മുഹമ്മദ് നബിക്ക് ﷺ മുപ്പത്തിയഞ്ച് വയസ്സെത്തുമ്പോൾ ഒരു പ്രധാന സംഭവമുണ്ടായി. മക്കയിൽ കഅ്ബ പുനർനിർമാണത്തെക്കുറിച്ചുള്ള ആലോചനകൾ സജീവമാകുന്നത് ആ കാലത്താണ്. മണ്ണുകൊണ്ടോ മറ്റോ ജോയിന്റുകൾ ചേർത്തു വെക്കാത്ത, കല്ലുകൾ അടുക്കിവെച്ച ഒരു നിർമിതിയായിരുന്നു അന്ന് കഅ്ബ. പുതുക്കാൻ വേണ്ടിയാണെങ്കിലും പൊളിക്കാൻ ആളുകൾക്കു ഭയമായിരുന്നു. ഒടുവിൽ എന്തും വരട്ടെ എന്ന് കരുതി അവർ നിർമാണത്തിനൊരുങ്ങി.
ഏതാണ്ടെല്ലാം പൂർത്തിയായപ്പോൾ കഅ്ബാലയത്തിന്റെ തെക്ക് - കിഴക്കേ മൂലയിൽ സ്ഥാപിച്ചിരുന്ന ‘ഹജറുൽ അസ്വദ്’ എന്ന സ്വർഗീയശില പുന:സ്ഥാപിക്കുന്നതിനെച്ചൊല്ലി ഗോത്രക്കാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഓരോ സംഘവും അതിനുള്ള അവകാശം വേണമെന്നു വാദിച്ചു. ആരും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഒരു വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളടുത്തു. ചെറിയ പ്രശ്നങ്ങൾക്കു പോലും പോരടിച്ചിരുന്ന അവർക്കിടയിൽ ഒരു യുദ്ധത്തിലേക്കു തന്നെ വഴിവെക്കുന്ന പ്രശ്നമായിരുന്നു ഇത്.
'ബനൂഅബ്ദുദ്ദാർ' ഗോത്രക്കാർ ഒരു തളികയിൽ രക്തം കൊണ്ടുവന്നു. ഞങ്ങളിതാ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന സൂചന നൽകി അതിൽ കൈകൾ മുക്കി. 'ബനൂഅദിയ്യ്' ഗോത്രക്കാരും അതിൽനിന്ന് രക്തം പുരട്ടി, മരണംവരെ യുദ്ധത്തിന് തയ്യാറെന്ന് പ്രതിജ്ഞചൊല്ലി. ഒരു മഹാവിപത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. ദിവസങ്ങളോളം നീണ്ട ഈ പ്രശ്നത്തിൽ ഖുറൈശി കുടുംബവും വലിയ പരിഭ്രാന്തിയിലായിരുന്നു. അവസാനം എല്ലാ ഗോത്രമേധാവികളും ഒരു പരിഹാരത്തിലെത്താം എന്ന തീരുമാനം കൈക്കൊണ്ടു. ഇനി ഈ പള്ളിയിലേക്ക് ആദ്യമായി കടന്നുവരുന്നയാളെ പ്രശ്നപരിഹാരത്തിന് ഏൽപ്പിക്കാമെന്ന ധാരണയിലെത്തി. ആരായിരിക്കും കടന്നുവരികയെന്ന ആകാംക്ഷയോടെ എല്ലാവരും നോക്കിനിൽക്കെ അതാ വരുന്നു മുഹമ്മദ് ﷺ. മുഴുവനാളുകളും അൽഅമീൻ (വിശ്വസ്തൻ) എന്നാർത്ത് വിളിച്ച് ആഘോഷപൂർവം ആഗതന് സ്വാഗതമോതി. കടന്നുവന്നത് അൽ-അമീനായതിൽ എല്ലാവർക്കും ഇരട്ടിമധുരം. മുഹമ്മദ് ﷺ അഭിപ്രായന്തരമില്ലാത്തവിധം വിശ്വസ്തനും സ്വീകാര്യനുമായിരുന്നു.
മക്കയിൽ ദൂരവ്യാപകമായ ഒരു യുദ്ധത്തിന്റെ കാർമേഘം ഉരുണ്ടുകൂടിയപ്പോൾ, വളരെ ലളിതമായി സമാധാനാന്തരീക്ഷം നയതന്ത്രജ്ഞനായി നബി മുഹമ്മദ് ﷺ വാഴ്ത്തപ്പെട്ടു. അതൊരു ശുഭസൂചനയായിരുന്നു; വരുംകാലത്തെ നായകപദവിയിലേക്കുള്ള അടയാളവാക്യം.





