ക്യൂവിൽ നിൽക്കാൻ പോകുമ്പോഴാണ് പെട്ടെന്ന് അനൗൺസ്മെൻ്റ് വന്നത്, മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് നാലുമണിക്കൂർ വൈകിയേ പുറപ്പെടുകയുള്ളൂ എന്ന്, ഠപ്പ്! ആരും ഒച്ച വെച്ചിട്ടൊന്നും കാര്യമില്ല, യന്ത്രത്തകരാറാണ്. അധികം പറഞ്ഞാൽ ആ തകരാറുള്ള എൻജിനുമായി വണ്ടി പറത്തും. മര്യാദക്ക് മിണ്ടാണ്ടിരുന്നോ. നിരാശയും കുശുകയും സർവ്വത്ര. ചൂടാവലും ഒച്ചപൊന്തലും അന്യത്ര. രേഖകൾ, ലഗേജുകൾ, ക്ഷീണിച്ച വയോജനങ്ങൾ, ഉറക്കം തൂങ്ങിയ കുട്ടികൾ... ആകെക്കൂടി ഒരു നരകപ്പാടിന്റെ കുതൂഹുലമായിരുന്നു.
അങ്ങനെയുള്ളൊരു ശ്വാസംമുട്ടു സന്ദർഭത്തിലാണ് കാഴ്ചയിൽ നല്ല പ്രായം തോന്നിക്കാത്ത ഒരു മാന്യദേഹവുമായി ചിന്ന പരിചയപ്പെടലിന്റെ പരൽവലയെറിഞ്ഞത്. പക്ഷേ കുടുങ്ങിയത് മന്ദൻ സ്രാവായി! വർഷങ്ങളായി വിമാനയാത്ര നടത്തി പരിചയമുള്ള ആളാണ്. ഈ കാലത്തിനിടയിൽ അയാൾക്കുണ്ടായ പലതരം ഫ്ലൈറ്റ് വൈകലുകളെ കുറിച്ച് വിശദമായി പുലമ്പി. കൂട്ടത്തിൽ എയർ ഇന്ത്യയുടെ അച്ഛനെയും അമ്മയെയും അമ്മായിയെയും മൂത്തമ്മയുടെ മകളുടെ പ്രതിശ്രുതവരനെവരെ കഠിനമായി ചീത്ത വിളിച്ചു. എല്ലാം കേട്ട ശേഷം അയാൾ ഒന്ന് ഒടിഞ്ഞു. ശാന്തനായി ചാഞ്ഞിരുന്നു.
പഠിപ്പും ലോക പരിചയവുമുള്ള ആളായതുകൊണ്ട് തന്നെ ചർച്ച വേദാന്തത്തിലേക്ക് തള്ളിയിടാൻ ശ്രമിച്ചു. നോക്കുമ്പോൾ കടുത്ത മതവിരോധിയും തികഞ്ഞ ഈശ്വരശത്രുവും ആണ്. ഓരോന്ന് ചോദിച്ച് പരമാവധി അയാളുടെ ഉള്ളിലുള്ളതെല്ലാം പുറത്തെടുത്തു. എനിക്ക് അയാളോട് ബഹുമാനം തോന്നിപ്പോയി. ഇങ്ങനെ ഉള്ള ഒരാൾ മതനിഷേധിയും ദൈവശത്രുവും മാത്രമേ ആകാവൂ. അമ്മട്ടിൽ ദൈവത്തെ പറ്റി/ മതങ്ങളെപ്പറ്റി യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കേൾവികളും പച്ചത്തെറ്റുകളും മാത്രമേ അയാൾക്കറിയൂ. അതിൽ എല്ലാം ഇവിടെ വിശദീകരിച്ച് പറയുന്നില്ല. ഇസ്ലാമിനെ പറ്റി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്നിൽ ഞെട്ടലുളവാക്കി. ഹിന്ദുക്കളെ പോലെ അവരും പദാർത്ഥ ആരാധകർ തന്നെയാണെന്നാണ് അദ്ദേഹം വാദിച്ചത്. പിന്നെയും നല്ലത് ഹിന്ദുക്കളാണ്. കാരണം അവർ ജീവനില്ലാത്തതിനെയാണ് ആരാധിക്കുന്നതെങ്കിൽ നിങ്ങൾ ശവങ്ങളെ കൂടി ആരാധിക്കുന്നു എന്നുവരെ കടത്തി പറഞ്ഞു. ഞാൻ ചോദിച്ചു അതെന്താ കാര്യം?
