വിറ്റത്രേ !!
വിറ്റോ ?
എത്രയ്ക്ക് !
ചെറിയ പൈസക്ക് !
ന്താ സംഭവം? പറയാം.
ഒരു പച്ചക്കറി കച്ചവടക്കാരൻ്റെ (കഥ എന്ന് പറഞ്ഞുകൂടാ) കാര്യമാണ്. ചെറിയ രൂപത്തിൽ തുടങ്ങിയ ഒരു വെജിറ്റബിൾ സ്റ്റാൾ ആയിരുന്നു. പിന്നീട് അത് പച്ചപിടിച്ചു, പടർന്നു പന്തലിച്ചു. അത്യാവശ്യം നല്ല ബിസിനസ് നടക്കുന്നു. നല്ല സമ്പാദ്യവും കൈവരുന്നു. കുട്ടിക്കാലം, കുടുംബ പശ്ചാത്തലം ഒക്കെ വളരെ ദരിദ്രമായിരുന്നു. പൈസ കയ്യിൽ വന്നപ്പോൾ കക്ഷിക്ക് ഒരു പൂതി; ഒരു ബഡാബഡാ വീട് നിർമിക്കണമെന്ന്. അങ്ങനെ വലിയ ആന പ്ലാൻ വരച്ച് തകർപ്പനായി വീടെടുപ്പ് തുടങ്ങി.
ഒരു ഘട്ടം കഴിഞ്ഞപ്പോൾ താങ്ങാൻ വയ്യാതായി! മാനക്കേട് ആവില്ലേ, സംഗതി പൂർത്തിയാക്കണ്ടേ. ആ വീടിന്റെ സ്ട്രക്ചർ ഉണ്ടാക്കിയതിന്റെ ഇരട്ടിയോളം തുക പിന്നെയും ചെലവഴിച്ച് വീട് മിനുക്കിയെടുത്തു. ആകെയൊന്ന് തിളക്കിക്കിടത്തി. കാണുന്നവരൊക്കെ, വഴിയാത്രക്കാരൊക്കെ ഒന്ന് ഞെട്ടട്ടെ എന്നുതന്നെ. മുകളിലും താഴെയുമായി ബാത്റൂമുകൾ ഒമ്പത്. അടുക്കളയിലെ കൂടയൊഴിച്ച് ബാക്കി എല്ലായിടത്തും സ്റ്റൈലൻ ഇന്റീരിയർ വർക്കുകൾ. അപ്പോഴേക്ക് പക്ഷെ, കടങ്ങളും ലോണുകളും തലയിൽ പഴുത്തുകുത്തി. ഏതായാലും വീടിന് പകരം ഒരു ഭാർഗവീനിലയം എടുത്തതല്ലേ കക്ഷിക്ക് ഒരു പൂതി കൂടി. ഹൗസ് വാമിംഗ് കെങ്കേമമാക്കി കത്തിക്കണം. പത്തില്, പുട്ട്, നൂൽപുട്ട്, പൊറോട്ട, ചപ്പാത്തി, മന്തി, പാൽകപ്പ, നൂഡിൽസ് എല്ലാമെല്ലാം വേണം. മീനും കോഴിയും ബീഫും മട്ടനും പന്തലിനകത്ത് പാറിക്കളിക്കണം. സംഗതി അതും ഉഷാറായി കഴിഞ്ഞു.
പിന്നെത്തെ മാസം നോക്കുമ്പോൾ വലിയ അടവ് വരുന്നു. കിട്ടുന്ന വരുമാനത്തിന്റെ മൂന്നിരട്ടിക്കടുത്ത്?! നാലഞ്ചു മാസം കഷ്ടപ്പെട്ടു കടം മേടിച്ചു പിടിച്ചു നോക്കി. ഒരു രക്ഷയും കാണുന്നില്ല. മനസ്സ് ക്ഷീണിക്കാനും ശരീരം വിളർക്കാനും തുടങ്ങി. അതിനിടെ ഭാര്യയുമായി ചേർച്ചാ ഭംഗവും വന്നു. കാരണം അവൾ അന്നേ വിലക്കിയിരുന്നു. ഇല്ലാത്ത പൈസ കൊണ്ട് ഈ മാതിരി കൊട്ടാരം ഒന്നും പണിയേണ്ട, ഒതുങ്ങിയ ഒരു കൊച്ചു വീട് മതി എന്ന്. അവളാണെങ്കിൽ അത്യാവശ്യം സാമ്പത്തിക നിലയുള്ളവളും വലിയ വീട്ടിൽ താമസിച്ചു പോന്നവളും ഒക്കെയാണ് താനും.
