“ഒന്നിച്ച് പഠിച്ചതാണ്. പഠിക്കുന്നന്ന് മരപ്പൊട്ടനായിരുന്നു. നമ്മൾ ഉറക്കൊഴിച്ച് പഠിച്ച് പരീക്ഷ എഴുതി പിഎസ്സി പാസ്സായി എത്രകാലമായി ഓഫീസിൽ കൈലുകുത്തുന്നു. കാലമിത്രയായിട്ട് വീടുപോലും ആയിട്ടില്ല. ചുരുങ്ങിയകാലം കൊണ്ട് അവൻ കൂറ്റൻ കൊട്ടാരം പണിതു. മുറ്റത്ത് വിദേശ കാറുകൾ മൂന്നെണ്ണമാണ്. പട്ടണത്തിൽ ഫ്ലാറ്റുകൾ വേറെ. പറമ്പുകൾക്ക് കണക്കില്ല. ആളിന് ശരിക്ക് കണക്കുകൂട്ടാൻ പോലും അറിയില്ല.”
“എല്ലാവരെക്കാളും ഇളയ അനുജൻ ആയിരുന്നു. നമ്മളൊക്കെ വായിൽ അപ്പം വെച്ച് കൊടുത്തതും മിഠായി വാങ്ങിച്ചു കൊടുത്തതും ബസ്സിന് പൈസ കൊടുത്തതും ഒക്കെയാണ്. നമ്മളുടെ മക്കളെ പ്രായമേ ഉള്ളൂ. ആവുന്ന കളി കളിച്ചിട്ടും അവരൊന്നും എവിടെയും എത്തിയതുമില്ല. പക്ഷേ ഇവൻ ഇപ്പോൾ ആരാ ആള്? എന്താ പത്രാസ്? എത്രയാ കീഴ്ജീവനക്കാർ, ആറുമാസം കഴിഞ്ഞാൽ ഇനിയും കയറ്റം കിട്ടുമ്പോലും.”
“പണ്ടൊക്കെ അരിതീർന്നാൽ നമ്മുടെ വീട്ടിൽ നിന്ന് കടം വാങ്ങൽ ആയിരുന്നു. മഴപെയ്താൽ ചോർന്നൊലിക്കുന്ന വീടായിരുന്നു. മോളുടെ കല്യാണത്തിന് പന്തൽ ഇട്ടത് നമ്മുടെ മുറ്റത്തായിരുന്നു. മീൻ പണി തുടങ്ങിയ ശേഷം വെച്ചടി വെച്ചടി മേൽപ്പോട്ടായി. കുടില്‍ പൊളിച്ചിപ്പോൾ ബംഗ്ലാവാക്കി. വലതുവശത്തും ഇടതുവശത്തും മുന്നിലുമുള്ള സ്ഥലങ്ങളെല്ലാം വാങ്ങിക്കൂട്ടി. മക്കൾ രണ്ടാളും ഗൾഫിൽ നിന്ന് പണം വാരുന്നു.”
ഇങ്ങനെയൊക്കെയാണ് ചുറ്റുപാടുമുള്ള ജീവിതാവസ്ഥകൾ. അതേക്കുറിച്ച് നമ്മുടെ മനസ്സ് പ്രവർത്തിക്കുന്ന ഒരു രൂപം കാണുന്നില്ലേ. പറഞ്ഞുവരുമ്പോൾ അവരൊന്നും ഇപ്പോൾ ഇങ്ങനെയൊന്നും ആകാൻ പാടില്ലായിരുന്നു / ആകേണ്ടതില്ലായിരുന്നു എന്നൊക്കെയല്ലേ ധ്വനി. അവർ അങ്ങനെയുള്ള ഉയരങ്ങളിൽ എത്തുകയാണെങ്കിൽ നമ്മളും അങ്ങനെ എത്തേണ്ടതല്ലേ? അല്ലെങ്കിൽ നമ്മളല്ലേ ആദ്യം എത്തേണ്ടത്? അല്ലെങ്കിൽ നമ്മൾ മാത്രമല്ലേ അങ്ങനെ ആവേണ്ടത്? അങ്ങനെ ആവാൻ മാത്രം അവരുടെ അടുത്ത് എന്താ ഉള്ളത്.? നോക്കൂ മനുഷ്യന്റെ ചിന്ത പോകുന്ന ഒരു പോക്ക്. എന്തിനധികം തിരുനബിയെപ്പറ്റിപ്പോലും അവർ ചിന്തിച്ചത് ഇങ്ങനെയാണ്
وَقَالُوا۟ لَوْلَا نُزِّلَ هَٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ
