രണ്ടു നിലയുള്ള ഒരു കെട്ടിടം. താഴെത്തട്ടിന് ആറ് തൂണുകൾ. മുകൾത്തട്ടിന് അഞ്ചും. താഴെത്തട്ടിലെ തൂണുകൾക്ക് ആയിരിക്കുമല്ലോ പ്രാധാന്യം കൂടുതൽ. അവയുടെ ബലത്തിലാണല്ലോ മുകൾത്തട്ടിലെ തൂണുകൾ നിൽക്കുക. എന്തെങ്കിലും ആഘാതം പറ്റി മുകൾനില തകർന്നുവെന്നിരിക്കട്ടെ; അടിത്തട്ടിന് ഒന്നും പറ്റുകയില്ല. മറിച്ച്, ഇളക്കം തട്ടിയത് അടിത്തട്ടിനാണെങ്കിൽ; മുകൾത്തട്ടിനൊട്ട് നിലനിൽപ്പില്ല താനും.
ഈയൊരു കെട്ടിടം പോലെയാണ് ഇസ്ലാമിന്റെ ഘടന. വിശ്വാസപരമായ കാര്യങ്ങളാണ് ആറ് താഴ്തൂണുകൾ. കർമ്മത്തേക്കാൾ പ്രധാനം വിശ്വാസത്തിനാണ്. ഏറ്റവും പ്രധാനമായി വിശ്വാസമുറക്കേണ്ടത് സ്രഷ്ടാവായ അല്ലാഹുവിനെക്കുറിച്ച് തന്നെയാണ്.
അത് ആയാൽ തന്നെ എല്ലാം ആയി എന്ന് പറയാം. അവനെ അറിയേണ്ടതുപോലെ അറിഞ്ഞാൽ ബാക്കിയെല്ലാം വഴിക്കങ്ങ് വന്നുകൊള്ളും. മരത്തിന് വേരു വേണം, തടി വേണം, ചില്ല വേണം, ഇല വേണം, കനി വേണം, എല്ലാം വേണം. പക്ഷേ, ഇതെല്ലാം ഓരോന്ന് നമ്മൾ ഉണ്ടാക്കേണ്ട; നല്ല അസ്സൽ ഒരു വിത്ത് ഫലഭൂയിഷ്ഠമായ ഒരു ഭൂമിയിൽ പൂഴ്ത്തി വെച്ചാൽ മതി. അതങ്ങ് കിളിർത്ത് തിടം വെച്ച് കൊല്ലം കൊല്ലം കായ്ച്ച് തൂങ്ങിക്കൊള്ളും. വളരെ മനോഹരമായി ഖുർആൻ ഇത് പറയുന്നുണ്ട്.
“അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നതെന്ന് താങ്കൾ കണ്ടില്ലേ? (അത്) ഒരു വൃത്തിയുള്ള വൃക്ഷം പോലെയാകുന്നു. അതിന്റെ മുരട് ദൃഢതയുള്ളതും അതിന്റെ ശിഖിരങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഹിതാനുസരണം എല്ലാ കാലത്തും അത് കനി നല്കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.” (സൂറ ഇബ്രാഹിം 24, 25)
അതേസമയം, നെടുംതൂൺ അടിയിൽ നിന്നും ദ്രവിച്ചു പോയാൽ മൊത്തം ഇളകിയാടും. ഉറപ്പില്ലാത്ത വിശ്വാസം സന്ദേഹത്തിൽ നിന്ന് മുക്തമാവുകയില്ല. അതോ - ഇതോ, അങ്ങനെയോ - ഇങ്ങനെയോ എന്നിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ദുർബലവിശ്വാസത്തെ വേരുചീഞ്ഞ മരത്തോട് അതിമനോഹരമായി ഉപമിച്ചുകൊണ്ട് ഖുർആൻ തുടർന്ന് പറയുന്നുണ്ട്:
“ദുഷിച്ചവചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദ്രവിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന് ഉറപ്പേയില്ല.” (26)
പിന്നീട് വേണ്ടത് മലക്കുകളിലുള്ള വിശ്വാസമാണ്. അല്ലാഹുവിന് കാര്യങ്ങൾ നിർവഹിക്കാൻ ഒരു മാനേജ്മെന്റ് സിസ്റ്റമുണ്ട്. സൃഷ്ടികളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പല കാര്യങ്ങളും മലക്കുകൾ വഴിയാണ് നിർവഹിക്കപ്പെടുന്നത്. നമുക്ക് നേരിട്ട് കാണാനോ കേൾക്കാനോ സാധ്യമല്ലാത്ത അല്ലാഹുവിന്റെ പ്രകാശസൃഷ്ടികളാണ് മലക്കുകൾ.
