ഏതായാലും വിവാഹം കഴിക്കാൻ തീരുമാനിച്ചല്ലോ. ഒന്നും വിചാരിക്കരുത്, ഒന്നു ചോദിച്ചോട്ടെ, നിങ്ങൾ ആണാണോ? എങ്കിൽ നിങ്ങൾ കെട്ടേണ്ടത് പെണ്ണിനെയാണ്. നിങ്ങൾ പെണ്ണാണോ? എങ്കിൽ നിങ്ങൾ കെട്ടേണ്ടത് ആണിനെയാണ്.
മാസം ഓഗസ്റ്റ്. സമയം പട്ടാപ്പകൽ പത്തേമുക്കാൽ. മുന്നിൽ മുന്തിരിക്കുല. മുറ്റത്ത് ചെമ്പോത്ത് രണ്ട്. ഉണ്ട്, നല്ല തെളിഞ്ഞ ബോധമുണ്ട്. കൃത്യം കാണുന്നു, മനസ്സിലാവുന്നു. കൈ ഞെക്കി വേദനയുണ്ട്. എല്ലാം 100% ഒക്കെ. ഗുളിക മാറിയിട്ടോ, വട്ട് കേറിയിട്ടോ പുലമ്പുകയാണെന്ന് വിചാരിക്കരുത്, പ്ലീസ്! കാലം അത് ആവശ്യപ്പെടുന്നത് കൊണ്ടാണ് അങ്ങനെ ചോദിച്ചതും പറഞ്ഞതും.
ആണിനെ കെട്ടാൻ ആണ് മതിയെന്നും പെണ്ണിനെ കെട്ടാൻ പെണ്ണ് മതിയെന്നും ഞങ്ങൾ ഗേകളായും ലെസ്ബിയനുകളായും വിവാഹജീവിതം നയിച്ചോളാം എന്നു പറയുന്നവർ പുലരുന്ന ലോകമാണിത്. ആദ്യം പലതും തോന്നും; വഴിയെ ശരിയായിക്കൊള്ളും. അല്ലാതെന്തു പറയാനാ...
ഇനി ആണായ നിങ്ങൾ കെട്ടാൻ പോകുന്നത് പെണ്ണിനെ തന്നെ ആയിരിക്കണം എന്ന് പറഞ്ഞല്ലോ. കാണാൻ കൊള്ളുന്ന ഏതെങ്കിലും ഒരു പെണ്ണായാൽ പോരാ. എല്ലാ പെണ്ണിനെയും കയറി അങ്ങ് കെട്ടിക്കൂടാ. പെങ്ങൾ നല്ല സുന്ദരിയാണെന്ന് വിചാരിക്കുക. അവളോട് കാമം തോന്നുന്നു എന്നും കരുതുക. തിരിച്ചവൾക്കും സമ്മതമാണെന്ന് വെക്കുക. എന്തിനാണ് ഇങ്ങനെ വളച്ചുകെട്ടി വേണ്ടാതീനങ്ങൾ പറയുന്നത് എന്ന് പറയരുത്, പ്ലീസ്.
ഉഭയകക്ഷി സമ്മതമുണ്ടെങ്കിൽ ഇൻസെസ്റ്റ് (രക്തബന്ധമുള്ളവർ തമ്മിലുള്ള ലൈംഗികബന്ധം) ആവാം എന്ന് പറയുന്ന ആക്ടിവിസ്റ്റുകൾ വാഴുന്ന കാലമാണിത്. വാല്യക്കാരന് തുടിപ്പുള്ള അമ്മയോടും അച്ഛന് തുളുമ്പുന്ന പെൺമക്കളോടും കാമം തിളക്കുകയാണെങ്കിൽ എന്നിട്ട് അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും രസക്കേട് ഒന്നും തോന്നുന്നില്ല എങ്കിലും എന്തും ആവാം എന്ന് പറയുന്ന മൃഗാത്മക-ധാർമികത മേൽക്കോയ്മ വന്ന കാലമാണ്. ഇൻസെസ്റ്റ് നിയമപരമായി നിരോധിക്കാൻ ഗവൺമെന്റുകൾ നിർബന്ധിതരായ ഒരു അവസ്ഥ എന്നൊക്കെ പറഞ്ഞാൽ എവിടെ എത്തിപ്പോയി. ആർക്കൊക്കെ ആരെയെല്ലാം വിവാഹം കഴിക്കാം ആരെയെല്ലാം വിവാഹം കഴിച്ചുകൂടാ എന്നതു സംബന്ധമായി ഇസ്ലാമിക കർമകാണ്ഡത്തിൽ വ്യക്തമായ നിയമവിശേഷങ്ങൾ ഉണ്ട്.
