ചിലർക്ക് ഒരു സുഖക്കേടുണ്ട്, കുടുംബക്കാരെയും അയൽവാസികളെയും സുഹൃത്തുക്കളെയും രണ്ട് തരക്കാരായി തിരിച്ചു വെക്കും. നമ്മൾ കഴിവുള്ളവരാണെങ്കിൽ കഴിവില്ലാത്തവരെ മൊത്തം ഒരു മാതിരി ലാച്ചാർ കമ്പനിയാക്കി ചുരുട്ടിപ്പൂട്ടും. നമ്മൾ അവിടേക്ക് പോകുന്നതും, അവർ ഇങ്ങോട്ട് വരുന്നതും ഒക്കെ ഒരുതരം ഷെയ്മുകേട് പോലെ.
വിശ്വാസം വേരുറക്കാത്തതിനാലുള്ള ഖൽബുകെടലാണിത്. 'കെടൽ' എന്നു പറഞ്ഞതിൽ രണ്ടർത്ഥവും പെട്ടു; അണഞ്ഞു പോക്കും അളിഞ്ഞുപോക്കും. ഓർത്തോ, ഓർത്തുകളിച്ചോളൂ - മുതലും മക്കളും പദവിയും പത്രാസും ഒന്നും ഉപകരിക്കാത്ത ഒരു ദിവസം വരാനുണ്ട്. അന്ന് ആകെ രക്ഷപ്പെടുക "ഖൽബുൻ സലീം"- പരിശുദ്ധ ഹൃദയം ഉള്ളവർ മാത്രമാണേ, മറക്കണ്ട! കൂടെയുള്ളവരിൽ ചിലരെ താഴ്ത്തിക്കെട്ടി ആരുമങ്ങ് ഞെളിയണ്ട!!
ഇനി മറ്റൊരു കുട്ടരുണ്ട്. അവരുടെ കാഴ്ചപ്പാടിൽ അവർ ഏറ്റവും മുന്തിയ മുത്തഖികൾ (ഭക്തിയുള്ളവൻ) ആയിരിക്കും. എന്നാൽ ചില കുടുംബക്കാരെ അയൽക്കാരെ പരിചയക്കാരെ അവർ തരം താഴ്ത്തി മാറ്റി നിർത്തും. അവർ കൊള്ളരുതാത്തവരാണെന്നും അവർക്ക് വിശ്വാസം കുറവാണെന്നും മനസ്സാ തീർപ്പെടുത്ത് എഴുതിത്തള്ളും. പാടുണ്ടോ ഇത്? പ്രത്യേകിച്ച് പുതിയ കാലഘട്ടത്തിൽ അല്ലറചില്ലറ ആദർശ വ്യതിയാനമോ വിശ്വാസഭ്രംശത്തിന്റെ പുകയോ കാണുമ്പോഴേക്കും നരകത്തിലേക്ക് പിടിച്ചു തള്ളുന്ന ദുർപ്രവണത. നമ്മെ ആരെയും ആ പണി ഏൽപ്പിച്ചിട്ടില്ല. നമുക്ക് ചെയ്യാനുള്ളത് അവസാനശ്വാസം വരെ എല്ലാ ഊർജ്ജവും ഉപയോഗിച്ച് തരിമ്പെങ്കിലും നന്നാക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്. പെട്ടെന്ന് ഫലം കണ്ടില്ലാന്നൊക്കെ വന്നേക്കാം. ആയിരത്തോളം വർഷം അധ്വാനിച്ചില്ലേ മഹാനായ നൂഹ് നബി. വിരലിലെണ്ണാവുന്നവർ മാത്രമല്ലേ വന്നുള്ളൂ.
നമ്മളും അവരെ കൈവിട്ടാൽ അവർ കൂടുതൽ പിടുത്തം വിട്ടു പോവുകയല്ലേ ചെയ്യുക. ഒരു മനുഷ്യൻ്റെ നന്മതിന്മ ആത്യന്തികമായി തീരുമാനിക്കുന്നത് ഇപ്പോൾ നമ്മളെന്ത് എന്ന് നോക്കിയിട്ടല്ല. മറിച്ച് നമ്മുടെ അവസാനം എങ്ങനെ എന്ന് നോക്കിയിട്ടാണ്. ആയതുകൊണ്ട് തന്നെ പ്രത്യക്ഷത്തിൽ കൊള്ളരുതാത്തവരെന്ന് തോന്നുന്നവരെ ആരെയും നിത്യ പരാജിതരിൽ ചേർക്കാൻ നമുക്ക് അർഹതയില്ല - പ്രത്യേകിച്ച് കുടുംബക്കാരാകുമ്പോൾ. ചെളിക്കുണ്ടിൽ വീണു കിടക്കുന്നവനെ കൈനീട്ടി പൊക്കി എടുക്കുകയാണ് വേണ്ടത്. അല്ലാതെ കാലുകൊണ്ട് ചവിട്ടി താഴ്ത്തുകയല്ല; പറഞ്ഞില്ലെന്ന് വേണ്ട!
