വിലയോ മൂല്യമോ ഗണിക്കപ്പെടുന്ന എന്തും ധനത്തിന്റെ പരിധിയിൽ വരുന്നു. സ്വർണ്ണം, വെള്ളി, നാണയങ്ങൾ, കറൻസി, ഭൂസ്വത്തുകൾ, കാർഷിക വിഭവങ്ങൾ, വളർത്തുമൃഗങ്ങൾ, ഭൂമിയിൽ നിന്ന് ഖനനം ചെയ്യപ്പെടുന്ന ലോഹങ്ങൾ, രത്നങ്ങൾ, സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന ജൈവ-അജൈവ വിഭവങ്ങൾ, ഇവയുടെ സംയോജനങ്ങളായി മനുഷ്യാവശ്യങ്ങൾക്ക് നിർമ്മിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ ഇങ്ങനെ അനവധി വസ്തുക്കൾ സമ്പത്തിന്റെ പരിധിയിലാണ് എണ്ണപ്പെടുന്നത്.
ആവശ്യങ്ങളുടെ തലങ്ങൾ
മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനും സുരക്ഷയ്ക്കും ആവശ്യമായ വസ്തുക്കളെ അത്യാവശ്യം – ആവശ്യം – പൂരകം – അനാവശ്യം – വർജ്ജ്യം എന്നിങ്ങനെ പല തലങ്ങളിലായി വിഭജിക്കാം:
മനുഷ്യന് ജീവിക്കാൻ നിർബന്ധമായത് ഭക്ഷണവും വെള്ളവുമാണ്. ഇതാണ് ഭക്ഷ്യവിഭവങ്ങളുടെ അടിസ്ഥാനം. സാമൂഹ്യജീവിയെന്ന നിലയ്ക്ക് നാണം മറയ്ക്കാൻ വസ്ത്രവും അനിവാര്യമാണ്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഇലകൾ, നാരുകൾ, പരുത്തി, തോൽ തുടങ്ങിയവ കൊണ്ടുള്ള വസ്ത്രങ്ങൾ മുതൽ ആധുനിക ലോകത്ത് ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷാ വസ്ത്രങ്ങളിൽ വരെ വൈവിധ്യം കാണാം.
പാർപ്പിടം മനുഷ്യജീവിതത്തിന്റെ മറ്റൊരു അടിസ്ഥാന ആവശ്യമാണ്. ശത്രുക്കളിൽ നിന്നും പ്രതികൂല കാലാവസ്ഥകളിൽ നിന്നും രക്ഷപ്പെടാനും വിശ്രമിക്കാനും ഉറങ്ങാനും ഇത് സഹായിക്കുന്നു. മണ്ണ്, കല്ല്, കരിങ്കല്ല്, മരം, ഇരുമ്പ് തുടങ്ങിയ പ്രകൃതി വിഭവങ്ങൾ തുടങ്ങി ആധുനിക നിർമ്മാണ വസ്തുക്കൾ വരെ വീടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
മനുഷ്യന്റെ ഇഷ്ടവിഭവങ്ങളായി സ്വർണ്ണം, വെള്ളി, കുതിരകൾ, വളർത്തുമൃഗങ്ങൾ, കൃഷി, ഭാര്യ, സന്താനങ്ങൾ എന്നിവയെ ഖുർആൻ പരാമർശിക്കുന്നുണ്ട്. ഇവയിൽ പലതും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയാണ്.
അത്യാവശ്യങ്ങൾക്ക് പുറമേ മനുഷ്യജീവിതം സുഗമമാക്കുന്ന നിരവധി അവശ്യവസ്തുക്കൾ വേറെയുണ്ട്. വാതിൽ നിർമിക്കാൻ മരം അത്യാവശ്യമാണ്; എന്നാൽ അതിന്റെ സംരക്ഷണത്തിന് പെയിന്റ്, ചുമരുകൾക്കു സിമന്റ്, മേൽക്കൂരയുടെ ആധുനിക നിർമ്മിതികൾ എന്നിവ ആവശ്യമായി വരുന്നു. യാത്രയുടെ അടിസ്ഥാന സൗകര്യങ്ങളായി കുതിര പോലുള്ള മൃഗങ്ങളിൽ നിന്ന് തുടങ്ങി വാഹനങ്ങൾ, കപ്പലുകൾ, വിമാനങ്ങൾ മുതൽ ബഹിരാകാശ റോക്കറ്റുകൾ വരെ മനുഷ്യന്റെ ആവശ്യങ്ങളുടെ ഭാഗമാകുന്നു.
കൃഷിയിലൂടെയോ പ്രകൃതിയിൽ നിന്നോ ലഭിക്കുന്ന ധാന്യങ്ങൾ, മത്സ്യം, മാംസം, പഴങ്ങൾ, പാൽ എന്നിവ ഭക്ഷ്യ ആവശ്യങ്ങളുടെ അടിസ്ഥാനമാണ്. ഇവയിൽ നിന്ന് തയ്യാറാക്കുന്ന വിവിധ വിഭവങ്ങളും ആധുനിക ലോകത്ത് ലഭിക്കുന്ന രുചിവർദ്ധക ഉൽപ്പന്നങ്ങളും ആവശ്യങ്ങളുടെ ഭാഗമാകുന്നു.
