ഒരു ഉൽപാദനം നടത്താനോ സേവനം നൽകാനോ മനുഷ്യൻ ചെലുത്തുന്ന ശാരീരികവും മാനസികവുമായ പ്രയത്നമാണ് ‘തൊഴിൽ’ എന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷൽ വിശദീകരിക്കുന്നു. മനുഷ്യന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രധാന മാർഗമാണ് തൊഴിലെന്ന് ചുരുക്കം. എല്ലാവർക്കും വ്യാപാരം, വ്യവസായം പോലുള്ള ഉയർന്ന സാമ്പത്തിക മേഖലകളിൽ പ്രവേശിക്കാൻ സാധിക്കണമെന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ, സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അനുവദനീയമായ ഏതെങ്കിലും തൊഴിൽ സ്വീകരിക്കണമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നു.
ഇസ്ലാമിക കാഴ്ചപ്പാടിൽ, അനുവദനീയമായ എല്ലാ തൊഴിലുകൾക്കും അതിന്റേതായ മാന്യതയും മഹത്വവുമുണ്ട്. ഒരു വ്യക്തി ചെയ്യുന്ന തൊഴിൽ സമൂഹത്തിൽ അപമാനത്തിനോ അന്തസ്സിന് ഭംഗം വരാനോ കാരണമാകരുത്. ശാരീരികാധ്വാനം ആവശ്യമായ തൊഴിലായാലും ബൗദ്ധികപ്രയത്നം ആവശ്യമായ തൊഴിലായാലും അവയെല്ലാം ആദരിക്കപ്പെടേണ്ടവയാണ്. ഒരാൾ അനുവദനീയമായ തൊഴിൽ സ്വീകരിക്കാൻ തയ്യാറാകാതിരുന്നാൽ, അവൻ ഒടുവിൽ എത്തിപ്പെടുക നിഷിദ്ധമായ തൊഴിലിലോ അല്ലെങ്കിൽ യാചനയിലോ ആയിരിക്കും. ഇതാണ് ഇസ്ലാം മുന്നറിയിപ്പു നൽകുന്ന യാഥാർഥ്യം.
വേഗത്തിൽ ലാഭം നേടുക എന്ന ലക്ഷ്യത്തോടെ ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും വിതരണ ശൃംഖലയിൽ ചേരുന്നവരുണ്ട്. ലഹരിയുടെ പിടിയിൽ അകപ്പെട്ടു നിരപരാധികളുടെ ജീവിതം തകർന്നാലും, അതൊന്നും പ്രശ്നമല്ല എന്ന നിലപാടാണ് ഇവർക്കുള്ളത്. ഇതുപോലെ തന്നെ, വേശ്യാവൃത്തിയിലേക്കും അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിലേക്കും സ്ത്രീകളെ എത്തിക്കുന്ന സംഘങ്ങളും ഏജൻ്റുമാരും സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഇസ്ലാം കർശനമായി നിരോധിച്ച തൊഴിൽ മേഖലകളാണ്. ഇത്തരം വഴികളിലൂടെ ലഭിക്കുന്ന സമ്പാദ്യം ആത്മീയമായും സാമൂഹികമായും മനുഷ്യനെ നശിപ്പിക്കുന്നതാണ്.
മറ്റൊരു വശത്ത്, ജോലി ചെയ്യാൻ കഴിവുണ്ടായിട്ടും മടിയും അനാസ്ഥയും മൂലം തൊഴിൽ സ്വീകരിക്കാതെ, യാചനയെ ജീവിതമാർഗമാക്കുന്നവരെയും നാം കാണുന്നു. ചിലർ ദാരിദ്ര്യം അഭിനയിച്ച് സഹതാപം പിടിച്ചുപറ്റി സമ്പാദിക്കുന്നു. ഇതിലും ഭീകരമായ അവസ്ഥയായി, പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി അവർക്കു അംഗഭംഗം വരുത്തി യാചനയ്ക്കിരുത്തി, അവരുടെ വരുമാനം കവർന്നെടുക്കുന്ന യാചകമാഫിയ സംഘങ്ങളുടെയും വാർത്തകൾ ഇടക്ക് പുറത്ത് വരാറുണ്ട്.
