ആൾ ഒന്നാന്തരം കർഷകശ്രീ ആകുന്നു! കൃഷിയെ അദ്ദേഹം ആത്മാർത്ഥമായി സ്നേഹിച്ചു. കർത്തവ്യ ബോധത്തോടെ കാര്യങ്ങളെല്ലാം നിർവഹിച്ചു. പക്കം നോക്കി കുഴിയെടുക്കുകയും വളം ചേർക്കുകയും കളപറിക്കുകയും വെള്ളം കൊടുക്കുകയും ചെയ്തു. ചെടികൾ തിടം വെച്ചു. പറമ്പും പാടവും തുടിച്ചുവന്നു. ഒടുവിൽ, വിളവ് വരാൻ നേരത്ത് പക്ഷെ ചെടികളെല്ലാം ഇടഞ്ഞുനിന്നു. കർഷകൻ ശരിയല്ല; ആയതിനാൽ ഞങ്ങൾ പൂക്കുന്നില്ല, കായ്ക്കുന്നില്ല. ആള് കള്ളനായിരുന്നു. കൊള്ളക്കാരൻ ആയിരുന്നു. കള്ളുകുടിയൻ ആയിരുന്നു.
ചോദിക്കട്ടെ ഇമ്മട്ടിലുള്ള എന്തെങ്കിലും വിളവുമുടക്കു സത്യാഗ്രഹങ്ങൾ ലോകത്തെവിടെയെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ ചെടികളെ മൊത്തം അരിഞ്ഞു നുറുക്കി ചാമ്പലാക്കി ഊതി പാറ്റണം. ചെടികൾക്ക് എന്താ അതിൻ്റെ കാര്യം? അവക്ക് കിട്ടേണ്ട വളവും വെള്ളവും മുറക്ക് കിട്ടുന്നുണ്ടോന്ന് നോക്കിയാൽ പോരേ?
ആഴ്ചകളായി നെഞ്ചുവേദന. ഡോക്ടറെ കാണിച്ചപ്പോൾ പലമാതിരി പരിശോധനകൾ നടത്തി ഡോക്ടർ പറയുന്നത് കരളുകൾ അങ്ങേയറ്റം എത്തി എന്നാണ്. ഇനി ദ്രവിക്കാൻ ബാക്കി ഒന്നുമില്ല. പുകവലി എന്നെന്നേക്കുമായി നിർത്തണം എന്ന് പറയുന്നതിനിടെ ഡോക്ടർ മൂന്നുതവണ പുകയെടുത്ത് വളയമാക്കി പുറത്തോട്ട് വിട്ടു. രോഗി ചോദിക്കുന്നു: നിങ്ങൾ വലിക്കുന്നില്ലേ പിന്നെ എനിക്കെന്താ വലിച്ചാൽ? നിങ്ങൾക്ക് എന്താ കൊമ്പുണ്ടോ എന്ന്. ഈ രോഗിയെ നമ്മൾ എന്താണ് വേണ്ടത്. തച്ചു കൈ കഴുകിയാലോ?
കഥകൾ കഴിഞ്ഞു, ഇനി കാര്യത്തിലേക്ക് വാ! കൂട്ടുകാർ ക്ലാസിൽ ഒരു കുപ്പി കൊണ്ടുവന്നു. സ്കൂൾ വിട്ടപ്പോൾ കാട്ടിലിരുന്ന് അവർ കുപ്പി പൊട്ടിച്ചു കുടിച്ചു. വീര്യമുള്ള വിദേശി സാധനമാണ്. വീട്ടിലെത്തുമ്പോൾ കൈകൾ ചിറകുകളായി. ആകാശത്തിലൂടെ നീന്താനും ഭൂമിയിലൂടെ പറക്കാനുമൊക്കെ അവന് തോന്നിത്തുടങ്ങി. പണി കഴിഞ്ഞുവന്ന അച്ഛൻ മകനെ കണ്ടു. അവൻ്റെ ഫോക്കസ് നഷ്ടപ്പെട്ട കണ്ണും ബാലൻസ് ചോർന്ന ശരീരവും ശ്രദ്ധിച്ചു. അവനെ ചോദ്യം ചെയ്യാനും ഭേദ്യം ചെയ്യാനും തുടങ്ങി.
