ഇസ്ലാം മനുഷ്യജീവിതത്തെ സമഗ്രമായി കാണുന്ന ഒരു ദർശനമാണ്. വിശ്വാസത്തിന്റെ സംരക്ഷണം, ശരീരവും ജീവനും സുരക്ഷിതമായി നിലനിർത്തൽ, ബുദ്ധിയുടെ സംരക്ഷണം, കുടുംബ സംവിധാനത്തിന്റെ നിലനിൽപ്പ്, ധനത്തിന്റെ ശരിയായ ഉപയോഗം ഇവയെല്ലാം ഇസ്ലാം ഏറ്റവും ഉയർന്ന പരിഗണന നൽകുന്ന അടിസ്ഥാന മൂല്യങ്ങളാണ്. മനുഷ്യന്റെ വ്യക്തിഗതവും സാമൂഹികവുമായ ജീവിതം സന്തുലിതമായി മുന്നോട്ട് പോകാൻ ഈ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം.
മനുഷ്യന് തന്റെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ധനം അനിവാര്യമാണ്. എന്നാൽ ആ ധനം സമ്പാദിക്കുന്നത് അനുവദനീയവും നന്മയുള്ളതുമായ വഴികളിലൂടെ മാത്രമായിരിക്കണമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നു. അധ്വാനത്തിലൂടെയും സത്യസന്ധമായ പരിശ്രമത്തിലൂടെയും സമ്പാദിച്ച ധനത്തിനാണ് യഥാർത്ഥ അനുഗ്രഹവും നിലനിൽപ്പും ഉണ്ടാകുന്നത്. ഒരാൾ കൂടുതൽ പരിശ്രമിക്കുകയും തന്റെ കീഴിലുള്ളവരെയും സഹകരിക്കുന്നവരെയും ആത്മാർത്ഥമായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്താൽ കൂടുതൽ ധനം സമ്പാദിക്കാൻ കഴിയും. എന്നാൽ ആ ധനം സമൂഹനന്മയ്ക്കും മനുഷ്യ ക്ഷേമത്തിനും ഉപകാരപ്പെടേണ്ടതാണ്.
ധനസമ്പത്ത് കൈവശമുള്ളവർ അതിന്റെ നിശ്ചിത ശതമാനം നിർബന്ധ ദാനമായ സകാത്തായി നിബന്ധനകൾ പാലിച്ച് നൽകണമെന്ന് ഇസ്ലാം കർശനമായി നിർദ്ദേശിക്കുന്നു. ഇത് ദാരിദ്ര്യ നിർമാർജനത്തിലേക്കും സാമൂഹിക നീതിക്കും വഴിയൊരുക്കുന്ന ഒരു സംവിധാനമാണ്. സകാത്ത് നൽകിയ ശേഷം ശേഷിക്കുന്ന ധനം വെറുതെ സൂക്ഷിച്ചു വെക്കാതെ, വിപണിയിൽ സത്യസന്ധവും ലാഭകരവുമായ ഇടപാടുകളിൽ ഏർപ്പെടുന്നതിലൂടെ വർധിപ്പിക്കാൻ ശ്രമിക്കാനും ഇസ്ലാം പ്രോത്സാഹനം നൽകുന്നു. സത്യസന്ധതയോടെ കച്ചവടം ചെയ്യുന്ന വ്യാപാരിക്ക് അന്ത്യനാളിൽ പ്രവാചകന്മാരോടും സത്യവാൻമാരോടും രക്തസാക്ഷികളോടും കൂടെ ഉയർന്ന പദവി ലഭിക്കും എന്ന ഹദീസ് ഈ തൊഴിൽ ദർശനത്തിന്റെ മഹത്വം വ്യക്തമാക്കുന്നു.
ഇടപാട് നടത്തുന്ന രണ്ട് വ്യക്തികളും പരസ്പരം സത്യസന്ധത പാലിക്കണം എന്നത് ഇസ്ലാമിക സാമ്പത്തിക ചിന്തയുടെ അടിസ്ഥാനമാണ്. വിൽപ്പന ചെയ്യുന്ന വസ്തുവിന്റെ യഥാർത്ഥ ഗുണങ്ങളും കുറവുകളും മറച്ചുവെക്കാതെ തുറന്നുപറയുകയും വഞ്ചനയില്ലാതെ ഇടപാടുകൾ നടത്തുകയും ചെയ്താൽ, അത്തരം ഇടപാടുകളിൽ അല്ലാഹു വർദ്ധനവും അനുഗ്രഹവും നൽകുമെന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ വസ്തുവിലെ ന്യൂനതകൾ മറച്ചുവെക്കുകയും ചതിയോടെ ഇടപാട് നടത്തുകയും ചെയ്താൽ, ആ ഇടപാടിൽ നിന്നുള്ള പുണ്യവും വർദ്ധനവും നീക്കം ചെയ്യപ്പെടുമെന്ന് ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസ് വ്യക്തമാക്കുന്നു.
