സ്ത്രീയും പുരുഷനും ഒരേ പോലെ തുല്യരാണ് എന്ന് വൈകാരികമായും അത്യാവേശത്തോടെയും നമ്മൾ വാദിക്കുമ്പോൾ ചില ഗ്രൗണ്ട് ലെവൽ യാഥാർത്ഥ്യങ്ങളെ നമ്മൾ കാണാതിരിക്കുകയോ കണ്ടില്ലെന്ന് കരുതിക്കൂട്ടി നടിക്കുകയോ ചെയ്യുന്നു. മനുഷ്യവംശത്തെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്ന പെണ്ണിനെ, ആ ഘട്ടങ്ങളിലെല്ലാം ഒന്നും ചെയ്യാൻ കഴിയാതെ കയ്യും കെട്ടി നോക്കി നിൽക്കുന്ന ആണ് ഒരു മടിയുമില്ലാതെ ഞാനും അവളും തുല്യമാണ് എന്ന് പറയുന്നു. അതായത് മനുഷ്യോത്പാദന പ്രകിയയുടെ കഠിന കഠോരമായ മൂന്ന് ഭാരവും പരസഹായമില്ലാതെ പേറുന്ന പെണ്ണ് അതൊന്നും സ്വയം ഏറ്റെടുക്കാനാവാതെ നിസ്സഹായനായി മാറിനിൽക്കുന്ന ആണായ എന്നോളം മാത്രമേ എത്തുന്നുള്ളൂ എന്നാണ് ഉളുപ്പില്ലാതെ വാദിക്കുന്നത്. എന്നാൽ ആണിനേക്കാൾ പെണ്ണ് ചെയ്യുന്ന അധിക ഭാരങ്ങളെ ആദരിച്ചു കൊണ്ട് അമ്മയായ പെണ്ണിന് ആണിനേക്കാൾ മൂന്നു സ്ഥാനങ്ങൾ വകവെച്ചു കൊടുക്കുകയാണ് മതദർശനം. രണ്ടും തമ്മിൽ പകൽ പുലർച്ചയുടെ യാഥാർത്ഥ്യത്തോട് ഏതാണ് അരുചേരുന്നതെന്ന് പക്ഷം പിടിക്കാതെ ആലോചിച്ചു നോക്ക്!
അച്ഛൻ മോശമായിട്ടല്ല;പക്ഷേ അച്ഛന് അച്ഛനാവാനേ കഴിയൂ! അമ്മക്ക് മാഹാത്മ്യം ഇല്ലാഞ്ഞിട്ടല്ല പക്ഷെ, അമ്മയ്ക്ക് അമ്മയാവാനേ കഴിയൂ. അച്ഛൻ ചെയ്യുന്ന അതികഠിനമായ ചില ടാസ്കുകൾ അമ്മയ്ക്ക് മലകിളച്ചു കോരുന്ന സാഹസികതയായി അനുഭവപ്പെടും. എന്ന് പറഞ്ഞാൽ രണ്ടും രണ്ട് ആളുകളാണ്, രണ്ട് റോളുകളാണ്. അസ്ഥിത്വപരമായി രണ്ടായതിനെ അഗ്രസീവ് ആയി ഒന്നാക്കുകയോ ഒന്നുപോലെ ആക്കുകയോ സാധ്യമല്ല.
ഒന്നും വേണ്ട താങ്കൾ തന്നെ താങ്കളുടെ മനസ്സിൽ ആദ്യം അച്ഛൻ എന്നതും പിറകെ അമ്മ എന്നതും പായിപ്പിച്ചു നോക്കിയേ. രണ്ടും ഒന്നായിട്ടാണോ/ ഒരേപോലെയാണോ ഫീൽചെയ്യുന്നത്. എവിടെയാണ് വൈകാരികതയും ഒത്തിരി നനവും പൊടിയുന്നതെന്ന് നോക്കിയാട്ടെ ! അതങ്ങനെയാണ്, അത് വ്യവസ്ഥയാണ്. ജീവിതത്തിലെ ഒരു സന്നിഗ്ദ്ധഘട്ടം സങ്കൽപ്പിക്കുക. ഒന്നുകിൽ അമ്മ അല്ലെങ്കിൽ അച്ഛൻ രണ്ടിലൊ രാളെ ഇപ്പോൾ കാച്ചിക്കളയും. തോക്കു ചൂണ്ടിനിൽക്കുന്ന ഗുണ്ടകളാണ് പറയുന്നത്.
