ഇസ്ലാമിക സാമ്പത്തിക വീക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനുമുമ്പ് ആമുഖമായി ചില കീ-പോയിന്റുകൾ പരിചയപ്പെടാം:
• പണം/ധനം സമ്പാദിക്കുക എന്നത് ഒരു ആത്യന്തിക ലക്ഷ്യമല്ല; ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ഉപാധിയാണ് പണം.
• ലക്ഷ്യങ്ങൾ നല്ലതായിരിക്കണം; അതിനായി ഉപയോഗിക്കുന്ന ധനം സുതാര്യവും നിയമവിധേയവുമായ മാർഗങ്ങളിലൂടെ നേടിയതായിരിക്കണം.
• ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നില്ല.
• പണം ലക്ഷ്യമില്ലാതെ പാഴാക്കരുത്.
• ബുദ്ധിപൂർവ്വം നിക്ഷേപം നടത്തി സമ്പത്ത് വർദ്ധിപ്പിക്കണം.
• അല്ലാഹു തൃപ്തിപ്പെടുന്ന മാർഗങ്ങളിൽ ചിലവഴിക്കുകയും നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കുകയും വേണം.
ഇമാം ഗസ്സാലി, ഹസനുൽ ബസ്വരി, ഇബ്നു റുശ്ദ്, ഇബ്നു ഖൽദൂൻ തുടങ്ങിയ പണ്ഡിതന്മാർ ഈ ആശയങ്ങളെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ധനം അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും അതുപോലെ ഒരു പരീക്ഷണവുമാണെന്ന് കാണണം. ഭൗതിക വിജയം നേടാനുള്ള ഒരു ചാലകശക്തിയായി മാത്രം അതിനെ കാണാൻ പാടില്ല. വിനിമയം നടക്കുമ്പോഴാണ് പണം സാർത്ഥകമാകുന്നത്. സത്യസന്ധതയോടെയും ഉദാത്ത ലക്ഷ്യങ്ങളോടെയും ധനം കൈകാര്യം ചെയ്യുന്നവർക്ക് അല്ലാഹുവിൽ നിന്ന് അനുഗ്രഹവും സഹായവും ഉയർന്ന പദവിയും ലഭിക്കും.
സാമൂഹിക നീതി സ്ഥാപിക്കലും ധനവിതരണത്തിലെ അസന്തുലിതാവസ്ഥ കുറയ്ക്കലും ഇസ്ലാമിൻ്റെ ലക്ഷ്യമാണ്. വ്യക്തിഗതമായും കൂട്ടായ്മയായും സംരംഭങ്ങളും വ്യാപാരങ്ങളും നടത്തി സാമ്പത്തിക വളർച്ച കൈവരിക്കാൻ ഇസ്ലാം പ്രോത്സാഹനവും നൽകുന്നുണ്ട്.
ധനസമ്പാദനം
നീതിയുക്തവും സുരക്ഷിതവുമായ ഒരു വ്യവസ്ഥിതിയുടെ ഭാഗമായി ധനം ആർജ്ജിക്കുന്നതിനുള്ള മാർഗങ്ങളെ ഇസ്ലാം വിശദീകരിക്കുന്നു. ഈ ചർച്ചയ്ക്ക് ആമുഖമായി പറയേണ്ടത്, തിരുനബി കച്ചവടവും ആടുമേക്കലും ചെയ്തിരുന്നുവെന്നതാണ്. “ഞാൻ മാത്രമല്ല, മുമ്പ് വന്ന പ്രവാചകന്മാരെല്ലാം ആടിനെ മേച്ചിട്ടുണ്ട്” എന്നു തിരുനബി പറഞ്ഞതായി കാണാം. പ്രവാചകദൗത്യം ആരംഭിക്കുന്നതിന് മുമ്പ് പത്നി ഖദീജയ്ക്കായി അവരുടെ കച്ചവട ചരക്കുകളുമായി ശാമിലേക്കു നടത്തിയ യാത്രയും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് വസ്ത്രങ്ങളും മറ്റു സാധനങ്ങളും കച്ചവടം ചെയ്തിരുന്നു. ഖലീഫയായ ശേഷം പൊതുഖജനാവിൽ നിന്ന് വേതനം അനുവദിക്കപ്പെട്ടു. ഉമറുമായി ആലോചിച്ച് ഖജനാവ് സൂക്ഷിപ്പുകാരനായിരുന്ന അബൂ ഉബൈദയാണ് ഇത് ക്രമീകരിച്ചത്. ഉമർ പലപ്പോഴും കച്ചവട ആവശ്യങ്ങൾക്ക് യാത്രചെയ്തിരുന്നു. ആ സമയങ്ങളിൽ തിരുനബിയുടെ അധ്യാപനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒരു സ്വഹാബിയെ (നബി അനുചരൻ) നിയോഗിക്കും. അദ്ദേഹം തിരുനബിയുടെ ദർസ് കേട്ടതൊക്കെയും ഉമർ മടങ്ങിയെത്തുമ്പോൾ വിവരിച്ചുകൊടുക്കുമായിരുന്നു; ഉമർ തിരിച്ചും അതുപോലെ പങ്കുവെക്കുമായിരുന്നു.
മൂന്നാം ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാൻ ധാരാളം സമ്പത്തും വ്യാപകമായ ബിസിനസ് ഇടപാടുകളും ഉള്ളവരായിരുന്നു. മുസ്ലിംകൾ സാമ്പത്തികമായി ബുദ്ധിമുട്ടിയ സമയങ്ങളിൽ യുദ്ധയാത്രകൾക്കും മറ്റു ആവശ്യങ്ങൾക്കും അദ്ദേഹം ഉദാരമായി സംഭാവനകൾ നൽകിയിട്ടുണ്ട്.