പലപ്പോഴും പ്രമുഖരുടെ മയ്യിത്ത് നിസ്കാരങ്ങളുടെ ഫോട്ടോ പത്രത്തിൽ വരാറുണ്ടല്ലോ. മയ്യിത്ത് മുന്നിൽവച്ച് ആണല്ലോ നിസ്കാരം നിർവഹിക്കുക. കക്ഷി വിചാരിച്ചിരിക്കുന്നത് ആ മയ്യിത്തിനെ ദൈവമാക്കി കണ്ട് അതിനെ ആരാധിക്കുകയാണ് മുസ്ലിമീങ്ങൾ എന്നാണ്. ഇതു കേട്ടാൽ കാര്യം അറിയുന്ന ഹിന്ദുക്കൾ പോലും ചിരിച്ചു പോകും. മറ്റൊന്ന് പറഞ്ഞത് ചന്ദ്രപൂജകരാണ് എന്നുള്ളതാണ്. കാരണം മാസവും പെരുന്നാളും ഉറപ്പിക്കുന്നത് ചന്ദ്രപ്പിറവി നോക്കിയിട്ടല്ലേ. എന്ന് മാത്രമല്ല വളരെ യുക്തിസഹമായ ഒരു ചോദ്യശരം കൂടി തൊടുത്തു. പരിപൂർണ്ണ അമാവാസി ദിനത്തിൽ നിങ്ങൾ ഏതു ദൈവത്തെയാണ് പ്രാർത്ഥിക്കുക. ഈ രൂപത്തിലുള്ള മരപ്പൊട്ടൻ അന്ധവിശ്വാസങ്ങളാണ് ലൈവായി കക്ഷി തലയിലേറ്റി പോരുന്നത്.
അന്ധവിശ്വാസങ്ങളും യുക്തിരഹിതമായ കുറെ കർമ്മങ്ങളും യാഗങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമടങ്ങിയ നമ്പർവൺ ചൂഷണ സ്ഥാപനമാണ് മതം എന്നതായിരുന്നു അദ്ദേഹത്തിൻ്റെ കൺക്ലൂഷൻ. സംയമനത്തോടുകൂടി കുറെ കാര്യങ്ങൾ സംസാരിച്ചപ്പോൾ അയാളുടെ മനസ്സിൽ നിന്ന് കാർമേഘങ്ങൾ നീങ്ങി ഒഴിഞ്ഞു. ഇങ്ങനെയുള്ള ആളുകളും ഉണ്ടായിരിക്കുമല്ലേ. അതോർക്കുമ്പോൾ മനസ്സ് തരിക്കുന്നു. ഫ്ലൈറ്റ് എടുക്കാൻ ഇനിയും ഒന്നര മണിക്കൂറുണ്ടല്ലോ എന്നോർക്കുമ്പോൾ ഉള്ളകം മുഷിയുന്നു.
ദൈവവിശ്വാസം/ മതാനുചരണം എന്നൊക്കെ പറയുമ്പോൾ ചില ആളുകൾക്ക് ഒരു മുഖം കോട്ടലുണ്ട്. മനുഷ്യൻ സാമൂഹ്യജീവിയാണ് സാമൂഹ്യ സേവനം മതപരമായ ബാധ്യതയാണ് എന്നൊക്കെ പറയുമ്പോൾ ആ കോട്ടലിന്റെ ചുളുക്കുനില കൂടുതൽ കുടുങ്ങുന്നു. സത്യം പറഞ്ഞാൽ അവരെ അതിന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ചിലരുടെ ധാരണയിൽ മതം എന്ന് പറഞ്ഞാൽ പ്രാകൃതമായ/ അശാസ്ത്രീയമായ ചില ആചാരങ്ങളുടെ/ ചില ചൊല്ലിക്കഴിക്കലുകളുടെ/ അംഗവിക്ഷേപങ്ങളുടെ യുക്തി ബാഹ്യമായ ഒരു ഫ്രെയിം വർക്ക് ആണെന്നതാണ്. പൊതുജനങ്ങളിൽ നിന്നും വിട്ടുനിന്നു കൊണ്ടുള്ള ഏകാന്തവാസത്തിന്റെ ഒക്കെ ചെത്തവും ചൂരുമാണ് അവർക്ക് കിട്ടുന്നത്. വിമർശന ബുദ്ധിയും ഗവേഷണ ത്വരയുമുള്ള ആളുകൾ ഇതൊന്നു ശരിക്ക് പുനപരിശോധിക്കേണ്ടതല്ലേ.
