അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹമാണ് സമ്പത്ത്. അത് വെറും ഭൗതിക സുഖത്തിനായി മാത്രം ഉപയോഗിക്കുന്നതിനപ്പുറം സ്രഷ്ടാവിനെ ആരാധിക്കാൻ സഹായിക്കുന്ന ഉപാധിയായിട്ടാണ് ഉപയോഗിക്കേണ്ടത്. കച്ചവടം, ബിസിനസ്, സാമ്പത്തിക ഇടപാടുകൾ ഇവയൊന്നും ഒരു വിശ്വാസിയെ യഥാർത്ഥ ഇബാദത്തുകളിൽ (ആരാധന) നിന്ന് അകറ്റുന്ന രൂപത്തിലാകരുത്. മറിച്ച്, സാമ്പത്തിക ഇടപാടുകൾ ഇസ്ലാമിക നിയമങ്ങൾ പാലിക്കുന്നതിലും മോശം കാര്യങ്ങളെ ഒഴിവാക്കുന്നതിലും, മതപരമായ അടയാളങ്ങൾ നിലനിർത്തുന്നതിലും സഹായകമാകണം.
മുസ്ലിമിനെ സംബന്ധിച്ച് മനുഷ്യജീവിതത്തിന്റെ യഥാർത്ഥ മൂലധനം ധനമല്ല. വിശ്വാസവും അതനുസരിച്ചുള്ള കർമ്മങ്ങളുമാണ്. സാമ്പത്തിക ലോകവുമായി ബന്ധപ്പെടുന്നതിലൂടെ ഈ വിശുദ്ധ മൂല്യങ്ങൾ തകരരുത്. വിപണിയിലെ ലാഭനഷ്ടങ്ങൾ, വില വ്യത്യാസങ്ങൾ, സാമ്പത്തിക ഉയർച്ചതാഴ്ചകൾ ഇവയെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഒരു വിശ്വാസി നഷ്ടങ്ങൾ നേരിടുമ്പോൾ അല്ലാഹുവിൽ ഭരമേൽപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുകയും, ലാഭമുണ്ടാകുമ്പോൾ അതിരുകടന്ന ആഹ്ലാദത്തിൽ അകപ്പെടാതിരിക്കുകയും ചെയ്യുന്നു. ഈ മനോഭാവമാണ് ഇസ്ലാമിക സാമ്പത്തിക ദർശനത്തിന്റെ അടിസ്ഥാനം.
സാമ്പത്തിക ഇടപാടുകളിൽ സമ്പാദിക്കുന്ന ധനം ഹലാലായിരിക്കണം (ശരിയായ മാർഗത്തിലൂടെ സമ്പാദിച്ചതാകണം). ഇസ്ലാമിക ധാർമിക നിയമങ്ങൾ സാമ്പത്തിക മേഖലയിൽ കർശനവും സുരക്ഷിതവുമാണ്. അനവധി ഇസ്ലാമിക പണ്ഡിതന്മാർ ചർച്ചചെയ്തും രൂപപ്പെടുത്തിയതുമായ ഈ നിയമങ്ങളെ അവഗണിക്കുന്ന രീതിയിൽ സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടരുത്. ഒരുകാലത്ത് ജനങ്ങൾ സമ്പാദിക്കുന്ന ധനം ഹലാലാണോ ഹറാമാണോ എന്ന് പരിഗണിക്കാത്ത കാലം വരുമെന്ന് തിരുനബി മുന്നറിയിപ്പ് നൽകിയത് ഇമാം ബുഖാരിയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് “ശരീഅ: കോംപ്ലയൻസ്” എന്ന ആശയം സാമ്പത്തിക രംഗത്ത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. പലിശ ഒഴിവാക്കുക, മദ്യം, ലഹരി, പന്നിമാംസം തുടങ്ങിയ നിഷിദ്ധ വസ്തുക്കളുടെ വ്യാപാരം ഒഴിവാക്കുക എന്നിവ അതിന്റെ ഭാഗമാണ്.
