തൊഴിലാളികളുടെ അവകാശങ്ങൾ, ട്രേഡ് യൂണിയൻ, മുതലാളി–തൊഴിലാളി ബന്ധം എന്നീ വിഷയങ്ങൾ സാമൂഹിക, സാമ്പത്തിക ചർച്ചകളിൽ വലിയ പ്രാധാന്യമുള്ളവയാണ്. ട്രേഡ് യൂണിയൻ എന്ന ആശയം മനുഷ്യസമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പരിണാമങ്ങളോട് ചേർന്ന് വളർന്നുവന്ന ഒരു പ്രക്രിയ കൂടിയാണ്. വ്യവസായ വിപ്ലവത്തിന് മുമ്പ് തൊഴിൽ രംഗം പ്രധാനമായും കൃഷിയിലും ചെറുകിട കൈത്തൊഴിലുകളിലും അധിഷ്ടിതമായിരുന്നു. അന്ന്, നേരിട്ടും ലളിതവുമായ വ്യക്തിബന്ധങ്ങളാണ് തൊഴിലാളിയും തൊഴിൽ നൽകുന്നവനും തമ്മിലുണ്ടായിരുന്നത്. അതിനാൽ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവശ്യകത വലിയ രീതിയിൽ അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടനിൽ ആരംഭിച്ച വ്യവസായ വിപ്ലവം ഈ സാഹചര്യം പൂർണ്ണമായി മാറ്റിമറിച്ചു. യന്ത്രവത്കരണം വ്യാപകമായി. വലിയ ഫാക്ടറികളും വ്യവസായശാലകളും ഉയർന്നു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് വലിയ തോതിൽ തൊഴിലാളികൾ കുടിയേറി. നീണ്ട ജോലി സമയം, കുറഞ്ഞ വേതനം, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യം, ബാലവേല, സ്ത്രീകളെ ചൂഷണം ചെയ്യൽ തുടങ്ങിയ പ്രശ്നങ്ങൾ തൊഴിലാളികളുടെ ജീവിതത്തെ അത്യന്തം ദുഷ്കരമാക്കി. ഈ സാഹചര്യങ്ങളിലാണ് തൊഴിലാളികൾ കൂട്ടായ്മയായി പ്രതികരിക്കാൻ തുടങ്ങിയത്.
ആദ്യഘട്ടങ്ങളിൽ ഇത്തരം തൊഴിലാളി കൂട്ടായ്മകൾ നിയമവിരുദ്ധമായാണ് കണക്കാക്കപ്പെട്ടത്. ബ്രിട്ടനിൽ 1799–1800 കാലഘട്ടങ്ങളിൽ നടപ്പാക്കിയ ‘കോമ്പിനേഷൻ ആക്റ്റ്സ്' (Combination Acts) തൊഴിലാളികൾ ഒന്നിച്ചു ചേരുന്നതും സമരം നടത്തുന്നതും നിരോധിച്ചു. എന്നാൽ തൊഴിലാളികളെ അടിച്ചമർത്താൻ ഈ നിയമങ്ങൾക്കായില്ല. ശക്തമായ പ്രതിഷേധങ്ങളുടെ ഫലമായി 1824–1825 കാലത്ത് ഈ നിയമങ്ങൾ പിൻവലിക്കപ്പെട്ടു. ഇതോടെയാണ് ട്രേഡ് യൂണിയനുകൾ നിയമപരമായി നിലനിൽക്കാൻ തുടങ്ങിയത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ബ്രിട്ടനിൽ ശക്തമായ തൊഴിലാളി സംഘടനകൾ രൂപപ്പെട്ടു. പിന്നീട് ഈ ആശയം യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചു. വ്യവസായ നഗരങ്ങളിൽ തൊഴിലാളികൾ വേതന വർധനയും ജോലി സമയം കുറയ്ക്കലും സുരക്ഷിത തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് സംഘടിതമായി രംഗത്തെത്തി. ഈ കാലഘട്ടത്തിലാണ് 'എട്ട് മണിക്കൂർ ജോലി' എന്ന ആവശ്യം ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഉയർന്നത്. ഇതോടൊപ്പം സാമൂഹ്യ-സാമ്പത്തിക ചിന്തകളിലും വലിയ മാറ്റങ്ങളുണ്ടായി. കാൾ മാർക്സ് പോലുള്ള ചിന്തകർ തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങളെ സിദ്ധാന്തപരമായി വിശകലനം ചെയ്തു. പല രാജ്യങ്ങളിലും തൊഴിലാളി പ്രസ്ഥാനങ്ങൾ രാഷ്ട്രീയ ശക്തിയായി മാറി.
