നിസ്കാരത്തിൻ്റെ നിബന്ധനയാണ് ചെറുതും വലുതുമായ അശുദ്ധികളിൽ നിന്ന് ശുദ്ധിയാവുക എന്നത്. ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ അംഗശുദ്ധി വരുത്തുകയാണ് (വുളൂഅ് ചെയ്യുക) വേണ്ടത്. എപ്പോഴാണ് ചെറിയ അശുദ്ധി ഉണ്ടാവുക? നാലു കാരണങ്ങളാണ് അതിനുള്ളത്. നാലു കാര്യങ്ങളിൽ ഏതെങ്കിലും ഒന്നു ഉണ്ടായാൽ ചെറിയ അശുദ്ധി ഉണ്ടായതായി കണക്കാക്കപ്പെടും. ഇനി അംഗശുദ്ധി വരുത്താതെ നിസ്കരിക്കാൻ പറ്റില്ല. ആ നാല് കാരണങ്ങൾ താഴെ ചേർക്കുന്നു:
1. വിസർജന ദ്വാരങ്ങളായ മുൻ ദ്വാരത്തിലൂടെയോ പിൻദ്വാരത്തിലൂടെയോ വല്ല വസ്തുവും പുറത്തേക്ക് വരിക. വരുന്ന വസ്തുവിന് തടി വേണമെന്നില്ല കാറ്റായാലും മതി. എന്നാൽ ശുക്ലം പുറപ്പെടുന്നതുകൊണ്ടുമാത്രം ചെറിയ അശുദ്ധി ഉണ്ടാവുകയില്ല.
2.ബുദ്ധിയുടെ സമനില നഷ്ടപ്പെടുക: ഉറക്കം, ബോധക്ഷയം, ലഹരി തുടങ്ങിയവ കൊണ്ടെല്ലാം ബുദ്ധിയുടെ സമനില നഷ്ടപ്പെടാം. എന്നാൽ ശ്രദ്ധ നഷ്ടപ്പെടാത്തവിധം ഉറക്കം തൂങ്ങുന്നത് കൊണ്ടോ ഇരിപ്പിടം ഉറപ്പിച്ചിരുന്ന് ഉറങ്ങുന്നത് കൊണ്ടോ (തറ പോലോത്ത ഉറച്ച സ്ഥലങ്ങളിൽ ഇളകാത്ത വിധം അരക്കെട്ടിന്റെ പിൻഭാഗം ഉറപ്പിച്ച് ഇരിക്കുക ) അശുദ്ധി ഉണ്ടാവുകയില്ല.
3. മുൻ കയ്യിന്റെ ഉൾഭാഗം കൊണ്ട് മറയില്ലാത്തവിധം മനുഷ്യന്റെ ഗുഹ്യസ്ഥാനം തൊടുക: ഗുഹ്യത്തിൽ നിന്നും തൊട്ടാൽ അശുദ്ധിയുണ്ടാവുന്ന ഭാഗം മലദ്വാരത്തിൽ നിന്ന് അതിന്റെ പ്രതൃക്ഷ, ബാഹ്യ ഭാഗങ്ങളുടെ സംഗമ സ്ഥലവും മുൻദ്വാരത്തിൽ നിന്ന് പുരുഷന്റെ ലിംഗവും (വൃഷ്ണം ഒഴികെ ) സ്ത്രീയുടെ ജനനേന്ദ്രിയത്തിന്റെ ഇരു പാർശ്വങ്ങൾ സംഗമിക്കുന്ന സ്ഥലവും മാത്രമാണ്. അല്ലാത്ത ഭാഗം തൊട്ടാൽ അംഗ ശുദ്ധിവരുത്തൽ നല്ലതാണ്. മൃഗത്തിന്റെ ഗുഹ്യം തൊട്ടാൽ അശുദ്ധി ഉണ്ടാവുകയില്ല.
4. അന്യരും പ്രായപൂർത്തി ആയവരുമായ സ്ത്രീ പുരുഷന്മാരുടെ തൊലികൾ തമ്മിൽ ചേരുക: ആരാണ് അന്യർ ? കുടുംബപരമായോ മുലകുടി മുഖേനയോ വിവാഹത്തിലൂടെയോ അടുത്ത ബന്ധം ഇല്ലാത്തവരാണ് അന്യർ. ഇസ്ലാമിൽ കുടുംബപരമായോ മുലകുടി മുഖേനയോ വിവാഹത്തിലൂടെയോ അടുത്ത ബന്ധം ഉള്ളവർ ആരൊക്കെയെന്നു നോക്കാം. പുരുഷന്മാർക്ക് കുടുംബപരമായി അടുത്ത ബന്ധമുള്ളവർ: മാതാവ് (പിതൃ - മാതൃ വഴിക്കുള്ളത്), മകൾ, പേരമക്കൾ (ആൺ- പെൺ മക്കളുടെത്), സഹോദരിമാർ (മാതാവും പിതാവും ഒത്തവർ, പിതാവ് മാത്രം ഒത്തവർ, മതാവ് മാത്രം ഒത്തവർ), സഹോദരിമാരുടെ മക്കളും പേരമക്കളും, സഹോദരൻമാരുടെ പെൺമക്കൾ, മാതാവിന്റെ സഹോദരിമാർ, പിതാവിന്റെ സഹോദരിമാർ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുകളിൽ സൂചിപ്പിച്ച ഏഴു സ്ഥലങ്ങളിലെ പുരുഷന്മാരാണ് അവർക്ക് കുടുംബപരമായി അടുത്ത ബന്ധമുള്ളവർ.