അപ്പോൾ മകൻ ചോദിക്കുകയാണ് അച്ഛൻ എന്നും ഷാപ്പിൽ പോയി പൂസായി വരാറില്ലേ? പിന്നെ എനിക്കെന്താ കുടിച്ചൂടേ? ധൃതിയിൽ ഫോൺ പോസാക്കി അമ്മ കറി കാച്ചാൻ കിച്ചണിലേക്ക് ഓടിയതാണ്. ഓണാക്കി നോക്കുമ്പോൾ അടപടലം നീലയാണ്. വൈകുന്നേരം അമ്മയുറങ്ങുമ്പോൾ വെറുതെ ഫോൺ ഓണാക്കി നോക്കി. അപ്പോൾ ഒന്നിന് പിറകെ ഒന്നായി നീലകൾ പൊട്ടിവീണു. പ്ലസ്ടുക്കാരി മകൾ അതിലൊന്ന് തുറന്ന് നേത്രരതി കൊള്ളുകയാണ്. അപ്പോൾ അമ്മ പെട്ടെന്ന് കണ്ണ് തുറന്നു. നീയെന്താണ് ഈ വൃത്തികേട് കണ്ടുകൊണ്ടിരിക്കുന്നത് എന്ന് അവളോട് ആക്രോശിച്ചു. അമ്മയും ഇതുതന്നെയല്ലേ കാണുന്നത് പിന്നെ എനിക്കെന്താ കണ്ടൂടേ എന്നായി മകൾ. ഈ മക്കളെ നമ്മൾ എന്താ ചെയ്യുക?
ഇതാണ് പ്രശ്നം. ചെടികളെ നന്നാക്കാൻ പോകുന്നവൻ സ്വയം നന്നായിക്കൊള്ളണമെന്നില്ല. രോഗിയെ നന്നാക്കാൻ പോകുന്ന ഡോക്ടറും ചൊവ്വായിക്കൊള്ളണമെന്ന നിർബന്ധമൊന്നുമില്ല. ഡോക്ടറോട് കെറുവിച്ച് കള്ളും പുകയും തിന്നുന്നവന് തനിക്കു പോയി എന്നല്ലാതെ മറ്റൊന്താ? ഡോക്ടർക്ക് എന്താ ചേതം? അതേസമയം മക്കളെ നന്നാക്കുന്നു എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം സ്വയം നന്നാവുന്നു, അല്ലെങ്കിൽ ആൾറെഡി നന്നായിട്ടുണ്ട് എന്നാണ്. ഭാരിച്ച പണിയാണത്. ഞങ്ങൾ ചെയ്യുന്നതൊന്നും നിങ്ങൾ നോക്കണ്ട എന്ന് പറയാൻ മക്കളെന്താ ചേനയും ചേമ്പുമാണോ?
മാതൃകാ യോഗ്യരായ മാതാപിതാക്കളായി മാറുക എന്നുള്ളത് ബാധ്യതയേറിയ പദവി തന്നെയാണ്. സന്താന ശിക്ഷണത്തിന്റെ ഒന്നാം പാഠവും അതുതന്നെയാണ്. വളരെ ചെറുപ്പത്തിലെ കുട്ടികൾ കണ്ടു ശീലിക്കുന്നത് മാതാപിതാക്കളെയാണ്. അവരുടെ ഓരോ ചലനങ്ങളും അവർ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യും. വലുതാവുമ്പോൾ അവരുടെ നിരീക്ഷണപാടവം വികസിക്കുകയും നമ്മളെ അങ്ങനെ തന്നെ ഉൾവഹിക്കുകയും ചെയ്യും.
