ആദ്യം ഒരു പാരഗ്രാഫ് കൊടുക്കും. അത് വായിച്ചിട്ട് ആരുടേതാണ്, എന്താണ് എന്ന് നിങ്ങൾ കണ്ടു പിടിക്കണം. ആദ്യറൗണ്ടിൽ പൊട്ടുന്നവർക്ക് വേണ്ടി രണ്ടാമത് ഒരു പാര കൂടി കൊടുക്കും. അങ്ങനെയാണ് ഇതിൻ്റെ ഒരു സെറ്റപ്പ് ഉദ്ദേശിക്കുന്നത്.
പാര ഒന്ന്:
ആനകൾ, കടുവ, സിംഹം, കരടി, കാട്ടുപോത്ത്, നീർക്കുതിര, പുലി, ചീങ്കണ്ണി, മുതല, ഒട്ടകം, കുതിര, മനുഷ്യക്കുരങ്ങ്, ചെന്നായ, തേള്, മലമ്പാമ്പ്, കൊതുക്, മൂട്ട, വാവൽ, കഴുകൻ, മയിൽ, മാൻ, മൈന, പഞ്ചവർണ്ണക്കിളി എന്നിങ്ങനെ ഭൂമിയുടെ അവകാശികളായി ഒട്ടേറെ എണ്ണത്തിനെ സൃഷ്ടിച്ചിട്ടുണ്ട്. എന്തിന്? തിമിംഗലം, സ്രാവ്, മത്സ്യങ്ങൾ, നീരാളി എന്നിവരെ എന്തിനു സൃഷ്ടിച്ചു? ഒന്നും അറിഞ്ഞുകൂടാ. ദൈവഹിതം. ഏതായാലും ഒന്നിനെയും കൊല്ലാതെ ജീവിക്കാൻ ശ്രമിക്കണം.
പാര രണ്ട്:
"അതാണല്ലോ രസം. ഒരു താങ്ങുമില്ലാതെ കോടാനുകോടി ഗോളങ്ങളെ നിലനിർത്തിയിരിക്കുന്ന ദൈവം ജീവികൾക്കായി എന്തെല്ലാം സൃഷ്ടിച്ചിരിക്കുന്നു! പഴങ്ങൾ, കിഴങ്ങുകൾ, ധാന്യങ്ങൾ, പുല്ല്, പുഷ്പങ്ങൾ, വെള്ളം, വായു പിന്നെ ചൂടും വെളിച്ചവും. ഭൂമിയിലെ ഉല്പന്നങ്ങളുടെയെല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും. ഈ പരമാർത്ഥം എപ്പോഴും ഓർക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ലേ?'
ഇനിയും പിടികിട്ടാത്തവർക്ക് ഇതിനകം പിടികിട്ടിയവർ പറഞ്ഞു കൊടുക്കുക. അല്ലാതെ ഈ ഭാഗത്തുനിന്ന് ഒരു മങ്ങിയ സൂചന പോലും ആരും പ്രതീക്ഷിക്കേണ്ട! മനുഷ്യരോടൊപ്പവും മനുഷ്യർക്കിടയിലുമാണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യേതര സസ്യ ജന്തു പറവ പ്രാണി പാറ്റ പാമ്പുജാലങ്ങളോടൊപ്പവും അവർക്കിടയിലും. ആയതിനാൽ തന്നെ അവരെയെല്ലാം ആദരിച്ചും അംഗീകരിച്ചും അവരോടുള്ള കടപ്പാടുകൾ വീട്ടിയും മാത്രമേ നാം ജീവിക്കാവൂ.
മനുഷ്യരായ നമുക്ക് പടച്ചോനോട് കടപ്പാടുണ്ട്. പടപ്പുകളോടുമുണ്ട്. പടച്ചോനോടുള്ള കടപ്പാടുകൾ പൂർണമായും അവൻ്റെ കയ്യിലാണ്. അവനാണെങ്കിൽ കണക്കില്ലാതെ പൊറുത്തുമാപ്പാക്കുന്ന, അതിരുകളില്ലാത്ത അതിദയാലുവുമാണ്. പക്ഷേ ഒരു കാര്യമുള്ളത് പടപ്പുകളോടു ചെയ്ത പാപഭാരങ്ങളുമായി അവന്റെ സമക്ഷം ചെന്നാൽ മുഖംതരില്ല.
