തൊട്ടതിനെല്ലാം ചൊറ. മിണ്ടിപ്പോയാൽ ചീത്ത. കാണാണ്ട് അതിരു കിളച്ചുചേർക്കൽ. ഇരുട്ടിൻ്റെ മറവിൽ മുട്ടത്തോടും ചിക്കൻപാർട്സും ഫുഡ് വേസ്റ്റും പാമ്പേഴ്സിന്റെ കെട്ടും മതിലിനിപ്പുറം കൊണ്ടുതള്ളൽ. കെട്ടതും ചീഞ്ഞതും മീൻകഴുകിയ വെള്ളവുമെല്ലാം മുന്നാരത്തെ വക്കത്തൊഴിച്ച് നാറ്റിപ്പിക്കൽ-എന്തൊരു കഷ്ടപ്പാടായി പോയി, ഹും! ഹും!! എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ വീടുവിറ്റു പോകാൻ തോന്നിപ്പോവുന്നു, ഏതെങ്കിലും കാട്ടിലേക്ക്.
വീടിൻ്റെ അലങ്കാരം പൂർണമാകുന്നത് അയൽവാസി കൂടി നന്നാവുമ്പോഴാണ്. ഓർത്തുനോക്കിയേ ഒരാളുടെ ഗതികേട്. നല്ല വീട്. നല്ല ഭാര്യ. നല്ല വാഹനം. നല്ല സുഖ സംതൃപ്തി. എല്ലാം ഓക്കേ. പക്ഷേ കിട്ടിപ്പോയിയിരിക്കുന്നത് കക്കൂസുമനസ്സുള്ള ഒരു അയൽവാസിയെ, ഛെ!! ശരിക്കും അയൽവാസി സ്വന്തം പോലെ ആവേണ്ടതാണ്. ജിബ്രീൽ മാലാഖ കടപ്പാട് പറഞ്ഞുപറഞ്ഞു അയൽവാസികൾ അനന്തരാവകാശസ്വത്തിന് അർഹരായിരിക്കും എന്നെങ്ങാനും പറഞ്ഞേക്കുമോ എന്ന് തിരുനബി അല്പം ആധിയോടു കൂടി പറയുന്നുണ്ട്. അയൽവാസി തീർത്തും അന്യനായ ഒരാളല്ലേ. അങ്ങനെയുള്ള ഒരാൾ, അയൽവാസി എന്ന ബന്ധത്തിന്റെ പേരിൽ മാത്രം മറ്റൊരാളുടെ മരണാനന്തര സ്വത്തിന് അർഹനാവുക എന്ന് പറഞ്ഞാൽ എവിടെ എത്തിപ്പോയി ആ ബന്ധത്തിൻ്റെയൊരു എല്ലുറപ്പ്?
ആരാണ് അയൽവാസി? ഇത്തിരി വിശാലമായ കാഴ്ചപ്പാടിൽ പറഞ്ഞാൽ 40 വീട്ടുകാരാണ്.
അപ്പോൾ മൊത്തം എത്രയായി?
കണക്ക് അറിയില്ലേ?
160!
മനസ്സിലായില്ല?
കൂട്ടി നോക്ക്.
മുൻ ഭാഗത്തുള്ള 40. പിൻഭാഗത്തുള്ള 40. വലത് ഭാഗത്തുള്ള 40. ഇടത് ഭാഗത്തുള്ള 40. ഇവരെല്ലാം അയൽവാസികൾ തന്നെയാണ്. അയൽവാസികളോട് ആദരവ് ഉണ്ടായിരിക്കണം. അവരുടെ കാര്യങ്ങൾ എല്ലാം കണ്ടറിയണം വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം പകുത്തു കൊടുക്കണം. മുഴുത്ത കറി ഇച്ചിരിയേ ഉള്ളൂ എങ്കിൽ അതിൽ വെള്ളം ഒഴിച്ച് നീട്ടിപതപ്പിച്ച് ഒരുകോര് കൊടുത്തേക്കണം. ഹദീസിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ يَا أَبَا ذَرٍّ إِذَا طَبَخْتَ مَرَقَةً فَأَكْثِرْ مَاءَهَا وَتَعَاهَدْ جِيرَانَكَ
അന്യമതസ്ഥരാണ് അയൽവാസി എന്നുവെച്ച് കടപ്പാടുകൾ കുറയുന്നില്ല. നിങ്ങളുമായി മാനുഷിക ബന്ധം കാത്തുസൂക്ഷിക്കുന്ന ഏതെല്ലാം മതക്കാരുണ്ടോ മതരഹിതരുണ്ടോ അവരോടെല്ലാം നിങ്ങൾക്ക് കടപ്പാടുണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു വർഷത്തേക്ക് ആവശ്യമായ ഭക്ഷണം വസ്ത്രം മരുന്ന് പാർപ്പിടം എന്നിവ കഴിച്ച് ബാക്കി എന്തെങ്കിലുമുണ്ടെങ്കിൽ ഈ പറഞ്ഞ 160 വീടുകളിൽ അതിൻ്റെ അംശം എത്തിയിരിക്കണം, ആരെങ്കിലും ഇല്ലായ്മ കൊണ്ട് ദുരിതപ്പെടുന്നുവെങ്കിൽ.