ഈ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്റെ മേല്‍ എന്തുകൊണ്ട് ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു. (ഖു൪ആന്‍:43/31)
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യന്റെ മനസ്സ് ഇങ്ങനെയൊക്കെയാണ്. ഒരേ സമയത്ത് രണ്ട് കൊളുത്തുകൾ ഇട്ടാണ് നമ്മുടെ മനസ്സിനെ തലങ്ങും വിലങ്ങും വലിക്കുന്നത്. ഒന്ന് നമുക്കതൊന്നുമില്ലാതെ പോയല്ലോ എന്ന ദുഃഖം. രണ്ട് മറ്റാർക്കും അല്ല, അവന് അത് ഉണ്ടായിപ്പോയല്ലോ എന്ന പക. ഈ രണ്ടുമിശ്രിതങ്ങളും സമാസമം ചേർത്ത് കുഴച്ച് പൊടിച്ച് വെയിലത്ത് വെച്ച് ഉണക്കുമ്പോൾ കിട്ടുന്ന ഒരു സാധനമുണ്ട്- അതാണ് അസ്സൽ അസൂയ!
നല്ല വെയിലുള്ള ഒരു ദിവസം നിങ്ങൾ കിടക്ക വെളിയിൽ വെച്ചു, നന്നായി ഉണങ്ങിക്കിട്ടാൻ വേണ്ടി, നല്ലതുതന്നെ. കൂട്ടത്തിൽ നിങ്ങൾ ഒരു കാര്യം കൂടി ചെയ്തു. ഒരു ചെറിയ കനലിന്റെ പൊട്ടെടുത്ത് മധ്യത്തിൽ വച്ചു - വൈകുന്നേരം ചെന്ന് നോക്കുമ്പോൾ അമ്പടാ നല്ല രസമുണ്ട്, കിടക്ക ഒരുപിടി കറുത്ത ചാരം ആയിരിക്കുന്നു. ആ കനലിന്റെ പൊട്ടാണ് അസൂയ. അത് നമ്മുടെ മനസ്സിൻ്റെ ഒരു മൂലക്ക് തൊട്ടു വെച്ചാൽ മനസ്സ് എരിഞ്ഞെരിഞ്ഞ് ചാമ്പലായിക്കൊള്ളും.
അസൂയയുടെ ചരിത്രം ഇബിലീസിൽ തന്നെ ചെന്നുമുട്ടും. അറിവേറെയുള്ള ആദമിനെ ഒട്ടും പിടിച്ചില്ല.
قَالَ أَرَءَيْتَكَ هَٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًا
അവന് പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് എനിക്കു നീ പറഞ്ഞുതാ. തീര്‍ച്ചയായും അന്ത്യനാളുവരെ നീ എനിക്ക് കാലാവധി തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരെയൊഴിച്ച് സകലത്തിനെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും. (ഖു൪ആന്‍: 17/62)
പിന്നെ അസൂയ കാണുന്നത് ഖാബീലിലാണ്. സഹോദരൻ ഹാബീലിന്റെ പത്നി ആവാൻ പോകുന്നവൾക്ക് നല്ല ചന്തം. എൻ്റേതത്ര പോര. നമ്മൾ രണ്ടാളും അല്ലേ കാണിക്ക വെച്ചത്, എന്നിട്ട് അവന്റേത് മാത്രമല്ലേ സ്വീകരിച്ചത്, എന്റേത് തള്ളപ്പെട്ടില്ലേ! അവൻ അങ്ങനെ വിലസണ്ട! ഞാൻ വകവരുത്തും. അങ്ങനെ കൊന്നു കളഞ്ഞു പാവത്തെ. കുഴിച്ചിടാൻ അറിയാതെ ഏറ്റി നടന്നു. കാക്കയാണ് ഒടുവിൽ മറവ് ചെയ്യലിന്റെ ഡെമോ ക്ലാസ്സ് കൊടുത്തത്.
وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْءَاخَرِ قَالَ لَأَقْتُلَنَّكَ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ – لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ – إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَٰبِ ٱلنَّارِ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ – فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَٰسِرِينَ
(നബിയേ) അങ്ങ് അവര്‍ക്ക് ആദമിന്റെ രണ്ടുപുത്രന്മാരുടെ വൃത്താന്തം ശരിയായ മുറക്ക് പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന് പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും.
അവന് പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. എന്റെ കുറ്റത്തിനും, നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം. എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ്സ് അവന് പ്രേരണ നല്കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന് പരാജിതരിൽ പെട്ടവനായി പുലർന്നു. (ഖു൪ആന്‍: 5/27-30)
യഅ്ഖൂബ്നബിയുടെ മക്കളിലാണ് അസൂയ പിന്നെ നുരകുത്തുന്നതായി നമ്മൾ കാണുന്നത്. സൗന്ദര്യത്തിന്റെ ചന്ദ്രനിലാവായ യൂസുഫിനോട് ഇക്കാക്കമാർക്കെല്ലാം അസൂയ. ഉപ്പയുടെ സ്നേഹം മൊത്തക്കുത്തകയാക്കി വെക്കുന്നു എന്ന പരിഭവം. അവർ യൂസുഫിനെ കൊന്നു; പക്ഷേ യൂസഫ് മരിച്ചില്ല! കിണറ്റിൽ കിടന്നു. ചന്തയിലെത്തി. അടിമയായി. ജയിലിൽ പോയി. ഒടുവിൽ പാലസിലെത്തി, രാജാവായി.
إِذْ قَالُوا۟ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِى ضَلَٰلٍ مُّبِينٍ – ٱقْتُلُوا۟ يُوسُفَ أَوِ ٱطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا۟ مِنۢ بَعْدِهِۦ قَوْمًا صَٰلِحِينَ
“അവർ പറഞ്ഞ സന്ദർഭം; യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു കൂട്ടമുണ്ട് താനും. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്. നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ തള്ളുക. എങ്കില്‍ നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. (ഖു൪ആന്‍: 12/8-9)”
ജൂതന്മാരെപ്പറ്റിയാണ് പറയുന്നതെങ്കിലും പൊതുവെ മനുഷ്യൻമാർക്ക് ഉള്ള അടിസ്ഥാന സ്വഭാവത്തിലേക്ക് ഖുർആൻ സൂചിപ്പിക്കുന്നത് നോക്കൂ.
إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا۟ بِهَا ۖ
നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. (ഖു൪ആന്‍: 3/120)
മഹാന്മാരായ അമ്പിയാക്കളുടെ കുടുംബത്തിൽ പോലും ഈ തീപ്പൊട്ട് കത്തിപ്പിടിച്ചെങ്കിൽ സാധാരണക്കാരായ നമ്മുടെ ജീവിതത്തിൽ അതിനുള്ള ആക്സെസ് എത്രയാണെന്ന് ആലോചിച്ചു നോക്കൂ. ശേഷം നമ്മുടെ ചുറ്റുപാടുകളിൽ, കുടുംബങ്ങളിൽ, കൂട്ടുകാരിൽ, അയൽവാസികളിൽ സഹപ്രവർത്തകരിൽ സംഘടനകളിൽ കമ്മിറ്റികളിൽ സ്ഥാപനങ്ങളിൽ, ഈ തീപ്പൊരി പ്രവർത്തിക്കുകയും പലതും ചുട്ട് ചാമ്പലാക്കുകയും ചെയ്യുന്ന നേർചിത്രങ്ങൾ നിരീക്ഷണബുദ്ധ്യാ അപഗ്രഥിച്ചു നോക്കൂ.
