മനസ്സിനെ ബാധിക്കുന്ന രോഗങ്ങളിൽ അതിമാരകമാണ് അഹങ്കാരം. നമ്പർ വൺ രാജവെമ്പാല. അധികമനസ്സുകളിലും പൊങ്ങിയും മങ്ങിയും അത് ഇഴഞ്ഞ് പുളയുന്നു. തന്നെക്കുറിച്ചൊരു കേമം തോന്നൽ. തന്റെ ശബ്ദം ഉയർന്നിരിക്കണമെന്നും തൻ്റെ വ്യക്തിത്വത്തിന് മേൽക്കോയ്മ വേണമെന്നുമുള്ള ചീഞ്ഞഈഗോ.
നാം ആദ്യമേ നമുക്കൊരു വില കൽപിച്ച് വെക്കുന്നു. ആ സാങ്കല്പികവിലയനുസരിച്ച് നാം ജനങ്ങളോട് പെരുമാറുന്നു. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ശൈലീ ഭാവങ്ങളിലുമെല്ലാം അത് നിഴലിച്ചു കാണുന്നു. സത്യത്തിൽ ജനം നമ്മെ മനസ്സറിഞ്ഞ് വെറുക്കുന്നു. താഴെയുള്ളവരോട് ഇടപഴകാൻ അറപ്പ്. അവർ നമ്മെ തിരുത്തിയാൽ വെറുപ്പ്. പൊതുവെ ഒരു തലക്കനം. ഒരു ഗൗരവം നടിക്കൽ. ഇതെല്ലാം ലക്ഷണങ്ങളാണ്. മനസ്സിന് അതിമാരകരോഗമാണ് പിടിച്ചിരിക്കുന്നത്. അണുമണിത്തൂക്കം ഉണ്ടായിപ്പോയാൽ സ്വർഗം അന്യം. തിരുനബിയാണത് പറഞ്ഞത്.
ഇബ്ലീസും ഫറോവയും ഹാമാനും ഖാറൂനും നംറൂദും അബൂലഹബും അബൂജഹലുമൊക്കെ നിന്ദ്യരായി തലകുത്തി വീണത് ഈ രോഗത്താലാണ്. ഇതുള്ളവൻ നാശം പിടിച്ചിട്ടല്ലാതെ ഒരു ചരിത്രമില്ല. ഇത് തുടങ്ങുന്ന ആ നിമിഷംതൊട്ട് എല്ലാ പുരോഗതിയും നിലക്കും. പിന്നെ താഴോട്ടായിരിക്കും പോക്ക്.
അഹങ്കാരത്തിന്റെ ആജീവനാന്ത അധ്യക്ഷൻ ആദരവുകെട്ട ശൈത്വാൻ അവർകൾ തന്നെയാണ്. തന്നെയും താൻ ഉൾക്കൊള്ളുന്ന ഉലകങ്ങൾ ആകമാനവും പടച്ചു പരിപാലിക്കുന്ന അല്ലാഹു അവനോട് ആദമിന് സാഷ്ടാംഗം ചെയ്യാൻ പറഞ്ഞപ്പോൾ അഹങ്കാരം പറഞ്ഞ് ഇടഞ്ഞുനിൽക്കുകയായിരുന്നു. എന്താണ് പറയുന്നത് എന്നതിലെ യുക്തി ചികയുന്നതിന് മുമ്പായി ആരാണ് പറയുന്നത്, ഏത് കോണ്ടെക്സ്റ്റിലാണ് പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള വിനയവും സാമാന്യമര്യാദയും അവനില്ലാതെ പോയി. താൻ ആണ് ക്ഷേമപ്പെട്ടവൻ എന്നും മണ്ണിനാൽ പടക്കപ്പെട്ട ആദം തന്നെക്കാൾ കീഴെയാണെന്നുമുള്ള ഡംഭ് ടിയാൻ നേരത്തെ മനസ്സിൽ അങ്ങ് ഉറപ്പിച്ചു കളഞ്ഞു.