ചിലരുടെ വിചാരം നന്നായി അധ്വാനിച്ചുണ്ടാക്കി കുട്ടികൾക്ക് നല്ല തീറ്റയും കുടിയും ഉടുപ്പും പഠിപ്പും നൽകിയാൽ എല്ലാമായി എന്നാണ്. പഠിപ്പിലൂടെ മാറ്റമുണ്ടാക്കിയെടുക്കാൻ പറ്റില്ലേ എന്ന് ചോദിച്ചാൽ പറ്റായ്കയില്ല,പരിധിയുണ്ട് പരിമിതിയുണ്ട്. പക്ഷേ ചൊട്ടയിലേ അവരിൽ പതിഞ്ഞ നമ്മുടെ ചില മാതൃകകൾ പിന്നീടു മായ്ച്ചു കളയാൻ പണിയാണ്.
കുട്ടികളുടെ ഹൃദയം കണ്ണാടിയാണ്. പുറത്തുള്ളതെല്ലാം അപ്പടി പതിയും. ഇതിനെ മനോഹരമായി ആവിഷ്കരിക്കുന്ന ഒരു പദപ്രയോഗം ഹദീസിലുണ്ട്. ഫിത്വറ എന്നാണത്. ബാഹ്യമായ പൊടിപടലങ്ങൾ ഒന്നും പുരളാത്ത സുതാര്യ പ്രകൃതിയാണ് ഫിത്വറ അർത്ഥമാക്കുന്നത്. കുട്ടിയുടെ മനസ്സ് ഒരു സ്ഫടികമാണ്. അത് കറപുരളാതെ/ വീണുടയാതെ പരിരക്ഷിക്കാൻ പറ്റണം. ഹദീസിൽ ഫിത്റ എന്ന വാക്ക് പറഞ്ഞ ഉടനെ രണ്ട് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട് തിരുനബി. അത് അബവാനിയാണ്. അഥവാ ഉമ്മയും ഉപ്പയും. ഉമ്മയാണല്ലോ ഒന്നാമത്തെ പാഠശാല, ഉമ്മ ദുർവൃത്തയാണെങ്കിൽ തൻ്റെ ദുശ്ശീലങ്ങൾ എല്ലാം കുട്ടിയിൽ പതിയും. ഒട്ടുവളരുമ്പോൾ ഉപ്പയുടെതും.
ഞങ്ങളോ കഷ്ടപ്പെട്ടു മുടിഞ്ഞു, ഞങ്ങളുടെ മക്കളെങ്കിലും നല്ലവണ്ണം ജീവിക്കട്ടെ എന്ന് ചിന്തിക്കും പോലെ ലളിതമല്ല ഞങ്ങളോ വഴി കെട്ടവരായി ഞങ്ങളുടെ മക്കൾ എന്തായാലും നല്ലവരായിത്തന്നെ വളരട്ടെ എന്ന് ചിന്തിക്കുന്നത്. ഞങ്ങൾ ടാങ്കിൽ ഏതായാലും മണ്ണെണ്ണ ഒഴിക്കാം, ടാപ്പിലൂടെ വരുന്നതേതായാലും ആട്ടിൻപാലാവട്ടെ എന്നതൊക്കെ എത്ര നടക്കും. ആലോചിക്കാതെ എന്തെങ്കിലും പറയുകയാണോ?
സന്താന ശിക്ഷണത്തിന്റെ കാര്യത്തിൽ രണ്ടു കാഴ്ചപ്പാടുകളുണ്ട്. ഒന്ന് ഭൗതികമാണ് മറ്റൊന്ന് ആത്മീയമാണ്. കുട്ടിക്ക് നല്ല പോഷകാഹാരങ്ങൾ കൊടുക്കുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കുകയും സ്കിൽ ഡെവലപ്മെന്റിനുള്ള എക്സ്പോഷറുകൾ സമ്മാനിക്കുകയും നല്ല കരിയർ ഓറിയന്റേഷൻ കൊടുക്കുകയും ചെയ്താൽ നല്ല ശമ്പളം വാങ്ങുന്ന ഉന്നത ഉദ്യോഗസ്ഥനായി മാറും എന്നു മാത്രം പറഞ്ഞു തീർക്കുന്ന ഒന്നാണ് ആദ്യത്തേത്. പറഞ്ഞതെല്ലാം തീർത്തും ശരിയാണ്.
പക്ഷേ ആത്മീയ കാഴ്ചപ്പാടിലേക്ക് വരുമ്പോൾ നമുക്ക് കുറച്ചുകൂടി സൂക്ഷ്മമായ വിലയിരുത്തലുകൾ ആവശ്യമായിവരും. ഉദാഹരണത്തിന് കുട്ടിക്ക് തിന്നാൻ കൊടുക്കുന്ന പോഷകാഹാരത്തിന്റെ കാര്യം പറഞ്ഞല്ലോ. വൈദ്യ നിർദ്ദേശപ്രകാരമുള്ള അളവിലാണ് പാലും പഴവും നെയ്യും മുട്ടയും കരളും ഇലക്കറികളും പച്ചക്കറികളുമെല്ലാം കൊടുക്കുന്നത്. പക്ഷേ പ്രശ്നമിതാണ്. ആളിന് പഞ്ചായത്ത് ഓഫീസിലാണ് പണി. കൈക്കൂലിയുടെ ആശാനാണ്. അല്ലെങ്കിൽ കച്ചവടക്കാരൻ ആണെന്ന് വെച്ചോ. പക്ഷേ കെട്ടതും ചീഞ്ഞതും പറഞ്ഞു പറ്റിച്ച് കെട്ടിക്കൊടുക്കുന്ന കള്ളക്കച്ചവടം നന്നായി ചെയ്യും. ഇനി അതും വേണ്ട. സർക്കാർ ശമ്പളം പറ്റുന്ന മാഷാണെന്ന് വെച്ചോ. പക്ഷേ കൃത്യമായി ക്ലാസ്സിൽ കയറുകയോ മുറപ്രകാരം പഠിപ്പിക്കുകയോ ഇല്ല. മീറ്റിംഗ്/ പ്രകൃതി/ പരിസ്ഥിതി/ കലാസമിതി എന്നൊക്കെ പറഞ്ഞു മുന്നൂറ്ററുപത് ദിവസവും ഊരുതെണ്ടൽ ആയിരിക്കും പണി. കുട്ടികൾക്ക് കിട്ടേണ്ടതൊന്നും കിട്ടുകയില്ല എന്ന് മാത്രമല്ല ആളെ മര്യാദക്ക് കണ്ടുകിട്ടുക പോലുമില്ല.
പക്ഷേ തന്റെ കുട്ടിക്ക് ആപ്പിൾ വാങ്ങുമ്പോൾ റോബസ്റ്റ് പഴം വാങ്ങുമ്പോൾ ആട്ടിറച്ചി വെട്ടിവാങ്ങുമ്പോൾ നല്ല ശ്രദ്ധയോടെ മാത്രമേ ചെയ്യുകയുള്ളൂ. നാളിതുവരെ പ്യൂർ ഓർഗാനിക് സാധനങ്ങൾ മാത്രമേ മകൻ്റെ ഉള്ളിലേക്ക് പോയിട്ടുള്ളൂ. ഇവിടെ ആത്മീയ പ്രശ്നമുണ്ട്. ഭൗതികമായി നന്നായാൽ മാത്രം പോരാ ധാർമികതലത്തിൽ കൂടി നന്നായെങ്കിൽ മാത്രമേ ഫലവത്താവൂ.
ഇതിപ്പോൾ എന്താ, കഥപോലെ കുറെ നീട്ടിപ്പരത്തി പറഞ്ഞു എന്നല്ലാതെ എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? നിൽക്കവിടെ!! ഇപ്പോൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചു നോക്കൂ! മക്കൾക്ക് നാളിതുവരെ വിളമ്പിക്കൊടുത്തത് പരിശുദ്ധമായ വരുമാനത്തിൽ നിന്നുള്ളവ തന്നെയായിരുന്നോ. ശമ്പളം, സമ്പാദ്യം ഒക്കെ ട്രാൻസ്പരൻ്റ് ആയിരുന്നോ? "യെസ്" എന്ന് ഉത്തരം കിട്ടുന്നവർ മാത്രം പിരിഞ്ഞു പോവുക. അല്ലാത്തവരൊക്കെ ആത്മപരിശോധനയുടെ ആഗ്നേയലാവയിൽ ശുദ്ധിവരുവോളം മുങ്ങിനിവരുക!