عَنِ الزُّبَيْرِ بْنِ الْعَوَّامِ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم: دَبَّ إِلَيْكُمْ دَاءُ الأُمَمِ قَبْلَكُمُ الْحَسَدُ وَالْبَغْضَاءُ هِيَ الْحَالِقَةُ لاَ أَقُولُ تَحْلِقُ الشَّعْرَ وَلَكِنْ تَحْلِقُ الدِّينَ وَالَّذِي نَفْسِي بِيَدِهِ لاَ تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا أَفَلاَ أُنَبِّئُكُمْ بِمَا يُثَبِّتُ ذَاكُمْ لَكُمْ أَفْشُوا السَّلاَمَ بَيْنَكُمْ
പ്രമുഖ നബിയനുചരനായ സുബൈറിബ്നു അവ്വാമില് നിന്ന് നിവേദനം: തിരുനബി പറഞ്ഞു:നിങ്ങളുടെ മുമ്പുള്ള 'സമുദായരോഗം' നിങ്ങളിലേക്കും കടന്നെത്തിയിരിക്കുന്നു. പകയും അസൂയയുമാണത്. അത് വടിച്ചു നീക്കുന്നതാണ്. വടിച്ചു നീക്കുകയെന്നാല് രോമം കളയുകയെന്നുള്ളതല്ല. ദീനിനെ ഇല്ലാതാക്കുന്നതാണത്. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന് തന്നെയാണെ സത്യം, വിശ്വാസിയാകുന്നതുവരെ നിങ്ങള്‍ സ്വ൪ഗത്തില്‍ പ്രവേശിക്കുന്നതല്ല. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസിയാകുകയില്ല. ആ കാര്യം ഉറപ്പ് വരുത്തുന്ന ഒരുകാര്യം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? നിങ്ങള്‍ പരസ്പരം സലാം വ്യാപിപ്പിക്കുക. (തി൪മിദി)
കാണുമ്പോഴും പറയുമ്പോഴും ചിലപ്പോൾ നമുക്ക് അറപ്പ് തോന്നും. കാഴ്ചയിലും പ്രവൃത്തിയിലും സൂക്ഷ്മാലു എന്ന് തോന്നിക്കുന്ന ചില ആളുകൾ ഉണ്ടാവും. പ്രകടമായി അവർ വളരെ നല്ലവരാണ്. പക്ഷേ മനസ്സിൽ അസൂയയുടെ വലിയ ടാങ്കുകൾ കേടുകൂടാതെ പോറ്റുന്നുണ്ടാവും. തീ വിറക് തിന്നുന്നത് പോലെ ആ അസൂയ അവർ ചെയ്യുന്ന സൽകർമങ്ങൾ എല്ലാം തിന്നു കൊണ്ടേയിരിക്കുന്നു.
സത്യത്തിൽ വേണ്ടത് എന്താ. കർമങ്ങൾ ഒന്നും അധികം ഇല്ലെങ്കിലും ശരി അസൂയ ഇല്ലാത്ത തെളിഞ്ഞ മനസ്സല്ലേ - നിങ്ങൾ കേട്ടിട്ടില്ലേ തിരുനബിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു കഥ. സ്വർഗത്തിൽ പോകുന്ന ആളെ കാണിച്ചു കൊടുത്ത ആ സംഭവം. വിശദമായി പറയാം.
حَدَّثَنَا عَبْدُ الرَّزَّاقِ حَدَّثَنَا مَعْمَرٌ عَنِ الزُّهْرِيِّ قَالَ أَخْبَرَنِي أَنَسُ بْنُ مَالِكٍ رضي الله عنه قَالَ: كُنَّا جُلُوسًا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: ( يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ ) فَطَلَعَ رَجُلٌ مِنْ الْأَنْصَارِ تَنْطِفُ لِحْيَتُهُ مِنْ وُضُوئِهِ قَدْ تَعَلَّقَ نَعْلَيْهِ فِي يَدِهِ الشِّمَالِ ، فَلَمَّا كَانَ الْغَدُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِثْلَ ذَلِكَ ، فَطَلَعَ ذَلِكَ الرَّجُلُ مِثْلَ الْمَرَّةِ الْأُولَى ، فَلَمَّا كَانَ الْيَوْمُ الثَّالِثُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِثْلَ مَقَالَتِهِ أَيْضًا فَطَلَعَ ذَلِكَ الرَّجُلُ عَلَى مِثْلِ حَالِهِ الْأُولَى ، فَلَمَّا قَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تَبِعَهُ عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ فَقَالَ: إِنِّي لَاحَيْتُ أَبِي فَأَقْسَمْتُ أَنْ لَا أَدْخُلَ عَلَيْهِ ثَلَاثًا ، فَإِنْ رَأَيْتَ أَنْ تُؤْوِيَنِي إِلَيْكَ حَتَّى تَمْضِيَ فَعَلْتَ . قَالَ نَعَمْ قَالَ أَنَسٌ: وَكَانَ عَبْدُ اللَّهِ يُحَدِّثُ أَنَّهُ بَاتَ مَعَهُ تِلْكَ اللَّيَالِي الثَّلَاثَ فَلَمْ يَرَهُ يَقُومُ مِنْ اللَّيْلِ شَيْئًا ، غَيْرَ أَنَّهُ إِذَا تَعَارَّ وَتَقَلَّبَ عَلَى فِرَاشِهِ ذَكَرَ اللَّهَ عَزَّ وَجَلَّ وَكَبَّرَ حَتَّى يَقُومَ لِصَلَاةِ الْفَجْرِ . قَالَ عَبْدُ اللَّهِ: غَيْرَ أَنِّي لَمْ أَسْمَعْهُ يَقُولُ إِلَّا خَيْرًا . فَلَمَّا مَضَتْ الثَّلَاثُ لَيَالٍ وَكِدْتُ أَنْ أَحْتَقِرَ عَمَلَهُ قُلْتُ: يَا عَبْدَ اللَّهِ إِنِّي لَمْ يَكُنْ بَيْنِي وَبَيْنَ أَبِي غَضَبٌ وَلَا هَجْرٌ ثَمَّ ، وَلَكِنْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لَكَ ثَلَاثَ مِرَارٍ: ( يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ ) فَطَلَعْتَ أَنْتَ الثَّلَاثَ مِرَارٍ ، فَأَرَدْتُ أَنْ آوِيَ إِلَيْكَ لِأَنْظُرَ مَا عَمَلُكَ فَأَقْتَدِيَ بِهِ ، فَلَمْ أَرَكَ تَعْمَلُ كَثِيرَ عَمَلٍ ، فَمَا الَّذِي بَلَغَ بِكَ مَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَقَالَ مَا هُوَ إِلَّا مَا رَأَيْتَ ، قَالَ: فَلَمَّا وَلَّيْتُ دَعَانِي فَقَالَ: مَا هُوَ إِلَّا مَا رَأَيْتَ ؛ غَيْرَ أَنِّي لَا أَجِدُ فِي نَفْسِي لِأَحَدٍ مِنْ الْمُسْلِمِينَ غِشًّا وَلَا أَحْسُدُ أَحَدًا عَلَى خَيْرٍ أَعْطَاهُ اللَّهُ إِيَّاهُ . فَقَالَ عَبْدُ اللَّهِ: هَذِهِ الَّتِي بَلَغَتْ بِكَ ، وَهِيَ الَّتِي لَا نُطِيقُ
നബിയനുചരനായ അനസില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ തിരുനബിയുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ തിരുനബി പറഞ്ഞു: ‘ഇപ്പോള്‍ സ്വര്‍ഗാവകാശികളില്‍പ്പെട്ട ഒരാള്‍ നിങ്ങളിലേക്ക് വരും’. ആ സമയത്ത് വുളുവെടുത്ത് (അംഗശുദ്ധി) താടി നനഞ്ഞ, ഇടതു കൈയില്‍ ചെരിപ്പ് പിടിച്ച അന്‍സ്വാരികളില്‍പ്പെട്ട ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. പിറ്റേ ദിവസവും തിരുനബി അതുപോലെ പറയുകയും തലേ ദിവസത്തെപോലെ ആ മനുഷ്യന് പ്രത്യക്ഷപ്പെടുകയും ചെയ്തു. മൂന്നാമത്തെ ദിവസവും തിരുദൂതർ അതാവര്‍ത്തിച്ചു. തിരുനബി അവിടെനിന്ന് എഴുന്നേറ്റപ്പോള്‍, ആ മനുഷ്യനെ അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വ് എന്ന നബിയനുചരൻ പിന്തുടര്ന്നു. എന്നിട്ടയാളോട് പറഞ്ഞു: ‘എന്റെ പിതാവും ഞാനുമായി ചില്ലറ വാക്കുതര്‍ക്കമുണ്ടായി. ഇനി മൂന്ന് ദിവസം കഴിഞ്ഞേ ഞാന്‍ അദ്ദേഹത്തിനടുത്ത് പോകൂ, എന്ന് സത്യമിട്ടിരിക്കുകയാണ്. അത്രയും സമയം ഞാന്‍ താങ്കളുടെ കൂടെ കഴിഞ്ഞോട്ടെ?’ അയാള്‍ പറഞ്ഞു: ‘ഉവ്വ്’.
