ചോദിക്കട്ടെ വിവാഹം കഴിച്ചാൽ നിനക്ക് എന്ത് കിട്ടും?
ഇണയെ
നിനക്കോ?
തുണയെ
നല്ല ഒന്നാന്തരം ഉത്തരങ്ങൾ!
മുമ്പ് ഇങ്ങനെ ചോദിച്ചപ്പോൾ മറ്റു രണ്ടുപേർ നൽകിയ ഉത്തരം അത്രയ്ക്കു ശരിപോരായിരുന്നു. ഭാര്യ / ഭർത്താവ് എന്നിങ്ങനെയായിരുന്നു അത്. ഭാഷക്ക് ചില ആശയങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ വരിക എന്ന പരിമിതിയുണ്ട്. ഭാഷയുടെ രക്തത്തിൽ സംസ്കാരം അലിഞ്ഞിരിക്കുക എന്നതുമുണ്ട്. ഏതായാലും ഭർത്താവ് എന്ന വാക്കിൽ തന്നെ ഒരു കർത്താവ് മീശ പിരിച്ചിരിക്കുന്നുണ്ട്. ഭാര്യ എന്ന വാക്കിൽ ഒരു പാവം വിധേയ നിസ്സഹായയായി തുണി വിരിച്ചിരിക്കുന്നുമുണ്ട്. പക്ഷേ അങ്ങനെയൊക്കെ ആണോ അങ്ങനെയൊക്കെ ആവാമോ? ഇല്ല, എന്നതാണ് ശരി. ഭാര്യ ഭർത്താക്കന്മാർ എന്നതിന് അറബിയിൽ സൗജൈൻ എന്നാണ് പറയുക. ഭർത്താവ് സൗജ്. അതിൻറെ സ്ത്രീലിംഗരൂപമായ സൗജത്ത്, ഭാര്യ. അഥവാ നിങ്ങൾ പറഞ്ഞ ഇണയും തുണയും.
നിങ്ങൾ രണ്ടാളും ഇണയും തുണയും ആകാൻ തീരുമാനിച്ചു എങ്കിൽ ചിലത് കൂടി ചോദിക്കാനുണ്ട്. മീശക്കാരാ! ആദ്യം നിന്നോടാണ് ചോദ്യം. കയ്യിൽ എന്തുണ്ട്? കീശനിറയെ കാശുണ്ടോ, തടിച്ച ബാങ്ക് ബാലൻസ് ഉണ്ടോ എന്നൊന്നുമല്ല ചോദിച്ചത്. അങ്ങനെ വേണമെന്നൊന്നുമില്ല. പക്ഷേ രണ്ടു കാര്യം നിൻ്റെ പക്കൽ ഉണ്ടായിരിക്കണം. നിൻ്റെ തടിക്ക് താഖത്ത് (ആരോഗ്യം) ഉണ്ടായിരിക്കണം. നീ ഒരുത്തിയെ സഹധർമ്മിണി ആക്കാൻ പോവുകയാണ്. യൗവനം തുളുമ്പുന്ന വടിവൊത്ത യുവതിയാണ് അവൾ. നിന്നെ കാമിക്കുന്ന ഒരു ഹൃദയവും, നിന്നെ ആശിക്കുന്ന ഒരു ശരീരവും അവൾക്കുണ്ട്. അവളുമായി ശാരീരിക സല്ലാപങ്ങളിൽ ഏർപ്പെട്ട് അവളെ ആനന്ദത്തിന്റെ സ്വർഗപ്പൂങ്കാവനങ്ങൾ കാണിച്ചുകൊടുക്കാൻ നിനക്ക് ഉശിരുണ്ടാവണം.
വളരെ പ്രധാനം തന്നെയാണ്. നിൻ്റെ കൂടെ നാലുനാൾ പാർത്ത് കരഞ്ഞുകൊണ്ട് പിരിഞ്ഞുപോകുന്ന അവസ്ഥ അവൾക്ക് നീ ഉണ്ടാക്കരുത്. തിരുനബി ഇത് വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്. ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ അഖിലലോക യുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് നബി വിവാഹത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്. അതിൽ 'അൽബാഅ' എന്ന ഒരു പ്രയോഗമുണ്ട്. രണ്ടർത്ഥങ്ങളാണ് പണ്ഡിതന്മാരതിന് പറഞ്ഞിരിക്കുന്നത്. രണ്ടും മർമ്മപ്രധാനമാണ്. ഒന്ന് ലൈംഗിക ആരോഗ്യം ഉണ്ടായിരിക്കണം. മറ്റൊന്ന് വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവ് വഹിക്കാൻ വകയുണ്ടായിരിക്കണം.