നേരത്തെ പറഞ്ഞതുപോലെ പെങ്ങളൊന്നുമല്ല. എന്നല്ല ഒരു തരത്തിലുള്ള കുടുംബവും അല്ല. വേറെ ഏതോ നാട്ടുകാരിയാണ്. ഇഷ്ടമാണ് അങ്ങോട്ടും ഇങ്ങോട്ടും. പക്ഷേ ചെറിയൊരു പ്രശ്നം. അവൾ മറ്റൊരുത്തന്റെ ഭാര്യയാണ്, ഹൂ! ഇഷ്ടമാണ്, മനപ്പൊരുത്തമാണ്, ഉഭയസമ്മതം ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, ആരാൻ്റെ ഭാര്യയെ കയറി കെട്ടിക്കൂടാ. ഭർതൃമതികളായ സ്ത്രീകൾ സ്വന്തം മക്കളെയും മാരനെയും വിട്ടെറിഞ്ഞ് കുമാരൻമാരുടെ കൂടെ ഇറങ്ങി പോകുന്ന കാലമാണിത്.
ഇനി നിന്റെ കണ്ണു ചെന്നുടക്കിയിരിക്കുന്നത് ഒരു പെണ്ണിലാണെന്ന് വിചാരിക്കുക. ആൾ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. നിലവിൽ ആരുടെയും ഭാര്യയൊന്നുമല്ല. പക്ഷെ ഒരു ചെറിയ പ്രശ്നം അവിടെയുമുണ്ട്. അവളുടെ ഭർത്താവ് മരിച്ചിട്ട് / ഒഴിവാക്കി പോയിട്ട് അധികകാലം ആയിട്ടില്ല. മതനിയമപ്രകാരം ദീക്ഷാകാലം ആചരിക്കുകയാണ് അവൾ. ആരുമില്ലല്ലോ എന്ന് നോക്കി ഒഴിഞ്ഞ പോസ്റ്റിലേക്ക് അപ്പോൾ കയറി ഗോൾ അടിച്ചേക്കരുത്. കാത്തിരിക്കണം. ഇദ്ദ കാലാവധി കഴിഞ്ഞതിന്റെ ശേഷം അന്വേഷണം നടത്തി അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മനപ്പൊരുത്തം ആണെങ്കിൽ ആവാം, കുഴപ്പമില്ല.
ബന്ധത്തിലുള്ളവരുമായി കല്യാണം കഴിക്കാൻ പാടില്ല എന്ന് പൊതുവേ പറയാറുണ്ട്. നമ്മൾ സാധാരണ പറയുന്ന ബന്ധുക്കളെല്ലാം പറ്റാത്തവരോ എല്ലാം പറ്റുന്നവരോ അല്ല. എന്താണ് അതിൻ്റെ വിശദമായ രൂപം എന്ന് കേൾക്കുക. മൂന്നുതരം ബന്ധത്തിൽ എവിടെയെങ്കിലും പെട്ടുപോയാൽ ക്ലോസ്, പിന്നെ അതിനപ്പുറം ആലോചിക്കുകയേ വേണ്ട.
1. രക്തബന്ധം
2. മുലകുടിബന്ധം
3. വിവാഹബന്ധം.
