പുറത്ത് ഒരു കുട്ടി കാത്തുനിൽക്കുന്നുണ്ട്. റൂമിലേക്ക് കടന്നു വരാൻ നോക്കുന്നു, പക്ഷേ പിൻവാങ്ങുന്നു. തലയെത്തിച്ചു നോക്കിയപ്പോൾ ചെക്കൻ്റെ മുഖം വിവർണ്ണമാണ്. കണ്ണുനീർ വാർന്നുതീരുന്നുണ്ട്. അവനെ റൂമിലേക്ക് വിളിപ്പിച്ചു കാര്യം തിരക്കി. കേട്ടപ്പോൾ വല്ലാതെ കുറ്റബോധം തോന്നി. വേണ്ടിയിരുന്നില്ല, വേണ്ടാത്ത പണിക്കു പോയി, സ്വയം കുറ്റപ്പെടുത്തുക മാത്രം ചെയ്തു.
ഹദീസ് ഗ്രന്ഥമായ മിശ്കാത്ത് ക്ലാസെടുത്തു കൊണ്ടിരിക്കെ കുടുംബ ബന്ധം ചേർക്കുന്നതുമായി ബന്ധപ്പെട്ട ഹദീസുകൾ എത്തി. ആകസ്മികമെന്നോണം പെരുന്നാൾ ലീവിനോട് ചേർന്നായിരുന്നു ആ ക്ലാസുകൾ ഒത്തുവന്നത്. കുട്ടികൾക്ക് ഒരു ടാസ്ക് കൊടുത്തു. നാട്ടിൽ പോയി വരുമ്പോൾ നിങ്ങളുടെ കുടുംബവുമായി നല്ല ചേർച്ച ഇല്ലാത്ത വീടുകൾ കണ്ടെത്തുകയും നിർബന്ധമായും അവിടങ്ങളിൽ സന്ദർശിച്ച് ബന്ധം പുതുക്കി വരികയും ചെയ്യണമെന്നതായിരുന്നു അത്. കുട്ടികൾ പലരും ഭംഗിയായി അത് നിർവഹിക്കുകയും നല്ല റിസൾട്ട് ഉണ്ടാവുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പക്ഷേ ഇവനിതാ നിന്ന് മോങ്ങുന്നു.
സംഗതി അടുത്ത ബന്ധമാണ്. കുട്ടിയുടെ എളാമ്മയാണ്. ഒട്ടിയും ഉരുമ്മിയും ഒന്നിച്ചു കഴിയേണ്ട കാലമാണ്, പക്ഷേ ഈ എളാമയെ ഇവൻ ചെറുപ്പത്തിലെന്നോ കണ്ട ഓർമ്മയാണ്. കുടുംബവുമായി തെറ്റിയകന്നിട്ട് കാലങ്ങളായി. വരലോ പോവലോ പരസ്പരം സംസാരിക്കലോ ഇല്ല. അങ്ങനെ പെട്ടെന്നൊരു പെരുന്നാൾ തലേന്ന് ഒരു ബിസ്ക്കറ്റ് പൊതിയുമായി ഇവൻ ആ വീട്ടിലേക്ക് കയറി ചെല്ലുന്നു. കണ്ട ഉടനെ തന്നെ പരിഹാസം നിറഞ്ഞ വാക്കുകളുടെ മിസൈലുകൾ അതാ ചടപടാ വരുന്നു, വൺ ബൈ വണ്ണായി. ഇതെന്താ ഖിയാമത് നാൾ അടുത്തോ..നിനക്കൊക്കെ ഈ വഴിയൊക്കെ അറിയോ...