തിരുനബിയുടെ അനുയായികൾ അന്ത്യദിനത്തിൽ മുഖവും കൈകാലുകളും പ്രകാശിക്കുന്നവരായിരിക്കും. അവർ ചെയ്യുന്ന വുളൂഇന്റെ ഫലമായിയാണത്രെ ഇങ്ങനെ കാണപ്പെടുന്നത്. ചെറിയ അശുദ്ധിയുടെ കാരണങ്ങൾ ഉണ്ടായാൽ അവയിൽ നിന്നും ശുദ്ധിയാകാൻ അംഗശുദ്ധി വരുത്തണമെന്ന് നേരത്തെ പറഞ്ഞുവല്ലൊ. എന്താണ് വുളു, എങ്ങനെയാണത് എന്നൊക്കെയാണ് ഇനി പറയുന്നത്.
അംഗശുദ്ധീകരണത്തിന്റെ നിർബന്ധ ഘടകങ്ങൾ (ഫർളുകൾ)
ഏതൊരു ആരാധനയും ശരിയായ രൂപത്തിൽ പൂർത്തിയാകാൻ ആവശ്യമായ നിർബന്ധ ഘടകങ്ങൾക്കാണ് ഫർള് എന്ന് പറയുന്നത്. വുളുഇന്ന് 6 ഫർളുകളാണുള്ളത്.
1. നിയ്യത്ത് ( കരുത്ത് ):
നിയ്യത്ത് എന്നാൽ കരുതുക എന്നാണർത്ഥം. അതുകൊണ്ടുതന്നെ മനസ്സിൽ കരുതുക തന്നെ വേണം. ഉച്ചാരണം കൊണ്ടുമാത്രം മതിയാവുക ഇല്ല. വുളു എന്ന ഫർളിനെ ഞാൻ വീട്ടുന്നുവെന്നോ നിസ്കാരത്തെ ഞാൻ ഹലാലാക്കുന്നു എന്നോ മുഖം കഴുകാൻ തുടങ്ങുമ്പോൾ തന്നെ കരുതിയിരിക്കണം.
2 . മുഖം കഴുകൽ:
സാധാരണ തലമുടി മുളക്കുന്ന സ്ഥലം മുതൽ താടിയെല്ലിന്റെ താഴ്ഭാഗം വരെ നീളത്തിലും ഒരു ചെവി മുതൽ മറ്റേ ചെവി വരെ വീതിയിലുമുള്ള ഭാഗമാണ് മുഖമായി കണക്കാക്കപ്പെടുന്നത്. മുഖത്തുള്ള രോമവും തൊലിയും മുഴുവൻ കഴുകണം. എന്നാൽ അഭിമുഖമായി നിൽക്കുന്ന ഒരാൾക്ക് തൊലിയുടെ നിറം കാണാത്ത വിധം തിങ്ങി നിൽക്കുന്ന താടിയാണെങ്കിൽ ഉൾഭാഗം കഴുകേണ്ടതില്ല.
3. ഇരു കൈകളും മുട്ടുൾപ്പെടെ കഴുകുക:
ഇരു കൈകളും വിരലുകളുടെ അറ്റം മുതൽ മുട്ടുകൾ ഉൾപ്പെടെ ഒരു ഭാഗവും വിടാതെ കഴുകണം. നഖത്തിന്റെ അടിയിൽ ചളി ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം.
4. തലയിൽ നിന്ന് അല്പം തടവുക:
തലയുടെ അതിർത്തിയിലുള്ള മുടിയോ തൊലിയോ ആണ് തടവേണ്ടത്.
5.രണ്ടു കാലുകൾ ഞെരിയാണിയുൾപ്പെടെ കഴുകുക:
വിരലിന്റെ അഗ്രം മുതൽ ഞെരിയാണിയുൾക്കാെള്ളുന്ന കാലിലെ മുഴുവൻ ഭാഗവും കഴുകണം. കാലിന്റെ അടി ഭാഗം വിരലുകളുടെ ഇട ഇവയൊക്കെ സൂക്ഷിച്ച് കഴുകണം.