രിഫാഅ എന്ന സഹാബിയുടെ പത്നി ഡിവോഴ്സ് ആയതിനു ശേഷം മറ്റൊരാളെ കല്യാണം കഴിക്കുന്നു. പക്ഷേ എന്തോ ഒരു പന്തികേട്. ഒരു ദിവസം അവരുണ്ട് നബിയുടെ സമക്ഷം വരുന്നു. ജീവിതത്തിൻ്റെ പച്ചയായ പ്രശ്നമല്ലേ; മൂടി വെച്ചിട്ട് എന്താ കാര്യം? അവർ പച്ചക്കങ്ങ് ചോദിച്ചു. തൻ്റെ ഇപ്പോഴുള്ള പ്രിയതമന് ലൈംഗിക ശേഷിയില്ല ഞാൻ എന്ത് ചെയ്യും. തൻ്റെ തുണിയുടെ കോന്തല കാണിച്ച് ഇതുപോലുള്ള ഒന്നാണ് അദ്ദേഹത്തിനുള്ളത് എന്ന് പറയുകയുണ്ടായി. നബി അവർക്കുള്ള മതവിധി മുറപ്രകാരം പറഞ്ഞു കൊടുത്തു. അപ്പോൾ വിവാഹത്തിനൊരുങ്ങുന്ന ഓരോ യുവാവും താൻ ഒരു വൈവാഹിക ജീവിതം നയിക്കാൻ പ്രാപ്തനാണെന്ന ശാരീരികക്ഷമത ഉറപ്പുവരുത്തേണ്ടതുണ്ട്. തന്റെ കൂടെ കിടന്നവൾ തൻ്റെ ലൈംഗിക ബലഹീനതയെ കുറിച്ച് പരാതി പറയാൻ ഇടവരുത്തരുതെന്ന് സിദ്ധം.
ഇതുപോലെ മറ്റൊരിക്കൽ ഒരു വനിത തിരുനബിയുടെ സവിധത്തിൽ വന്നിരുന്നു. സാബിത്തിബിന് ഖൈസ് എന്നവരുടെ പത്നിയായിരുന്നു അത്. ആളിന്റെ സ്വഭാവവും രീതിയും ഒക്കെ മെച്ചപ്പെട്ടത് തന്നെ, ഒന്നും പറയാനില്ല, തങ്കക്കുടം! പക്ഷേ അവർക്ക് അദ്ദേഹത്തോടൊപ്പം സഹജീവനം ഇഷ്ടപ്പെടാത്ത മാനസികാവസ്ഥ വന്നു. സുഹൃത്തുക്കളെ അപേക്ഷിച്ച് കാണാനത്ര ലുക്കില്ലെന്നും ഹൈറ്റ് കുറവാണെന്നുമൊക്കെയുള്ള ചില ഇഷ്ടപ്പെടായ്കകൾ.
അകമേ ഇഷ്ടമില്ലാതെ കൂടെ ജീവിച്ച് പ്രിയതമൻ്റെ ബാധ്യതകൾ ഒന്നും മുറക്കു വീട്ടാതെ അഭിനയിച്ചു ജീവിക്കേണ്ടുന്ന ഒരു ദുരവസ്ഥ. നബിയോർക്ക് അവസ്ഥ പെട്ടെന്ന് പിടികിട്ടി. തനിക്കു കിട്ടിയ എസ്റ്റേറ്റ് തിരിച്ചുകൊടുക്കുമോ എന്ന് ചോദിച്ചു. ആയിക്കോട്ടെ കൊടുക്കാമല്ലോ എന്ന് മറുപടിയും പറഞ്ഞു. അപ്പോൾ നിയമപരമായി പെണ്ണിനെ ഒഴിവാക്കുന്ന ഖുൽഅ് ചെയ്യാൻ അനുവാദം കൊടുത്തു. ആ സ്വഹാബി വര്യനെ വിളിച്ചു വരുത്തിയിട്ട് പറഞ്ഞു:- ആ തോട്ടമിങ്ങ് തിരിച്ചു വാങ്ങിച്ചോ, അവളെ മൊഴിചൊല്ലി ഒഴിവാക്കി കൊടുത്തേ. എന്നുവച്ചാൽ ഒരു സ്ത്രീ ഒരാളുടെ പത്നിയായി പോയെങ്കിൽ എന്തും സഹിച്ച് മറുത്തൊന്നും പറയാൻ കഴിയാതെ കാലാകാലം ജീവിതം സഹിച്ചു കൊള്ളണമെന്നല്ല മതത്തിൻ്റെ കർമ്മകാണ്ഡപ്രകാരം എന്ന് വ്യക്തം. മതമനുസരിച്ച് ജീവിക്കുക എന്ന് പറഞ്ഞാൽ സഹിച്ചു ജീവിക്കുക എന്നാണെന്ന ആരോപണത്തിന് കഴമ്പില്ലെന്നർത്ഥം.