തെരഞ്ഞെടുക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം നിങ്ങൾ മക്കൾക്കാണ്. അറിയാം നിലപാട് എടുക്കാൻ ഏറ്റവും വേദന അനുഭവപ്പെടുന്ന വേള തന്നെയാണ്. പക്ഷേ രണ്ടിൽ ആരാണ് നിങ്ങളുടെ കൂടെ ഉണ്ടായിരിക്കണമെന്നാണ് നിങ്ങൾ പറയുക. അധികം നേരമില്ല. അഞ്ചു മിനിറ്റ് കൊണ്ട് തീരുമാനം പറയണം - ഇല്ലെങ്കിൽ രണ്ടുപേരെയും തട്ടിക്കളയും- തോക്കിൻ കുഴൽ അച്ഛന്റെയും അമ്മയുടെയും നെറ്റിയിലേക്ക് തൊട്ടു പിടിച്ചിരിക്കുകയാണ്. വെറുതെ ഇരട്ടക്കൊലകൾക്ക് ' പങ്കാളിത്തം കൊടുക്കേണ്ട - നിങ്ങൾക്ക് പറയാനുണ്ടാവുക -അച്ഛനെ കൊന്നു കൊള്ളൂ എന്നായിരിക്കില്ല;മറിച്ച് അമ്മയെ കൊല്ലല്ലേ എന്നായിരിക്കും. ആർക്കും അമ്മ അമ്മ തന്നെയാണ്. അച്ഛൻ അച്ഛനും. അമ്മ ചെയ്യുന്ന പണികൾ ഒന്നും അച്ഛൻ ചെയ്യാനായി കൊള്ളണമെന്നില്ല. തിരിഅതുമൂന്നും ഒരാളുടെ തലയിൽ വന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ ആലോചിച്ചു നോക്കിയിട്ടുണ്ടോ?
പ്രകൃതിപരമായി അതിന് നിയതമായ താള വ്യവസ്ഥയൊന്നുമില്ല എന്ന് കരുതുക. നമ്മൾ, ലോകരാജ്യങ്ങളുടെ നേതാക്കൾ ഒരു വട്ടമേശ സമ്മേളനം ചേർന്നാണ് പ്രത്യുത്പാദന സംബന്ധിയായ ഡ്യൂട്ടി വിഭജനം നടത്തുന്നതെന്ന് സങ്കൽപ്പിക്കുക. എന്നിരിക്കെ നമ്മളാെരിക്കലും ഇക്കണ്ട രൂപത്തിലുള്ള തീർത്തും ഏകപക്ഷീയമായ, വിവേചനപരമായ അതിലേറെ പ്രകോപനപരമായ ഒരു നിലപാടിലേക്ക് എത്തില്ലായിരുന്നു. അതിന് ആ സഭയിൽ ഒറ്റ സ്ത്രീയും വേണമെന്ന് പോലുമില്ലായിരുന്നു. അമേരിക്ക പറയുന്നു ഗർഭം പെണ്ണ് ധരിക്കട്ടെ , രണ്ടാമതായി അമേരിക്ക പറയുന്നു പ്രസവം പെണ്ണാവട്ടെ - വാക്ക് മുറിയും മുന്നേ ഫ്രാൻസ് പറയും അതങ്ങ് പള്ളിയിൽ പറഞ്ഞാൽ മതി. ബ്രിട്ടൻ കൂട്ട് നിൽക്കും. റഷ്യ ഐക്യപ്പെടും. വീണ്ടും അമേരിക്ക പറയുകയാണ്, ഓക്കേ എന്നാൽ മുലയൂട്ടൽ പെണ്ണാവട്ടെ. അപ്പോൾ മറ്റു രാഷ്ട്രങ്ങൾ ഒക്കെ കൂക്കിത്തോൽപ്പിച്ചിട്ടുണ്ടാവും. എന്നിട്ട് മൊത്തം ഈ ജോലിഭാരങ്ങളെ ഇക്വലായി വിഭജിച്ച് സമത്വം സാധിപ്പിക്കുമായിരുന്നു. പ്രകൃതിപരമായി എങ്ങനെയാണ് ഇത്തരത്തിലുള്ള തീർത്തും സ്ത്രീവിരുദ്ധമായ ഒരു സംവിധാനം നിലവിൽ വന്നത്?