ഇന്ത്യയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം രൂപപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് റെയിൽവേ, തുണി മില്ലുകൾ, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്ത തൊഴിലാളികൾ കടുത്ത ചൂഷണം നേരിട്ടു. 1918 മുതൽ 1920 വരെയുള്ള കാലഘട്ടത്തിൽ തൊഴിലാളി സമരങ്ങൾ ശക്തമായി. 1920-ൽ സ്ഥാപിതമായ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) ഇന്ത്യയിലെ ആദ്യത്തെ ദേശീയ തൊഴിലാളി സംഘടനയായി കണക്കാക്കപ്പെടുന്നു. പിന്നീട് വിവിധ രാഷ്ട്രീയ ആശയധാരകളുമായി ബന്ധപ്പെട്ട് നിരവധി യൂണിയനുകൾ രൂപപ്പെട്ടു.
കാലക്രമേണ തൊഴിൽ നിയമങ്ങൾ, മിനിമം വേതനം, ജോലി സമയം, അവധി, പെൻഷൻ തുടങ്ങിയ വിഷയങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ ട്രേഡ് യൂണിയനുകൾ കാരണമായി. അതേസമയം, ചില സാഹചര്യങ്ങളിൽ യൂണിയൻശക്തി അക്രമത്തിലേക്കും സ്ഥാപനങ്ങൾ നശിപ്പിക്കുന്നതിലേക്കും വഴിമാറിയ സംഭവങ്ങളും ചരിത്രത്തിലുണ്ട്.
തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ മുതലാളിത്തമാണോ സോഷ്യലിസമാണോ മിക്സഡ് എക്കോണമിയാണോ നല്ലതെന്ന ചർച്ചകളും വ്യാപകമായി. പലപ്പോഴും സംഘടിത തൊഴിലാളി കൂട്ടായ്മയുടെ ഭീഷണിക്കു മുമ്പിൽ മുതലാളിമാർക്ക് നഷ്ടം സഹിച്ചും മുട്ടുമടക്കേണ്ടി വന്നു. ഇതാണ് തൊഴിലാളി സംഘടനകളുടെ പ്രവർത്തനങ്ങളെ നീതിയുടെയും ന്യായത്തിൻ്റെയും മാനദണ്ഡങ്ങൾ വെച്ച് വിലയിരുത്തേണ്ട സാഹചര്യം സൃഷ്ടിച്ചത്.
ഇതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ, ട്രേഡ് യൂണിയൻ, മുതലാളി–തൊഴിലാളി ബന്ധം എന്നീ വിഷയങ്ങൾ സമൂഹത്തിലെ പ്രധാന ചർച്ചാവിഷയമായി മാറി. തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശബ്ദിക്കുന്ന യൂണിയൻ നേതാക്കളുടെ പ്രസംഗങ്ങൾ പതിവായി കേൾക്കുന്നു. പലപ്പോഴും തൊഴിലുടമകളെ ശത്രുക്കളായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളും മുതലാളിമാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു എന്ന ആരോപണങ്ങളും സമൂഹത്തിൽ വ്യാപകമാണ്. തൊഴിൽ സൃഷ്ടിക്കുന്ന സംരംഭകരെയും നിക്ഷേപം നടത്തുന്ന മുതലാളിമാരെയും പലപ്പോഴും നെഗറ്റീവ് രീതിയിലാണ് അവതരിപ്പിക്കുന്നത്.