ഇനി ഭക്ഷണത്തിന്/ വസ്ത്രത്തിന്/ ചികിത്സക്ക് കഷ്ടപ്പെടുന്ന ഒരാൾ മേൽ പറയപ്പെട്ട പ്രകാരം കഴിവുള്ള ഒരാളോട് ഇങ്ങോട്ട് ആവശ്യപ്പെട്ടാൽ അയാൾക്ക് അത് ചെയ്തു കൊടുക്കൽ നിർബന്ധമായി. അല്ലാത്തപക്ഷം അത് പൊതു ബാധ്യതയായി(ഫർള് കിഫായയായി) അങ്ങനെ നിലനിൽക്കും. അതിൽ അയൽവാസി മുസ്ലിം എന്നോ അമുസ്ലിം എന്നോ ഉള്ള വേർതിരിവ് ഒന്നുമില്ല. ഉള്ളിൽ കൊടിയ പകയുമായി തക്കം കിട്ടിയാൽ നിങ്ങളെ നിഗ്രഹിക്കാൻ നടക്കുന്ന തീവ്രശത്രുവിന്റെ കാര്യം പിന്നെന്താ പറയുക?
അയൽവാസി ഏത് ജാതിക്കാരൻ ആണെങ്കിലും മനുഷ്യനാണ്. അവിടെയും ആണും പെണ്ണും കുട്ടികളും വൃദ്ധന്മാരുമൊക്കെയുണ്ടാവും. അവർക്കും കാണും നിങ്ങൾക്കുള്ളത് പോലെ വിശപ്പും ദാഹവും ക്ഷീണവും ദണ്ണവുമൊക്കെ. നിങ്ങൾക്കറിയാം അവിടുത്തെ അവസ്ഥ അത്ര ശരി പോരാന്ന്. അരി കണ്ടിട്ട് ദിവസങ്ങളായെന്ന്. നിങ്ങൾക്കാണെങ്കിൽ പത്തായത്തിൽ നെല്ലും നെയ്യും കുമിഞ്ഞിരിക്കുകയാണ്. കഴിയുമോ നിങ്ങൾക്ക് വയറു നിറച്ചുണ്ണാൻ? റസൂലിന്റെ ഹദീസ് നിങ്ങൾ എല്ലാവരും കേട്ടതായിരിക്കുമല്ലോ.
عن أنس بن مالك رضى الله عنه قال قال رسول الله صلى الله عليه وسلم: ما آمن بي من بات شبعانَ وجارُه جائعٌ إلى جنبِه وهو يعلم به
വീട്ടിൽ അന്നം കൂനക്ക് കൂട്ടിയിട്ട് വാരി തിന്നുകയും കുംഭവീർപ്പിച്ച് ഏമ്പക്കം വിട്ടുറങ്ങുകയും ചെയ്യുന്നു. പക്ഷെ അയൽവാസി പട്ടിണിയാണ്. തിരുനബി പറയുന്നത് പേടിയോടെ വേണം നമ്മൾ കേൾക്കാൻ; അവൻ എന്നിൽ വിശ്വസിച്ചവനേ അല്ല. എൻ്റെ ആദർശത്തിൽ കൂടിയ ഒരാൾക്ക് അത് സാധിക്കുകയില്ല എന്നർത്ഥം.
