പരിസരം മുഴുവനും ഇരുട്ടു പടർന്നു നിന്നപ്പോഴും, വെളിച്ചം നിറയുന്ന വിളക്കായി മക്ക ദേശം മുഹമ്മദ് നബിയെ ﷺ ഉള്ളിൽ വഹിച്ചു. ഒരു മാലിന്യത്തിലും പ്രവാചകർ ﷺ അകപ്പെട്ടുപോയില്ല. സാർവത്രികമായ ബഹുദൈവാരാധനയുടെ ഭാഗവുമായില്ല. അധികസമയവും ഏകാന്തമായി, കഅ്ബയുടെ പരിസരത്ത് ആരാധനയിൽ കഴിഞ്ഞുകൂടി. ചിലപ്പോഴൊക്കെ ഏകാഗ്രതയോടെ ധ്യാനത്തിൽ മുഴുകാൻ ഒറ്റപ്പെട്ട സ്ഥലങ്ങൾ തിരഞ്ഞെടുത്തു. നാട്ടിൽ സാധാരണമായ ആഘോഷങ്ങളിലോ അനാവശ്യങ്ങളിലോ നിശാസദസ്സുകളിലോ മുഹമ്മദ് ﷺ വന്നതേയില്ല.
സവിശേഷമായൊരു സംരക്ഷണം ലഭിക്കുന്നുണ്ടെന്നു മനസ്സിലാക്കാവുന്ന ഒരുപാട് ലക്ഷണങ്ങൾ ആ ജീവിതത്തിലുണ്ടായിരുന്നു. ചില ആഘോഷങ്ങളുടെ ഭാഗമായേക്കുമോ എന്നു വന്നപ്പോൾ അഭൗതികമായി തിരുനബിക്ക് ലഭിച്ച സംരക്ഷണത്തെക്കുറിച്ച് ചരിത്രത്തിൽ പരാമർശങ്ങളുണ്ട്. പ്രവാചകർ ﷺ തന്നെ പറഞ്ഞതായി ഇബ്നുൽ അസീർ ഉദ്ധരിക്കുന്നു; 'ജാഹിലിയ്യാകാലത്ത് നടന്ന ആചാരങ്ങളുടെ ഭാഗമാകാനുള്ള രണ്ട് സന്ദർഭങ്ങൾ എനിക്കുണ്ടായി. പക്ഷേ അപ്പോഴെല്ലാം അല്ലാഹു പ്രത്യേകമായ ഒരു തടസ്സം ഏർപ്പെടുത്തുകയും എന്നെ സംരക്ഷിക്കുകയും ചെയ്തു. ഒരു സംഭവം ഇങ്ങനെയായിരുന്നു. എനിക്കൊപ്പം ആടുകളെ മേയ്ക്കുന്ന കൂട്ടുകാരനോട് ഒരു ദിവസം എൻ്റെ ആടുകളെക്കൂടി നോക്കാമോ എന്ന് ഞാൻ ചോദിച്ചു. മക്കയിലെ ചെറുപ്പക്കാർ ഒരുമിച്ചുകൂടി രാഷ്ട്രീയം പറയുന്ന ഒരു സദസ്സിൽ പോകാൻ വേണ്ടിയായിരുന്നു അത്. കൂട്ടുകാരൻ സമ്മതിച്ചതോടെ ഞാൻ പരിപാടി ലക്ഷ്യമാക്കി നടന്നു. ഒരു വീട്ടിൽ നിന്ന് വാദ്യമേളങ്ങളുടെ ശബ്ദങ്ങളുയർന്നു. അന്വേഷിച്ചപ്പോൾ ഒരു കല്യാണ വീടാണെന്ന് മനസ്സിലായി. അവിടെച്ചെന്ന് പാട്ടു കേൾക്കാമെന്നു കരുതി. അപ്പോഴേക്കും അല്ലാഹു എൻ്റെ നയനങ്ങൾ അടച്ചുകളയുകയും ഞാൻ ദീർഘമായി ഉറങ്ങിപ്പോകുകയും ചെയ്തു. പിറ്റേന്ന് രാവിലെ സൂര്യൻ്റെ ചൂടേറ്റാണ് ഉണർന്നത്. മടങ്ങിച്ചെന്ന് കൂട്ടുകാരനോട് കഥകളെല്ലാം പറഞ്ഞു. മറ്റൊരിക്കൽക്കൂടി സമാനസംഭവമുണ്ടായി. പിന്നീട് ഒരിക്കലും ഇത്തരം സന്ദർഭങ്ങളോ താത്പര്യങ്ങളോ ഉണ്ടായില്ല.
