ഒരു വ്യക്തിക്ക് ചുറ്റുപാടിലുമുള്ള തൻ്റെ സഹജീവികളോട് മൂന്നു നിലക്കുള്ള ബാധ്യതകളാണുള്ളത്. അതിലേതാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നതും അടിസ്ഥാനപരമായതും എന്ന് നിങ്ങൾ തന്നെ പറയണം. ആയതുകൊണ്ട് തന്നെ അവ മൂന്നും പറയുന്നതിനു മുമ്പായി ഒരു ഉപമ പറയാം.
നിങ്ങൾ ഒരു കൂട്ടം ആളുകൾ ഒരു കപ്പലിൽ പോവുകയാണ്. കപ്പൽ എന്ന് പറഞ്ഞാൽ ഒരു തല്ലിപ്പൊളി പത്തേമാരി എന്നേ പറയാൻ പറ്റൂ. നിങ്ങളുടെ കപ്പലിന് കാര്യമായി രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന് അതിൻ്റെ ബോഡിയിൽ അവിടെയും ഇവിടെയുമായി പെയിൻ്റ് പോയി ചുണങ്ങ് പിടിച്ചതുപോലെ ആയിട്ടുണ്ട്. ഇരിക്കുന്ന കസേരകളിൽ പലതും വക്കു പൊട്ടിയിട്ടുണ്ട്. അരിയും സാമാനങ്ങളും ഏറെയുണ്ടെങ്കിലും എണ്ണ, മൈദ, പലവ്യജ്ഞനങ്ങൾ എന്നിതുകളുടെ കന്നാസും ഡബ്ബികളും കാലിയായിട്ടുണ്ട്.
ഇതൊക്കെയാണ് ഒരു പ്രശ്നം. എന്നാൽ മറ്റേ പ്രശ്നം എന്ന് പറയുന്നത് കപ്പലിന്റെ അടിയിൽ രണ്ടുമൂന്നിടത്തായി ഒരു ആണിയുടെ വലിപ്പത്തിൽ തുള ഉണ്ടായി തുടങ്ങിയിട്ടുണ്ട്. അതിലൂടെ നേർത്ത തോതിൽ ആണെങ്കിലും വെള്ളം ഉള്ളിലേക്ക് കയറി തുടങ്ങിയിട്ടുണ്ട്. തുളയുടെ വ്യാസം വികസിക്കുന്നുണ്ടോ എന്നതും കൂടുതൽ തുളകൾ ഉണ്ടാകുന്നുണ്ടോ എന്നതും സംശയമല്ല, ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അങ്ങനെയിരിക്കവേ കപ്പൽ ഒരു ഉൾദ്വീപിൽ അടുപ്പിച്ചു. അവിടുത്തെ നിവാസികളാണെങ്കിൽ വളരെ റഫ്ഫു സ്വഭാവക്കാരാണത്രേ. സംസാരത്തിൽ കടിച്ചു കുടയും. കുറ്റം പറയും. അപഹസിക്കും. തെറിവിളിക്കും. പക്ഷേ ഹെൽപ്പിന് എത്തുകയൊക്കെ ചെയ്യും. മനുഷ്യപ്പറ്റുണ്ട്. ഇപ്പോൾ പ്രശ്നം ആകെ മൂന്നായി!
പറയൂ ഈ മൂന്നിൽ ഏതാണ് നിങ്ങൾക്കിപ്പോൾ അത്യന്താപേക്ഷിതമായിട്ടുള്ളത്.
a. ദ്വീപ് നിവാസികളുടെ കൊരങ്ങുസ്വഭാവം മാറ്റി ഒലിപ്പിച്ചു കൊണ്ടുള്ള പഞ്ചാരപുഞ്ചിരി പെരുമാറ്റമാക്കണം.
b. ഇഞ്ചി, മൈദ, പഞ്ചസാര, പശുവിൻ നെയ്യ്, ആദിയായവ വേണം, ഉരുവിൻ്റെ പുറം ബോഡി പെയിൻ്റ് അടിക്കണം.