എൻ്റെയും എൻ്റെ പൊണ്ടാട്ടിയുടെയും എൻ്റെ കുട്ടികളുടെയും കാര്യങ്ങളെല്ലാം നിറസമൃദ്ധിയാണ്; ഞാൻ ആരുടെയും ഒരു ഇടങ്ങേറിനും പോകുന്നില്ല എന്നോർത്ത് നിഷ്കളങ്കസ്വാർത്ഥതയോടെ സമാധാനജീവിതം കഴിക്കാൻ പറ്റിയതല്ല ഇസ്ലാമിന്റെ മനുഷ്യപ്പറ്റുള്ള ദൈവദർശനം. നീ മീൻ പൊരിക്കുമ്പോൾ, ഇറച്ചി കാച്ചുമ്പോൾ പായസം മൂപ്പിക്കുമ്പോൾ, കോഴി ചുടുമ്പോൾ പരിസരത്ത് എവിടെയെങ്കിലും ആഹാരത്തോട് അത്യാശമൂത്ത ഗർഭിണികൾ ഉണ്ടോ അവർക്ക് അത് മനപ്രയാസമാകുമോ എന്നൊക്കെ ആലോചികേണ്ടതുണ്ട്.
ഇസ്ലാം മുന്നോട്ടുവെക്കുന്നത് ഒരു വിശാല അയൽപക്ക സഖ്യമാണ്. തൻ്റെ വീട്ടിൽ എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടാകുമ്പോൾ അതിലേക്ക് ക്ഷണിക്കുന്നതും വിഭവങ്ങൾ പങ്കുവെക്കുന്നതും അയൽപക്ക ബന്ധത്തെ ആദരിക്കുന്നതിൻ്റെ അടയാളമാണ്. അയൽവാസി ദരിദ്രനാണെങ്കിൽ കഴിയും വിധം സഹായിക്കണം. അല്ലെങ്കിൽ സൗഹൃദത്തിൻ്റെ പേരിൽ വേണ്ടത് കണ്ടറിഞ്ഞ് ചെയ്യണം. പക്ഷേ ശ്രദ്ധിക്കണം, പറ്റാവുന്നതേ ചെയ്യാവൂ. പറയാം.
ഉദാഹരണത്തിന് അമുസ്ലിമായ അയൽവാസിയുടെ മകളുടെ കല്യാണമാണെന്ന് വെക്കുക. ആയതിലേക്കുള്ള രണ്ടര ക്വിൻ്റൽ ചിക്കൻ നിങ്ങൾക്ക് ഓഫർ ചെയ്യാവുന്നതാണ്. മതരഹിതനായ മറ്റൊരയൽവാസിയുടെ ഹൗസ് വാമിംഗ് ആണെന്ന് വെക്കുക. ഒന്നര ക്വിൻ്റൽ ബീഫ് വേണം. ആവതുണ്ടെങ്കിൽ നിങ്ങൾക്ക് അതത്രയും വാങ്ങിച്ചു കൊടുക്കാം.
ഇതിങ്ങനെ തെളിച്ചു പറയുന്നത് മറ്റൊരു കാര്യം പറയാൻ വേണ്ടിയാണ്. പറഞ്ഞല്ലോ കൊടുക്കാൻ പറ്റുന്നതേ കൊടുക്കാവൂ. ബീഫും ചിക്കനും മട്ടനും എല്ലാം അയൽവാസിക്ക് കൊടുക്കാം. വീട്ടിൽ വിളിച്ചു കൊണ്ടുവന്നു തീറ്റിക്കാം. ഒരു മാംസമൊഴിച്ച്. ആരാധനയുടെ ഭാഗമായി അറവു നടത്തിയത്. ബലിപെരുന്നാളിന് അറുക്കുന്ന ഉള്ഹിയതും അതുപോലെ മക്കളുടെ പേരിൽ അറക്കുന്നതും അഖീഖത്തും.