ഉദാഹരണത്തിന് നിങ്ങളെ ഒരാൾ വഴിയിലിട്ട് അടിച്ച് ഇടിച്ച് കുത്തിച്ചതച്ചു എന്നുവെക്കുക. അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് ബേജാറുപിടിച്ച് ഓടുന്നതിനിടെ പെട്ടെന്ന് തടഞ്ഞു നിർത്തി ഫോണും പേഴ്സും പിടിച്ച് ഓടി എന്ന് കരുതുക. അതുമല്ലെങ്കിൽ, ചാരിറ്റി പ്രവർത്തനത്തിൽ മുഴുകിയ നിങ്ങൾ നന്നായി കട്ട് പുട്ടടിക്കുന്നുണ്ടെന്ന് വ്യാജം പ്രചരിപ്പിച്ച് ജനമധ്യേ പറിച്ചുകീറി എന്നു വെക്കുക.
എന്നിട്ട് അവർക്ക് മാനസാന്തരമുണ്ടായി. അവർ പാതിരാവിൽ എഴുന്നേറ്റ് ശുദ്ധി വരുത്തി കണ്ണുകടലാക്കി പ്രാർത്ഥിച്ചു എന്ന് കരുതുക. പടച്ചോനെടുത്ത് തോട്ടിലെറിയും അവ! പ്രസ്തുത ആവശ്യം പറഞ്ഞ് അവർ അല്ലാഹുവിനെ സമീപിക്കുന്നതിന് മുമ്പ് നിങ്ങളുടെ അടുത്ത് വന്ന് നിങ്ങളുടെ മനസ്സ് തണുത്ത് ശാന്തമാകും വരെ നിങ്ങളെക്കൊണ്ട് പൊരുത്തപ്പെടീച്ചിട്ട് വേണം പ്രാർത്ഥിക്കാൻ പോകാൻ.
പടപ്പുകളോടുള്ള കടപ്പാടിന്റെ കാര്യത്തിൽ കഠിന നിലപാടുകാരനാണ് പടച്ചവൻ. ആയതുകൊണ്ടാണ് പറയുന്നത് പടച്ചോനോട് കളിച്ചാലും പടപ്പുകളോട് കളിക്കാൻ നിൽക്കരുത്. പടച്ചവൻ ഗാഫിർ ആണ്. ഗഫൂർ ആണ്. ഗഫ്ഫാറാണ്. (പൊറുത്തു തരുന്നവൻ) ലക്ഷം കോടികളുടെ സ്വർണക്കടങ്ങൾ പോലും പുൽകൊടിവിലയിൽ എഴുതിത്തള്ളും അവൻ. കടലിലെ നുരയോളം അല്ല കടലോളം തന്നെ കുറ്റം ചെയ്താലും "ച്ശും" എന്നങ്ങു ഒറ്റയടിക്ക് പൊറുത്തുതരും അവൻ. കൃപയുടെ പർവതമാണ് അല്ലാഹു. കരുണയുടെ കടലും.
അപ്പോൾ ഒന്നാലോചിച്ചു നോക്കിയേ പ്രാണികളോട് അനീതി ചെയ്താൽ എന്തായിരിക്കും നമ്മുടെ അവസ്ഥ. ബുദ്ധിയുള്ള മനുഷ്യനോട് കാര്യങ്ങൾ പറഞ്ഞു കാലുപിടിച്ച് മാപ്പ് അപേക്ഷിക്കാം. അവിടെയും ഇവിടെയും നടന്നു വല്ലതും നക്കി തിന്നേണ്ട ഒരു പൂച്ചയെ കെട്ടിയിട്ടു എന്ന് കരുതുക. വെള്ളവും ആഹാരം കിട്ടാതെ അത് വിശന്നു ദാഹിച്ചു പുളഞ്ഞു. കരയാനല്ലാതെ തന്റെ ആവശ്യം പറഞ്ഞു പഠിപ്പിക്കാൻ കഴിവില്ലാത്ത ആ മിണ്ടാപ്രാണി കുടലുകരിഞ്ഞു വേദനിച്ചു നിൽക്കുന്നു. എന്നിട്ട് നിങ്ങളെ അങ്ങ് വലിയവനായി വിലസാൻ വിടും അള്ളാഹു എന്ന് കരുതുന്നുണ്ടോ? വേണ്ട കേട്ടോ ആ വിചാരം'
നിങ്ങൾ കേട്ടിട്ടില്ലേ ദുഷ്ടയായ ഒരു പെണ്ണിൻ്റെ കഥ. പൂച്ചയെ കെട്ടിയിട്ടു ആ മൂദേവി! എന്നാൽ എന്തെങ്കിലും തിന്നാൻ കൊടുത്തോ? ഇല്ല! എന്നാൽ പിന്നെ അതിനെ സ്വതന്ത്രമായി അഴിച്ചുവിട്ടോ-പുല്ലോ മറ്റോ തിന്നോട്ടെ എന്ന് കരുതി? അതുമില്ല! ഹമ്പട കള്ളീ!! ഹദീസിൽ കാണാം അവൾ നരകത്തിൽ ശിക്ഷിക്കപ്പെടുന്നു എന്ന്. ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസ് താഴെ.
