അപ്പോൾ മനുഷ്യന്റെ ഏറ്റവും അടിസ്ഥാനആവശ്യം അടിമത്വത്തിൽ നിന്നും മർദ്ദനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും മോചനം കിട്ടുക എന്നുള്ളതാണെന്ന് കഴിഞ്ഞ വായനയിൽ നമ്മൾ തീർപു പറഞ്ഞു. നമ്മുടെ കൺമുമ്പിൽ ഒരു നാടോടിക്കുട്ടിയെ അല്ലെങ്കിൽ ഒരു നാട്ടുകാരൻകുട്ടിയെ ആരൊക്കെയോ അക്രമിക്കുന്നു, അല്ലെങ്കിൽ ഒരു കൂട്ടം നായ്ക്കൾ ഒരു കുഞ്ഞിന് പിന്നാലെ ഓടിച്ചിട്ട് കടിക്കുന്നു. കുട്ടിക്ക് അപ്പോൾ വേണ്ടത് നമ്മുടെ ‘തേനേ മോനേ’ വിളിയോ, കവിളിനു നുള്ളലോ, ചോക്ലേറ്റ് വച്ച് നീട്ടല്ലോ ഒന്നുമല്ലല്ലോ. രക്ഷപ്പെടുത്തലാണ്. അതെ, മർദ്ദിതന്റെ കൂടെ നിന്ന് വിമോചനം സാധ്യമാക്കൽ ആണ് ഇസ്ലാം അടിസ്ഥാനപരമായി ആഹ്വാനം ചെയ്യുന്നത്.
ആ ഘട്ടം പൂർത്തിയായാൽ പിന്നെ രണ്ടെണ്ണമാണ് ബാക്കിയുള്ളത്. ഏതൊരു മനുഷ്യനും തന്റെ സഹജീവികളിൽ നിന്ന് ഹൃദയഹാരിയായ പെരുമാറ്റം പ്രതീക്ഷിക്കും. അതുപോലെ താൻ അനുഭവിക്കുന്ന പട്ടിണി, പരിവട്ടം പോലെയുള്ള പ്രശ്നങ്ങളിൽ സഹായങ്ങൾ കിട്ടിയെങ്കിൽ എന്നും കൊതിക്കും. ഈ രണ്ടിൽ ഏതാണ് പ്രാധാന്യം എന്ന് ചോദിച്ചാൽ അത് ആളുകളുടെ മാനസികാവസ്ഥ പോലെ ഇരിക്കും.
നിങ്ങൾ ഒരു അകന്ന കുടുംബക്കാരന്റെ വീട്ടിൽ ചെന്നു. അവർ നിങ്ങളെയത്ര അങ്ങ് മൈൻഡ് ആക്കുന്നൊന്നുമില്ല. കൂടെയിരുന്നു സംസാരിക്കുക, വിശേഷങ്ങൾ ചോദിച്ചറിയുക, ഒരു തമാശ പൊട്ടിച്ച് ചിരിപ്പിക്കുക, ഇടയ്ക്കിടെ വന്നൂടെ എന്ന് ചോദിക്കുക, ഇത് അങ്ങനെയൊന്നുമില്ല. ഒരുമാതിരി ഗമയുടെയും ഗർവിൻ്റെയും കളി. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം. കാര്യം അങ്ങനെയൊക്കെയാണെങ്കിലും സുപ്ര വിരിച്ചു നോക്കുമ്പോൾ ശരിക്കും ഞെട്ടിപ്പോയി! സകലവിധ വിഭവങ്ങളും വിളമ്പിയിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടമായോ?
തിരിച്ചൊന്നു പറയാം. അകന്ന കുടുംബത്തിൽ തന്നെയാണ് പോയത്. ചെന്ന ഉടനെ തന്നെ ചൂടുള്ള കട്ടൻ ചായയും ഉണക്ക റസ്കുമാണ് തന്നത്. പക്ഷേ എന്താ മോളേ പെരുമാറ്റം, പരിചരണം. വാക്കുകളിൽ നിന്ന് പഞ്ചാരസീറ് ഇറ്റുന്നു. വിശേഷങ്ങളെല്ലാം ചോദിച്ചറിയുന്നു. ഫോൺ നമ്പർ തരുന്നു, വാങ്ങുന്നു. ഒന്നും പറയണ്ട!