ആത്മീയ തലത്തിലൂടെ പോകുമ്പോൾ ഇനിയും ഒരുപാട് പറയാനുണ്ട്. സന്താന ശിക്ഷണം ആരംഭിക്കുന്നത് കുട്ടിയെ എൽകെജിയിൽ ചേർക്കാൻ തുടങ്ങുന്നത് മുതലല്ല. അല്ലെങ്കിൽ കുട്ടി വല്ല കുരുത്തക്കേടും കാണിച്ച് പറയിപ്പിക്കും എന്നാവുമ്പോൾ വല്ല കൗൺസിലറെയും സമീപിക്കൽ അല്ല. മറിച്ച് ഗർഭകാലത്ത് തന്നെ തുടങ്ങണം. അതും പോരാ വിവാഹസമയത്ത് തന്നെ തുടങ്ങണം. അതും പോരാ പെണ്ണ് തെരയുമ്പോഴേ ശ്രദ്ധിക്കണം. നല്ലൊരു ശമ്പളക്കാരിയെ കിട്ടിയാൽ എനിക്ക് ഒരു ആശ്വാസം ആവുമല്ലോ/ അല്ലെങ്കിൽ സമ്പന്നന്റെ മകളെ കെട്ടിയാൽ എന്നും താങ്ങാവുമല്ലോ എന്നൊക്കെ ചിന്തിക്കുന്നതിനേക്കാൾ ഒക്കെ ആത്മീയമായി പരിശുദ്ധയായ, കട്ടുമുടിച്ചതും കള്ളക്കണക്കെഴുതിയതുമൊന്നും തിന്നു വളർന്നിട്ടില്ലാത്ത നിഷ്കളങ്കയായ ഒരു വിശുദ്ധകന്യകയെ / പരിശുദ്ധനെ കിട്ടുമോ എന്നാണ് ആദ്യം ഇരുവരും നോക്കേണ്ടത്. അവളുടെ/അവൻ്റെ അഴകും അറിവും യോഗ്യതകളും സമ്പാദ്യങ്ങളും ഒക്കെ പിന്നെയാണ്.
ഇണയെ മോഹിക്കുന്ന നാലു കാര്യങ്ങൾ എണ്ണി പറഞ്ഞശേഷം മുത്ത് നബി തീർപ്പ് പറയുന്നത് ധാർമിക ബോധമുള്ളവളെ കൂടെ കൂട്ടിക്കോ എന്നാണ്. തിരിച്ച് പെണ്ണ് ആണിനെ തിരയുമ്പോഴും ഇതേ പരിഗണന വേണം. നല്ല കോട്ടും സൂട്ടും കട്ടിമീശയും പച്ചരാശിപരന്ന ക്ലീൻഷേവും കൂളിംഗ് ഗ്ലാസും കാണുമ്പോഴേക്കും പിന്നാലെ കൂടിയേക്കരുത്. ആൾ എങ്ങനെയാണെന്ന് നോക്കണം ആൾ വളർന്നത് എന്തു തിന്നിട്ടാണെന്ന് നോക്കണം.
ഒരു ഉപ്പ പറയുന്നുണ്ട്, ഈ വീട്ടിൽ ഇക്കാലം വരെ അവിഹിതമായ ഒരു ദിർഹം പോലും കടന്നു വന്നിട്ടില്ല. അദ്ദേഹത്തിന് ഒരു മകൻ ജനിക്കുന്നുണ്ട്. പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും പ്രമാണബദ്ധമായ ഗ്രന്ഥം ക്രോഡീകരിച്ചത് ആ മകനാണ്; ഇമാം ബുഖാരി(റ)!