عَنْ عبد الله بن عمر رضي الله عنهما، قال: قال رسول الله ﷺ: "عُذِّبَتِ امرأةٌ في هرَّةٍ، سجَنَتْها حتى ماتَتْ، فدخلَتْ فيها النارَ، لا هي أطعمتها وسقتها إذ حبستها، ولا هي تركتها تأكل من خشاش الأرض".
ഇനി മിണ്ടാപ്രാണികളോട് കരുണ കാണിച്ചാൽ അതുവഴിയുള്ള വിജയത്തെപ്പറ്റിയും ഹദീസിലുണ്ട്. ഒരാൾ നടന്നു പോവുകയാണ്: നല്ല ചൂടും വെയിലും. ദാഹത്താൽ തൊണ്ട വരണ്ടു. അദ്ദേഹം അടുത്തുകണ്ട ഒരു കിണറിൽ ഇറങ്ങി നന്നായി വെള്ളം കുടിച്ചു. അപ്പോൾ അയാൾ കാണുന്നത് ഒരു നായ കഠിനമായ ദാഹത്താൽ നാക്കു നീട്ടി മണ്ണു നക്കി തിന്നാൻ നോക്കുന്നതാണ്. അലിവ് തോന്നിയ അയാൾ ആ നായക്കു നന്നായി വെള്ളം കൊടുത്തു. അത് കാരണമായി അദ്ദേഹം സ്വർഗ്ഗ പ്രാപ്തനായി. ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസ് ഇങ്ങനെ വായിക്കാം
"بينما رجل يمشي، اشتد عليه العطش، فنزل بئراً فشرب، فإذا هو بكلبٍ يلهث، يأكل الثرى من العطش، فنزل الرجل البئر فسقاه، فشكر الله له فغفر له".
ആടും പൂച്ചയും മാത്രമല്ല പക്ഷിയും ഈ ഭൂമിയുടെ അവകാശി തന്നെയാണ്. അനാവശ്യമായി ഒന്നിനെയും തൊട്ടു കളിച്ചുകൂടാ! ഒരിക്കൽ മുത്ത് നബിയും സഹാബാക്കളും (അനുചരന്മാരും) ഒരു യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു ചെറിയ പക്ഷിയെ കണ്ടു. അതിനു രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ഒരു കൗതുകത്തിന് വേണ്ടി അവർ കുഞ്ഞുങ്ങളെ കയ്യിലെടുത്തു. അപ്പോൾ തള്ളപ്പക്ഷി പരിഭ്രാന്തയായി അലമുറയിട്ടു കരയാൻ തുടങ്ങി. നബി തിരുമേനിക്ക് ആ ഭാഷ പെട്ടെന്ന് മനസ്സിലായി. ആരാണ് ആ പക്ഷിയുടെ കുഞ്ഞുങ്ങളെ എടുത്തത് എന്ന് ചോദിച്ചു. വേഗം അവിടെ കൊണ്ടുവെക്കാൻ പറഞ്ഞു. അബുദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ഇങ്ങനെ കാണാം
"كنا مع رسول الله ﷺ في سفر، فرأينا حمرة معها فرخان، فأخذنا فرخيها، فجاءت الحمرة فجعلت تفرش، فجاء النبي ﷺ فقال: من فجع هذه بولدها؟ ردوا ولدها إليها".