ഇത് രണ്ടും മനുഷ്യന്റെ അവകാശമാണ്, ആവശ്യമാണ്. അഥവാ തങ്ങൾ പരിഗണിക്കപ്പെടണം. രണ്ടു നിലക്കും. ഇതിൽ മനുഷ്യർക്ക് രണ്ടുതരം പരിഗണന ഉണ്ടായിരിക്കും. ചിലർ എന്ത് ചീത്ത പറഞ്ഞാൽ എന്താ, എന്തു മൈൻഡുകമ്മിയാണെങ്കിലെന്താ, തട്ടാൻ കിട്ടിയില്ലേ എന്ന് ചിന്തിക്കും. ചിലർ പറയുക തിന്നാനും കുടിക്കാനും ഒന്നും കിട്ടിയിട്ടില്ലെങ്കിലും സാരമില്ല. എന്തു നല്ല ഒരു പെരുമാറ്റമായിരുന്നു. അത് പോരേ എന്നായിരിക്കും. ഇതിൽ നിങ്ങൾ ഏത് വർഗത്തിൽപെട്ട ആളാണെങ്കിലും ശരി. ഇവിടെ പരിഗണന കൊടുക്കുന്നത് നല്ല പെരുമാറ്റത്തിനാണ്. തുടർന്ന് സഹകരണം, സേവനം, ജീവകാരുണ്യം ചാരിറ്റി etc. അല്ലേ? അങ്ങനെയല്ലേ? നല്ല പെരുമാറ്റം അല്ലേ ആദ്യം വേണ്ടത്. തീറ്റയും കുടിയും അരിക്കിറ്റും ചാരിറ്റിയും ഒക്കെ പിന്നെയല്ലേ, ആയതിനാൽ ഇതിൽ നമുക്ക് അതേക്കുറിച്ച് ആദ്യവും മറ്റേതിനെക്കുറിച്ച് പിന്നെയും പറയാം.
തുടക്കത്തിലേ നമ്മൾ പറഞ്ഞിരുന്നു. ദിവസം അഞ്ചു നേരവും ആഴ്ചയിൽ ഒരു നേരവും വർഷത്തിൽ രണ്ട് തവണയും ആരാധനാപരമായി തന്നെ പലരുമായും സന്ധിക്കേണ്ട സാഹചര്യം വരുമെന്ന്. വിശ്വാസികൾ അപ്പോൾ എങ്ങനെയായിരിക്കണം മറ്റുള്ളവരോട് പെരുമാറേണ്ടത് എന്നുള്ള ഒരു പ്രധാനപ്പെട്ട കൺസേൺ തലപൊക്കുന്നുണ്ട്.
കണ്ടാൽ സലാം കൊണ്ടാണ് മിണ്ടല് വേണ്ടത് എന്നതാണ് ഇസ്ലാമിന്റെ പെരുമാറ്റനയം. ഒരു വ്യക്തിയെ നമ്മൾ കണ്ടുമുട്ടുമ്പോൾ അസ്സലാമു അലൈക്കും (നിങ്ങൾക്ക് ശാന്തി ഉണ്ടാകട്ടെ) എന്ന് പറയുന്നു. അത് ഒരേ സമയം അഭിവാദനവും സ്നേഹപ്രകടനവും പ്രാർത്ഥനയും ആണ്. ഇത് ആരോടും എപ്പോഴും ഏതുസമയത്തും പറയാൻ പറ്റുന്നതും ആണ്. ബയോപ്സി എടുത്തു നോക്കുമ്പോൾ കാൻസറിൻ്റെ ലക്ഷണം കാണുന്നു/ വണ്ടിയിറങ്ങി നോക്കുമ്പോൾ പോക്കറ്റ് അടിച്ചിരിക്കുന്നു/ ദുബായിൽ നിന്ന് മരുമകൻ ഡിവോഴ്സ് ലെറ്റർ അയച്ചിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാം മനസ്സ് മുറിഞ്ഞ് നിൽക്കുന്ന ഒരുത്തനോട് പോയി ‘ഗുഡ് മോർണിംഗ്’ പറഞ്ഞാൽ മോന്ത പൊളിയുന്നത് നോക്കിയാൽ മതി. അയാൾക്ക് ഇതൊന്നും സുപ്രഭാതം അല്ല. സുസായാഹ്നവും അല്ല. സുരാവും അല്ല. പക്ഷേ അവർക്കൊക്കെ ആവശ്യമുണ്ട് ശാന്തി, സമാധാനം. ആയതിനാൽ ധൈര്യമായി പറഞ്ഞോ; അസ്സലാമു അലൈക്കും.