എന്തുകൊണ്ടായിരിക്കും ഇത് എന്ന് ആലോചിച്ചാൽ തന്നെ മനസ്സിലാവും. ജനിതകപരവും സാമൂഹികവും സാംസ്കാരികവും കുടുംബപരവുമായ കാരണങ്ങൾ ഇതിൽ പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രീയമായ പഠനങ്ങൾ ഇതിനെ സാധൂകരിക്കുന്നുമുണ്ട്. ഇനി അച്ഛനും മോളും കല്യാണം കഴിച്ചാൽ വളരെ നല്ലതാണെന്നോ, ആങ്ങളയും പെങ്ങളും ഇണ ചേർന്നാൽ മേത്തരം ഗുണമേൻമയുള്ള കുഞ്ഞുങ്ങളുണ്ടാവും എന്നോ നാസയുടെ അയൽപക്കത്തുള്ള ശരീര പര്യവേക്ഷണ കേന്ദ്രം തെളിയിച്ചാൽ പോലും മതപരമായി ഒരു വകുപ്പുമില്ല. അങ്ങനെ കൂട്ടിയാൽ മതി!
പരിശുദ്ധ ഖുർആൻ തീർത്തു പറഞ്ഞു: “മാതാക്കൾ, പുത്രികൾ, സഹോദരികൾ, പിതൃസഹോദരികൾ, മാതൃസഹോദരികൾ, സഹോദരപുത്രികൾ, സഹോദരീപുത്രികൾ എന്നിവരെ വിവാഹം ചെയ്യൽ നിങ്ങൾക്ക് നിഷിദ്ധമാണ്.” (വി.ഖു:4-23) വിശദീകരിക്കാം.
ബന്ധങ്ങളിൽ ഏറ്റവും ആഴമുള്ളതും പവിത്രമായതും രക്തബന്ധമാണ്. ഇതുവഴി ഏഴു പേർ കളത്തിൽ നിന്ന് ആദ്യമേ ഔട്ടാവുന്നു. ഒന്നാമതായി ഈഡിപ്പസിസം (Oedipus) പടിക്കുപുറത്ത്. അഥവാ ഉമ്മയെ വിവാഹം കഴിക്കുക. ഉമ്മ എന്ന് പറയുമ്പോൾ നേരെ ഉമ്മ പെട്ടു. ഉമ്മയുടെ ഉമ്മ പെട്ടു. ഉപ്പയുടെ ഉമ്മ പെട്ടു. ഉമ്മയുടെ ഉപ്പയുടെ ഉമ്മ പെട്ടു. ഉപ്പയുടെ ഉപ്പയുടെ ഉമ്മ പെട്ടു. എന്നിങ്ങനെയങ്ങ് തുടങ്ങി മതപരമായി ഉമ്മ എന്ന് പറയുന്ന വകുപ്പിൽ പെടുന്ന സകലരും പുറത്തായി.
രണ്ടാമതായി നാം 'കടക്ക് പുറത്ത്!' എന്നു പറയുന്നത് 'എലക്ട്രായിസ'(Electra)ത്തോടാണ്. അഥവാ സകലജാതി മകളുകളും പുറത്തായി. മകൾ, മകൻ്റെ മകൾ, മകളുടെ മകൾ തുടങ്ങി ഇവരുടെ വംശാവലിയിൽ പിറക്കുന്ന മുഴുവൻ പെൺമക്കളും നിഷിദ്ധമായി.
അടുത്തത് സഹോദരിയാണ്. അത് പൂർണ്ണ സഹോദരി ആണെങ്കിലും ശരി പാതി സഹോദരി ആണെങ്കിലും ശരി, പറ്റത്തില്ല! ഒരേ വാപ്പാക്കും ഉമ്മാക്കും പിറന്നവളെ ആണല്ലോ നമ്മൾ മുഴുസഹോദരി എന്നു പറയുക. അപ്പോൾ ആരെപ്പറ്റി ആയിരിക്കും പാതി സഹോദരി എന്ന് പറയുക എന്ന് ആലോചിച്ചു കണ്ടുപിടിക്കൂ. എല്ലാം പരത്തി പറഞ്ഞുതരും എന്ന് വിചാരിച്ച് കാത്തിരിക്കല്ലേ! ഒന്നു പറയാം, രണ്ടുതരം ഉണ്ടാവും അത്.
നാലാമത്തേത് സഹോദരപുത്രിയാണ്. നേരത്തെ പറഞ്ഞ പോലെ പൂർണ സഹോദരൻ ആയാലും ശരി പാതി സഹോദരൻ ആയാലും ശരി അവരുടെ പെൺമക്കളെ ഒന്നും വിവാഹം കഴിക്കാൻ പാടില്ല.