മൂന്നാമത്തേത്, വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസമാണ്. നമ്മുടെ വേദമാണ് വിശുദ്ധഖുർആൻ. മുൻകാലസമൂഹങ്ങൾക്കും വേദഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. പ്രധാനമായും മൂന്നെണ്ണം. ദാവൂദ് നബിക്ക് സബൂർ, മൂസാ നബിക്ക് തൗറാത്ത്, ഈസാ നബിക്ക് ഇഞ്ചീൽ. പുറമേ, ചില പ്രവാചകന്മാർക്ക് ഏടുകളും നൽകപ്പെട്ടിട്ടുണ്ട്.
നാലാമത്തെതാണ് പ്രവാചകന്‍മാരിലുള്ളവിശ്വാസം. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകൻമാർ വന്നിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിൽ അവർ ജനങ്ങളെ സത്യപാതയിലേക്ക് നയിച്ചു. ഏറ്റവും മാതൃകാപരമായ ജീവിതം കാഴ്ചവെച്ചു. അപൂവ്വാവസരങ്ങളിൽ അവർ അത്ഭുത പ്രവർത്തികൾ കാണിച്ചു.
പിന്നെ വേണ്ടതാണ് പരലോകവിശ്വാസം. വളരെ ലളിതമാണ് അതിന്റെ ഫിലോസഫി. ചിലർ ഈ ലോകത്ത് നല്ലവരായി ജീവിക്കുന്നു. സുകൃതങ്ങൾ ധാരാളം ചെയ്യുന്നു. മറ്റു ചിലർ ക്രൂരന്മാരായി ജീവിക്കുന്നു. ഒരുപാട് ദ്രോഹങ്ങൾ ചെയ്യുന്നു. ഇരുവരും ഒരുപോലെ മരിച്ചു തൊട്ടടുത്ത് തന്നെ ശാന്തമായി ഉറങ്ങുന്നുവെന്ന് പറയുമ്പോൾ ഒരു ശരികേടില്ലേ? നന്നായി പഠിച്ച് പരീക്ഷ എഴുതിയവൻ വിജയിക്കുകയും നല്ല മാർക്ക് കിട്ടുകയും വേണം. പഠിക്കേണ്ട നേരത്ത് കച്ചറ കളിച്ച് നടന്നവൻ, പരീക്ഷയിൽ ഉഴപ്പിയവൻ തോൽക്കുകയോ മാർക്ക് കുറയുകയോ വേണം. അല്ലാതെ, എല്ലാവരും ജയിക്കുകയോ എല്ലാവരും തോൽക്കുകയോ ചെയ്യുന്ന ഒരു സംവിധാനം അർത്ഥശൂന്യമല്ലേ? വിചാരിക്കണ്ട; എല്ലാം മരിച്ചാൽ തീർന്നുവെന്ന്. ജീവിതം ഒരു കൃഷിയാണ്. മരണാനന്തരമാണ് വിളവെടുപ്പ് വരിക.
ഒടുവിലത്തെതാണ് വിധിവിശ്വാസം. നമ്മൾ ആരൊക്കെയോ ആയിരിക്കാം. നല്ല നെഞ്ചുവീതിയും മസിൽപവറും ഒക്കെയുണ്ടാവാം. നാം ഗോത്രമൂപ്പനോ രാജാവോ ചക്രവർത്തിയോ ആരോ ആവാം. എന്നു കരുതി, എല്ലാം നാം വിചാരിക്കും പോലെയാണ് നടക്കുന്നതെന്ന് കരുതരുത്. നാം ഒന്നാമത് വിശ്വസിച്ച അല്ലാഹുവിന്റെ തീർപ്പ്പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത്. നന്മയും തിന്മയും തിരിച്ചറിയാനുള്ള ബുദ്ധി അവൻ നൽകിയിട്ടുണ്ട്; അതനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും. ജീവിതത്തിന്റെ അവസാന നിമിഷം വരെ നന്മക്ക് വേണ്ടി കഠിനമായി പ്രവർത്തിക്കാൻ മാത്രമാണ് നമ്മളോട് കൽപ്പിച്ചിട്ടുള്ളത്. വിധിപോലെ വരട്ടെ എന്നും പറഞ്ഞ് ചടഞ്ഞിരിക്കാനോ വിധിയെക്കുറിച്ച് അതിരുവിട്ട് ചിന്തിച്ച് സ്വയംചീയാനോ നമ്മളോട് ആരും പറഞ്ഞിട്ടില്ല. ഇസ്ലാമിന്റെ കർമ്മപാതയെ പറ്റിയാണ് ഇനി പറയാനിരിക്കുന്നത്.



