ഇസ്ലാമിക ദൈവശാസ്ത്രം ആത്യന്തികമായി മുന്നോട്ടുവെക്കുന്നത് പ്രപഞ്ച സ്രഷ്ടാവിന്റെ അനിവാര്യമായ ഉണ്മയെയും ഏകത്വത്തെയുമാണ്. പ്രപഞ്ച സൃഷ്ടാവിന്റെ ഉണ്മയുടെ ബുദ്ധിപരമായ സാധ്യതയെക്കുറിച്ചാണ് ദൈവശാസ്ത്രം ആദ്യം സംസാരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ പരിമിതികളെ തിരിച്ചറിയുന്ന മനുഷ്യൻ സൃഷ്ടാവിനെ അന്വേഷിക്കേണ്ടി വരുന്നു. അവൻ നിസാരനാണ്. നിസ്സഹായനാണ്. ഉണ്മ അനിവാര്യമല്ലാത്തവനാണ്. ഉണ്മ അനിവാര്യമല്ലാത്ത മനുഷ്യനെ ഉണ്ടാക്കിയത് ആരാണ്?
ഉണ്മ അനിവാര്യമല്ലാത്ത ഏത് വസ്തുവും ഉണ്ടാവണമെങ്കിൽ ഒരു സ്രഷ്ടാവ് വേണം. കാരണം, ഉണ്മ അനിവാര്യമല്ലാത്തവ ഏതെങ്കിലും ഒരു സമയത്ത് ഉണ്ടായതാവണം. എങ്കിൽ, ഈ സമയത്ത് അതിന്റെ ഉണ്മയെ അനിവാര്യമാക്കിയ ഘടകമെന്ത്? എന്ത്കൊണ്ട് ഈ സമയത്ത് ഉണ്ടായി, മുമ്പ് ഉണ്ടായില്ല! അനിവാര്യ ഉണ്മയായ അല്ലാഹുവിന്റെ ഉദ്ദേശ്യമാണ് ഈ വസ്തുവിന്റെ ഉണ്മയെ അനിവാര്യമാക്കിയത്. അടിസ്ഥാനപരമായി മതം സ്വീകരിക്കാൻ അനിവാര്യമായ യുക്തിയാണിത്. ഈ യുക്തിവിചാരമാണ് ഓരോ മനുഷ്യനെയും ദൈവവിശ്വാസിയാക്കുന്നത്
ഭീമാകാരങ്ങളായ ഈ മഹാ പ്രപഞ്ചവും വിസ്മയങ്ങളുടെ മഹാകലവറയായ മനുഷ്യനും സ്വയം ഉണ്ടായതാണ് എന്നതു യുക്തിക്ക് ദഹിക്കുന്നതാണോ? പ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ ഇമാം അബു ഹനീഫ ഒരിക്കൽ ഒരു നാസ്തികനുമായി സംവാദത്തിന് പോയി. സമയം അൽപ്പം വൈകിയെത്തിയ ഇമാമിനോട് അദ്ദേഹം ദേശ്യത്തോടെ കാരണമന്വേഷിച്ചു. ഇമാം പറഞ്ഞു: “ഞാൻ ഇവിടേക്ക് പുറപ്പെടുമ്പോൾ ഒരു നദി മുറിച്ചുകടക്കാനുണ്ടായിരുന്നു. നദിക്കരയിലെത്തിയപ്പോൾ തോണി ലഭിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു മരം സ്വയം വീണത്. എന്നിട്ട്, അതൊരു തോണിക്കു പാകത്തിലുള്ള പലകകളായി മാറി. അങ്ങനെ അവകൾ സ്വയം ചേർന്ന് ഒരു തോണിയായി. എന്നിട്ട്, ആ തോണി എന്റെ അടുത്തു വന്നു നിന്നു. അതിൽ കയറി വന്നത് കൊണ്ടാണ് ഇപ്പോയെങ്കിലും എത്താനായത്.” ഇത് കേൾക്കേണ്ട താമസം നാസ്തികൻ നിഷേധിച്ചു. ഉടനെ ഇമാം ചോദിച്ചു: “കേവലം ഒരു തോണി സ്വയം ഉണ്ടായതാണെന്നു സമ്മതിക്കാൻ കഴിയാത്ത നിങ്ങളെങ്ങനെ ഈ മഹാ പ്രപഞ്ചം സ്വയം ഉണ്ടായതാണെന്നു വിശ്വസിക്കുന്നു!?”
പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു സൃഷ്ടാവുണ്ട്. അത് പ്രകൃതിയാവാൻ തരമില്ല. കാരണം, പ്രകൃതിയെന്നാൽ നാമെല്ലാമാണ്. നമുക്ക് കഴിയില്ല എങ്കിൽ അചേതനമായ പ്രകൃതിയിലെ മറ്റു വസ്തുക്കൾക്ക് എങ്ങനെ കഴിയും? ചുരുക്കത്തിൽ, ആ ശക്തി സർവ്വശക്തനായ, സർവ്വജ്ഞാനിയായ, പരമാധികരിയായ അല്ലാഹു ആകാനേ തരമുള്ളൂ. ഇതാണ് ഇസ്ലാമികവചനശാസ്ത്രം ആത്യന്തികമായി മുന്നോട്ടുവെക്കുന്ന യുക്തിഭദ്രമായ വിശ്വാസസങ്കൽപ്പം.
ഈ പ്രപഞ്ചസൃഷ്ടാവിനെ അർഹിക്കുന്ന വിശേഷണങ്ങൾ കൊണ്ട് വിശദീകരിക്കാൻ ഇസ്ലാമിന് മാത്രമേ സാധിച്ചിട്ടുള്ളു. മറ്റെല്ലാ വിശദീകരണങ്ങളും പ്രപഞ്ച സൃഷ്ടാവിന്റെ യോഗ്യതക്കനുസരിച്ചുള്ളതല്ല. സൃഷ്ടികളോട് സാമ്യപ്പെടുത്തിയും സൃഷ്ടിഗുണങ്ങൾ ആരോപിച്ചും മനുഷ്യബലഹീനതകൾക്കടിമപ്പെട്ട ദൈവത്തെയാണ് മറ്റുള്ളവർ പരിചയപ്പെടുത്തിയത്. ഇസ്ലാം പരിചയപ്പെടുത്തിയ ദൈവം അള്ളാഹുവാണ്. അവൻ ഏകനും നിരാശ്രയനും സർവ്വജ്ഞനും സർവ്വാധികാരിയുമാണ്. ജാതനോ ജനകനോ സൃഷ്ടിവിശേഷണങ്ങൾ ഉള്ളവനോ അല്ല. സമയ, സ്ഥല, കാല പരിമിതികളിൽ ഉൾക്കൊള്ളുന്നവനല്ല. വിശുദ്ധ ഖുർആനിലെ 112 മാത്തെ അധ്യായം അള്ളാഹുവിനെ കൃത്യമായി വിശദീകരിക്കുന്നു:
"നബിയേ, നിങ്ങൾ പറയുക. അള്ളാഹു ഏകനാണ്. അവൻ നിരാശ്രയനാണ്. ജനകനോ ജാതനോ അല്ല. അവനോട് സാമ്യതയുള്ള ഒരാളുമില്ല." (സൂറതുൽ ഇഖ്ലാസ് ).
ആരാണ് അള്ളാഹു?
ഇസ്ലാം പരിചയപ്പെടുത്തുന്ന സത്യ ദൈവമാണ് അള്ളാഹു. ദൈവശാസ്ത്രപണ്ഡിതന്മാർ അള്ളാഹുവിനെ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്:
عَلَمٌ لِلذَّاتِ الوَاجِبِ الوُجُود المُسْتَحِقِّ لِجَمِيعِ صِفاَتِ الكَمَالِ
“പരിപൂർണതയുടെ എല്ലാ വിശേഷണങ്ങളും അർഹിക്കുന്ന, സ്വയം പര്യാപ്തതയുള്ള ഒരു സത്തയുടെ പേരാണ് അള്ളാഹു.”