ഈ പറഞ്ഞത് പ്രകാരം അത് ശരിയാണ്. ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ പൊതുജനത്തിന്റെ പ്രശ്നങ്ങളോ പ്രയാസങ്ങളോ അറിയുകയോ അനുഭവിക്കുകയോ ചെയ്യാതെ എവിടെയെങ്കിലും ഒറ്റയ്ക്ക് താമസിക്കണം എന്നൊക്കെയാണ് ഒരു മതം പറയുന്നതെങ്കിൽ, എങ്കിലേ നിങ്ങൾക്ക് ജീവിതമോക്ഷം സാധ്യമാവുകയുള്ളൂ എന്നൊക്കെ സിദ്ധാന്തിക്കുന്നുവെങ്കിൽ പിന്നെ മറിച്ചൊന്നും പറയാനില്ല, ആധുനിക കാലത്ത് എന്നല്ല ഒരു കാലത്തും അതിന് മനുഷ്യസഞ്ചയം വിലകൽപ്പിക്കുകയില്ല. ഒട്ടും പ്രായോഗികമല്ലാത്ത/ പ്രത്യുൽപ്പന്നപരമല്ലാത്ത ആശയമാവുകയാൽ കാലം അത് അംഗീകരിക്കുകയേയില്ല.
നിത്യജീവിതത്തിൽ കൂടെയുള്ളവർക്കും ദൂരെ കിടക്കുന്നവർക്കും ആവുംവിധം സഹായങ്ങളും സേവനങ്ങളും ചെയ്തു കൊടുക്കണമെന്നും അതൊക്കെ തന്നെ ആരാധനയുടെ ഭാഗമാണെന്നും മതം പഠിപ്പിക്കുമ്പോൾ അവിടെ നമുക്ക് കൗതുകം വരേണ്ടതാണ്. കൂടുതൽ അന്വേഷിക്കാനും ആഴത്തിൽ കണ്ടെത്താനുമുള്ള ത്വര ഏതൊരു പഠിതാവിനും ഉണ്ടാകേണ്ടതാണ്. നമുക്ക് നോക്കാം.
ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ഒരാളോട് മതം പറയുന്നത് എല്ലാം കെട്ടി പൂട്ടിയെടുത്ത് ഏതെങ്കിലും പള്ളിമൂലയ്ക്കോ കടലോരത്തോ കാട്ടിനകത്തോ ഗുഹയ്ക്കുള്ളിലോ ചെന്ന് ഏകനായി ഇരിക്കൂ എന്നല്ല. മറിച്ച് അവനോട് പറയുന്നത് പ്രാർത്ഥിക്കാനായി പള്ളിയിലേക്ക് പോകൂ എന്നാണ്. വാഹനമുണ്ടെങ്കിലും നടന്നുപോവലാണ് പുണ്യം. അതും എപ്പോഴെങ്കിലും പോയാൽ പോരാ എല്ലാ ദിവസവും പോകണം. എല്ലാദിവസവും ഒരു നേരം പോയാൽ പോരാ, അഞ്ചുനേരം പോകണം. പള്ളി എന്നു പറഞ്ഞാൽ ആളുകൂടുന്ന ഇടമാണ്. നിങ്ങൾ ഒരു പ്രദേശത്ത് താമസിക്കുന്ന ആൾ ആണെങ്കിൽ അഞ്ചുനേരം നിരന്തരമായി പള്ളിയിൽ പോയി ആളുകളെ കണ്ടു സംസാരിച്ചു തിരിച്ചു വരുമ്പോൾ നിങ്ങളുടെ മാനുഷിക ബന്ധം ഒരുപാട് വളരുകയും പടരുകയും ചെയ്യുന്നു. നിരന്തരമായി അത് റിഫ്രഷ് ചെയ്തുകൊണ്ടേയിരിക്കുന്നു.
