മനുഷ്യന് പലതരത്തിലുള്ള മാനസിക വൈകല്യങ്ങളും വൈകൃതങ്ങളും ഉണ്ടാവാമെന്ന് നമ്മൾ കണ്ടു കഴിഞ്ഞു. മനശാസ്ത്ര മേഖല വികസിച്ചതോടൊപ്പം മാനസിക ആതുര ശുശ്രൂഷയും വളർന്നതോടെ ആ വൈകൃതങ്ങൾ എന്താണെന്ന് കണ്ടുപിടിക്കാനും അതിനനുസൃതമായ സൈക്കോ- സൈക്യാ ചികിത്സ നൽകാനും നമുക്കിന്ന് സാധിക്കുന്നുണ്ട് - കുട്ടികളുടെ പഠന വൈകല്യങ്ങൾ മുതൽ മുതിർന്നവരിൽ കാണുന്ന കടുത്ത മനോവൈകൃതങ്ങൾ വരെ ഡയഗ്നോസ് ചെയ്യാനും സുഖപ്പെടുത്താനും നമുക്ക് സാധിക്കുന്നു. അതിൽ കക്ഷിമത ജാതിരാഷ്ട്രീയ ഭേദം ഒന്നും കാണിക്കാതെ എല്ലാവരും തന്നെ അത്തരം സങ്കേതങ്ങളെ ഉപയോഗപ്പെടുത്തുന്നു.
ഇനി നമ്മൾ ഒരു കാപട്യത്തെ തൊണ്ടി സഹിതം പിടികൂടാൻ പോവുകയാണ്. വ്യക്തിയുമായി ബന്ധപ്പെട്ട മറ്റെല്ലാ അസുഖങ്ങളും ശീലക്കേടുകളും ചികിത്സിക്കാനും മാറ്റിയെടുക്കാനും തയ്യാറാവുന്ന ചില ആളുകൾ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രം ഒരു മാതിരി മറ്റേക്കളി കളിക്കുന്നത് കാണുന്നു. ബാക്കിയെല്ലാം ചികിത്സിച്ചു മാറ്റി നേരെയാക്കി എടുക്കാം എന്നും എന്നാൽ ലൈംഗികതയുമായി ബന്ധപ്പെട്ട സകലമാന ചിത്തഭ്രമങ്ങളെയും അതേപോലെ പച്ചക്കു വിട്ടേക്കണം എന്നും അതുള്ളവർ തോന്നും പോലെ ജീവിച്ചോട്ടെ എന്നും പറയുന്ന ഒരുതരം ലക്കുവിട്ട വാദമാണ് നാട്ടിൽ നടമാടുന്നത്.
അടിമുതലേ പറഞ്ഞു തുടങ്ങാം. മനുഷ്യന്റെ നിത്യജീവിതത്തിൽ കുറെ ആവശ്യങ്ങളും ആസ്വാദനങ്ങളുമുണ്ട്. ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കൽ അവൻ്റെ ഒരു അടിസ്ഥാന ആവശ്യമാണ്. അതിൽ ആസ്വാദനപ്പറ്റ് ഉണ്ടോ എന്ന് ചോദിച്ചാൽ എന്താ പറയുക? ഉണ്ടായിരിക്കാം, ഇല്ലാതിരിക്കാം. ഉറക്കിൻ്റെ കാര്യമോ? വസ്ത്രവും ആഹാരവും എല്ലാം ആവശ്യങ്ങളാണെങ്കിലും അതിൽ ആസ്വാദനത്തിന്റെ അംശങ്ങൾ വരും. ആവശ്യമെന്ന് പറഞ്ഞുകൂടാത്ത ആസ്വാദനങ്ങളും ധാരാളം കാണാം. താഴ് വരയിൽ മാമലകളെ നോക്കി കാറ്റു കൊണ്ടിരിക്കൽ, പൂ പറിച്ചു മണത്തുകൊണ്ട് ഉദ്യാനത്തിലൂടെ ഉലാത്തൽ, ഇഷ്ടക്കാരെയും കൂട്ടി ഉലകം ചുറ്റാൻ പോവൽ എന്നിതെല്ലാം ഉദാഹരണങ്ങളാണ്. എന്നാൽ ആസ്വാദനാംശം ഏറിയ തോതിലുള്ള ഒരു അടിസ്ഥാന ആവശ്യമാണ് മനുഷ്യൻ്റെ ലൈംഗികത. വാസ്തവം പറഞ്ഞാൽ മറ്റ് ആവശ്യങ്ങളെക്കാളും ആസ്വാദനങ്ങളെക്കാളും ഒരുപാട് പ്രത്യേകതകളും സ്വകാര്യതകളും അതിലേക്കാളേറെ മാഹാത്മ്യങ്ങളും ഉള്ള ഒരു വിശിഷ്ടമായ ആനന്ദതലമാണ് മനുഷ്യന്റെ ലൈംഗികത എന്ന് പറയുന്നത്.