അഞ്ചാമതായി സഹോദരിമാരുടെ പെൺമക്കളാണ് പുറത്താവുന്നത്. നേരത്തെ പറഞ്ഞ രൂപത്തിലുള്ള മുഴുസഹോദരി, അർദ്ധ സഹോദരി വഴിക്കുള്ള പെൺമക്കൾ അല്ലെങ്കിൽ അവരുടെ ആൺമക്കൾക്ക് പിറന്ന പെൺമക്കൾ തുടങ്ങി ആ വംശാവലിയിൽ ഉള്ള ആരും പറ്റുകയില്ല.
അമ്മായിയാണ് അടുത്ത താരം. ഉമ്മയുടെ മൂത്തതും ഇളയതുമായ സഹോദരിമാർക്കാണ് അമ്മായി എന്ന് പറയുക. ചില നാടുകളിൽ ആമ എന്നും പറയും. ഒരാമയേയും കെട്ടിക്കൂടാ. അത് ഉമ്മയുടെ നേർ സഹോദരിമാരാവട്ടെ ഉമ്മയുടെ ഉമ്മയുടെ സഹോദരിമാരാകട്ടെ ഉപ്പയുടെ ഉമ്മയുടെ സഹോദരിമാരാകട്ടെ ആരാണെങ്കിലും ശരി, നോ എൻട്രി!
അവസാനമായി ഈ വകുപ്പിൽ പുറത്തു പോകുന്നത് ഉപ്പ വഴിയുള്ള അമ്മായിയാണ്. എന്നുവച്ചാൽ ഉപ്പയുടെ മൂത്തതും ഇളയതുമായ സഹോദരിമാർ. അവരെയും അമ്മായിമാർ എന്നും പെറ്റാച്ചമാർ എന്നും മറ്റു പല പേരുകളിൽ വിളിക്കപ്പെടുന്നു. 'ഉമ്മായിമാർ' എന്നാരും ഒട്ടും വിളിച്ചു കേൾക്കുന്നുമില്ല, അതായിരുന്നു നല്ലത്, ഹി! ഇവിടെയും നേരത്തെ പറഞ്ഞതുപോലെ ഉപ്പയുടെ നേർ സഹോദരിമാർ യി ഈ വകുപ്പിൽ പുറത്തു പോകുന്നത് ഉപ്പ വഴിയുള്ള അമ്മായിയാണ്. എന്നുവച്ചാൽ ഉപ്പയുടെ യി ഈ വകുപ്പിൽ പുറത്തു പോകുന്നത് ഉപ്പ വഴിയുള്ള അമ്മായിയാണ്. എന്നുവച്ചാൽ ഉപ്പയുടെ സഹോദരിമാർ ഉമ്മയുടെ ഉപ്പയുടെ സഹോദരിമാർ അങ്ങനെ എല്ലാവരും പെട്ടു.
പെണ്ണു വേണോ രക്തബന്ധത്തിന്റെ വൃത്തത്തിനകത്ത് ചുറ്റിക്കളിക്കാതെ വെളിയിലോട്ട് പോവുക. മേൽപ്പറഞ്ഞവരെ ആരെയും വിവാഹം കഴിച്ചു കൂടാ. അവരെപ്പറ്റി മഹ്റമുകൾ (വിവാഹബന്ധം നിശിദ്ധമായവർ) എന്നാണ് പറയുക. അവർ നമ്മളുമായി വളരെ അടുത്ത് നിൽക്കുന്നവരാണ്, സ്പർശിച്ചാൽ വുളു മുറിയുകയില്ല. സ്വന്തം, തന്നെ സ്വന്തം!
രക്തബന്ധത്തിലുള്ളവർ പരസ്പരം ലൈംഗികസുരതത്തിൽ ഏർപ്പെട്ടാൽ പല നിലക്കുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ജനിതകവും മനശാസ്ത്രപരവും ആയ പ്രശ്നങ്ങളാണ് പ്രധാനം. കുഞ്ഞുങ്ങൾക്ക് പലനിലക്കുള്ള ശാരീരിക ബലഹീനതകളും വൈകൃതങ്ങളും ഉണ്ടാവാമെന്ന് വിദഗ്ധർ പറയുക മാത്രമല്ല ചുറ്റുപാടുകളിൽ അത്തരം അനുഭവങ്ങൾ കാണാനും കഴിയും.
