി നിലനിൽക്കേണ്ടത് അനിവാര്യമാണ്. അന്യാധീനപ്പെട്ടു പോകാതിരിക്കാനും നഷ്ടപ്പെട്ടവ തിരിച്ചു പിടിക്കാനും വഖ്ഫ് ആക്ട് 1995 സംരക്ഷണ നിയമം ഒരു പരിധി വരെ സഹായകമായിരുന്നു. വഖഫ് ട്രീബ്യൂണലുകളുടെ ഇടപെടൽ മുഖേന നഷ്ടപ്പെട്ടുപോയ ധാരാളം വഖ്ഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാനും കഴിഞ്ഞിട്ടുണ്ട്.
കേന്ദ്ര ഗവൺമെന്റ് പുതുതായി നിർദേശിച്ച 2025 ഫെബ്രുവരി 19ന് കേന്ദ്ര മന്ത്രി സഭ അംഗീകരം നൽകിയ വഖ്ഫ് ആക്ട് ബില്ല്, തർക്കങ്ങളുള്ള സ്വത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം വഖഫ് ട്രീബ്യുണലിൽ നിന്ന് മാറ്റി സിവിൽ കോടതികൾക്ക് നൽകാനും വഖഫ് ഭൂമികൾ സന്ദർശിക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും ജില്ലാ കലക്ടർക്ക് അധികാരം നൽകുന്നതാണ്. മറ്റൊരു ഭേദഗതി വഖഫ് സംബന്ധമായ ജോലികൾക്ക് നിയമിക്കുന്ന ഉദ്യോഗസ്ഥർ ഇസ്ലാം മതത്തിൽ നിന്ന് തന്നെ ആവണമെന്നില്ല, മറ്റു മതസ്ഥർക്കും നിയമനം ലഭിക്കും എന്നതാണ്. ഇത്തരം ഭേദഗതികൾ വഖ്ഫ് സംവിധാനത്തിന്റെ സ്വഭാവത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കാമെന്ന ആശങ്കയുണ്ടാക്കുന്നതാണ്.