എന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ കാരണം... ആ പെങ്ങളൊക്കെ വളർന്നു കെട്ടിക്കാൻ ആയില്ലേ - ഇനി നമ്മുടെയൊക്കെ സഹായം വേണമായിരിക്കും അല്ലേ… എൻ്റെ മൂത്തോള് പറഞ്ഞയച്ചത് ആയിരിക്കും... ഓളേതാ സാധനം....എന്നങ്ങ് തുടങ്ങി വെറുപ്പിച്ചു വശം കെടുത്തി കളഞ്ഞു. ചായയും വെള്ളവും കൊടുക്കുന്നതിനു മുമ്പ് തന്നെ പണ്ടു കാലത്തുണ്ടായ എല്ലാ കുടുംബ പുരാണങ്ങളുടെയും മാലിന്യക്കെട്ടുകൾ വലിച്ചു പുറത്തിട്ടു. പോവേണ്ടിയിരുന്നില്ല എന്നുതന്നെ തോന്നിപ്പോയി. ഉമ്മാനെ പറഞ്ഞതാണ് അവനെ വല്ലാതെ വേദനിപ്പിച്ചത്. വാസ്തവത്തിൽ ആ പോയത് ഉമ്മ അറിഞ്ഞിട്ടു പോലുമില്ല. ചോദിച്ചാൽ ചിലപ്പോൾ പോകേണ്ട എന്ന് പറഞ്ഞേക്കും. അതുകൊണ്ട് വളരെ ഐഡിയപരമായിട്ടാണ് പോയത് തന്നെ, കണക്കിന് കിട്ടി!
നിങ്ങൾക്കാർക്കെങ്കിലും ഇങ്ങനെയുള്ള ഒരു അവസരം ഉണ്ടായിട്ടുണ്ടോ. നന്നാവാം നന്നാക്കാം എന്ന് വിചാരിച്ച് നല്ല നിലക്ക് കയറി ചെല്ലുമ്പോൾ മുഖത്തേക്ക് കരിയോയിൽ കോരിയൊഴിക്കുന്ന അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? പെട്ടെന്നിതാ ചോദ്യത്തിന്റെ കുന്തമുന തിരിച്ചുപിടിക്കുകയാണ്:- ഇതേപോലെ നിങ്ങളുടെ വീട്ടിലേക്ക് ഏതെങ്കിലും കുടുംബക്കാരൻ ഉടഞ്ഞബന്ധം വിളക്കിച്ചേർക്കാനായി കടന്നുവരുമ്പോൾ നിങ്ങളും ഇവ്വിധം നീരസം കാട്ടിയും പരിഹാസത്തിന്റെ ഉറുമി വീശിയും പ്രതികാരം ചെയ്തിട്ടുണ്ടോ? അങ്ങനെ ചെയ്യുന്നതിന് സാക്ഷി ആയിട്ടുണ്ടോ? നിങ്ങൾ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടോ?
ഇനി മറ്റൊരാളെപറ്റി പറയാം. ആൾ അതാ സദസ്സിൽ നിന്നും എഴുന്നേറ്റ് നിൽക്കുന്നു. അല്ല, "ഠക്" എന്ന് സദസ്സ് വിട്ടു പോകുന്നു. എങ്ങോട്ടേക്കാണ് ആ യാത്ര. അകലെ താമസിക്കുന്ന അമ്മായിയുടെ അടുത്തേക്കാണ്. നമ്മൾ കുറച്ചുകാലം അകൽച്ചയിൽ ആയിരുന്നല്ലോ, എല്ലാം പൊരുത്തപ്പെട്ട് തരണം, നമുക്ക് വീണ്ടും നല്ല നിലയിൽ ആവണം എന്നൊക്കെ പറഞ്ഞു അദ്ദേഹം തിരിച്ചു വരുന്നു. സംഭവം നടക്കുന്നത് തിരുനബി അനുചരനായ അബൂ ഹുറൈറയുടെ സദസ്സിലാണ്. ക്ലാസ് എടുക്കുന്നതിനിടയിൽ മഹാൻ പറഞ്ഞു: കുടുംബങ്ങളുമായി ഇടഞ്ഞുനിൽക്കുന്ന ആരെങ്കിലും ഈ സദസ്സിൽ ഉണ്ടെങ്കിൽ എഴുന്നേറ്റ് പോകണം. അങ്ങനെയാണ് ആ വ്യക്തി അമ്മായിയെ തേടി പോയത്. വരാൻ നേരം അമ്മായി പറഞ്ഞു: നീ പോയിട്ട് അബൂഹുറൈറയോട് ചോദിക്കണം എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയാൻ കാരണമെന്ന്. അദ്ദേഹം വന്നു ചോദിച്ചു. അബൂഹുറൈറയുടെ മറുപടി ഇങ്ങനെയായിരുന്നു. നബി തങ്ങൾ ഇങ്ങനെ പറയുകയുണ്ടായി:
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إنَّ أعمالَ بَني آدمَ تُعرَضُ كُلَّ خَميسٍ لَيلةَ الجُمُعةِ، فلا يُقبَلُ عَمَلُ قاطِعِ رَحِمٍ
"എല്ലാ വെള്ളിയാഴ്ച രാവുകളിലും ആദം സന്തതികളുടെ കർമങ്ങൾ പ്രദർശിപ്പിക്കപ്പെടും. കുടുംബബന്ധം മുറിച്ചവൻ്റെ കർമ്മങ്ങൾ ഒന്നും സ്വീകരിക്കപ്പെടുകയില്ല." അബൂഹുറൈറയുടെ ആ ക്ലാസ് നടന്നത് വ്യാഴാഴ്ച അസ്തമിച്ച ഒരു വെള്ളിയാഴ്ച രാവിലായിരുന്നു.
വളരെ സത്യമായ ഒരു കാര്യം പറയട്ടെ. നമുക്ക് ഓരോരുത്തർക്കും സൂക്ഷ്മമായി നോക്കിയാൽ ഏതെങ്കിലും കുടുംബങ്ങളുമായി ചെറിയൊരു ഉടക്കൊക്കെ പൊതുവേ കണ്ടേക്കാം. അവരുമായി ബന്ധം റിഫ്രഷ് ചയ്യെണമെന്നും നന്നാവണമെന്നും നമ്മുടെയൊക്കെ ഉള്ളിലുണ്ട്. പക്ഷേ "നാളെയാവാം... പിന്നെയാവാം..." എന്നു കരുതി നല്ലസമയം കാത്തിരിക്കുകയാണ് നമ്മൾ, ഹൂ!!!
മുകളിൽ കുറിച്ച സംഭവത്തിലെ ഒരു ചടുലത കണ്ടോ നിങ്ങൾ? അബൂഹുറൈറയുടെ ഇടപെടലിൽ അകന്നിരിക്കുന്ന അമ്മായിയുടെ അടുത്തേക്ക് അദ്ദേഹം ഉടനടി എഴുന്നേറ്റു പോവുകയാണുണ്ടായത്. 'നാളെയും' 'പിന്നെയും' 'ഒഴിഞ്ഞ സമയവും' കാത്തു നിൽക്കലില്ല. സഡൻ ആക്ഷൻ ആണ്! നമുക്ക് പാഠമുണ്ടതിൽ?
