ക്ലൂ ക്ലൂ ക്ലൂ....
ക്ലീ ക്ലീ ക്ലീ...
ക്ലേ ക്ലേ ക്ലേ...
സുരേഷ് തിരിഞ്ഞു നോക്കി.
മുറ്റത്ത് ഒന്നല്ല; രണ്ടു മൈനകൾ!
ഒരാണ്, മറ്റൊന്ന് പെണ്ണ്.
മിനിയാന്ന് മഗ് രിബിന് മസ്ജിദിലേക്ക് പോകുമ്പോൾ കണ്ടു, മിനാരത്തിൽ രണ്ടു പ്രാവുകൾ കൊക്കുരക്കുന്നു,
ഒരാണ്, മറ്റൊന്ന് പെണ്ണ്.
രണ്ടാഴ്ച മുമ്പ് വല്യുപ്പ വീട്ടിലേക്ക് ചന്തയിൽ നിന്നും രണ്ട് ആടുകളെ വാങ്ങിച്ചു വന്നു.
ഒരാണ്, മറ്റൊന്ന് പെണ്ണ്.
ഇരുപത് വർഷത്തിലേറെ ഷാർജയിൽ ജോലി ചെയ്ത അസൈനാർക്ക നാട്ടിൽ ഗംഭീര മനോഹരമായ വീടുപണിതു. മുറ്റത്ത് വലിയ തോട്ടം പിടിപ്പിച്ചു. കവാടത്തിന്റെ ഇരുഭാഗത്തുമായി മരുഭൂമിയിലേതു പോലെ രണ്ട് ഈത്തപ്പന തൈകൾ നട്ടു.
ഒരാണ്, മറ്റൊന്ന് പെണ്ണ്. അങ്ങനെ വെച്ചെങ്കിലേ കായ പിടിക്കുമത്രേ.
രണ്ടുതരം ആണും പെണ്ണും
ആണും പെണ്ണും രണ്ടാണോ അതോ ഒന്നാണോ?എന്തു ജാതി മണ്ടത്തരമാണ് ചോദിക്കുന്നത്. ആണ്, പെണ്ണ് എന്ന് വേറെ വേറെ പറയുമ്പോൾ തന്നെ മനസ്സിലായില്ലേ രണ്ടും രണ്ടാണെന്ന്. ഇല്ലെങ്കിൽ രണ്ടിനെ പറ്റിയും ആണ് എന്ന് തന്നെ പറഞ്ഞു കൂടായിരുന്നോ? അല്ലെങ്കിൽ പെണ്ണ് എന്ന്. പൊണ്ണ ചോദ്യം ആയിപ്പോയി.
എന്നാൽ മറ്റൊരു കാര്യം പറയാം. ചിലപ്പോൾ കാഴ്ചയിൽ തന്നെ ആണിനെയും പെണ്ണിനേയും വേർതിരിച്ചറിയും. മറ്റു ചിലപ്പോൾ അങ്ങനെയല്ല. ഉദാഹരണം നമ്മുടെ വീട്ടുമുറ്റത്തെല്ലാം കോഴികൾ മേഞ്ഞു നടക്കാറുണ്ട്. പൂവനും പിടയും. ആണേത് പെണ്ണേത് എന്ന് വേഗം പിടികിട്ടും. മയിലിനെ കണ്ടിട്ടില്ലേ. ആണിന് നീളമുള്ള വാൽ ഉണ്ടാവും. പെണ്ണിന് ഉണ്ടാവില്ല. സിംഹത്തെ ശ്രദ്ധിച്ചിട്ടില്ലേ. മുഖത്ത് ജഡകുത്തി ഉശിരനായി നിൽപ്പുണ്ടാവും. എന്നാൽ പാമ്പിനെ കണ്ടാൽ പല്ലിയെ കണ്ടാൽ പാറ്റയെ കണ്ടാൽ പ്രാവിനെ കണ്ടാൽ പെട്ടെന്ന് ആണേത് പെണ്ണ് ഏത് എന്ന് തിരിച്ചറിയാൻ പറ്റത്തില്ല. സൂക്ഷിച്ചു നോക്കിയാലേ പിടികിട്ടൂ. ഇപ്പോൾ പറഞ്ഞത് monomorphs എന്നും തൊട്ടു മുന്നേ പറഞ്ഞത് diamorphs എന്നും അറിയപ്പെടുന്നു.