ചുരുക്കി പറയുകയാണ്, ഗതികെട്ട് വീട് വിറ്റു. വിൽക്കാൻ വെച്ചപ്പോൾ അത്രയും കിടിലൻ ബിഗ്ബജറ്റ് വീട് വാങ്ങാൻ ആളെ കിട്ടിയില്ല. ഉള്ളോട്ടുള്ള ഈ കൊച്ചു ഗ്രാമത്തിലാണെങ്കിൽ പട്ടണവാസികളായ വമ്പന്മാർ ഒന്നും വരാൻ കൂട്ടാക്കുന്നുമില്ല. ഉദ്ദേശിച്ചതിന്റെ പകുതി വിലയൊക്കെ ആൾക്കാർ കാണുന്നൊള്ളൂ. ഇതെന്തൊരു കഷ്ടകാലം ബാപ്പാ. അങ്ങനെ വന്നതെല്ലാം മുടങ്ങിപ്പോയി, വന്നവരെല്ലാം മടങ്ങിപ്പോയി. ഒടുവിലാണ് ബ്രോക്കർമാരുടെ കാലുപിടിച്ച് എങ്ങനെയെങ്കിലും വിറ്റുതരണമെന്ന് യാചിക്കുന്നത്. ബ്രോക്കർമാരല്ലേ, കൊന്നു ചോര കുടിക്കില്ലേ? ഒടുവിൽ ഒരു കോടീശ്വരൻ തന്റെ രണ്ടാം ഭാര്യയെ പാർപ്പിക്കാൻ വേണ്ടി ആ വീട് വാങ്ങി; തുലോം തുച്ച വിലക്ക്. അതും കുരങ്ങുകളും കാട്ടുപന്നികളും വിളയാടുന്ന അങ്ങ് ക്രിസ്മസ്കേറാ മലയിലെ ഒന്നര ഏക്കർ മൊട്ടപ്പാറയുമായി പകുതിവില എക്സ്ചേഞ്ച് ആക്കിയിട്ട്. ഇന്ന് പച്ചക്കറിയും കുടുംബവും ഒരു വാടകവീട്ടിൽ ഉരുകുകയാണ്.
അത്യാവശ്യം, കാശുലഭ്യത, വരവുസാധ്യത എന്നിവ സമംചേർത്ത് കുലുക്കിക്കുടിച്ചാ യിരിക്കണം വീടുപണിക്കുള്ള പുറപ്പാട്. ഹൗസ് വാമിംഗിന്റെ ഒറ്റ ദിവസത്തെ പൊങ്ങച്ചാത്മകമായ സ്യൂഡോസുഖത്തിന് വേണ്ടി ജീവപര്യന്തവും മരണപര്യന്തവും കടച്ചെളിയിൽ പൂണ്ടുപോയ ആറ്റലായ ചങ്ങാതിമാരേ നിങ്ങൾ സകല ആർഭാട-ആവേശക്കമ്മറ്റികൾക്കും പാഠമാവട്ടെ.