ഈ ആർട്ടിക്കിൾ വായിച്ചു കഴിഞ്ഞ് ഉടനെ നമുക്കുള്ള പണി ഒരു പേപ്പറും പേനയും എടുക്കലാണ്. ബന്ധങ്ങളുടെ പേരുകൾ ഓരോന്നും ഓർമ്മിച്ചോർമിച്ച് കുത്തിക്കുറിച്ചുവരവേ ആരെങ്കിലുമായി നമ്മൾ ഇടഞ്ഞു കഴിയുന്നുണ്ടോ എന്ന് നോട്ട് ചെയ്യുക. നേരിട്ട് പോകാൻ പറ്റുന്ന കേസ് ആണെങ്കിൽ ഉടൻ തന്നെ നമ്മൾ പോവുക. വിദൂരത്തോ വിദേശത്തോ ഒക്കെ ആണെങ്കിൽ വിളിച്ചു ബന്ധം പുന:സ്ഥാപിക്കുക. നമ്മൾ എങ്ങനെയാണ് അങ്ങോട്ട് വിളിക്കുക, നമ്മളപ്പോൾ താണു പോകില്ലേ എന്നൊക്കെയുള്ള പൈശാചികമായ ഈഗോ മാലിന്യങ്ങൾ ഇബിലീസ് (പിശാച്) നമ്മിലേക്ക് ധാരാളമായി ഡിസ്ചാർജ് ചെയ്തു തരും, മൈൻഡ് ആക്കണ്ട! കണ്ണടച്ചങ്ങ് ചെയ്യുക തന്നെ. ഇതിൽ ഓൻ ജയിക്കലും ഞാൻ തോൽക്കലുമില്ല. ഞാൻ ജയിക്കൽ മാത്രമാണ്. ആരാണ് അങ്ങോട്ട് ചെന്ന് റീ കണക്ട് ചെയ്യുന്നത് അയാൾക്കാണ് ഒന്നാം സമ്മാനം.
ചിലർ വിചാരിക്കും സങ്കീർണമായ വർത്തമാനകാലത്തിന്റെ പ്രശ്നം മാത്രമാണ് ഇതെല്ലാം എന്ന്. ഫ്ലാറ്റ് ജീവിതം, അണു കുടുംബം, ഉപഭോഗ സംസ്കാരം... അങ്ങനെയുള്ള ഒരു തേങ്ങാക്കുലയും അല്ല! ഇതെല്ലാം മനുഷ്യനുള്ള കാലത്തെല്ലാം ഉള്ളതുതന്നെയാണ്. നേരത്തെ സൂചിപ്പിച്ച അബൂഹുറൈറ റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ (തിരുനബി വചനം) കാണാം.
ഒരു വ്യക്തി വന്ന് നബിയോട് പരാതി പറയുകയാണ്. നബിയോരേ! എനിക്ക് കുടുംബക്കാരുണ്ട്. ഞാനാ കുടുംബബന്ധം ചേർത്തിക്കൊണ്ടേയിരിക്കുന്നു. പക്ഷേ അവരത് മുറിച്ചു കൊണ്ടിരിക്കുന്നു. ഞാൻ അവരുമായി നല്ലനിലക്ക് വർത്തിക്കുന്നു. പക്ഷേ അവർ എന്നോട് മോശമായി തിരിച്ചടിക്കുന്നു. ഞാൻ അവരോട് വിട്ടുവീഴ്ചയിൽ വർത്തിക്കുന്നു. പക്ഷേ ഞാൻ പൊട്ടനാണെന്ന് അവർ വരുത്തുന്നു.
എല്ലാം കേട്ടശേഷം തിരുനബി പറഞ്ഞു. കാര്യങ്ങളെല്ലാം നീ പറഞ്ഞതുപോലെ തന്നെയാണല്ലോ. എങ്കിൽ നീ അവരെ വെണ്ണീർ തീറ്റിക്കുകയാണ്. നീ നിൻ്റെ നിലപാടിൽ ആയിരിക്കുന്ന കാലത്തോളം അല്ലാഹുവിൻ്റെ ഭാഗത്തുനിന്നുള്ള സഹായം നിനക്ക് കിട്ടിക്കൊണ്ടിരിക്കും. (അവർ നിന്നോട് മോശമായി പെരുമാറുന്നതിന്റെ പ്രയാസങ്ങൾ അവർക്കും വന്നുചേരും എന്ന് അർത്ഥം)
عَنْ أَبِي، هُرَيْرَةَ أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَىَّ وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَىَّ . فَقَالَ “ لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلاَ يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ.