പിന്നെ മറ്റൊരു കാര്യം മറിച്ചാലോചിക്കുക. കുടുംബത്തിൽ ഇത്രയും ക്ലോസ് റിലേറ്റീവ് ആയവരെ കല്യാണം കഴിക്കാം എന്ന് വന്നാൽ അവരെ ആ ഒരു കണ്ണോടുകൂടെ കാണുന്ന കാലാവസ്ഥ കുടുംബങ്ങളിൽ പുലരും. അത് കുടുംബം എന്ന ഫാബ്രിക്കിന് പരിക്കുപറ്റിക്കും. ചെറുപ്പത്തിലെ കണ്ടും കേട്ടും അറിഞ്ഞും കൂടെ കളിച്ചും അതിപരിചയമുള്ള രണ്ടാളുകൾ പരസ്പരം ദമ്പതികൾ ആയാൽ സ്വാഭാവികമായും അവർക്കുള്ള ലൈംഗികമായ ആളിക്കത്തലിന്റെ ചീറ്റൽക്ഷമത കുറയും. അതാകട്ടെ അവരുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കെടുത്തും. പുറത്തു നിങ്ങളെയും കാത്ത് ഇഷ്ടം പോലെ ആളുകൾ ക്യൂവിൽ നിൽക്കുമ്പോൾ എന്തിനാണ് രക്തബന്ധത്തിന്റെ വട്ടക്കിണറിനകത്ത് തലചൊറിഞ്ഞു കൂടുന്നത്?
ഇതിവിടെ കഴിഞ്ഞു. ഇനി നമ്മൾ വിവാഹബന്ധത്തിലൂടെ വിവാഹം പറ്റാതെ വരുന്ന ഇനങ്ങളാണ് പറയാൻ പോകുന്നത്. അതിനിടെ അധികമാളുകളും അത്രയൊന്നും ശ്രദ്ധിക്കാത്ത പ്രധാനപ്പെട്ട ഒരു കാര്യം പറയാം. ചെറുപ്പത്തിൽ ഉമ്മമാരും സഹോദരിമാരും കുട്ടികൾക്ക് അങ്ങോട്ടുമിങ്ങോട്ടും എല്ലാം മാറിമാറി മുലയൂട്ടാറുണ്ട്. മതപരമായ വീക്ഷണത്തിൽ വളരെയധികം കരുതൽ വേണ്ട ഒരു കാര്യമാണിത്. സ്വന്തം കുഞ്ഞിനെ ജ്യേഷ്ഠത്തി കഞ്ഞി അടിച്ചു കൊടുക്കുമ്പോൾ, ബിസ്ക്കറ്റ് മുക്കി കൊടുക്കുമ്പോൾ അനുജത്തിയുടെ കുട്ടിക്കും കൊടുക്കുന്നതു പോലെ ലാഘവത്തോടെ കാണേണ്ടതല്ല മുലകൊടുപ്പ്.
ഒരു സഹോദരി രണ്ടു വയസ്സ് പ്രായം ആകാത്ത കുട്ടിക്ക് അഞ്ചു തവണ മുലയൂട്ടിയാൽ സീൻ ആകെ മാറുന്നു. അതോടെ അവർ സ്വന്തക്കാരായി. പലരും പരസ്പരം മഹറമുകളായി. മുകളിൽ പറഞ്ഞ ഏഴ് തലത്തിലേക്കും ഈ മഹറമിയ്യത് ബാധകമാകും.