മറ്റു ആസ്വാദനങ്ങളെല്ലാം കൂടുതൽ സങ്കീർണതകൾ ഇല്ലാതെ ആർക്കും എപ്പോഴും ആകാവുന്നതാണ്. അങ്ങാടിയിലൂടെ നടന്നു നീങ്ങുമ്പോൾ ബേക്കറിയിൽ ഒരു ലഡു കണ്ടു. നിങ്ങൾക്ക് ആഗ്രഹമായി. വാങ്ങിച്ചു. കഴിച്ചു, കഴിഞ്ഞു! അതിൻ്റെ പേരിൽ പോലീസോ പട്ടാളമോ നിങ്ങളെ തേടി വരില്ല. ലഡുവിന്റെ ആങ്ങളയോ മച്ചുനനോ നിങ്ങളുടെ പിന്നാലെ വരില്ല. ലഡുവിന് അച്ഛനും അമ്മയും ഇല്ല. ലഡു ഒരു സ്വതന്ത്ര വ്യക്തിയാണ്.
കുറച്ചുകൂടി നടന്നപ്പോൾ ഒരു പഴപ്പീടികയിൽ ചെങ്കദളിക്കുല കെട്ടിത്തൂക്കിയത് കാണുന്നു. നല്ല ചന്തം. നല്ല ഗന്ധം. ആശയായി. വാങ്ങി. തൊലി പൊളിച്ചങ്ങ് കഴിച്ചു. യാ മോളേ... എന്തൊരു സ്വാദ്! സംഗതി കുലയാകുന്ന കൂട്ടുകുടുംബത്തിലെ ഒരാളെയാണ് നിങ്ങൾ ഇപ്പോൾ പിഴുതു വാങ്ങിയത്. പക്ഷേ, പ്രശ്നമില്ല! ആ കുടുംബത്തിലെ ആരും നിങ്ങളെ തേടി വരില്ല. വല്യേട്ടൻ കദളി നിങ്ങളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തില്ല. അവർക്കാർക്കും തന്നെ നിങ്ങളെപ്പറ്റി പരാതിയുമില്ല.
ഒരു വളവ് തിരിഞ്ഞ് മുന്നോട്ട് നടക്കുമ്പോഴാണ് ചുട്ടകോഴിയുടെ രുചിമണം മൂക്കിലേക്ക് തുളഞ്ഞു കയറിയത്. വായിൽ വെള്ളമൂറി. വേഗം വീടു പിടിച്ചു. തുടുത്തുകളറായ പൂവൻകോഴിയെ കശാപ്പ് ചെയ്തു വെട്ടി നുറുക്കി മുളകുപൊടിപുരട്ടി പൊരിച്ചെടുത്തു. ശേഷം അതിനെ കടിച്ചുപറിച്ച് ശാപ്പിട്ടു. ആ കോഴി ഒരു മകൻ ആവാം. ഒരു ആങ്ങള ആവാം. ഒരുപാട് കാമിനികളുടെ തോഴനാവാം. ഒരുപറ്റം കുഞ്ഞിക്കോഴികളുടെ അച്ഛനാവാം. ആരായാലും കോഴിയല്ലേ. അതിൻ്റെ പേരിൽ നിങ്ങൾക്ക് ഒരു കേസും വരാനില്ല. ഒരു സിബിഐയും അന്വേഷിച്ചെത്തില്ല. ഇതെല്ലാം വലിയ പ്രശ്നങ്ങളില്ലാതെ നമുക്ക് തോന്നുമ്പോൾ സാധിക്കാവുന്ന കാര്യങ്ങളാണെന്ന് ചുരുക്കം, കാശുണ്ടായാൽ മതി.