പെണ്ണുകാണാൻ പോകുന്നവനോടും കണ്ട് ഇഷ്ടപ്പെട്ട് തിരിച്ചു വരുന്നവനോടും വീടുകൂടൽ വിളിക്കാൻ വന്നവനോടും ഗൾഫിൽ പോകുന്നത് പറയാൻ വിളിച്ചവനോടും വമ്പൻ മാർക്കിൽ പരീക്ഷ പാസായവനോടും ഷോപ്പ് ഉദ്ഘാടനത്തിന് കാർഡ് അയച്ചവനോടും ഒക്കെ പറയാം; എല്ലാം വിജയിക്കട്ടെ! അഭിവാദ്യങ്ങൾ!! അസ്സലാമുഅലൈക്കും!!!ആ പ്രാർത്ഥന മനസ്സറിഞ്ഞ് പറയലും അതിന് പ്രത്യഭിവാദ്യം ചെയ്യലും നല്ല പെരുമാറ്റത്തിന്റെ ആദ്യഅധ്യായമാണ്.
നമ്മള് മനുഷ്യനെ കണ്ടുമുട്ടുമ്പോൾ മുഖം ദുർബാധയേറ്റ ഭൂതത്തിന്റേതു പോലെ ആക്കി പിടിക്കേണ്ടതില്ല. ചിലർ അങ്ങനെയാണ്. കണ്ടാൽ മിണ്ടാനോ നോക്കാനോ തോന്നുകയില്ല. മതം പറയുന്നത് കണ്ടുമുട്ടിയാൽ പുഞ്ചിരിക്കണമെന്നാണ്. പുഞ്ചിരി ഒരുതരം ദാനധർമം ആണെന്ന് '
«تَبَسُّمُكَ في وجهِ أخيكَ لَكَ صدقةٌ.»
ഇനി സംസാരം തുടങ്ങുകയാണ്.പരുക്കൻ ചരലുകൾ ഉപയോഗിച്ചല്ല, ചിരിക്കുന്ന വൈരക്കല്ലുകൾ പെറുക്കി വച്ചാണ് സംസാരിക്കേണ്ടത്.
«والكلمةُ الطيبةُ صدقةٌ
പൂപുഞ്ചിരി ധർമമായത് പോലെ തന്നെ നല്ല വാക്കും ധർമം തന്നെ. സ്വർഗത്തിൽ ഒരു സ്ഫടിക ബംഗ്ലാവിനെ പറ്റി പറയുന്നുണ്ട്. അതാർക്കുള്ളതാണ്? നിങ്ങൾക്കുള്ളതാണ്.അതു കിട്ടാൻ എന്ത് വേണം. മറ്റൊന്നും വേണ്ട നല്ല വാക്ക് മാത്രം മതി. പുറമേ മൂന്നുപേർക്ക് കൂടി ഉണ്ട്. തിരുവചനം കണ്ടോളൂ.
عَنْ عَلِيٍّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ” إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا." فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ ” لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ ."