പിന്നീടുള്ള സംഭവം അനസ് വിവരിക്കുന്നു: ആ മനുഷ്യനോടൊപ്പം മൂന്ന് രാത്രി ഞാന്‍ കഴിഞ്ഞു കൂടിയെങ്കിലും രാത്രിയിലൊന്നും അദ്ദേഹം നിന്ന് നമസ്കരിക്കുന്നതായി കണ്ടില്ല, ഉറക്കത്തില്‍ വിരിപ്പില്‍ തിരിഞ്ഞു മറിയുമ്പോള്‍ അല്ലാഹുവിനെ സ്മരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രഭാതമാകുമ്പോള്‍ സുബ്ഹി നമസ്കാരത്തിനായി എഴുന്നേല്ക്കുകയും ചെയ്തിരുന്നു. നല്ലത് മാത്രം പറയുന്ന ഒരാളായിട്ടാണ് എനിക്ക് തോന്നിയത്. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ കര്‍മങ്ങള്‍ വളരെ നിസ്സാരമാണല്ലോ എന്നാണെനിക്ക് തോന്നിയത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ സഹോദരാ, എനിക്കും എന്റെ പിതാവിനുമിടയില്‍ പ്രശ്നമോ പിണക്കമോ ഒന്നുമില്ല. താങ്കളെ തിരുനബി സ്വര്‍ഗാവകാശികളില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കുന്നത് കേട്ടപ്പോള്‍, താങ്കളുടെ കര്‍മങ്ങള്‍ എന്തൊക്കെ എന്ന് മനസ്സിലാക്കി അവ പിന്തുടരുക എന്ന ഉദ്ദേശ്യത്തോടെയാണ് നിങ്ങളോടൊപ്പം വന്ന് താമസിച്ചത്. എന്നാല്‍ താങ്കള്‍ കൂടുതല്‍ സല്‍കര്‍മങ്ങളൊന്നും ചെയ്തതായി ഞാന്‍ കണ്ടില്ല. താങ്കളെക്കുറിച്ച് തിരുനബി ഇങ്ങനെ പറയാന്‍ കാരണമെന്താണ്?’ അയാള്‍ പറഞ്ഞു: ‘താങ്കള്‍ എന്നില്‍ കണ്ട കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ല. പക്ഷേ, ഞാന്‍ ഒരാളെയും വഞ്ചിക്കുകയോ അല്ലാഹു ഒരാള്‍ക്ക് നല്‍കിയതിന്റെ പേരില്‍ അയാളോട് അസൂയ കാണിക്കുകയോ ചെയ്തിട്ടില്ല’. ഇതു കേട്ട അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വ് പറഞ്ഞു: ‘ഇതാണോ താങ്കളെ ആ പദവിക്ക് പ്രാപ്തനാക്കിയത്. അതാകട്ടെ നമ്മളെക്കൊണ്ട് ആവാത്തതുമാണല്ലോ.’ (അഹ്മദ്)
പറയാൻ എളുപ്പമാണ്; അള്ളിപ്പിടിച്ച അസൂയയെ പറിച്ചെറിയാൻ പ്രയാസമാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. രണ്ടും ഒന്നിച്ചു ചേരില്ല. ഒന്ന് പാമ്പാണ്; മറ്റൊന്ന് കീരിയാണ്. ഒരു തിരുവചനത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَجْتَمِعَانِ فِي قَلْبِ عَبْدٍ الإِيمَانُ وَالْحَسَدُ
തിരുവചനങ്ങളുടെ പ്രധാനനിവേദകനായ അബൂഹുറൈറയില്‍ നിന്ന്: തിരുനബി പറഞ്ഞു: ഈമാനും (വിശ്വാസം) അസൂയയും ഒരു അടിമയുടെ ഹൃദയത്തിൽ ഒരിക്കലും ഒന്നിച്ച് നിലനിൽക്കുകയില്ല. - നസാഇ
എല്ലാം തീരുമാനിക്കുന്നവൻ അല്ലാഹുവാണ്. ഓരോരുത്തർക്കും എത്ര വേണം, എങ്ങനെ വേണം എന്ന് കണക്കാക്കി കൊടുക്കുന്നവൻ അവൻ തന്നെ. ആ കൊടുക്കുന്നതിൽ മനുഷ്യർക്കിടയിൽ പലതരത്തിലുള്ള ഏറ്റവ്യത്യാസങ്ങളും കാണും. അതിന്റെ എല്ലാം ആത്യന്തികമായ രേഖകൾ അല്ലാഹുവിന്റെ പക്ഷം മാത്രമാണ്.