അപ്പോൾ ഒരാൾക്ക് നാളിതുവരെയുള്ള അനുഭവത്തിൽ നിന്ന് താൻ ലൈംഗികമായി കഴിവുകെട്ടവനാണ് എന്ന് ബോധ്യപ്പെട്ടാൽ എന്തു ചെയ്യണം? നിങ്ങൾ തന്നെ പറ! പുറത്തു പറയാതെ മൂടിവെച്ച് ഒരു പെണ്ണിനെ പറ്റിക്കണമെന്നോ? ഒരു മധുര ജീവിതത്തിൻ്റെ കാമനയെ കണ്ണീരിൽ മുക്കണമെന്നോ? പാടില്ല! നിങ്ങൾക്ക് ഡോക്ടറെ കാണാം. ചികിത്സ തേടാം. ചിലപ്പോൾ ശാരീരിക പ്രശ്നങ്ങൾ ആയിരിക്കാം. മരുന്നും ക്രമപ്പെടുത്തിയ ആഹാരരീതിയും പിന്തുടർന്നാൽ നിങ്ങളിലെ ലൈംഗികത ഉണരാം. ചിലപ്പോൾ മാനസികമാകാം. എവിടെനിന്നെങ്കിലുമൊക്കെ ഉണ്ടായ ഫോബിയ കാരണം ഉറച്ചു പോയതാവാം. മുന്തിയ മനശാസ്ത്ര വിദഗ്ധരെ കണ്ട് ചികിത്സ തേടാം. എല്ലാത്തിനും വഴികൾ എമ്പാടും ഉണ്ടല്ലോ. ലോക്ലാസ് യൂട്യൂബേഴ്സിനെ അവലംബിച്ചു ജീവിതം പഞ്ഞിക്കിടരുതെന്ന് മാത്രം.
ഇനി വേണ്ടത് പണമാണ്, ഉണ്ടോ? എത്രയുണ്ട്? പണം രണ്ടു നിലക്ക് വേണം. ഒന്ന് വിവാഹവുമായി ബന്ധപ്പെട്ട്. മറ്റൊന്ന് തുടർ ജീവിതത്തിൻ്റെ വകുപ്പിലേക്ക്. വിവാഹവുമായി ബന്ധപ്പെട്ട് രണ്ട് തരത്തിൽ വേണം. ഒന്ന്, മഹർ വാങ്ങാൻ. മറ്റൊന്ന്, വിവാഹ ചെലവിന്. തന്റെ കഴിവിനനുസരിച്ച് മൂല്യവത്തായ സ്വർണം പോലെയുള്ള വല്ലതും മഹറായി നൽകണം.