തിരുനബിപറഞ്ഞു: തീര്ച്ചയായും സ്വര്ഗത്തില് ചില മുറികളുണ്ട്. അവയുടെ പുറംഭാഗം അകത്തിരുന്നും അകത്തളങ്ങള് പുറമെ നിന്നും കാണാം. അല്ലാഹുവിന്റെ ദൂതരേ, അത് ആര്ക്കുള്ളതാ? തിരുനബി പറഞ്ഞു: ‘നല്ലത് സംസാരിച്ചവര്ക്കും, മറ്റുള്ളവര്ക്ക് ആഹാരം നല്കിയവ൪ക്കും, സ്ഥിരമായി നോമ്പ് നോല്ക്കുന്നവ൪ക്കും, ജനങ്ങള് ഉറങ്ങുമ്പോള് പാതിരാവിൽ എണീറ്റ് നിസ്കരിക്കുന്നവര്ക്കുമാണ് (തിര്മിദി:1984)
മരിച്ചു പോകേണ്ട തടിയല്ലേ, എന്തിനാണ് മസില് പിടിച്ചുനിൽക്കുന്നത് എന്ന ബോധം മനുഷ്യന് ഉണ്ടായിരിക്കണം. അങ്ങനെ അവന്റെ സ്വഭാവം മൃദുവായി മാറണം. താൻ ഒരു കർക്കശക്കാരനാണെന്നും കടുകട്ടി നിലപാടുകാരനാണെന്നും മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ ഈഗോ സ്ഖലിക്കുന്ന ഒരാളായി നമ്മൾ മാറരുത്. പരുഷസ്വഭാവിയെ കാണുമ്പോൾ ആളുകൾ കുത്തുന്ന കാളയെന്ന കണ്ടാലെന്നപോലെ ഓടിമറഞ്ഞുകളയും. മൃദുലസ്വാഭാവി ആണെങ്കിൽ പൂവിലേക്ക് പൂമ്പാറ്റകൾ എന്നപോലെ ആർത്തിരച്ച് പൊതിയും. തിരുനബിയുടെ സ്വഭാവം അങ്ങേയറ്റം മൃദുല മനോഹരമായിരുന്നു. അല്ലാഹുവിൽ നിന്ന് വഴിഞ്ഞൊഴുകിയ കാരുണ്യത്താലാണ് ആ സ്വഭാവം പതമുള്ളതായത്.
കൊല്ലാൻ വരുന്നയാൾ കൂട്ടുകാരനായി പരിണമിക്കുന്ന സ്വഭാവമാസ്മരികതയുടെ ഉടമയായിരുന്നു തിരുനബി. ഓർമയുണ്ടോ സുമാമ? യമാമയുടെ ഭരണാധിപൻ ആയിരുന്നു. തിരുനബി അയച്ച കത്തുകളൊക്കെ അവഗണിച്ച ചട്ടമ്പി ആയിരുന്നു എന്നല്ല തക്കം കിട്ടിയാൽ തിരുനബിയെ തട്ടിക്കളയാൻ ഉറപ്പിച്ച് നടന്ന നാടുവാഴി. പറ്റാണ്ടായപ്പോൾ തിരുനബിയുടെ ചില അനുചരരെ വെട്ടിക്കൊന്നു.