തൊഴിൽ, കച്ചവടം തുടങ്ങിയ അനുവദനീയ മാർഗങ്ങളിലൂടെ ധനം സമ്പാദിക്കാൻ ശ്രമിക്കണം. സമ്പത്തുള്ളവർ അതിനെ വികസിപ്പിക്കാനും തുടർന്ന് നല്ല മാർഗങ്ങളിൽ ചെലവഴിക്കാനും ശ്രദ്ധിക്കണം. ഈ സജീവവും പോസിറ്റീവുമായ കാഴ്ചപ്പാട് തിരുനബി (സ്വ) യുടെ അധ്യാപനങ്ങളിലും ഖുർആന്റെ നിർദ്ദേശങ്ങളിലും സ്വഹാബിമാരുടെ ജീവിതത്തിലും വ്യക്തമാണ്.
ധനാർജിത മാർഗങ്ങളിൽ ശ്രേഷ്ഠത ഏതാണ് എന്നതിനെക്കുറിച്ച് പൂർവ്വകാല പണ്ഡിതന്മാർ വ്യത്യസ്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം മാവർദിയുടെ അഭിപ്രായത്തിൽ സമ്പത്ത് ആർജ്ജിക്കുന്ന പ്രധാന മാർഗങ്ങൾ നാല് ആണ്:
• കാർഷിക വിളവ്
• വളർത്തുമൃഗങ്ങൾ
• കച്ചവടം
• വ്യവസായം/തൊഴിൽ
“ഒരു വിശ്വാസി വൃക്ഷം നട്ടാലോ കൃഷി ചെയ്താലോ അതിൽ നിന്ന് മനുഷ്യരോ പക്ഷികളോ മൃഗങ്ങളോ ഭക്ഷിച്ചാലും അവനു പ്രതിഫലം ലഭിക്കും” (ബുഖാരി, മുസ്ലിം).
“ഏറ്റവും ഉത്തമമായ സമ്പാദ്യം സ്വന്തം കൈകൊണ്ട് അധ്വാനിച്ച് നേടുന്നതും സത്യസന്ധമായ കച്ചവടത്തിലെ ലാഭവുമാണ്” (ത്വബ്റാനി). കൈത്തൊഴിലും വ്യവസായവും സംബന്ധിച്ച സൂചനകൾ ഖുർആനിലും ഹദീസുകളിലും കാണാം. ആധുനിക വ്യവസായത്തിന്റെ അടിസ്ഥാനഘടകമായ ഇരുമ്പിനെ ഖുർആൻ പ്രത്യേകം പരാമർശിക്കുന്നു. അതിന്റെ പേരിൽ ഒരു സൂറത്തും ഖുർആനിൽ ഉണ്ട് — സൂറത്തുൽ ഹദീദ്. “ഇരുമ്പിനെ നാം ഇറക്കിത്തന്നു; ജനങ്ങൾക്ക് അതിൽ ധാരാളം ഉപയോഗങ്ങളും ശക്തമായ പ്രാധാന്യവുമുണ്ട്” (57:25). നൂഹ് നബിയോട് കപ്പൽ നിർമ്മിക്കാൻ നൽകിയ നിർദ്ദേശം (23:27), നൂലും രോമവും ഉപയോഗിച്ച് വസ്ത്രം നിർമിക്കുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ (7:26) എന്നിവയും ഖുർആനിൽ കാണാം.
ഇസ്ലാമിലെ ഏറ്റവും ശ്രദ്ധേയമായ ധനവിതരണ പദ്ധതിയാണ് സകാത്ത്. സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുണപരമായി മാറ്റാൻ കഴിവുള്ള സംവിധാനമാണിത്. ഇതിലൂടെ എട്ട് വിഭാഗങ്ങൾക്കു ധനസഹായം ലഭിക്കുന്നു.
ഒരു മുസ്ലിം മരണപ്പെട്ടാൽ, അവന്റെ ധനത്തിൽ നിന്നുള്ള ബാധ്യതകൾ തീർത്തശേഷം ശേഷിക്കുന്നത് ഏറ്റവും അടുത്ത അവകാശികൾക്ക് നിശ്ചിത അനുപാതത്തിൽ വിതരണം ചെയ്യപ്പെടുന്നു. ഇതിന്റെ ക്രമം ഇസ്ലാമിൽ വിശദമായി നിർദ്ദേശിച്ചിട്ടുണ്ട്.
അപ്രതീക്ഷിത ദുരന്തങ്ങളിലോ കടക്കെണികളിലോ അകപ്പെട്ടവർക്ക് സമൂഹത്തിലെ സാമ്പത്തിക ശേഷിയുള്ളവർ സഹായഹസ്തം നീട്ടണം. സർക്കാരിന്റെ പൊതുധനത്തിൽ നിന്നുള്ള ദുരിതാശ്വാസ പദ്ധതികൾക്കും ഇസ്ലാമിൽ വ്യവസ്ഥയുണ്ട്. തൊഴിൽ, കച്ചവടം, വ്യവസായം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മാർഗങ്ങളിലൂടെ ധനം സമ്പാദിക്കാൻ ഇസ്ലാം ശക്തമായി പ്രോത്സാഹിപ്പിക്കുന്നു.