എന്നാൽ, കാശുണ്ടെന്ന് കരുതിയോ പദവിയുണ്ടെന്ന് കരുതിയോ അധികാരമുണ്ടെന്ന് കരുതിയോ നടക്കാത്ത ഒരുപാട് കാര്യങ്ങൾ ചുറ്റുപാടുമുണ്ട്. ട്രെയിനിൽ കയറിയിരുന്നപ്പോൾ നിങ്ങൾക്ക് അഭിമുഖമായി സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. അവളിൽ ആകൃഷ്ടനായി. അങ്ങേയറ്റം അനുരക്തനായി. അവളെ കിട്ടാൻ കലശലായ ആശയായി. ലഡുവും കദളിയും കോഴിയും അപ്പപ്പോൾ സ്വന്തമാക്കിയത് പോലെ അവളെ ഈസിയായങ്ങ് കിട്ടുകയില്ല.
അവൾ ഒരുത്തന്റെ ഭാര്യയാണ്. രണ്ട് കുഞ്ഞുമക്കളുടെ അമ്മയാണ്. മസിൽമാൻ ആയ മൂന്ന് പുലി ആങ്ങളമാരുടെ ഏക പെങ്ങളാണ്. ഗഡാഗഡിയൻ ഒരു എക്സ് മിലിട്ടറിയുടെ (പ്രതിശ്രുത അമ്മോശൻ്റെ) മകളാണ്. അവൾ ഈ സമൂഹത്തിൽ ആകമാനം പലവിധേന കെട്ടിവരിഞ്ഞു കിടക്കുന്ന മനുഷ്യ ചങ്ങലയിലെ ഒരു കണ്ണിയാണ്. ഇനി നിങ്ങൾക്ക് അവളെ സ്വന്തമാക്കണമെങ്കിൽ കടുംകൈ ചെയ്യേണ്ടിവരും. ചരിത്രത്തിൽ അങ്ങനെ ഒരുപാട് നടന്നിട്ടുണ്ട്. ഇന്നും നടന്നുകൊണ്ടിരിക്കുന്നുണ്ട്.
അവളെ പറഞ്ഞു പാട്ടിലാക്കണം. തനിക്ക് മക്കളും ഭർത്താവും അച്ഛനും അമ്മയും ആരും വേണ്ട എന്ന് കരുതി അവൾ ഒരു അർദ്ധ രാത്രിയിൽ നിങ്ങളോടൊപ്പം ഇറങ്ങിപ്പോരണം. നിനക്ക് സുഖിക്കണമെങ്കിൽ ഒരുപാട് പേർ ഒരുപാട് ദുഃഖം കുടിക്കണം. ചിലപ്പോൾ അവളുടെ ഭർത്താവ് കർക്കശക്കാരനായിരിക്കും. അവനിൽ നിന്ന് അവളെ മോചിപ്പിക്കണമെങ്കിൽ ഒരുപക്ഷേ അവനെ നീ ചതിച്ചു കൊന്നു കളയേണ്ടി വരും. ആയതിന് വളഞ്ഞ പല വഴികളും തേടേണ്ടി വരും. എങ്കിൽ തന്നെ ഒരുനാൾ അത് പൊളിഞ്ഞെന്ന് വരും.
നിങ്ങളെ തേടി പോലീസും സിബിഐയും വരും. നിങ്ങൾ ജീവിതത്തിൽ നേടിയതെല്ലാം നഷ്ടപ്പെടും. മാനം പോയി, നാട്ടുകാർക്കിടയിലും കുടുംബക്കാര്ക്കിടയിലും സുഹൃത്തുക്കൾക്കിടയിലും നിങ്ങൾ കെടും. ശിഷ്ടകാലം നിങ്ങൾ ജയിലിൽ കഴിയേണ്ടി വരും. ഒരു കൊച്ചു സുഖത്തിനു വേണ്ടി ജീവിതം മൊത്തം തീയിലിട്ട് കാച്ചേണ്ടി വരും. ഇതാണ് ഇവിടുത്തെ അവസ്ഥ. എല്ലാം വിചാരിക്കുമ്പോഴേക്ക് നേടി കളയാൻ പറ്റുന്ന വ്യവസ്ഥയല്ല ഈ ജീവിതത്തിലേത്. കള്ളക്കാമം ഇളകിയാൽ വേശ്യാലയത്തിൽ പോയാൽ പോരെ എന്ന് തിരിച്ചു ചോദിക്കരുത്. അത് വേറെയാണ്. കണ്ണിൽപ്പെട്ടിട്ട് കാമമിളകിയതിന്റെ കാര്യമാണ് ഇപ്പോൾ നമ്മൾ പറയുന്നത്. അത് വേറെ കഥയുമാണ്. കൂട്ടിക്കുഴക്കരുത് പ്ലീസ്!