6. ക്രമ പ്രകാരം ചെയ്യൽ:
അംഗശുദ്ധീകരണത്തിന്റെ ഘടകങ്ങൾ മേൽ സൂചിപ്പിച്ച പോലെ ക്രമപ്രകാരമാണ് ചെയ്യേണ്ടത്. എന്നാൽ വുളൂഇന്റെ കരുത്തോടെ ഒരാൾ വെള്ളത്തിൽ മുങ്ങിയാൽ അയാൾക്ക് വുളൂ ലഭിക്കും അവിടെ ക്രമാനുഗതമാവണമെന്നില്ല. ആരാധനയുടെ ഭാഗമായവയെ ആണ് ഫർളുകൾ എന്ന് പറയുന്നത്. എന്നാൽ ആരാധനയ്ക്ക് പുറത്തുള്ളതും, എന്നാൽ ആരാധന പൂർത്തിയാകാൻ നിർബന്ധമായും ഉണ്ടാവേണ്ട ചില കാര്യങ്ങളാണ് ശർത്വുകൾ. വുളുഇൻ്റെ ശർത്വുകൾ നോക്കാം
വുളൂഇന്റെ നിബന്ധനകൾ (ശർത്വുകൾ)
1. ശുദ്ധമായ വെള്ളം കൊണ്ടായിരിക്കണം വുളുഅ് ചെയ്യേണ്ടത്. മാത്രമല്ല മറ്റൊന്നിനെ ശുദ്ധീകരിക്കാൻ യോഗ്യവുമായിരിക്കണം. ശുദ്ധി മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല. ഏതൊക്കെയാണ് ആ വെള്ളം? കിണറ്റിലും കുളത്തിലും പുഴയിലുമൊക്കെയുള്ള ജലം. അഥവാ ചായ, പാൽ, കഞ്ഞിവെള്ളം ഇവകളൊക്കെ കുടിക്കാൻ പറ്റുമെങ്കിലും അംഗശുദ്ധീകരണത്തിന് യോഗ്യമല്ല.
വിശ്വാസപ്രകാരം വെള്ളം ഉപയോഗശൂന്യമാവാൻ കാരണങ്ങൾ ഒരുപാടുണ്ട്. വെള്ളം ഏകദേശം 200 ലിറ്ററിൽ കുറവാണെങ്കിൽ അതിലേക്ക് മാലിന്യം (നജസ് ) വീണാൽ തന്നെ ഉപയോഗശൂന്യമാകും. എന്നാൽ 200 ലിറ്ററോ അതിനു മുകളിലോയുള്ള വെള്ളത്തിലേക്ക് മാലിന്യം വീണാൽ രുചി വ്യത്യാസമോ വാസനവ്യത്യാസമോ നിറവ്യത്യാസമോ ഉണ്ടായാൽ മാത്രമേ ഉപയോഗശൂന്യമാവുകയുള്ളൂ.
2.കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ഒലിപ്പിക്കണം. മുഖം, രണ്ടു കൈകൾ, ഇരു കാലുകൾ എന്നിവയാണ് നിർബന്ധമായും കഴുകപ്പെടേണ്ട അവയവങ്ങൾ. ഈ അവയവങ്ങളിൽ വെള്ളം ഒലിപ്പിച്ചു തന്നെ കഴുകണം. അപ്പോൾ ഈ അവയവങ്ങൾ നനച്ചു തോർത്തിയാലോ, വെള്ളമെടുത്തു തടവിയാലോ, സ്പ്രേ ചെയ്താലോ ആ വുളു പരിഗണിക്കപ്പെടില്ല. അതേസമയം, തല തടവിയാൽ തന്നെ വുളു ശരിയാവും; കഴുകണമെന്നില്ല.