കുഴപ്പക്കാരനാണെന്ന് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹത്തെ പിടികൂടുവാൻ തിരുനബി സൂചന നൽകി. ഒരു യാത്രാമധ്യേ പതുങ്ങി നടക്കവേ നബിയനുചരർ അദ്ദേഹത്തെ കണ്ട് സംശയംതോന്നി പിടികൂടി. നേരെ കൊണ്ടുവന്ന് മദീനാപള്ളിയുടെ തൂണിൽ കെട്ടിയിടുകയും ചെയ്തു. സുമാമയെ കണ്ട ഉടനെ വിശേഷങ്ങൾ അന്വേഷിച്ചു തിരുനബി. അദ്ദേഹത്തിനു വേണ്ട ആഹാരവും പാനീയവും കൃത്യമായി അവിടെ എത്തിച്ചു കൊടുത്തു. മൂന്നുദിവസം അദ്ദേഹം തിരുനബിയുടെയും അനുയായികളുടെയും ജീവിതവും പെരുമാറ്റവും സ്വഭാവ രീതികളും നേരിട്ട് കണ്ടു പഠിച്ചു - മൂന്നാമത്തെ ദിവസം തിരുനബി പറയുകയാണ്, കെട്ടഴിച്ചുവിടാൻ! ഇത് എന്ത് അത്ഭുതം! കൊല്ലാൻ വന്ന ആളെ ഇങ്ങനെയുണ്ടോ ഒരു വെറുതെവിടൽ. ഒരു ദേശത്തിന്റെ ഭരണാധിപനായ തന്നെ കെട്ടിയിട്ടതിന്റെ ദേഷ്യത്തിൽ പെട്ടെന്ന് വന്ന് നബി ആക്രമിച്ചെങ്കിലോ? ഇല്ലെങ്കിൽ എങ്ങോട്ടെങ്കിലും ഒളിച്ചോടി ശക്തമായ സേനയുമായി തിരിച്ചുവന്നടിച്ചെങ്കിലോ? ഒരുപാട് കാര്യങ്ങൾ പൊളിറ്റിക്കൽ ആയി ആലോചിക്കേണ്ടതല്ലേ? പക്ഷേ ചരിത്രം പറയുന്നത് അദ്ദേഹം നേരെ ചെന്ന് അരുവിയിൽ വെച്ച് കുളിച്ചുവന്ന് കലിമ(സത്യസാക്ഷ്യം) ചൊല്ലി തിരുനബിയുടെ അനുയായി ആയി മാറിയെന്നാണ്. ഇതിനാണ് ബിഹേവിയറൽ മാജിക്- സ്വഭാവ മായാജാലം എന്നു പറയുക.
മനുഷ്യർ ഒന്നിച്ചു കഴിയുമ്പോൾ കൊച്ചുകൊച്ച് കശപിശകൾ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാവാൻ സാധ്യതയുണ്ട്. അതൊന്നും മനസ്സിൽ വെച്ചിരിക്കരുത്. മനുഷ്യന്റെ മനസ്സ് കരിങ്കല്ല് പോലെ കടുകട്ടിയാക്കി പിടിക്കരുത്. അതങ്ങ് വെണ്ണ പോലെ ആക്കി വെച്ചാൽ എന്തുരസം. കുറെയൊക്കെ അങ്ങ് വിട്ടു കൊടുക്കണം. മാപ്പാക്കി കൊടുക്കണം. ഒരു മനുഷ്യൻ എത്രത്തോളം മഹാനാകുന്നു അത്രത്തോളം അയാൾക്ക് മാപ്പാക്കാനുള്ള ശേഷി കൂടി വരുന്നു - ചരിത്രത്തിൽ തുല്യതയില്ലാത്ത മാപ്പുകളാണ് തിരുനബി കൊടുത്തിട്ടുള്ളത്. നിത്യജീവിതത്തിലേക്ക് അതിൽനിന്ന് നമുക്ക് കൊളുത്തിയെടുക്കാൻ ഒരുപാടുണ്ട്.