ഇനി ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞെങ്കിൽ മാത്രമേ മുന്നോട്ടു പോകുകയുള്ളൂ. തത്തുല്യമായ സംഭവം നിങ്ങളുടെ നാട്ടിലോ പരിചയത്തിലോ ഉണ്ടായതായി നിങ്ങൾക്ക് അറിയാമോ? ഇല്ല എന്നുണ്ടെങ്കിൽ അത്തരമൊരു യഥാർത്ഥ സംഭവം അന്വേഷിച്ച് കണ്ടുപിടിച്ച ശേഷം മാത്രം തുടർന്ന് വായിച്ചാൽ മതി! അല്ലാത്തവർക്ക് കൂടെ വരാം, വാ! നാലു കാര്യങ്ങളെപ്പറ്റി തിരുനബി പറയുന്നുണ്ട്. സൗഭാഗ്യങ്ങളാണവ. തുടർന്ന് അതിന്റെ എതിർവർഗങ്ങളെ പറ്റിയും പറയുന്നുണ്ട്. ആദ്യം ആദ്യത്തേതിനെ പറ്റി പറയാം. ഒരു മനുഷ്യന്റെ ജീവിതത്തിൽ സൗഭാഗ്യം പ്രസരിപ്പിക്കുന്ന നാലു കാര്യങ്ങളാണ് ഉള്ളത്. സൽസ്വഭാവിയും സദ് വൃത്തയുമായ ജീവിതപങ്കാളി. പാകമുള്ള ഭവനം. ഗുണവാനായ അയൽവാസി. സൗകര്യപ്രദമായ വാഹനം. നോക്കൂ, ആർക്കും ബാധകമായ, ജീവിതത്തിലെ നാല് അടിസ്ഥാന കാര്യങ്ങളെ പറ്റിയല്ലേ നബിയോർ പറഞ്ഞിരിക്കുന്നത്.
നേരെമറിച്ച് ഒരാളുടെ കഷ്ടകാലം എന്ന് പറഞ്ഞാൽ ഇടുങ്ങിയ വീട്, വൃത്തികെട്ട ഇണ, അളിഞ്ഞ അയൽവാസി, പൊട്ടിപ്പൊളി വണ്ടി എന്നിവയാണ്.
عن سعد بن أبي وقاص رضي الله عنه قال: قال رسول الله ﷺ: «أربع من السعادة: المرأة الصالحة، والمسكن الواسع، والجار الصالح، والمركب الهنيء. وأربع من الشقاء: الجار السوء، والمرأة السوء، والمركب السوء، والمسكن الضيق».
ചുറ്റുപാടുകളിലേക്ക് നോക്കൂ. ഈ ഹദീസ് ജനങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാം. ചില ആളുകളുണ്ട്. അത്യാവശ്യം സ്വത്തും സമ്പാദ്യവും എല്ലാം ഉണ്ടായിരിക്കും. പക്ഷേ മനസ്സിൽ അള്ളിപ്പിടിച്ച പിശുക്ക് കാരണമായി വൃത്തിയും വിശാലതയുമുള്ള ഒരു വീട് വെക്കാനോ കൊള്ളാവുന്ന ഒരു വാഹനം വാങ്ങാനോ മെനക്കെടില്ല. ഇവിടെ പ്രത്യേകമായി മനസ്സിലാക്കേണ്ടുന്ന കാര്യം വിശാലമായ വീട് കൊണ്ട് ഉദ്ദേശിക്കുന്നത് പച്ചക്കറിക്കാരൻ നിർമ്മിച്ച മെഡിക്കൽ കോളേജ് അല്ല കേട്ടോ. നാം വീടെടുക്കുമ്പോൾ എപ്പോഴും രണ്ടു കാര്യങ്ങൾ പരിഗണിക്കണം. ഒന്ന് നമ്മുടെ ആവശ്യം. രണ്ടാമത്തെത് നമ്മുടെ കയ്യിലുള്ള നീക്കിയിരുപ്പ്. ഈ രണ്ടിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് രണ്ടാമത്തേതിനാണ്.
എന്നുവെച്ചാൽ ഒരാൾക്ക് നാലഞ്ചു മക്കളുണ്ട്. വലിയ വീട് ആവശ്യമാണെന്ന് വെക്കുക. എന്നാൽ വമ്പൻ വീടിന് കുറ്റിയടിക്കട്ടെ? നില്ക്കവിടെ, ആയിട്ടില്ല! എന്താ കാരണം? കയ്യിലിരിപ്പ് ഇച്ചിരിപ്പുടിയേ ഉള്ളൂ. വലിയ വീട് ആവശ്യമാണല്ലോ എന്ന് കരുതി ഒരു വകയും കാണാതെ ലോണും കടവും ആക്കി ബംഗ്ലാവ് പണിക്ക് ഇറങ്ങരുത്.