C. ആശാരിപ്പണി അറിയുന്ന ആരെങ്കിലും ഒന്ന് ഓടിവന്ന് എങ്ങനെയെങ്കിലും ആ ഓട്ടകൾ അടച്ച് കപ്പൽ സുരക്ഷിതമാക്കണം.
ഇതിൽ നിങ്ങൾ ഏതിനാണ് വോട്ട് ചെയ്യുന്നത്? ഉറപ്പാണ് ബുദ്ധിയുള്ളവർ എല്ലാം C ആയിരിക്കും മൃഗീയ ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കുക. ആയതിനുള്ള നിലനിൽപു സാക്ഷരത(existential literacy)നിങ്ങൾക്കില്ലെങ്കിൽ നിങ്ങളുടെ വിധി ആ കപ്പൽ മുങ്ങി നീന്തി രക്ഷപ്പെടാനാണ്!
കഴിഞ്ഞ അധ്യായത്തിൽ നമ്മൾ വായിച്ചുവിട്ടതാണ് വിശ്വാസിയായ ഒരാൾ സാമൂഹ്യ ജീവിതത്തിൻ്റെ സാകല്യത്തിൽ നിന്ന് അടർന്നുമാറി സ്വയം തീർത്ത തുരുത്തിൽ ഒറ്റപ്പെട്ടു കഴിയുകയല്ല വേണ്ടത് എന്ന്. "ഞാനൊന്നുമറിഞ്ഞില്ലേ" എന്ന ഭാവേന ആരുടെയും ഒരു കാര്യത്തിലും ഇടപെടാതെ ജീവിക്കുക എന്നത് സ്വസ്ഥതയാണ് പക്ഷേ സ്വാർത്ഥതയാണ്. അതേസമയം സാമൂഹ്യ ജീവിതത്തിന്റെ നീർച്ചുഴികളിൽ മുങ്ങിയും താണും നാൾ കഴിക്കുമ്പോൾ പലവിധത്തിലുള്ള പ്രയാസങ്ങളും ഒരു വ്യക്തിക്ക് നേരിടേണ്ടിവരും. അതെല്ലാം സഹിച്ചുകൊണ്ട് ജനസേവകനായി ജീവിക്കണം എന്നതാണ് മതത്തിൻ്റെ കാഴ്ചപ്പാട്. എപ്പോഴും ജനങ്ങളുമായി സമ്പർക്കപ്പെട്ടു കൊണ്ടുള്ള മതജീവിതം സംവിധാനിച്ചതിന്റെ താല്പര്യം തന്നെ അതാണ്. ഹദീസിൽ കാണാം :
«الْمُؤْمِنُ الَّذِي يُخَالِطُ النَّاسَ وَيَصْبِرُ عَلَى أَذَاهُمْ، أَعْظَمُ أَجْرًا مِنَ الْمُؤْمِنِ الَّذِي لَا يُخَالِطُ النَّاسَ وَلَا يَصْبِرُ عَلَى أَذَاهُمْ»
മറ്റൊരു ഹദീസിൽ പറയുന്നുണ്ട്, ഏറ്റവും നല്ല വ്യക്തി ആരാണെന്നു ചോദിച്ചാൽ ജനങ്ങൾക്ക് ഏറ്റവും ഉപകാരം ലഭിക്കുന്ന ആൾ ആണെന്ന്.
خير الناس انفعهم للناس
ജനങ്ങൾക്കുള്ള ഉപകാരം എന്നു പറയുന്നത് ഓരോ സമയത്തും ഓരോന്നായിരിക്കും. ഇപ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം കപ്പൽ മുങ്ങാൻ പോവുകയാണ്; രക്ഷപ്പെടലാണ് പ്രധാനം.