3. മഷി, സോപ്പ് പോലോത്ത വെള്ളത്തെ പകർച്ചയാക്കുന്ന വസ്തു അവയവങ്ങളിൽ ഇല്ലാതിരിക്കണം.
4. ടാർ, പെയിന്റ്, കട്ടച്ചളി പോലോത്ത ചർമ്മത്തിലേക്ക് വെള്ളം എത്തുന്നതിനെ തടയുന്ന വസ്തുക്കൾ അവയവങ്ങളിൽ ഇല്ലാതിരിക്കണം. അംഗശുദ്ധി വരുത്തി തീരുന്നതിനു മുമ്പ് ഒരു അവയവം കഴുകിയോ എന്നു സംശയിച്ചാൽ ആ അവയവത്തേയും ശേഷമുള്ളതിനേയും കഴുകണം. എന്നാൽ വുളു കഴിഞ്ഞാണ് സംശയമുണ്ടായതെങ്കിൽ പരിഗണിക്കേണ്ടതില്ല.
അംഗശുദ്ധികരണത്തിലെ ഐഛികങ്ങൾ (സുന്നത്തുകൾ )
അംഗശുദ്ധികരണത്തിന്റെ നിർബന്ധ ഘടകങ്ങളും നിബന്ധനകളും നാം മനസ്സിലാക്കി. ഇനി ചെയ്താൽ പ്രതിഫലം ലഭിക്കുന്ന നിർബന്ധേതര ഘടകങ്ങളെ കുറിച്ച് പഠിക്കാം.
1. ബിസ്മി ചൊല്ലുക: ഖുർആനിലെ ആദ്യ സൂക്തമാണ് ബിസ്മി (ബിസ്മില്ലാഹി റഹ്മാനി റഹീം). എല്ലാ നല്ല കാര്യം ചെയ്യാനൊരുങ്ങുമ്പോഴും ഇത് ചൊല്ലൽ പ്രതിഫലാർഹമാണ്. ബിസ്മി ചൊല്ലിത്തുടങ്ങാത്ത കാര്യങ്ങളിൽ ഗുണക്കുറവുണ്ടാവുമെന്നാണ് പ്രവാചകാധ്യാപനം. തുടക്കത്തിൽ മറക്കുകയും പിന്നീട് ഓർമ വരുകയും ചെയ്താൽ "ബിസ്മില്ലാഹി അവ്വലുഹു വ ആഖിറുഹു" എന്ന് ചൊല്ലണം.
2. മുൻകൈകൾ കഴുകൽ; കൈവിരലുകളുടെ അഗ്രം മുതൽ മണിബന്ധം വരെയുള്ള ഭാഗമാണ് മുൻ കൈ കൊണ്ടുദ്ദേശിക്കുന്നത്. രണ്ടും ഒപ്പമാണ് കഴുകേണ്ടത്.
