ഇസ്ലാമിക വിശ്വാസപ്രകാരം കുളിക്കൽ നിർബന്ധമാകുന്ന കാര്യങ്ങൾ ഉണ്ടാകുന്നതിനാണ് വലിയ അശുദ്ധി എന്ന് പറയുന്നത്. വലിയ ശുദ്ധിക്ക് കാരണമാകുന്ന കാര്യങ്ങൾ:
1. ശുക്ലം പുറപ്പെടൽ.
അറിയാതെ പുറപ്പെട്ടാലും മനപ്പൂർവ്വം പുറപ്പെടുവിച്ചാലും കുളി നിർബന്ധമാവും. മുഷ്ടി മൈഥുനം നിഷിദ്ധമാണ്.
2. ലിംഗാഗ്രം (ലിംഗമുകുളം) ഗുഹ്യത്തിൽ പ്രവേശിക്കൽ.
ഇവിടെ പ്രവേശിക്കുന്നത് കൊണ്ടു തന്നെ കുളിക്കേണ്ടിവരും. ശുക്ള സ്ഖലനം ഉണ്ടാവണമെന്നില്ല. എന്നാൽ സല്ലാപ വേളയിലോ , വികാര സമയത്തോ ലിംഗാഗ്രത്ത് കാണുന്ന കൊഴുപ്പ് (മദജലം) മാലിന്യമാണ്. അത് പുറപ്പെട്ടാൽ കഴുകി ശുദ്ധിയാക്കണം. അത് പുറപ്പെടുന്നത് മൂലം ചെറിയ അശുദ്ധി ഉണ്ടാവുമല്ലൊ. അതുകൊണ്ട് വുളുഅ് ചെയ്യുകയും വേണം. കുളിക്കേണ്ടതില്ല.
3. ആർത്തവ രക്തം നിലയ്ക്കുക.
ചില പ്രത്യേക സമയങ്ങളിൽ സ്ത്രീകളുടെ ഗർഭാശയത്തിൽ നിന്നും പുറപ്പെടുന്ന രക്തമാണ് ആർത്തവ രക്തം. ആർത്തവം ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം കൊണ്ടുതന്നെ അവസാനിക്കാം. സാധാരണയിൽ ആറോ ഏഴോ ദിവസവും കൂടിക്കഴിഞ്ഞാൽ 15 ദിവസവും ഉണ്ടാവും. രണ്ടു മാസങ്ങളിലെ ആർത്തവങ്ങൾക്കിടയിൽ ചുരുങ്ങിയത് 15 ദിവസമെങ്കിലും ശുദ്ധി ഉണ്ടാവേണ്ടതുണ്ട്. എന്നാൽ മാത്രമേ ശേഷം വരുന്നത് ആർത്തവമായി പരിഗണിക്കു ... അല്ലാത്തപക്ഷം ആ രക്തം രോഗ രക്തമായിരിക്കും. ആർത്തവ രക്തം പുറപ്പെട്ടാൽ നിസ്കാരവും നോമ്പുമെല്ലാം നിഷിദ്ധമാണ്. ആർത്തവരക്തം നിലച്ചതിനു ശേഷം കുളിക്കണം.
4. പ്രസവം
പ്രസവിക്കുന്നത് കൊണ്ടുതന്നെ വലിയ അശുദ്ധി ഉണ്ടാവും. പ്രസവിക്കപ്പെട്ടത് രക്തക്കട്ടയോ മാംസക്കട്ടയോ മാത്രമാണെങ്കിലും കുളി നിർബന്ധം തന്നെ.
5.പ്രസവ രക്തം നിലയ്ക്കുക.
പ്രസവരക്തം നിലച്ചാൽ കുളിച്ചു ശുദ്ധിയാവണം. പ്രസവരക്തം പെട്ടെന്ന് തന്നെ അവസാനിച്ചെന്നുവരും സാധാരണയിൽ 40 ദിവസത്തോളം നീണ്ടു നിൽക്കാറുണ്ട്. പരമാവധി 60 ദിവസമാണ് പുറപ്പെടുന്നതിന്റെ സമയം. ഈ അഞ്ചു കാരണങ്ങളിൽ ഒന്നിൽ കൂടുതൽ കാരണങ്ങൾ ഒരാളിൽ ഒരേസമയത്ത് ഉണ്ടായാൽ (ഉദ: സംയോഗം ചെയ്തതോടൊപ്പം ശുക്ലസ്രാവവും ഉണ്ടായി) അല്ലെങ്കിൽ ഈ അഞ്ചു കാരണങ്ങൾ തന്നെയും ഒന്നിച്ച് ഒരാളിൽ ഉണ്ടായാൽ ഒരു കുളി മാത്രമേ നിർവഹിക്കേണ്ടതൊള്ളു.
6. മരണം
മുസ്ലിം മരിച്ചു കഴിഞ്ഞാൽ ജീവിച്ചിരിക്കുന്ന മറ്റു മുസ്ലീങ്ങളുടെ ബാധ്യതയാണ് അദ്ദേഹത്തെ കുളിപ്പിക്കൽ. കുളിപ്പിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവും. നേരത്തെ സൂചിപ്പിച്ച ചെറിയ അശുദ്ധി കൊണ്ട് നിഷിദ്ധമാകുന്ന കാര്യങ്ങൾ വലിയ അശുദ്ധി കൊണ്ടും നിഷിദ്ധമാവും. അതിനു പുറമേ ഖുർആൻ ഓതുക, പള്ളിയിൽ നിൽക്കുക (പള്ളിയിലൂടെ വഴിവിട്ടു കടക്കുന്നതിനു വിരോധമില്ല) എന്നിവയും പാടില്ലാത്തതാണ്. എന്നാൽ ആർത്തവം, പ്രസവ രക്തം എന്നിവ പുറപ്പെടുന്ന സമയത്ത് ഇവകൾക്ക് പുറമെ നാലു കാര്യങ്ങൾ കൂടി നിഷിദ്ധമാണ്. 1.സംയോഗം 2. നോമ്പ് 3. വിവാഹമോചനം 4. ശരീരത്തിൽ മുട്ടു പൊക്കിളുകൾക്കിടയിൽ വസ്ത്രം ധരിക്കാതെയുള്ള സുഖാസ്വാദനം.
രക്തം നിലച്ച ശേഷം കുളിക്കുന്നതിന്റെ മുമ്പ് ഇവയിൽ പെട്ട നോമ്പ്, വിവാഹമോചനം എന്നിവ അനുവദനീയമാണ്. നിയ്യത്തോടു കൂടെ ( കരുത്ത് ) ശരീരത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും വെള്ളം ഒഴുക്കുക എന്നതാണ് കുളി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏതെങ്കിലും ഭാഗത്ത് വെള്ളം എത്തിയിട്ടില്ലെങ്കിൽ ആ കുളി അസാധുവാണ്.