ആയതുകൊണ്ട് തന്നെ വിശ്വാസിയായ ഒരാൾക്ക് വിമോചനപരമായ സാമൂഹ്യ ബാധ്യത വന്നുചേരുന്നു. അതിനാണ് മറ്റെന്തിനെക്കാളും നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്. ആരെല്ലാം എവിടെയെല്ലാം ആരുടെയെല്ലാം കാൽക്കീഴിൽ അമരുന്നുണ്ടോ അവരെയെല്ലാം പൊക്കിയെടുത്ത് മോചിപ്പിച്ചു വിടലാണ് പ്രധാനം. മുത്ത് നബിയെ നമ്മളിലേക്ക് നിയോഗിച്ചതിന്റെ വ്യത്യസ്തങ്ങളായ ലക്ഷ്യതലങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന ഒരു വചനമുണ്ട് ഖുർആനിൽ. മനസ്സിരുത്തി അതൊന്നു വായിച്ചുനോക്കിയാൽ അതിൽ കാണാം, ആ നിയോഗത്തിന്റെ ഒരു ലക്ഷ്യം വിമോചനമാണെന്ന്. ആയത്ത് വായിക്കാം
{ ٱلَّذِینَ یَتَّبِعُونَ ٱلرَّسُولَ ٱلنَّبِیَّ ٱلۡأُمِّیَّ ٱلَّذِی یَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِی ٱلتَّوۡرَىٰةِ وَٱلۡإِنجِیلِ یَأۡمُرُهُم بِٱلۡمَعۡرُوفِ وَیَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَیُحِلُّ لَهُمُ ٱلطَّیِّبَـٰتِ وَیُحَرِّمُ عَلَیۡهِمُ ٱلۡخَبَـٰۤىِٕثَ وَیَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَـٰلَ ٱلَّتِی كَانَتۡ عَلَیۡهِمۡۚ فَٱلَّذِینَ ءَامَنُوا۟ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُوا۟ ٱلنُّورَ ٱلَّذِیۤ أُنزِلَ مَعَهُۥۤ أُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ } [Surah Al-Aʿrāf: 157]
“തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്ക്ക് കണ്ടെത്താന് കഴിയുന്ന, ആ (ഔപചാരികമായി)അക്ഷരം പഠിച്ചിട്ടില്ലാത്ത നബിയായ ദൈവദൂതനെ പിന്പറ്റുന്നവര്ക്ക്. അവരോട് സദാചാരം കല്പിക്കുകയും, വൃത്തികേടുകളിൽ നിന്ന് വിരട്ടുകയും ചെയ്യുന്നു. ഗുണമാർന്ന വിഭവങ്ങൾ അവര്ക്ക് അനുവദനീയമാക്കുകയും, ചീത്തയായവ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന ചങ്ങലകളും ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള് അവരിൽ വിശ്വസിക്കുകയും പിന്തുണക്കുകയും സഹായിക്കുകയും തനിക്കൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്പറ്റുകയും ചെയ്തവരാരോ, അവര് തന്നെയാണ് വിജയികള്.”
ചെയ്യാനുള്ള വ്യത്യസ്ത ദൗത്യങ്ങളിൽ രണ്ടു കാര്യങ്ങൾ അവരുടെ മേലിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന ഭാരം ഇറക്കി വെച്ചു കൊടുക്കുക എന്നുള്ളതാണ്. ഏതെല്ലാം അർത്ഥത്തിൽ അത് വ്യാഖ്യാനിക്കാം എന്ന് നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സോഷ്യോ-പൊളിറ്റിക്കൽ മണ്ഡലങ്ങളിലേക്ക് കണ്ണോടിച്ചാൽ എളുപ്പം മനസ്സിലാവും. മറ്റൊന്ന് അവരെ കെട്ടിപ്പിണഞ്ഞിരിക്കുന്ന ചങ്ങലകൾ പൊട്ടിച്ചെറിയാൻ സഹായിക്കുക എന്നുള്ളതാണ്. ആ വചനത്തിൽ തന്നെ ഇല്ലേ പോരാട്ടം തിളക്കുന്ന സമരാഹ്വാനം. യജമാനന്മാരെയും ദുഷ്പ്രഭുക്കളെയും തൃപ്തിപ്പെടുത്തി/ അവരുടെ കാലുനക്കി കാലം കഴിക്കൂ എന്നൊന്നുമല്ലല്ലോ പറയുന്നത്. ചങ്ങലകൾ പൊട്ടിച്ചെറിയാനാണ്! എല്ലാവരും ഒറ്റ ശബ്ദത്തിൽ ഉറക്കെ ഒന്ന് പറഞ്ഞു നോക്കിയേ... ""പൊട്ടിച്ചെറിയുക ചങ്ങലകളെ!!!!". ദിഗന്തങ്ങൾ കുലുങ്ങുന്നില്ലേ...?