വേട്ടക്ക് വേണ്ടി വേട്ടയാടുന്ന ചിലരുണ്ട്. പ്രത്യേകിച്ച് രാജകുമാരൻമാർ, സെലിബ്രിറ്റികൾ. വിനോദാവശ്യാർത്ഥം അവർ പക്ഷികളെയും മറ്റു ജീവികളെയും വെടിവെച്ചിട്ട് വെറുതെ തള്ളുന്നു. പാടില്ല കെട്ടോ. ഹദീസിൽ വ്യക്തമായി പറയുന്നുണ്ട്, ഒരു കുരുവിയേയോ അതിനേക്കാൾ വലിയ പക്ഷിയേയോ വെറുതെ കൊന്നു കളയാൻ പാടില്ലെന്ന്. ഭക്ഷണാവശ്യത്തിനു അറുക്കാം, ഉപയോഗിക്കാം. എന്നല്ലാതെ കഴുത്ത് മുറിച്ച് എറിഞ്ഞു കളയുന്ന തൻ്റെ ആ റൗഡിത്തരം ജീവികളോട് വേണ്ട രാജകുമാരാ! ഹദീസ് കാണുക.
"ما من إنسان يقتل عصفورًا فما فوقها بغير حقها إلا سأله الله عنها يوم القيامة" قيل: يا رسول الله وما حقها؟ قال: "يذبحها فيأكلها، ولا يقطع رأسها فيرمي بها"
തുടക്കത്തിൽ വായിച്ച കഥാശകലത്തിൽ, പറമ്പിലുള്ള കായ്കനികളും വിളകളും ജീവികൾ തിന്നുന്നതിനെ പറ്റിയുള്ള പരിഭവവും എന്നാൽ അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. മറ്റു ജീവികൾ ആഹരിച്ചില്ലേ? അതെല്ലാം അവർക്ക് കൂടി അവകാശപ്പെട്ടതല്ലേ? എന്നാണ് കലാകാരൻ പറഞ്ഞുവന്നത്. മുത്ത് നബി തീർത്തു പറഞ്ഞു നീ നട്ട ഒരു ചെടിയിൽ നിന്നുണ്ടായ കായ്കനികൾ ഏതെങ്കിലും ജീവജാലങ്ങൾ ആഹാരമാക്കിയാൽ അത് അല്ലാഹുവിൻ്റെ അക്കൗണ്ടിൽ നമ്മുടെ ധർമ്മമായി ഗണിക്കപ്പെടുമെന്ന്. ആയതിന്റെ പേരിൽ നമുക്ക് പ്രതിഫലം ലഭിക്കുമെന്ന്. ആ കഥാകാരൻ ഈ ഹദീസ് കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ ആവോ. കേൾക്കണമായിരുന്നു അല്ലേ
"ما من مسلم يغرس غرسًا أو يزرع زرعًا فيأكل منه طير أو إنسان أو بهيمة إلا كان له به صدقة"
ഇതേ പോലെ തന്നെയാണ് സസ്യലതാദികളുടെ പ്രാധാന്യവും. ഉപകരണം, വീട് എന്നീ ആവശ്യങ്ങൾക്ക് വേണ്ടി മരം മുറിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാം. എന്നാൽ അനാവശ്യമായി ഒരു ചെടിയും വെറുതെ മുറിച്ചിടരുത്. ഈ പ്രപഞ്ചത്തിലെ ഓരോ ഓർഗാനിസത്തിനും അതിൻ്റേതായ അസ്തിത്വവും പ്രാധാന്യവും പ്രകൃതിപരമായ റോളുമുണ്ട്. നബി തങ്ങൾ പറയുന്നു: അനാവശ്യമായി ആരെങ്കിലും ഒരു ചെടി മുറിച്ച് കളഞ്ഞാൽ അല്ലാഹു അവൻ്റെ തല നരകത്തിൽ വീഴ്ത്തും.
من قطع سدرة صوب الله رأسه في النار"
പറയാൻ ഏറെയുണ്ട്; ചുരുക്കുകയാണ്. ഒന്നേ പറയാനുള്ളൂ. ഏറ്റെടുത്തിട്ട് പറയിപ്പിക്കരുത്. വിശ്വസിച്ചിട്ട് വഞ്ചിക്കരുത്. നമുക്ക് പാവനമായ ഒരു പദവി ഉള്ളത് ഓർമ്മവേണം. നമ്മൾ ആരാ?
ആരാ?
ഖലീഫയാണ്. പ്രതിനിധി.
ആരുടെ?
പടച്ചവന്റെ.