അല്ലെങ്കിലും ഇങ്ങോട്ടു പാലായി പ്രവർത്തിക്കുന്നവരോട് അങ്ങോട്ടു വെണ്ണയായി നിൽക്കാൻ പൊതുവെ ആർക്കും കഴിയുമല്ലോ. അതിനൊരു പ്രതിഭയുടെ ആവശ്യമില്ല. ഇങ്ങോട്ട് ഉപകാരം ചെയ്ത് കൂടെ നിന്നവനെ പ്രത്യുപകാരം ചെയ്തു തിരിച്ചു സഹായിക്കുക എന്നതൊക്കെ സർവ്വസാധാരണമാണ്. പക്ഷേ നമ്മുടെ പേഴ്സണാലിറ്റിയുടെ പൂർണ്ണത കൈവരുന്നത് പ്രതികൂല സാഹചര്യത്തിലും നന്മയുടെ സ്രോതസായി നിൽക്കാൻ പറ്റുമ്പോഴാണ്. അതും ഹദീസിൽ വ്യക്തമായി വന്നിട്ടുണ്ട്.
ഇങ്ങോട്ട് ഉപകാരം ചെയ്തതിന് പകരം നിൽക്കലല്ല കുടുംബബന്ധം ചേർക്കൽ. മറിച്ച് മറ്റേ അറ്റത്തുനിന്ന് കുടുംബ ബന്ധം മുറിയുകയോ മുറിക്കുകയോ ചെയ്താൽ ബോൾഡായി ഇടപെട്ട് അത് റീ കണക്ട് ചെയ്യുന്നവനാണ്, അവനെയാണ് കുടുംബബന്ധം പുലർത്തിയവൻ എന്നൊക്കെ പറയുക. അങ്ങനെ ഒരു ടോണുള്ള ഹദീസ് കേൾക്കാം:-
عَنْ عَبْدِ اللَّهِ بْنِ عَمْرٍ عَنِ النَّبِيِّ صلى الله عليه وسلم قَالَ: لَيْسَ الْوَاصِلُ بِالْمُكَافِئِ، وَلَكِنِ الْوَاصِلُ الَّذِي إِذَا قَطَعَتْ رَحِمُهُ وَصَلَهَا
ഇങ്ങോട്ട് കുടുംബബന്ധം മുറിക്കുമ്പോൾ പോലും അങ്ങോട്ട് ഇടിച്ചു കയറിച്ചെന്ന് അത് പുനസ്ഥാപിക്കണം എന്ന് പറയുമ്പോൾ നാം മറിച്ചൊരു കാര്യം ആലോചിക്കേണ്ടത്, ആ ബന്ധം മുറിക്കുന്ന ആരാച്ചാർമൂരാച്ചി നമ്മൾ തന്നെ ആണെങ്കിലോ. നമ്മുടെ ഒരു വാക്ക്, നമ്മുടെ ഒരു നീക്കം അതുകൊണ്ടാണ് കുടുംബം തകർന്നതെങ്കിൽ നമ്മുടെ കാര്യം കഷ്ടമാണ്. നമുക്കുള്ള പരാജയം പാരത്രിക ലോകത്ത് ആണെന്ന് വിചാരിച്ചു സമാധാനിക്കേണ്ട, അത് ഇവിടെ വച്ച് തന്നെ സംഭവിക്കും.
പാരത്രിക ലോകത്തേക്ക് പാത്തുവെച്ചിരിക്കുന്ന ശിക്ഷ അണു അളവ് കുറയാതെ കിട്ടും എന്നതിന് പുറമേ ഭൗതിക ജീവിതത്തിൽ തന്നെ ശിക്ഷ വൈകാതെ കിട്ടുന്ന രണ്ടു കാര്യങ്ങളാണ്: ഒന്നു കുടുംബബന്ധം മുറിക്കുക, മറ്റൊന്ന് അതിക്രമം പ്രവർത്തിക്കുക എന്നുള്ളത്.