ഒരുദാഹരണം പറഞ്ഞാൽ നിങ്ങൾക്ക് ഒരു ബോംബെ പെൺകുട്ടിയോട് ഇഷ്ടം. കെട്ടാമെന്ന മോഹം. ഉമ്മയോട് കാര്യം പറഞ്ഞപ്പോഴാണ് വിഷയം അറിയുന്നത്. നിങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കക്ഷികളാണ്. വർഷങ്ങൾക്കു മുമ്പ് ബോംബെയിൽ നിന്നും വന്ന് നാട്ടിൽ താമസമാക്കിയതാണ്. ചെറുപ്പത്തിൽ ആ കുട്ടിയുടെ ഉമ്മക്ക് സുഖമില്ലാതെ വന്നപ്പോൾ നിൻ്റെ ഉമ്മ അവൾക്ക് മുല കൊടുത്തിരുന്നു. അതോടെ, നിനക്ക് നിൻ്റെ സഹോദരി എങ്ങനെയാണോ അതേപോലെ ആയി അവൾ. തൊട്ടാൽ വുളു മുറിയില്ല. മഹറം ആണ്. മഹറം എന്നതിൽ ഒരു 'ഹറാം' (നിശിദ്ധം) ധ്വനിക്കുന്നില്ലേ? വിവാഹം ഹറാമാണ് എന്നതാണ് ആ ധ്വനി.
അങ്ങനെ നിങ്ങൾക്ക് വാശിയായി. ഞാൻ ബോംബെക്കാരിയെ തന്നെ കെട്ടി പ്രതികാരം വീട്ടുമെന്നായി. നേരെ ബോംബെയ്ക്ക് വണ്ടികയറി. ചെന്ന് നോക്കുമ്പോൾ ചോരപൊട്ടുന്ന ഒരുത്തിയെ കിട്ടി. കാര്യങ്ങളെല്ലാം ഇരു കുടുംബങ്ങളും പശ്ചാത്തലത്തിൽ പറഞ്ഞുറപ്പിച്ച് കല്യാണത്തിന് കത്തടിച്ചു. ക്ഷണിക്കാൻ ചെന്നപ്പോൾ ആദ്യത്തെ ആ ഉമ്മ പറയുകയാണ് ഇടക്കാലത്ത് ബോംബെയിൽ പോയപ്പോൾ ഇവൾക്ക് ഞാൻ ആഴ്ചകളോളം മുല കൊടുത്തിട്ടുണ്ടെന്ന്. പോയി, മൊത്തം കയ്യീന്ന് പോയി! പറഞ്ഞത് മനസ്സിലായോ. മുലകൊടുപ്പ് വഴി ഉമ്മയായി തീർന്ന ഒരു സ്ത്രീ മറ്റൊരു കുട്ടിക്ക് മുല കൊടുത്താൽ ആ കുട്ടിയും നിൻ്റെ സഹോദരി ആയി തീരുകയാൽ വിവാഹം പാടില്ലെന്ന്. ബോംബെ വിട്ട് വേഗം ബംഗാളിലേക്ക് കയറിക്കോ.
മേൽവിവരിച്ച ഏഴു വിഭാഗം പെണ്ണുങ്ങളും മുലകുടിബന്ധ പ്രകാരവും മഹ്റമുകളായിത്തീരും. മുലകുടിബന്ധത്തിലൂടെ പ്രസ്തുത ബന്ധങ്ങളുള്ള സ്ത്രീകളെ വിവാഹം ചെയ്യാൻ പറ്റില്ല. തറവാട് ബന്ധത്തിലൂടെ വിവാഹം നിഷിദ്ധമാകുന്നവരെല്ലാം, മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാണെന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ട്. (ബുഖാരി, മുസ്ലിം)