ആരെല്ലാമാണ് ആരെയെല്ലാമാണ് ഏതെല്ലാം വിധത്തിലാണ് ചങ്ങലകൊണ്ട് വരിഞ്ഞിരിക്കുന്നത് എന്ന് ചരിത്രവും വർത്തമാനവും നന്നായി പറഞ്ഞു തരുന്നുണ്ട്.
വിശ്വാസിയായ ഒരാൾക്ക് ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ആരുടെയെങ്കിലും മുതുകത്ത് ചൂഷണഭാരം ഉണ്ടാവുകയോ കൈകാലുകൾ ചങ്ങലകളിൽ ബന്ധിക്കപ്പെടുകയോ ചെയ്താൽ അടങ്ങിയിരിക്കാനാകില്ല, ആവരുത്! അന്യന്റെ വേദനകൾ എല്ലാം തന്റേതായി മാറും, മാറ്റണം!! തനിക്ക് വേണ്ടതെല്ലാം തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ ഒരാളുടെയും വിശ്വാസം പൂർണ്ണമാവില്ലെന്ന് മുത്തു നബി. എന്തിനായിരിക്കും ഇപ്പോൾ ഒരു പഴയ മലയാള കവിത അതിന്റെ ചങ്ങല പൊട്ടിച്ച് ഇവിടേക്ക് ചാടിത്തുള്ളി വരുന്നത്?:-
എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു.
എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-
നവിടെ ജീവിച്ചീടുന്നു ഞാൻ;
ഇന്നാഫ്രിക്കയിതെൻ നാടവളുടെ
ദുഃഖത്താലേ ഞാൻ കരയുന്നു.
- ആഫ്രിക്ക
എന് വി കൃഷ്ണവാര്യര്
നുബുവ്വത്ത് കിട്ടുന്ന നാല്പത് വയസ്സിന് മുമ്പ് തന്നെ അറേബ്യയിൽ അനവധി വിമോചന ശ്രമങ്ങൾ നടത്തി നേതൃനിരയിലേക്ക് കടന്നു വന്ന ആളാണ് മുത്ത് നബി. ഖദീജാ ബീവിയുടെ അത് സംബന്ധമായ പ്രസ്താവനകൾ ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നബി വരുന്നതിനു മുമ്പ് ഞങ്ങൾ എത്ര കെട്ടവരായിരുന്നു എന്ന് എത്യോപ്യയിലെ രാജാവിൻ്റെ ദർബാറിൽ വച്ച് ജഅഫറിബിന് അബീത്വാലിബ് നടത്തിയ ഘോര പ്രഭാഷണത്തിൽ വിശദമായി പറയുന്നുണ്ട്. ശവം തിന്നുകയും കയ്യൂക്കുള്ളവൻ ദുർബലരിൽ നിന്ന് പിടിച്ചുപറിക്കുകയും ചെയ്തിരുന്ന കാലമായിരുന്നു എന്ന്.
ജീവിക്കാൻ അവകാശമില്ലാതെ കൊല്ലപ്പെട്ടു പോയിരുന്ന പെൺകുട്ടികളെ കിരാത കൊലകളുടെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചത് നബി തങ്ങളാണ്. പണിയെടുത്തിട്ട് കൂലി കൊടുക്കാതെ അപഹസിച്ചു വിട്ട പോക്കിരിയുടെ അടുത്തേക്ക് തൊഴിലാളിയേയും കൂട്ടിപ്പോയി "കൊടുക്ക് കൂലി!"എന്ന് മുറിച്ചുപറഞ്ഞ് കൂലി വാങ്ങിച്ചു കൊടുത്ത ആളാണ് മുത്തുനബി. അതും മക്കയിലെ പേരുകെട്ട ചട്ടമ്പി അബൂജഹലിന്റെ പക്കൽ നിന്ന്. ഇമാം ത്വബ്റാനി റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസുണ്ട്. മർദ്ദിത ജനകോടികൾ അറിയണം ആ ഹദീസിന്റെ ആത്മാവിനെ.