അതിന് പല കാര്യങ്ങളും നമ്മൾ കണക്ക് കൂട്ടുമ്പോലെയല്ല പ്രകൃതിയുടെ ചിട്ടവട്ടങ്ങൾ. ഇവിടെ നമുക്ക് തിരിച്ചാലോചിക്കാനുള്ളത് ഈ പ്രകൃതിക്കെന്താ പെണ്ണിനോട് ഇത്ര കലിപ്പ് എന്നാണ്. ഗർഭപാത്രം പെണ്ണിൽ അടക്കം ചെയ്ത പ്രകൃതി അറ്റ്ലീസ്റ്റ് നേരിയൊരു മനുഷ്യപ്പറ്റുണ്ടായിരുന്നെങ്കിൽ അമ്മിഞ്ഞക്കുടങ്ങൾ ആണിൽ ചാർത്തേണ്ടതായിരുന്നു. അതുണ്ടായില്ല. അവയും പെണ്ണിൽ പിടിപ്പിച്ചു. മുലയൂട്ടൽ കർമ്മം മാത്രമല്ല പെണ്ണിനെന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കണം . ഗർഭപാത്രത്തിലിരുന്ന കാലത്ത് തൻ്റെ മണം നന്നായി പിടിച്ചുവെച്ച കുഞ്ഞ് മുലകുടി വേളയിലും അമ്മയുടെ മാറിൽ പറ്റി പറ്റിക്കളിച്ച് അമ്മയുടെ ഒരാളായി മാറുന്നു. കൂടെ കിടക്കാനും അന്നം കൊടുക്കാനും എല്ലാറ്റിനും അമ്മ തന്നെ വേണമെന്ന ഒരു ശാഠ്യ നിലപാട്. കരച്ചിൽ തുടങ്ങിയാൽ ആരെടുത്ത് രാരീരം പാടിയാലും പിള്ളക്ക് പോര.
അമ്മ തന്നെ കോരിയെടുത്ത്, മാറിൽ ചായിച്ച് സ്താനാമൃതം ചുരത്തണം. അരമണിക്കൂർ അമ്മയെ കാണാതായാൽ വാ പുളത്തി അലറും ഈ കുഞ്ഞ് . അച്ഛൻ എടുക്കാൻ പോയാലൊന്നും അങ്ങ് ഏശില്ല. അച്ഛനും അമ്മയും ആൺ പെൺ ബൈനറികളാണെന്നും അവർ തമ്മിൽ 50:50 ആനുപാതത്തിന്റെ നേർ സമത്വമുണ്ടെന്നതൊന്നും ആ കൊച്ച് വകവെച്ച് തരില്ല. പിന്നെ അങ്ങനെയൊരു കാര്യം കൂടിയുണ്ട് കേട്ടോ. ഗർഭകാലം തൊട്ട് പ്രസവം കഴിഞ്ഞ് പിന്നെ കുറേ കാലത്തേക്ക് ഹാർഡായ വർക്കുകളൊന്നും ചെയ്യാൻ അമ്മയ്ക്കും ആവില്ല കെട്ടോ. തെങ്ങിൽ കയറി തേങ്ങ ഇടുക, കരിമ്പാറ തച്ച് പൊട്ടിക്കുക, പണയിൽ ചെന്ന് കല്ല് കൊത്തുക, തലയിലേറ്റി ലോറിയിൽ കയറ്റുക, പട്ടണത്തിൽ ഭാരമുള്ള ചരക്കുകളുടെ കയറ്റിറക്കങ്ങൾ ഏറ്റെടുക്കുക , കടിക്കുന്ന നായയെ പിന്നാലെ ഓടി ആട്ടുക, കടലിൽ ചെന്ന് മീൻ പിടിക്കുക, പോത്തിനെ കുടുക്കി മറിച്ചിട്ട് കശാപ്പു ചെയ്തു ഖണ്ഡിക്കുക. .. ഇത്യാദിയായവയൊന്നും ഈയൊരു കാലസന്ധിയിൽ അമ്മമാർക്ക് ചെയ്യാൻ പ്രയാസകരമായിരിക്കും. ആയതിനാൽ തന്നെ ആ സമയത്തും നമ്മൾ അവരോട് ചെന്ന് തമ്മിൽ 50:50 ൻ്റെ ബന്ധമല്ലെ , എനിക്കിതൊന്നും ആവില്ല എന്ന് പറഞ്ഞ് ഒളിഞ്ഞിരുന്നാൽ കുറച്ചിലല്ല, പോയി തെങ്ങു കയറി സ്ത്രീയിലെ പുരുഷത്വം തെളിയിച്ചു കൊട് എന്ന്പറയരുത് .
