ഉംറ സംഘത്തിലായി ഞങ്ങൾ ഇങ്ങനെ നടക്കുകയാണ്. ഒരാളെ കുറെ നേരമായി നോട്ട് ചെയ്യാൻ തുടങ്ങിയിട്ട്. എന്തോ ഒരു വലിവ് കുറവ്. ചിലപ്പോൾ നോട്ടം ലക്കുവിട്ട് എങ്ങോട്ടോ. ചിലപ്പോൾ ചുണ്ടും മുഖവും വിറപ്പിച്ചു കൊണ്ടുള്ള ചുട്ടതേട്ടം. മറ്റു ചിലപ്പോൾ തീക്ഷ്ണോഷ്ണമായ ദീർഘനിശ്വാസം. ഉടൻതന്നെ മന്ദപ്പ്, മരവിപ്പ്!
ചങ്ങാതിയാണ് ഉംറ അമീർ. തുടർന്നുള്ള നിരീക്ഷണങ്ങളിലും ഇദ്ദേഹത്തിൻ്റെ ഭാഗത്തുനിന്ന് ഇങ്ങനെയുള്ള കൊയമാന്തരങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ അമീറിനോടു ചോദിച്ചു ഇതെന്താ കേസ്? "പിന്നെ പറയാം" എന്ന് പറഞ്ഞ് തൽക്കാലം കണ്ണുറക്കി കാണിച്ചു. രാത്രി ആഹാരം കഴിച്ചു ലോഞ്ചിൽ ഇരിക്കുമ്പോൾ അദ്ദേഹം സമീപത്ത് വന്നിരുന്നു വിഷയം പറഞ്ഞു. ആകെ ഒരു മോനേ ഉള്ളൂ. സ്കൂളിൻ്റെ മുന്നിൽ ചെറിയൊരു മിഠായി പീടിക നടത്തുന്ന ആളാണ്. ഒരു മാസം മുമ്പ് കുളത്തിൽ കുളിക്കാൻ പോകുന്ന കൂട്ടുകാരോടൊപ്പം കൂടെപോയതാണ്. എന്തു പറയാനാ പടവിൽ നിന്ന് വഴുതി കുളത്തിൽ വീണു മരിച്ചു പോയി!
അടുത്തടുത്ത മൂന്ന് ടൗണുകളിൽ വിജയകരമായി ഡ്രൈവിംഗ് സ്കൂൾ നടത്തി പണം വാരുന്ന ആളാണ്. നാട്ടിലെ ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ആണ്. സാംസ്കാരിക സദസ്സുകളിലെല്ലാം ആശംസാ പ്രസംഗത്തിന് വിളിക്കപ്പെടാൻ മാത്രം വ്യക്തിപ്രഭാവം ഉള്ള ആളുമാണ്. പക്ഷേ ഒരുനാൾ നാറി! നാറ്റിച്ചു എന്ന് പറയുകയായിരിക്കും നല്ലത്. മറ്റാരുമല്ല മകൻ. കട്ടത് ഐഫോണും എട്ടര പവൻ്റെ മാലയും. എവിടെ നിന്ന് എന്നുള്ളതാണ് നിങ്ങൾ അറിയേണ്ടത്. മകളെ കല്യാണം കഴിച്ചുവിട്ട വീട്ടിൽ നിന്ന്. അഥവാ പുതിയാപ്ലയുടെ സഹോദരന്റെ ഭാര്യയുടേത്. നാറ്റ സർട്ടിഫിക്കറ്റ് കിട്ടാൻ പിന്നെ ഏതെങ്കിലും ക്രാഷ്കോഴ്സിന് ചേരണോ?