، عَنْ أَبِي بَكْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَا مِنْ ذَنْبٍ أَجْدَرُ أَنْ يُعَجِّلَ اللَّهُ لِصَاحِبِهِ الْعُقُوبَةَ فِي الدُّنْيَا مَعَ مَا يَدَّخِرُ لَهُ فِي الآخِرَةِ مِنَ الْبَغْىِ وَقَطِيعَةِ الرَّحِمِ ”.
ഒരു കാര്യം ശരിയാണ്, ആധുനിക കാലഘട്ടത്തിൽ ജീവിതം വളരെ സങ്കീർണമായി കൊണ്ടിരിക്കുകയാണ്, മുൻകാലത്തെ അപേക്ഷിച്ച് പരത്തിയെറിയപ്പെട്ട ഒരു ജീവിത വ്യവസ്ഥയാണ് (widely scattered) ഇപ്പോൾ ഉള്ളത്. ദേശാടനവും പ്രവാസവും വ്യാപകമായ കാലത്ത് കുടുംബക്കാർ പണ്ടത്തേതുപോലെ എന്നും കണ്ടുമുട്ടിക്കൊള്ളണമെന്നില്ല. അത്തരം ഘട്ടങ്ങളിൽ പുതിയ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ബന്ധങ്ങളുടെ നൂലിഴകൾ എപ്പോഴും അടുപ്പിച്ചുവെക്കാൻ കരുതിക്കൂട്ടിയുള്ള പരിശ്രമങ്ങൾ നിരന്തരം ഉണ്ടായിരിക്കണം.
ഇപ്പോൾ കാണുന്ന ഒരു പ്രവണത എന്ന് പറയുന്നത് മുതിർന്നവർ പരസ്പരം ബന്ധപ്പെടുമെങ്കിലും പുതിയ തലമുറയിലെ ഇളപ്രായക്കാർ അന്യോന്യം അറിയാത്ത അപകടകരമായ അവസ്ഥ വരുന്നുണ്ട്. രക്ഷിതാക്കൾ മനപ്പൂർവ്വം താല്പര്യമെടുത്ത് തന്റെ കുടുംബക്കാരെ മക്കൾക്കും തിരിച്ചും പരിചയപ്പെടുത്തി ബന്ധങ്ങൾ റീഇൻഫോഴ്സ് ചെയ്യേണ്ടതുണ്ട്. നാട്ടിൽ വരുന്ന സമയത്ത് കുടുംബസമേതം കുടുംബമായ കുടുംബങ്ങളിലെല്ലാം സമയമെടുത്ത് കയറിയിറങ്ങി ബന്ധങ്ങളുടെ ആരുറപ്പിന് ആക്കം കൂട്ടേണ്ടതുണ്ട്.
സ്വന്തം കുടുംബക്കാരുടെ കൂട്ടത്തിൽ കഷ്ടപ്പെടുന്നവരും രോഗികളും തൊഴിലില്ലാത്തവരും വിധവകളും അഗതികളും അനാഥകളും അശരണരും ഒക്കെ കണ്ടേക്കാം, അവിടെ സാന്ത്വനത്തിന്റെ ചാറ്റൽ മഴയായി, ആശ്വാസത്തിന്റെ വസന്തമായി കയ്യിൽ സമ്മാനപ്പൊതികളും, മടക്കിപ്പിടിച്ച പൈസച്ചുരുളുകളുമായി നമ്മൾ നിർബന്ധമായും കയറിച്ചെല്ലണം. ഉള്ളതിൽ നിന്ന് നന്നായി നമ്മൾ കൊടുക്കണം. അങ്ങനെ കൊടുക്കുന്നതൊന്നും നഷ്ടമായി കരുതുകയേ വേണ്ട, മറിച്ച് നാളെയ്ക്കുള്ള ഒന്നാന്തരം കരുതൽ നിക്ഷേപമായി കൂട്ടിയാൽ മതി.