യഥാർത്ഥ ആരാധ്യൻ എന്നർത്ഥംവരുന്ന 'അൽ ഇലാഹ്' എന്ന അറബി പദത്തിൽ നിന്ന് നിഷ്പന്നമായതാണ് അള്ളാഹു എന്ന നാമം. അള്ളാഹുവിന്റെ സവിശേഷഗുണങ്ങൾ നിരവധിയാണ്. അവ അനന്തമാണ്. അള്ളാഹുവിന് ഉണ്ടായിരിക്കൽ അനിവാര്യമായ 20 വാജിബായ സ്വിഫതുകളും (അനിവാര്യ വിശേഷണങ്ങൾ), ഉണ്ടാകാൻ പാടില്ലാത്ത 20 മുസ്തഹീലായ സ്വിഫതുകളും (അസംഭവ്യമായ വിശേഷണങ്ങൾ), ജാഇസായ 1 സ്വിഫതുമുണ്ട് (അനുവദനീയ വിശേഷണം). ഇവകൾ അറിയൽ ഓരോ വിശ്വാസിക്കും നിർബന്ധമാണ്.
അള്ളാഹുവിന്റെ അനിവാര്യവിശേഷണങ്ങളെ മൂന്നായിട്ട് വർഗീകരിക്കാം.
- സത്താപരമായ വിശേഷണങ്ങൾ
- സത്താപരമല്ലാത്ത വിശേഷണങ്ങൾ
- ആശയപരമായ വിശേഷണങ്ങൾ
സത്താപരമായ വിശേഷണങ്ങൾ
അള്ളാഹുവിന്റെ അസ്തിത്വം, ഉണ്മ എന്നിവയുമായി ബന്ധപ്പെട്ട വിശേഷണങ്ങളാണിവ. ബുദ്ധിപരവും പ്രാമാണികമായ തെളിവുകളിൽനിന്ന് നിർധാരണം ചെയ്തെടുത്തതാണിവകൾ.
1. ഉണ്മ (Existence)
2. തുടക്കമില്ലായ്മ (Eternality)
3. ഒടുക്കമില്ലായ്മ ( Everlastingness )
4. സ്വയം പര്യാപ്തത (Self-sufficiency)
5. സൃഷ്ടികളോട് തുല്യമാവാതിരിക്കൽ (Being Dissimilar to creations)
6. ഏകത്വം (Oneness)
ഉണ്മയാണ് (EXISTENCE) ഏറ്റവും ആദ്യത്തെ വിശേഷണം.
അള്ളാഹുവിന്റെ ഉണ്മ (existence) സ്ഥിരപ്പെട്ടാൽ ഉയർന്ന് വരാവുന്ന സ്വാഭാവിക ചോദ്യമാണ് അവൻ ഏപ്പോഴാണ് ഉണ്ടായത്? അതിനുള്ള ഉത്തരമാണ്, തുടക്കമില്ലാത്തവനാണ് എന്ന രണ്ടാമത്തെ വിശേഷണം. എത്ര കാലം വരെയുണ്ടാകുമെന്നായിരിക്കും അടുത്ത ചോദ്യം. അതിനുള്ള ഉത്തരമാണ് മൂന്നാമത്തെ വിശേഷണം. എന്നെന്നും ശേഷിക്കുന്നവനാണ്. ഈ കഴിവുകൾ എവിടുന്ന്കിട്ടിയെന്ന അടുത്ത ചോദ്യത്തിനുള്ള ഉത്തരം, അവൻ നിരാശ്രയനാണ് എന്ന അടുത്ത വിശേഷണം.