കൂടെ പഠിച്ച ചങ്ങാതിയാണ്. ഇടക്ക് വെച്ച് പഠിപ്പെല്ലാം നിർത്തി ലോറി പണി തുടങ്ങി. ഡ്രൈവറായിരുന്നയാൾ പതിയെ മുതലാളിയായി. രാജസ്ഥാനിൽ നിന്നും നാട്ടിലേക്ക് വരിവരിയായി ലോറികളിൽ ഗ്രാനൈറ്റ് കടത്തു കച്ചവടം പൊടിച്ചു. ഇഷ്ടം പോലെ പൈസയായി. കല്യാണത്തിന് മുമ്പ് തന്നെ സ്ഥലം വാങ്ങി വീട് വച്ചു. മുറ്റത്ത് കടപ്പ വിരിച്ചു. ചുറ്റുമതിൽ കെട്ടി. കട്ടിലോഹം വളച്ചു പിരിച്ചുള്ള കൂർപ്പൻ ഗേറ്റും വെച്ചു.
അല്പം കഴിഞ്ഞപ്പോൾ കല്യാണം കേമമായി കഴിഞ്ഞു. ഇപ്പോൾ 26/ 28 വർഷമായി കാണും. ഇതുവരെ ഓൻ ഒരു കുഞ്ഞിക്കാല് കണ്ടിട്ടില്ല! നല്ല സങ്കടമുണ്ട്. കൂട്ടുകാർ കുഞ്ഞിക്കുട്ടികളെയും കൂട്ടി ഹോട്ടലിൽ പോയി ചായ കുടിക്കുന്നത് കാണുമ്പോൾ, സ്കൂളിൽ അവർ പി.ടി.എ മീറ്റിങ്ങിന് പോകുന്നത് കാണുമ്പോൾ, ഓരോരോ കല്യാണത്തിനും കൂട്ടത്തിനും സമപ്രായക്കാർ കുടുംബസമേതം വന്നിറങ്ങുന്നത് കാണുമ്പോൾ, നബിദിനത്തിന് കുട്ടികളുടെ മുട്ടും പാട്ടും കേട്ടിരിക്കുമ്പോൾ അവൻ സങ്കടം കടിച്ചു പിടിച്ചിരിക്കും. ചിലപ്പോൾ കണ്ണ് നനയും. നല്ലവനാണ് കരീം. വേണ്ടായ്കകൾ ഒന്നുമേയില്ലാത്ത മാന്യൻ. പോവാത്ത ഇടങ്ങളില്ല; മുട്ടാത്ത വാതിലുകളില്ല. എന്തായിട്ടെന്താ മക്കളാവുന്നേയില്ല!
ഇനിയും ഓരോരുത്തരെ പറ്റി പറയുകയാണോ എന്ന് ചോദിക്കരുത്. പറയുകയല്ല അങ്ങോട്ട് ചോദിക്കുകയാണ്. അഥവാ അരിമുറുക്ക് കുഞ്ഞഹമ്മദിനെ അറിയാമോ? എന്നുവച്ചാൽ അയാൾക്ക് എത്ര മക്കളുണ്ടെന്ന് ? എന്നുവച്ചാൽ ആണെത്ര പെണ്ണെത്ര എന്ന് ? ഇതൊന്നും അറിയില്ലേ. ആദ്യം പെറ്റത് ആണിനെയാണ്. പിന്നെയും ആണ്. മൂന്നാമത്തേത് ഏതായാലും പെണ്ണായിരിക്കുമെന്ന് കരുതിയിരിക്കുമ്പോൾ അതും ആണ്! അടുത്തകൊല്ലം തന്നെ അടുത്തത് വയറ്റിലായി, ആണെന്നെ! തൽക്കാലം നിർത്തിവച്ചു. പിന്നെ ആറു കൊല്ലം കഴിഞ്ഞാണ് ഒടുക്കത്തത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം അങ്ങനെ അത് പ്രതീക്ഷിച്ചതുപോലെ പെണ്ണായില്ല!!