നാം അവരോട് നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുകയും ആവത് നന്മ ഉപദേശിക്കുകയും അവരുടെ മക്കളെ തോഴന്മാരാക്കി കൂട്ടിപ്പിടിച്ച്, മത സ്ഥാപനങ്ങളിൽ പഠിപ്പിനയച്ച് ആ കുടുംബത്തെ പതിയെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. "മാറ്റി നിർത്തി തളർത്താം എന്നല്ല, കൂടെ നിർത്തി കരുത്തരാക്കാം" എന്നതായിരിക്കണം കുടുംബകാര്യത്തിൽ നമ്മുടെ മോട്ടോ.
എന്നുവെച്ച് അതിരുവിട്ട് കൂടിക്കുഴഞ്ഞ് വിശ്വാസപരമോ ആദർശപരമോ ആയ ഈ സ്ഖലിതങ്ങളൊന്നും ഒരു പ്രശ്നമേയല്ല ഇവരെയെല്ലാം കണ്ടില്ലേ നമ്മളുമായി ഇങ്ങനെ ഒലിപ്പിച്ച് കളിക്കുന്നു എന്ന് തോന്നത്തക്ക വിധം ആവാനും പാടില്ല. അത് അപകടം ചെയ്യും. ചില ഘട്ടങ്ങളിൽ നാം നമ്മുടെ ശരീരം കൊണ്ട് കൂടെ നിൽക്കേണ്ടി വരികയും മനസ്സുകൊണ്ട് മാറിനിൽക്കേണ്ടിവരികയും ചെയ്യും. നിങ്ങൾ ഒരു പാർട്ടിയിൽ ചെന്നു പെടുന്നു. നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന എല്ലാവരും അതിൽ പങ്കെടുക്കുന്നു. ആരുടെയോ ഒരുത്തന്റെ ബർത്ത് ഡേ പരിപാടിയുമായി ബന്ധപ്പെട്ട അസ്സൽ കള്ളുകുടിയാണ് സംഭവം.
പെടാൻ പെട്ടു. ഇനി നിങ്ങൾക്ക് അത് തടയാനോ എതിരെ സംസാരിക്കാനോ ഒന്നും പറ്റിക്കൊള്ളണമെന്നില്ല. അപ്പോൾ നിങ്ങൾ ചെയ്യുന്നത് മനസ്സുകൊണ്ട് വെറുത്തു മാറി നിൽക്കുക എന്നുള്ളത് മാത്രമാണ്. ആ മാനസികമായ വെറുപ്പാണ് നിങ്ങളുടെ അപ്പോഴത്തെ പോരാട്ടം. അല്ലാതെ എല്ലാവരുടെയും കയ്യിൽ നിന്ന് കുപ്പി വാങ്ങി എറിഞ്ഞു പൊട്ടിക്കൽ അല്ല. അത് നടന്നുകൊള്ളണമെന്നില്ല എന്ന് മാത്രമല്ല കൂടുതൽ ദുരന്തങ്ങളിൽ ചെന്ന് കലാശിക്കുകയും ചെയ്യും.
ഇസ്ലാം പൂർണ്ണമായി ശരിയാണെന്നും സഹോദര പുത്രൻ മുഹമ്മദ് പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണെന്നും പൂർണ ബോധ്യമുള്ള ആളായിരുന്നു എളാപ്പ അബൂ ത്വാലിബ്. പക്ഷേ മറ്റു പല കാരണങ്ങളാൽ മഹാനവർകൾ പ്രത്യക്ഷമായി ഇസ്ലാം വിളംബരം ചെയ്തില്ല. എന്നു കരുതി മുത്ത് നബി അവരെ അകറ്റിനിർത്തിയില്ല. വേണ്ടുന്ന ഒത്താശകളെല്ലാം ചെയ്തു കൊടുത്തു. മരണനേരത്ത്, മിശ്കാത്തുന്നുബുവ്വത്തായ തൻ്റെ തൃക്കരങ്ങൾ മഹാനോരുടെ ശരീരമാസകലം പായിപ്പിച്ചു. നോവലിന്റെ ഭാഷയിൽ കെ പി രാമനുണ്ണി 'ദൈവത്തിൻ്റെ പുസ്തകത്തിൽ' ആ രംഗം ഇങ്ങനെ കോറിയിടുന്നു.