അബൂഹുറൈറയിൽ നിന്നു തന്നെ കേൾക്കാം:-
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ ﷺ: «ما نقصت صدقةٌ من مال، وما زاد الله عبدًا بعفوٍ إلا عزًّا، وما تواضع أحدٌ لله إلا رفعه الله»
മുകളിൽ പറഞ്ഞ ആശയങ്ങൾ എല്ലാം ഇതിൽ ലങ്കി നിൽക്കുന്നില്ലേ.
1. കൊടുത്തതുകൊണ്ട് കുറയില്ല
2. അയഞ്ഞത് കൊണ്ട് അന്തസ്സല്ലാതെ വരില്ല
3. വിനയം കാണിച്ചവന് വിജയമല്ലാതെ ഇല്ല
കുടുംബാംഗങ്ങൾക്ക് കൊടുക്കണം എന്നത് ശരി തന്നെ. എന്നുവച്ച്, കൂട്ടത്തിൽ പറയുകയാണ്, ദയവായി മറ്റൊന്നും കരുതരുത്, ഭരണ-അധികാര രംഗങ്ങളിൽ പ്രവർത്തിക്കുന്ന ചിലർ കുടുംബക്കാർക്ക് വേണ്ടി അന്യായമായി പലതും നൽകാറുണ്ട്, പാടില്ല കെട്ടോ. അർഹതപ്രകാരം ലഭിക്കേണ്ട ഒരു എംപ്ലോയ്മെൻ്റ് ലിസ്റ്റിൽ മാനിപുലേഷൻ വരുത്തി സ്വന്തം കുടുംബക്കാരെ കുത്തിതിരുകുന്ന ഏർപ്പാട് അരുത്! ബന്ധുക്കൾക്ക് വേണ്ടി പുതിയ നിയമം നിർമ്മിക്കുക, നിലവിലെ നിയമന വ്യവസ്ഥ മരവിപ്പിക്കുക, മനപ്പൂർവ്വം ലിസ്റ്റ് വൈകിപ്പിക്കുക, ഫയലുകൾ മാറ്റിവെക്കുക ഇത്യാദി പരിപാടികളൊന്നും മനുഷ്യന്മാർക്ക് യോജിച്ചതേ അല്ല.
ചില ആളുകളുണ്ട്, അവർ മറ്റുള്ളവർക്ക് വാരിക്കോരി കൊടുക്കും. സമൂഹത്തിലെ പൊതുപ്രവർത്തനങ്ങൾക്കും ചാരിറ്റി സംരംഭങ്ങൾക്കും കണക്കില്ലാതെ ദാനം ചെയ്യും. അന്നേരം സ്വന്തം കുടുംബക്കാർ അടുപ്പ് പുകക്കാൻ വകുപ്പില്ലാതെ കഷ്ടപ്പെടുകയായിരിക്കും. ഇതറിയുന്ന അവരുടെ മനസ്സും അടുപ്പായി കറുക്കും. ഒരു ദരിദ്രന് നമ്മൾ ഒരു സാധനം കൊടുത്താൽ അത് സ്വദഖയാണ്. അതേസമയം അതു കൊടുക്കുന്നത് കുടുംബത്തിൽപ്പെട്ട ഒരാൾക്കാണെങ്കിൽ അത് ഒരേസമയം സ്വദക്ക കൊടുക്കലും, കുടുംബം കോർക്കലും; രണ്ടുമായി! ഇരട്ടി പുണ്യം!!
قَالَ رَسُولُ اللَّهِ صلى الله عليه وسلم : الصَّدَقَةُ عَلَى الْمِسْكِينِ صَدَقَةٌ وَهِيَ عَلَى ذِي الرَّحِمِ ثِنْتَانِ صَدَقَةٌ وَصِلَةٌ.