ചക്കത്തോട്ടത്തിലെ കുഞ്ഞാമിനയെ കേട്ടിട്ടില്ലേ. പറഞ്ഞു വെറുപ്പിക്കുന്നില്ല. ഒറ്റയടിക്ക് പറയാം; മക്കൾ അഞ്ചും പെണ്ണാണ്! അതിൻ്റെ പേരിൽ കുഞ്ഞാമിന കുറെ കുത്തുവാക്കുകളും കുത്തിക്കുത്തി ചോദ്യങ്ങളും സഹിച്ചിട്ടുണ്ട്. അതിരിക്കട്ടെ, നിങ്ങളോട് ചോദിക്കാനുള്ളത്, നിങ്ങളുടെ നാടുകളിലും പരിചയങ്ങളിലും ഇതേപോലെ ആൺമക്കൾ മാത്രമുള്ള, പെൺമക്കൾ മാത്രമുള്ള ദമ്പതികൾ ഇല്ലേ? അവരെല്ലാവരും ഒരു മറുലിംഗ കുഞ്ഞിനെ കിട്ടണമെന്ന് എത്രയോ കൊതിച്ചിട്ടുണ്ടാവില്ലേ. ഇപ്പോഴും കൊതിച്ചു കൊണ്ടിരിക്കുന്നില്ലേ?
കണ്ണു തുടക്കുകയില്ലെങ്കിൽ അവസാനമായി ഒന്നു കൂടി പറഞ്ഞു നിർത്താം. കാര്യമായ പണിയെടുക്കാൻ ഒന്നും അന്തുർമാന്‍ അറിയില്ല, ആവൂല. എന്തെങ്കിലും ഒരു പണി ആവട്ടെ എന്ന് കരുതി കമ്മിറ്റിക്കാർ ഏൽപ്പിച്ചു കൊടുത്തതാണ്- പള്ളിയും മദ്രസയും അടിച്ചു വൃത്തിയാക്കുക, കക്കൂസും മൂത്രപുരയും കഴുകുക, ഉസ്താദുമാർക്കുള്ള ടിഫിൻ വീടുകളിൽ പോയി കൊണ്ടുവരിക എന്നിവ.
സുബൈറും കല്യാണം കഴിച്ചു. കുട്ടി ഉണ്ടാവുകയും ചെയ്തു. എന്താ പറയാ എങ്ങനെയാ പറയാ. ഒരു എല്ലിൻ കൂട്. അടിച്ചു ഷെയ്പ് മാറ്റിയത് പോലെയുള്ള ഒരു കൊട്ടുശരീരം. കോടിയൊട്ടിയ മുഖം. വായിൽ നിന്ന് എപ്പോഴും കേലവള്ളം. മൊത്തത്തിൽ ഒരു വേതാളം. ഇപ്പോൾ വയസ്സ് എത്രയായി? 19 കഴിഞ്ഞു. ഈ കാലം വരെ കുട്ടി ആ കിടന്ന കിടപ്പിൽ നിന്ന് എഴുന്നേറ്റ് ഇരുന്നിട്ടില്ല. ഒന്നും രണ്ടും മൂന്നും എല്ലാം ചെയ്തു കൊടുക്കണം. ഭക്ഷണം വാരി വായിലിട്ടു കൊടുത്താൽ തിന്നും.
ചിലപ്പോൾ നിനക്കാപുറത്തൊരു മാന്തലുണ്ട്, ഒരു കടിയും. സുബൈറിന്റെയും മറിയത്തിന്റേയും കണ്ണും മുഖവും കാണാൻ കഴിയില്ല. അത്രയ്ക്ക് തലങ്ങും വിലങ്ങും വരകളും മുറികളുമാണ്. ഇളക്കം വരുമ്പോൾ അത് മാന്തിപ്പറിക്കുന്നത്. സുബൈറിനു തന്നെ വലിയ വെളിവില്ല. മകൻ ഇങ്ങനെയും. മറിയത്തിന് മനസ്സറിഞ്ഞു കൊണ്ട് ഒരു കല്യാണത്തിനോ ഒരു വീടുകൂടലിനോ എന്തിനധികം ഒന്ന് സ്വന്തം വീട് വരെ പോയി വരാൻ പോലും പറ്റുകയില്ല. ഇനിയെത്ര പറയാനുണ്ട് ഓരോന്ന്.