മാലിന്യങ്ങൾക്കിടയിൽ എങ്ങനെയാണ് പവിത്രതയോടെ തിരുനബിﷺ ജീവിച്ചത് എന്നറിയിക്കുന്ന മറ്റൊരു സംഭവമുണ്ട്. ജാബിർ ബിൻ അബ്ദില്ലാഹ് പറയുന്നു: 'കഅ്ബയുടെ നിർമാണം നടക്കുമ്പോൾ കല്ലു ചുമക്കാൻ പിതൃസഹോദരൻ അബ്ബാസിനൊപ്പം തിരുനബിയുമുണ്ടായിരുന്നു. തുണിയഴിച്ച് ചുമലിൽ വെച്ച് അതിന്മേൽ കല്ലുകൾ വെച്ചു കൊണ്ടുവരാൻ അബ്ബാസ് ആവശ്യപ്പെട്ടു. തിരുനബി അതിന് വിസമ്മതിച്ചു. ഉടനെ അബ്ബാസ് തിരുനബിയുടെ ﷺ വസ്ത്രത്തിൽ പിടിച്ചതും അവിടുന്ന് ബോധരഹിതനായി നിലംപതിച്ചു. എൻ്റെ വസ്ത്രം എന്നു പറഞ്ഞുകൊണ്ടായിരുന്നു ബോധം തെളിഞ്ഞത്. ആളുകൾ നഗ്നരായി കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന കാലത്ത് ഇത്തരമൊരു കാര്യം മോശമായിരുന്നില്ല. പക്ഷേ പ്രവാചകന്റെ ﷺ നഗ്നത വെളിപ്പെടാൻ സാഹചര്യമുണ്ടായില്ല.
കളവും അസത്യവും സർവസാധാരണമായിരുന്ന സമൂഹത്തിൽ നന്മയുടെ നിലാവായി മുഹമ്മദ് ﷺ ജീവിച്ചു. വിശ്വസ്തതയ്ക്ക് വിലയില്ലാത്ത സമൂഹഘടനയിൽ വിശ്വസ്തതയുടെ മാതൃകയായി തിളങ്ങി. ധിഷണയും വിവേകവും സാമൂഹിക സേവനവും അതിഥി സത്കാരവും ഉദാരതയുമെല്ലാം ആ വ്യക്തിത്വത്തിൽ നിറഞ്ഞു. പ്രവാചകത്വം ഏറ്റുവാങ്ങാൻ പോന്ന അമൂല്യരത്നമായി രൂപപ്പെടുകയായിരുന്നു മുഹമ്മദ് ﷺ.
ഏകാന്തതയുടെ ഗുഹാമുഖം
മുഹമ്മദ് ﷺ ഏകാന്തതയെ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. പരിസരങ്ങളിലെ അഴുക്കുകളിൽ നിന്നകന്ന് ഒറ്റയ്ക്കിരുന്ന് ആരാധനകളിൽ മുഴുകുക പതിവായി. ഏകാന്തവാസത്തിനായി പ്രധാനമായും തിരഞ്ഞെടുത്തത് മക്കയിലെ 'പ്രകാശക്കുന്നായ' ജബലുന്നൂറിലെ ഹിറാഗുഹയായിരുന്നു. തിരുനബിയുടെ ﷺ വീട്ടിൽ നിന്ന് നാലുമൈൽ അകലെയുള്ള ഈ പർവതത്തിന് 870 മീറ്റർ ഉയരമുണ്ട്. പർവതത്തിലെ, നാലുമുഴം നീളവും മുക്കാൽമുഴം വീതിയുമുള്ള ഒരു ചെറിയ ഗുഹയാണ് 'ഹിറാ’. കഅ്ബാലയം നേരിട്ട് കാണാവുന്ന വിധത്തിലാണ് ഗുഹയുള്ളത്. ചിലപ്പോൾ ദിവസങ്ങളോളം അവിടെത്തന്നെ തിരുനബി ﷺ കഴിഞ്ഞുകൂടും. കുറഞ്ഞ ദിവസങ്ങൾക്കുള്ള ഭക്ഷണം കരുതി മുകളിലേക്ക് പോവുകയും, തീർന്നാൽ വീട്ടിൽ വന്ന് ഭക്ഷണപാനീയങ്ങൾ കരുതി മടങ്ങിപ്പോവുകയും ചെയ്യും. ചിലദിവസങ്ങളിൽ പത്നി ഖദീജ ഭക്ഷണവുമായി പർവതമുകളിലേക്ക് കയറിച്ചെല്ലും. അൽപനേരം ഭർത്താവിനൊപ്പം വിശേഷങ്ങൾ പങ്കിട്ട് മഹതി താഴേക്കിറങ്ങും. ഒരിക്കൽ താഴ്വരയിൽ വെച്ച് രണ്ടുപേരും കണ്ടുമുട്ടിയ അനുഭവമുണ്ട്. ഒരു മാസം വരെ തുടർച്ചയായി ഏകാന്തതയിൽ കഴിഞ്ഞുകൂടിയ സമയവുമുണ്ട്.