നിങ്ങളുമായി കണ്ടുമുട്ടുന്ന ആളുകളുമായി നിങ്ങൾ പരിചയം സ്ഥാപിക്കുമ്പോൾ നിങ്ങളിൽ നിന്നും പലപ്പോഴായി പലനിലക്കുള്ള അന്വേഷണങ്ങൾ ഉണ്ടാകുന്നു. കാണാത്തവരെ കുറിച്ച് ചോദിക്കുന്നു. ഇരുന്ന് നിസ്കരിക്കുന്നവരെയും, നിസ്കാരം കഴിഞ്ഞ് പെട്ടെന്ന് ഓടി പോകുന്നവരെയും വേച്ചുനടക്കുന്നവരെയും എല്ലാം പരിചയപ്പെടുന്നു. അതിന്റെ പുറകെ പലതും ചോദിച്ചറിയുന്നു. ചിലപ്പോൾ പള്ളിയിലെ സെക്രട്ടറിയോ ഇമാമോ എഴുന്നേറ്റ് നിന്ന് ഇന്നയാളുകൾക്ക്/ ഇന്ന കുടുംബത്തിന് ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ട് എന്ന് പരസ്യ വിളംബരം ചെയ്യുന്നു. നൊടിയിട കൊണ്ട് അവർക്കുള്ള സഹായം ശേഖരിക്കുകയും കൃത്യമായി എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.
ഒരിക്കൽ കൂടി പറയാം ഈ പോയിവരവ് ദിവസവും അഞ്ചു നേരമാണ്. ഒരു കാര്യം ശരിയാണ് ഒരു നാട്ടിലെ എല്ലാ ആളുകളും രാവിലെ എഴുന്നേറ്റ് ഉപജീവനാർത്ഥം പലനാടുകളിലേക്ക്/ പല ദേശങ്ങളിലേക്ക്/ പല തൊഴിൽ ശാലകളിലേക്ക് പോകുന്നവരായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരെയും എല്ലാനേരവും പള്ളിയിൽ വച്ച് കണ്ടുമുട്ടുക എന്നുള്ളത് സാധ്യമല്ല. എങ്കിലും ഒരുവിധം ആളുകളൊക്കെ പ്രഭാത പ്രാർത്ഥനക്കും രാത്രി പ്രാർത്ഥനക്കും കണ്ടുമുട്ടാൻ ഇടയുണ്ട്.
ആഴ്ചയിൽ ഒരു ദിവസം വെള്ളിയാഴ്ച നടക്കുന്ന ജുമാ പ്രാർത്ഥനയിൽ മിക്കവാറും ആ നാട്ടുകാർ അധികവും ഒരുമിച്ച് ചേരുന്നു. അങ്ങനെ ഒരു വ്യക്തിയുടെ കൂടുതൽ മനുഷ്യരിലേക്കുള്ള ബന്ധത്തിൻ്റെ കയർ തലങ്ങും വിലങ്ങും പിരിഞ്ഞു കയറുന്നു. ഒരുപക്ഷേ കല്യാണം/ പെണ്ണ് അന്വേഷണം/ സ്ഥലം നോക്കൽ/ വീട് കച്ചവടം/ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം എന്നീ തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി സമീപ - വിദൂര പ്രദേശങ്ങളിൽ നിന്നെത്തിയ പുതിയ മനുഷ്യൻമാരെയും വെള്ളിയാഴ്ച പള്ളിയിൽ വച്ച് കാണാനും പരിചയപ്പെടാനും കഴിയുന്നു. ഇപ്പോഴാണെങ്കിൽ നമ്മുടെ നാടുകളിൽ കണ്ടമാനം അന്യസംസ്ഥാന തൊഴിലാളികളെയും കണ്ടുകിട്ടും. അപ്പോൾ പള്ളി എന്നു പറയുന്നത് രാജ്യത്തിൻ്റെ തന്നെ ഒരു നാനോ ക്രോസ് സെക്ഷനായി മാറുന്നു.