എല്ലാം ഉള്ളത് ആരുടെ കയ്യിലാണ്? പടച്ചോന്റെ കയ്യിൽ! ആർക്കെല്ലാം എന്തെല്ലാം എപ്പോഴെല്ലാം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് ആരാണ്? പടച്ചോൻ തന്നെ! അവനെ ആർക്കെങ്കിലും ചോദ്യം ചെയ്യാനോ തിരുത്താനോ സ്വാധീനിക്കാനോ മുകളിൽ നിന്ന് വിളിച്ചു പറയിക്കാനോ കഴിയുമോ? എല്ലാം അവൻ തീരുമാനിച്ചത് പോലെ നടക്കും. അവൻ തരുന്നത് മുടക്കാൻ ഒരുത്തനും ആയിട്ടില്ല. അവൻ തരാത്തതിനെ തട്ടിയെടുത്തുകൊണ്ടു വരാൻ ഒരാൾക്കും കഴിയുകയുമില്ല. കിട്ടിയതെല്ലാം നല്ലതിന്; കിട്ടാത്തതും നല്ലതിന് എന്ന് സമാധാനിച്ച് നമുക്കറിയാത്ത അവൻ്റെ ആദിമമായ അറിവിലും വിധിയിലും വിശ്വസിച്ച് ജീവിക്കുക. നമ്മൾ ദുർബലരായ അടിമകളാണ്. അവൻ ആവട്ടെ അഖിലലോക ചക്രവർത്തിയും -സുബ്ഹാനല്ലാഹ്!
കുട്ടി ഇല്ലാത്തതാണല്ലോ കരീമിൻ്റെ കാര്യം. അവന് കിട്ടിപ്പോകുന്നത് സുബൈറിന്റെ കുട്ടിയെയാണെങ്കിലോ? ജീവിതത്തിൻ്റെ കാല് നാലുമൊടിഞ്ഞില്ലേ? എങ്ങോട്ടെങ്കിലും സമാധാനത്തിൽ ഇറങ്ങിപ്പോകാൻ പറ്റുമോ? വഴുക്കും പുഴുക്കും മണക്കുന്ന ആ റൂമിൽ തന്നെ തളം കെട്ടി നിൽക്കണ്ടേ ജീവിതം മുഴുക്കെ. ഇതിലും നല്ലത് കുഞ്ഞ് പിറക്കാതിരിക്കലായിരുന്നു എന്ന് ഏതെങ്കിലും നിമിഷത്തിൽ അറിയാതെ പറഞ്ഞു പോകില്ലേ? ഇനി അല്ല കിട്ടിയത് ഐഫോൺ കള്ളനേയാണെങ്കിലോ? ആഴത്തിൽ ആലോചിച്ചാൽ കുറെ പറയാനും പങ്കു വയ്ക്കാനുമുണ്ട്. നമ്മുടെ വിഷയം അതല്ലാത്തതുകൊണ്ട് ഇവിടെ നിന്നും വലത്തോട്ടേക്ക് വളഞ്ഞു പോകാം.
ഇത്രയും ചർച്ച ചെയ്ത സ്ഥിതിക്ക് ഖുർആനിലെ ഒരു വചനം നമ്മളങ്ങ് വായിച്ചാലോ? നിങ്ങളുടെ സമ്പത്തും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:8/28)
സന്താനങ്ങൾ ഒരു പരീക്ഷണമാണ് എന്ന ഒറ്റ വചനം മുകളിൽ പറഞ്ഞതും നിത്യ ജീവിതത്തിൽ നാം കാണുന്നതും കേൾക്കുന്നതും വായിക്കുന്നതുമായ വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒന്നു മാറ്റുരച്ചു നോക്കിയാട്ടെ. ഐഫോണും മാലയും കട്ട മകൻ്റെ ബാപ്പ എന്ന് നിങ്ങളെ ചൂണ്ടിക്കാണിച്ചു ഒരാൾ അടക്കം പറയുന്നത് സങ്കൽപ്പിച്ചു നോക്കിയേ! പെണ്ണു പിടുത്തത്തിലും ലഹരി കടത്തലിലും മറ്റുമായി മക്കൾ പൊതുജനമധ്യേ ദൃശ്യപ്പെടുമ്പോൾ ഹൃദയം അടുപ്പായി മാറുന്ന എത്ര രക്ഷിതാക്കളുണ്ട് നമുക്ക് ചുറ്റും? വേണ്ടതെല്ലാം വേണ്ടുവോളം കൊടുത്തു വളർത്തിയിട്ടും വയ്യാതായ കാലമാവുമ്പോഴേക്കും വീട്ടിൽ നിന്ന് മക്കളാൽ അടിച്ചിറക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയല്ലേ ചെയ്യുന്നത്. ആർക്ക് പറഞ്ഞു തീർക്കാനാവും ഖുർആനിലെ വരിയുടെ ആഴപ്പരപ്പുകൾ.