വില്പന/ കച്ചവടം
ലാഭം നേടുക എന്ന ഉദ്ദേശ്യത്തോടെ ചരക്കുകളെയോ സേവനങ്ങളെയോ നിശ്ചിത കാലപരിധിയില്ലാതെ സ്ഥിരമായി കൈമാറ്റം ചെയ്യുന്നതാണ് വില്പന അല്ലെങ്കിൽ കച്ചവടം. കച്ചവടം സത്യസന്ധതയോടെയും പരസ്പരസമ്മതത്തോടെയും നടക്കുമ്പോഴാണ് അത് ഇസ്ലാമികമായി അംഗീകരിക്കപ്പെടുന്നത്.
വാടക (Rent /Leasing)
വാടകയെന്ന ആശയം കച്ചവടത്തിൽ നിന്ന് വ്യത്യസ്തമാണ്. വസ്തുക്കളെയോ സേവനങ്ങളെയോ ഒരു നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാൻ അനുവദിക്കുകയും, ആ കാലാവധി പൂർത്തിയായാൽ അവ തിരിച്ചു നൽകുകയും ചെയ്യുന്നതാണ് വാടക അല്ലെങ്കിൽ ലീസിംഗ്. ഉപയോഗിച്ച കാലയളവിനുള്ള പ്രതിഫലം മുൻകൂട്ടി ധാരണ ചെയ്തതനുസരിച്ച് നൽകണം. വസ്തുവിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നതാണ് വാടകയുടെ പ്രത്യേകത.
മുൻകൂർ വിൽപന (Advance Selling)
ഇസ്ലാമിൽ അംഗീകരിച്ച മറ്റൊരു ഇടപാടാണ് അഡ്വാൻസ് സെല്ലിംഗ്, അഥവാ സലം അല്ലെങ്കിൽ മുൻകൂർ വില്പന. ഇതിൽ, ഒരു നിശ്ചിത കാലയളവ് കഴിഞ്ഞ് ചരക്കു കൈമാറാമെന്ന് ഉറപ്പുനൽകി, അതിന്റെ വില ഇപ്പോൾ തന്നെ മുൻകൂറായി കൈപ്പറ്റുന്നു. കർഷകരെയും ഉൽപാദകരെയും സഹായിക്കുന്നതിനായി പ്രവാചക കാലം മുതൽ തന്നെ അംഗീകരിക്കപ്പെട്ട ഇടപാടാണിത്, പക്ഷേ നിബന്ധനകൾ കൃത്യമായി പാലിക്കപ്പെടണം.
കടം(Loan)
കടം എന്നത് ഒരാൾക്ക് തന്റെ ദൈനംദിന ആവശ്യങ്ങൾക്ക് പണമോ ഭക്ഷ്യവസ്തുക്കളോ ഇല്ലാത്ത സാഹചര്യത്തിൽ, അവ ഉള്ളവരിൽ നിന്ന് വാങ്ങി ഉപയോഗിക്കുകയും, പിന്നീട് അതിനു തുല്യമായത് തിരിച്ചു നൽകുകയും ചെയ്യുന്ന ഇടപാടാണ്. കടം നൽകുന്നതും വാങ്ങുന്നതും ഇസ്ലാമിൽ വലിയ ഉത്തരവാദിത്വമായി കാണപ്പെടുന്നു. കടം കൊടുക്കുന്നവന്റെയും കടം വാങ്ങുന്നവന്റെയും അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കപ്പെടണം എന്നതിനു വേണ്ടി ഇസ്ലാം ശക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കടം മനുഷ്യസഹായത്തിന്റെ ഒരു രൂപമായിരിക്കണം; ചൂഷണത്തിന്റെയും ലാഭേഛയുടെയും ആയുധമാകരുത്.
വായ്പ (Borrow)
വായ്പ എന്നത് വാടക, കടം എന്നിവയിൽ നിന്ന് വ്യത്യസ്തമായ ഒരു ആശയമാണ്. ജീവികളെയോ വസ്തുക്കളെയോ, ഉദാഹരണത്തിന് നിലം ഉഴുതാൻ കാള, വിവാഹത്തിനായി ധരിക്കാനുള്ള ആഭരണം, പാചകത്തിനുള്ള പാത്രങ്ങൾ തുടങ്ങിയവ, യാതൊരു പ്രതിഫലവും ഇല്ലാതെ ഉപയോഗിക്കാൻ നൽകുന്നതാണ് വായ്പ. ആവശ്യകത കഴിഞ്ഞാൽ അതേ വസ്തു തന്നെ തിരിച്ചു നൽകുകയാണ് ഇതിന്റെ അടിസ്ഥാന തത്വം.
ഇങ്ങനെ നോക്കുമ്പോൾ, ഇസ്ലാമിൻ്റെ തൊഴിൽ ദർശനം അധ്വാനം, സത്യസന്ധത, സാമൂഹിക ഉത്തരവാദിത്വം, മാനുഷിക കരുണ എന്നിവയെ അടിസ്ഥാനമാക്കിയ ഒരു സമ്പൂർണ്ണ ജീവിത കാഴ്ചപ്പാടാണ് എന്നു മനസിലാക്കാം.. ധനം ലക്ഷ്യമല്ല; മനുഷ്യനും സമൂഹവും നന്മയിൽ നിലനിൽക്കാൻ ഉപയോഗിക്കേണ്ട ഒരു ഉപാധിയാണ് എന്നതാണ് ഈ ദർശനത്തിന്റെ കേന്ദ്ര ആശയം.