കൃത്യമായി പള്ളിയിൽ പോയിവരുന്ന ഒരാൾ ഒരു മാസം ആവുമ്പോഴേക്കും 146 തവണകളിലായി ഒരുപാട് നാട്ടുമനുഷ്യരെ കണ്ടുമുട്ടുകയും നാല് വെള്ളിയാഴ്ചകളിലായി ഒത്തിരി ബിസി മനുഷ്യരെ പരിചയപ്പെടുകയും ചെയ്യുന്നു. ഇതിനും പുറമേ വർഷത്തിൽ ഇതിനേക്കാൾ വലിയ രണ്ടു മഹാസംഗമങ്ങൾ പള്ളിയിൽ നടക്കുന്നു. ഒന്ന് ചെറിയ പെരുന്നാളിനാണ് മറ്റൊന്ന് വലിയ പെരുന്നാളിനാണ്. സമീപത്തും വിദൂരത്തും വിദേശത്തും ജോലി ചെയ്യുന്നവരൊക്കെ പെരുന്നാളിന്റെ ഫെസ്റ്റിവ് ദിനങ്ങളിലേക്ക്, സ്വാഭാവികമായും നാടുപിടിക്കും. ആകയാൽ അത്തരക്കാരെ കാണുവാനും പുതിയ പരിചയങ്ങളിലേക്ക് കയറിക്കൊളുത്താനും ഇത്തരം സംഗമങ്ങൾ അവസരമുണ്ടാക്കുന്നു.
ഇനി പറയാൻ പോകുന്നത് എന്താണെന്ന് ഏകദേശം എല്ലാവർക്കും സൂചന കിട്ടിയിരിക്കും. കാരണം ഹജ്ജ് എന്ന് പറയുന്നത് ആഗോള സംഗമം ആണല്ലോ. അത്രക്ക് വലിയ മറ്റെന്ത് സംഗമം ആർക്കാണ് കാണിച്ചു തരാൻ കഴിയുക. വളരെ വ്യവസ്ഥാപിതമായി / നൂറ്റാണ്ടുകളായി നടന്നുവരുന്ന ഹജ്ജിന്റെ മഹാസംഗമം മനുഷ്യർ എല്ലാം മറന്നു ഒന്നിക്കുന്ന അനിതര സാധാരണമായ ആൾക്കടൽ. സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള അധികാരിയും പണിക്കാരനും ഭരണാധികാരിയും തൂപ്പുകാരനും വെളുത്തവനും കറുത്തവനും യൂറോപ്യനും ഏഷ്യക്കാരനും ആണും പെണ്ണും കുട്ടികളും വൃദ്ധരും ബോക്സിംഗ് ചാമ്പ്യനും വികലാംഗനും എന്നു തുടങ്ങി എല്ലാതരം മനുഷ്യന്മാരും ആർത്തലയ്ക്കുന്ന അതിവിശാലമായ മനുഷ്യസാഗരം. മനുഷ്യൻ്റെ ഉള്ളിൽ മനുഷ്യനെ പറ്റിയുള്ള നേർകാഴ്ച്ച നൽകുന്ന ഒരുപാട് പാഠങ്ങളും തിരിച്ചറിവുകളും ഉണ്ടാക്കുന്ന നിമിഷം -മറ്റുള്ളവർക്കായി സ്വയം സമർപ്പിക്കുന്ന നിരവധി ആളുകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും കഷ്ടപ്പാടുകളും നേരിട്ട് കണ്ട് തന്റെ ഉള്ളിലും ഉറങ്ങുന്ന അത്തരം ആർദ്ര വികാരങ്ങളെ റൂഹൂതി പുറത്തിടാൻ പറ്റിയ സന്ദർഭങ്ങൾ.
ഇതെന്തിനാണ് പ്രാഥമികമായി ഇത്രയും കാര്യങ്ങൾ പറഞ്ഞത് എന്ന് വെച്ചാൽ ഒരാളിൽ സാമൂഹ്യബോധവും ഉത്തരവാദിത്വവും ഉണ്ടായി വരണമെങ്കിൽ അയാൾ പലതും നേരിട്ട് കാണേണ്ടതുണ്ട്/ അറിയേണ്ടതുണ്ട്/ അനുഭവിക്കേണ്ടതുണ്ട്. വർഷങ്ങളായി ഏകാന്തതയുടെ ഇരുട്ടു മുറിക്കുള്ളിൽ 'മതജീവിതം' നയിച്ച ഒരാളോട് പെട്ടെന്ന് പോയി നീ ഒരാഴ്ച ഗുരുതരമായി മനുഷ്യസേവനം ചെയ്തു വാ എന്നു പറഞ്ഞാൽ ആൾ മേൽപ്പോട്ട് നോക്കി വാപിളർക്കും. അതേസമയം നിത്യജീവിതത്തിൽ സകലതുമായും ഇടപെട്ട് ഇടപഴകി ജീവിക്കുന്ന ഒരാളിന് സമൂഹത്തിന്റെ വേദന എന്തെന്നും പ്രതിസന്ധി എന്തെന്നും അതിൽ സാധ്യമായ പരിഹാരങ്ങൾ എന്തെന്നുമുള്ള തെളിഞ്ഞ ധാരണ ഫ്രഷായി ഉണ്ടാകും.