തൽസംബന്ധിയായി അല്ലാഹുവും അവനും തമ്മിൽ നടന്ന സംഭാഷണം ഖുർആൻ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്
قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ
അവന് (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് ആജ്ഞാപിച്ചപ്പോൾ സാഷ്ടാംഗം ചെയ്യാതിരിക്കാന്‍ നിനക്ക് മുടക്കമെന്തായിരുന്നു? അവന്(ഇബ്ലീസ്) പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും. (ഖു൪ആന്‍:7/12)
അഹങ്കാരം എന്നു പറയുന്നത് ഒരു ദുർബലനിമിഷത്തിൽ വന്നു പോകുന്ന വീഴ്ച എന്നതിനപ്പുറം അതൊരു നിലപാട് ആവാനാണ് സാധ്യത. ഇനി അല്ലെങ്കിൽ കൂടി അരുതാത്ത ഒരു സമയത്ത് അത് ഫണം വിടർത്തി എന്ന് വന്നാൽ പോലും അതിന്റെ പരിണിതി ചെവിക്കുറ്റി പിടിച്ചു തിരിക്കുക, ഇരുപത്തഞ്ച് പ്രാവശ്യം ഏത്തമിടുക, രക്ഷിതാവിനെ കൂട്ടിവരുക, ഉച്ചവരെ പുറത്തു നിൽക്കുക എന്നിങ്ങനെയുള്ള ചെറുകിട പണിഷ്മെന്റുകളൊന്നും ആയിരിക്കില്ല. മറിച്ച് നാറിപ്പുളിച്ചവനായി ആജീവനാന്ത ഗെറ്റൗട്ടഡി ആയിരിക്കും. ഖുർആൻ അത് സൂചിപ്പിച്ചിട്ടുണ്ട്
قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّٰغِرِينَ
അവന് (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഗെറ്റ് ഔട്ട്!! ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ ചൊത്തകളുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍: 7/13)
قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ﴿٣٤﴾ وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ ﴿٣٥﴾
അവന് പറഞ്ഞു: നീ ഇവിടെ നിന്ന് കടക്ക് പുറത്ത്. തീര്‍ച്ചയായും നീ എറിഞ്ഞാട്ടപ്പെട്ടവൻ ആകുന്നു. തീര്‍ച്ചയായും അന്ത്യനാള്‍ വരെയും നിന്റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്. (ഖു൪ആന്‍: 15/34-35)
തീയിനെക്കാളും ശ്രേഷ്ഠമായ മറ്റൊരു ഘടകം കൊണ്ടാണ് അല്ലാഹു ആദമിനെ പടച്ച് സുജൂദ് ചെയ്യാൻ പറഞ്ഞതെങ്കിൽ അവൻ ചെയ്യുമായിരുന്നോ, ആവോ? സാധ്യത കുറവാണ്. തീയിനാലുള്ള ഞാൻ ഇവിടെ ഉണ്ടായിരിക്കെ അതിനേക്കാൾ മെച്ചപ്പെട്ട മറ്റൊന്ന് പടക്കാൻ നിന്നോട് ആരു പറഞ്ഞു എന്ന് ചോദിക്കും അവൻ. പറഞ്ഞില്ലേ, അഹങ്കാരം എന്നു പറയുന്നത് ഒരു നേരത്തുണ്ടാകുന്ന താൽക്കാലിക നെഗളിപ്പല്ല; അത് ഉള്ളിൽ പട്ടുറച്ചു പോയ ഒരു കേടുനിലപാടാണ്. ആയതുകൊണ്ടാണ് അതിനുള്ള ശിക്ഷ അത്ര ലൈഫ് ലോംഗ് ആകുന്നത്. നോക്കൂ, ഫിർഔന്റെയും ഹാമാന്റെയും എല്ലാം കഥ. അതോടെ അവരുടെ കഥ കഴിയുകയല്ലേ.
وَقَٰرُونَ وَفِرْعَوْنَ وَهَٰمَٰنَ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَٰبِقِينَ
ഖാറൂനെയും, ഫിര്‍ഔനെയും ഹാമാനെയും (കഥ കഴിച്ചു). തെളിവുകളുമായി മൂസാ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ച് നടന്നു. അവര്‍ (നമ്മെ) ഓവർടേക്ക് അടിക്കാൻ ആയില്ല. (ഖു൪ആന്‍: 29/39)
അഹങ്കാരം ഉണ്ടാവുക എന്ന് പറഞ്ഞാൽ മനസ്സ് മാലിന്യക്കുളം ആവുക എന്നാണർത്ഥം. ഏതാണ് മാലിന്യം? മറ്റുള്ളവരെ ഒന്നിനും കൊള്ളാത്തവരായി കാണുക എന്നത് തന്നെ. ഏകദേശം എല്ലാ സമൂഹങ്ങളിലെയും ദുഷ്പ്രഭുക്കളും നാട്ടുപ്രമാണിമാരും ഈയൊരു സ്വഭാവക്കാരാണ്. അവരായിരുന്നു കഴിഞ്ഞ കാലഘട്ടങ്ങളിൽ പ്രവാചകന്മാരുടെ എതിർച്ചേരിയിലിരുന്ന് തീകത്തിച്ചവർ. നൂഹ് നബിയുടെ അവസ്ഥ ഖുർആൻ പറയുന്നുണ്ട്.
فَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا نَرَىٰكَ إِلَّا بَشَرًا مِّثْلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمْ أَرَاذِلُنَا بَادِىَ ٱلرَّأْىِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلِۭ بَلْ نَظُنُّكُمْ كَٰذِبِينَ
അപ്പോള്‍ (നൂഹ് നബിയുടെ) ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപ്പോലെയുള്ള മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്മാരായിട്ടുള്ളവര് പ്രഥമവീക്ഷണത്തിൽ നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. എന്നല്ല, നിങ്ങള്‍ തട്ടിപ്പുകാരാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. (ഖുർആൻ:11/27)
തിരുനബിയുടെ കാലത്ത് എത്തിയപ്പോഴും ഈ രോഗം ഇങ്ങനെ വന്നുവന്ന് നാട്ടിലെ പേരുകേട്ട മൂപ്പന്മാർക്കും മുതലാളിമാർക്കും പിടികൂടി. നമ്മളെപ്പോലെയുള്ള കാര്യപ്പെട്ടവർ ഇവിടെ ഉണ്ടായിരിക്കുമ്പോൾ അതെന്താ അനാഥനായ ഒരു.... എന്ന ചിന്തയുടെ സർപ്പ ദംശനമേറ്റു അവരുടെ നെഞ്ചിന്. അതോടെ കഴിഞ്ഞു കഥ! പക്ഷേ തിരുനബിയോട് പറഞ്ഞു സങ്കടം പറഞ്ഞാൽ രക്ഷപ്പെടാമായിരുന്നു. ഗർവ് സമ്മതിക്കണ്ടേ.
وَإِذَا قِيلَ لَهُمْ تَعَالَوْا۟ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْا۟ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
നിങ്ങള്‍ വരൂ. അല്ലാഹുവിന്റെ ദൂതന് നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല വെട്ടിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി കാണുകയും ചെയ്യാം. (ഖു൪ആന്‍: 63/5)
തിരുനബിയുടെ കാലത്ത് ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് ഒരാൾ. ഇടതു കൈയാണ് ഉപയോഗിക്കുന്നത്. ഇത് കണ്ട് നബി തങ്ങൾ വലതു കൈകൊണ്ട് കഴിക്കാൻ നിർദ്ദേശം കൊടുത്തു. പക്ഷേ ഒരാൾ പറയുന്നത് കേട്ടുകൊണ്ട് എങ്ങനെ എന്റെ പ്രവർത്തി മാറ്റും എന്ന അഹങ്കാരം ഉള്ളിൽ ഉള്ളതുകൊണ്ട് "എനിക്ക് അതിന് സാധിക്കുന്നില്ല" എന്ന് പറഞ്ഞു. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: നിനക്ക് അതിന് സാധിക്കുകയില്ല: അഹങ്കാരത്തിന്റെ മനസ്സുള്ള ആ ശരീരത്തിലെ ആ കൈ പിന്നെ മുകളിലോട്ട് പൊങ്ങിയിട്ടില്ല
عَنْ سَلَمَةَ بْنِ الأَكْوَعِ أَنَّ رَجُلاً أَكَلَ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم بِشِمَالِهِ فَقَالَ " كُلْ بِيَمِينِكَ " . قَالَ لاَ أَسْتَطِيعُ قَالَ " لاَ اسْتَطَعْتَ " . مَا مَنَعَهُ إِلاَّ الْكِبْرُ . قَالَ فَمَا رَفَعَهَا إِلَى فِيهِ .