ഒരു യജമാനൻ തന്റെ മകൾക്ക് വരനെ അന്വേഷിക്കുന്നത് തൻ്റെ തോട്ടത്തിൽ പണിയെടുക്കുന്ന സേവകനെ തന്നെയാണ്. അതൊരു കഥയാണ്. അടിമ സമ്പ്രദായം നിലനിന്നിരുന്ന കാലമായിരുന്നു അത്. യജമാനൻ അടിമയെ വിളിച്ചു പറയുന്നു - തോട്ടത്തിൽ പോയി ഒരു ഉറുമാൻ പഴം പറിച്ചു വാ. അത് പൊളിച്ചു വായിൽ വച്ച് നോക്കുമ്പോൾ പുളിയുടെ കട്ട! യജമാനൻ കോപിഷ്ഠനായി. പോയി മറ്റൊന്ന് പറിച്ചു വാ എന്നായി. അതും മരണപ്പുളി!! ബോസിന് കലി കയറി. ഇത്രകാലമായിട്ടും പുളിയുള്ളതേത് മധുരമുള്ളതേത് എന്ന് തിരിച്ചറിയാനായിട്ടില്ല അല്ലേ? അയാൾ മുരണ്ടു. നിഷ്കളങ്കനായ ആ അടിമസേവകൻ പറഞ്ഞു. ഇല്ല പ്രഭോ. നിങ്ങളെന്നോട് തോട്ടം നോക്കിനടത്താനല്ലേ പറഞ്ഞുള്ളൂ. അതിലെ പഴങ്ങൾ ഭക്ഷിക്കാനുള്ള അനുമതി നൽകിയിട്ടില്ലല്ലോ. ഞാൻ ഇക്കാലം വരെ ഇതിൽ നിന്ന് ഒറ്റ ഒരു അല്ലിപോലും രുചിച്ചു നോക്കിയിട്ടില്ല!
യജമാനന് മാനസാന്തരമുണ്ടായി. യോഗിയും സാത്വികനുമായ ആ അടിമത്തൊഴിലാളിയെ തൽക്ഷണം മോചിപ്പിച്ചു. എന്നിട്ട് ചോദിച്ചു എനിക്ക് ഒരു ഏകമകൾ ഉണ്ട്. ജീവിതത്തിൽ സൂക്ഷ്മത പാലിക്കുന്ന ഒരാളെ കൊണ്ട് ഞാൻ അവളെ വിവാഹം കഴിപ്പിക്കാൻ ഉദ്ദേശിക്കുന്നു. അദ്ദേഹം മറുപടി പറഞ്ഞു ചിലർ സമ്പത്ത് നോക്കുന്നു. ചിലർ സൗന്ദര്യം നോക്കുന്നു. വിശ്വാസികൾ തഖ്വവ (ദൈവഭയം) നോക്കുന്നു. അങ്ങനെ യജമാനൻ അദ്ദേഹത്തെക്കൊണ്ട് മകളെ വിവാഹം കഴിപ്പിച്ചു. ആയതിൽ ഉണ്ടായ പുത്രനാണ് ലോകപ്രശസ്ത പണ്ഡിതനായ അബ്ദുല്ലാഹിബിന് മുബാറക്!
ഇനി മറ്റൊന്ന് കൂടി കേൾക്ക്. ഖലീഫ ഉമറിന്റെ സദസ്സിലേക്ക് ഒരിക്കൽ ഒരാള്‍ മകനെ കുറിച്ച് ആവലാതിയുമായി വന്നു. അയാള്‍ പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, എന്റെ മകന് എന്നെ ഉപദ്രവിക്കുകയും ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു, ഒരു ഗുണവും ഇവനെ കൊണ്ട് കിട്ടുന്നില്ല’. ഉടൻ ഖലീഫ ആ കുരുത്തംകെട്ട മകനെ വിളിച്ചുവരുത്തി. വാപ്പമാരോട് ഉണ്ടായിരിക്കേണ്ട കരുതലിനെ പറ്റിയും മര്യാദയെപ്പറ്റിയും ഗുണദോഷിച്ചു കൊടുത്തു. അന്നേരം ആ മകൻ പൊട്ടിത്തെറിക്കുകയാണ്! 'അമീറുല്‍ മുഅ്മിനീന്‍, ഒരുപ്പയ്ക്ക് തന്റെ മക്കളോട് വല്ല ബാധ്യതയുമുണ്ടോ’?
‘തീര്‍ച്ചയായും ഉണ്ടല്ലോ മോനേ’.
‘എങ്കില്‍ എന്തെല്ലാമാണവ’?
