ചെറുതും വലുതുമായ അശുദ്ധി നീക്കാൻ വെള്ളം ആവശ്യമാണല്ലോ . അഥവാ യഥാർത്ഥത്തിൽ ശുദ്ധി വരുത്തേണ്ടത് വെള്ളം കൊണ്ടാണെന്ന് സാരം. അപ്പോൾ പൂർണമായോ, ഏതെങ്കിലും അവയവത്തിലോ, അവയവത്തിലെ ഒരു ഭാഗത്തോ വെള്ളം ഉപയോഗിക്കാൻ കഴിയാതെ വന്നാൽ എന്ത് ചെയ്യണം? മുഖത്തും രണ്ടു കൈകളിലും മണ്ണ് ഉപയോഗിക്കുക എന്ന രീതിയാണ് പ്രതിവിധി . ഇതിനെ തയമ്മും എന്നാണ് പറയുക.
കാരണങ്ങൾ
പലകാരണങ്ങളാൽ വെള്ളം ഉപയോഗിക്കാൻ സാധിക്കാതെ വരാം.
1.വെള്ളമില്ലാത്ത ഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ
2. വെള്ളമുണ്ട്. പക്ഷേ അംഗ ശുദ്ധീകരണത്തിനു ഉപയോഗിച്ചാൽ മനുഷ്യർക്കോ മറ്റു മനുഷ്യേതര ജീവികൾക്കോ ദാഹമകറ്റാൻ വെള്ളമില്ലാത്ത സാഹചര്യമുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ ആ വെള്ളം വുളൂഇന് ഉപയോഗിക്കരുത്. ദാഹം അകറ്റുകയാണ് വേണ്ടത്. വുളൂഇന് പകരം തയമ്മും ചെയ്യണം.
3. രോഗം കാരണം അവയവങ്ങളിൽ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ
4. മുറിവോ പൊട്ടോ കാരണം അവിടെ കഴുകാൻ പറ്റാത്ത അവസ്ഥ.
തയമ്മുമിന്റെ നിബന്ധനകൾ
1. വെള്ളം ഉപയോഗിക്കാൻ സാധിക്കാതെ വരുക.
2. ഏതു നിസ്കാരത്തിനു വേണ്ടിയാണ് തയമ്മും ചെയ്യുന്നത് ആ നിസ്കാരത്തിന്റെ സമയം ആവുക.
3.ശുദ്ധമായ മണ്ണ് കൊണ്ടായിരിക്കുക.
സിമന്റ്, ധാന്യപ്പൊടി , മണൽ എന്നിവയാെന്നും തയമ്മുമിന് പറ്റില്ല.
അവിഭാജ്യ ഘടകങ്ങൾ (ഫർളുകൾ)
1. നിയ്യത്ത്
നിസ്കാരത്തെ ഹലാലാക്കുന്നു എന്നാണ് നീയ്യത്ത് ചെയ്യേണ്ടത്.
2. തയമ്മുമിന്നായി മണ്ണെടുക്കുന്നുവെന്ന് പ്രത്യേക ഉദ്ദേശം ഉണ്ടായിരിക്കുക. അഥവാ മറ്റേതെങ്കിലും വിധേനെ മുഖത്ത് മണ്ണാവുകയും അതുകൊണ്ട് മുഖം തടവുകയും ചെയ്താൽ തയമ്മും ആവുകയില്ല.
3. രണ്ടു കൈകൾ കൊണ്ടും മണ്ണിൽ അടിച്ചു എടുക്കുക.
4. മുഖം തടവുക
5. രണ്ടു കൈകൾ മുട്ടുൾപ്പെടെ തടവുക
6. ക്രമപ്രകാരം ചെയ്യുക.
നേരത്തെ പറഞ്ഞ വുളു മുറിയുന്ന കാരണങ്ങൾ കൊണ്ടെല്ലാം തയമ്മും നിഷ്ഫലമാകും. കൂടാതെ നിസ്കരിക്കുന്നതിനു മുമ്പോ നിസ്കാരത്തിലോ വെള്ളം ഉപയോഗിക്കാൻ സാധിക്കുമെന്ന ധാരണയുണ്ടായാലും തയമ്മും നിഷ്ഫലമാകും. വെള്ളവും മണ്ണും കിട്ടാത്ത ഒരു സ്ഥലത്ത് ഒരാൾ എത്തിപ്പെട്ടാൽ ശുദ്ധി ഇല്ലാതെ നിസ്കരിക്കണം. വുളൂഇൽ പറഞ്ഞപോലെ മൂന്നുപ്രാവശ്യം ചെയ്യുക എല്ലാ സ്ഥലത്തും മണ്ണുകൊണ്ടുള്ള സ്പർശനം എത്തുക തുടങ്ങിയ നിബന്ധനകൾ ഒന്നും തയമ്മുമിനില്ല.
തയമ്മുമിന്റെ ഐച്ഛികങ്ങൾ
1. തുടക്കത്തിൽ ബിസ്മി ചൊല്ലുക
2. ഖിബ്ലയുടെ ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ടായിരിക്കുക.
3. പല്ലു തേക്കുക.
4. രണ്ടു കൈകൊണ്ടും ഒന്നിച്ച് കൈ വിരലുകൾ വിടർത്തി മണ്ണടിച്ചെടുക്കുക.
5. അടിച്ചെടുത്ത മണ്ണിനെ ലഘൂകരിക്കുക (കുടഞ്ഞോ / ഊതിയോ)
6. തയമ്മുമിനു ശേഷം വുളൂഇനു ശേഷമുള്ള ദിക്റ് ചൊല്ലുകയും , രണ്ടു റക്അത് നിസ്കരിക്കുകയും ചെയ്യുക.