അഹങ്കാരത്തിന്റെ ഹെഡ് ഓഫീസ് മനസ്സാണ്. നമ്മൾ എന്തു ചെയ്യുന്നു എന്നതിനേക്കാൾ അത് ചെയ്യുമ്പോഴുള്ള നമ്മുടെ മാനസികാവസ്ഥയാണ് അഹങ്കാരത്തെ നിർവ്വചിക്കുന്നത്. നന്നായി കുളിച്ച് വൃത്തിയിൽ മുണ്ടും കുപ്പായം മാറ്റി ആളുകൾക്കിടയിൽ നടക്കുന്നത് അഹങ്കാരമാണോ? എന്താ നിങ്ങളുടെ അഭിപ്രായം? പോട്ടെ കുറേ നേരമായല്ലോ അഹങ്കാരത്തെപ്പറ്റി പറയുന്നു. എന്താണ് വാസ്തവത്തിൽ അഹങ്കാരം? അതെങ്ങനെ നിർവചിക്കാം. യാഥാർത്ഥ്യത്തെ നിരാകരിക്കലും ജനങ്ങളെ കൊച്ചാക്കി കാണലും ആണത്. അപ്പോൾ അങ്ങനെയുള്ള മാനസികാവസ്ഥ ഒന്നുമില്ലാതെ ഒരാൾ വൃത്തിയിലും വെടിപ്പിലും പ്രൗഢിയിലും പുറത്തിറങ്ങി നടക്കുന്നത് അഹങ്കാരമാകില്ല. അങ്ങനെയൊരു സംശയം മുമ്പ് ഒരു അനുചരൻ നബിതങ്ങളോട് ഉന്നയിച്ചിരുന്നു. അതിനു തങ്ങൾ നല്ല ഉത്തരവും പറഞ്ഞിരുന്നു. കാണുക:
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ " . قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً . قَالَ ” إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ "
നബി അനുചരനായ അബ്ദുല്ലാഹിബ്നു മസ്ഊദിൽ നിന്ന് നിവേദനം: തിരുനബി പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തില്‍ അണുഅളവ് അഹങ്കാരമുണ്ടെങ്കില്‍ അവന് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ അപ്പോൾ ഒരാള്‍ ചോദിച്ചു: ‘ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പും അഴകുള്ളതാകണമെന്ന് ആഗ്രഹിക്കുന്നത് അഹങ്കാരമായിപ്പോകുമോ?’ അപ്പോള്‍ തിരുനബി പറഞ്ഞു: ‘അല്ലാഹു ഭംഗിയുള്ളവനാണ്. അവന് ഭംഗിയെ ഇഷ്ടപ്പെടുന്നു. സത്യം നിരാകരിക്കലും ആളുകളെ ചെറുതാക്കലുമാണ് അഹങ്കാരം.’ (മുസ്ലിം)
അതേസമയം അഹങ്കാരത്തോടുകൂടി വസ്ത്രം ധരിക്കുന്നത് സംബന്ധിച്ചുള്ള രണ്ട് തിരുവചനങ്ങൾ കാണുക:
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ لاَ يَنْظُرُ اللَّهُ إِلَى مَنْ جَرَّ ثَوْبَهُ خُيَلاَءَ ".
നബിയനുചരനായ ഇബ്നു ഉമറിൽനിന്ന് നിവേദനം: തിരുനബി പറഞ്ഞു: അഹങ്കാരത്തോടെ തന്റ വസത്രം വലിച്ചിഴച്ച് നടക്കുന്നവനെ അല്ലാഹു നോക്കുകയില്ല. (മുസ്ലിം)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : بَيْنَمَا رَجُلٌ يَمْشِي فِي حُلَّةٍ، تُعْجِبُهُ نَفْسُهُ مُرَجِّلٌ جُمَّتَهُ، إِذْ خَسَفَ اللَّهُ بِهِ، فَهْوَ يَتَجَلَّلُ إِلَى يَوْمِ الْقِيَامَةِ
തിരുവചനങ്ങൾ റിപോർട് ചെയ്തവരിൽ പ്രധാനിയായ അബൂഹുറൈറയിൽ നിന്ന് നിവേദനം: തിരുനബി പറഞ്ഞു: മുമ്പ് കാലത്ത് ഒരാള്‍ തലയില്‍ എണ്ണതേച്ച് മിനുക്കി വസ്ത്രം ധരിച്ച് അഹങ്കാരത്തോടെ നടക്കുകയായിരുന്നു. അല്ലാഹു അയാളെ ഭൂമിയിലേക്ക് താഴ്ത്തിക്കളഞ്ഞു. ഖിയാമത്ത് നാള് വരെ അയാള്‍ ഭൂമിക്കടിയില്‍ പിടഞ്ഞു കൊണ്ടിരിക്കുകയാണ്. (ബുഖാരി:5789)
ചിന്തിച്ചാൽ അഹങ്കരിക്കാനെന്തവകാശം? ബലഹീനമായ മനുഷ്യൻ. അൽപനേരം ശ്വാസം കിട്ടിയില്ലെങ്കിൽ പിടച്ച് ചാവുന്ന പാവം. ശരീരമധ്യത്തിൽ കാഷ്ഠപ്പെട്ടിയും ചുമന്ന് നടക്കുന്ന നിസ്സാരൻ. പുഴുക്കളുടെ വയറ്റിലെ കാഷ്ഠമാവാനുള്ള ഈ ശരീരം. പ്രധാന കർമശാസ്ത്രപണ്ഡിതനായ ഇമാം ശാഫിഈ പറഞ്ഞതുപോലെ, ലിംഗനാളിയിലൂടെ രണ്ട് പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞു വലിഞ്ഞവൻ.