ഇനി പറയുന്നത് രക്തബന്ധത്തിന്റെ കാര്യമല്ല എന്നാൽ തീരെ അല്ലാതെയും അല്ല. എന്നുവെച്ചാൽ മേൽ പറയപ്പെട്ട രക്തബന്ധത്തിലുള്ളവരുമായി നടന്ന വിവാഹം കാരണമായി നമ്മുടെ കയ്യിൽ നിന്നും പിടിവിട്ടുപോകുന്ന കേസുകളാണ് പറയാൻ പോകുന്നത്. അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടപ്പെട്ടതായിരുന്നു. രണ്ടാൾക്കും, പഷ്ടായിട്ട് പറ്റും. പക്ഷേ ഉപ്പ കയറി അവളെയങ്ങ് കെട്ടിക്കളഞ്ഞു. തൊട്ടു പിറ്റേന്ന് തന്നെ ഉപ്പ മരണപ്പെടുകയും ചെയ്തു. ശരിക്ക് വീടുകൂടിയിട്ട് പോലുമില്ല. എന്നാൽ പോലും സ്വന്തം ഉപ്പ കല്യാണം കഴിച്ച പെണ്ണല്ലേ, ഒരു കാരണവശാലും നമുക്ക് അവളെ കല്യാണം കഴിച്ചു കൂടാ. അവിടെ പിന്നെ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ബാധകമാകും. അഥവാ ഉപ്പ കെട്ടിയ പെണ്ണ് മാത്രമല്ല ഉപ്പാന്റെ ഉപ്പ കെട്ടിയാലും ഉമ്മാൻ്റെ ഉപ്പ കെട്ടിയാലും ഒന്നും പറ്റത്തില്ല. ഖുർആൻ വ്യക്തമായി പ്രസ്താവിച്ചു
“നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങൾ വിവാഹം ചെയ്യരുത്." (വി.ഖു: 4/22)
ഉപ്പ കെട്ടിയ പെണ്ണിനെയൊക്കെ ആരെങ്കിലും കെട്ടാൻ പോകുമോ എന്നൊക്കെ ചിലപ്പോൾ സംശയം വന്നേക്കാം. മനുഷ്യന്റെ ജീവിതഘടനയല്ലേ, അതെത്ര വിപുലമാണ്, എത്ര സങ്കീർണ്ണമാണ്, എങ്ങനെയെല്ലാം ഏതെല്ലാം നിലക്കെല്ലാം കാര്യങ്ങൾ കലാശിക്കാം. അങ്ങനെ ഒരു സാഹചര്യം ഒത്തു വന്നാൽ പാടില്ലെന്നാണ് പറഞ്ഞത്. എന്നാൽ അതിനേക്കാൾ സാധ്യതകൂടിയ മറ്റൊരു കാര്യമാണ് അടുത്ത് പറയാൻ പോകുന്നത്.
കല്യാണം കഴിഞ്ഞ ഉടനെ മകൻ മരിച്ചു. ആരോരും നോക്കാനില്ലാത്ത ഒരു യത്തീം പെണ്ണായിരുന്നു ഭാര്യ. അവനിക്കാണെങ്കിൽ ജേഷ്ടാനുജന്മാർ ആരുമില്ല താനും. അപ്പോൾ ഉപ്പ വിചാരിക്കുന്നു എന്നാൽ പിന്നെ ഞാൻ തന്നെ അങ്ങ് കെട്ടി കളയാം. നടക്കില്ല. മകൻ, മകൻ്റെ മകൻ, മകളുടെ മകൻ ഇവരെല്ലാം വിവാഹം കഴിച്ച ഒരു പെണ്ണിനെയും ഒരു നിലക്കും ഉപ്പാക്ക് വിവാഹം കഴിക്കാൻ വകുപ്പില്ല. നേരത്തെ പറഞ്ഞതുപോലെ കല്യാണം കഴിച്ച് വീടുകൂടുന്നതിനു മുമ്പാണ് ആൺ മക്കൾ മരണപ്പെട്ടതെങ്കിലും, അല്ലെങ്കിൽ വിവാഹം കഴിഞ്ഞു വരുന്ന വരവിൽ എന്തോ കാര്യമായ അഹിതം ഉള്ളതുകൊണ്ട് സ്പോട്ടിൽ ഡിവോഴ്സ് ചെയ്താൽ പോലും പറ്റുകയില്ല -മകൻ്റെ ഭാര്യ എന്ന് പറയുന്നത് സത്യത്തിൽ സ്വന്തം മകളെപ്പോലെ തന്നെയല്ലേ. മകൾ മഹ്റം അല്ലേ. അതുപോലെതന്നെയാണ് മകൻ്റെ മകളും. മഹ്റം ആണ്. തൊട്ടാൽ വുളു മുറിയില്ല. കെട്ടാൻ പാടില്ല താനും.