എന്നുവച്ചാൽ ചില കാര്യങ്ങളെല്ലാം സുലഭമായി ലളിതമായി നമ്മൾ ആസ്വദിക്കുമ്പോൾ മറ്റു ചില കാര്യങ്ങളിൽ നമ്മൾ കടുത്ത കരുതൽ എടുക്കേണ്ടി വരും. കഠിനമായ ആത്മനിയന്ത്രണം വരിച്ച് സഹിച്ചിരിക്കേണ്ടിവരും. ചില കാര്യങ്ങൾ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചും മറ്റും ഏറിയും കുറഞ്ഞുമിരിക്കും. സമ്പത്ത് കൊണ്ട് കുറച്ചൊക്കെ നേടിയെടുക്കാൻ പറ്റും. അപ്പോൾ സമ്പത്ത് കുറഞ്ഞ ആൾ കൂടുതൽ സഹിക്കേണ്ടി വരും. സമ്പന്നനായ തൻ്റെ സുഹൃത്ത് നല്ല വീട് വെച്ച്, വിലപിടിച്ച കാറുവാങ്ങി, മുന്തിയ ആഹാരം കഴിച്ച് ആർഭാടമായി ജീവിക്കുമ്പോൾ താൻ അരിഷ്ടിച്ചു കഴിയേണ്ടി വരും.
പണത്തോടൊപ്പം പദവിയും അധികാരവുമുള്ള ആളാണെങ്കിൽ കുറെ കൂടി കാര്യങ്ങൾ സാധിക്കാൻ പറ്റും. പലപ്പോഴും ഇവ രണ്ടും വളഞ്ഞ വഴിക്ക് കാര്യങ്ങൾ സാധിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കാറുണ്ട്. അപ്പോഴും നടക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ തൻ്റെ കൺമുന്നിൽ ഒരു പെണ്ണ് പെടുകയും അവളെ സ്വന്തമാക്കണമെന്ന് കരുതുകയും ചെയ്താൽ അയാൾക്ക് പണമുണ്ടെന്നും പത്രാസ് ഉണ്ടെന്നും അധികാരമുണ്ടെന്നും പറഞ്ഞിട്ട് കാര്യമില്ല; ചിലപ്പോൾ സാധിച്ചു കൊള്ളണമെന്നില്ല. അത് തന്റെ കീഴിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളിലെ ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളിയുടെ ഭാര്യയാണെങ്കിലും ശരി.
ഒരു പേരുകേട്ട വ്യവസായി അത്തരമൊരു ശ്രമത്തിനൊരുമ്പെട്ട് ഒടുവിൽ കെട്ടിത്തൂങ്ങി ചാവേണ്ടി വന്ന കഥ നിങ്ങൾ കേട്ടിരിക്കാം; പറയിപ്പിക്കരുത്! ഒരു നേരത്തെ രതിരസത്തിനുവേണ്ടി ജീവിതമാസകലം നായ്ക്കോലം കെട്ടേണ്ടി വന്ന കഥ ടി പി രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവൽ പറയുന്നുണ്ട്. ഇനി പണവും സ്വാധീനവും ഉപയോഗിച്ച് എല്ലാം നേടുകയും അധോ ജീവിതം നയിക്കുകയും ചെയ്യുന്ന ചിലരുണ്ട് നിഷേധിക്കുന്നില്ല. അവർ വിചാരിച്ചതെല്ലാം അപ്പപ്പോൾ സാധിക്കുന്നുണ്ടാവാം ആസ്വദിക്കുന്നുണ്ടാവാം. ഓർക്കണം അയാൾ പക്ഷേ ഒളിവു ജീവിതം നയിക്കുകയായിരിക്കും. തെരുവുദാദാ, ഗുണ്ടാ തലവൻ എന്നൊക്കെ ആയിരിക്കും അയാൾക്കുള്ള വൃത്തികെട്ട വിലാസം, ഫൂ!
ഒരു കാര്യം ഉറപ്പായി. ഈ ലോകത്ത് എല്ലാവർക്കും എല്ലാ കാര്യങ്ങളും എല്ലായിപ്പോഴും സാധിച്ചു കൊള്ളണമെന്നില്ല. സാധിക്കുന്നത് ആസ്വദിക്കുകയും സാധിക്കാത്തതിന്റെ പേരിൽ ക്ഷമിച്ച് സഹിച്ചു കഴിയുകയും അല്ലാതെ മറ്റൊരു നിർവാഹവുമില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ചില ആളുകൾ കളിച്ചു പോരുന്ന ചില കള്ളക്കളികൾ ഇനി പറയാതെ വയ്യ! തുറന്നു പറയട്ടെ?