എന്നുവെച്ചാൽ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പക്ഷം ചില കാര്യങ്ങൾക്ക് പെണ്ണവസ്ഥകളും ചില കാര്യങ്ങൾക്ക് ആണവസ്ഥകളുമാണ് കൂടുതൽ അനുയോജ്യം എന്ന് കണ്ടെത്താൻ കഴിയും. എല്ലാം എല്ലാവർക്കും ചെയ്യാനാവും , എന്നാൽ ചിലരാണ് ചിലതിന് കൂടുതൽ അനുയോജ്യർ എന്ന് അർത്ഥം . ഒന്ന് രണ്ട് സന്ദർഭങ്ങൾ സൂചിപ്പിക്കാം.
നിങ്ങളും ഭാര്യയും കുഞ്ഞും നല്ല ഉറക്കത്തിലാണ്. പാതിരാവ് മൂത്ത് കനത്തിരിക്കുന്നു. പെട്ടെന്ന് ഒച്ച. ഭയങ്കര ബഹളവും വിലാപവും. അട്ടഹാസങ്ങളും കൂട്ടക്കരച്ചിലുകളും. ആളുകൾ പരക്കം പായുന്നതിന്റെ ശബ്ദം കേൾക്കാം. ആകെ വിഭ്രമപ്പെട്ട് കഴിയുന്നതിനിടെ ഉണ്ട് വാതിലിൽ വന്ന് ആരോ മുട്ടുന്നു. അതിശക്തമായും ആവർത്തിച്ചും മുട്ട് തുടർന്നു. ഈയൊരു സന്ദർഭത്തിൽ എഴുന്നേറ്റ് പോയി വാതിൽ തുറന്നു ആരാണ് എന്താണ് എന്ന് അന്വേഷിക്കേണ്ട നിർണായകമായ റോൾ നിനക്കാണോ നിന്റെ ഭാര്യക്കാണോ? രണ്ടുപേർ തമ്മിൽ 50:50 തിൻ്റെ കിറു കൃത്യമായ ഈക്വാലിറ്റി ബാലൻസിലാണ് കാര്യങ്ങൾ പോകുന്നത്. വാതിൽ തുറക്കുക എന്നത് സ്ത്രീയും പുരുഷനും ഒരുപോലെ കഴിയുന്ന കാര്യമാണ്. വാദത്തിനുവേണ്ടി പറയട്ടെ, ഇവിടെ സ്ത്രീയാണ് പോയി വാതിൽ തുറക്കേണ്ടത്. ഇനി യാഥാർത്ഥത്തിന് വേണ്ടി പറയട്ടെ, രണ്ടുപേരും വാതിൽ തുറക്കൽ കലയിൽ തുല്യ കഴിവുള്ളവരാണെങ്കിലും ഈ പ്രത്യേക സമയസന്ധിയിൽ പുരുഷനായ നീയാണ് കൂടുതൽ സമൻ ( more equal) അതെന്ത് കൊണ്ടാണെന്ന്, കടുപ്പമുള്ള കട്ടൻ ചായയിൽ ഒരു നക്കോലം പൊട്ടിച്ചിട്ട് കുടിച്ച് കൊണ്ട് ഒറ്റക്കാലോചിച്ച് നോക്ക്?