അപ്പോൾ വിശ്വാസിയെ ഇരുട്ടിൽ ഒളിപ്പിക്കാതെ തനിജീവിതത്തിൻ്റെ പച്ചപകൽ തുറസ്സുകളിലേക്ക് നിരന്തരം എടുത്തെറിഞ്ഞു കൊണ്ടിരിക്കുക എന്നുള്ളതാണ് മതം ചെയ്യുന്ന ഒന്നാമത്തെ കാര്യം. എന്നുവച്ച് മതത്തിൽ അനുഷ്ഠാനങ്ങളും ആചാരങ്ങളും ഇല്ലെന്നൊന്നുമല്ല. തീർച്ചയായും അവ ഉണ്ട്. പൊരുളുകൾ പൂർണ്ണമായി പറഞ്ഞു തെര്യപ്പെടുത്താൻ കഴിയാത്ത പ്രതീകാത്മകമായ പല സംഗതികളും മതത്തിൽ ഉണ്ട്; ഇല്ലെന്ന് പറയുന്നേയില്ല. അതു മതത്തിന് പുറത്തുമുണ്ട്. എല്ലാത്തിനും ഉത്തരം കിട്ടി എന്നൊക്കെ വിചാരിക്കുന്നത് വിഡ്ഢിത്തത്തിന് എ പ്ലസ് പ്ലസ് കിട്ടിയതുകൊണ്ടാണ്.
പക്ഷേ നമ്മുടെ 'എയർ ഇന്ത്യ പ്രതിപക്ഷ നേതാവ്' മനസ്സിലാക്കിയത് പോലെ അല്ലെങ്കിൽ മറ്റ് പലരും ധരിച്ചിരിക്കുന്നത് പോലെ മതം എന്നു പറയുന്നത് ആന്തരികമായി ഒരു അർത്ഥവും ഇല്ലാത്ത കേവലം കുമ്പിട്ടുനീരൽ മാത്രമാണ് എന്ന് തെറ്റിദ്ധരിച്ചവരെ കാര്യങ്ങൾ കണക്കിന് ബോധ്യപ്പെടുത്തും വിധവും എന്താണ് ഒരു വ്യക്തിയുടെ സാമൂഹികമായ ഇടപെടലിന്റെ ഏറ്റവും ലളിതമായ രൂപം എന്നും വരച്ചുകാട്ടുന്ന സംക്ഷിപ്തവും മനോഹരവുമായ ഒരു വചനം ഖുർആനിലുണ്ട് അതൊന്നു ശ്രദ്ധയോടെ നിങ്ങളൊന്നു വായിച്ചു നോക്കിയാട്ടെ.
لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّۦنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَٰهَدُوا۟ وَٱلصَّٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ أُو۟لَٰٓئِكَ ٱلَّذِينَ صَدَقُوا۟ وَأُو۟لَٰٓئِكَ هُمُ ٱلْمُتَّقُونَ
“കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നിങ്ങളുടെ മുഖങ്ങള്‍ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാരിലും വിശ്വസിക്കുകയും, സമ്പത്തിനോട് ആശയുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, യാത്രക്കാരനും, യാചകർക്കും അടിമമോചനത്തിനും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്. അവരാകുന്നു സത്യശാലികൾ. അവര്‍ തന്നെയാകുന്നു സൂക്ഷ്മത കൈക്കൊണ്ടവർ.” (ഖു൪ആന്‍:2/177)
മതി, ഈ ഒരു ആയത്ത് മതി മതദർശനങ്ങളെല്ലാം അന്ധവിശ്വാസങ്ങൾ ആണെന്ന ആയിരം അന്ധവിശ്വാസങ്ങളെ വേരുകോരിയെറിയാൻ. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സമൂഹത്തോട് മൂന്ന് നിലയിലേക്ക് വഴി പിരിയുന്ന ബാധ്യതകൾ ഉണ്ട്. ഓരോന്നും ഓരോ അധ്യായമായി തന്നെ പറയാനുണ്ട്, തുടർന്ന് കാണാം.