‘അവന്റെ ഉമ്മയായി വരുന്നവൾ നല്ലവൾ ആയിരിക്കുക
കുഞ്ഞിന് നല്ല പേരിടുക,
ഖുർആൻ പഠിപ്പിക്കുക’.
എന്നാൽ കേൾക്കണോ അമീറുല്‍ മുഅ്മിനീന്‍, ഈ ബാധ്യതകളൊന്നും എന്റെ ഈ ഉപ്പ നിര്‍വഹിച്ചിട്ടില്ല. ഒരു അഗ്നിയാരാധകന്റെ കീഴില്‍ വളര്‍ന്ന അടിമപ്പെണ്ണാണ് എന്റെ ഉമ്മ. ജുഅല (കരിവണ്ട്) എന്നാണ് അദ്ദേഹം എനിക്ക് നൽകിയ പേര്. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പോലും പിതാവ് എന്നെ പഠിപ്പിച്ചിട്ടുമില്ല. ഇത് കേട്ടപ്പോൾ അമീറുൽ മുഅ്മിനീന്റെ മട്ടുമാറി. നമ്മൾ ചെയ്യേണ്ടതൊന്നും ചെയ്യാതെ മക്കളിൽ നിന്നു നല്ലത് മാത്രം പ്രതീക്ഷിക്കുന്നതിലെ ബുദ്ധിരാഹിത്യം പറഞ്ഞു ബോധ്യപ്പെടുത്തി.
ചേന കുഴിച്ചിട്ടിട്ട് അത് പൂക്കുമ്പോൾ കുങ്കുമപ്പുവായി വിടരണമെന്ന് കരുതുന്നത് മൗഢ്യമാണ്. കതിരിന് കൊണ്ടുപോയി വളം ഉലത്തിയിട്ടും കാര്യമൊന്നുമില്ല; വിത്തുമുതലേ ഗുണമുള്ളതായിരിക്കണം. ഗർഭകാലത്ത് ഉമ്മ പറയുന്നതും ചെയ്യുന്നതും കേൾക്കുന്നതും എല്ലാം നല്ലതായിരിക്കണം. അവയെല്ലാം കുട്ടിയുടെ പിന്നീടുള്ള മൊറാലിറ്റിയെ സ്വാധീനിക്കും. ചെറുപ്പകാലം തൊട്ട് തന്നെ അവൻ്റെ ഉമ്മഉപ്പമാർ വീട്ടിൽ എങ്ങനെ പെരുമാറുന്നു എന്നുള്ളതും പ്രധാനമാണ്. അവർ എന്നും അടിയും പിടിയും ശണ്ഠയും ചീത്തയും ആണെങ്കിൽ അതെല്ലാം അവരുടെ ധാർമികമായ ചട്ടക്കൂടിനെ പറിച്ചുകീറും. വലുതാവുന്ന ഘട്ടത്തിൽ മാതാപിതാക്കൾ മക്കളോട് കാണിക്കുന്ന ദുഷ്ചെയ്തികളെല്ലാം അടിക്കാട്ടങ്ങളായി അവരുടെ മനസ്സിൽ അജീർണ്ണപെട്ട് കിടക്കും. പ്രിയപ്പെട്ടവരേ, പ്രധാനമാണ് നമ്മുടെ പെരുമാറ്റം!
കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി കാണാതെ കണ്ടതിനും തൊട്ടതിനും എല്ലാം ശക്തമായി ശകാരിക്കുകയും തച്ചുചാറാക്കുകയും തങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം അവരിലൂടെ നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നല്ലൊരു പരാജയത്തിലേക്ക് നമ്മൾ വഴിവെട്ടുകയാണ്. സമ്പാദ്യത്തിനും ആഹാരത്തിനും സൂക്ഷ്മത പുലർത്താതെ കണ്ടതെല്ലാം വെച്ച് വിളമ്പിക്കൊടുക്കുകയാണെങ്കിൽ നമ്മുടെ മക്കളുടെ ശരീരം മാലിനും നിറഞ്ഞതായി തീരുന്നു. ആകയാൽ നന്മകൾക്ക് അകത്തു കടക്കാൻ പറ്റാത്ത വിധം തടസ്സമായി തടി ഇടഞ്ഞുനിൽക്കുന്നു.