ക്രൂരഹൃദയം ഉള്ള എമ്പോക്കിയായിരുന്നു വഹ്ശി. കുന്തമേറുകലയിലെ റൊണാൾഡോ. അദ്ദേഹത്തെ ക്വട്ടേഷന് വിളിക്കുകയായിരുന്നു ഹിന്ദ്; ബദറിൽ നടന്ന യുദ്ധത്തിൽ തന്റെ പിതാവിനെ കൊന്ന ഹംസയെ വകവരുത്താൻ. കൊന്നുവന്നാൽ കെട്ടഴിച്ചുവിടാം, മുന്തിയ പാരിതോഷികം! പ്രതികാരപൂർവ്വം വഹ്ശി അത് ഏറ്റെടുത്തു. ചതിപ്രയോഗത്തിന്റെ ചാട്ടുളിയെറിഞ്ഞ് ഹംസ എന്ന പുലിയെ വീഴ്ത്തി. ഹിന്ദും അവസരോചിതം ഉറഞ്ഞുതുള്ളി. ആ മൃതശരീരത്തിൽ തന്റെ പ്രതികാരത്തിന്റെ കോമരമഴിഞ്ഞാടി. നെഞ്ച് കുത്തി പിളർന്നു. കരൾകുല പിഴുതെടുത്ത്, വായിലിട്ട് അരിശം തീരുവോളം ചവച്ചുചവച്ച് പുറത്തേക്ക് പുച്ഛിച്ചുതുപ്പി!
ശേഷം സൈനികമായ ഏതെല്ലാം വെന്നിക്കൊടികൾ തിരുനബിയുടെ ജീവിതത്തിൽ പാറിപ്പറന്നു. ഏത് ശത്രുവിനെയും ഒളിമാളത്തിൽ ചെന്ന് പൊക്കിക്കൊണ്ടുവന്ന് പൂർണ്ണകായ പ്രത്യക്ഷതയിൽ പതിനായിരങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് തുണ്ടംതുണ്ടമാക്കാൻ പറ്റുമായിരുന്നു, പക്ഷേ ഇത് നബിയല്ലേ - വിട്ടുവീഴ്ചയുടെ പ്രവാചകനല്ലേ. നബിക്കുണ്ടോ ശത്രു നശിക്കണമെന്ന ആശ? നബിക്കുണ്ടോ ശത്രു എന്ന സങ്കല്പം?
കലിമ ചൊല്ലി മുസ്ലിമാവാൻ ഹിന്ദ് വന്നു, വഹ്ശിയും. ഓർമ വേണം. മക്കാവിജയത്തിന് ശേഷമാണാ വരവുകൾ. തന്നെ ആട്ടിയോടിച്ച മക്ക ആസകലം വിറച്ച് തന്റെ കാൽക്കീഴിൽ സുജൂദിലാണ്. ചരിത്രവിജയത്തിന്റെ സന്തോഷത്തിൽ ആനന്ദിക്കുന്ന പതിനായിരക്കണക്കിന് അനുയായികൾ. ഉമറിനോടോ, അലിയോടോ ചെറുതായൊന്ന് കണ്ണിറുക്കി കാണിച്ചാൽ മതി, ഒരു ചെറുവിരൽ അനക്കിയാൽ മതി. അറുത്തിട്ട കോഴികളെപ്പോലെ രണ്ടു മനുഷ്യശരീരങ്ങൾ ആകാശത്ത് പിടപിടക്കുന്നത് കാണാം. അതിലെ മാംസത്തുണ്ടുകൾ അൽപാൽപമായി മൈതാനിയിലൂടെ മുറിഞ്ഞ് പറക്കുന്നത് കാണാം. "കണ്ടില്ലേ, ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും, സൂക്ഷിച്ചോ!’ എന്ന് പറഞ്ഞ് അർമാദിക്കാം. എല്ലാറ്റിനും പറ്റിയ ദുർവർണാവസരം.