വീട് കൂടിയ ശേഷം കൊടുക്കുന്ന വിരുന്നാണ് വലീമത്ത്. അതും തന്റെ ആവതനുസരിച്ച് സമൃദ്ധമായി കൊടുക്കാം. വിവാഹ സദ്യകൾ ആഭാസകരമാകാൻ പാടില്ല. ലോകത്തിന്റെ നാനാഭാഗത്തും മനുഷ്യർ ആഹാരം കിട്ടാതെ പിടയുമ്പോൾ, പലതരം വിഭവങ്ങൾ തലങ്ങും വിലങ്ങും വാരിവിളമ്പി വീമ്പുകളിക്കുന്ന ദുരന്തം നാടുകളിൽ നടമാടുന്നുണ്ട്. നാലു തെറ്റുകളാണ് ഇവർ ചെയ്യുന്നത്. ഒന്നാമതായി ആഹാരം കൊണ്ടുള്ള ആർഭാടം തന്നെ. തിന്നോളൂ കുടിച്ചോളൂ എന്ന് പറഞ്ഞ ഉടൻ ഖുർആൻ പറഞ്ഞുതരുന്നത് ആർഭാടം കളിക്കല്ലേ എന്നല്ലേ. രണ്ടാമതായി ഇത്തരം പരിപാടികളുടെ അവസാനത്തിൽ ധാരാളം ഭക്ഷ്യവസ്തുക്കൾ വേസ്റ്റായി കൊണ്ടുതള്ളുന്നു. ഉണങ്ങിയ ഒരു കഷ്ണം റൊട്ടിക്കായി ആഴ്ചകളോളം ആശിച്ചു കഴിയുന്ന പട്ടിണിപ്പാവങ്ങളെ കൊഞ്ഞനം കുത്തുന്നു എന്നതാണ് അടുത്തത്. അവസാനത്തേതാണ് അതിഭയങ്കരം. ഇടത്തരക്കാർക്കും പാവങ്ങൾക്കും ബാധ്യതയാകുന്നു -അഞ്ചും ആറും വിഭവങ്ങൾ വിളമ്പിയ നാലഞ്ച് കല്യാണങ്ങൾ അടുത്തടുത്ത് വന്നാൽ അടുത്ത കല്യാണത്തിനും അതേപോലെ ആയിക്കിട്ടാൻ അരക്കാശിന് വകയില്ലാത്തവർ സമ്മർദ്ദപ്പെടുന്നു. അവർ കണക്കില്ലാതെ കടം വാങ്ങാനും, ബാങ്കുകളിൽ ചെന്ന് ലോൺ എടുക്കാനും നിർബന്ധിക്കപ്പെടുന്നു, ദുരന്തമാണിത്!
ഇനി പണം വേണ്ടത്, വിവാഹശേഷം തുടർന്ന് ജീവിക്കാൻ വേണ്ടിയാണ് 'ആണും പെണ്ണും ഒരുപോലെയാണ്, രണ്ടാൾക്കും രണ്ട് കൈയും രണ്ടുകാലും അല്ലേ, രണ്ടാൾക്കും പണിയെടുത്തു കൂടെ എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല. ഇസ്ലാമിക വിശ്വാസപ്രകാരം പെണ്ണിൻ്റെ എല്ലാ സാമ്പത്തിക ചെലവും വഹിക്കേണ്ടത് പുരുഷനാണ്. വസ്ത്രം വാങ്ങിച്ചു കൊടുക്കണം, ഭക്ഷണം എത്തിച്ചു കൊടുക്കണം, അവളുടെ സോഷ്യൽ സ്റ്റാറ്റസിന് പറ്റിയ വീട് വെച്ച് കൊടുക്കണം. ആവശ്യപ്പെടുകയാണെങ്കിൽ വേലക്കാരിയെ വെച്ച് കൊടുക്കണം.
വിവാഹജീവിതം മുന്നോട്ടുപോകുമ്പോൾ മക്കൾ ആകുമല്ലോ. അപ്പോൾ വന്നുചേരുന്ന അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസ്, ബസ് ഫീസ്, യൂണിഫോം, പുസ്തകം, വൈദ്യുതി ചാർജ്, വാട്ടർ ചാർജ്, വീട്ടിലേക്ക് വേണ്ടുന്ന സകലമാന അരിസാമാനങ്ങൾ, മത്സ്യം, മാംസം, ഗ്യാസ്, പത്രം, നികുതി.... തുടങ്ങി എല്ലാവിധ ചെലവുകളും വഹിക്കേണ്ടത് നീ തന്നെയാണ്. ഇനി വേണമെങ്കിൽ ഇങ്ങനെ വച്ചോ. നീയും അവളും ഒരേ തസ്തികയിൽ ഒരേ സ്ഥാപനത്തിൽ ഒരേ ഓഫീസിൽ വർക്ക് ചെയ്യുകയാണെന്ന്. രണ്ടുപേർക്കും തുല്യ ശമ്പളം ആണെന്ന്. നിങ്ങൾക്ക് കിട്ടുന്ന 85,000 രൂപ മാസാവസാനം ആകുമ്പോഴേക്കും 850 രൂപ പോലുമില്ലാതെ അലിഞ്ഞു തീരുകയാണെന്ന്. അങ്ങനെയൊക്കെയാണെങ്കിലും നിൻ്റെ സഹധർമ്മിണി 85,000 കെട്ടുപൊട്ടിക്കാതെ വെച്ചാൽ നിങ്ങൾക്കൊന്നും പറയാൻ അവകാശമില്ല - സാമ്പത്തിക ബാധ്യത മുഴുവനും പുരുഷനാണ്. എന്നിട്ട് ആരും ഇസ്ലാം മതത്തെ പുരുഷവിരുദ്ധം എന്നോ സ്ത്രീക്കോയ്മാമതം എന്നോ ഒട്ട് ആരോപിക്കുന്നുമില്ല.