എന്നാൽ, സത്യവിശ്വാസം പുൽകാത്തതിൻ്റെ പേരിൽ ഇളാപ്പ നരകത്തിൽ വീഴുമോ എന്ന ആശങ്ക അപ്പോഴും മനസ്സിൽ നെരിപ്പോടായി ശേഷിക്കുകതന്നെ ചെയ്തു. അസത്യവിശ്വാസിയായി നശിക്കാനുള്ള സ്വാതന്ത്ര്യവും ഒരാൾക്ക് അള്ളാഹു നൽകുന്നുണ്ടെങ്കിലും അത് ബാപ്പാൻ്റെ കനിഷ്ഠ സഹോദരനായ, ഹാശിം കുലത്തിൻ്റെ മൂപ്പനായ, ആറു വയസ്സു മുതൽ തന്നെ സംരക്ഷിച്ചുപോന്ന സ്വന്തം എളാപ്പയ്ക്കാകുമ്പോൾ...
റസൂൽ പിടഞ്ഞ് കത്തിപ്പോയി. പെട്ടെന്നാണ് ദൈവദൂതിനു നിയുക്തരായവർ തൊട്ട അസത്യാംശം പോലും നരകത്തിലെത്താതിരിക്കാം എന്ന വറഖയുടെ വാക്കുകൾ അവൻ ഓർത്തത്.
'ഹാവൂ, ദൈവമേ.'
കടുത്തൊരു ദീർഘനിശ്വാസമയച്ച മുഹമ്മദ് തന്റെ കൈത്തലങ്ങൾ തിരക്കിട്ട് അബൂത്വാലിബിൻ്റെ ശിരസ്സിൽ പതിച്ചു. പിന്നെ കഴുത്തിലേക്ക് ഓട്ടി. ധൃതിപിടിച്ച് നെഞ്ചിലേക്കും വയറ്റിലേക്കും കൈകാലു കളിലേക്കും പായിച്ചു'.
ജീവിതത്തിൻ്റെ അവസാന സമയത്ത് പോലും ആകാവുന്ന വിധം ഒരാളെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിന്റെ സർഗഭാഷയിലുള്ള ചിത്രീകരണമാണ് ഈ കണ്ടത്.
ഒരാൾ വിശ്വാസിയായിത്തീരുന്നു. തന്റെ മാതാപിതാക്കൾ കുടുംബക്കാർ എല്ലാം അവിശ്വാസികൾ തന്നെ, എങ്കിലോ. അപ്പോഴും നാം അവരോട് മയത്തിലും മാർദ്ദവത്തിലും തന്നെ വേണം പെരുമാറാൻ. അസ്മാഅ ബിൻത് അബൂബക്കർ നബിയുടെ സമക്ഷം വന്ന് ആവലാതി പറയുകയുണ്ടായല്ലോ. ഉമ്മ ബഹുദൈവ ആദർശത്തിന്റെ ആളാണ്. ഞാനെന്തു ചെയ്യും. നബിയുടെ മറുപടി അവരുമായി നല്ല നിലക്ക് വർത്തിക്കണം എന്ന് തന്നെയാണ്.
عَنْ أَسْمَاءَ، قَالَتْ قَدِمَتْ أُمِّي وَهْىَ مُشْرِكَةٌ فِي عَهْدِ قُرَيْشٍ وَمُدَّتِهِمْ، إِذْ عَاهَدُوا النَّبِيَّ صلى الله عليه وسلم مَعَ أَبِيهَا، فَاسْتَفتَيْتُ النَّبِيَّ صلى الله عليه وسلم فَقُلْتُ إِنَّ أُمِّي قَدِمَتْ وَهْىَ رَاغِبَةٌ {أَفَأَصِلُهَا} قَالَ “ نَعَمْ صِلِي أُمَّكِ
അവിശ്വാസികൾ ആണെങ്കിൽ പോലും മാതാപിതാക്കളെ പൊന്നുപോലെ പരിചരിക്കണം, അവർ പറയുന്ന കാര്യങ്ങൾ എല്ലാം ശിരസ്സാവഹിക്കണം, ആദർശപരമായി അബദ്ധമായ കാര്യങ്ങൾ പറയുകയാണെങ്കിൽ മാത്രം പതുങ്ങിയൊതുങ്ങി മാറി നിൽക്കണം.