ഇസ്ലാമിക വീക്ഷണത്തിൽ, യാചന മനുഷ്യന്റെ അഭിമാനം നഷ്ടപ്പെടുത്തുന്ന, അന്തസ്സില്ലാത്ത ഒരു ജീവിതരീതിയാണ്. ഇക്കാര്യത്തിൽ തിരുനബി ശക്തമായ ഉപദേശം നൽകിയിട്ടുണ്ട്. ഒരാൾ തന്റെ കയറെടുത്ത് മലങ്കാടുകളിൽ പോയി വിറക് വെട്ടി കൊണ്ടുവന്ന് വിറ്റു ജീവിക്കുന്നത്, ജനങ്ങളോട് കൈ നീട്ടി യാചിച്ചു ജീവിക്കുന്നതിനേക്കാൾ ഉത്തമമാണെന്നും നിഷിദ്ധമായ വരുമാനം കൊണ്ട് വയർ നിറക്കുന്നതിനെക്കാൾ, വായിൽ മണ്ണ് നിറക്കുന്നതാണ് ഉത്തമമെന്നുമാണ് തിരുനബിയുടെ അധ്യാപനം (അഹ്മദ്, മുൻദിർ). നിഷിദ്ധവും അന്യായവുമായ വഴികളിലൂടെ സമ്പാദിച്ച ധനം ഉപയോഗിച്ച് ജീവിക്കുന്ന ഒരാളുടെ പ്രാർത്ഥനകൾ, അവൻ എത്ര നന്മകൾ ചെയ്താലും, അല്ലാഹു സ്വീകരിക്കുകയില്ല എന്നതും ഹദീസിൽ വ്യക്തമാക്കിയിട്ടുണ്ട്. (മുസ്ലിം)
ഇസ്ലാം അനുവദിച്ചിരിക്കുന്ന സേവനങ്ങളും തൊഴിലുകളും ചെയ്ത് പ്രതിഫലം വാങ്ങുന്നത് പൂർണ്ണമായും ശരിയാണ്. ശരീരശക്തി ഉപയോഗിച്ചുള്ള ലോഡിംഗ്-അൺലോഡിംഗ് ജോലികൾ, വണ്ടി വലിക്കൽ, ഡ്രൈവറായി ജോലി ചെയ്യൽ തുടങ്ങിയവ മുതൽ, ഓഫീസ് ജോലികൾ, മാനേജർ, അനലൈസർ, കൺസൾട്ടന്റ് പോലുള്ള ഉയർന്ന വൈറ്റ്-കോളർ ജോലികൾ വരെ ഇന്ന് സമൂഹത്തിൽ ലഭ്യമാണ്. തൊഴിൽ മേഖലകൾ വൈവിധ്യപൂർണ്ണവും ആകർഷണീയവുമാണ്.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഇടയിൽ ഉണ്ടാകുന്ന തൊഴിൽ കരാർ, ഇരുപക്ഷത്തിന്റെയും അവകാശങ്ങളും മാന്യതയും അംഗീകരിക്കുന്നതായിരിക്കണം. റോഡുപണിയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് കടുത്ത ചൂടുള്ള ഉച്ചനേരങ്ങളിൽ വിശ്രമം അനുവദിക്കണം എന്ന ആവശ്യം ന്യായമായതാണ്. ടെക്സ്റ്റൈൽ ഷോപ്പുകളിൽ വിൽപ്പനക്കാരികളായി ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇരിക്കാൻ സൗകര്യം നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടാറുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കാതെ നിൽക്കണം, ഇരുന്നാൽ ശമ്പളം കുറയ്ക്കും എന്ന തരത്തിലുള്ള ഭീഷണികൾ ഇസ്ലാമിക ദൃഷ്ടിയിൽ ഒരിക്കലും അംഗീകരിക്കപ്പെടില്ല. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മാനസികക്ഷേമവും പരിഗണിച്ചായിരിക്കണം തൊഴിൽ കരാറുകൾ രൂപപ്പെടുത്തേണ്ടത്.
യാചനയും ക്രൗഡ് ഫണ്ടിംഗും തമ്മിലുള്ള ബന്ധവും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. യാചനയെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്ന ജീവിതരീതിയായി കാണുമ്പോഴും, ചികിത്സാ സഹായത്തിനായി, ജയിൽ മോചനത്തിനായി, വീടുനിർമ്മാണത്തിനായി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യർത്ഥന നടത്തുന്നത് ഇന്ന് വ്യാപകമായിട്ടുണ്ട്. നല്ല മനസ്സുള്ളവർ ഇത്തരം അഭ്യർത്ഥനകൾ ഏറ്റെടുത്തു സഹായം നൽകുകയും ലക്ഷ്യം പൂർത്തിയാക്കുകയും ചെയ്യുന്നു. ഇതിനെ സൂക്ഷ്മമായി പരിശോധിച്ചാൽ യാചനയുടെ ഒരു രൂപം തന്നെയാണെങ്കിലും, ദുരന്തങ്ങളാലും രോഗങ്ങളാലും ബുദ്ധിമുട്ടുന്നവരെ സഹായിക്കേണ്ടത് സാമ്പത്തിക ശേഷിയുള്ളവരുടെ ബാധ്യതയാണെന്ന് ഇസ്ലാം വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ, യഥാർത്ഥ ആവശ്യമുള്ളവരുടെ അവസ്ഥ അറിഞ്ഞാൽ, ധനശേഷിയുള്ളവർ സ്വമേധയാ സഹായവുമായി മുന്നോട്ട് വരികയാണ് ഉത്തമം. ചില സാഹചര്യങ്ങളിൽ ഇത് വ്യക്തിഗത ബാധ്യതയായി (ഫർള് ഐൻ) മാറാം; അല്ലെങ്കിൽ സമൂഹത്തിന്റെ പൊതു ബാധ്യതയായി (ഫർള് കിഫായ) നിലനിൽക്കും. സഹായിക്കാൻ കഴിയുന്ന മറ്റാരുമില്ലാത്തപ്പോൾ, അത് വ്യക്തിപരമായി നിർബന്ധമാകും. സഹായം ലഭിക്കേണ്ടവരുടെ അവസ്ഥ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടാൻ വേണ്ടി ആവശ്യമായാൽ പരസ്യമായി അറിയിക്കുന്നതും തെറ്റായ കാര്യമല്ല.