നമുക്ക് കിട്ടിയതെല്ലാം അവന്റെ വീതംവെപ്പ് പ്രകാരം തന്നെയാണ്. മറ്റൊരാൾക്ക് കിട്ടിയതിൽ നാം ആക്ഷേപം പറയുമ്പോൾ പരമോന്നതനായ പടച്ചവന്റെ തീരുമാനത്തിൽ നമ്മുടെ കൈകടത്തലായി വരും. പലർക്കും പല രൂപത്തിൽ കൊടുക്കുന്നതിന് പിന്നിൽ അല്ലാഹുവിന്റെ കൃത്യമായ ബോധ്യമുണ്ട്. എല്ലാവർക്കും അത്യുന്നതമായ ഒരേ ഐ. ക്യു കൊടുത്താൽ ഇവിടെ പറമ്പ് കിളക്കാനും പോത്തിനെ അറുക്കാനും വിമാനം പറത്താനും വിറകു കൊത്താനും തെങ്ങിൽ കയറാനും രാജ്യം ഭരിക്കാനും കല്ലുവെട്ടാനും കപ്പൽ ഓടിക്കാനും ചുമര് പടുക്കാനും.... അങ്ങനെ ഓരോന്നിനും ആളു വേണ്ടേ? എല്ലാവരും എംബിബിഎസും എംഡിയുമായി വന്നാൽ അവർ ചിക്കൻ കടയിൽ നിൽക്കുമോ? ആക്രി പെറുക്കാൻ പോകുമോ? എല്ലാവരും പണക്കാരായി ബംഗ്ലാവിൽ ചാരിയിരുന്നാൽ അഴുക്കുചാലുകൾ ആര് വൃത്തിയാക്കും? അതിരുകളിൽ ആര് ഉറക്കൊഴിക്കും? അരിയും തക്കാളിയും ആര് കൃഷി ചെയ്യും?
അല്ലാഹുവിന്റെ പ്രവൃത്തികളിൽ എല്ലാം ഗുപ്തമായ ചില ദൃഷ്ടാന്തങ്ങൾ ഉണ്ടാവും. അതെല്ലാം നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരു സമൂഹം നിലകൊള്ളണമെങ്കിൽ പരസ്പരാശ്രിതത്വം അത്യാവശ്യമാണ്. ആയതിന് ആളുകളെക്കിടയിൽ ഏറ്റ വ്യത്യാസം ഒഴിച്ചുകൂടാത്തതാണ്. അതെല്ലാം അല്ലാഹു ഉണ്ടാക്കിയ ഒരു സിസ്റ്റപ്രകാരം അങ്ങ് പൊയ്ക്കൊള്ളും. നമ്മൾ അതിൽ കൈയിട്ട് കലപിലയാക്കാൻ നോക്കണ്ട. അല്ലാഹു ചോദിക്കുന്നുണ്ട്
أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ
അവരാണോ നിന്റെ രക്ഷിതാവിന്റെ റിസോഴ്സ് വീതം വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ഉപജീവനമാർഗം ഡിസ്ട്രിബ്യൂട്ട് ചെയ്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴ്നിലക്കാരാക്കി വെക്കത്തക്കവണ്ണം, അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം ഡിഗ്രികൾ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം. (ഖു൪ആന്‍: 43/32)
ആയതിനാൽ ആദരവോടെ പറയുകയാണ്, വെറുതെ വേണ്ടാത്ത പണിക്ക് പോകേണ്ട. അസൂയ തീക്കനലാണ്. ഹൃദയത്തിലേക്ക് എപ്പോഴും അതിന്റെ പൊടി പാറി വീണേക്കാം. അസൂയാഗ്നിയെ അണയ്ക്കുന്ന വിശ്വാസത്തിന്റെ ജലാശയങ്ങളുമായി ജാഗ്രതയോടെ നമുക്ക് മനസ്സിന് കാവലിരിക്കാം.