ഒരു വ്യക്തി മുന്തിരി വാങ്ങുന്നത് കള്ള് ഉണ്ടാക്കാനാണെന്ന് സംശയമുണ്ടെങ്കിൽ വിൽക്കുന്നത് അനുപയുക്തമാണ്; ഉറപ്പാണെങ്കിൽ അത് ഹറാമാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ സത്യസന്ധമായ കച്ചവടക്കാരന് കഴിയണം. ഇസ്ലാം കച്ചവടം പരസ്പരസമ്മതത്തോടെയും തൃപ്തിയോടെയും നടക്കണമെന്ന് നിർദ്ദേശിക്കുന്നു (ഖുർആൻ 4:29). വഞ്ചനയില്ലാത്ത ഇടപാട് ഉറപ്പാക്കാൻ തിരുനബി നൽകിയ ഉപദേശങ്ങൾ വ്യാപാരനൈതികതയുടെ അടിസ്ഥാനമാണ്.
കച്ചവടത്തിൽ സത്യസന്ധത അനിവാര്യമാണ്. വിൽക്കുന്ന വസ്തുവിന്റെ ഗുണങ്ങളും കുറവുകളും മറച്ചുവെക്കാതെ വ്യക്തമാക്കണം. ചെലവായ വില പറയുന്നിടത്തും ഇറക്കുമതി ചെയ്തതാണോ അല്ലയോ എന്ന് പറയുന്നതടക്കം എല്ലാം സത്യസന്ധമായി വിശദീകരിക്കണമെന്ന കർശനമായ നിർദേശം ഇസ്ലാം നൽകുന്നുണ്ട്. സത്യസന്ധനായ കച്ചവടക്കാരൻ പ്രവാചകന്മാരുടെയും സത്യവാൻമാരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും എന്ന ഹദീസ് (തുർമുദി, ഹാകിം) വ്യാപാരത്തിന്റെ മഹത്വം വ്യക്തമാക്കുന്നു. എന്നാൽ കള്ളസത്യം പറഞ്ഞ് ചരക്ക് വിറ്റഴിക്കുന്നവരിലേക്ക് അല്ലാഹു കാരുണ്യനോട്ടം നോക്കുകയില്ലെന്നും തിരുനബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നു വിഭാഗം ആളുകൾ, അവരെ അല്ലാഹു കാരുണ്യത്തിന്റെ നോട്ടം നോക്കുകയില്ല എന്ന് തിരുനബി മൂന്നു പ്രാവശ്യം ആവർത്തിക്കുകയുണ്ടായി. അത് ആരാണെന്ന് ചോദിച്ചപ്പോൾ കള്ളസത്യം ഉപയോഗിച്ച് ചരക്കുകൾ ചെലവാക്കുന്ന ആൾ, അതിൽ ഒരാൾ എന്ന് വിശദീകരിച്ചു(മുസ്ലിം).
വിൽക്കുന്ന വസ്തുവിന് ന്യൂനതയുണ്ടെങ്കിൽ അത് വ്യക്തമാക്കണം. ന്യൂനത മറച്ചുവെച്ച് വിൽക്കുന്നത് വഞ്ചനയാണ്. വില കൂട്ടിപ്പറയാൻ ആളുകളെ നിയോഗിച്ച് കബളിപ്പിക്കൽ, തെറ്റിദ്ധരിപ്പിച്ച് കൂടുതൽ വില ഈടാക്കൽ, അളവിലും തൂക്കത്തിലും കുറവ് വരുത്തൽ ഇവയെല്ലാം ഇസ്ലാം കർശനമായി നിരോധിക്കുന്നു. വിശ്വാസ്യതയാണ് ഒരു മുസ്ലിം കച്ചവടക്കാരന്റെ ഏറ്റവും വലിയ സമ്പത്ത്. ന്യൂനതയുള്ള ഒരു വസ്തുവാണ് വിൽക്കാനുള്ളതെങ്കിൽ അതിന്റെ ന്യൂനത വാങ്ങുന്ന ആളോട് വിശദീകരിച്ചു കൊണ്ടായിരിക്കണം വിൽക്കേണ്ടത് എന്ന് തിരുനബി പഠിപ്പിച്ചു. ഒരു സ്വഹാബിയുമായി (തിരുനബി അനുചരൻ) കച്ചവടം നടത്തിയപ്പോൾ ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനോട് നടത്തുന്ന ഇടപാടാണിത്, മൃഗത്തിന് രോഗം ഇല്ല, ന്യുനതയും ഇല്ല, ദുസ്വഭാവവും ഇല്ല എന്നു പറഞ്ഞു കൊണ്ടാണ് ഇടപാട് നടത്തിയത് (ഇമാം ബുഖാരി).