പക്ഷേ മാപ്പു കൊടുത്തു. ഖുറൈശി വനിതകൾക്കൊപ്പം എത്തിയ ഹിന്ദിന് നല്ല വേവലാതി ഉണ്ടായിരുന്നു. താൻ ചെയ്ത ക്രൂരനെറികേടിന്റെ മുറിവും മുരൾച്ചയും തനിക്കല്ലേ അറിയൂ. തനിക്കും നബിസമക്ഷം മാപ്പുണ്ടെന്നറിഞ്ഞ് ഹിന്ദ് നുറുങ്ങി. ഹൃദയം നനഞ്ഞു. കലിമ ചൊല്ലി മുസ്ലിമായി. പിന്നെയും വൈകിയാണ് വഹ്ശി വന്നത്. ആൾ പേടിച്ചൊളിച്ച് നടക്കുകയായിരുന്നു. ആർക്ക് കൊടുത്താലും എനിക്ക് മാപ്പ് തരില്ലെന്ന കാര്യത്തിൽ വഹ്ശിക്ക് സംശയം പോലും ഉണ്ടായിരുന്നില്ല. പക്ഷേ തനിക്കും മാപ്പ് കിട്ടിയേക്കുമെന്ന വിവരം അറിഞ്ഞ് വഹ്ശി അടിമുടി പുളഞ്ഞു. തന്റെ ശരീരത്തിൽ ചോരയോടുന്നിടങ്ങളിലൂടെ എല്ലാം തേൻചോലകൾ പിടഞ്ഞുപാഞ്ഞു. പേടിയോടെ ചെന്ന് നോക്കി. അന്നത്തെ വധവിശദാംശങ്ങളൊക്കെ വിശദമായി ചോദിച്ചു. കേട്ടു. പ്രതികാരം ഏതുമില്ലാതെ വെറുതെ വിട്ടു.
കേമനായിരുന്നല്ലോ അബുസുഫ്യാൻ; വ്യാപാരി, നേതാവ്, തന്ത്രജ്ഞാനി, പൗരപ്രമുഖൻ. അബൂലഹബ്, അബൂജഹൽ എന്നിവരെപ്പോലെ പക്വത കുറഞ്ഞ വികാരജീവിയല്ല. ആയതിനാൽ തന്നെ അദ്ദേഹം നയിച്ച ഉൾസമരങ്ങളെല്ലാം തന്ത്രപ്രധാനമായിരുന്നു. പെട്ടെന്ന് പിടികൂടി കൂട്ടിലടക്കേണ്ട കളികളായിരുന്നില്ല കക്ഷിയുടേത്. കരുതലോടെയുള്ള ഇറങ്ങിക്കളിയായിരുന്നു. ഒളിഞ്ഞ കളികൾക്കെല്ലാം കള്ളിപൊളിയേ കണക്ക് വീട്ടാനുള്ള വേള വന്നു കഴിഞ്ഞു. മക്ക തലതാഴ്ത്തിക്കിടക്കുന്നു. പീഡിതപതിനായിരങ്ങൾ മക്കയുടെ മാറിടത്തിലേക്ക് ചിറ തകർന്നൊഴുകുന്നു. "അവനെയൊന്ന് ചവിട്ടിക്കൂട്ടണേ...!" ഒരാഹ്വാനം മതിയായിരുന്നു. നാടൻ കാലുകൾകൊണ്ടുണ്ടാക്കിയ ഒന്നാം തരം 'സുഫ്യാൻ ചമ്മന്തി' പകൽ പകുതിയാവുമ്പോഴേക്കും പാകമാകുമായിരുന്നു. പക്ഷേ ബഹുമതിയോടുകൂടി അംഗീകരിക്കുകയായിരുന്നു, ഇങ്ങോട്ട് മാപ്പ് യാചിക്കാൻ വരുന്നതിന്റെ മുമ്പ് തന്നെ പരസ്യ വിളംബരം വന്നു: യാതൊരുവൻ അബൂസുഫിയാന്റെ വസതിയിൽ കയറുന്നുവോ അവർക്കൊക്കെയും അഭയം അഭയം! വിലകൂടിയ ഒരു വിഐപി ശത്രുവിനെ പരസ്യമായി ക്രൂശിച്ച് ആനന്ദമനുഭവിക്കുന്നതിന് പകരം ചേർന്നു പ്രവർത്തിക്കാവുന്ന നല്ലൊരു സഹനേതാവിനെ മുളപ്പിച്ചെടുക്കുകയായിരുന്നു തിരുനബി. നശിപ്പിക്കലല്ല; നനച്ചുണ്ടാക്കലാണ് തിരുനബിയുടെ ദൗത്യം.