അത് അമുസ്ലിമായ അയൽവാസി അങ്ങനെ മാംസം കഴിച്ച് കൊഴുക്കേണ്ട എന്ന ദുർചിന്ത കൊണ്ടല്ല. മറിച്ച് എൻ്റെ ആരാധനയുടെ അംശത്തിൽ മറ്റൊരുത്തൻ്റെ തലപിടിച്ച് മുട്ടിക്കേണ്ട എന്ന ആദർശം കൊണ്ടാണ്. നിങ്ങളുടെ വീട്ടിൽ ഈ പറഞ്ഞ കുർബാനി മാംസം പാകം ചെയ്യുന്ന അന്ന് അതല്ലാത്ത എത്രയും മാംസം അങ്ങാടിയിൽ ചെന്ന് മുറിച്ച് വാങ്ങി കൊടുക്കാമല്ലോ. നിങ്ങൾ അറുത്തത് പോത്താണെങ്കിൽ അയൽവാസിക്ക് വാങ്ങിക്കൊടുക്കുന്നത് ആട്ടിറച്ചി ആവട്ടെ. അതിനൊന്നും യാതൊരു കുഴപ്പവുമില്ല! അയൽവാസി മാംസം കൊണ്ട് തന്നാൽ നമുക്ക് സ്വീകരിക്കാമല്ലോ, ഹലാൽ മുറപ്രകാരം അറുത്തതാണെങ്കിൽ. അതേസമയം, വിഗ്രഹങ്ങൾക്കും പ്രതിഷ്ഠകൾക്കും ആരാധനയായി അർപ്പിച്ചതിന്റെ അംശങ്ങൾ അവർ നമുക്ക് തരികയില്ലല്ലോ, നമ്മൾ അത് ഇഷ്ടപ്പെടുകയുമില്ലല്ലോ.
വിശ്വാസവും ആരാധനയും ഒന്ന് വേറെ. സൗഹാർദവും മതമൈത്രിയും ഒന്ന് വേറെ. വിഭിന്ന മതങ്ങളുടെ ആരാധനാംശങ്ങളെ പരസ്പരം കൂട്ടിക്കുഴച്ചാലേ സൗഹാർദം പൂക്കൂ എന്ന് ചിന്തിക്കുന്നത് മനസ്സിൻ്റെ ഇടുക്കമാണ്. നാനാമതജാതികൾ വ്യത്യസ്തങ്ങളായി നിലനിൽക്കെതന്നെ മാനവിക ഭൂമികയിൽ പരസ്പരം ആലിംഗനബദ്ധരായി മുന്നോട്ടു പോകുന്നതാണ് യഥാർത്ഥ സൗഹൃദം. ഉള്ളിൽ തട്ടാതെ പ്രകടനപരമായി കാട്ടിക്കൂട്ടുന്ന മാഞ്ഞാളത്തരമല്ല മതസൗഹാർദവും മാനുഷിക ബന്ധവും. അത് ജനുവിൻ ആയിരിക്കണം.
ഇനി ഒന്നു കൂടി കയറ്റി പറയാം. വിശക്കുന്നവന് അയ്യോ പാവം വിചാരിച്ച് ഭക്ഷണം കൊടുക്കാൻ ചിലപ്പോൾ ആർക്കുമായേക്കും. പക്ഷേ അത് കൊടുക്കുമ്പോൾ അയാളുടെ മാനസികാവസ്ഥ എന്തായിരിക്കും. 'ഒന്നുമില്ലാത്ത എരപ്പാളികൾ പാവം" എന്നോ മറ്റോ ആവാം. പക്ഷേ നബി ഇവിടെ ഉപയോഗിച്ച ഒരു പദമുണ്ട്. മാഷന്മാരെയും ടീച്ചർമാരെയും നമ്മൾ എന്താ ചെയ്യുക? വലിയവരെയും വയസ്സിനുമൂത്തവരെയും നമ്മൾ എന്താ ചെയ്യുക -ആദരിക്കും അല്ലേ. അത് വേണമെന്നാണ് നബിവചനമായ ഹദീസില് അരുൾ ചെയ്തിരിക്കുന്നത്.
مَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ
ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസിയെ ആദരിച്ചു കൊള്ളട്ടെ. എന്തുമാത്രം ചന്തമാർന്ന പ്രസ്താവനയാണിത്. അയൽവാസി കൂടതുന്നിയോ, ചെരിപ്പുതുന്നിയോ, തോട്ടിപ്പണിക്കാരനോ, അലഞ്ഞു നടക്കുന്ന യാചകനോ ആരോ ആവട്ടെ.അയൽവാസി എന്ന ലേബലിൽ ആദരിക്കണമെങ്കിൽ നമ്മുടെ മനസ്സ് എത്ര വിശാലമായിരിക്കണം.