ആവശ്യങ്ങൾ അവസാനിക്കുന്നിടത്ത് അലങ്കാരങ്ങൾ ആരംഭിക്കുന്നു. അലങ്കാരം അതിരുകടക്കുമ്പോൾ അത് അനാവശ്യമായി മാറുന്നു. അത്യാവശ്യങ്ങളെയോ അവശ്യവസ്തുക്കളെയോ നശിപ്പിക്കുന്നതാകുമ്പോൾ അത് ഉപദ്രവകാരിയായി കണക്കാക്കപ്പെടുന്നു. ഈ വിഭാഗീകരണം സ്ഥിരമല്ല; സാഹചര്യങ്ങളെ ആശ്രയിച്ച് മാറും. സമാധാനപരമായി ജീവിക്കുന്ന സമൂഹത്തിൽ നശീകരണ ആയുധങ്ങൾ അനാവശ്യമോ ഉപദ്രവകാരിയോ ആയി കണക്കാക്കാം. എന്നാൽ യുദ്ധഭീഷണി നിലനിൽക്കുമ്പോൾ അവ ആവശ്യമായേക്കാം. വളർത്തുനായയ്ക്ക് പേയിളകുമ്പോൾ അത് വർജ്ജ്യമായി മാറുന്നു. പക്ഷിപ്പനി പടർന്നാൽ കോഴികളെയും താറാവുകളെയും കൂട്ടത്തോടെ നശിപ്പിക്കേണ്ടി വരും.
ധന കൈമാറ്റത്തിലെ നീതി
ധനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് സമൂഹക്ഷേമം ലക്ഷ്യമാക്കിയതായിരിക്കണം. സാമ്പത്തിക അസമത്വങ്ങൾ കുറച്ച് സർവർക്കും ക്ഷേമം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ധനം സമ്പാദിക്കുന്നത് ചൂഷണമില്ലാതെ, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, വഞ്ചനയും ചതിയും ഇല്ലാത്ത മാർഗ്ഗത്തിലൂടെയായിരിക്കണം.
ധനത്തിന്റെ വിനിയോഗം ധൂർത്ത് നിരാകരിക്കുകയും മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യണം. ദരിദ്രരും നിർധനരുമായവരെ പരിഗണിക്കുകയും സമൂഹത്തിലെ സാമ്പത്തിക അസമത്വം കുറയ്ക്കുകയും ചെയ്യണം. ഇങ്ങനെ നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇസ്ലാമിക സാമ്പത്തിക ദർശനം.
നിർബന്ധ ദാനവും അവകാശ വിതരണവും
ധനികർ നിർബന്ധമായും നൽകേണ്ട സകാത്ത് സാധാരണയായി 2.5% മുതൽ 20% വരെ വ്യത്യാസപ്പെടാം (ധനത്തിന്റെ സ്വഭാവത്തെ ആശ്രയിച്ച്). ഐച്ഛിക ദാനമായ വസ്വിയ്യത്ത് (വിൽപത്രം) മൊത്തം സ്വത്തിന്റേത് മൂന്നിലൊന്നിൽ (1/3) കവിയരുത്. മരണപ്പെട്ടവരുടെ സ്വത്ത് അവകാശികൾക്ക് 12.5% മുതൽ 100% വരെ, ബന്ധത്തിന്റെ അടുപ്പവും മറ്റു അവകാശികളുടെ സാന്നിധ്യവും ആശ്രയിച്ച് വിഭജിക്കപ്പെടുന്നു.
സാമ്പത്തിക മാർഗ്ഗരേഖകൾ
ഇസ്ലാം ചില അടിസ്ഥാന സാമ്പത്തിക നിരോധനങ്ങൾ നിർദ്ദേശിക്കുന്നു. പലിശ ഇടപാട് നിരോധിതമാണ്. ചൂതാട്ടം, ലോട്ടറി തുടങ്ങിയ അനിശ്ചിത ഇടപാടുകൾ അനുവദനീയമല്ല. ഊഹക്കച്ചവടം, വഞ്ചന, പിടിച്ചുപറി എന്നിവയും കർശനമായി നിരോധിച്ചിരിക്കുന്നു.
ധനാഗമന മാർഗ്ഗങ്ങൾ
സമ്പത്ത് സമ്പാദിക്കാൻ ഇസ്ലാം അനുവദിക്കുന്ന പ്രധാന മാർഗ്ഗങ്ങൾ ഇവയാണ്: കച്ചവടം, മുൻകൂർ പണമടച്ച് ചരക്ക് പിന്നീട് കൈപ്പറ്റുന്ന സലം(Advance Selling), വ്യവസായം, പലിശരഹിത വായ്പയും കടവും, ധനികന്റെ മൂലധനവും തൊഴിലാളിയുടെ സേവനവും ചേർന്ന കൂട്ടുസംരംഭമായ ഖിറാള്, പലരും മൂലധനം ചേർക്കുന്ന കൂട്ടുസംരംഭമായ ശിർക്കത്ത് (കമ്പനി), വാടകക്കരാർ എന്നിവ.










