കുറച്ചു കാലമായി അദ്ദേഹത്തെ കാണാറില്ലല്ലോ?
അതെ അദ്ദേഹത്തെ ഞാൻ മാനേജർ പദവിയിൽ നിന്ന് പിരിച്ചുവിട്ടു!
കുറെ കാലമായല്ലോ നിങ്ങളെ ഈ വഴിക്ക് കണ്ടിട്ട്, എന്തുപറ്റി?
ഞാൻ ഈ കമ്പനിയിലെ സി.ഇ. ഒ. പദവി രാജിവച്ചു!
ഈ ചോദ്യോത്തരങ്ങളിൽ വല്ല അസ്വാഭാവികതയും നിങ്ങൾക്ക് തോന്നുന്നുണ്ടോ?
എന്നാൽ അതു മറക്കൂ; ഇതൊന്നു കേട്ടുനോക്കൂ!
നിങ്ങൾ ഇടയ്ക്കിടെ ആ വീട്ടിൽ പോകാറുള്ളതാണല്ലോ? ഇപ്പോൾ എന്താ കാണാത്തത്? ഞാൻ അദ്ദേഹത്തെ അമ്മാവൻ സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടു, ഹ! നിങ്ങൾ എന്തേ ഈ കല്യാണത്തിന് കണ്ടില്ല? അതു ഞാൻ അവന്റെ മൂത്താപ്പാ സ്ഥാനത്ത് നിന്നും രാജിവച്ചു, ഹ ഹ്ഹ! വല്ല പിരിലൂസും തോന്നുന്നുണ്ടോ? എന്തോ ഒരു വേവുകുറവ് ഉണ്ടല്ലേ. പറയാം.
ജീവിതത്തിലെ ചില സ്ഥാനങ്ങളും പദവികളും കാലക്രമേണ നമുക്ക് ലഭിക്കുന്നതാണ്. എന്നപോലെ തന്നെയാണ് ചില ബന്ധങ്ങളും. ഭർത്താവാവുക ഭാര്യയാവുക എന്നതൊക്കെ പിറകെ വന്നുചേരുന്നതാണ്. ഭർത്താവായിരുന്ന ഒരാൾ ഭർത്താവ് ആവാതെ ഇരിക്കാം. തിരിച്ച് ഭാര്യയും, ഡിവോഴ്സ് ആവുന്നതോടെ. എന്നാൽ ജനനത്തോടുകൂടി നമുക്ക് കൈവരുന്ന ബന്ധങ്ങൾ പൊക്കിൾചുഴി പോലെ മായ്ച്ചു മാറ്റാൻ പറ്റാത്ത വിധം നമ്മിൽ രൂഢമായി പതിഞ്ഞിരിക്കും. അങ്ങനെയുള്ള ബന്ധങ്ങളെ പിരിച്ചുവിടാനോ അത്തരത്തിലുള്ള ഒരു സ്ഥാനത്ത് നിന്നും രാജിവെക്കാനോ ഒരു നിലക്കും നമുക്ക് സാധ്യമല്ല. നമ്മൾ എന്താണ് ആയത് അതുപോലെ തന്നെ ആയിരിക്കുമെന്ന് മാത്രമല്ല കാലം പോകെ പുതിയ പുതിയ ബന്ധങ്ങൾ മുളച്ചു പടർന്നുകൊണ്ടേയിരിക്കും.
നിങ്ങൾക്കൊരു പെങ്ങൾ ഉണ്ടെങ്കിൽ അവൾ എന്നും നിങ്ങളുടെ പെങ്ങൾ തന്നെ. ആറുമാസത്തേക്കോ ഒന്നര കൊല്ലത്തേക്കോ ആങ്ങളത്വത്തിൽ നിന്ന് തൽക്കാലം ലീവെടുത്തു പോകാം, അവളുടെ കല്യാണമെല്ലാം കഴിഞ്ഞ് സെറ്റിൽ ആയ ശേഷം റീ ജോയിൻ ചെയ്യാം എന്നൊന്നും കരുതണ്ട. മാത്രമല്ല, അവൾ പെറ്റ ഉടനെ നിങ്ങൾ ഒരു അമ്മാവൻ എന്ന അധിക റോളിലേക്ക് കൂടി സ്ഥാനക്കയറ്റം കിട്ടുന്നു. അൽപകാലം കഴിഞ്ഞ് ആ കുട്ടി വന്ന് നിങ്ങളെ അമ്മാവാ.... പൊന്നമ്മാവാ.... എന്ന് വിളിക്കുമ്പോൾ ഞാൻ ഇങ്ങനെ ഒരു സ്ഥാനത്തിന് അപേക്ഷ കൊടുത്തിട്ടില്ലല്ലോ കൊച്ചേ, ആയതിൻ്റെ ഇന്റർവ്യൂവിൽ ഞാൻ പങ്കെടുത്തിട്ടില്ലല്ലോ കുഞ്ഞേ... നീയേതാണ് എന്നൊന്നും പറഞ്ഞ് നിങ്ങൾ ഒരുമാതിരി പൊട്ടങ്കളി കളിക്കരുത്, അതിനുള്ള വകുപ്പേ നിങ്ങൾക്കില്ല.
സാമൂഹ്യ ജീവിയായ മനുഷ്യന് എല്ലാവരിൽ നിന്നുമകന്ന് ഒരു ഒറ്റതിരിഞ്ഞ തുരുത്തായി ജീവിക്കുക പ്രയാസകരമാണ്. നാം സമൂഹത്തിൻ്റെ ഭാഗമായി തുടങ്ങുന്നതിൻ്റെ ആദ്യ അധ്യായമാണ് കുടുംബം എന്ന നാനോസമൂഹത്തിൽ അംഗമാവുക എന്നത്. കുടുംബത്തിലെ കണ്ണികൾ പലനിലകളിലേക്കും പലവഴികളിലേക്കും പരന്നുപോകുന്നതായിരിക്കും.
ഉദാഹരണത്തിന് ഉമ്മ. ഉമ്മയുടെ ചേട്ടത്തിമാർ അനിയത്തിമാർ ഒക്കെ നമുക്ക് വളരെ പ്രിയപ്പെട്ടവരായിരിക്കും, ആയിരിക്കണം. പിന്നെ അവരുടെ ഭർത്താക്കന്മാർ, മക്കൾ അവരുടെ ഭാര്യ ഭർത്താക്കന്മാർ, മക്കളുടെ മക്കൾ, അവരുടെ ഭാര്യ ഭർത്താക്കന്മാർ, ഈ പറഞ്ഞവരുടയെല്ലാം ഉമ്മ ബാപ്പമാർ, അവരുടെയെല്ലാം മറ്റുമക്കൾ, മക്കളുടെ മക്കൾ അങ്ങനെ പോകുന്നു തലകറക്കം വരുന്ന കാനേഷുമാരി.
ഇനി ഉപ്പയുടെ കുടുംബത്തിലേക്ക് തിരിഞ്ഞാലും ഇങ്ങനെ തന്നെ. ഈ രണ്ട് പ്രധാന ഹൈവേകളിലൂടെ ഒരുപാട് സബ് വേകളിലേക്കും പിന്നീട് ഒരുപാട് ഇടുക്ക് ഊടുപാതകളിലേക്കും ഉൾപിരിവുകളിലേക്കും വളഞ്ഞുപുളഞ്ഞു പോകും. പലരും നമ്മുടെ ബന്ധുക്കൾ ആണെന്നത് നമ്മൾ തിരിച്ചറിയുന്നുണ്ടാവുകയില്ല. നാട്ടിൽ നടക്കുന്ന ഏതെങ്കിലും കുടുംബ സംഗമങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും തേടിത്തേടിയെത്തി ഒടുവിൽ പലരും കുടുംബാംഗങ്ങളായി കണ്ണിചേർക്കപ്പെടുന്നത്. എന്തു പറഞ്ഞാലും ബന്ധങ്ങൾ ബന്ധങ്ങൾ തന്നെയാണ്. എല്ലാം കീപ്പ് ചെയ്തുകൊണ്ട് മാത്രമേ മനുഷ്യന് മുന്നോട്ടുപോകാൻ പറ്റൂ, പാടുള്ളൂ.
ഈ കുടുംബ ബന്ധത്തെ കുറിക്കാൻ വളരെ മനോഹരമായ ഒരു പ്രയോഗമുണ്ട് വിശുദ്ധ ഖുർആനിൽ - ഉലുൽ അർഹാം. അർഹാം എന്നത് റഹിം എന്നതിന്റെ ബഹുവചനമാണ്. റഹിം എന്നാൽ ഗർഭപാത്രം എന്നാണ്. അപ്പോൾ എല്ലാ കുടുംബക്കാരെയും മൊത്തത്തിൽ കൊണ്ടുപോയി ബന്ധിച്ചുനിർത്തുന്ന നങ്കൂരം ഒരു ഗർഭപാത്രമാണ്. ഉപ്പാക്കല്ല ഉമ്മാക്കാണ് ഗർഭപാത്രം ഉള്ളത്. ഉപ്പ ഉറപ്പുള്ളതും ഉമ്മ മയമുള്ളതുമാണ്. ബന്ധങ്ങളെ ഗർഭപാത്രത്തിലേക്ക് കോർത്തുകെട്ടുക വഴി മാതൃത്വത്തിന്റെ മഞ്ഞുനനവ് ആകമാനം പടർത്തിക്കുടയുകയാണ് ഖുർആൻ.