ചിലർക്ക് അയൽവാസി ആരാണെന്ന് പോലും അറിയുകയില്ല. വേറെചിലർ അയൽവാസികളുമായി നിതാന്ത ശത്രുതയിൽ ആയിരിക്കും. അവർക്ക് അവരെ കാണുകയേ വേണ്ട. ആകയാൽ വലിയ ചുറ്റുമതിൽ പണിയും. അവക്കുമേൽ മുൾചെടി പിടിപ്പിക്കും. ചിലപ്പോൾ പ്രകൃതി തന്നെ പരിഹസിക്കും. നമ്മുടെ ചിന്തയിൽ പിക്കാസ് കൊണ്ട് കൊത്തും. വേർതിരിക്കാൻ വേണ്ടി നാം നട്ട ചെടികൾ പൂത്തു ചിരിക്കും. വീരാൻകുട്ടി പാടുന്നുണ്ടല്ലോ:
മുൾവേലി പൂത്തിരിക്കുന്നു
അതിർത്തിയെക്കുറിച്ച് നാം വച്ച
ഒച്ചകൾക്കെല്ലാം മീതെയായി.
മേൽക്കൂരയുടെ വശങ്ങളിൽ സ്ഥാപിച്ച പാത്തിയിൽ നിന്നുള്ള വെള്ളം അയൽവാസിയുടെ വളപ്പിൽ പതിക്കുന്നുണ്ടോ, നമ്മുടെ പറമ്പിലെ മാങ്കൊമ്പ് നീണ്ടുവളർന്ന് അപ്പുറത്തേക്ക് ചാഞ്ഞിട്ടുണ്ടോ, നമ്മുടെ ചുറ്റുമതിൽ അടിയടർന്ന് അയൽവാസിയുടെ പറമ്പിലേക്ക് വീഴുമാറായി നിൽക്കുന്നുണ്ടോ, നമ്മുടെ കോഴിക്കൂടിൻ്റെ കെട്ടനാറ്റം അയൽപക്കത്തേക്ക് വമിക്കുന്നുണ്ടോ, നമ്മുടെ വീട്ടിലെ കുരുത്തംകെട്ട ആട്ടിൻകുട്ടി അയൽവാസിയുടെ അരുമത്തളിരിലകൾ കടിച്ചുമുറിക്കുന്നുണ്ടോ? നമ്മുടെ വീട്ടിലെ കുട്ടികൾ അയൽവാസിയുടെ മാങ്കൊമ്പിലേക്ക് കല്ലെറിയുന്നുണ്ടോ? ഇതെല്ലാം നമ്മൾ ശ്രദ്ധിക്കണം - നമ്മുടെ ഭാഗത്തുനിന്ന് ഒരു അഹിതവും അയൽവാസിക്ക് വന്നുകൂടാ എന്ന് മാത്രമല്ല അയാൾക്ക് ആ കാര്യത്തിൽ 100% സെക്യൂരിറ്റി കിട്ടിയിരിക്കണം. എങ്കിലേ നമ്മുടെ വിശ്വാസം പൂർണമാവുകയുള്ളൂ - ഉള്ളുലക്കുന്ന ഒരു ഹദീസ് കേൾക്കണോ നിങ്ങൾക്ക്.
عَنْ أَبِي شُرَيْحٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ ”. قِيلَ وَمَنْ يَا رَسُولَ اللَّهِ قَالَ ” الَّذِي لاَ يَأْمَنُ جَارُهُ بَوَايِقَهُ ”.
മൂന്നുതവണയാണ് മുത്തുനബി സത്യമിട്ട് പറഞ്ഞത് "അവൻ വിശ്വാസിയാവുകയില്ല" എന്ന്.
ആര്?
യാതൊരാളുടെ ദുഷ്ചെയ്തികളിൽ നിന്ന് തന്റെ അയൽവാസിക്ക് പരിപൂർണ സുരക്ഷകിട്ടിയില്ലയോ, അങ്ങനെയുള്ള മൂഷികൻ!
നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ ന്യായങ്ങളുണ്ടാവും. നിങ്ങൾ എപ്പോഴും നിങ്ങളെ നന്നാക്കിയേ പറയൂ. പക്ഷേ ഒരാൾ നല്ലവനാണോ കൊള്ളരുതാത്തവനാണോ എന്ന് തീരുമാനിക്കുക അയൽവാസിയുടെ ഫീഡ്ബാക്ക് കൂടി മുന്നിൽ വെച്ചുകൊണ്ടാണ്. അയൽവാസി നിങ്ങൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് തരുന്നുവെങ്കിൽ നിങ്ങൾ നല്ലമോൻ! അല്ല അയാൾ നിങ്ങൾക്ക് ചാർത്തുന്ന കോൺടക്റ്റ് സർട്ടിഫിക്കറ്റ് ചീത്ത ആണെങ്കിൽ നിങ്ങൾ തോറ്റമ്പി. ഇതെല്ലാം എത്ര വ്യക്തമായി ഹദീസിൽ മുത്ത് നബി പഠിപ്പിച്ചു തന്നതാണ്.