മുലകുടി ബന്ധം
രണ്ടു വയസ്സ് തികയാത്ത ഒരു കുഞ്ഞ് വ്യത്യസ്തമായ അവസ്ഥയിൽ അഞ്ചു പ്രാവശ്യം ഒരു സ്ത്രീയുടെ മുല കുടിച്ചാൽ അവർ തമ്മിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടും. മുലകുടി മൂലമുള്ള അടുത്ത ബന്ധുക്കൾ ആരെന്നു നോക്കാം. ഒരു ആൺകുഞ്ഞ് മേൽ പറഞ്ഞവിധം ഒരു സ്ത്രീയുടെ മുല കുടിച്ചാൽ അവളും അവളുടെ ഉമ്മയും അവൾക്ക് മുല കൊടുത്ത സ്ത്രീയും വളർത്തുമ്മയുടെ ഭർത്താവിന്റെ മാതാവും ഈ കുഞ്ഞിൻ്റെ മാതാക്കളായി ഗണിക്കപ്പെടും. അതുപോലെ മാതാപിതാക്കൾക്ക് മുലപ്പാൽ നൽകിയവരും നമ്മുടെ ഉമ്മമാരായി പരിഗണിക്കപ്പെടുന്നവർ തന്നെയാണ്.
ഒരു പെൺകുഞ്ഞ് ഒരാളുടെ സ്വന്തം ഭാര്യയുടെയോ ആൺമക്കളുടെ ഭാര്യയുടെയോ തന്റെ പെൺമക്കളുടെയോ മുലകുടിച്ചാൽ അയാളുടെ പെൺകുട്ടിയായി ഈ മുലകുടിച്ച പെൺകുട്ടിയെ പരിഗണിക്കപ്പെടും. ഒരു പെൺകുഞ്ഞ് ഒരാളുടെ മാതാവിന്റെയോ പിതാവിന്റെ മറ്റു ഭാര്യമാരുടെയോ മുലപ്പാൽ കുടിച്ചാൽ തൻ്റെ സഹോദരിയായി ഗണിക്കപ്പെടും.
വിവാഹം മൂലമുള്ള അടുത്ത ബന്ധം
പിതാക്കളുടെ ഭാര്യമാർ, സന്താനങ്ങളുടെ ഭാര്യമാർ, ഭാര്യയുടെ മാതാക്കൾ എന്നിവരാണ് വിവാഹം മൂലമുള്ള അടുത്ത ബന്ധമായി കണക്കാക്കുന്നത്. ഈ പറയപ്പെട്ടവരെ വിവാഹം കഴിക്കാൻ സാധ്യമല്ല. ഇവരെ കാണലും തൊടലും അനുവദനീയമാണ്. എന്നാൽ സ്വന്തം ഭാര്യയെ തൊട്ടാൽ ചെറിയ അശുദ്ധിയുണ്ടാവും. ഭാര്യ അന്യരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതു കൊണ്ടല്ലിത്. മറിച്ച് ഭാര്യയെ സ്പർശിക്കുമ്പോൾ അന്യ സ്ത്രീയെ സ്പർശിക്കും പോലെയുള്ള വൈകാരിക ഉത്തേജനത്തിനു സാഹായകമാവും എന്നത് കൊണ്ടാണ്. മുകളിൽ സൂചിപ്പിച്ചവരല്ലാത്ത എല്ലാ സ്ത്രീ പുരുഷരും അന്യരാണ്. അനുവദനീയമായ ഇടങ്ങളിലല്ലാതെ അവർ പരസ്പരം നോക്കുന്നത് പോലും ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണ്. അവരുടെ മുടി, നഖം, പല്ല് അല്ലാത്ത ഏതു ഭാഗങ്ങളും പരസ്പരം തട്ടിക്കഴിഞ്ഞാൽ ചെറിയ ശുദ്ധി ഉണ്ടാകും
ചെറിയ അശുദ്ധിയുള്ളവർക്ക് അനുവദനീയമല്ലാത്ത കാര്യങ്ങൾ
ചെറിയ അശുദ്ധിക്ക് കാരണമാകുന്ന നാലു കാര്യങ്ങളിൽ ഏതെങ്കിലും ഒന്നുണ്ടാകുന്നതുമൂലം അനുവദനീയമല്ലാത്ത കാര്യങ്ങൾ: 1. നിസ്കാരം, 2. സാഷ്ടാംഗം (സുജൂദ്). നിസ്കാരത്തിലെ ഒരു നിർബന്ധ ഘടകമാണ് സുജൂദ്. എന്നാൽ നിസ്കാരത്തിൽ അല്ലെങ്കിലും സുജൂദ് ചെയ്യേണ്ട അവസരങ്ങളുണ്ട് അതുകൊണ്ടാണ് പ്രത്യേകം പരാമർശിച്ചത്. 3. കഅ്ബ പ്രദക്ഷിണം (ത്വവാഫ്), 4. ഖുർആൻ തൊടുക.
എന്നാൽ വിവേകമുള്ള കുട്ടികൾക്കു പഠനാവശ്യത്തിനു വേണ്ടി ഖുർആൻ തൊടുന്നതിനും എടുക്കുന്നതിനും വിരോധമില്ല. ഖുർആൻ അറബിയല്ലാത്ത ഭാഷയിൽ എഴുതുന്നതും മുസ്ഹഫിനകത്ത് നാണയങ്ങളും നോട്ടുകളും വെക്കുന്നതും ഖുർആനിനോട് അനാദരാവായി പെരുമാറുന്നതും നിഷിദ്ധമാണ്. ഖുർആനു നേരെ കാലു നീട്ടുന്നത് പോലും കുറ്റകരമാണ്. ഖുർആൻ പാരായണത്തിന് വുളൂ നിർബന്ധമില്ല.