ഇസ്ലാമിക ദൃഷ്ട്യാ, തൊഴിലാളിയും മുതലാളിയും പരസ്പരം സഹായിക്കേണ്ടവരാണ്, ശത്രുക്കളല്ല. ഒരു ബിസിനസ് സംരംഭം വിജയിക്കണമെങ്കിൽ മൂലധനം നൽകുന്ന മുതലാളിയുടെയും അധ്വാനിക്കുന്ന തൊഴിലാളിയുടെയും പങ്ക് ഒരുപോലെ അനിവാര്യമാണ്. മുതലാളിയില്ലാതെ തൊഴിലവസരമുണ്ടാവില്ല. തൊഴിലാളിയില്ലാതെ ഉൽപാദനവും നടക്കില്ല. അതിനാൽ ഇരു വിഭാഗവും സഹകരണത്തോടെ മുന്നോട്ട് പോവണം. ശത്രുതയുള്ള സമീപനം ഇസ്ലാമിക മൂല്യങ്ങൾക്കു വിരുദ്ധമാണ്. ഇസ്ലാം, സഹകരണമുള്ള സമാധാനപരമായ തൊഴിൽ ബന്ധങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
തൊഴിലാളികളുടെ അവകാശങ്ങൾക്ക് ഇസ്ലാം വലിയ പ്രാധാന്യം നൽകുന്നു. തൊഴിലാളിയുടെ കൂലി സമയത്ത് നൽകേണ്ടത് ഒരു ധാർമിക ബാധ്യതയായി ഇസ്ലാം കാണുന്നു. ഇബ്നുമാജ, അബൂദാവൂദ് എന്നിവർ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ, വിയർപ്പുണങ്ങുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നൽകണമെന്ന് കാണാം. മറ്റൊരു ഹദീസിൽ ഇപ്രകാരമാണ്: അല്ലാഹു പറയുന്നു: വിചാരണനാളിൽ തൊഴിലാളിക്ക് നീതിയുക്തമായ കൂലി നൽകാത്തവന്റെ എതിരാളിയായിരിക്കും ഞാൻ.(ബുഖാരി 2227). തൊഴിലാളിയുടെ മാനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന ശക്തമായ സന്ദേശമാണത്.
അതുപോലെ, ഒരാളുടെ കഴിവിന് അതീതമായ ഭാരിച്ച ജോലികൾക്ക് അയാളെ നിർബന്ധിക്കരുതെന്നും, ജോലി കഠിനമാണെങ്കിൽ തൊഴിലുടമ അവനെ സഹായിക്കണമെന്നും തിരുനബിയുടെ നിർദേശമുണ്ട്. അബൂ ദറുൽ ഗിഫാരിയും മറ്റും പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (ബുഖാരി, മുസ്ലിം. ഇതിലൂടെ മനുഷ്യത്വവും കരുണയും തൊഴിൽ നൈതികതയുടെ അടിസ്ഥാനമാണെന്ന് വ്യക്തമാകുന്നു.
മുതലാളിയുടെ അവകാശങ്ങളും ഇസ്ലാം അംഗീകരിക്കുന്നുണ്ട്. തൊഴിലാളിക്ക് അർഹമായ കൂലി നൽകിയ ശേഷം ബിസിനസിൽ നിന്നു ലഭിക്കുന്ന ലാഭം മുതലാളിക്കുള്ള നിയമപരമായ അവകാശമാണ്. അക്രമം, ഭീഷണി, സ്ഥാപനങ്ങൾ നശിപ്പിക്കൽ, തൊഴിലുടമയെ കയ്യേറ്റം ചെയ്യൽ തുടങ്ങിയ മാർഗങ്ങളിലൂടെ അത് പിടിച്ചെടുക്കുന്നത് ഇസ്ലാമികമായി ശരിയല്ല. ഇസ്ലാം നീതി ആവശ്യപ്പെടുന്നു. അക്രമം അനുവദിക്കുന്നില്ല. സമാധാനപരമായ സംവാദത്തിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയുമാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്.