എങ്കിൽ, അള്ളാഹുവിന്റെ രൂപം സങ്കൽപ്പിക്കാൻ കഴിയുമോ എന്നായിരിക്കും അടുത്ത സംശയം. അതിനുള്ള ഉത്തരമാണ് അടുത്ത വിശേഷണം. സൃഷ്ടികളോട് സാമ്യതയില്ലാത്തവനാണ്. (തലച്ചോറിന്റെ പലഭാഗങ്ങളിൽ നിന്നാണ് ഭാവന ഉടലെടുക്കുന്നതെന്ന് വിദഗ്ദർ പറയുന്നു. കാഴ്ച, വികാരം, ഇന്ദ്രിയങ്ങൾ എന്നിവയ്ക്ക് സംവിധാനിച്ചിട്ടുള്ള മേഖലകൾ ഇതിൽ പങ്ക്ചേരുന്നു. യുക്തി, സംസാരം, നാഡീ പ്രേരണകൾ എന്നിവയും മറ്റും നിയന്ത്രിക്കുന്ന മേഖലകളും ഭാവന സാധ്യമാക്കാൻ മസ്തിഷ്കം ഉപയോഗിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ, ഭാവന എവിടെനിന്ന് വരുന്നു? യഥാർത്ഥ ജീവിത സംഭവങ്ങൾ ഭാവന രൂപപ്പെടുത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. വാസ്തവത്തിൽ, ആളുകൾ സങ്കൽപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടുവരാൻ മനുഷ്യമസ്തിഷ്കം പലപ്പോഴും ഓർമ്മകളിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു. ഒരു വ്യക്തി ഒരു സങ്കല്പത്തിലേക്ക് നീങ്ങുമ്പോൾ, ഭാവനയെ ശക്തിപ്പെടുത്താൻ തലച്ചോറ് ആ ഓർമ്മകളെ ഉപയോഗിക്കുന്നു. അഥവാ, ആ വ്യക്തി സൃഷ്ടികളിൽ നിന്ന് ഇന്ദ്രിയങ്ങളിലൂടെ സ്വായത്തമാക്കിയവയാണ് സങ്കൽപ്പങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. എന്നാൽ, അല്ലാഹു സൃഷ്ടി ലോകത്തിന് അതീതനായതിനാൽ സങ്കൽപ്പിക്കാൻ സാധ്യമല്ലാത്തവയുമാണ്.)
അവൻ സത്താപരമായും ഗുണപരമായും ഏകനാണ്. ഇതാണ് ആറാമത്തെ വിശേഷണം. ഇവിടെ പരാമർശിച്ചതിൽ ആദ്യത്തെതല്ലാത്ത മുഴുവൻ വിശേഷണങ്ങളും ഋണാത്മകമാണ് (Negative).
സത്താപരമല്ലാത്ത വിശേഷണങ്ങൾ
1. ജീവനുള്ളവൻ
2. അറിവുള്ളവൻ
3. ഉദ്ദേശമുള്ളവൻ
4. കഴിവുള്ളവൻ
5. കേൾവിയുള്ളവൻ
6. കാഴ്ച്ചയുള്ളവൻ
7. സംസാരമുള്ളവൻ
അള്ളാഹുവിന്റെ സത്തയിൽ നിലകൊള്ളുന്ന ഗുണങ്ങളാണ് ഇനി പരാമർശിക്കുന്നത്. അഖില ലോക പ്രപഞ്ചത്തിലെ മുഴുവൻ ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ശക്തിക്ക് ബുദ്ധിപരമായി ഉണ്ടാകേണ്ട വിശേഷണങ്ങളാണിവ. അള്ളാഹു എന്നത് കേവല സങ്കൽപ്പമോ ആശയമോ അല്ല. മറിച്ച്; ജീവനുള്ള സത്തയാണ്. ജീവനില്ലാത്ത വസ്തുക്കൾക്ക് ജീവനുള്ളവയെക്കാൾ ഒരു മഹത്വവുമില്ലല്ലോ. ജീവനില്ലാത്ത വസ്തുക്കൾക്കോ കേവല ആശയങ്ങൾക്കോ എങ്ങനെ പ്രപഞ്ചത്തിന്റെ അധിപനാകാൻ കഴിയും? പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുന്ന ഒരാൾക്ക് നിരുപാധികമായ അറിവ് അനിവാര്യമാണല്ലോ. ഒരു കാര്യം നടപ്പാക്കണമെങ്കിൽ ഉദ്ധേശ്യവും അതിനുള്ള കഴിവും വേണം. സൃഷ്ടികളുടെ കർമ്മങ്ങൾ നിരീക്ഷിക്കാനുതകുന്ന കാഴ്ച്ചയും കേൾവിയും നിർദ്ദേശങ്ങൾ നൽകാൻ സംസാരവും അനിവാര്യമാണ്.
