മക്കയിലെ ഏറ്റവും സുന്ദരനും സുമുഖനുമായ പ്രവാചകർ മുഹമ്മദിന് ﷺ ഇരുപത്തിയഞ്ച് വയസ്സായി. വിവാഹത്തെക്കുറിച്ചുള്ള ആലോചനകൾ അബൂത്വാലിബടക്കം പങ്കുവെച്ചു. ഖുറൈശികളിലെ കുലീനയായ ഖദീജയുടെ വിവാഹ അഭ്യർഥന പ്രവാചകരെ തേടിയെത്തി. വ്യാപാരപ്രമുഖനായ ഖുവൈദിലിന്റെ മകളും പ്രശംസനീയമായ ജീവിതഗുണങ്ങൾ തികഞ്ഞവരുമായിരുന്നു ഖദീജ. ഭർത്താവ് അബൂഹാലയുടെ മരണാനന്തരം വിധവയായി കഴിയുകയായിരുന്നു മഹതി. വിവാഹാലോചന നടത്തുമ്പോൾ 40 വയസ്സുള്ള അവർക്ക് മക്കളുണ്ടായിരുന്നു.
ഖദീജയുടെ സമ്പന്നതയും വ്യക്തിത്വവും മുന്നിൽക്കണ്ട് മക്കയിലെ പല പ്രമുഖരും വിവാഹാന്വേഷണം നടത്തിയിരുന്നു. എന്നാൽ, എല്ലാം അവർ നിരസിച്ചു. സവിശേഷമായ വ്യാപാരമായിരുന്നു ഖദീജയുടെത്. അവർ പണം നിക്ഷേപിക്കുകയും പ്രതിനിധികളെ അയച്ച് വ്യാപാരം നടത്തുകയുമായിരുന്നു പതിവ്. ലാഭത്തിന്റെ വിഹിതം കച്ചവട സാധനങ്ങളുമായി പോകുന്നവർക്കു നൽകും. പ്രധാനമായും സിറിയയിലേക്കായിരുന്നു അന്ന് കച്ചവട സംഘങ്ങൾ പോയിരുന്നത്. ഒരിക്കൽ പ്രവാചകരും അവരുടെ പ്രതിനിധിയായി സിറിയയിലേക്ക് പോയിട്ടുണ്ട്. പ്രസ്തുത കച്ചവടയാത്രയിൽ മുഹമ്മദിൽ ﷺ കണ്ട വിസ്മയങ്ങൾ അടിമ മൈസറ അവരോടു പങ്കുവെച്ചിരുന്നു.
സാധാരണയിലുള്ളതിനെക്കാൾ വിജയമായിരുന്നു ആ വ്യാപാരം. അതിനുപകരമായി അവർ നല്ലൊരു ഉപഹാരം പ്രവാചകർക്കു നൽകുകയും ചെയ്തു. മുഹമ്മദ് നബിയോട് വിവാഹാഭ്യർഥന നടത്താൻ പ്രേരകമായ ഒരു സംഭവം കൂടിയായിരുന്നു ഇത്. പിതൃസഹോദരനായ ഹംസയാണ് ഖദീജയുടെ വിവാഹാഭ്യർഥന പ്രവാചകരെ അറിയിച്ചത്. അബൂത്വാലിബിന്റെ നേതൃത്വത്തിൽ മക്കയിലെ പൗരപ്രമുഖർ ഒത്തുകൂടിയ സദസ്സിൽ വെച്ച് പ്രവാചകരും ﷺ ഖദീജയും വിവാഹിതരായി. ഖുത്വുബ (വിവാഹ പ്രഭാഷണം) നടത്തിയത് അബൂത്വാലിബ് ആയിരുന്നു. 25 വയസ്സുള്ള വരനും 40 വയസ്സുള്ള വധുവും. ലോകത്തിനു മുഴുവനും മാതൃകയായ ദാമ്പത്യ ജീവിതമായിരുന്നു അത്. ഖദീജ ഇഹലോകവാസം വെടിയുന്നതിനു മുമ്പ് മുഹമ്മദ് നബി ﷺ മറ്റൊരു വിവാഹം ചെയ്തില്ല. ആലോചനകൾ ഉണ്ടായതുമില്ല. പ്രവാചക സന്താനങ്ങളിൽ ഇബ്റാഹീം ഒഴികെയുള്ള ആറു മക്കളും ഖദീജയിൽ നിന്നായിരുന്നു.