വിശുദ്ധഖുർആൻ പറഞ്ഞുവെച്ചു: "നിങ്ങളുടെ പുത്രന്മാരുടെ ഭാര്യമാരെ വിവാഹം ചെയ്യലും നിങ്ങൾക്ക് നിഷിദ്ധമാകുന്നു.” (വി.ഖു: 4/23)
ഇനി കെട്ടാൻ പാടില്ലാത്ത ഒരാൾ അമ്മായിമ്മയാണ്. അഥവാ ഭാര്യാമാതാവ്. നമ്മൾ ഒരുത്തിയെ കെട്ടുന്നതോടെ അവളുടെ ഉമ്മ, ഉമ്മയുടെ ഉമ്മ, ഉപ്പയുടെ ഉമ്മ തുടങ്ങി അവൾ വഴിയുള്ള സകല ഉമ്മമാരെയും വിവാഹം ചെയ്യൽ ആജീവനാന്തകാല പ്രാബല്യത്തോടെ പാടില്ലാതെയാകുന്നു. കൂട്ടത്തിൽ ഒഴിച്ചു പറയേണ്ട ഒരു കേസ് അമ്മോശൻകാക്കാന്റെ രണ്ടാം ഭാര്യയുടെ കാര്യമാണ്. പറ്റുമെങ്കിൽ നോക്കിക്കോ. ഓർ മരിച്ചാൽ അല്ലെങ്കിൽ ഒഴിവാക്കിയാൽ.
ഇനി നിങ്ങൾ ഒരുത്തിയെ കല്യാണം കഴിച്ചു. നോക്കുമ്പോൾ ആൾക്ക് ആൾറെഡി കുട്ടികളുണ്ട്. അതിൽ ഇഷ്ടം പോലെ പെൺകുട്ടികളുമുണ്ട്. നല്ലതിനെ നോക്കി ഒന്ന് കെട്ടാൻ പറ്റുമോ? പറ്റില്ല! നേരത്തെ പറഞ്ഞതുപോലെ ആ മകളുടെ വംശാവലിയിൽ പിറന്ന പെൺകുട്ടികളെ ഒന്നും വിവാഹാവശ്യം പറഞ്ഞ് അടുപ്പിച്ചു കൂടാ. ഇവിടെ ഒരു വ്യത്യാസം പറയാനുള്ളത്, മുമ്പ് പറഞ്ഞതുപോലെ കേവല വിവാഹം കൊണ്ട് ഈ ഒരു തടസ്സം രൂപപ്പെടുകയില്ല. നിങ്ങൾ ഒരുത്തിയെ കല്യാണം കഴിക്കുകയും വീടുകൂടുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്താൽ മാത്രമേ ഈ പറഞ്ഞ പാടില്ലായ്ക ബാധകമാകുന്നുള്ളൂ. അല്ലാതെ കല്യാണം കഴിഞ്ഞു തൊട്ടടുത്ത നിമിഷം അവൻ മരിച്ചു അല്ലെങ്കിൽ മറ്റെന്തോ കാരണത്താൽ വിവാഹമോചനം നടത്തേണ്ടി വന്നു വീടുകൂടലോ ബന്ധപ്പെടലോ നടന്നിട്ടില്ല. എങ്കിൽ പിന്നെ അവളുടെ പെൺമക്കളെ ആലോചിക്കാവുന്നതാണ്. ഖുർആൻ പറയുന്നു: "നിങ്ങളുടെ ഭാര്യമാരുമായി ലൈംഗികബന്ധം ഉണ്ടായിട്ടുണ്ടെങ്കിൽ ഭാര്യമാരുടെ പെൺമക്കൾ നിങ്ങൾക്ക് നിഷിദ്ധമാകുന്നു. ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ കുഴപ്പമില്ലതാനും (വി.ഖു: 4/23)
“അല്ലാഹുവിൻ്റെ അതിർത്തികൾ അവയാണ്. അവയെ ലംഘിക്കരുത്. ആരെങ്കിലും അല്ലാഹുവിൻ്റെ അതിർത്തികളെ ലംഘിച്ചാൽ അവർ തന്നെയാണ് അതിക്രമികൾ.”
(ഖുർആൻ 2:229). മതനിയമങ്ങൾ എന്നു പറയുന്നത് അല്ലാഹു മനുഷ്യർക്ക് വരച്ചുവെക്കുന്ന വരമ്പുകളാകുന്നു. വരമ്പു ചാടാതിരിക്കുക എന്നുള്ളതാണ് വിശ്വാസികളുടെ അച്ചടക്കം.