നമ്മളെക്കാൾ ശക്തിയും തടിയും വീറും വേഗവുമുള്ള നരിയും പുലിയും ആനയും കടുവയും ഒക്കെ ഉണ്ടായിരിക്കെ അശുവായ നമ്മെയാണ് അല്ലാഹു ഖലീഫയാക്കി നിയമിച്ചിരിക്കുന്നത്. ഖലീഫയുടെ പരിപാടി സകലം കിളച്ചുകോരി കുട്ടിച്ചോറാക്കലല്ല; എല്ലാം മാന്യമര്യാദക്ക് നോക്കി നടത്തലാണ്. ഏൽപ്പിച്ചപോലെ അതിനേക്കാൾ മെച്ചപ്പെട്ട നിലയിൽ തിരിച്ചു കൊടുക്കലാണ്. മലക്കുകളോട് അല്ലാഹു പറഞ്ഞ സന്ദർഭം ഓർമ്മയില്ലേ- ഞാൻ ഭൂമിയിലേക്ക് എൻ്റെ അംബാസഡറെ അയക്കുന്നു എന്ന്.
وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً﴾ [البقرة: 30].
അല്ലാഹു അവൻ്റെ അമാനത്തിനെ (വിശ്വസിച്ച് ഏൽപിച്ച കാര്യം) പ്രപഞ്ചത്തിനാകമാനം പ്രദർശിപ്പിച്ചിരുന്നു. പക്ഷേ അവ ഏറ്റെടുക്കാൻ ആകാശഭൂമികളും പർവതങ്ങളുമെല്ലാം മടിച്ചു നിന്നു. പക്ഷേ മനുഷ്യൻ അത് പെട്ടെന്നങ്ങ് ഏറ്റെടുത്തു. ഏറ്റെടുത്താൽ മാത്രം മതിയോ? കർത്തവ്യ ബോധത്തോടുകൂടി എല്ലാം നോക്കി നടത്തേണ്ടേ
. {إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ إِنَّهُ كَانَ ظَلُومًا جَهُولًا}
ഈ സൂക്തത്തിന്റെ അവസാനഭാഗത്തുള്ള പ്രയോഗം നിങ്ങൾ ശ്രദ്ധിച്ചോ. മനുഷ്യൻ വല്ലാത്ത അക്രമിയും വിവരം കെട്ടവനുമായിപ്പോയി എന്ന് പറയുന്നുണ്ട്. പറയിപ്പിക്കരുത് നമ്മൾ! ചുറ്റുപാടിലുമുള്ള എല്ലാത്തിനോടും കടപ്പാടുള്ള എല്ലാം കണ്ടറിഞ്ഞ് നോക്കി നടത്തേണ്ട ഉത്തരവാദിത്തമുള്ള വിവേകവും വിവരവുമുള്ള അല്ലാഹുവിൻ്റെ പ്രത്യേക ജീവിവർഗ്ഗമാണ് നാം. നശിപ്പിക്കലല്ല നിർമ്മിക്കലും പരിരക്ഷിക്കലുമാണ് നമ്മുടെ ദൗത്യം.
ഈ ഭൂമിയിലുള്ളതെല്ലാം നമുക്കാണ് എന്നതുപോലെ ഈ ഭൂമിയിലെ എല്ലാത്തിനോടും നമുക്ക് കടപ്പാടുമുണ്ട്. പറഞ്ഞു വരുമ്പോൾ മനുഷ്യൻ അമാനത്ത് ഏറ്റെടുത്തിരിക്കുന്നത് ഭൂമിയുടെ മാത്രമല്ല ആകാശത്തിൻ്റേതു കൂടിയാണ്. ആയതിനാൽ അവന്റെ കടപ്പാട് ഭൂമിയിൽ മാത്രം ഒതുങ്ങുന്നില്ല. അവൻ്റെ ദുഷ്ചെയ്തികളുടെ പരിണിതികൾ ആകാശത്തിന് പരിക്കുപറ്റിച്ചുകൂടാ. വായുവെ മലിനമാക്കി കൂടാ. പറവകൾക്ക് പ്രയാസമുണ്ടാക്കി കൂടാ. തീയ്യും ബോംബുമിട്ട് അന്തരീക്ഷത്തെ അട്ടിമറിച്ചു കൂടാ. ഓസോൺ പാളികൾക്ക് ഓട്ടയിട്ടുകൂടാ. ഭൂമിയുടെ അവകാശികൾ മാത്രമല്ല ആകാശത്തിന്റെ അവകാശികളെയും ആദരപൂർവ്വം പരിചരിച്ചു കൊണ്ടുനടക്കേണ്ടുന്ന ധാർമികബാധ്യത മനുഷ്യൻ ഏറ്റെടുത്തിട്ടുണ്ട്; കരുതി കൊള്ളുക!