വിവാഹത്തിനുമുമ്പ് ഈ കണ്ട സാമ്പത്തിക ബാധ്യതകൾ എല്ലാം സ്വരുക്കൂട്ട് വെക്കണം എന്നല്ല പറഞ്ഞതിനർത്ഥം. മറിച്ച് ആവശ്യാനുസരണം ഇതൊക്കെ സംഘടിപ്പിക്കാനുള്ള ശാരീരികക്ഷമത തൊഴിൽ, കൃഷി, വ്യവസായം, ബിസിനസ് എന്തെങ്കിലുമൊക്കെ ഉണ്ടാവണമെന്നാണ് അല്ലെങ്കിൽ ഉണ്ടാക്കാൻ ആകുമെന്ന വിൽപവർ ഉണ്ടായിരിക്കണം എന്നാണ്.
എന്നുവച്ചാൽ ഇതിനൊന്നും ഒരു വകുപ്പും കാണാത്ത ഒരാൾ ഒരു പെണ്ണിനെ കൂടി കഷ്ടപ്പെടുത്തുക എന്നതാണ് വിവാഹം കൊണ്ട് നടക്കാൻ പോകുന്നതെങ്കിൽ അതിനു തുനിഞ്ഞിറങ്ങരുത് എന്ന് തന്നെ. പോയി പണിയെടുക്കൂ, പണമുണ്ടാക്കൂ, പെണ്ണുകെട്ടൂ എന്ന് ആഹ്വാനം ചെയ്യാൻ വരട്ടെ. അങ്ങനെയൊന്നുമില്ല. കരുത്ത് പോലെ ആയിരിക്കും കാര്യങ്ങൾ. മൂന്നു പേരെ എങ്ങനെയായാലും അല്ലാഹു സഹായിച്ചിരിക്കും എന്ന് പറയുന്ന ഹദീസ് ഇമാം തുർമുദി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിലൊന്ന് ആരാണെന്ന് അറിയുമോ. ജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ വേണ്ടി വിവാഹത്തിന് ഇറങ്ങുന്നവൻ.
ഇപ്പോൾ കയ്യിൽ കാര്യമായി കാശൊന്നും ഇല്ലെങ്കിലും ശരി ആ ഉദ്ദേശ്യശുദ്ധി കൊണ്ട് അവന് സമൃദ്ധി കൈവരും. എന്തിനധികം ഖുർആനിൽ തന്നെ പറയുന്നുണ്ടല്ലോ, നിങ്ങൾ കല്യാണം കഴിച്ചോളൂ. നിങ്ങൾ ദരിദ്രരാണെങ്കിൽ അല്ലാഹു നിങ്ങളെ ധനാഢ്യരാക്കിക്കൊള്ളുമെന്ന്. എല്ലാ കണക്കും പരത്തി കൂട്ടി കാലം കഴിക്കാൻ നിൽക്കണ്ട. അങ്ങനെയുള്ള ചില ആളുകളെ ഇപ്പോഴും കാണാം. തന്റെ കാൽക്കുലേഷൻ പ്രകാരമുള്ള സമ്പത്ത് കൈവശം വരാത്തത് കാരണം തീക്ഷ്ണമായ യൗവനം എല്ലാം ഒടിഞ്ഞ് മധ്യവയസ്കൻ ആവുവോളം വിവാഹം നീട്ടിവെക്കുന്ന മണ്ണുണ്ണിമാർ. അത്തരക്കാർ മനസ്സിലാക്കേണ്ടത് എല്ലാം നമ്മുടെ കയ്യിലാണെന്ന ചിന്ത നല്ലതല്ലെന്നാണ്. എല്ലാം തരുന്നത് അവനാണ്. നല്ല നിയ്യത്തോടെ നാം മുന്നിട്ടിറങ്ങിയാൽ അവന്റെ ഖജനാവ് നമുക്ക് തുറന്നു തരും. ആയതിനാൽ അഖിലലോക യുവാക്കളേ! വേളി കഴിക്കൂ! ആനന്ദത്തോടെ ജീവിക്കൂ! അല്ലാഹുവിൻ്റെ കരുതലും കരുണയും കൂടെയുണ്ടാവും.