എന്നാൽ ഒരു കാര്യം കേട്ടോ, എപ്പോഴും മക്കൾ അങ്ങനെ ആകണമെന്നില്ല. ജീവിതത്തിലെ എല്ലാ വേദനകളെയും നീറ്റലുകളെയും നിമിഷ നേരം കൊണ്ട് ആവിയാക്കാൻ നമ്മുടെ കുഞ്ഞുമക്കളുടെ ഒരു പുഞ്ചിരി പോരേ. വാപ്പ എന്ന് നീട്ടി വിളിച്ചുകൊണ്ട് ഓടിവന്ന് പിടിച്ചുകയറി കഴുത്തിലില്ലേ മുറുക്കിയൊരു പിടിയും മുത്തം തരുത്തും- അതു പോരെ. തലവേദനിച്ചിട്ടോ പനിച്ചിട്ടോ ഒന്ന് കിടന്നാൽ ഉപ്പാക്ക് എന്താ വേണ്ടത് ഉമ്മാക്കെന്താ വേണ്ടത് എന്ന് ചൊല്ലി അപ്പുറവും ഇപ്പുറവും തിരിഞ്ഞും മറിഞ്ഞും വെള്ളം ചൂടാക്കിയും മരുന്ന് തന്നും കൂടെ നിൽക്കുന്ന മക്കളുടെ സ്നേഹം കണ്ടാൽ പോരേ. ഖുർആൻ പറയുന്നുണ്ട് കേട്ടോ സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അഴകാകുന്നു.(ഖു൪ആന്‍ :18/46)
അപ്പോൾ മക്കൾ ഉണ്ടാവുക എന്നുള്ളത് അല്ല പരമപ്രധാനം അവർ ഇഹലോകത്തും പരലോകത്തും നമുക്ക് ആനന്ദവും ആത്മീയ മോചനവും നൽകുന്നവരായി തീരുക എന്നുള്ളതാണ്. അല്ലാത്ത രൂപത്തിൽ മക്കൾ ഉണ്ടായി അവരെക്കൊണ്ട് നാം ഈ ലോകത്ത് മാനക്കേടിലായി അല്ലെങ്കിൽ അവർ കാരണം നമ്മുടെ ജീവിതം തീരാദുരിതത്തിൽ ആയി അല്ലെങ്കിൽ അവർ കാരണം നാം പരലോകത്ത് കുറ്റവാളികളായി എന്തുണ്ട് കാര്യം? നമ്മൾ തന്നെ പറഞ്ഞു പോകില്ലേ ഈ ഒടുക്കത്തെ മക്കൾ വേണ്ടിയില്ലായിരുന്നു എന്ന്. കുളത്തിൽ വീണ് മരിച്ചു പോകുമെങ്കിൽ അങ്ങനെ ഒരു മകനെ തരണമായിരുന്നോ എന്നൊന്നും ചോദിക്കരുത്.
ഇതിൻ്റെ എല്ലാം ആന്തരിക പൊരുളുകൾ അറിയുന്നവൻ അല്ലാഹു ഒരുവൻ മാത്രമാണ്. അവൻ തരുന്നതിനെ നമ്മൾ സ്വീകരിക്കുന്നു. ആണാണെങ്കിൽ ആണ്. പെണ്ണാണെങ്കിൽ പെണ്ണ്. ആണും പെണ്ണും ആണെങ്കിൽ അങ്ങനെ. അതെല്ലാം അല്ലാഹു തീരുമാനിച്ചു ചെയ്യുമെന്ന് ഖുർആൻ സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ട്:
“അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന് ഉദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു. അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പെണ്മക്കളെ പ്രദാനം ചെയ്യുന്നു. അവന് ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്മക്കളെയും. അല്ലെങ്കില്‍ അവര്‍ക്ക് അവന് ആണ്മക്കളെയും പെണ്മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന് ഉദ്ദേശിക്കുന്നവരെ അവന് വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന് സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു’’ (ഖുര്‍ആന്‍ 42:49,50).