അപ്പോൾ നമ്മൾ ചുറ്റുപാടിലേക്ക് സൂക്ഷിച്ചു നോക്കുകയാണ്. എല്ലായിടത്തും ഇങ്ങനെയുള്ള ആൺ പെൺ ദ്വന്ദ്വങ്ങൾ ദൃശ്യമാണ്. രണ്ടും പരസ്പര പൂരകങ്ങളാണ്. നെഗറ്റീവും പോസിറ്റീവും. എന്നുവെച്ചാൽ ഒന്നില്ലാതെ മറ്റൊന്ന് അപൂർണ്ണമായി കിടക്കുന്ന അവസ്ഥയുണ്ട്. ശരി തന്നെയല്ലേ. ആലോചിച്ചാൽ അത്ഭുതവും അല്ലേ?
മറിച്ചൊന്നു ചിന്തിച്ചു നോക്കൂ. ഒരു പ്രത്യേക കാലയളവിൽ ഉദാഹരണം പറഞ്ഞാൽ1980 മുതൽ 2030 വരെ ലോകത്ത് നടന്ന മനുഷ്യ പ്രസവങ്ങളിലെല്ലാം പിറന്നുവീണത് ആൺകുട്ടികൾ മാത്രമായിരുന്നെങ്കിലോ? അല്ലേ വേണ്ട! പെൺകുട്ടികൾ മാത്രമായിരുന്നെങ്കിലോ? അതും വേണ്ട, മനുഷ്യപ്രസവം എന്ന് പ്രത്യേകിച്ച് പറയേണ്ട, ആകെ നടന്ന ജന്തുപ്രസവങ്ങളിൽ എല്ലാം പിറന്ന കുഞ്ഞുങ്ങൾ ഒറ്റ ഇനത്തിൽപ്പെട്ടതായിരുന്നെങ്കിലോ?
പ്രകൃതി മുഴുവനായും അങ്ങനെ ആയിരുന്നെങ്കിലോ? രാത്രി മാത്രം; പകലില്ല. ചൂടു മാത്രം; തണുപ്പില്ല. കുണ്ടുമാത്രം; കുന്നില്ല. എരിവു മാത്രം; മധുരമില്ല. ഫെയ്സ് മാത്രം; ന്യൂട്ടർ ഇല്ല. ആഴത്തിൽ ആലോചിച്ചാൽ ദൃഷ്ടാന്തമാണത് അല്ലേ. ഇനി ഒരു ഖുർആൻ വചനം പറയട്ടെ. കേട്ടുനോക്കൂ. നാല്പത്തൊമ്പതാമത്തെ സൂക്തമാണ്, അദ്ധ്യായം അദ്ദാരിയാത്തിലെ. "എല്ലാ വസ്തുക്കളിൽ നിന്നും നാം ഇരട്ടകളെ പടച്ചു. ഓർമ്മകൾ ഉണ്ടായിരിക്കണം കേട്ടോ." ശരിയല്ലെ. പിറന്നതെല്ലാം പെണ്ണായിരുന്നുവെങ്കിൽ എവിടെ നിന്ന് കിട്ടും വരൻമാരെ? പിറന്നതെല്ലാം ആണായിരുന്നുവെങ്കിൽ പെണ്ണുതേടി നാം എവിടെ പോകുമായിരുന്നു? പരമ്പരകളറ്റവരായി നാം നമ്മളിൽ ഒടുങ്ങി പോകുമായിരുന്നില്ലേ?