3.വായ വൃത്തിയാക്കൽ: പല്ലുകളും നാവും ഉൾപ്പെടെ വായ ബ്രഷ് ചെയ്ത് വൃത്തിയാക്കുന്നതിന് ഇസ്ലാമിൽ വലിയ സ്ഥാനമാണുള്ളത്. അംഗശുദ്ധി വരുത്തുമ്പോൾ മാത്രമല്ല നിസ്കാരത്തിനു നിൽക്കുമ്പോഴും, ഖുർആൻ പരായണത്തിനൊരുങ്ങുമ്പോഴും, വായനാറ്റമുണ്ടാവുമ്പോഴും, ഉറങ്ങാൻ ഉദ്ദേശിക്കുമ്പോഴും, ഉറക്കത്തിൽ നിന്നുണർന്നാലും, പള്ളിയിൽ പ്രവേശിക്കുമ്പോഴുമൊക്കെ ബ്രഷ് ചെയ്യൽ പ്രതിഫലാർഹമാണ്. എന്നാൽ വായയിലെ ദുർഗന്ധം നീക്കാനോ മാലിന്യം നീക്കാനോ ബ്രഷ് ചെയ്യുന്നത് ആവശ്യമെങ്കിൽ അത് ചെയ്യൽ നിർബനമാണ്. ഇസ്ലാമിലെ വൃത്തി ബോധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉരമുള്ള ശുദ്ധമായ വസ്തു കൊണ്ടാണ് ബ്രഷിംഗ് നടത്തേണ്ടത്. അറബു നാടുകളിൽ സുലഭമായ അറാക്ക് ചെടിയുടെ കമ്പാണ് ബ്രഷ് ചെയ്യാൻ നല്ലത്. വായയിൽ വെള്ളം കൊപ്ലിക്കലും മൂക്കിലുള്ള അഴുക്കുകൾ നീക്കാൻ മുക്കിൽ വെള്ളം കയറ്റി ശുദ്ധീകരിക്കലും അംഗ ശുദ്ധീകരണത്തിന്റെ സുന്നത്തിൽ പെട്ടതാണ്. നോമ്പുകാരല്ലാത്തവർ ഇത് പരമാവധിയാക്കലും നല്ലതാണ്.
4. തലമുഴുവൻ തടവൽ: തല അല്പം തടവൽ അംഗ ശുദ്ധീകരണത്തിന്റെ നിർബന്ധമായ ഘടകമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്നാൽ തല മുഴുവനായി തടവൽ സുന്നത്താണ്.
5.രണ്ടു ചെവികൾ തടവുക: ചെവിയുടെ ഉള്ളും പുറവും തടവണം. വലതു കൈ കൊണ്ട് വലതു ഭാഗത്തെ ചെവിയും ഇടതു കൈ കൊണ്ട് ഇടതു ഭാഗത്തെ ചെവിയും ഒപ്പമാണ് തടവേണ്ടത്.
6. ഒരോ അവയവം കഴുകുമ്പോഴും 'ശഹാദത്ത്' ചൊല്ലുക. അഥവാ
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
(അശ്ഹദു അൻ ലാഇലാഹാ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു)
(അല്ലാഹുവല്ലാതെ ആരാധനക്കർഹനായ ഒരു ദൈവമില്ലെന്നും അവൻ ഏകനാണെന്നും അവനു കൂട്ടാളികളിലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു). കഴുകപ്പെടുന്ന അവയവങ്ങളിൽ കൈ നടത്തലും തിങ്ങിനിൽക്കുന്ന താടി തിക്കകറ്റി കഴുകലും കാലിന്റെയും കയ്യിന്റെയും വിരലുകൾ വിടർത്തിക്കഴുകലും സുന്നത്തു തന്നെ. കഴുകുന്നതും തടവുന്നതും ചൊല്ലുന്നതുമെല്ലാം മൂന്ന് തവണ ചെയ്യലും പ്രതിഫലാർഹമാണ്.