ആത്മീയതയുടെ വീക്ഷണവഴിയിൽ സംസാരിക്കുമ്പോൾ മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ചെയ്യുന്ന വളരെ പ്രധാനപ്പെട്ട കാര്യമാണ് ഉള്ളറിഞ്ഞ പ്രാർത്ഥന. മക്കൾക്ക് വേണ്ടിയുള്ള ആ കരളുകരിഞ്ഞ തേട്ടങ്ങൾ എവിടെയും തട്ടിപ്പോകാതെ ഉത്തരം കിട്ടും. മക്കളെ കൊണ്ട് മാതാപിതാക്കൾ പ്രതീക്ഷിക്കേണ്ടതും ഇതുതന്നെയായിരിക്കണം. വലിയ ജോലി കിട്ടി പണം തച്ചുകൊഴിക്കുന്ന വലിയ ആളാവട്ടെ എന്ന് വിചാരിക്കുകയോ വിചാരിക്കാതിരിക്കുകയോ ചെയ്യുന്നതിനപ്പുറം-അതൊക്കെ അവരവരുടെ വ്യക്തിനിലപാട്- തന്റെ അവശകാലത്ത് തനിക്ക് കൂട്ടിരിക്കാനും തൻ്റെ കാലശേഷം തനിക്ക് വേണ്ടി പ്രാർത്ഥിക്കാനും പറ്റുന്നവരായിരിക്കണം മക്കൾ. ഹദീസിൽ ഉണ്ടല്ലോ ഒരാൾ മരിച്ചു കഴിഞ്ഞാൽ ഭൗതിക ലോകവുമായി അയാൾ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുമെന്ന്, ആകെ ബാക്കിയാവുന്നത് മൂന്നു കാര്യങ്ങളാണെന്ന്. ഒന്ന് സ്ഥായീഭാവമുള്ള സ്വദഖയാണ്. രണ്ട്,പ്രയോജനപ്രദമായ അറിവാണ്. മൂന്നാമത്തെത് തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന സന്തതികളാണ്.
കേവലം ഭൗതികമായ ട്രാക്കിലൂടെ മാത്രം സഞ്ചരിക്കുന്ന മാതാപിതാക്കളുടെ കാര്യത്തിൽ കാര്യമായി കണ്ടുവരുന്നത് കുട്ടികളെ ശാസ്ത്രീയമായും സാമ്പത്തിക ആസൂത്രണത്തോടെയും വളർത്തിയശേഷം അവർക്ക് ജോലി കിട്ടലും യുഎസ്സിലേക്കും യുകെയിലേക്കും പറക്കലും പ്രായംചെന്ന മാതാപിതാക്കളെ ഏതെങ്കിലും വൃദ്ധസദനങ്ങളിലേക്ക് തീറെഴുതിക്കൊടുക്കലുമാണ്. നമ്മൾ എങ്ങനെയാണോ പ്ലാൻ ചെയ്യുന്നത് അങ്ങനെയാണ് നമുക്ക് കിട്ടുക, അല്ലേ? ജീവിതത്തിൻ്റെ മുന്നിൽ പദാർത്ഥവുമുണ്ട് പരമാർത്ഥവുമുണ്ട്. നാം ഇതിൽ ഏതിനാണ് മുൻതൂക്കം കൊടുക്കുന്നത് അതുപോലെ ഇരിക്കും കാര്യങ്ങൾ. ചോരത്തിളപ്പിന്റെയും പ്രസരിപ്പിന്റെയും യുവ- മധ്യഘട്ടങ്ങൾ മാത്രമല്ല ജീവിതം, മറിച്ച് ശൈശവവും വാർദ്ധക്യവും വൈധുര്യവും വൈധവ്യവും എല്ലാം ചേർന്ന ടോട്ടലിറ്റിയാണ് ലൈഫ് എന്ന തിരിച്ചറിവ് നമുക്ക് എപ്പോൾ ഉണ്ടാകുന്നുവോ അപ്പോൾ തെളിയും കാര്യങ്ങളുടെ കിടപ്പ്!