عَنْ عَبْدِ اللَّهِ، قَالَ قَالَ رَجُلٌ لِرَسُولِ اللَّهِ ـ صلى الله عليه وسلم ـ : كَيْفَ لِي أَنْ أَعْلَمَ إِذَا أَحْسَنْتُ وَإِذَا أَسَأْتُ قَالَ النَّبِيُّ ـ صلى الله عليه وسلم ـ : إِذَا سَمِعْتَ جِيرَانَكَ يَقُولُونَ قَدْ أَحْسَنْتَ فَقَدْ أَحْسَنْتَ وَإِذَا سَمِعْتَهُمْ يَقُولُونَ : قَدْ أَسَأْتَ فَقَدْ أَسَأْتَ
ജൂതന്റെ കഥ കേട്ടിട്ടില്ലേ. വീട് വിൽക്കുകയാണ് അയാൾ. സമ്പത്തിനോടും ലാഭത്തോടും ഐഹിക ജീവിതത്തോടും അതിരില്ലാത്ത അത്യാർത്തിയുള്ളവരാണ് പൊതുവേ ജൂതന്മാർ. പണത്തിന്റെ പേരിൽ നെഞ്ചിൽ നിന്ന് പച്ചിറച്ചി അരിഞ്ഞെടുക്കാൻ നിൽക്കുന്ന ഷൈലോക്കിന്റെ കഥ ഷേക്സ്പിയർ അവതരിപ്പിച്ചിട്ടുണ്ടല്ലോ. നിലവിലെ നാട്ടു നിലവാരമനുസരിച്ച് 30 ലക്ഷം രൂപ വില വരുന്ന ഒരു വീടിന് ഏറിവന്നാൽ നിങ്ങൾ എത്ര വില പറയും? എന്തായാലും 60 ലക്ഷം പറയില്ലല്ലോ? അതുറപ്പല്ലേ? എന്നാൽ ഈ ജൂതൻ ചെയ്തത് അതാണ്. നാട്ടുമതിപ്പനുസരിച്ച് ആയിരം ദീനാറാണ് വിലവരേണ്ടത്. നൂറ്റാണ്ടുകൾ എത്രയോ മുമ്പാണെന്ന് ഓർമ്മവേണം. കക്ഷി ചോദിച്ചതോ? 2000 സ്വർണനാണയം. വാങ്ങാൻ വന്നവർ ഇടഞ്ഞു. ഇതെന്തു പരിപാടിയാണ് ഇരട്ടിയാണോ ചോദിക്കുന്നത്. ജൂതൻ അതിനൊരു മറുപടി പറഞ്ഞു. അവിടെയാണ് നാം നമ്മുടെ ശ്രദ്ധയുടെ/ ആത്മപരിശോധനയുടെ/ പുനർവിചിന്തനത്തിന്റെ/ തെളിവിമര്ശനത്തിന്റെ നങ്കൂരമാഴ്ത്തേണ്ടത്.
ജൂതൻ പറയുകയാണ്. ഇല്ല വിലയധികമില്ല. വീടിന് ആയിരം സ്വർണ്ണനാണയം മാത്രമേ വിലയുള്ളൂ. പക്ഷേ വീടിനോടൊപ്പം ഞാൻ നിങ്ങൾക്ക് മറ്റൊരു സ്വർണ്ണം കൂടി അങ്ങോട്ട് തരുന്നുണ്ട്. അത് എൻ്റെ അയൽവാസിയെയാണ്. സ്വർണ്ണശോഭിതമായ ഈ ഒരു അയൽപക്കത്തിനാണ് ആയിരം റിയാൽ, യാ ഖുദാ.....!!!!
ആരായിരുന്നു ആ അയൽവാസി എന്നറിയാമോ ആർക്കെങ്കിലും? പറയുകയില്ല! അന്വേഷിക്കാം, കണ്ടുപിടിക്കാം. ലോകപ്രശസ്തനാണ്. താബിഇ താബിഈയിൽ പെട്ട പണ്ഡിതനാണ്. ഗ്രന്ഥകാരനാണ്. കവിയാണ്. കച്ചവടക്കാരനാണ്. സൂഫിയാണ്.