പ്രപഞ്ചസ്രഷ്ടാവിന്റെ മഹാരഹസ്യങ്ങളെ ആലോചിച്ചും അവന്റെ പ്രിയം കാംക്ഷിച്ചുള്ള കർമങ്ങളിൽ മുഴുകിയുമാണ് പ്രവാചകർ ﷺ ഗുഹയിൽ കഴിഞ്ഞുകൂടിയത്. 37 വയസ്സു മുതലാണ് ഈ വിധമുള്ള ഏകാഗ്രജീവിതത്തിൽ താത്പര്യം വർധിച്ചത്. അർഥശൂന്യമായ ബിംബാരാധനയിൽ വീണുപോയൊരു സമൂഹത്തിൻ്റെ ദുർഗതിയെക്കുറിച്ചുള്ള ആലോചനകൾ തിരുനബിയുടെ ﷺ മനസ്സിനെ നൊമ്പരപ്പെടുത്തിയിരുന്നു. പ്രപഞ്ചനാഥനായ അല്ലാഹു ഭാവിയുടെ പ്രവാചകർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുകയായിരുന്നു.
ഗുഹാവാസത്തിനിടയിൽ മുഹമ്മദ് നബിക്ക് ﷺ നിരവധി വ്യത്യസ്ത അനുഭവങ്ങളുണ്ടായി. ചില ദൗത്യങ്ങൾ ഏൽപ്പിക്കപ്പെടാൻ പോകുന്നുവെന്ന വിചാരവും ഉടലെടുത്തു. ഗുഹയിൽ നിന്നുള്ള ആത്മീയ അനുഭവങ്ങൾ പലപ്പോഴും പ്രിയ പത്നി ഖദീജയോടു പങ്കുവെച്ചു. അക്കാലത്ത് പ്രവാചകൻ ﷺ കണ്ട സ്വപ്നങ്ങൾ പകൽപോലെ പുലരുമായിരുന്നു.
ഏകാന്തതയും ആരാധനയുമായി കഴിഞ്ഞുകൂടിയ കാലം മക്കയിൽ നടക്കുന്ന ദുരാചാരങ്ങളുടെ പരിസരത്തു നിന്ന് പൂർണമായും വിട്ടുനിൽക്കാൻ തിരുനബിക്ക് അവസരം കൈവന്നു. അക്കാലത്ത് ഒരു വാഗ്ദത്ത പ്രവാചകനെ കാത്തിരിക്കുന്ന സമൂഹങ്ങൾ മക്കയിലും പരിസരത്തും ഉണ്ടായിരുന്നു. കെട്ടകാലങ്ങളുടെ ഇരുളിന് പ്രകാശമാകാൻ ഒരു സമുദ്ധാരകൻ വരുമെന്ന് പല സമൂഹങ്ങളും പറഞ്ഞുകൊണ്ടിരുന്നു. വേദങ്ങൾ പഠിച്ചവരാകട്ടെ വാഗ്ദത്ത പ്രവാചകന്റെ ഉദയം കാത്തുപാർത്തിരുന്നു.