വസ്ത്രം ധരിക്കുക, ഭക്ഷണം കഴിക്കുക, ചെരുപ്പ് ധരിക്കുക തുടങ്ങി ആദരണീയമായ ഏതു കാര്യം ചെയ്യുമ്പോഴും വലത്തേതിന് പ്രാമുഖ്യം കൊടുക്കൽ പ്രതിഫലാർഹമായ പോലെ അംഗശുദ്ധി വരുത്തുമ്പോഴും സാധ്യമായ അവയവങ്ങളിൽ അത് സുന്നത്താണ്. മുഖം കഴുകുമ്പോൾ നെറ്റിയുടെ മുകൾഭാഗത്തു നിന്നാണ് തുടങ്ങേണ്ടത്. അംഗശുദ്ധി വരുത്തുമ്പോൾ ഖിബ്ലയുടെ ( കഅ്ബയുള്ള ഭാഗം) നേരെ തിരിയുകയും സംസാരം ഒഴിവാക്കുകയും വേണം. വുളുവിന്ന് ശേഷം വെള്ളം തോർത്തുകയോ കുടഞ്ഞു ഒഴിവാക്കുകയോ ചെയ്യാതിരിക്കലാണ് നല്ലത്. അംഗശുദ്ധി വരുത്തിക്കഴിഞ്ഞാൽ താഴെ കൊടുത്ത വാക്യങ്ങൾ ചൊല്ലണം (ദിക്റ് ചൊല്ലുക )
أَشْهَدُ أَنْ لَا إِلَـهَ إِلاَّ اللّهُ وَحْدَهُ لَا شَريـكَ لَـهُ وَأَشْهَدُ أَنَّ مُحَمَّـداً عَبْـدُهُ وَرَسُـولُـهُ. اَللَّهُـمَّ اجْعَلْنِـي مِنَ التَّـوَّابِينَ وَاجْعَـلْنِي مِنَ الْمُتَطَهِّـرِينَ وَاجْعَـلْنِي مِنَ عِبَادِكَ الصَالِحِينَ .سُبْحـَانَكَ اللَّهُـمَّ وَبِحَمْدِكَ، أَشْهَـدُ أَنْ لاَ إِلَهَ إِلاَّ أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ.
(അല്ലാഹുവല്ലാതെ ഒരു ദൈവമില്ലെന്നും അവൻ ഏകനാണെന്നും അവനു യാതൊരു പങ്കാളിയുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു. നാഥാ, എന്നെ നീ പാശ്ചാത്തപിക്കുന്നവരിലും പരിശുദ്ധരിലും നിന്റെ സദ് വൃത്തരായ അടിമകളിലും ഉൾപ്പെടുത്തേണമേ ... നീ എത്രയോ പരിശുദ്ധനാണ്.. നിനക്കാണ് സർവ്വ സ്തോത്രങ്ങളും നീ അല്ലാതെ ഒരു ദൈവവുമില്ലെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. നിന്നിലേക്ക് ഞാൻ പാശ്ചാത്തപിച്ചു ഖേദിച്ചു മടങ്ങുന്നു )
നിസ്കരിക്കാനും ഖുർആൻ തൊടാനുമെല്ലാം വുളു നിർബന്ധമാണെങ്കിൽ ഖുർആൻ പാരായണം ചെയ്യൽ, ദിക്റുകൾ ചൊല്ലൽ, ഉറങ്ങാൻ കിടക്കൽ തുടങ്ങി നിരവധി ഘട്ടങ്ങളിൽ അംഗശുദ്ധി വരുത്തൽ സുന്നത്തുണ്ട്.
സംഗ്രഹം:
വുളൂഅ് എന്നാൽ ഇസ്ലാമിക നിയമപ്രകാരം ആരാധനകൾക്കായി ശരീരം ശുദ്ധിയാക്കുന്ന പ്രത്യേക രീതിയാണ് എന്ന് നാം മനസ്സിലാക്കി. ഇതിൽ നിർബന്ധമായ കാര്യങ്ങളും (ഫർള്), പ്രവാചകൻ കാണിച്ചുതന്ന ഐഛികമായ കാര്യങ്ങളും (സുന്നത്ത്), നിബന്ധനകൾ ( ശർത്വുകൾ) എന്നിവ അടങ്ങിയിരിക്കുന്നു എന്നും മനസ്സിലാക്കി. ഇനി പ്രാക്ടിക്കലായി എങ്ങനെയാണ് ചെയ്യുക എന്ന് നോക്കാം.