«مَن مشى مع مظلوم حتى يثبت له حقه ثبّت الله قدمه على الصراط يوم تزول الأقدام.»
“മർദ്ദിതനായ ഏതെങ്കിലും ഒരാളെ കൂടെ അയാൾക്കുള്ള അവകാശം കിട്ടുവോളം കൂടെ നടന്ന് അത് വാങ്ങിച്ചു കൊടുത്താൽ പാദങ്ങൾ പതറുന്ന ദിവസം അല്ലാഹു അവൻ്റെ പാദങ്ങൾ ഉറപ്പിച്ചു നിർത്തും.”
മറ്റൊരു ഹദീസിൽ കാണാം മർദ്ദിദന്റെ പ്രാർത്ഥനയെ നീ പേടിച്ചു കൊള്ളണം കെട്ടോ എന്ന്.
അടിമ വ്യവസ്ഥ നിലനിന്നിരുന്ന കാലമായിരുന്നല്ലോ. അടിമകളെ മോചിപ്പിക്കാൻ വളരെയധികം ഇസ്ലാം പ്രോത്സാഹിപ്പിച്ചു. വിശ്വാസികളുടെ ഭാഗത്തുനിന്ന് വന്നുപോകുന്ന ആരാധനാപരമായതും അല്ലാത്തതുമായ പല വീഴ്ചകൾക്കും പ്രായശ്ചിത്തമായി അടിമ മോചനം നിയമമാക്കി. അബദ്ധത്തിൽ കൈകൊണ്ട് കൊല സംഭവിക്കുക/ ഭാര്യയെ സമീപിക്കുകയില്ലെന്ന സത്യലംഘനം, നോമ്പുകാരനായിരിക്കെ ഭാര്യഭര്തൃ ബന്ധം തുടങ്ങിയ പാപങ്ങള്ക്ക് അടിമകളെ മോചിപ്പിക്കുകയാണ് പ്രായശ്ചിത്തം.
മുത്ത് നബി തുടങ്ങിവച്ച വിമോചനത്തിന്റെ നിർവഹണങ്ങൾ തുടർന്ന് ഇങ്ങോട്ട് സഹാബത്തിനാൽ ആചരിച്ചുപോന്നു. ഓർമ്മയില്ലേ ബിലാലിബിന് റബാഹയുടെ കഥ. കറുത്തവൻ ആയിരുന്നു, കാപ്പിരിയായിരുന്നു. പക്ഷേ വെളുത്ത ഹൃദയമായിരുന്നു. ഈമാൻ നിറഞ്ഞു കത്തിയിരുന്നു. ഉമയ്യത്തുബ്നു ഖലഫിന്റെ അടിമയായിരുന്നു. ആദ്യകാലത്ത് തന്നെ ഇസ്ലാം സ്വീകരിച്ചു. ഇതറിഞ്ഞ യജമാനൻ പാഠം പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു. നട്ടുച്ച നേരത്ത് ചുട്ടുപൊള്ളുന്ന മണലിൽ മലർത്തി കിടത്തി. നന്നായി ഭേദ്യം ചെയ്തു. കനമുള്ള പാറക്കല്ലെടുത്ത് നെഞ്ചത്തു വെച്ചു. മരിക്കുമാറായി എന്ന് തോന്നിയ സന്ദർഭം. അവിടേക്കോടിയെത്തി അബൂബക്കർ സിദീഖ്.