തയമ്മും ചെയ്യേണ്ട രീതി (ഘട്ടം ഘട്ടമായി)
1.നിയ്യത്ത്: തയമ്മും തുടങ്ങുമ്പോൾ "നിസ്കാരത്തെ ഹലാലാക്കാൻ വേണ്ടി തയമ്മും ചെയ്യുന്നു" എന്ന് മനസ്സിൽ കരുതുക.
2.മണ്ണിൽ അടിക്കുക: രണ്ട് കൈപ്പത്തികളും വിടർത്തി ശുദ്ധമായ മണ്ണിൽ ഒരു തവണ അടിക്കുക.
3.മുഖം തടവുക: കൈകളിൽ പറ്റിയിട്ടുള്ള അധികപ്പറ്റായ മണ്ണ് ഒന്ന് തട്ടിക്കളഞ്ഞതിന് ശേഷം, ആ കൈകൾ കൊണ്ട് മുഖം പൂർണ്ണമായും ഒരു തവണ തടവുക.
4.രണ്ടാമതും മണ്ണിൽ അടിക്കുക: കൈകൾ വീണ്ടും മണ്ണിൽ അടിക്കുക.
5. കൈകൾ തടവുക: ആദ്യം ഇടതുകൈ ഉപയോഗിച്ച് വലതുകൈ വിരൽ തുമ്പു മുതൽ മുട്ടുവരെ തടവുക.
ശേഷം വലതുകൈ ഉപയോഗിച്ച് ഇടതുകൈ വിരൽ തുമ്പു മുതൽ മുട്ടുവരെ തടവുക.
ഇതോടെ തയമ്മും പൂർത്തിയായി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.തയമ്മുമിൽ രണ്ട് തവണ മാത്രമേ മണ്ണിൽ അടിക്കേണ്ടതുള്ളൂ (ഒന്ന് മുഖത്തിനും ഒന്ന് രണ്ട് കൈകൾക്കും).
2.വുളൂഇൽ ചെയ്യുന്നത് പോലെ മൂന്ന് വട്ടം ആവർത്തിക്കൽ തയമ്മുമിൽ ഇല്ല.
3.ഒരു തയമ്മും കൊണ്ട് ഒരു ഫർള് നിസ്കാരം മാത്രമേ നിർവഹിക്കാൻ പാടുള്ളൂ. എന്നാൽ എത്ര സുന്നത്ത് നിസ്കാരങ്ങളും നിർവഹിക്കാം.
4.വെള്ളം ലഭ്യമായാലോ അല്ലെങ്കിൽ തടസ്സങ്ങൾ നീങ്ങിയാലോ തയമ്മും അസാധുവാകും.
തയമ്മും ഒന്നിൽ കൂടുതൽ?
അംഗശുദ്ധി വരുത്തേണ്ട പ്രത്യേക അവയവങ്ങളെ നേരത്തെ പരാമർശിച്ചുവല്ലോ. അതിൽ ഏതെങ്കിലും ഒരു അവയവത്തിൽ (ഉദ: കാൽ) വെള്ളം ഉപയോഗിക്കാൻ സാധിക്കാതെ വന്നാൽ ബാക്കിയുള്ള അവയവങ്ങളെ കഴുകുന്നതോടൊപ്പം ഒരു തയമ്മുമാണ് ചെയ്യേണ്ടത്. വുളൂഇൽ ആ അവയവത്തെ കഴുകേണ്ട സമയത്താണ് അതിനുവേണ്ടിയുള്ള തയമ്മുമ് നിർവഹിക്കേണ്ടത്. രണ്ടു അവയവങ്ങളിലാണ് വെള്ളം ഉപയോഗിക്കാൻ പറ്റാത്തതെങ്കിൽ രണ്ടും , മൂന്ന് അവയവത്തിലാണെങ്കിൽ മൂന്നും തയമ്മും വേണ്ടിവരും.
എന്നാൽ മുഖത്ത് പൂർണ്ണമായും വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ, അല്ലെങ്കിൽ മുഖത്തും ഇരുകയ്യിയിലും പൂർണ്ണമായും വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ, അല്ലെങ്കിൽ വുളൂഇൻ്റെ ഒരു അവയവത്തിലും തീരെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത രോഗമാണെങ്കിൽ ഒരു തയമ്മും മതിയാവും.
കുളിക്കു പകരമാണ് തയമ്മും ചെയ്യുന്നതെങ്കിൽ രോഗം എത്ര അവയവങ്ങളിൽ ഉണ്ടെങ്കിലും ഒരു തയമ്മും മാത്രമേ ആവശ്യമുള്ളൂ.
തയമ്മും ചെയ്തു നിസ്കരിച്ചാലും പിന്നീട് മടക്കി നിസ്കരിക്കേണ്ട സാഹചര്യങ്ങൾ
1.തയമ്മും ചെയ്തയാളുടെ മുറിവിൽ അത്യധികം രക്തം ഉണ്ടാവുക.
2.മുഖത്തോ കൈകളിലോ ബാൻഡേജ് പോലുള്ള മറ ഉണ്ടായിരിക്കുക.
3.മുഖം , ഇരു കൈകൾ അല്ലാത്ത മറ്റു അവയവത്തിൽ ആവശ്യത്തിലധികം മുറിവില്ലാത്ത ഭാഗത്തേക്ക് ബാൻഡേജ് പോലോത്തത് ഉണ്ടായിരിക്കുക.
4.ബാൻഡേജ് ധരിച്ചത് അശുദ്ധിയോടുകൂടെ ആവുക.