ആശയപരമായ വിശേഷണങ്ങൾ
അള്ളാഹുവിന് ആശയപരമായ ഏഴ് വിശേഷണങ്ങളുണ്ട്. അവന്റെ അസ്തിത്വത്തിൽ നിലകൊള്ളുന്നവയാണിവകൾ. സത്ത ഒന്നിലധികം ഉണ്ടാകുന്നതാണ് ഏകത്വത്തെ ബാധിക്കുന്നത്. ഏകമായ സത്തയിൽ ഒന്നിലധികം വിശേഷണങ്ങൾ ഉണ്ടാകുന്നതിൽ പ്രശ്നമില്ല.
1. ജീവൻ (being)
2. അറിവ് (Knowledge)
3. ഉദ്ധേശ്യം (will)
4. കഴിവ് ( Power)
5. കേൾവി (Hearing)
6. കാഴ്ച ( Seeing )
7. സംസാരം (Speech)
ഈ വിശേഷണങ്ങളുടെ നിരാകരണമാണ് അസംഭവ്യമായ വിശേഷണം. അവകൾ ഒരിക്കലും അള്ളാഹുവിൽ ആരോപിക്കാൻ പാടില്ല. ആശ്രിതമായ വസ്തുക്കളെ (Contingents) സൃഷ്ടിക്കൽ, പ്രതിഫലം നൽകലും നൽകാതിരിക്കലും, പ്രവാചകരെ അയക്കലും അയക്കാതിരിക്കലും തുടങ്ങിയവ അള്ളാഹുവിന്റെ സ്വതന്ത്രമായ വിശേഷണങ്ങളിൽ പെട്ടതാണ്.
തൗഹീദ്
ഇസ്ലാം പരിചയപ്പെടുത്തിയ ഏറ്റവും മർമ്മപ്രധാനമായ ആശയമാണ് തൗഹീദ് (ഏകദൈവ വിശ്വാസം). ഇസ്ലാമിലെ ദൈവസങ്കൽപ്പത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഏകദൈവ വിശ്വാസമാണ്. വിശുദ്ധ ഖുർആൻ പലയിടങ്ങളിലായി ഈ സന്ദേശത്തെ ഉദ്ഘോഷിക്കുന്നുണ്ട്. അമ്പിയാഅ് അധ്യായത്തിലെ 108-ാമത്തെ സൂക്തം നോക്കുക, അള്ളാഹു പറയുന്നു:
قُلْ إِنَّمَا يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَهَلْ أَنْتُمْ مُسْلِمُونَ.
“നബിയെ, നിങ്ങൾ പറയുക. തീർച്ചയായും നിങ്ങളുടെ ദൈവം ഏകനാണെന്ന് എനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു.”
സമാനമായ ആശയങ്ങൾ നിരവധി സൂക്തങ്ങളിൽ കാണാം. ലോകത്തിന് ഇസ്ലാം നൽകിയ ഏറ്റവും മഹത്തായ ആശയവും ഇതുതന്നെയാണ്. നബി പറയുന്നു:
أَفْضَلُ مَا قُلْتُ أَنَا والنبيون من قبلي لا الاه الاٌ الله وحده لا شريك له.
“ഞാനും എനിക്ക് മുമ്പുളള മുഴുവൻ പ്രവാചകന്മാരും പറഞ്ഞതിൽ വെച്ച് ഏറ്റവും ഉത്കൃഷ്ടമായ വാക്ക് ഏകനായ അള്ളാഹു മാത്രമാണ് ദൈവമെന്നതാണ്.”
ദൈവത്തിന്റെ ബഹുത്വം ബുദ്ധിപരമായി അസാധ്യമായതാണ്.