നിങ്ങൾ പോയി വാതിൽ തുറന്നു ! പ്രശ്നം മറ്റൊന്നുമല്ല , അയലത്തെ വീട്ടിലെ അളിയൻ കുടിച്ച് പൂസായി വന്ന് വീട്ടിലെ പെണ്ണുങ്ങളെ കയറി തല്ലിയതാണ്. ഒരു സ്ത്രീ ചോരയിൽ കുളിച്ച് വീണ് കിടക്കുകയാണ് . ആശുപത്രിയിൽ കൊണ്ടു പോവാൻ നിങ്ങളുടെ വണ്ടി ഒന്ന് തരുമോ എന്ന് ചോദിക്കാൻ അയൽകാരൻ വന്നതാണ് . നിങ്ങൾ കൂളായി ചാവി എടുത്തു കൊടുത്തു. അയാൾ വണ്ടി ഓടിച്ച് പോയി - നിങ്ങൾ എസിയുടെ സ്വിച്ചിട്ട് റൂമിനുള്ളിൽ കയറി കുറ്റിയിട്ട് കിടന്നു. ഒന്നര മണിക്കൂറ് നേരത്തേക്ക് ഉറക്കം വന്നില്ല എപ്പോഴോ ഉറക്കത്തിലേക്ക് തല തെന്നി വീണപ്പോഴുണ്ട് അട്ടം പൊളിയുമ്പോഴുച്ചത്തിൽ കുഞ്ഞ് പൊട്ടിക്കരയുന്നു . നീയും ഭാര്യയും കട്ടിലിലാണ് കിടക്കുന്നത് കുഞ്ഞിനെ അതി സുരക്ഷിതമായി നിലത്ത് കട്ടിപ്പുതപ്പ് വിരിച്ച് കിടത്തിയതാണ്. ഇതാ അടുത്ത റോൾ സമാഗതമായിരിക്കുന്നു. കരയുന്ന പൈതലിനെ എടുത്ത് പരിചരിച്ചു തിരിച്ച് ഉറക്കിലേക്ക് തന്നെ വിന്യസിക്കണം . നമ്മൾ തമ്മിൽ തമ്മിൽ എത്രയാ റേഷ്യോ ? 50:50 എന്നാൽ നീ പോയി എട് ! എടുത്തു നിൻ്റെ മാറോട് ചേർത്ത് ഉരച്ച് രാരീരം പാടി നിൻ്റെ പരുക്കൻ ശബ്ദവും രോമനെഞ്ചിൻ്റെ കുത്തലും ചേർന്ന് കുട്ടിയുടെ കരച്ചിൽ കൂർത്ത കാളിച്ചയായി വികസിക്കുന്നു . ക്ഷമകെട്ട നീ അവളോട് പറയുന്നു: പിടിക്കെടി !അവൾ പൊന്നുങ്കുടത്തെ മാറോട് ചേർത്തു . ആരോരം രാരീരം മൃദുലമായ മൂളുന്നു . മധുരോതാരമായ ജീവാമൃതത്തിൻ്റെ അമ്മിഞക്കണ്ണുകൾ അതിൻ്റെ വായിൽ തിരുകുന്നു. മുലപ്പാലിൻ്റെ സംഗീതവും രാരീരത്തിൻ്റെ തിരുമധുരവും മാറിടത്തിൻ്റെ മൃദുലതയും കുട്ടിക്ക് സ്വർഗമൊരുക്കുന്നു. നേരത്തെ കണ്ട ദുസ്വപ്നത്തിൽ നിന്നും കുഞ്ഞ് കരകയറി. അമ്മയുടെ കരുതലിൻ്റെ കടലിലേക്ക് ലയിക്കുന്നു - എന്നിട്ടും ഉളുപ്പിലാതെ സെമിനാർ സഭകളിൽ കാപ്പിയും അണ്ടിപ്പരിപ്പും കൊറിച്ച് നമ്മൾ കപടമായി വാദിക്കുന്നു നമ്മൾ തമ്മിൽ 50:50 ആണ് - ഒരിഞ്ചുപോലും പെണ്ണിന് അമ്പതിന് മേലെ വരാൻ കഴിയില്ല എന്ന്. ആകാശക്കണക്കുളിൽ അഭിരമിക്കുന്ന നമ്മളെ ആരാണ് മണ്ണിൻ്റെ മണമുള്ള earthmatics ഇനി എന്നാണ് പഠിപ്പിക്കുക.