തൊഴിലാളികൾ കൂട്ടായ്മ രൂപീകരിക്കുന്നതും തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നേതാക്കളെ തിരഞ്ഞെടുക്കുന്നതും തെറ്റല്ല. എന്നാൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ഇസ്ലാം പഠിപ്പിക്കുന്ന സദാചാരപരിധിയിൽ നിന്നുകൊണ്ടായിരിക്കണം. റോഡ് തടയൽ, ഫാക്ടറി നശിപ്പിക്കൽ, ഭീഷണി, അക്രമം തുടങ്ങിയ പ്രവർത്തനങ്ങൾ സാമൂഹിക സമാധാനം തകർക്കുന്നതാണ്. ഇസ്ലാം ആവശ്യപ്പെടുന്നത് സംവാദവും നീതിയും സഹകരണവുമാണ്.
പലപ്പോഴും സംഘടിത തൊഴിലാളി പ്രക്ഷോഭങ്ങളുടെ സമ്മർദ്ദത്തിൽ മുതലാളിമാർക്ക് നഷ്ടം സഹിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ എല്ലാ സമ്മർദ്ദങ്ങളും നീതിപൂർവമായിരുന്നില്ല. കാൾ മാർക്സ് അവതരിപ്പിച്ച മിച്ചമൂല്യ സിദ്ധാന്തം, തൊഴിലാളികൾ സൃഷ്ടിക്കുന്ന മൂല്യം മുതലാളികൾ കവർച്ച ചെയ്യുന്നു എന്ന വാദമാണ് മുന്നോട്ടുവച്ചത്. ഇസ്ലാം ഈ ആശയം അംഗീകരിക്കുന്നില്ല. തൊഴിലാളിക്ക് അർഹമായ കൂലി നൽകിയ ശേഷം ബാക്കിവരുന്ന ലാഭം മുതലാളിക്ക് നിയമപരമായി അവകാശപ്പെട്ടതാണെന്നാണ് ഇസ്ലാമിക സമീപനം.
യൂണിയൻ സമ്മർദ്ദത്തിലൂടെ നിർബന്ധ പെൻഷൻ, അധിക സാമ്പത്തിക ബാധ്യതകൾ, നഷ്ടം സഹിക്കേണ്ട സാഹചര്യം എന്നിവ മുതലാളിക്ക് ഉണ്ടാക്കി വയ്ക്കുന്നത് ഇസ്ലാമികമായി ശരിയല്ല. ഇസ്ലാം ധന ഉടമയുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നു. അതിനാൽ തൊഴിൽ രംഗത്ത് വൈരാഗ്യവും അക്രമവുമല്ല, നീതിയും സഹകരണവുമാണ് അടിസ്ഥാനമാകേണ്ടത്.
ചുരുക്കത്തിൽ, തൊഴിലാളിയുടെ അവകാശങ്ങൾ ഇസ്ലാം ശക്തമായി സംരക്ഷിക്കുന്നു. അതോടൊപ്പംതന്നെ മുതലാളിയുടെ നിയമപരമായ അവകാശങ്ങളും അംഗീകരിക്കുന്നു. ഇരുവർക്കുമിടയിൽ ശത്രുത വളർത്തുന്നതിന് പകരം, പരസ്പര ആദരവും സഹകരണവുമുള്ള ഒരു തൊഴിൽ സംസ്കാരമാണ് ഇസ്ലാം മുന്നോട്ടുവയ്ക്കുന്നത്. തൊഴിലാളിയും മുതലാളിയും കൈകോർത്ത് പ്രവർത്തിക്കുമ്പോഴാണ് സാമൂഹിക സമാധാനം സാധ്യമാവുക.