ഇതേപോലെ ആടുകളെല്ലാം ആണായിപോയാൽ പ്രാവെല്ലാം പെണ്ണായി പോയാൽ ചെടികളെല്ലാം ഒന്നുകിൽ ആണോ ഒന്നുകിൽ പെണ്ണോ മാത്രമായി പോയാൽ നമ്മൾ എന്ത് ചെയ്യുമായിരുന്നു? ആകെ നമ്മുടെ തലമുറ മുറിഞ്ഞുപോകുമായിരുന്നില്ലേ? നിങ്ങളെന്താ ഇത് നല്ലോണം ആലോചിച്ചു മനസ്സിലാക്കാത്തത്? വലിയ വൃത്താന്തങ്ങൾ എടുത്തുപറയുന്ന ഖുർആനിലെ അധ്യായമാണ് അന്നബഅ. അതിൽ ഒരു കൊച്ചു സ്റ്റേറ്റ്മെന്റ് ഉണ്ട്. "നാം നിങ്ങളെ ഇണകളായി പടച്ചു". കനമുണ്ടതിന്. ആഴമുണ്ട്. ഗൗരവത്തിന്റെ ഇടിമുഴക്കമുണ്ട്. ചിന്തിക്കണമെന്ന ഉറച്ച ആഹ്വാനമുണ്ട്.
ഹിമസാനുക്കളിൾ നിന്ന് പൊട്ടിയൊഴുകുന്ന അരുവികൾ എങ്ങനെയെങ്കിലും തട്ടിത്തടഞ്ഞു തോടുകളിൽ എത്തി പുഴകളിലലിഞ്ഞ് ഒടുവിൽ കടലിൽ ചേരുന്നു. ആയതിന് ആ അരുവികൾ ഒരു കടലോളജി കോഴ്സിനും ചേരേണ്ടതില്ല. പരിശീലനം നേടി കാത്തിരിക്കേണ്ടതില്ല. ഏതെങ്കിലും വിധേന അവ ഒലിച്ചെത്തും. പ്രകൃതിയിലെ ആൺ പെൺ ദ്വന്ദ്വത്തിന്റെ അവസ്ഥയും അങ്ങനെ തന്നെയാണ്. പെണ്ണ് എവിടെയുണ്ടോ അവിടെ ആൺ ഒഴുകിയെത്തും. തിരിച്ചും. മനുഷ്യേതര ജന്തു/സസ്യജാലങ്ങളിലെല്ലാം നമുക്കിത് ദൃശ്യമാണ്. സെക്സ് എഡ്യൂക്കേഷന്റെ വല്ല ക്രാഷ് കോഴ്സിനും ചേർന്നിട്ടാണോ, മുറ്റത്തെ പൂവൻകോഴി ഒക്കെ കാണിക്കുന്ന കോപ്രായമെന്താ? ഒരു പരിസരബോധവുമില്ലാതെ അനവധി പെണ്ണിണകളിലേക്കാണ് അനുനിമിഷം അത് ഒഴുകിപ്പോകുന്നത്.
പ്രകൃതിയിൽ കാണുന്ന ആൺ പെൺ സംഗമങ്ങളിലൂടെയാണ് പ്രജനനം സാധ്യമാകുന്നത്. പുതിയ തലമുറ പൊടിച്ചു പൊന്തി വരുമ്പോൾ അംഗസംഖ്യ കൂടുകയും അതൊരു കുടുംബമായി രൂപപ്പെടുകയും ചെയ്യുന്നു. ബന്ധങ്ങളുടെ സങ്കീർണതകൾ ഒന്നുമില്ലെങ്കിലും ആടുകളുടെയും കോഴികളുടെയും പൂച്ചകളുടെയും എല്ലാം കുടുംബങ്ങളെ നമുക്ക് കാണാവുന്നതാണ്.
എന്നാൽ മനുഷ്യന്റെ കാര്യം ഇങ്ങനെയൊന്നുമല്ല. മാന്യനും സംസ്കാര സമ്പന്നനും ആത്മീയ ബോധമുള്ളവനുമായ അവരുടെ കാര്യത്തിൽ 'പൂവൻകോഴി സിദ്ധാന്തം' നടപ്പിലാവില്ല. മറ്റെല്ലാ കാര്യത്തിലും ഉള്ള കോമൺസെൻസ്, മെച്യൂരിറ്റി, പരിസരബോധം, എത്തിക്സ് ആദിയായതൊക്കെ മനുഷ്യന്റെ കാര്യത്തിൽ പ്രധാനമാണ്, പ്രസക്തമാണ്.