ഇനി തിരിച്ചു പറയാം. പണം ഏറെ കയ്യിലുണ്ടെന്ന് കരുതുക. തനിക്ക് ആകെ ഒരു കുഞ്ഞേ ഉള്ളൂ അല്ലെങ്കിൽ രണ്ട്. എന്നിട്ട് പോലും താഴെയും മീതെയുമായി ഒരുപാട് അറകളുള്ള വലിയ വീട് എടുത്തിടുന്നു. വീടിനേക്കാൾ വലിയ ചുറ്റുമതിൽ ഉണ്ടാക്കുന്നു. പ്രശ്നമാണിത്. ഇനി കാശുമുണ്ട്, ആവശ്യവുമുണ്ട്. എങ്കിൽ തനിക്കും തന്റെ ആശ്രിതർക്കും പാർക്കാൻ പാകത്തിനുള്ള വീടായിരിക്കണം. നമ്മൾ മധ്യമ സമൂഹമാണ്. അതിരുവിട്ട് വലുതാക്കി പറയിപ്പിക്കരുത്. പിശുക്കിപ്പിടിച്ച് കുടുക്കിക്കെട്ടി ശ്വാസംമുട്ടിക്കരുത്.
വീടിനെ ‘സകൻ’ എന്നാണ് ഖുർആൻ സൂചിപ്പിക്കുന്നത്.
﴿وَاللَّهُ جَعَلَ لَكُم مِّن بُيُوتِكُمْ سَكَنًا﴾ (النحل: 80)
സകൻ എന്നാൽ ശാന്തി സമാധാനം എന്നൊക്കെയാണ് അർത്ഥം. വീട്ടിലേക്ക് കയറി വരുമ്പോൾ സമാധാനം ഉണ്ടാവണമെങ്കിൽ വീട്ടുകാരി മനസ്സിണങ്ങിയ കൂട്ടുകാരി ആയിരിക്കണം. വീട് നല്ല വൃത്തിയും വെടിപ്പും വേണം. നല്ല വായു സഞ്ചാരവും സുഗന്ധപൂരിതവും ആവണം. താനാലോ തന്റെ ഭാര്യയാലോ തന്റെ മക്കളാലോ അവരുടെയെല്ലാം കൂട്ടുകാരാലോ തന്റെ വീട് ഒരു കാരണവശാലും തിന്മയുടെ അരങ്ങാവരുത്; മറിച്ച് നിസ്കാരത്തിന്റെയും ദിക്റിന്റെയും സ്വലാത്തിന്റെയും ഒക്കെ വേദിയാവണം. അപ്പോഴേ വീട്ടിന് ചൈതന്യവും പച്ചപ്പും വരൂ. നിങ്ങൾ പ്രതീക്ഷയോടു കൂടി ഒരു പാർക്കിലേക്ക് പോയി. ചെന്ന് നോക്കുമ്പോൾ അവിടെയുള്ള ചെടികളും പൂക്കളും പുൽമേടകളും എല്ലാം ഉണങ്ങി പൊടിഞ്ഞു ചത്തു കിടക്കുന്നു. നിങ്ങളുടെ മനസ്സ് വിഷണ്ണമാവില്ലേ? ഇതേപോലെയാണ് നമ്മുടെ വീടും. സുകൃതങ്ങളിലല്ലേ ചത്തു വാടിപ്പോകും. ഹദീസിൽ ഉണ്ടത്.
مثل البيت الذي يُذكر الله فيه والبيت الذي لا يُذكر الله فيه مثل الحي والميت» (مسلم).
നമ്മുടെ വീട്ടിലേക്ക് ആർക്കും എപ്പോഴും തുറന്നു കയറി വരാം എന്ന പബ്ലിക് ലൈസൻസ് സ്റ്റാറ്റസ് ഉണ്ടാക്കി വെക്കണ്ട. എന്നപോലെ മറ്റൊരാളുടെ വീട്ടിലേക്ക് നമ്മളും ഇടിച്ചു കയറി ചെന്നേക്കരുത്. വീടകം സ്വകാര്യതയുടെ ഹൃദയ ഭൂമികയാണ്. അവിടെയൊക്കെ കയറി ചൊല്ലുമ്പോൾ പുറത്തുനിന്ന് സമ്മതം ചോദിച്ചു വാങ്ങണം. സലാം പറയുകയും വേണം. ഖുർആൻ സൂറത്തുന്നൂറിൽ ആ കാര്യം പ്രസ്താവിക്കുന്നുണ്ട്.