തിരുനബിയുടെ ജീവിതം ആദ്യന്തം നോക്കിയാൽ ഇമ്മട്ടിൽ കൊല്ലാവുന്നവരെയും തൂക്കാവുന്നവരെയും ഒരു പ്രതികാരവും കാണിക്കാതെ കടാക്ഷമൊഴുക്കി ജീവിപ്പിച്ച ചരിത്രമാണ് കാണാനാകുക. തിരുനബിയിൽ നിന്ന് ജീവിതം പഠിച്ച, ദർശനം ആവാഹിച്ച അവിടുത്തെ ശിഷ്യന്മാരും പിന്മുറക്കാരുമായ സ്വൂഫികളുമെല്ലാം തന്നെ സ്വന്തം ജീവിത പരിസരങ്ങളിലേക്ക് കാരുണ്യം വർഷിച്ചവരായിരുന്നു. നമുക്ക് ശത്രുക്കൾ ഉണ്ടാവാൻ പാടില്ല. പ്രത്യേകിച്ച് കുടുംബത്തിലും ബന്ധത്തിലും കൂട്ടുകാരിലും അയൽപക്കത്തും ഒന്നും തന്നെ. എന്നുവച്ചാൽ നമ്മുടേതായ ദുസ്വഭാവം കൊണ്ട് ദുർവൃത്തി കൊണ്ട് നാം ഒരു ശത്രുവിനെ ഉണ്ടാക്കരുത്. ഇനി തിരിഞ്ഞു മറിഞ്ഞ് ഒരു ശത്രു രൂപപ്പെട്ടാലോ. അയാളെ നമ്മുടെ ശരീരത്തിൻ്റെ ഒരു ഭാഗം പോലെയായി കരുതണം. നമ്മൾ അതിനെ മരുന്നു പുരട്ടി ചൂടുപിടിച്ച് പരിചരിച്ച് നേരെ ആക്കണം. ശത്രുക്കളായ എത്ര വില്ലാളി വീരൻമാരെയാണ് തിരുനബി വിനയവിധേയരായ ‘അസ്ഹാബീ കന്നുജൂം’ (മാർഗദർശികളായ നക്ഷത്രങ്ങൾ) ആക്കി മാറ്റിയത്.
ശത്രുവിന്റെയും ക്രൂരന്മാരുടെയെല്ലാം കാര്യം അവിടെ നിൽക്കട്ടെ. നാം നമ്മുടെ വളരെ അടുത്തവരോട് മാതാപിതാക്കളോട്, ഭാര്യഭർത്താക്കളോട്, മക്കളോട്, കൂട്ടുകാരോട്, സഹോദരങ്ങളോട്, അയൽക്കാരോട്, ഒക്കെ എങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്കൂ. മനുഷ്യരാകുമ്പോൾ എന്തെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ തട്ടി,മുട്ടി എന്ന് വരാമല്ലോ. അതെല്ലാം കുറെ ക്ഷമിച്ചും കണ്ടില്ലെന്ന് നടിച്ചും വിട്ടുകൊടുത്തും വേണ്ടേ നമ്മൾ ജീവിക്കുവാൻ. എന്നാൽ മനുഷ്യർക്കിടയിൽ ചില മൂരികൾ ഉണ്ട്. കൊമ്പുമായി കുത്താനായി കാത്തുനിൽക്കുന്നവർ. മനസ്സിൽ പക സൂക്ഷിച്ചു നടക്കുന്നവർ. ഇതൊന്നും വിശ്വാസിക്ക് യോജിച്ചതല്ല. പതിനാലാം രാവിൽ ആകാശത്തേക്ക് നോക്കൂ. പാൽനിലാവ് പെയ്യുന്ന പാതിരാചന്ദ്രനെ കാണുന്നില്ലേ. ആ പൂർണചന്ദ്രനാണ് തിരുനബി. ആ നിലാവായിരിക്കണം നമ്മുടെ നിനവിൽ, വാക്കിൽ. ചിരിയിൽ, പെരുമാറ്റത്തിൽ, ഇടപാടിൽ, ഇടപഴകലിൽ...