ബന്ധങ്ങളെ കുറിച്ചുള്ള ഈ കരുതൽ ഇസ്ലാമിന്റെ മാനവികമായ മനോഹാരിത തെളിച്ചു കാട്ടുന്നുണ്ട്. മദീനയിലേക്ക് മുഹമ്മദ് നബി കടന്നുവന്നപ്പോൾ ആളുകളെല്ലാം "നബി വന്നേ നബി വന്നേ നബി വന്നേ" എന്ന് പറഞ്ഞുകൊണ്ട് പിന്നാലെ കൂടുകയുണ്ടായി. കൂട്ടത്തിൽ ജൂത പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബിന് സലാമും ഉണ്ടായിരുന്നു. അദ്ദേഹം തോറയിൽ നല്ല അവഗാഹമുള്ള ആളായിരുന്നു. ആളുകളുടെ കൂട്ടത്തിൽ നിന്ന് നബിയെ കാര്യമായി സൂക്ഷിച്ചും വിസ്തരിച്ചും നോക്കി.
ആ മുഖകമലത്തിൻ്റെ സുതാര്യതയും ലങ്കിമറിച്ചിലും മൂപ്പരെ അതിരറ്റ് ആകർഷിച്ചു. ഇങ്ങനെയുള്ള ഒരാൾ കളവ് ആയിരിക്കാൻ ഇടയില്ല എന്ന് താൻ വായിച്ചറിഞ്ഞ വേദ-വേദാന്തവിവരങ്ങൾ വച്ചുകൊണ്ട് തീർച്ചപ്പെടുത്തി. ആഗതരായ ഈ നബിയോർ എന്താണ് പറയുന്നതെന്ന് സാകൂതം ശ്രദ്ധിച്ചു. നോക്കുമ്പോൾ അടിമുടി മനുഷ്യപ്പറ്റുള്ള നാലുകാര്യങ്ങളാണ് പറയുന്നത്.
عَنْ عَبْدُ اللَّهِ بْنُ سَلاَمٍ، قَالَ لَمَّا قَدِمَ النَّبِيُّ ـ صلى الله عليه وسلم ـ الْمَدِينَةَ انْجَفَلَ النَّاسُ قِبَلَهُ وَقِيلَ قَدْ قَدِمَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ قَدْ قَدِمَ رَسُولُ اللَّهِ قَدْ قَدِمَ رَسُولُ اللَّهِ . ثَلاَثًا فَجِئْتُ فِي النَّاسِ لأَنْظُرَ فَلَمَّا تَبَيَّنْتُ وَجْهَهُ عَرَفْتُ أَنَّ وَجْهَهُ لَيْسَ بِوَجْهِ كَذَّابٍ فَكَانَ أَوَّلَ شَىْءٍ سَمِعْتُهُ تَكَلَّمَ بِهِ أَنْ قَالَ “ يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ ”
“നിങ്ങൾ പരസ്പരം സലാം പറയൽ വ്യാപിപ്പിക്കണം. ആഹാരം കഴിപ്പിക്കണം. കുടുംബ ബന്ധം ചേർക്കണം. പാതിരാവിൽ ആളുകളെല്ലാം ഉറങ്ങുന്ന നേരം ഉണർന്ന് പ്രാർത്ഥിക്കണം. എങ്കിൽ ശാന്തി സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്ക് കടക്കാം.” എന്തൊരു തെളിച്ചമാണാ വചനങ്ങൾക്ക്.
താൻ താനായി, തന്നിലായി ചുരുങ്ങാതെ കുടുംബത്തിലേക്കും തന്റെ ചുറ്റുപാടിലേക്കും വളർന്നു പടരുന്ന കനിവിന്റെ / അലിവിന്റെ പച്ചപ്പായിത്തീരണം എന്നായിരുന്നു മുത്ത് നബി എല്ലാ കാലത്തും പറഞ്ഞത്. ജൂത പണ്ഡിതന് ആ നനവിന്റെ ചൈതന്യം പിടികിട്ടി, അയാൾ പിറകെ ഇസ്ലാം പുൽകുകയും ചെയ്തു. അന്നും ഇന്നും എന്നും ഇസ്ലാമിലേക്ക് ആളുകൾ നടന്നെത്തുന്നത് ആ നനവിന്റെ സ്പർശം നുണയാനാണ്, ആ പച്ചപ്പിന്റെ ചുംബനം ഏറ്റുവാങ്ങാനാണ്. അതിനിയും വർദ്ധിതമായ തോതിൽ തുടർന്നുകൊണ്ടേയിരിക്കും.