പഠനത്തിൽ മിടുക്കും ഉയർച്ചയും കാണിക്കുന്ന ഒരു വിദ്യാർത്ഥി / പ്രവർത്തനത്തിൽ തികവും തന്റേടവും പ്രകടിപ്പിക്കുന്ന ഒരു നേതാവ് / അറിവിൽ ആഴവും അവഗാഹവും നേടിയെടുക്കുന്ന ഒരു പണ്ഡിതൻ / അവതരണത്തിൽ വശ്യതയും നവ്യതയും സ്വായത്തമാക്കിയ പ്രഭാഷകൻ / ഓരോ ചവിട്ടടിയിലും ലാഭവും അഭിവൃദ്ധിയും നേടുന്ന ഒരു ബിസിനസുകാരൻ ഇവർക്കെല്ലാം ഏത് ഘട്ടത്തിലും ഏൽക്കാം വിഷമുള്ള ഈ സർപ്പദംശനം, പേടിക്കേണ്ടതാണ്. കൊടുംവിഷം ക്വിൻറൽ കണക്കിന് വേണ്ട. ഇച്ചിരി പിടിപെട്ടാൽ തന്നെ അടപടലം പൊട്ടിത്താഴും. ‘മിസ്കാലു ദർത് -’ അണുമണി തൂക്കം എന്നാണ് തിരുവചനത്തിലുള്ളത്.
സമൂഹത്തിൽ ജീവിക്കുന്ന ഒരാൾ അഹങ്കാരത്തിൽ നിന്ന് മുക്തനായിരിക്കണം. അഹങ്കാരി, സമൂഹത്തിൽ സ്വീകരിക്കപ്പെടില്ല തിരസ്കരിക്കപ്പെടുകയാണ് ചെയ്യുക. തിരസ്കരിക്കപ്പെട്ടവന് തൗഫീഖ് കുറയും. പൊതുസമൂഹത്തിനു വേണ്ടി നന്മകൾ ഒന്നും ചെയ്യാൻ കഴിയാതെ വരും. പരലോകത്ത് ചെല്ലുമ്പോൾ ചാക്ക് കാലിയായിരിക്കും.
നല്ലൊരു മാറ്റമാണ് വേണ്ടത്. ആകെ ഒന്നൊതുങ്ങുക. ഞാൻ ഒരു സാദാ പാവം മനുഷ്യനാണെന്ന ബോധം മനസ്സിൽ കരുപ്പിടിപ്പിക്കുക. താഴെയുള്ളവരോട് കൂടുതൽ ഇടപഴകുക. മറ്റുള്ളവർ തെറ്റ് തിരുത്തിത്തരുന്നത് തുറന്ന മനസ്സോടെ സ്വീകരിക്കുക. മുഖത്തും മനസ്സിലും ലാളിത്യം വിനയം. അടി മുടി ഒരു മാറ്റം. പുതിയൊരു മനുഷ്യൻ! അഹങ്കാരം ഭാരമാണ്. ഭാരം ഉള്ളതിന് ഉയരാൻ കഴിയില്ല; എപ്പോഴും താണുകിടക്കും. നമ്മൾ താഴേണ്ടവരെല്ല; ഉയർന്നു പറക്കേണ്ടവരാണ്. ആയതിനാൽ നെറ്റിയിൽ മുളച്ച അഹങ്കാരത്തിന്റെ ഈ കൊമ്പ് നമുക്ക് ചെത്തിക്കളയാം. വിനയത്തിന്റെ ചിറക് വിരിച്ച് നമുക്ക് ഉയരങ്ങളിലേക്ക് പറക്കാം.