വിശ്വസിച്ചതിന്റെ പേരിൽ ഒരാളെ ഇങ്ങനെ ചെയ്യുകയോ? അതെ വിശ്വസിച്ചാൽ എന്താണ് കിട്ടാൻ പോകുന്നത് എല്ലാവരും അറിയട്ടെ! നീ ഇവനെ വിൽക്കുന്നോ? ശരി വിൽക്കാം. നാട്ടിലില്ലാത്ത വില കയറ്റി പറഞ്ഞു ആ ക്രൂരൻ. അടികിട്ടി ആള് മരിക്കാൻ പോകുമ്പോൾ പണത്തിന് എന്ത് വില. ചോദിച്ച വിലകൊടുത്ത് ബിലാലിനെ വാങ്ങി മോചിപ്പിച്ചു അബൂബക്കർ സിദ്ദീഖ്. അതെ, വിമോചനമാണ് ഇസ്ലാം.
ഉസ്മാൻ തൻ്റെ കാഴ്ചയിൽ എവിടെയെങ്കിലും വിശ്വാസിയായ അടിമയെ കണ്ടാൽ ഉടൻ വിലകൊടുത്ത് വാങ്ങിച്ച് മോചിപ്പിച്ചു കളയും. ഒരു ദിവസം ശരാശരി 20 പേരെയൊക്കെ മോചിപ്പിക്കുമായിരുന്നു എന്ന് ചരിത്രം. ഇങ്ങനെ തൻ്റെ ജീവിതകാലത്ത് ഏകദേശം ആയിരത്തോളം അടിമകളെ മഹാനവർകൾ മോചിപ്പിച്ചതായി കാണുന്നു.
ഒരു ദിവസം മുത്ത് നബി പ്രിയപുത്രിയായ ഫാത്തിമ ബീവിയുടെ വീട്ടിൽ കയറി ചെല്ലുന്നു. മകളുടെ കയ്യിൽ നല്ലൊരു സ്വർണാഭരണം കണ്ടു. സ്വർണ്ണം പറ്റാഞ്ഞിട്ടല്ല പക്ഷേ നബിക്ക് അത് അത്രയങ്ങ് പറ്റിയില്ല. എന്തിനാണ് ഈ സ്വർണം ഒക്കെ ഇട്ട് ഇങ്ങനെ ആഡംബരം കളിക്കുന്നു! ഫാത്തിമ ബീവിക്ക് അത് പെട്ടെന്ന് പിടികിട്ടി. ആ ആഭരണം പൊട്ടിച്ച് വേഗം അങ്ങാടിയിൽ കൊണ്ടുപോയി വിറ്റു. ആ പണം കൊണ്ട് ഒരു അടിമയെ മോചിപ്പിച്ചു. നോക്കണേ മതം വിമോചനത്തിന്റെ കാറ്റലിസ്റ്റാകുന്നത്.
മനുഷ്യനെ പ്രതിസന്ധികളിൽ നിന്ന് മോചിപ്പിച്ച് എടുക്കുന്നതിന്റെ വിശാലമായ അർത്ഥതലങ്ങൾ കുറിക്കുന്ന ഒരു ഹദീസ് നമ്മൾ എല്ലാവരും എപ്പോഴും കേൾക്കുന്നതാണ്.
«مَن نفَّسَ عن مؤمن كُربةً من كُرَبِ الدنيا، نفَّسَ الله عنه كُربةً من كُرَبِ يومِ القيامة. ومَن يسَّر على معسر يسَّر الله عليه في الدنيا والآخرة.»
“ഒരു വിശ്വാസിയുടെ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ആരെങ്കിലും നീക്കം ചെയ്തു കൊടുത്താൽ പാരത്രിക ലോകത്തെ പ്രതിസന്ധികൾ അല്ലാഹു നീക്കി കൊടുക്കും. പ്രയാസപ്പെടുന്ന ഏതെങ്കിലും ഒരാളെ ആരെങ്കിലും സഹായിച്ചാൽ പാരത്രിക ലോകത്ത് അള്ളാഹു അവനെ സഹായിക്കും.”