ദൈവം എന്നാൽ പരമാധികാരിയാണ്. ഒന്നിലധികം പരമാധികാരികൾ ഉണ്ടായാൽ രണ്ട് പേരുടെയും പരമാധികാരം പൂർണമാകില്ല. കാരണം, ഒരു ദൈവത്തിന് രണ്ടാമത്തെ ദൈവത്തിനെതിരെ ഒന്നും തീരുമാനിക്കാൻ കഴിയില്ല. ഇത് ദൈവികതയെ ചോദ്യം ചെയ്യുന്നതാണ്. ഇനി ഒരാൾക്ക് മറ്റൊരാൾക്കെതിരെ തീരുമാനമെടുക്കാൻ കഴിവുണ്ടെങ്കിൽ അയാളായിരിക്കില്ലെ യഥാർത്ഥ ദൈവം? രണ്ട് പേരും സഹകരിച്ച്കൊണ്ട് അധികാരം പങ്കിട്ടെടുക്കുകയാണെങ്കിലോ? അപ്പോഴും പ്രശ്നമാണ്. ദൈവത്തിന്റെ പരമാധികാരം നഷ്ടപ്പെടുകയാണ്. ചുരുക്കത്തിൽ, ദൈവത്തിന്റെ ബഹുത്വം ബുദ്ധിപരമായി അസംഭവ്യമാണ്. വിശുദ്ധ ഖുർആനിലെ 21-ാമത്തെ അധ്യായം സൂറത്തുൽ അമ്പിയാഇൽ പറയുന്നു:
لَوۡ كَانَ فِیهِمَاۤ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَاۚ فَسُبۡحَـٰنَ ٱللَّهِ رَبِّ ٱلۡعَرۡشِ عَمَّا یَصِفُونَ
"അള്ളാഹുവിനെകൂടാതെ മറ്റു ദൈവങ്ങളുണ്ടായിരുന്നങ്കിൽ ആകാശഭൂമികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമായിരുന്നു.”
ദൈവങ്ങളുടെ ബഹുത്വം പ്രപഞ്ചത്തിന്റെ ഘടനയെ ഇല്ലാതാക്കുമെന്നാണ് ഖുർആൻ പറയുന്നത്. കാരണം, പ്രപഞ്ചത്തിലെ ഓരോ സംഭവവികാസങ്ങളും ദൈവികേച്ഛയുടെ പ്രതിഫലനമാണ്. തീരുമാനമെടുക്കാൻ ഒന്നിലധികം ആളുകളാണെങ്കിൽ ഈ ഐക്യം നഷ്ടപ്പെടും.
കൃത്യമായ ഏകദൈവവിശ്വാസത്തെ പ്രബോധനം ചെയ്തത് ഇസ്ലാം മാത്രമാണ്. മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങളിലും ഈ വൈരുദ്ധ്യം നമുക്ക് കാണാൻ കഴിയും. ക്രിസ്റ്റ്യാനിറ്റിയുടെ അടിസ്ഥാനപ്രമാണങ്ങൾ ഏകത്വത്തെ വിളംബരപ്പെടുത്തുന്നുണ്ടെങ്കിലും ഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനിക്കപ്പെട്ടു. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഈ മൂന്ന് ദൈവങ്ങളടങ്ങിയ ത്രിയേകത്വത്തെയാണ് അവർ പ്രബോധനം ചെയ്യുന്നത്. മൂന്ന് ദൈവങ്ങൾ കൂടുമ്പോൾ ഏകത്വം എങ്ങന്നെ ഉണ്ടാകുന്നു എന്ന വൈരുദ്ധ്യത്തെ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഹിന്ദു മതം പരബ്രഹ്മം എന്ന ആത്യന്തിക സത്യത്തെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും ബഹുദൈവാരധനയെയും പ്രബോധനം ചെയ്യുന്നു. ദൈവികഗുണങ്ങൾ സൃഷ്ടികളിൽ ആരോപിക്കുന്ന അവതാരസങ്കൽപ്പം ബുദ്ധിപരമായി ഉൾക്കൊള്ളാൻ കഴിയില്ല. കാരണം, നാം നേരെത്തെ പറഞ്ഞത്പോലെ ദൈവം അനിവാര്യമായ ഉണ്മയാണ് (Necessary being) . ആ ഉൺമയുടെ വിശേഷണങ്ങൾ ആശ്രിതമായ ഉണ്മയിൽ (contingency being) നില നിൽക്കില്ല.
ഇസ്ലാം മുന്നോട്ട് വെക്കുന്ന ദൈവ സങ്കൽപ്പമാണിത്. വളരെ സരളവും യുക്തിഭദ്രവുമാണ്. നിശ്പക്ഷമായി വിലയിരുത്തിയാൽ, നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ച നിയന്താവിനെ ഈ രൂപത്തിൽ മാത്രമേ വിശദീകരിക്കാൻ കഴിയു എന്ന് ബോധ്യപ്പെടും, തീർച്ച!