തന്നതിൽ നന്മയും പുണ്യവും അഭിവൃദ്ധിയും വിജയവും ഉണ്ടാവാൻ വേണ്ടി നിരന്തരം നാം പ്രാർത്ഥിക്കുന്നു. അല്ലാഹു നമുക്ക് മക്കളെത്തരുമ്പോൾ അതോടൊപ്പം തന്നെ അവർക്ക് ആവശ്യമായ ഉപജീവനവും ഇറക്കിത്തരും. രക്ഷിതാക്കൾ ചിലപ്പോൾ മക്കൾ കാരണമായി ഉന്നതമായ പദവിയിലെത്തും. മക്കളെ പോറ്റാൻ വേണ്ടി ഉമ്മയും ഉപ്പയും പെടുന്ന കഷ്ടപ്പാടുകൾ എല്ലാം പൂർണ്ണമായും അല്ലാഹുവിന് സ്വീകാര്യമായ ഇബാദത്ത് (ആരാധന) ആയി മാറും. ധാരാളം നിസ്കരിച്ചും നോമ്പുനോറ്റും ഖുർആൻ പാരായണം ചെയ്തും സ്വദഖ കൊടുത്തും ഒന്നും അല്ലാഹുവിൻ്റെ പക്കൽ ആത്മീയ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ പറ്റാത്തവർക്ക് ദൈനംദിന ജീവിതത്തിൽ കുട്ടികൾക്ക് വേണ്ടിയുള്ള ഒത്താശകളും ഒരുക്കങ്ങളും തന്നെ മുന്തിയ ഇബാദത്തായി വരവുവരും. അവർ ചെയ്യുന്ന നന്മകളുടെ എല്ലാം ഒരു വിഹിതം നമുക്ക് കിട്ടും. നമ്മുടെ കാലശേഷം അവർ നടത്തുന്ന പാപമോചനങ്ങളിലും പ്രാർത്ഥനയിലും പങ്ക് കിട്ടും.
ആഖിറത്തിൽ അറിയാതെ ആദരവ് കിട്ടുമ്പോൾ നമ്മൾ ആശ്ചര്യപ്പെട്ടു പോകും, ഇതെന്താ വക എന്നോർത്ത്. നോക്കുമ്പോൾ മക്കൾ വഴി വരുന്ന വരുമാനമായിരിക്കും. ഹദീസിൽ ഉണ്ടത്.
إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ، فَيَقُولُ: يَا رَبِّ، أَنَّى لِي هَذِهِ؟ فَيَقُولُ: بِاسْتِغْفَارِ وَلَدِكَ لَكَ
അബൂഹുറയ്റയില്‍ നിന്ന് നിവേദനം. തിരുനബി പറഞ്ഞു: സദ്വൃത്തനായ ഒരു ദാസന്റെ സ്വര്‍ഗത്തിലെ പദവികള്‍ അല്ലാഹു ഉയര്‍ത്തിക്കൊണ്ടേയിരിക്കും. അപ്പോള്‍ അവന് ചോദിക്കും: റബ്ബേ!, ഇതെനിക്കെങ്ങനെ കിട്ടി? അല്ലാഹു പറയും: നിന്റെ കുഞ്ഞ് നിനക്ക് വേണ്ടി പാപമോചനപ്രാര്‍ഥന നടത്തുന്നതുകൊണ്ട് (അഹ്മദ്). ഇതിലപ്പുറം മക്കളെ കൊണ്ട് മറ്റെന്താണ് നമുക്ക് വേണ്ടത്. പക്ഷേ അങ്ങനെ ആവണമെങ്കിൽ ആ നിലക്ക് അവരെ വളർത്തണം. അതിത്തിരി പരിശ്രമമുള്ള കാര്യമാണ്. അതേ കുറിച്ച് ഇനി അടുത്തതിൽ പറയാം.