ഇസ്ലാം കച്ചവടത്തിൽ ഉദാരതയും പ്രോത്സാഹിപ്പിക്കുന്നു. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഇടപാട് കഴിഞ്ഞ് സൗകര്യം നൽകുക, വിലയിൽ ഇളവ് നൽകുക, അടയ്ക്കാൻ സമയം നൽകുക ഇവ മാനുഷിക മൂല്യങ്ങളാണ്. ഇത്തരത്തിലുള്ള സമീപനം ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുകയും ബിസിനസ് വളർച്ചയ്ക്ക് സഹായകമാവുകയും ചെയ്യും. സമൂഹത്തിന് ദോഷം ചെയ്യുന്ന ഇടപാടുകൾ ഇസ്ലാം അനുവദിക്കുന്നില്ല. കച്ചവട വസ്തുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം, അളവും ഗുണവും വ്യക്തമാക്കണം, വാങ്ങുന്നയാൾക്ക് കൈമാറാൻ കഴിയുന്നതാണെന്ന് ഉറപ്പാക്കണം. ഇടപാട് രേഖകൾ സൂക്ഷിക്കുക, ഇൻവോയ്സും ബില്ലും നൽകുക, കടം രേഖപ്പെടുത്തുക ഇവ വിശ്വാസ്യത ഉറപ്പാക്കുന്ന പ്രക്രിയകളാണ്.
സാമ്പത്തിക രംഗത്ത് സമൂഹ്യ ഉത്തരവാദിത്വവും പ്രധാനമാണ്. ദോഷകരമായ വസ്തുക്കളുടെ വ്യാപാരം കണ്ടാൽ അധികാരികളെ അറിയിക്കണം. മായം ചേർക്കുന്ന പ്രവണതകളും സമൂഹത്തിന് ഹാനികരമായ ഇടപാടുകളും തടയാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഇതിലൂടെ സത്യസന്ധവും ആരോഗ്യകരവുമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കാനാവും.
ഇസ്ലാം സന്തോഷം അനുവദിക്കുന്നു, പക്ഷേ ധൂർത്ത് നിരോധിക്കുന്നു. ആധുനിക വിപണിയിൽ അനവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഭക്ഷണം, വസ്ത്രം, പാനീയം, സൗന്ദര്യവർധക വസ്തുക്കൾ, വിനോദ ഉപകരണങ്ങൾ തുടങ്ങി ജീവിതത്തെ സൗകര്യപ്രദമാക്കുന്നവ എല്ലാം അനുവദനീയമാണ്, എന്നാൽ തെറ്റിലേക്കോ ഹാനിയിലേക്കോ നയിക്കാത്ത പരിധിയിൽ മാത്രമേ ഉപയോഗിക്കാവൂ. മിതത്വവും ഉത്തരവാദിത്വവും പാലിക്കുമ്പോഴാണ് സാമ്പത്തിക ജീവിതം ഇസ്ലാമികമായി സമ്പൂർണ്ണമാകുന്നത്.