ഉപ്പയെ പറയുന്നതിനേക്കാൾ ഉമ്മയെ പറയുമ്പോഴേക്ക് നമ്മുടെയെല്ലാം ഉള്ളിൽ ഒരുതരം കനിവ് കിനിയും. ഖുർആനിൽ ഒരു ശകലം ഉണ്ട്. മൂസാ നബിയോട് ഇക്കാക്ക ഹാറൂൻ നബി വിളിച്ചുപറയുന്നുണ്ട്:- എൻ്റെ താടിക്ക് പിടിക്കല്ലേ, എൻ്റെ ഉമ്മാൻ്റെ മോനേ എന്ന്. "യബ്ന അബീ!" എന്ന് വിളിക്കാതെ "യബ്ന ഉമ്മീ!" (ഉമ്മയുടെ മോനേ) എന്ന് വിളിക്കുമ്പോൾ മൂസ നബിയുടെ ഉള്ളിൽ ഉമ്മ ഉദിക്കും എന്ന മോഹമാണ് അതിനു പിന്നിൽ.
കുടുംബക്കാരെ കുറിക്കാൻ ഖുർആനിലെ മറ്റൊരു പ്രയോഗമാണ് 'ദവിൽ ഖുർബാ'. ഗർഭപാത്രേതര ബന്ധത്തിൽ കൂടിവരുന്ന അംഗങ്ങളെയും ഉൾക്കൊള്ളുന്ന വിശാലമായ അർത്ഥതലമാണ് ദവിൽ ഖുർബാക്കുള്ളത്. ഇത് ഉലുൽ അർഹാമിനേക്കാൾ വൈഡായ അർത്ഥത്തിലുള്ളതാണ്. ആയവരോട് എല്ലാമുള്ള ബാധ്യത നിറവേറ്റണമെന്ന് ഖുർആൻ ഉണർത്തുന്നുണ്ട്. കുടുംബ ബന്ധങ്ങളിൽ പലരും പലകാലങ്ങളിൽ പലകോലങ്ങളിൽ ആയിരിക്കാം. കാലം മാറി വന്നപ്പോൾ പലർക്കും പലമാതിരി പരിണാമങ്ങളും വന്നിരിക്കാം. പൊടിപാറിയ ബിസിനസും പൂത്തപണവും ഉണ്ടായിരുന്നവർ ഇന്ന് അര ക്ലാസ് ചായകുടിക്കാൻ വകുപ്പില്ലാത്തവരായി മാറിയിരിക്കാം. നേരെമറിച്ച് അന്നൊക്കെ തേരാ-പാരാ നടന്നിരുന്നവർ ഇന്ന് സ്വത്തുമലയുടെ നെറുകയിൽ ഇരിക്കുന്നവരാകാം.
പാവങ്ങളായ ബന്ധുക്കളെ കാണുമ്പോൾ ഗർഭപാത്രത്തിന്റെയും ഉമ്മയുടെയും സ്നേഹമേഘങ്ങൾ നമ്മുടെ അകത്തളങ്ങളിൽ ചിതറിപ്പെയ്യണം. വലിയ പൈസക്കാരനായി സൂട്ടും കോട്ടുമിട്ട് നെഞ്ചുവിരിച്ച് ഗർവിൽ നടക്കുമ്പോൾ, ഗർഭപാത്രത്തിൽ കിടന്നകാലവും പുറത്തുവന്നശേഷമുള്ള അതിനിസ്സഹായതയുടെ മൂത്രത്തീട്ടക്കാലവും നന്നായി ഓർമ്മവേണം. എൻ്റെ അവസ്ഥ എന്തായിരുന്നുവെന്ന് ചൂണ്ടുവിരൽ ഇടതുനെഞ്ചോട് ചേർത്ത് കുത്തിക്കുത്തി തന്നോടുതന്നെ ചോദിക്കണം. അങ്ങനെ നെഞ്ചിലെ ഗർവിന്റെ ബലൂൺ പൊട്ടിച്ച് അവിടം ഗർഭപാത്രത്തിന്റെ നനവ് പടർത്തണം.
ഓർക്കേണ്ട മറ്റൊരു കാര്യം റഹിം എന്ന ധാതുവിൽ നിന്ന് തന്നെയാണ് അല്ലാഹുവിൻ്റെ റഹ്മാൻ, റഹീം എന്ന കരുണയുടെ കരയും കടലുമടങ്ങുന്ന നാമധേയങ്ങൾ ഉരുവം കൊണ്ടിട്ടുള്ളത്. ഇങ്ങനെ എല്ലാ അർത്ഥത്തിൽ നോക്കുകയാണെങ്കിലും കുടുംബ ബന്ധങ്ങളെ ഒരിക്കലും അറുത്തുമാറ്റാൻ പറ്റാത്ത ഗർഭപാത്ര ബന്ധത്തിന്റെ മാംസള ന്യൂക്ലിയസിൽ തളച്ച് അതിന് ചുറ്റും കറങ്ങുന്ന അണുക്കളായി നമ്മെ വരിഞ്ഞു കെട്ടിയിരിക്കുന്നു.
ഈ വ്യത്യസ്തങ്ങളായ ബന്ധങ്ങളിൽ പെട്ട ഓരോരുത്തരോടും ഓരോ നിലക്കുള്ള കടപ്പാടും ബാധ്യതയുമാണ് നമുക്കെല്ലാവർക്കും ഉള്ളത്. ഇനി ചോദിക്കട്ടെ നിങ്ങൾ മൊത്തം കണക്കെടുത്തു നോക്കുമ്പോൾ 113 പേരുണ്ട് നിങ്ങളുടെ കുടുംബാംഗങ്ങൾ ആയിട്ട് എന്നു വെക്കുക. ഇതിൽ നിങ്ങൾ ഏറ്റവും കടപ്പെട്ടത് ആരോടാണ്? ചോദ്യം വളരെ സിമ്പിളാണ് അല്ലേ? ശരിയാണ് ചോദ്യം വളരെ ലളിതമാണ്. ഉത്തരം ആർക്കുമറിയും വിധം അതിലളിതമാണ്. പക്ഷേ ആ ഉത്തരം പ്രായോഗികവൽക്കരിക്കുന്നിടത്ത് നമ്മളെല്ലാം എത്രത്തോളം ജയിച്ചുകയറി എന്നത് ആരും കാണാതെ അലറിക്കരഞ്ഞ് നാം നമ്മോട് തന്നെ ചോദിക്കേണ്ടതാണ്.
ഇതേ ചോദ്യം ആറ്റൽ നബിയോട് മുമ്പ് ഒരാൾ ചോദിച്ചിരുന്നു. നബി കൊടുത്ത ഉത്തരം ഉമ്മ എന്നായിരുന്നു.
പിന്നെയാരോട്
നിൻ്റെ ഉമ്മയോട്
എന്നിട്ട് ആരോട്
നിൻ്റെ ഉമ്മയോട്.
പിന്നെ ആരോട്.
നിൻ്റെ ഉപ്പയോട്.
ഇതേ പറ്റിയൊക്കെ എന്ത് പറയാനാ? ഈ ലോകത്തേക്ക് നാം വഴുതി എത്തിയത് ഉമ്മയുടെ ഗർഭപാത്രത്തിൽ നിന്നല്ലേ? ഇങ്ങോട്ട് വരുന്നതിന് മുമ്പ് മാസങ്ങളോളം കുഴഞ്ഞുമറിഞ്ഞു കളിച്ചത് ആ കൊച്ചു ഗർഭപാത്രത്തിന് അകത്തായിരുന്നില്ലേ. ഉമ്മ നമ്മളെ ഗർഭം ധരിച്ചതോ പ്രസവിച്ചതോ മുലയൂട്ടിയതോ ആയ പ്രയാസങ്ങൾ ഒന്നും നമ്മൾ കണ്ട് അനുഭവിച്ചിട്ടില്ല. ആയതിനാൽ കിടക്കട്ടെ ഒന്നും രണ്ടും മൂന്നും റാങ്കുകൾ. ഉപ്പ കഷ്ടപ്പെട്ട് പോറ്റുന്നത് നമ്മൾ കാണുന്നു. നാലാം സ്ഥാനം ഉപ്പാക്ക് കിടക്കട്ടെ. വയസ്സായാൽ വയോ-നഴ്സറിയിലേക്ക് ഉപ്പയെയും ഉമ്മയേയും ചേർക്കാൻ തക്കം പാർത്തിരിക്കുന്ന മക്കളുള്ള കാലത്ത് ബന്ധങ്ങളെപ്പറ്റി ഒരുപാട് പറയാനുണ്ട് കെട്ടോ!