വിമോചനവും ജീവകാരുണ്യവും പ്രത്യക്ഷത്തിൽ ഒന്നാണെന്ന് തോന്നുകയാണെങ്കിലും അടിത്തട്ടിൽ അവർ രണ്ടും രണ്ടു തന്നെയാണ്. പ്രതിസന്ധി നീങ്ങി കിട്ടലാണ് പ്രധാനം. മനുഷ്യൻ അന്യർക്ക് പ്രതിസന്ധികൾ ഉണ്ടാക്കിക്കൂടാ. ആയതിനുള്ള ആശയതലം പലപ്പോഴായി മതം ആവിഷ്കരിക്കുന്നു. അന്യനിലേക്ക് നീളുന്ന അക്രമത്തിന്റെ കരങ്ങളും അനാശാസ്യത്തിന്റെ നാക്കുകളും അടക്കിപ്പിടിച്ചാൽ തന്നെ എത്രയോ മർദ്ദനങ്ങളിൽ നിന്ന് മനുഷ്യർ മോചിതരായി. ലളിതമായ വാക്കുകളിൽ ആശയങ്ങളുടെ സാഗരം ഒളിപ്പിച്ച വരികൾ കാണുക. മുസ്ലിം എന്നു പറഞ്ഞാൽ തന്നെ അയാളുടെ കയ്യിൽ നിന്നും നാവിൽ നിന്നും മറ്റുള്ളവർ വിമോചിതരായിരിക്കുന്നു, അങ്ങനെയുള്ള ആളാണ്
قال ﷺ: المُسلمُ مَن سَلِمَ المسلمون من لسانِه ويدِه.» (رواه البخاري ومسلم)
അരാഷ്ട്രീയതയും നിസ്സംഗതയും പെരുത്ത ഒരുകാലത്ത്, എന്തു കണ്ടാലും കൈകെട്ടി നോക്കി നിൽക്കുന്ന ഒരു കാലസന്ധിയിൽ കൗതുകകരമായ ഒരു ഹദീസ് നമ്മൾ ലൈം ലൈറ്റിൽ നിർത്തി ചർച്ച ചെയ്യേണ്ടതുണ്ട്. കേട്ടാൽ പ്രകോപനപരം എന്നു തോന്നും അതിൻ്റെ ഉപരിതലം. അകക്കാമ്പിലേക്ക് ചെല്ലുമ്പോഴാണ് അർത്ഥങ്ങളുടെ തേനറകൾ കാണാനാവുക.
"മർദ്ദകനെ സഹായിക്കൂ" എന്നാണ് ഹദീസ്. അതിന്റെ തൊട്ടുമുമ്പ് തന്നെ മർദ്ദിതനെ എന്നുകൂടി ഉണ്ട് കേട്ടോ. എന്നുവെച്ചാൽ ഇങ്ങനെയാണ്: നിങ്ങൾ സഹായിക്കുക മർദ്ദിതനാവട്ടെ, മർദ്ദകനാവട്ടെ! മർദ്ദിതനെ സഹായിക്കൽ എങ്ങനെയെന്ന് കൂടിനിന്നവർക്ക് മനസ്സിലായി. പക്ഷേ ഇതെന്തതിശയം ബാപ്പാ?! മർദ്ദകനെ സഹായിക്കുകയോ? സ്വഹാബത്തിന് സംശയമായി. മറുപടിയുമായി മുത്ത് നബി വന്നു. മർദ്ദിക്കുന്നവനെ അതിൽ നിന്ന് തടഞ്ഞു നിർത്തുക. കേൾക്കുമ്പോൾ സിമ്പിൾ ആയി തോന്നിയേക്കാം. ഒറ്റവാക്കു പറഞ്ഞാൽ ഒരുപാട് ആശയക്കടൽ സുനാമിത്തീയായി നിങ്ങളിലേക്ക് പതഞ്ഞിറങ്ങും. ഫലസ്തീൻ!
ലോകം നിസ്സംഗമായി നിൽക്കുകയാണ്. പറയാനുള്ളതെല്ലാം മുത്ത് നബി നേരത്തെ പറഞ്ഞുവന്നിട്ടുണ്ട്. വിമോചനത്തിനായി ഇനിയേത് പ്രവാചകനെയാണ് നാം കാത്തിരിക്കുന്നത്?