പ്രായോഗിക രീതി (Practical Procedure)
ആദ്യം ഖിബ്ലയുടെ ഭാഗത്തേക്ക് തിരിഞ്ഞ് നിന്ന് വുളൂഅ് ചെയ്യുന്നു എന്ന് മനസ്സിൽ കരുതി 'ബിസ്മില്ലാഹ്' ചൊല്ലി മുൻകൈകൾ കഴുകുന്നു. ശേഷം മൂന്ന് തവണ വായയും മൂക്കും വെള്ളം കയറ്റി വൃത്തിയാക്കുകയും ചെയ്യുന്നു. ഇതുവരെയുള്ളത് ഐച്ഛിക കാര്യങ്ങളായിരുന്നു. ഇനിമുതലാണ് നിർബന്ധ ഘടകങ്ങൾ ആരംഭിക്കുന്നത്. വുളൂഇൻ്റെ നിയ്യത്തോടെ മുഖം മൂന്ന് തവണ പൂർണ്ണമായി കഴുകുന്നു. പിന്നീട് ആദ്യം വലതു കൈയും പിന്നീട് ഇടതുകൈയും മുട്ടടക്കം മൂന്ന് തവണ കഴുകുന്നു. നനഞ്ഞ കൈകൊണ്ട് തല മുഴുവനായി തടവുകയും ശേഷം ചെവികൾ തടവുകയും ചെയ്യുന്നു. ആദ്യം വലതുകാലും പിന്നീട് ഇടതുകാലും കണങ്കാലടക്കം വിരലുകൾക്കിടയിൽ വെള്ളമെത്തിച്ച് കഴുകുന്നു. വുളൂഅ് പൂർത്തിയാക്കിയ ശേഷം ഖിബ്ലയുടെ ഭാഗത്തേക്ക് തിരിഞ്ഞ് പ്രാർത്ഥന ചൊല്ലുന്നു.
കുളി
വലിയ അശുദ്ധി നീക്കാൻ കുളിക്കൽ നിർബന്ധമാണെന്ന് പറഞ്ഞല്ലോ. കുളിയുടെ നിർബന്ധ ഘടകങ്ങളും നിബന്ധനകളും ഐച്ഛികങ്ങളും പരിചയപ്പെടാം. അംഗശുദ്ധീകരണത്തിന്റെ മുഴുവൻ നിബന്ധനകളും (ശർത്വുകൾ) കുളിയിലും ബാധകമാണ്. കുളിക്ക് രണ്ട് നിർബന്ധ ഘടകങ്ങളാണുള്ളത്.
1. നിയ്യത്ത് (കരുത്ത് ): വലിയ അശുദ്ധിയെ നീക്കുന്നു എന്ന് ശരീരിത്തിൽ നിന്നും ആദ്യ ഭാഗം കഴുകുമ്പോൾ കരുതണം.
2. ശരീരം മുഴുവൻ വെള്ളമെത്തിക്കുക: ശരീരത്തിലെ പ്രത്യക്ഷമായ മുഴുവൻ ഭാഗത്തും വെള്ളമെത്തണം. ഒരു രോമകൂപവും വെള്ളം നനയാതെ പോവരുത് . തിങ്ങിയ താടിയുടെ ഉൾഭാഗവും ശരീരത്തിലെ ചുളിഞ്ഞ ഭാഗങ്ങളുമെല്ലാം സൂക്ഷിച്ച് കഴുകണം. വുളൂഇന്റെ സുന്നത്തായി പറഞ്ഞ മിക്കതും കുളിയിലും സുന്നത്തുണ്ട്. ജുമുഅ (വെള്ളിയാഴ്ചയിലെ പ്രത്യേക നിസ്കാരം), പെരുന്നാൾ ദിവസം, ഇസ്ലാം സ്വീകരിക്കുന്നവർ, ശരീരത്തിൽ അഴുക്കായവർ, ഫംഗ്ഷനുകൾക്ക് പോവാൻ ഉദ്ദേശിക്കുന്നവർ തുടങ്ങി ഒരുപാട് ഘട്ടങ്ങളിൽ വിശ്വാസിക്ക് കുളി സുന്നത്താണ്.



